ഇസ്‌ലാമിന്റെ യഥാർത്ഥ രീതികളോട് പുറം തിരിഞ്ഞ് നിൽക്കുന്ന അനേകം പ്രസ്ഥാനങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തബ്‌ലീഗിസം. സലഫിസത്തിന്റെ ആശയങ്ങൾ അങ്ങനെതന്നെ സ്വീകരിച്ചവരാണ് ഇക്കൂട്ടർ. പക്ഷേ, തബ്‌ലീഗിനെന്താണു കുഴപ്പമെന്ന് അവർ തന്നെ ചോദിച്ച് നടക്കുകയും ചെയ്യുന്നു.
മുജാഹിദ് പ്രസ്ഥാനത്തെയോ അതിന്റെ ആശയ പാപ്പരത്തത്തെയോ തിരിച്ചറിയാത്തവർ വിരളമായിരിക്കും. എന്നാൽ തബ്‌ലീഗിന്റെ ഇരട്ട മുഖം തിരിച്ചറിയാനാകാത്ത നിരവധി സാധാരണക്കാരുണ്ട്. തബ്‌ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്യാസിന്റെ ആശയ സ്രോതസ്സുകളായ റശീദ് അഹ്മദ് ഗംഗോഹിയും ഇസ്മാഈൽ ദഹ്‌ലവിയും മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ പുണ്യവാളനായി കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തതു മുതൽ തുടങ്ങുന്നു അവരുടെ മാർഗഭ്രംശം.
ഇബ്‌നു അബ്ദുൽ വഹാബാകട്ടെ മുസ്‌ലിംകളെ കാഫിറാക്കുന്നതിനും ക്രൂരമായി കൊന്നൊടുക്കുന്നതിനും അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നതിനുമായി ജീവിതം നീക്കി വെച്ചയാളാണ്. ലോക പണ്ഡിതന്മാർ അദ്ദേഹത്തിനെതിരിൽ പ്രതിഷേധത്തിന്റെ അലകടൽ തന്നെ തീർത്തു. മാത്രമല്ല വഹാബിസത്തെ ഏറ്റെടുക്കുന്നവരെ പണ്ഡിതലോകം പുച്ഛിച്ചു തള്ളുകയും ചെയ്തു. ഇതിനിടയിൽ തബ്‌ലീഗുകാർ വഹാബിയൻ ആശയങ്ങൾ പുതിയരൂപത്തിൽ അവതരിപ്പിക്കുകയും ജനങ്ങളെ ഇസ്‌ലാമിൽ നിന്ന് മത യുക്തിവാദത്തിലേക്ക് ഘട്ടംഘട്ടമായി മാറ്റുകയും ചെയ്തുകൊണ്ടിരുന്നു. ഈ ഘട്ടത്തിലാണ് മഹാപണ്ഡിതനും നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ കർത്താവുമായ അല്ലാമ അഹ്മദ് റസാഖാൻ ബറേൽവി(റ) ഇവരുടെ ഗ്രന്ഥങ്ങളിൽ നിന്നും തബ്‌ലീഗ് ജമാഅത്ത് പിഴച്ച പ്രസ്ഥാനമാണെന്നും കാഫിറാകാൻ വരെ കാരണമാകുന്ന വാദങ്ങൾ ഇവർക്കുണ്ടെന്നും തെളിയിക്കുന്ന രേഖകൾ നിരത്തി ഹുസാമുൽ ഹറമൈൻ എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. മക്കയിലെയും മദീനയിലെയും പണ്ഡിതന്മാർ പ്രസ്തുത ഗ്രന്ഥം പരിശോധിക്കുകയും ഇവർ പിഴച്ച പ്രസ്ഥാനമാണെന്ന് വിധിയെഴുതുകയുമുണ്ടായി.
