വിശുദ്ധ ഖുർആനും തിരുഹദീസുകളും വളച്ചൊടിച്ച് സുന്നത്തായ പല കർമങ്ങളും ബിദ്അത്തുകളാക്കി ചിത്രീകരിക്കുന്നത് വഹാബികളുടെ സ്ഥിരം ഏർപ്പാടാണ്. വിശ്വാസികളുടെ കർമങ്ങൾ നിഷ്ഫലമാക്കുകയാണ് അവരുടെ ലക്ഷ്യം. റമളാനിലെ പ്രത്യേകമായ സുന്നത്ത് നിസ്‌കാരമായ തറാവീഹ് ഇത്തരത്തിൽ മുജാഹിദുകൾ വക്രീകരിച്ച ഇബാദത്താണ്. പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട ഈ കർമം നിഷ്ഫലമാക്കാൻ കൊണ്ടുപിടിച്ച പരീക്ഷണങ്ങളാണ് അവർ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.
അബൂസലമ(റ) പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു: തിരുനബി(സ്വ) പറഞ്ഞു: നിശ്ചയം റമളാനിലെ നോമ്പ് അല്ലാഹു നിങ്ങളുടെ മേൽ നിർബന്ധമാക്കിയിരിക്കുന്നു, റമളാനിലെ നിശാ നിസ്‌കാരം നിങ്ങൾക്കു ഞാൻ സുന്നത്താക്കിയിരിക്കുന്നു.
ഇതേ ആശയം വ്യക്തമാക്കുന്ന ഹദീസുകൾ ഇബ്‌നു അബീശൈബ(റ) മുസ്വന്നഫിലും ഇബ്‌നു ഖുസൈമ(റ) സ്വഹീഹിലും കൊണ്ടുവന്നിട്ടുണ്ട്. മുകളിൽ കൊടുത്ത ഹദീസിൽ പരാമർശിച്ച ‘സനൻതു’ എന്ന വാക്കും ഇബ്‌നു ഖുസൈമ(റ)യുടെ റിപ്പോർട്ടിലുള്ള ‘ജഅല’ എന്ന പദവും നിയമ നിർമാണത്തെ കാണിക്കുന്നതാണ്. അതിനാൽ ഖിയാമു റമളാൻ പുതിയൊരു നിസ്‌കാരമാണെന്നും അല്ലാതെ പുത്തൻ വാദികൾ ജൽപിക്കുന്നത് പോലെ വിത്‌റും തഹജ്ജുദും ഖിയാമുല്ലൈലും തറാവീഹുമെല്ലാം ഒന്നാണെന്ന വിചിത്ര വാദം ശരിയല്ലെന്നുമാണ് ഈ ഹദീസുകളെല്ലാം തെര്യപ്പെടുത്തുന്നത്.
വഹാബികൾ തന്നെ ഇതംഗീകരിച്ചിരുന്നു. കിതാബു അവ്വലു ഫിൽ അമലിയ്യാത്ത് എന്ന അവരുടെ മദ്‌റസാ പാഠപുസ്തകത്തിൽ സുന്നത്ത് നിസ്‌കാരങ്ങൾ എണ്ണിപ്പറയുന്ന കൂട്ടത്തിൽ മൂന്നാമതായി ഇങ്ങനെ കാണാം: ‘തറാവീഹ്. ഇതും ഇശാഇന്റെ ശേഷമാണ്. എന്നാൽ റമളാനിൽ മാത്രമേയുള്ളൂ. ഇത് ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വാജിബുണ്ട്.’
എത്ര വ്യക്തമാണിത്. എന്നാൽ അവരെഴുതിവെച്ച ഈ സത്യം പിന്നീട് അവർക്ക് അസത്യവും ബിദ്അത്തുമായി മാറുകയാണുണ്ടായത്. അത് ബഹുരസമാണ്. ഗവേഷണ പടുക്കളെന്നഹങ്കരിക്കുന്ന മൗലവിമാർ ഗവേഷണം ചെയ്ത് ഗതികെട്ട സാഹചര്യത്തിലാണ് ‘റമളാനിൽ മാത്രമുള്ളതല്ല’ എന്ന് മലക്കം മറിഞ്ഞത്.
