ആന്തലൂസിയയിലും ഖുർത്വുബയിലും നഷ്ടപ്പെട്ട പ്രതാപം കർമശേഷിയുള്ള മലബാർ പണ്ഡിതരിലൂടെ ഇന്ത്യൻ മുസ്‌ലിംകൾക്ക് തിരിച്ച് പിടിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിന് ഉയിരുപകർന്നാണ് ഉലമാ കോൺഫറൻസിന് തൃശൂരിൽ തിരശ്ശീല വീണത്. ഏതു വെല്ലുവിളികൾക്കും മറുപടി നൽകാനും പ്രതിസന്ധികളെ മറികടക്കാനും പ്രാപ്തരാണ് കേരളീയ ഉലമയെന്ന് ഒരാവർത്തികൂടി സമ്മേളനം തെളിയിച്ചു. മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികക്ക് വെൺമയേകി അവർ ഒത്തുകൂടിയപ്പോൾ മുന്നേറ്റത്തിന്റെ പുതിയ ചക്രവാളമാണ് തുറന്നത്. അറിവും ആൾബലവും കർമ നൈരന്തര്യവും ഒത്തുചേരുമ്പോൾ ചരിത്രത്തിൽ പുതിയ അത്ഭുതങ്ങളുണ്ടാകുമെന്ന വസ്തുതയിലൂടെയാണ് ജ്ഞാനികളുടെ പുതിയ യാത്രകൾ.

ഉറങ്ങിക്കിടക്കുന്നവരെ തൊട്ടുണർത്താനും അശരണർക്ക് ആശ്രയമേകാനും പീഡിതർക്ക് തണലേകാനും പണ്ഡിതവ്യൂഹം സുസജ്ജമാണ്. ചോദിക്കാനും പറയാനും ആളുണ്ട് എന്ന ഉറപ്പാണ് കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സമൂഹത്തിന് ഉലമാ കോൺഫറൻസ് നൽകുന്ന വലിയ സന്ദേശം.

ജീവസ്സുറ്റ നാഗരികതകളുടെയും സാമ്രാജ്യങ്ങളുടെയുമെല്ലാം ഊർജം ജ്ഞാനം തന്നെയാണ്. ജ്ഞാനം വെളിച്ചമാണ്. ആ വെളിച്ചത്തിലൂടെയാണ് ജനപഥങ്ങൾ മുന്നേറ്റത്തിന്റെ വഴിയിലെത്തിയത്. പ്രവാചകരുടെ അനന്തരഗാമികളാണല്ലോ ജ്ഞാനികൾ. സമൂഹത്തിന്റെ ഉള്ളും പുറവും തിരിച്ചറിഞ്ഞ് വെള്ളവും വെളിച്ചവും നൽകേണ്ടവർ. ഈ സമുദായത്തിലെ പണ്ഡിതർ ഇസ്രയേല്യരിലെ പ്രവാചകരെപോലെയാണെന്ന തിരുവാക്യം ശ്രദ്ധേയമാണ്. ഏതു നിമിഷവും തിരിഞ്ഞാക്രമിക്കാൻ വരുന്ന സമുദായം, എത്രതന്നെ അനുഗ്രഹങ്ങൾ വാരിക്കോരി നൽകിയിട്ടും നന്ദികാണിക്കാത്തവർ, അക്രമകാരികളായ ഭരണകൂടം. ഊഷരതകളിലൂടെയായിരുന്നു യാത്രകൾ. എന്നിട്ടും ഒരു പൂർവ പ്രവാചകനും ദൗത്യം വിട്ട് പിന്തിരിഞ്ഞില്ല. അല്ലാഹു എന്ന ഒരൊറ്റ ലക്ഷ്യമേ അവർക്കുണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഉലമാക്കളെയും ഈ ചിന്തയാണ് വഴി നടത്തുന്നത്.