മുഖം മിനുക്കാൻ ചില അടവുകൾ
ഈ പുസ്തകത്തിന് പണ്ഡിത ലോകത്ത് വലിയ സ്വീകാര്യത ലഭിക്കുകയും തബ്‌ലീഗിസത്തിന്റെ കാപട്യം എല്ലാവരും തിരിച്ചറിയുകയും ചെയ്തപ്പോൾ തങ്ങളുടെ നിലനിൽപ്പ് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ ദയൂബന്ദ് പണ്ഡിതൻ ഖലീൽ അഹ്മദ് സഹാറൻപൂരി മുഖം മിനുക്കാൻവേണ്ടി ഹുസാമുൽ ഹറമൈനിക്ക് മറുപടി എന്നപേരിൽ ചില ചോദ്യോത്തരങ്ങൾ ഉണ്ടാക്കി അത്തസ്ദീഖാത്ത് ബിദഫ്ഇത്തൽ ബീസാത്ത്/അൽ മുഹന്നദ് അലൽ മുഫന്നദ് എന്ന പുസ്തകം രചിച്ചു. ഇതിന്റെ ഉറുദു വിവർത്തനമാണ് മാളിശഫ്‌റതൈൻ അലാ ഖാദിഇ അഹ്‌ലിൽ ഹറമൈൻ എന്നത്. അഅ്‌ലാ ഹസ്‌റത്ത് ഉന്നയിച്ച കാര്യങ്ങളെ ദുർവ്യാഖ്യാനിച്ച് അഹ്‌ലുസ്സുന്നയുടെ അഖീദയിൽതന്നെയാണ് ഞങ്ങളെന്നും ഞങ്ങൾക്കും ഞങ്ങളുടെ നേതാക്കൾക്കും വഹാബിസവുമായി യാതൊരു ബന്ധവുമില്ലെന്നും പ്രസ്തുത ഗ്രന്ഥത്തിലുടനീളം സമർത്ഥി ക്കാൻ ശ്രമിക്കുന്നത് കാണാം. അതിലെ 12-ാം ചോദ്യവും മറുപടിയും ഇങ്ങനെ വായിക്കാം:
ചോദ്യം: മുഹമ്മദ് ബിൻ അബ്ദുൽ വഹാബുന്നജ്ദി എന്ന വ്യക്തി മുസ്‌ലിംകളുടെ രക്തവും സമ്പത്തും അനുവദിക്കുകയും അവരെ മുഴുവൻ ശിർക്കിന്റെ ആളുകളായി മുദ്രകുത്തുകയും പൂർവസൂരികളെ അധിക്ഷേപിക്കുകയും ചെയ്യുന്നു. ഇതിൽ എന്താണ് നിങ്ങളുടെ വീക്ഷണം? പൂർവികരെയും മുസ്‌ലിംകളെയും കാഫിറാക്കാമോ?
ഉത്തരം: ദുർറുൽ മുഖ്താറിന്റെ രചയിതാവ് പറഞ്ഞതാണ് അവരെ കുറിച്ച് പറയാനുള്ളത്. ദുഷിച്ച വ്യാഖ്യാനങ്ങൾ നൽകി നമ്മുടെ രക്തവും സമ്പത്തും അനുവദനീയമാക്കുകയും സ്ത്രീകളെ തട്ടിയെടുക്കുകയും ചെയ്യുന്ന ഖവാരിജുകളാണ് വഹാബികൾ. അല്ലാമാ ശാമി പറയുന്നു. നജ്ദിൽ നിന്നു മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ ആളുകൾ രംഗത്ത് വരികയും ഹറമൈനികൾ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയും ചെയ്തു. അവർ മാത്രമാണ് മുസ്‌ലിംകളെന്നും അവരുടെ വിശ്വാസം സ്വീകരിക്കാത്തവരെല്ലാം കാഫിറാണെന്നും അഹ്‌ലുസ്സുന്നയുടെ ആളുകളെയും അവരുടെ പണ്ഡിതരെയും കൊല്ലൽ അനുവദനീയമാണെന്നും അവർ വിശ്വസിക്കുന്നു. ഞാൻ പറയട്ടെ, മുഹമ്മദ് ബിൻ അബ്ദുൽ വഹാബോ അദ്ദേഹത്തിന്റെ അനുയായികളോ പാർട്ടിക്കാരോ ഞങ്ങളുടെ ഗുരു പരമ്പരയിൽ വരുന്നില്ല (അൽ മുഹന്നദ് പേ 18,19).