1988 സെപ്തംബറിലെ അൽമനാർ കാണുക: ‘വിത്ർ നമസ്‌കാരം തന്നെയാണ് തറാവീഹ് (റമദാനിലാകുമ്പോൾ) ഖിയാമുല്ലൈൽ (ഒന്നുറങ്ങിയ ശേഷം ഉണർന്നെഴുന്നേറ്റാകുമ്പോൾ) തഹജ്ജുദ് (രാത്രിയുടെ മധ്യയാമങ്ങളിൽ ദീർഘമായി ഖുർആൻ പാരായണം ചെയ്തു കൊണ്ടാകുമ്പോൾ) എന്നീ പേരുകളിൽ അറിയപ്പെടുന്നതും ഒറ്റയാക്കി നമസ്‌കരിക്കുന്നത് കൊണ്ടാണ് വിത്ർ (ഒറ്റ) എന്ന പേരിട്ടത്.’
തിരുഹദീസുകളെയും മഹാന്മാരായ ഇമാമുകളെയും തള്ളിക്കളഞ്ഞാണ് ഈ വിചിത്ര വാദം സ്ഥാപിക്കാൻ ശ്രമിച്ചത്. അവർ ഗവേഷണം നടത്തിയ ഹദീസ് നമുക്ക് പരിശോധിക്കാം. അബൂസലമ(റ)യിൽ നിന്ന് നിവേദനം. അദ്ദേഹം ആഇശ ബീവി(റ)യോട് ചോദിച്ചു: റമളാനിൽ റസൂലുല്ലാഹി(സ്വ)യുടെ നിസ്‌കാരം എങ്ങനെയായിരുന്നു? ആഇശ(റ) പറഞ്ഞു: ‘റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാൾ തിരുദൂതർ വർധിപ്പിക്കാറുണ്ടായിരുന്നില്ല.’
ഈ ഹദീസ് ഉയർത്തിക്കാണിച്ച് നബി(സ്വ) തറാവീഹ് എട്ടും വിത്ർ മൂന്നും അങ്ങനെ പതിനൊന്നാണ് നിസ്‌കരിച്ചതെന്ന് അവർ പ്രചരിപ്പിച്ചു. എന്നാൽ ‘റമളാനല്ലാത്ത കാലത്തും’ എന്ന ഹദീസിലെ പരാമർശം കൊണ്ട് ഇതിൽ പറഞ്ഞ പതിനൊന്ന് തറാവീഹ് അല്ലെന്ന് ബോധ്യപ്പെട്ടു. പക്ഷേ ഗവേഷണത്തിൽ പറ്റിയ ജാള്യം മറക്കാൻ മറ്റൊരു ഗവേഷണം നടത്തി അവർ. അങ്ങനെയാണ് തഹജ്ജുദും വിത്‌റും തറാവീഹുമെല്ലാം ഒന്നാക്കിയത്. പിടിച്ചതിനേക്കാൾ വലിയതാണ് മടയിലെന്നു പറഞ്ഞതുപോലെ രണ്ടാമത്തെ ഗവേഷണം വലിയ കുഴിയിലേക്കാണ് വഹാബിസത്തെ തള്ളിയിട്ടത്. തറാവീഹും വിത്‌റും തഹജ്ജുദുമെല്ലാം പ്രത്യേക അധ്യായങ്ങളായി പഠിപ്പിച്ച മഹാന്മാരായ ഇമാമുകളെ തള്ളുകയാണ് ഈ ഗവേഷണത്തിലൂടെ ഇവർ ചെയ്തത്. പ്രമാണികനായ ഒരു ഇമാം പോലും ഇവരുടെ വിചിത്ര വാദത്തിനു കൂടെയില്ലെന്നതാണ് സത്യം. ഈ ഹദീസിൽ പരാമർശിച്ച 11 റക്അത്ത് നിസ്‌കാരം വിത്‌റാണെന്നാണ് ഇമാമുമാർ രേഖപ്പെടുത്തിയിട്ടുള്ളത്.
സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഇർശാദുസ്സാരിയിൽ പറയുന്നു: ആഇശ ബീവി(റ)യുടെ പ്രസ്താവനയെ നമ്മുടെ അസ്വ്ഹാബ് വിത്‌റിന്റെ മേലിൽ ചുമത്തിയിരിക്കുന്നു (3/426).