കേരളീയ മുസ്‌ലിം സമൂഹത്തിന് മുന്നേറ്റത്തിന്റെ ദിശനിർണയിക്കുന്നതിൽ ഉലമയുടെ സാന്നിധ്യം അനിഷേധ്യം. മുസ്‌ലിം സമുദായത്തിനെതിരെ വന്ന എല്ലാ തിരുത്തൽ വാദികളെയും തടഞ്ഞു നിറുത്താൻ ഉലമാഇന് കഴിഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഛിദ്ര ശക്തികളുടെ പ്രലോഭനങ്ങൾക്ക് വശംവദരായി ഉലമാഇന്റെ മുന്നേറ്റത്തിനു തടയിടാൻ ചിലർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പ്രലോഭനങ്ങൾക്ക് ഒതുങ്ങിക്കൊടുക്കാതെയും ആദർശം പണയപ്പെടുത്തില്ലെന്നുറപ്പിച്ചും പൂർവികർ കാത്ത പുണ്യ പ്രസ്ഥാനമാണ് സമസ്ത. ഇല്ലായ്മയിൽ നിന്ന് ആൾബലവും ആർജവവും നേടിയെടുത്ത ഈ പ്രസ്ഥാനം ഒരു വെയിൽ ചൂടിൽ വാടില്ലെന്ന് തെളിയിച്ചു. ഇബ്‌നു ഖൽദൂൻ മുഖദ്ദിമയിൽ പറയുന്നതുപോലെ ഇല്ലായ്മയിൽ നിന്നും വളർന്ന നാഗരികതകളാണ് ആഗോള സമൂഹത്തിന് ചലനാത്മക സംഭാവനകൾ നൽകിയിട്ടുള്ളത്. ജീവിതത്തിന്റെ തീക്ഷ്ണതകൾ അനുഭവിച്ച ജനപഥങ്ങളാണ് മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ളതും. സുഖലോലുപതകളിൽ അഭിരമിക്കുന്ന നാഗരിക സമൂഹത്തിൽ ക്രിയാത്മകത മുരടിച്ചു പോകുമെന്നാണ് ഖൽദൂൻ പക്ഷം.

ചരിത്രം മുന്നേറ്റത്തിനുള്ള ഊർജമാണ്. ഉത്ഥാന പതനങ്ങൾ പാഠങ്ങളാണ്. മുന്നോട്ടുള്ള വഴിയിൽ ചരിത്രത്തിന്റെ പിന്തുണ അത്യന്താപേക്ഷിതം. പിന്നിൽ ഗതകാല സ്മരണകളുടെ നാൾ വഴികളില്ലാതിരിക്കുമ്പോഴും കണ്ണിമുറിയാത്ത ആദർശം കൂടെയില്ലാതിരിക്കുമ്പോഴും പുതുവഴികളിൽ ദിശയറിയാതെ ഗതിമാറി ഒഴുകും. പുത്തൻ പരിഷ്‌കാരങ്ങളുമായി കപട നവോത്ഥാന വക്താക്കൾവന്നപ്പോൾ മഖ്ദൂമുമാരും മമ്പുറം തങ്ങളും ഉമർഖാളിയും നവോത്ഥാന നായകരല്ലാതായി.  ഈയൊരു ശൂന്യത തന്നെയാണ് നവോത്ഥാന ചരിത്രത്തെ മാറ്റി എഴുതാനും വഴിതിരിച്ച് വിടാനും വിഘടന പ്രസ്ഥാനങ്ങളെ എക്കാലത്തും പ്രേരിപ്പിച്ചിട്ടുള്ളത്. ചരിത്രത്തെ തങ്ങളുടെയൊപ്പം നിറുത്താനുള്ള വ്യഗ്രതയിൽ, പതിനാലു നൂറ്റാണ്ടിൽ പതിമൂന്നും പിഴച്ചുപോയി എന്ന് മുദ്രകുത്തുമ്പോൾ പൈതൃകവും പാരമ്പര്യവും എവിടെ നിൽക്കുന്നു?. പണ്ടുമുതലേ, മലബാർ മുസ്‌ലിംകൾ അക്ഷരാഭ്യാസമില്ലാത്തവരാണെന്നോ അപരിഷ്‌കൃതരാണെന്നോ ഒരാളും എഴുതിവെച്ചിട്ടില്ല. ഒരോ കാലത്തും ആവശ്യമായ ജാഗരണങ്ങളും ഉത്ഥാന പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. സന്ദർഭാനുസൃതം പരിവർത്തനങ്ങൾ വരുത്താൻ മുന്നോട്ട് വന്നവരായിരുന്നു അതാതുകാലത്തെ സ്വൂഫികളും സയ്യിദുമാരും ഖാളിമാരും. കേരളത്തിൽ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ സമുദായം മുസ്‌ലിംകളാണ്. വൈദേശിക ശക്തികളെ പ്രതിരോധിക്കുന്നതിലും പള്ളിദർസുകളും ഓത്തുപള്ളികളും സ്ഥാപിക്കുന്നതിലും ഒരു വീഴ്ചയും വന്നിട്ടില്ല. ഭീകരവാദങ്ങളും വർഗീയതകളും വിധ്വംസകപ്രവർത്തനങ്ങളും മുസ്‌ലിം കേരള ചരിത്രത്തിലുണ്ടായിരുന്നില്ല. എന്നിട്ടും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പ്രത്യക്ഷപ്പെട്ട ചിലരുടെമേൽ നവോത്ഥാന ഫലകം വെക്കാനുള്ള ശ്രമങ്ങളുണ്ടായി. ഈ അപനിർമിതി പാഠപുസ്തകങ്ങളിൽ പോലും തുന്നിച്ചേർക്കപ്പെട്ടു.