ഇവരാരും വഹാബികളല്ലെന്ന് മാത്രമല്ല അവരുടെ പരമ്പരയിൽ പോലും അത്തരക്കാരില്ലെന്ന് ഖലീൽ അഹ്മദ് സഹാറൻപൂരി ഇവിടെ പ്രസ്താവിക്കുന്നു. പക്ഷേ ഇത് വാചകമടി മാത്രമാണ്. അൽ മുഹന്നദ് തന്നെ ശംസുൽ ഉലമാഇൽ ആമിലീൻ ആയി പരിചയപ്പെടുത്തിയ റശീദ് അഹ്മദ് ഗംഗോഹി തന്റെ ഫതാവയിൽ പറയുന്നത് നോക്കുക: മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ വഹാബി എന്നാണ് ലോകർ പറയുന്നത്. അയാൾ നല്ല മനുഷ്യനായിരുന്നു. ഹമ്പലീ മദ്ഹബുകാരനായിരുന്നുവെന്ന് കേൾക്കുന്നുണ്ട്. ഹദീസനുസരിച്ച് അമൽ ചെയ്തിരുന്ന വ്യക്തിയായിരുന്നു. അനാചാരങ്ങൾക്കും ബഹുദൈവാരാധനക്കുമെതിരെ പടപൊരുതി. പക്ഷേ, കർക്കശ സ്വഭാവക്കാരനായിരുന്നു’ (ഫതാവാ റശീദിയ്യ പേ 280). അദ്ദേഹത്തെ പിൻപറ്റുന്നവർക്ക് വഹാബികളെന്ന് പറയപ്പെടുന്നു. വിശ്വാസപരമായി വളരെ മെച്ചപ്പെട്ടവരാണ് അദ്ദേഹവും അനുയായികളും. അവർ വളരെ നല്ല മനുഷ്യരാണ്. അവരുടെ നന്മ പൊതുജനം സ്വീകരിക്കാത്തത്‌കൊണ്ട് പലപ്പോഴും അതിരുകടന്ന് സംസാരിക്കേണ്ടി വന്നു. അതിനാൽ ചില കുഴപ്പങ്ങൾ ഉണ്ടായി (ഫതാവാ റശീദിയ്യ, പേ 280).
മറ്റൊരു നേതാവായ ഇസ്മാഈൽ ദഹ്‌ലവിയുടെ വഹാബി ബന്ധം അബുൽ ഹസൻ അലി നദ്‌വി വെളിപ്പെടുത്തുന്നത് കാണുക: ‘ഈ സംഘം (തബ്‌ലീഗ് ജമാഅത്ത്) മുഹമ്മദ് ബിൻ ഇർഫാനിന്റെയും അവരെ പോലെയുള്ളവരുടെയും മാർഗമാണ് തൗഹീദിൽ അവലംബിച്ചത്. ശൈഖ് ഇസ്മാഈൽ ശഹീദിന്റെ പ്രബോധനവും സമരവും പരിചയപ്പെടുത്തുന്ന അമൂല്യ ഗ്രന്ഥമാണ് തഖ്‌വിയതുൽ ഈമാൻ. ഈ ഗ്രന്ഥം ബിദ്അത്തുകാരുടെയും അന്ധവിശ്വാസികളുടെയും ഉറക്കം കെടുത്തി. ഇത് കാരണം അവർ കലാപങ്ങൾ അഴിച്ചുവിട്ടു… ഈ ഗ്രന്ഥം ശൈഖ് അബ്ദുൽ വഹാബിന്റെ പ്രസിദ്ധമായ കിതാബുത്തൗഹീദിന്റെ വഴിയാണ് സ്വീകരിച്ചതെന്ന് വളരെ ശ്രദ്ധേയമാണ്. അതല്ല; അതിനേക്കാൾ മറുപടിയിലും തെളിവ് സമർപ്പണത്തിലും തഖ്‌വിയതുൽ ഈമാൻ മികച്ച് നിൽക്കുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യം ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിൽ ഈ സംഘം അറിയപ്പെടുന്നത് വഹാബികൾ എന്ന പേരിലാണ്. അന്ധമായി അനുവർത്തിച്ചു വരുന്ന ബഹു ദൈവാരാധന, ഖബ്‌റാരാധനക്കെതിരെയാണ് ഈ സംഘം ക്ഷണിക്കുന്നത്. തബ്‌ലീഗ് ജമാഅത്തെന്ന ഈ സംഘത്തോട് ഏറ്റവും ഈർഷ്യത പ്രകടിപ്പിക്കുന്നത് ശൈഖ് റസാഖാന്റെ അനുയായികളായ ബറേൽവികളാണ് (അർറാഇദ്; ജമാദുൽ ഊല 1412, പേജ്-4). അപ്പോൾ ഞങ്ങൾക്കോ ഞങ്ങളുടെ നേതാക്കൾക്കോ അവരുമായി യാതൊരു ബന്ധവുമില്ലെന്ന സഹാറൻപൂരിയുടെ വാക്കുകൾ യാഥാർത്ഥ്യത്തോട് എത്രകണ്ട് യോജിക്കും? മാന്യ വായനക്കാർ ചിന്തിക്കുമല്ലോ.