ഇമാം ഇബ്‌നു ഹജർ(റ) തുഹ്ഫയിലും ഈ ഹദീസ് വിത്റിനെ കുറിച്ചാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആഇശ(റ)യിൽ നിന്ന് ഉദ്ധരിക്കുന്ന പ്രസ്തുത ഹദീസ് ഇമാം മാലിക്(റ) മുഖേനയാണ് ഇമാം ബുഖാരി(റ)ക്കും ഇമാം മുസ്‌ലിം(റ)നും ലഭിച്ചിട്ടുള്ളത്. ഇമാം മാലിക്(റ) വിശ്വപ്രസിദ്ധമായ മുവത്വയിൽ വിത്‌റിന്റെ അധ്യായത്തിലാണ് ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്. വിവേക ബുദ്ധിയുള്ളവർക്ക് തെളിവായി ഇതുതന്നെ ധാരാളം. ഉമർ(റ)ന്റെ വഫാത്തിന് ശേഷമാണ് ആഇശ(റ)യുടെ വഫാത്ത്. അതിനാൽ തന്നെ മദീന പള്ളിയിൽ ഉമർ(റ)ന്റെ നിർദേശപ്രകാരം ഉബയ്യുബ്‌നു കഅ്ബ്(റ)ന്റെ നേതൃത്വത്തിൽ സ്വഹാബത്ത് ഐകകണ്‌ഠ്യേന ഇരുപത് റക്അത്ത് തറാവീഹ് നിസ്‌കരിച്ചത് ബീവിയുടെ ജീവിത കാലത്താണ്, മഹതിക്കറിവുള്ളതുമാണ്. നബി(സ്വ) തറാവീഹ് എട്ടാണ് നിസ്‌കരിച്ചതെന്നും ബാക്കി 12 റക്അത്ത് ഉമർ(റ)വും മറ്റും കൂട്ടിച്ചേർത്തതാണെന്നുമായിരുന്നു മഹതിയുടെ പക്ഷമെങ്കിൽ ബീവി ഇത് ചോദ്യം ചെയ്യുകയും നബി(സ്വ) തറാവീഹ് നിർവഹിച്ചതു പോലെ നിസ്‌കരിക്കാൻ സമുദായത്തോട് കൽപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നത് ഉറപ്പാണ്. പക്ഷേ അതുണ്ടായില്ല. ഇതുകൊണ്ടെല്ലാം ആഇശ(റ) ഉദ്ധരിച്ച പതിനൊന്നിന്റെ ഹദീസ് വിത്‌റാകാനേ തരമുള്ളൂ. മാത്രമല്ല, ലോകം അംഗീകരിച്ച വൈജ്ഞാനിക സാഗരങ്ങളായ മദ്ഹബിന്റെ നാലു ഇമാമീങ്ങൾ ഈ ഹദീസ് കണ്ടവരും മനസ്സിലാക്കിയവരുമാണ്. അവരിൽ ഒരാൾ പോലും തറാവീഹ് പതിനൊന്നാണെന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല 20 റക്അത്താണ് തറാവീഹെന്ന് രേഖപ്പെടുത്തുകയും ചെയ്തു.
അവരുടെ മുഖപത്രം എഴുതിയത് കാണുക: ‘നാലു മദ്ഹബുകളുടെ ഇമാമീങ്ങളും ക്വിയാമു റമളാൻ വിത്‌റിന് പുറമെ ഇരുപത് റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ്. ഈ വിഷയത്തിൽ ആഇശ(റ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഏറ്റവും പ്രബലമായ ഹദീസ് ലഭ്യമാകാതെ പോയത് കൊണ്ടാകാം അവർ ഇരുപതിനെ സ്ഥിരപ്പെടുത്തിയത് (വിചിന്തനം 2009 ജൂലായ് 3).
എങ്ങനെയുണ്ട് തമാശ!? മദ്ഹബിന്റെ ഇമാമീങ്ങൾക്ക് ആഇശ(റ)യുടെ ഹദീസ് കിട്ടിയില്ലത്രെ. കിട്ടിയതോ ഈ മൗലവിമാർക്കും! അപാരമായ തൊലിക്കട്ടി തന്നെ!!
ഇമാം മാലിക്(റ)ലൂടെയാണ് ആഇശ ബീവി(റ)യുടെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. അദ്ദേഹമാണെങ്കിലോ മദ്ഹബിന്റെ ഇമാമീങ്ങളിലൊരാളും. എന്നിട്ടും അദ്ദേഹം ഈ ഹദീസ് കണ്ടില്ലത്രെ. ഇങ്ങനെയൊക്കെ ചിന്തിക്കാൻ വഹാബീ മസ്തിഷ്‌കം തന്നെ വേണം.