തൃശൂർ വീണ്ടും ചരിത്രത്തിൽ ഇടം പിടിക്കുകയാണ്. തിരുനബിയെ കാണാൻ അറേബ്യയിലേക്ക് കപ്പൽ കയറിയ പെരുമാളിന്റെ ഭൂമികയിൽ നിന്ന് ഇസ്‌ലാമിക ചരിത്രത്തിലേക്ക് ഒരധ്യായം കൂടി.  ഏറ്റവും കൂടുതൽ സുന്നി പണ്ഡിതർ പങ്കെടുക്കുന്ന ശ്രേഷ്ഠമായ ഉലമാ കോൺഫറൻസ്! പെരുമാളിന്റെ മഹോദയപുരം(കൊടുങ്ങല്ലൂർ) വിശുദ്ധ ഇസ്‌ലാമിന്റെ വെട്ടം സ്വീകരിക്കാൻ കാണിച്ച ആവേശം ചരിത്രത്തെ പുളകം കൊള്ളിക്കുന്നതാണ്. മാലിക് ദീനാർ സംഘത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച മതമൈത്രിയുടെ മായാ മുദ്രകൾ പതിഞ്ഞമണ്ണ് ഇന്ത്യൻ മുസ്‌ലിംകൾക്ക് വിസ്മരിക്കാൻ കഴിയില്ല. പതിനാലു നൂറ്റാണ്ടുകൾക്കിപ്പുറം അതേമണ്ണിൽ ചേരമാൻ പെരുമാളിന്റെ ആദർശ പിൻമുറക്കാർ ഒത്തുകൂടുകയായിരുന്നു.

മാർച്ച് 3 വെള്ളി സന്ധ്യാസമയം. തൃശൂർ പുഴക്കൽ പാടം മൈതാനി. കേരളത്തിന്റെ അേങ്ങതല മുതൽ ഇങ്ങേതല വരെയുള്ള മുസ്‌ലിം ജനതക്ക് ദിശാബോധം നൽകിക്കൊണ്ടിരിക്കുന്ന അഭിവന്ദ്യ പണ്ഡിതരെ വരവേൽക്കാൻ താജുൽ ഉലമ നഗർ ഒരുങ്ങി നിൽക്കുകയായിരുന്നു. പതിനയ്യായിരം പണ്ഡിതർക്ക് ഒന്നിച്ചിരിക്കാൻ കഴിയുന്ന വിശാലമായ വേദി. തൊട്ടടുത്തായി അത്രതന്നെ പേർക്ക് നിസ്‌കരിക്കാനും വിശ്രമിക്കാനും വിശാലമായ ഹാൾ.