ഒരു കുമ്പസാരം
ഇബ്‌നു അബ്ദുൽ വഹാബുമായി തബ്‌ലീഗ് നേതാക്കളുടെ പൊക്കിൾകൊടി ബന്ധം അങ്ങാടിപ്പാട്ടാണ്. പക്ഷേ അവരുടെ നേതാക്കളിൽ ചിലർ വഹാബികളെ വിമർശിച്ചത് ഇബ്‌നു അബ്ദുൽ വഹാബിന്റെ അനുയായികളെ ചൊടിപ്പിച്ചു. അപ്പോൾ വഹാബിസത്തെ വിമർശിച്ച സഹാറൻപൂരിയെയും മദനിയെയും മറ്റുള്ളവരെയും വെള്ള പൂശാൻ പിൽകാല തബ്‌ലീഗുകാർ ശ്രമിക്കുന്നത് നമുക്ക് കാണാനാകുന്നു. മൻസൂർ നുഅ്മാനി എന്ന തബ്‌ലീഗ് നേതാവ് വഹാബി വിരുദ്ധ ആശയങ്ങൾക്ക് മറുപടി പറയാനായി അറബിയിൽ ദിആയാതു മുക്‌സിഫ: ളിദ്ദ ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ്, ഉറുദുവിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് കേ ഖിലാഫ് പ്രൊപഗണ്ഡ എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. അങ്ങനെ തബ്‌ലീഗ് നേതാക്കളിൽ നിന്ന് വഹാബിസത്തെ വിമർശിച്ചവർ കൂട്ടത്തോടെ നയം മാറ്റുകയും അതിന്റെ പ്രചാരകരാവുകയും ചെയ്തു. അൽ മുഹന്നദ് അലൽ മുഫന്നദ് എന്ന ഗ്രന്ഥം എഴുതി വഹാബിസത്തെ വിമർശിച്ച ഖലീൽ അഹ്മദ് സഹാറൻപൂരിയെ സംബന്ധിച്ച് മൻസൂർ നുഅ്മാനി പറയുന്നത് നോക്കൂ:
അത്തസ്വ്ദീഖാത് (അൽമുഹന്നദ്) എന്ന ഗ്രന്ഥം എഴുതി ഇരുപത് വർഷം കഴിഞ്ഞ് ഹിജാസിലേക്ക് പുറപ്പെടുകയും മദീനയിൽ താമസിക്കുകയും ചെയ്തു. അത് ഹിജ്‌റ 1344-ൽ ആയിരുന്നു. അപ്പോഴാണ് നജ്ദീ വിഷയത്തിന്റെ ആഴവും വസ്തുതയും അദ്ദേഹത്തിന് ബോധ്യപ്പെടുന്നത്. അങ്ങനെയാണ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ കുറിച്ചും അനുയായികളെ കുറിച്ചും തന്റെ വീക്ഷണങ്ങൾ മാറ്റി നല്ല അഭിപ്രായം ളഫ്ർ അലീഖാന് അയച്ചുകൊടുത്തത് (ദിആയാത് പേ 60).
മറ്റൊരു സ്ഥലത്ത് പറയുന്നു: മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെ സംബന്ധിച്ച് അദ്ദേഹം നൽകിയ മറുപടി തന്റെ വീക്ഷണമാണെന്നും ഇബ്‌നു അബ്ദുൽ വഹാബിന്റെ ഗ്രന്ഥങ്ങൾ പരിശോധിച്ച് മനസ്സിലാക്കിയ ശേഷമുള്ള നിലപാടാണെന്നും മനസ്സിലാക്കരുത്. മറിച്ച് അത് മദീനയിലെ പണ്ഡിതൻമാരിൽപ്പെട്ട ചോദ്യകർത്താവിന്റെ വിശദീകരണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് (ദിആയാത് പേ 57,58). വീണ്ടും പറയുന്നു: അവർ രണ്ടുപേരും (ഖലീൽ അഹ്മദ് സഹാറൻപൂരിയും ഹുസൈൻ മദനിയും) മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ വിഷയത്തിലുള്ള സത്യം മനസ്സിലാക്കിയപ്പോൾ അവർ മുമ്പ് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത കാര്യങ്ങളിൽ നിന്നും അവർ മടങ്ങിയിട്ടുണ്ട് (ദിആയാത്ത് 40).
