ആശയങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും സമൂഹത്തിൽ പിടിച്ചു നിൽക്കാനാകാത്തതു മൂലം പല ഇസങ്ങളും കപടതയുടെ മുഖാവരണം ധരിക്കാറുണ്ട്. അൽ മുഹന്നദ് അലൽ മുഫന്നദ് എന്ന ദേവ്ബന്ദി മൗലവി ഖലീൽ അഹമ്മദ് അമ്പേട്ടവിയുടെ രചന ഇതിന്റെ വലിയൊരുദാഹരണമാണ്. മുഹന്നദിലെ നിലപാടുകളുടെ അവ്യക്തതകൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അവരുൾക്കൊള്ളുന്ന പ്രസ്ഥാനത്തിന്റെ വൈരുധ്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ഇക്കാര്യം ആർക്കും ബോധ്യമാകുന്നതാണ്.
അഅ്‌ലാ ഹസ്‌റത്ത്(റ) തന്റെ രണ്ടാം ഹജ്ജ് വേളയിൽ, കപടതയുടെ മുഖംമൂടി അണിഞ്ഞ ദേവ്ബന്ദികളുടെ വികലാശയങ്ങൾ അറബ് ലോകത്തെ പണ്ഡിതന്മാർക്ക് ബോധ്യപ്പെടുത്തുകയും അതുമൂലം അവർക്കിടയിൽ ദേവ്ബന്ദികൾക്കുണ്ടായിരുന്ന സ്ഥാനം ഇല്ലാതാവുകയും ചെയ്തു. ആ ഹജ്ജ് വേളയിൽ ദേവ്ബന്ദികളുടെ ഉന്നത നേതാക്കളിൽപെട്ട ഖലീൽ അഹമദ് അമ്പേട്ടവി, ഹുസൈൻ അഹ്‌മദ് മദനി എന്നിവർ അവിടെ ഉണ്ടായിരുന്നിട്ടും തങ്ങൾക്കോ തങ്ങളുടെ നേതാക്കൾക്കോ അഹ്‌മദ് റളാഖാൻ(റ) ആരോപിക്കുന്നത് പോലെയുള്ള വാദങ്ങളില്ലെന്ന് അവിടത്തെ പണ്ഡിതന്മാരോട് പറഞ്ഞു രക്ഷപ്പെടാൻ കഴിഞ്ഞില്ല. കാരണം അവർ എഴുതിവെച്ച വികലാശയങ്ങളുടെ രേഖകൾ അഅ്‌ലാ ഹസ്‌റത്തി(റ)ന്റെ അടുക്കലുണ്ടായിരുന്നു. ഈ സംഭവം അവരെ വല്ലാതെ പ്രയാസപ്പെടുത്തി. അവിടെ വെച്ച് മറുപടി പറയാൻ കഴിയാത്തതിന്റെ ജാള്യം മറക്കാൻ ഹജ്ജ് കഴിഞ്ഞതിനു ശേഷം ഖലീൽ അഹ്‌മദ് ചില ചോദ്യങ്ങൾക്ക് മറുപടിയായി അൽമുഹന്നദ് അലൽ മുഫന്നദ് എന്ന പേരിൽ ഒരു കപട കൃതി രചിക്കുകയുണ്ടായി.
അതിലെ ചോദ്യങ്ങൾ അയച്ചത് ഹറമൈനിലെ പണ്ഡിതന്മാരാണെന്ന് ദേവ്ബന്ദികൾ വാദിക്കുന്നുവെങ്കിലും യഥാർത്ഥത്തിൽ അതിന് യാതൊരു തെളിവുമില്ല. അങ്ങനെയാണെങ്കിൽ അവരുടെ പേരെന്താണ്? അവർ എത്ര പേരുണ്ടായിരുന്നു? എന്തുകൊണ്ട് അവരുടെ പേരുകൾ രേഖപ്പെടുത്തിയില്ല? ഇതെല്ലാം ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. ആരാണ് യഥാർത്ഥത്തിൽ ചോദ്യങ്ങൾ അയച്ചതെന്ന് ദേവ്ബന്ദ് ദാറുൽ ഉലൂമിലെയും സഹാറംപൂർ മളാഹിറുൽ ഉലൂമിലെയും സ്വദ്ർ മുഫ്തിയായിരുന്ന മഹ്‌മൂദ് ഹസൻ ഗംഗോഹി രേഖപ്പെടുത്തുന്നുണ്ട്. അതിങ്ങനെ വായിക്കാം: ആ കാലഘട്ടങ്ങളിൽ ഹുസൈൻ അഹ്‌മദ് മദനി ഹിജാസിലുണ്ടായിരുന്നു. അദ്ദേഹം 26 ചോദ്യങ്ങളെഴുതി സഹാറംപൂരിലെ ഖലീൽ അഹ്‌മദിന് അയച്ചു കൊടുത്തു (മസ്‌ലകേ ഉലമാഎ ദേവ്ബന്ദ് ഔർ ഹുബ്ബെ റസൂൽ 46).
