മലപ്പുറത്തൊരിടത്തു നിന്നാണ് മുപ്പതോളം ആളുകളുടെ ഗ്രൂപ്പ് ഫോട്ടോയുള്ള നോട്ടീസ് ലഭിച്ചത്. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അതില്‍ പകുതിയും തലയില്‍കെട്ടി, താടി നീട്ടി വളര്‍ത്തിയ ഉസ്താദുമാര്‍! സംഗതിയെന്താണെന്നോ, ഗ്രാമപഞ്ചായത്തിന്റെ തെങ്ങുകയറ്റ പരിശീലന സ്ഥാപനം അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചിറക്കിയതാണ്. കാണുന്ന ഫോട്ടോ മുന്‍ ബാച്ചില്‍ നിന്ന് പഠിച്ചിറങ്ങി ജോലിയിലേര്പ്പെടുന്നവരുടേത്. ദിനം പ്രതി 600 രൂപ അവര്‍ക്ക് വരുമാനമുണ്ടത്രെ.
നോട്ടീസിലെ വിവരണം ഇങ്ങനെ പോകുന്നു: “തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന മദ്റസാധ്യാപകര്‍ക്ക് സുവര്‍ണാവസരം. അവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പരിശീലനത്തിന് സമയക്രമീകരണം ഉണ്ടായിരിക്കുന്നതാണ്.’
അന്ന് കൂടുതല്‍ സമയവും ഇതേക്കുറിച്ചാണ് ചിന്തിച്ചത്. പരിശീലനം ലഭിച്ച ഉസ്താദുമാര്‍ തെങ്ങില്‍ വലിഞ്ഞുകേറുന്നതിനെ കുറിച്ച്, ആദ്യ ഘട്ടത്തില്‍ മദ്റസ വിട്ട ശേഷവും ജോലി ബാധ്യതയേറുമ്പോള് ഫുള്‍ടൈമും തെങ്ങുകയറ്റം തുടരുന്നതിനെ കുറിച്ച്, കായികമായി ഏറെ പ്രയാസമുള്ള ഈ ജോലി അധ്യാപനത്തെയും തയ്യാറെടുപ്പുകളെയും ബാധിക്കുന്നതിനെ കുറിച്ച്, അങ്ങനെ പലതും. ഇപ്പോള്‍ തന്നെ പല മദ്റസകളിലും ഡ്രൈവറുസ്താദും പെയിന്റടിയുസ്താദും ടൈലറുസ്താദുമൊക്കെയുണ്ട്. നിഷ്കപടമായി തന്നെ വിദ്യാര്‍ത്ഥികള്‍ പാര്‍ട്ട്ടൈം ഉസ്താദുമാരെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്. ആ ഗണത്തിലേക്ക് തെങ്ങുസ്താദുമാര് കൂടി…!
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്45 വയസ്സ് തോന്നിക്കുന്ന ഒരു ഉസ്താദിനെ കാണാനിടയായി. കുശലാന്വേഷണത്തിനിടയില്‍ റമളാനിലെ ജോലിയെക്കുറിച്ച് ചോദിച്ചു. ഒരു വിലാപമായിരുന്നു മറുപടി: “ഞങ്ങള്‍ അഞ്ചു പേരാണ് മദ്റസയിലുള്ളത്. അതില്‍ രണ്ടാള്‍ക്കു മാത്രമേ റമളാനില്‍ ക്ലാസ്സുള്ളൂ. ക്ലാസ്സെടുക്കുന്നവര്‍ക്ക് 1500 (മാസാന്ത ശമ്പളത്തിന്റെ പകുതി) വീതം കൂടുതല്‍ കിട്ടും. അത് നല്കാതിരിക്കാന് കമ്മറ്റിക്കാര് മൂന്നു പേര്‍ക്ക് നിര്‍ബന്ധിത ലീവ് നല്‍കിയതാണ്.’