പ്രൗഢമായ വേദിയിൽ ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ജർമൻ ടെക്‌നോളജിയിൽ വികസിപ്പിച്ച പന്തൽ. വെണ്മനിറഞ്ഞ പണ്ഡിതരെ വരവേൽക്കാൻ അതിമനോഹരമായി വേദി സജ്ജീകരിച്ചിരിക്കുന്നു. അതിഥികളുടെ മഹത്ത്വവും സ്ഥാനവും അറിയിക്കുന്ന ഗ്രന്ഥമാതൃകയിൽ പണിത ചേതോഹാരിയായ കവാടം. വുളുവെടുക്കാൻ വിശാലമായ ഹൗളുകൾ, കുളിപ്പുരകൾ, ടോയ്‌ലെറ്റുകൾ. കച്ചവട താൽപര്യങ്ങളെ ഒരൊറ്റ പന്തലിന് കീഴെ ഒതുക്കിനിർത്തുന്ന കൊമേഴ്ഷ്യൽ സോൺ. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിംഗ് ഏരിയകൾ നഗരിയോട് ചേർന്ന് തന്നെ സജ്ജീകരിച്ചിരിക്കുന്നു. വേദിയുടെ  ഇരുവശങ്ങളിൽ  കുടിവെള്ളത്തിനായി ഒരുക്കിയ സംവിധാനങ്ങൾ. എല്ലായിടത്തും സൗകര്യങ്ങൾ ഏർപ്പെടുത്താൻ കർമോത്സുകരായി നിൽക്കുന്ന നൂറുകണക്കിന് വളണ്ടിയർമാർ. അതിഥികൾക്ക് ഒരു കുറവും വരാതിരിക്കാൻ ആതിഥേയരുടെ കർമ കുശലതയും ചിട്ടയും എടുത്ത് കാണിക്കും വിധം പഴുതടച്ച സജ്ജീകരണങ്ങൾ. എല്ലാം വേറിട്ട കാഴ്ചകൾ.

2016 ഡിസംബർ 25-ന് കോഴിക്കോട് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലാണ് ഉലമാ സമ്മേളനത്തിന്റെ തീരുമാനം വരുന്നത്. പിന്നീടാണ് തൃശൂർ ജില്ല ആ മഹാസംഗമത്തിന് ആതിഥേയത്വമരുളുമെന്ന പ്രഖ്യാപനമുണ്ടായത്. കേവലം രണ്ട് മാസത്തിൽകുറഞ്ഞ നാളുകളിൽ സാംസ്‌കാരിക ഭൂമികയിൽ പ്രൗഢമായൊരു വേദിയൊരുക്കാൻ  ആതിഥേയർക്ക് കഴിഞ്ഞു.

സമ്മേളനം പ്രഖ്യാപിക്കപ്പെട്ടത് മുതൽ തന്നെ കേരളമൊട്ടുക്കും ഉലമാകോൺഫറൻസിന്റെ വിളിയാളമായി. തൃശൂർ എല്ലാനിലക്കും അണിഞ്ഞൊരുങ്ങുകയായിരുന്നു. അതിഥികൾക്ക് വിരുന്നൊരുക്കാനുളള തയ്യാറെടുപ്പുകൾ ചടുലതയോടെ ജില്ലയുടെ ഓരോ മുക്കുമൂലയിലും നടന്നുവന്നു. സമ്മേളനത്തെക്കുറിച്ചറിയാത്ത ഒരു വീടുപോലും ജില്ലയിൽ ഉണ്ടാകാത്തവിധം ഖാഫില കൂട്ടങ്ങളുടെ പ്രയാണം. എല്ലാവരും ഒരുങ്ങി. നവോത്ഥാന യാത്രകളും സാംസ്‌കാരിക വേദികളും ജില്ലയുടെ പല ഭാഗത്തും സജീവമായി.

കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ജനറൽ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് സമാരംഭം കുറിച്ചത്. തുടർന്നുള്ള ദിനങ്ങൾ ചരിത്രത്തിന്റെ ഭാഗം. ഓരോ നിമിഷവും നിർവൃതിയുടെ മുഹൂർത്തങ്ങൾ. 4.30 ഓടെ സാംസ്‌കാരിക സമ്മേളനത്തിന് തുടക്കമായി. 6 മണിക്ക് ബുക്ക് ഫെയർ ഉദ്ഘാടനം. എല്ലാം നിശ്ചയിച്ച ക്രമത്തിൽ തന്നെ നീങ്ങുകയാണ്.  ശാന്തമായ അന്തരീക്ഷം. രാത്രി നവോത്ഥാന സമ്മേളനത്തോടെ വേദി സുസജ്ജമാകുന്നു. നിറഞ്ഞ സദസ്സ്. ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രൗഢമായ വാക്കുകൾ. ഉലമാക്കളും ഉമറാക്കളും അടങ്ങുന്ന ആയിരങ്ങൾ സദസ്സിൽ. സമ്മേളനത്തിന്റെ അവസാനം മഹ്‌ളറത്തുൽ ബദ്‌രിയ്യാ ആത്മീയ മജ്‌ലിസിന്റെ

ധന്യമായ നിമിഷങ്ങൾ.  ആദ്യ ദിനം അവസാനിക്കുമ്പോൾ ഏകദേശം പതിനൊന്ന് മണി. സമ്മേളനമിപ്പോൾ ഔപചാരികതയുടെ ആദ്യഭാഗം ഭംഗിയായി പൂർത്തീകരിച്ചിരിക്കുന്നു.

ശനിയാഴ്ച്ച 10 മണിയോടെയാണ് പണ്ഡിത ക്യാമ്പിന് തുടക്കമാവുന്നത്. നീലഗിരിയടക്കം 15 ജില്ലകളിലെ നൂറു കണക്കിന് സോണുകളിൽ നിന്നും തിരഞ്ഞെടുത്ത പതിനയ്യായിരം പണ്ഡിതർക്കാണ് ക്യാമ്പ.് സമ്മേളനത്തിന്റെ രണ്ട് ദിവസങ്ങൾക്ക് മുമ്പേ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നു. നഗരിയോട് ചേർന്ന്, രജിസ്റ്റർ ചെയ്ത പണ്ഡിതർക്ക് ബാഡ്ജും ഫയലും കൈപറ്റാനുള്ള പ്രത്യേക കൗണ്ടറുകൾ. നേരത്തെ ലഭിച്ച രജിസ്റ്ററേഷൻ നമ്പറുകൾ കൗണ്ടറിൽ കാണിച്ച് സ്ഥിരപ്പെടുത്തി ഫയലുകൾ കൈപററി പ്രധാന നഗരിയിലെ  നിശ്ചിത സ്ഥലത്ത് സീറ്റ് ഉറപ്പ് വരുത്താം.

പത്തുമണിയോടെ  പണ്ഡിതന്മാർക്ക് നിശ്ചയിക്കപ്പെട്ട സദസ്സ് നിറഞ്ഞുകവിഞ്ഞു. കണക്കിലുമപ്പുറം പണ്ഡിതർ സദസ്സ് വീക്ഷിക്കാനെത്തിയിരിക്കുന്നു. ക്യാമ്പ് അംഗങ്ങൾക്ക് നിസ്‌കരിക്കാനൊരുക്കിയ ഹാളിൽ പോലും മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത പണ്ഡിതർ. എല്ലാവരും ഒരേ വേഷത്തിൽ. പണ്ഡിതനല്ലാത്ത ഒരാളെപോലും കാണാത്ത വിധം സദസ്സ് വെൺമയിൽ നിറഞ്ഞു.