മുഹന്നദിന് സമാനമായി അശ്ശിഹാബുസ്സാഖിബ് എന്ന പേരിൽ മറ്റൊരു വികൃത കൃതി രചിച്ച ദേവ്ബന്ദി ഹുസൈൻ അഹ്‌മദ് മദനിയാണ് ചോദ്യങ്ങൾ എഴുതി അയക്കുന്നത്. അഥവാ ഇവർ തമ്മിൽ കളിച്ച ഒരു നാടകമായിരുന്നു അൽമുഹന്നദ്. ഹിജ്‌റ 1325ൽ അൽമുഹന്നദ് രചിക്കപ്പെട്ട ശേഷം 15 വർഷം അഅ്‌ലാ ഹസ്‌റത്ത് ഇമാം അഹ്‌മദ് റളാ ഖാൻ(റ) ജീവിച്ചിരുന്നിട്ടും എന്തുകൊണ്ട് മുഹന്നദിന് മറുപടി എഴുതിയില്ല എന്ന് പലരും ചോദിക്കാറുണ്ട്. ഇങ്ങനെയൊരു കൃതി അഅ്‌ലാ ഹസ്‌റത്ത്(റ) കാണുകയോ അറിയുകയോ ചെയ്തിട്ടില്ല എന്നതാണ് അതിനുള്ള മറുപടി.
1325ൽ എഴുതിവെച്ചു എന്നല്ലാതെ അഅ്‌ലാ ഹസ്‌റത്തി(റ)ന്റെ ജീവിതകാലത്ത് അത് പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ അവർ ധൈര്യം കാണിച്ചിട്ടില്ലായിരുന്നു. പ്രസിദ്ധീകരിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് അവർക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നതാണ് കാരണം.
ദേവ്ബന്ദിലെ ഔദ്യോഗിക വിഭാഗവുമായി വിഘടിച്ചു നിൽക്കുന്ന ദേവ്ബന്ദി മമാതീ വിഭാഗം പറയുന്നത് അഅ്‌ലാ ഹസ്‌റത്ത്(റ) വഫാത്തായി 12 വർഷത്തിന് ശേഷമാണ് മുഹന്നദ് പ്രസിദ്ധീകരിച്ചത് (ഹയാത് ബഅ്ദൽ മമാത്) എന്നാണ്.
ഈ വിഭാഗം പറയുന്നത് പോലെ കൃത്യം 12 വർഷത്തിന് ശേഷമല്ലെങ്കിൽ പോലും അഅ്‌ലാ ഹസ്‌റത്തിന്റെ വഫാത്തിന് ശേഷമാണെന്നതിൽ ഒരു തർക്കവുമില്ല. തന്റെ ജീവിത കാലത്ത് പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിന് റിളാഖാൻ(റ) മറുപടി എഴുതുന്നതെങ്ങനെ? എന്നാൽ പുറത്തിറങ്ങി ഏറെ വൈകാതെ മുഹന്നദിനെ ഖണ്ഡിച്ചുകൊണ്ട് അല്ലാമാ റിയാസത് അലി ഖാൻ, അല്ലാമാ ഹശ്മത് അലി ഖാൻ, അല്ലാമാ സയ്യിദ് നഈമുദ്ദീൻ മുറാദാബാദി എന്നിവർ മൂന്ന് മികച്ച കൃതികൾ തയ്യാറാക്കുകയുണ്ടായി.