മുഹമ്മദ് ബിൻ അബ്ദുൽ വഹാബിനെയും അനുയായികളെയും വിമർശിച്ച ഹുസൈൻ അഹ്മദ് നുഅ്മാനിയെ കുറിച്ച് നുഅ്മാനി പറയുന്നു:
മദനി തന്റെ അശ്ശിഹാബു സ്സാഖിബിൽ കൊണ്ടുവന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളല്ല. അന്ന് സർവ വ്യാപകമായി പ്രചരിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണ് (ദിആയാത്ത് പേ 40). മദനിയിൽ നിന്നും നുഅ്മാനി ഉദ്ധരിക്കുന്നു: റുജൂമുൽ മദനിയ്യീൻ, അശ്ശിഹാബു സ്സാഖിബ് എന്നീ ഗ്രന്ഥങ്ങളിൽ നജ്ദികളെ വിമർശിച്ച് ഞാൻ പറഞ്ഞത് അവരുടെ ഗ്രന്ഥങ്ങളും പുസ്തകങ്ങളും അവലംബിക്കാതെയായിരുന്നു. വിമർശകരുടെയും വ്യാപകമായി പ്രചരിച്ച വാർത്തകളുടെയും അടിസ്ഥാനത്തിൽ മാത്രമായിരുന്നു. പക്ഷേ അവരുടെ ഗ്രന്ഥങ്ങൾ കൃത്യമായി പഠിക്കുമ്പോൾ അവർ അഹ്‌ലുസ്സുന്നയുടെ വിരോധികളല്ലെന്നും ചില ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അതുകൊണ്ട് മാത്രം അവർ പിഴച്ചവരാണെന്നോ തെമ്മാടികളാണെന്നോ കാഫിറുകളാണെന്നോ പറഞ്ഞുകൂടാ (ദിആയാത്ത് പേ 125).
ഇബ്‌നു അബ്ദുൽ വഹാബിനെ വിവരം കെട്ടവനായി പരിചയപ്പെടുത്തിയ മുഹമ്മദ് അൻവർ ശാഹ് കാശ്മീരിയെ കുറിച്ച് നുഅ്മാനി പറയുന്നു: ഫൈളുൽ ബാരിയിൽ ഫാഇദ എന്ന ടൈറ്റിലിന് താഴെ വരുന്ന കാര്യങ്ങൾ ശൈഖിലേക്ക് ചേർത്തുകൂടാ. ഇബ്‌നു അബ്ദുൽ വഹാബിനെ വിമർശിച്ച ഭാഗമാകട്ടെ ഫാഇദ എന്ന ടൈറ്റിലിന് താഴെ വന്നതാണ്. ഇത്തരം ഒരു വിമർശനം അദ്ദേഹത്തിൽ നിന്നും ഉണ്ടാവില്ല. കാതിബായ ബദ്ർ ആലിം ചേർത്ത് കൊടുത്തതാവാം (ദിആയാത്ത് പേ 144). ഈ രീതിയിൽ തബ്‌ലീഗ് ജമാഅത്തിന്റെ മുൻകാല നേതാക്കൾ വിമർശിച്ചതെല്ലാം അവരുടെ വീക്ഷണങ്ങളല്ലെന്ന് പറഞ്ഞ് മുഖം മിനുക്കി വഹാബിസത്തോടുള്ള ബന്ധം ഉറപ്പിക്കുകയാണ് മൻസൂർ നുഅ്മാനി ചെയ്തത്.