വഹാബികൾ സാധാരണ ഇമാം ബുഖാരി(റ)യുടെ മേൽ ഒരു പച്ചക്കള്ളം പ്രചരിപ്പിക്കാറുണ്ട്. സ്വഹീഹുൽ ബുഖാരിയിൽ കിതാബു തറാവീഹിൽ ആഇശ(റ)യുടെ ഹദീസ് ഇമാം കൊണ്ടുവന്നത് പൊക്കിപ്പിടിച്ച് ബുഖാരി(റ) തറാവീഹ് പതിനൊന്നാണെന്നു വാദിക്കുന്നുണ്ടെന്നാണ് വഹാബികളുടെ കുപ്രചാരണം. പക്ഷേ തറാവീഹിന്റെ എണ്ണം പതിനൊന്നാണെന്ന് മഹാൻ എവിടെയും പറഞ്ഞിട്ടില്ല. ബുഖാരി(റ) കിതാബുൽ കുനായിൽ അബുൽ ഖളീബുൽ ജുഅഫി(റ)യിൽ നിന്ന് ഉദ്ധരിച്ച ഹദീസിൽ സ്വഹാബീവര്യനായ സുവൈദുബ്‌നു ഗഫല(റ) ഇരുപത് റക്അത്ത് തറാവീഹിന് ഇമാമത്ത് നിന്നിരുന്നു എന്ന ഹദീസ് കൊണ്ടുവന്നിട്ടുണ്ട്. ശാഫിഈ മദ്ഹബുകാരനായ ഇമാം ബുഖാരി(റ) പതിനൊന്നിന്റെ കൂടെയാണെന്ന് അംഗീകരിക്കാൻ പോലും വഹാബികളുടെ ധിക്കാരം സമ്മതിക്കില്ല. ഇമാം ബുഖാരി(റ) സ്വഹീഹിൽ മൂന്ന് അധ്യായങ്ങളിൽ ആഇശ(റ)യുടെ പതിനൊന്നിന്റെ ഹദീസ് പരാമർശിച്ചിട്ടുണ്ട്. കിതാബുൽ മാനഖിബും കിതാബു തഹജ്ജുദുമാണ് മറ്റുള്ളവ. തഹജ്ജുദും തറാവീഹും വെവ്വേറെയാണെന്ന് ഇതിൽ നിന്നും ബോധ്യമാകും. എല്ലാം ഒന്നാണെന്ന വഹാബി ഗവേഷണത്തെ ബുഖാരി(റ) തന്നെ തകർത്തെറിയുന്നു. പിന്നെ, ഇമാം ബുഖാരി(റ) കിതാബു തറാവീഹിൽ അവസാനമായാണ് ബീവി(റ)യുടെ ഈ ഹദീസ് കൊണ്ടുവരുന്നത്. അതിനു മുമ്പ് ഉമർ(റ) ഉബയ്യുബ്‌നു കഅ്ബ്(റ)ന്റെ നേതൃത്വത്തിൽ ഒറ്റ ഇമാമിന്റെ കീഴിൽ തറാവീഹ് നിസ്‌കാരം ജമാഅത്തായി നടപ്പാക്കിയ ഹദീസ് കൊണ്ടുവന്നിട്ടുണ്ട്. ഇമാം ബുഖാരി(റ)യുടെ ശൈലി മനസ്സിലാക്കിയ ആർക്കും കാര്യങ്ങൾ ബോധ്യപ്പെടും. തറാവീഹിന്റെ ശേഷമാണല്ലോ വിത്ർ നിസ്‌കരിക്കാറുള്ളത്. ഇതിലേക്കു സൂചന നൽകി തറാവീഹിന്റെ ഹദീസ് പറഞ്ഞതിന് ശേഷം വിത്‌റിന്റെ ഹദീസ് കൊണ്ടുവന്നു. കിതാബു തറാവീഹിൽ ആഇശ(റ)യുടെ ഹദീസ് കൊണ്ടുവന്നതിനാൽ ഈ ഹദീസ് കൊണ്ടുള്ള ഉദ്ദേശ്യം തറാവീഹാണെന്ന് ബുഖാരിയുടെ പ്രമാണികനായ ഏതെങ്കിലുമൊരു ശാരിഹ് പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ അതായിരുന്നു മുജാഹിദുകൾ ഉന്നയിക്കേണ്ടത്.
ചുരുക്കത്തിൽ, ആഇശ ബീവി(റ)യുടെ ഹദീസിൽ പരാമർശിച്ച പതിനൊന്ന് റക്അത്ത് നിസ്‌കാരം വിത്‌റാണെന്നു വ്യക്തം. റമളാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹ് ഇരുപത് റക്അത്താണെന്നതിൽ തർക്കത്തിന് അവസരമേയില്ല.

 

അബ്ദുൽ ഹകീം അഹ്‌സനി അൽഅർശദി തൊഴിയൂർ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