മുഹന്നദിലെ ആദ്യത്തെ ചോദ്യം നബി(സ്വ)യെ സിയാറത്ത് ചെയ്യാൻ വേണ്ടി വാഹനം ഏർപ്പാടാക്കി യാത്ര പുറപ്പെടുന്നതിനെ കുറിച്ചാണ്. മുഹന്നദിനെ ഖണ്ഡിക്കുന്നതിന് മുമ്പ് അഅ്‌ലാ ഹസ്‌റത്ത്(റ) ഈ വിഷയത്തിൽ ദേവ്ബന്ദികളെ എതിർക്കാനുണ്ടായ കാരണം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. പ്രസ്തുത വിഷയത്തിൽ ദേവ്ബന്ദികൾ എതിർക്കപ്പെടാനുണ്ടായ പ്രധാന കാരണം ഇസ്മാഈൽ ദഹ്‌ലവിയുടെ തഖ്‌വിയതുൽ ഈമാനിലെ വിവാദ പ്രസ്താവനയാണ്. ഇസ്മാഈൽ ദഹ്‌ലവി എഴുതി: സുജൂദ് ചെയ്യൽ, റുകൂഅ് ചെയ്യൽ, അല്ലാഹുവിന്റെ ഭവനം ഉദ്ദേശിച്ച് വിദൂരത്ത് നിന്ന് യാത്ര പുറപ്പെടൽ പോലോത്ത അല്ലാഹു അവനെ ആദരിക്കാൻ വേണ്ടി പ്രത്യേകമാക്കിയ കാര്യങ്ങൾക്ക് ആരാധന എന്ന് പറയുന്നു… അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഖബ്‌റുകൾ ഉദ്ദേശിച്ച് വിദൂരത്ത് നിന്ന് യാത്ര പുറപ്പെട്ടാൽ ശിർക് ദൃഢമാണ് (തഖ്‌വിയതുൽ ഈമാൻ).
ദേവ്ബന്ദിൽ ദാറുൽ ഉലൂം സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ട ഇസ്മാഈൽ ദഹ്‌ലവിയുമായി ദേവ്ബന്ദികൾക്ക് നേരിട്ട് ഗുരുശിഷ്യ ബന്ധമില്ലെങ്കിലും അദ്ദേഹം തഖ്‌വിയതുൽ ഈമാനിൽ പറഞ്ഞത് മുഴുവനും ശരിയാണെന്ന് മുഹന്നദിന്റെ രചയിതാവായ അമ്പേട്ടവിയുടെ ഗുരുവും ദേവ്ബന്ദികളുടെ പരമോന്നത നേതാവുമായ റഷീദ് ഗംഗോഹി നിരവധി ഫത്വ്‌വകൾ നൽകിയതോടു കൂടിയാണ് അവരുമായുള്ള തർക്കത്തിന്റെ തുടക്കം.
തിരുനബി(സ്വ)യുടെ ഖബർ സിയാറത്തിന് വാഹനം തയ്യാറാക്കി യാത്ര ചെയ്യുന്നതിനെ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായമെന്തെന്ന ചോദ്യത്തിന് യാത്രക്ക് ഒരുങ്ങുമ്പോൾ നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നുവെന്ന് തന്നെ കരുതണം. അതാണ് നമ്മുടെ മശായിഖുമാർ പറഞ്ഞത് എന്നാണ് മുഹന്നദിൽ അമ്പേട്ടവി പറയുന്നത്. അതിന് തെളിവായി ഗംഗോഹിയുടെ സുബ്ദതുൽ മനാസിക് ഉദ്ധരിക്കുന്നു.
സുബ്ദയിൽ റസൂൽ(സ്വ)യുടെ റൗളതു ശ്ശരീഫ് സിയാറത്ത് ചെയ്യൽ ശ്രേഷ്ഠമായ സുന്നത്താണ്, ചിലർ വാജിബിനോട് അടുത്തതാണെന്ന് എഴുതിയിട്ടുണ്ട് എന്നെല്ലാം ഗംഗോഹി പറയുന്നുണ്ടെങ്കിലും അതുകൊണ്ട് തഖ്‌വിയതുൽ ഈമാനിനെ കുറിച്ച് റഷീദ് ഗംഗോഹി നൽകിയ ഫത്വ്‌വകൾ ഇല്ലാതാകുന്നില്ല.
തഖ്‌വിയതുൽ ഈമാനുമായി ബന്ധപ്പെട്ട് റഷീദ് ഗംഗോഹി നൽകിയ ഫത്വ്‌വകളിൽ നിന്ന് ചിലത് മാത്രം ഉദ്ധരിക്കാം: തഖ്‌വിയതുൽ ഈമാൻ അത്യന്തം വിശ്വസനീയവും സത്യസമ്പൂർണവുമായ ഗ്രന്ഥമാണ്. ഈമാനിനെ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്, ഖുർആനിന്റെയും ഹദീസിന്റെയും മുഴുവൻ ആശയങ്ങളും ഉൾകൊണ്ടതാണ്, അതിന്റെ രചയിതാവ് സ്വീകാര്യനായ അടിമയാണ് (ഫതാവാ റശീദിയ്യ പേ. 224).