കെ. എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർത്ഥന നിർവഹിച്ച് ഉദ്ഘാടന സെഷന് തുടക്കമായി. റഈസുൽ ഉലമാ ഇ.സുലൈമാൻ ഉസ്താദിന്റെ  അധ്യക്ഷതയിൽ  ലോക പ്രശസ്ത പണ്ഡിതൻ ഡോ.അഹ്മദ് അൽ കുബൈസി ഉദ്ഘാടനം ചെയ്തു. സദസ്സിന്റെ അനിർവചനീയ ചിട്ടയെ അദ്ദേഹം എടുത്തുപറഞ്ഞു. കേരള പണ്ഡിതർ ലോക ജനതക്ക് മാതൃകയാണെന്ന് കൂടി അദ്ദേഹം തുറന്ന് പറഞ്ഞു. ശൈഖുനാ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സദസ്സിന് സന്ദേശം നൽകി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ അണിനിരന്ന ഗാംഭീര്യത വിളിച്ചറിയിക്കുന്ന വേദി. രണ്ടു ദിവസത്തെ ക്യാമ്പ് നിയന്ത്രണത്തിന് കേരളാ മുസ്‌ലിം ജമാഅത്തിന്റെ കാര്യദർശി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരിയെ അമീറായി തിരഞ്ഞെടുത്തു. അമീർ ക്യാമ്പ് അംഗങ്ങൾക്ക് രണ്ട് ദിവസത്തെ നടപടിക്രമങ്ങൾ വിശദീകരിച്ചു കൊടുത്തു.

പതിനയ്യായിരത്തിൽ പരം പണ്ഡിതർ നിരന്നിരിക്കുന്ന വിശാലമായ വേദി. തൊട്ടടുത്ത് അതുപോലെ നിറഞ്ഞ കവിഞ്ഞ നിസ്‌കാരഹാൾ. സദസ്സ് അലങ്കോലപ്പെടുന്ന ശബ്ദങ്ങളോ ചലനങ്ങളോ ഇല്ല. റോഡിലും പരിസരങ്ങളിലും അലക്ഷ്യമായി ആരും തന്നെയില്ല. എല്ലാം ക്രമാനുസരണം മുന്നോട്ട് പോകുന്നു. പതിനൊന്നു മണിയോടെ മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരമെന്ന സമ്മേളന പ്രമേയത്തെ ആസ്പദിച്ചുള്ള ഗഹനമായ ചർച്ച. മുസ്‌ലിം നവോത്ഥാനം ചരിത്രവും

വർത്തമാനവും എന്ന ശീർഷകത്തിൽ റഹ്മത്തുല്ലാഹ് സഖാഫി എളമരം വിഷയാവതരണം നടത്തി. നവോത്ഥാന ശിൽപ്പികൾ അഹ്‌ലുസ്സുന്നയുടെ തേരാളികളായിരുന്നുവെന്നതിന് ഖണ്ഡിതമായ ചരിത്ര രേഖകൾ സഹിതമുള്ള വിശദീകരണം. കപട നവോത്ഥാനത്തിന്റെ അപചയങ്ങൾ അലവി സഖാഫി കൊളത്തൂർ പ്രമാണങ്ങളുടെ നേർസാക്ഷ്യത്തോടെ അനാവരണം ചെയ്തു. കേരള മുസ്‌ലിം നവോത്ഥാനചരിത്രത്തെ നജ്ദിയൻ ചിന്താധാരയിലേക്കും ഈജിപ്ഷ്യൻ മതപരിഷ്‌കരണ വാദത്തിലേക്കും തള്ളിവിടാനു

ള്ള ശ്രമങ്ങൾക്കെതിരെ താക്കീത് നൽകി കേരള നവോത്ഥാന ചരിത്രം പുനപരിശോധിക്കണമെന്നും പലായനങ്ങളിലേക്കും തീവ്രവാദങ്ങളിലേക്കും നയിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകൾക്കെതിരെ മുസ്‌ലിംകളും പൊതു സമൂഹവും കരുതിയിരിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. ഒരു മണിയോടെ ചർച്ച പൂർത്തീകരിച്ചു.