അങ്ങനെ മൊത്തം വിദ്യാര്‍ത്ഥികളെ രണ്ടാളുകള്‍ അദ്ഭുതകരമായി പഠിപ്പിക്കും. അദ്ദേഹം ഇത്രകൂടി പറഞ്ഞു: “കമ്മറ്റിയുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം രൂപ വില വരുന്ന നൂറിലധികം റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. അതില്‍ പോലും ഞങ്ങളെ ഉള്‍പ്പെടുത്തിയില്ല…’ മൂന്നു പേര്‍ക്കുമായി 4500 രൂപ കൂടി കമ്മിറ്റി കണ്ടെത്തിയിരുന്നെങ്കില്‍ ഖുര്‍ആന്‍ പഠനവും സംസ്കരണവും നേരാംവണ്ണം നടക്കുമായിരുന്നു; പക്ഷേ. അല്പനേരം തരിച്ചിരുന്നിട്ടാണ് കണ്ണുതുടക്കുന്ന ആ ദീനീ സേവകനില്‍ നിന്നു പിരിഞ്ഞുപോരാനായത്.
ഈ സംഭവത്തോടെ തെങ്ങുകയറ്റ നോട്ടീസില്‍ സന്തോഷത്തോടെയിരിക്കുന്ന ഉസ്താദുമാരെ ഓര്‍ത്ത് അഭിമാനം തോന്നി. ജീവിതം ദീനീ സേവനത്തിന് നീക്കിവെക്കാനാണ് മുഅല്ലിമുകള്‍ ഈ രംഗത്തിറങ്ങുന്നത്. പക്ഷേ, കുടുംബവും മക്കളും വൃദ്ധരായ മാതാപിതാക്കളും ഒരു ദുരന്ത ചിത്രമായി മനസ്സിനെ അലോസരപ്പെടുത്തുമ്പോള്‍ തെങ്ങുകയറാനും ഓട്ടോ ഓടിക്കാനുമൊക്കെ നിര്‍ബന്ധിതരാവുന്നു. ആത്മാഭിമാനം പണയം വെക്കാതിരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ ഇത്തരം ജോലികള്‍ ഉപകാരപ്രദം മാത്രമല്ല, നിര്‍ബന്ധം കൂടിയാണ്. ഇതുകൊണ്ടൊക്കെയുള്ള വൈജ്ഞാനികസേവന രംഗങ്ങളിലെ നിഷ്ക്രിയത്വത്തിന് ആരൊക്കെയാണുത്തരവാദികള്‍?
നേരത്തെ പറഞ്ഞ ഉസ്താദിലേക്കു വരാം. ലീവ് കഴിച്ച് ഇരുപത്തിരണ്ട് ദിവസത്തെ പഠനമാണുള്ളത്. ദിനംപ്രതി രണ്ടുമണിക്കൂര്‍ കണക്കാക്കിയാല്‍ 44 മണിക്കൂര്‍ പഠനം. അതിന് 1500 രൂപയാവുമ്പോള്‍ മണിക്കൂറിന് 34 രൂപ വില! ഇത്ര കുറഞ്ഞ സമയമൂല്യമുള്ളവര് ബംഗാളിത്തൊഴിലാളികള്‍ പോലുമില്ല. ഇതിനും ആരാണുത്തരവാദികള്‍? മാന്യമായ ശമ്പളവും ആദരവും നല്കി മദ്റസ അധ്യാപകരെ പ്രോത്സാഹിപ്പിക്കേണ്ടതും ആ രംഗത്തു തന്നെ നിലനിര്‍ത്തേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണ്. അതിന് നമുക്കാവില്ലെങ്കില് സ്പെയിനിന്റെപുനഃസൃഷ്ടിയാവും ഫലം. അടുത്ത തലമുറക്ക് ഇസ്ലാം കേട്ടുകേള്വിയാവരുതെന്ന് ആഗ്രഹിക്കുന്നവര്‍ ജാഗ്രതൈ!