തഖ്‌വിയതുൽ ഈമാനിൽ ചില മസ്അലകളിൽ കണിശതയുണ്ടെങ്കിലും എന്റെ അടുക്കൽ അതിലുള്ള എല്ല മസ്അലകളും ശരിയാണ് (പേ. 226).
ഫതാവയിൽ പറഞ്ഞത് പോലെയാണെങ്കിൽ സുബ്ദയുടെ കാര്യം കഷ്ടം തന്നെ. ഈ ഫത്വ്‌വകളെല്ലാം മറച്ചുവെച്ചു അമ്പേട്ടവി വലിയ വഞ്ചനയാണ് നടത്തിയത്. ഫതാവയിൽ ഗംഗോഹി പറഞ്ഞത് അദ്ദേഹത്തിന് മാത്രമുള്ള ഒറ്റപ്പെട്ട അഭിപ്രായമല്ല. ദേവ്ബന്ദികൾ മുഴുവനും അതേ അഭിപ്രായക്കാരാണ്. അവരത് നിരവധി സ്ഥലങ്ങളിൽ വ്യക്തമാക്കിയിട്ടുമുണ്ട്. മുഹന്നദിൽ ഒപ്പുവെച്ച ദേവ്ബന്ദികളുടെ ഉന്നത നേതാക്കളിൽപെട്ട മഹ്‌മൂദുൽ ഹസൻ ജുഹ്ദുൽ മുഖില്ലിൽ പറയുന്നു: ഇസ്മാഈൽ ദഹ്‌ലവിയുടെ കിതാബായ തഖ്‌വിയതുൽ ഈമാൻ ഖുർആൻ ശരീഫിനെ പോലെ പ്രധാനപ്പെട്ട ഗ്രന്ഥമാണ്. ഖുർആൻ കാരണം ചിലയാളുകൾ സന്മാർഗം സിദ്ധിക്കുകയും മറ്റു ചിലർ വഴിപിഴക്കുകയും ചെയ്യുന്നതുപോലെ ഹൃദയത്തിൽ ഹിദായത്തുള്ളവൻ തഖ്‌വിയതുൽ ഈമാൻ കൊണ്ട് ഉപകാരം നേടുകയും ഹൃദയത്തിൽ കാപട്യവും പക്ഷപാതിത്വവുമുള്ളവൻ അതുകൊണ്ട് വഴിപിഴക്കുകയും ചെയ്യും (ജുഹ്ദുൽ മുഖില്ല് പേ. 5).
മുഹന്നദിൽ ഒപ്പുവെച്ച അഷ്‌റഫ് അലി ഥാനവി പറയുന്നു: തഖ്‌വിയതുൽ ഈമാനിനെക്കുറിച്ച് മൗലാനാ ഗംഗോഹി പറയാറുണ്ടായിരുന്നു. അതു മുഖേന ധാരാളം ഉപകാരമുണ്ടായിട്ടുണ്ട്. ഇസ്മാഈൽ ദഹ്‌ലവിയുടെ കാലത്ത് തന്നെ രണ്ടര ലക്ഷം ആളുകൾ നന്നായി. അദ്ദേഹത്തിന്റെ കാലശേഷം ഉണ്ടായ ഉപകാരം സങ്കൽപ്പിക്കാൻ പോലും കഴിയില്ല (ഹികായതേ ഔലിയാ പേ. 67).
തഖ്‌വിയതുൽ ഈമാനിനെ ഖണ്ഡിച്ചുകൊണ്ട് നൂറിലധികം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ശേഷമാണ് ഗംഗോഹി അതിനെ വെള്ളപൂശിയും മഹത്ത്വവത്കരിച്ചും ഫത്വ്‌വകൾ നൽകുന്നത്. തഖ്‌വിയതുൽ ഈമാനിനെ ഖണ്ഡിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത് മഹാനായ ഷാ വലിയുല്ലാഹി ദഹ്‌ലവി(റ)യുടെ കുടുംബം തന്നെയായിരുന്നു. ഇസ്മാഈൽ ദഹ്‌ലവിയുടെ സഹോദരങ്ങളും ഷാ വലിയുല്ലാഹി ദഹ്‌ലവിയുടെ മകൻ ഷാ റഫീഉദ്ദീൻ ദഹ്‌ലവിയുടെ മക്കളുമായ ഷാ മഖ്‌സൂസുല്ലാ ദഹ്‌ലവി, ഷാ മൂസ ദഹ്‌ലവി മുഈദുൽ ഈമാൻ എന്ന പേരിലും ഹുജ്ജതുൽ അമൽ ഫീ ഇബ്ത്വാലിൽ ജഹ്ൽ എന്ന പേരിലും തഖ്‌വിയതുൽ ഈമാനിനെതിരെ ഗ്രന്ഥമെഴുതി. തഖ്‌വിയതുൽ ഈമാൻ, ഈമാനിനെ നഷ്ടപ്പെടുത്തിക്കളയുന്ന കൃതിയാണെന്നർത്ഥം വരുന്ന തഫ്‌വീതുൽ ഈമാൻ എന്ന പേര് ആദ്യമായി വിളിച്ചതും ഷാ മഖ്‌സൂസുല്ലാ ദഹ്‌ലവിയാണ്.