ഇടവേളക്കു ശേഷം സദസ്സ് വീണ്ടും സജീവമായി. അഖീദത്തു അഹ്‌ലിസ്സുന്നയാണ്  അടുത്ത ചർച്ച. തൗഹീദ്, ശിർക്ക് എന്ന വിഷയത്തിൽ കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാരുടെ ഹൃദ്യമായ അവതരണം. മതനിരാസവും യുക്തി വാദവും എന്ന വിഷയവുമായി എം പി മുസ്തഫൽ ഫൈസി ചർച്ചയിൽ ഇടപെട്ടു. യുക്തി ചിന്തയുടെ നിരർത്ഥകതയെ അദ്ദേഹം ബോധ്യപ്പെടുത്തി. ജ്ഞാനികൾക്ക് ഇസ്‌ലാമിനെ തകർക്കാൻ പഴുതില്ലെന്ന് അടിവരയിടുന്ന വാക്കുകൾ. അർരിസാലത്തു വന്നുബുവ്വ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ അവതരിപ്പിച്ചു. ശിഥിലമായ സംസ്‌കാരങ്ങളെ പുനരുദ്ധാരണം നടത്താൻ കാലങ്ങളിൽ അല്ലാഹു നബിമാരെ നിയോഗിച്ചിട്ടുണ്ട്. പ്രവാചക ശൃംഖലക്ക് പരിസമാപ്തിയായാണ് തിരുനബി(സ്വ) നിയോഗിതനായത്. ഇനിയൊരു നബി വരാനില്ലെന്ന ഖണ്ഡിതമായ തെളിവുകൾ ഉണ്ടായിട്ടും വ്യാജ വാദങ്ങളും നിരർത്ഥക ആശയങ്ങളുമായി കടന്നുവന്ന മീർസാ ഗുലാം അഹ്മദ് ഖാദിയാനിക്ക് മുസ്‌ലിം ലോകത്ത് ഒരു പുൽകൊടിയുടെ വിലപോലുമില്ലെന്ന് വിശദീകരണം നൽകി.

പ്രോഗ്രാം കമ്മിറ്റിയുടെ നേരത്തെയുള്ള തീരുമാന പ്രകാരം എഴുതി തയ്യാറാക്കിയ പ്രബന്ധങ്ങളെ ആസ്പദിച്ചുള്ള വിഷയാവതരണങ്ങളായിരുന്നു എല്ലാം.

ശേഷം ജാമിഅത്തുൽ ഹിന്ദിനു കീഴിലെ രണ്ടാം കോൺവെക്കേഷൻ പ്രോഗ്രാമായിരുന്നു. പ്രബോധന വീഥിയിലേക്ക് മത-ഭൗതിക സമന്വയ വിജ്ഞാനമാർജ്ജിച്ച 91 യുവ പണ്ഡിതരെ ജാമിഅത്തുൽ ഹിന്ദ് രണ്ടാം ബിരുദ ദാന ചടങ്ങിൽ സമർപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അഞ്ചു വർഷ ദഅ്‌വ കോഴ്‌സിനൊപ്പം വിവിധ വിഷയങ്ങളിൽ ഭൗതിക ബിരുദ പഠനവും പൂർത്തിയാക്കിയ 91 ഹാദി പണ്ഡിതരെയാണ് തൃശൂർ താജുൽ ഉലമ നഗർ ലോകത്തിന് സമർപ്പിച്ചത്. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 90 ദഅ്‌വ കോളേജുകൾ അഫിലിയേറ്റ് ചെയ്ത ജാമിഅത്തുൽ ഹിന്ദ് സംവിധാനത്തിന് കീഴിൽ നിലവിൽ രണ്ടു വർഷ ദഅ്‌വ കോഴ്‌സും മറ്റു സർട്ടിഫിക്കറ്റ് കോഴ്‌സുകളും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മലപ്പുറം കോട്ടക്കലിൽ നടന്ന ആദ്യ ബിരുദ ദാന സമ്മേളനത്തിൽ പുറത്തിറങ്ങിയത് 104 യുവ പണ്ഡിതരായിരുന്നു.