കേരള നേതാക്കളുടെ നിലപാട്
കേരളത്തിലെ തബ്‌ലീഗുകാരും ഇബ്‌നു അബ്ദിൽ വഹാബിനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും ആശയങ്ങളെയും അങ്ങേയറ്റം പ്രശംസിക്കുന്നവരും ആദരിക്കുന്നവരും അതെല്ലാം അംഗീകരിക്കുന്നവരുമാണ.് ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപ്പികൾ എന്ന പുസ്തകത്തിൽ പയുന്നത് കാണുക: മൗലാനാ റശീദ് അഹ്മദ് ഗൻഗോഹി, മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബിനെ കുറിച്ച് നല്ല മനുഷ്യൻ എന്ന് പറഞ്ഞു. കേരള ബറേൽവികൾ വളരെ എളുപ്പത്തിൽ സാധാരണ ജനങ്ങളെ വഴിതെറ്റിക്കാൻ ഉപയോഗിക്കുന്ന തുറുപ്പു ചീട്ടാണിത്. വഹാബി നേതാവിനെ സ്തുതിച്ച് പറയുന്ന ദേവ് ബന്ദീപണ്ഡിതരും ആശയം കൊണ്ട് വഹാബികളാണെന്ന് അവർ അതുവഴി സമർത്ഥിക്കുന്നു.
മറുപടി: ഈ വിഷയം സാധാരണ സമൂഹത്തിന്റെ മുമ്പിൽ വിശദീകരിച്ചു മനസ്സിലാക്കി കൊടുക്കൽ ഒരു കാലത്ത് വലിയ പ്രയാസമുണ്ടായിരുന്നു. കാരണം, ഇബ്‌നു അബ്ദുൽ വഹ്ഹാബും അദ്ദേഹത്തിന്റെ വീക്ഷണവും തീർത്തും ഇസ്‌ലാമിക വിരുദ്ധവും അദ്ദേഹം പ്രവാചകന്റെ ശത്രുവായും പ്രചരിക്കപ്പെടുകയും ഈ കുപ്രചാരണം പരമാവധി വിജയം കണ്ട് സർവാംഗീകാരം പിടിച്ചു പറ്റിയ വിഷയമായി മാറിയിരുന്നു ഒരു കാലം. അതിലെയല്ല, ഇതിലെ എന്നു പറയുന്നവൻ പോലും സമൂഹത്തിൽ ഒറ്റപ്പെടുമായിരുന്നു.
തുർക്കി ഭരണകൂടം ബ്രിട്ടീഷാധിപത്യത്തിലേക്കു അമർന്നു കൊണ്ടിരിക്കുന്നതു കണ്ടറിഞ്ഞ ഇബ്‌നു അബ്ദുൽ വഹ്ഹാബ് അന്ന് മഹത്തായ കൃത്യം ചെയ്തില്ലായിരുന്നുവെങ്കിൽ മറ്റേതൊരു നാടും അധിനിവേശത്തിനിരയായതു പോലെ ഇരു ഹറമുകളടങ്ങുന്ന സഊദിയും ബ്രിട്ടന്റെ പിടിയിലമരുമായിരുന്നു. പടച്ചവൻ ഇബ്‌നു അബ്ദുൽ വഹ്ഹാബിന്റെ കരങ്ങളെ ഹറമുകളുടെ കാവലിനായി തെരഞ്ഞെടുക്കുകയായിരുന്നു (ദേവ്ബന്ദ് ഉലമാക്കൾ നവോത്ഥാന ശിൽപികൾ പേ. 250).
ഇബ്‌നു അബ്ദുൽ വഹാബിനെ ഇരു ഹറമുകളുടെ കാവലിന് തിരഞ്ഞെടുത്തുവെന്നാണ് കേരള തബ്‌ലീഗുകാർ വിശ്വസിക്കുന്നത്. അതിന് പുറമെ മുൻകാല നേതാക്കൾ ഇബ്‌നു അബ്ദുൽ വഹാബിനെ വിമർശിച്ചതിനും അവർക്ക് ന്യായീകരണമുണ്ട്. അത് ഇങ്ങനെ വായിക്കാം:
റഷീദ് അഹ്മദ് ഗംഗോഹി (റഹ്), ഹുസൈൻ അഹ്മദ് മദനീ(റഹ്), ഖലീൽ അഹ്മദ് സഹാറൻപൂരീ(റഹ്) തുടങ്ങിയവർ ആദ്യകാലത്ത് മുഹമ്മദ്ബ്‌നു അബ്ദിൽ വഹ്ഹാബിനെ തള്ളിപ്പറഞ്ഞ് മറുപടി കൊടുത്തത് രേഖപ്പെടുത്തപ്പെട്ടതാണ്.