തഖ്‌വിയതുൽ ഈമാൻ ഗംഗോഹിയിൽ സ്വാധീനം ചെലുത്തുന്നതിന് മുമ്പ് തന്നെ എഴുതിയ കൃതിയാവാം സുബ്ദതുൽ മനാസിക്. അല്ലെങ്കിൽ ഒരേസമയം പരസ്പര വൈരുധ്യം പറയാൻ അദ്ദേഹം യാതൊരു മടിയും കാണിച്ചില്ലെന്ന് സമ്മതിക്കേണ്ടിവരും. ഇവിടെ പ്രധാനമായും മനസ്സിലാക്കേണ്ട കാര്യം റഷീദ് അഹ്‌മദ് ഗംഗോഹിയുടെ ഫത്വ്‌വകൾക്ക് തിരുത്ത് കൊണ്ടുവരാത്ത കാലത്തോളം അമ്പേട്ടവി മുഹന്നദിൽ ഗംഗോഹിയുടെ സുബ്ദ ഉദ്ധരിക്കുന്നത് കൊണ്ട് യാതൊരു ഫലവുമില്ല.
തഖ്‌വിയതുൽ ഈമാനിൽ പറഞ്ഞത് പോലെ ഇസ്മാഈൽ ദഹ്‌ലവി തന്റെ ശൈഖായ സയ്യിദ് അഹ്‌മദിന്റെ പേരിൽ ഒരുമിച്ചുകൂട്ടിയ സ്വിറാതേ മുസ്തഖീമിലും പറഞ്ഞതായി കാണാൻ സാധിക്കും: വിദൂര നാടുകളിൽ നിന്ന് യാത്രയുടെ വലിയ വലിയ അപകടങ്ങളും ദിനരാത്രങ്ങളുടെ പ്രയാസങ്ങളും സഹിച്ച് സങ്കടവുമായി ഔലിയാക്കളുടെ ഖബർ സിയാറത്തിനു വേണ്ടി പോകുന്നതും ബിദ്അത്തിൽ പെട്ടതാണ്. ഈ യാത്ര അവരെ ശിർക്കിന്റെ കൂരിരുട്ടിലും അല്ലാഹുവിന്റെ കോപത്തിന്റെ താഴ്‌വരയിലും എത്തിച്ചുകളയും. വിശ്വാസികൾക്ക് അത് കൊണ്ടുണ്ടാകുന്ന വലിയ അപകടം വിശദീകരണത്തിനുമപ്പുറമാണ്. അതിനാൽ എല്ലാ പൊതുജനങ്ങളും പണ്ഡിതന്മാരും ആ കാര്യത്തിൽ നിന്ന് നിർബന്ധമായും തിരിഞ്ഞു കളയുകയും ജനങ്ങളെ തടയുകയും വേണം (സിറാതേ മുസ്തഖീം 70,71).
ശാഹ് ദഹ്‌ലവി(റ)യുടെ പേരിൽ
നുണ പറയുന്നു
ശാഹ് വലിയുല്ലാഹി ദഹ്‌ലവി(റ) മഖ്ബറകൾ ഉദ്ദേശിച്ച് യാത്ര പുറപ്പെടുന്നതിനെ നിഷേധിക്കുന്നവരുടെ കൂട്ടത്തിലാണെന്നാണ് ഗംഗോഹിയുടെ വിശദീകരണം. ഗാംഗോഹി പറയുന്നു: ശാഹ് വലിയുല്ലാഹി ദഹ്‌ലവി ഉൾക്കൊള്ളുന്ന വിഭാഗം പറയുന്നു… മൂന്ന് പള്ളികളിലേക്കല്ലാതെ വാഹനം കെട്ടി യാത്ര പുറപ്പെടരുത് എന്ന ഹദീസിന്റെ വിവക്ഷ തഹ്‌രീമിന്റെ നിരോധനമാണ്. ഇതനുസരിച്ച് ഹജ്ജ്, ജിഹാദ്, വിജ്ഞാന സമ്പാദനം, മുസ്‌ലിമായ സഹോദരന്റ കളഞ്ഞുപോയ വസ്തു അന്വേഷിക്കുക തുടങ്ങിയ അല്ലാഹു പറഞ്ഞ കാര്യങ്ങൾ മാത്രമേ ഹദീസിന്റെ വിലക്കിൽ നിന്ന് ഒഴിവാക്കുകയുള്ളൂ.
ഈ അഭിപ്രായമനുസരിച്ച് ഏതെങ്കിലും മഹാന്റെ മഖ്ബറ സന്ദർശിക്കാനോ വിനോദത്തിനോ ദീർഘദൂര യാത്ര ചെയ്യൽ അനുവദനീയമല്ല. കാരണം ഇതുതന്നെയാണ് ശദ്ദുറിഹാൽ കൊണ്ടുള്ള ഉദ്ദേശ്യം. ശദ്ദുറിഹാൽ യാത്രയുടെ ഒരു രൂപകമാണ്(കിനായത്താണ്). കാരണം സാധാരണയായി ആളുകൾ യാത്ര ചെയ്യുമ്പോൾ അവരുടെ വാഹനത്തിൻമേൽ ഇരിപ്പിടം കെട്ടുന്നു.
ശേഷം പറയുന്നു: നമ്മുടെ കാലഘട്ടം പരിഗണിച്ചുകൊണ്ട് ഈ അർത്ഥമാണ് വിശദീകരിക്കാൻ കൂടുതൽ യോജിച്ചത്. കാരണം ശിർക്കും ബിദ്അത്തും നമ്മുടെ കാലത്ത് വ്യാപിച്ചിട്ടുണ്ട്. സിയാറത്ത് ചെയ്യുക എന്ന നബി(സ്വ)യുടെ വാക്ക് നിർബന്ധമായ കൽപ്പനയല്ല. സുന്നത്തിനോ ഇളവിനോ വേണ്ടിയുള്ള കൽപ്പനയാണ്. എന്നാൽ ഈ അർത്ഥമനുസരിച്ച് സിയാറത്ത് ഹറാമുമാണ്. ഒരു കാര്യം നിഷിദ്ധമാണോ അനുവദനീയമാണോ എന്നതിൽ സംശയമുണ്ടായാൽ, അല്ലെങ്കിൽ ഒരു കാര്യം നിഷിദ്ധമാണോ സുന്നത്താണോ എന്നതിൽ സംശയമുണ്ടായാൽ മികവ് ഹറാമിനാണ് (ഗാംഗോഹി- അൽ കൗകബുദ്ദുറി).
അഇമ്മതുകൾ പറയാത്ത പുതിയ നിയമം കൊണ്ടു വരികയാണ് ഗംഗോഹി ചെയ്തത്. സുന്നത്തായ ഒരു കാര്യം ആരെങ്കിലും ബിദ്അത്ത് ചെയ്യുന്നതിന്റെ പേരിൽ എങ്ങനെയാണ് ഹറാമായിത്തീരുക.
ശിർക്കും ബിദ്അത്തും വ്യാപിച്ച ഈ കാലഘട്ടത്തിൽ സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടൽ നിഷിദ്ധമാണെന്ന് പറയലാണ് ഏറ്റവും യോജിച്ചത് എന്ന് ഗംഗോഹി പറഞ്ഞത് അമ്പേട്ടവി കണ്ടിട്ടില്ലേ? അല്ലെങ്കിൽ അമ്പേട്ടവി ഹി. 1325ൽ അൽമുഹന്നദ് രചിക്കുമ്പോൾ ഇസ്മാഈൽ ദഹ്‌ലവിയുടെ കാലഘട്ടം മുതൽ തുടങ്ങി ഹി. 1323ൽ ഗംഗോഹിയുടെ മരണത്തോടെ ശിർക്കും ബിദ്അത്തും വ്യാപിച്ച കാലഘട്ടം അവസാനിച്ചു പോയോ?
(തുടരും)
ഇബ്‌റാഹീം ഖലീൽ സഖാഫി പെരിയടുക്ക