ഇങ്ങനെയെല്ലാം അവരിൽ സംഭവിക്കാനുള്ള കാരണം മുഹമ്മദ്ബ്‌നു അബ്ദിൽ വഹ്ഹാബിന്റെ യഥാർത്ഥ മസ്‌ലക് പഠിക്കാൻ അവസരം ലഭിക്കാത്തതായിരുന്നു. പ്രചരിപ്പിക്കപ്പെട്ട നുണകളിൽ നിന്നും മാത്രം കേട്ടറിവുള്ളവർ എഴുതാൻ തുടങ്ങി. അക്കൂട്ടത്തിൽ പ്രഗത്ഭർ വരെ പെട്ട് പോയിട്ടുണ്ട്. അല്ലാമാ ശാമീ, ശൈഖ് അഹ്മദ് സൈനീ ദഹ്‌ലാൻ ശാഫിഈ(റഹ്) തുടങ്ങിയവർ ഉദാഹരണമാണ്. ശൈഖ് ദഹ്‌ലാൻ വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം അദ്ദുററുസ്സനിയ്യ ഫീ റദ്ദി അലൽ വഹ്ഹാബിയ്യ, ഖുലാസതുൽ കലാം എന്നീ കിതാബുകളിലൂടെ ഇബ്‌നു അബ്ദിൽ വഹ്ഹാബിന്റെ മേൽ ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി (ദേവ്ബന്ദ് ഉലമാക്കൾ നവോത്ഥാന ശിൽപികൾ പേ.251).
എത്ര വികൃതമാണീ വരികൾ! മക്കയിലെ മുഫ്തിയായ അല്ലാമ സൈനീ ദഹ്‌ലാൻ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇതെല്ലാം എഴുതിയത് എന്ന് തബ്‌ലീഗുകാരൻ ജൽപിക്കുന്നു. വഹാബി പ്രീണനത്തിന് വേണ്ടി ഏതറ്റം വരെ പോകാനും ഇക്കൂട്ടർ തയ്യാറാണ്. മാത്രമല്ല, മുൻകാല നേതാക്കളെല്ലാം വഹാബി നിലപാട് തിരുത്തിയതും വളരെ സന്തോഷത്തോടെ ഇവർ പ്രചരിപ്പിക്കുന്നു. അതേ പുസ്തകത്തിൽ പറയുന്നത് കാണുക:
കേരള ബറേൽവിയാക്കളിൽ നിന്നും വിഭിന്നമായി ദേവ്ബന്ദീ പണ്ഡിതർ ഉഖ്‌റവീ പണ്ഡിതരായിരുന്നുവെന്നതിന്റെ തെളിവാണ് യാഥാർഥ്യം ബോധ്യമായപ്പോൾ അവർ തിരുത്തിയത്. ഖലീൽ അഹ്മദ് സഹാറൻപൂരി (റഹ്), റഷീദ് അഹ്മദ് ഗൻഗോഹി (റഹ്) തുടങ്ങിയവർ തിരുത്തിയെഴുതിയ വിശദീകരണങ്ങൾ അക്കാലത്തെ മാസികകളിലൂടെ പലതവണ പ്രസിദ്ധീകരിക്കപ്പെട്ടു'(ദേവ്ബന്ദ് ഉലമാക്കൾ നവോത്ഥാന ശിൽപികൾ പേ.253).
വഹാബി ആദർശം തബ്‌ലീഗുകാർ ഏറ്റെടുക്കുകയും അത് അവർ ഉഖ്‌റവിയ്യായ പണ്ഡിതരാണെന്നതിന് തെളിവായി സമർത്ഥിക്കുകയും ചെയ്യുമ്പോഴും തബ്‌ലീഗിന് എന്തു കുഴപ്പമാണുള്ളതെന്ന് ചോദിക്കുന്നവർ പുറംമോടിയിലാണ് ആകൃഷ്ടരായിരിക്കുന്നത്. അതുപക്ഷേ, യാഥാർത്ഥ്യത്തിൽ നിന്ന് എത്രയോ അകലെ നിൽക്കുന്നു.
(തുടരും)