നിലവിൽ ജാമിഅത്തുൽ ഹിന്ദിന്റെ ചാൻസലർ സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദും വൈസ് ചാൻസലർ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദുമാണ്.ജാമിഅത്തുൽ ഹിന്ദ് ഇന്ത്യൻ വൈജ്ഞാനിക ചരിത്രത്തിലെ ഒരു നാഴികക്കല്ലാവുകയാണ്. ഇന്ത്യയിൽ ആകെ വ്യാപിച്ചു കിടക്കുന്ന ദഅ്‌വ കോളേജ് സംവിധാനങ്ങളെ ഏകീകരിക്കുന്ന സർവകലാശാല. ഇന്ത്യയിലെ മറ്റൊരു എജുക്കേഷണൽ സൊസൈറ്റിക്കും ചെയ്യാൻ കഴിയാത്ത വലിയ മുന്നേറ്റം ജാമിഅത്തുൽ ഹിന്ദിന് നടത്താനാവും.

അറിവിന്റെ ലോകത്ത് ഇസ്‌ലാം നൽകിയ സംഭാവനകൾ മാതൃകാപരമാണ്. ലോകത്തെ ആദ്യ യൂണിവേഴ്‌സിറ്റി നിലവിൽ വന്നത് മൊറോക്കൊയുടെ ധൈഷണിക നഗരമായ ‘ഫാസി’ലാണ്. അബ്ബാസിയ്യ ഭരണ കാലത്ത് രൂപപ്പെട്ട ഖർവിയ്യീൻ യൂണിവേഴ്‌സിറ്റിയാണിത്. എ. ഡി 859-ൽ സ്ഥാപിക്കപ്പെട്ട ഈ യൂണിവേഴ്‌സിറ്റി പ്രകൃതി ശാസ്ത്രങ്ങളിലാണ് ശ്രദ്ധ ചെലുത്തിയത്. അൽ അസ്ഹറാണ് രണ്ടാമതായി നിലവിൽ വന്നത്. 970-72 കാലഘട്ടങ്ങളിലാണിത്. 1065-ൽ നിളാമുൽ മുൽക്ക് ബഗ്ദാദ് നഗരത്തിൽ നിർമിച്ച നിളാമിയ്യ യൂണിവേഴ്‌സിറ്റിയാണ് പിന്നീട് രൂപപ്പെട്ടത്. യൂറോപ്പിൽ ആദ്യമായി യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെട്ടത്  1088-ൽ ഇറ്റലിയുടെ ബോൽഗാന നഗരത്തിലാണ്. ലണ്ടനിലെ പ്രശസ്തമായ ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റി 1096-ലാണ് പിറവിയെടുത്തത്. മുസ്‌ലിം പണ്ഡിതർ യൂണിവേഴ്‌സിറ്റികൾ സ്ഥാപിച്ച് രണ്ടു നൂറ്റാണ്ടു പിന്നിട്ടപ്പോഴാണ് യൂറോപ്യർ അത്തരമൊരു സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങുന്നത്. ‘ജാമിഅ'(യൂണിവേഴ്‌സിറ്റി) എന്ന പദം പോലും മുസ്‌ലിംകളുടെ സംഭാവനയാണ്.

ശൈഖുനാ കാന്തപുരം ഉസ്താദിന്റെ സനദ് ദാന പ്രഭാഷണത്തോടെ കോൺവെക്കേഷൻ പ്രോഗ്രാം പൂർത്തീകരിച്ചു. മഗ്‌രിബ് വാങ്കിന് ഏതാനും നിമിഷങ്ങൾ ബാക്കി നിൽക്കെ  സയ്യിദ് ത്വാഹാ തങ്ങളുടെ നേതൃത്വത്തിൽ വിർദുല്ലത്വീഫ് മജ്‌ലിസ്. ആത്മിക നിർഭരമായ വേദിയിൽ ഒരു രാവു കൂടി അസ്തമിച്ചു.

രാത്രി 7 മണി. ‘അദ്ദഅ്‌വത്ത്’ സെഷന് വേണ്ടി വേദി ഒരുങ്ങി. പകലിലേറെ ശുഭ്രമായ സദസ്സ്. സയ്യിദ് ളിയാഉൽ മുസ്തഫ അധ്യക്ഷനായ വേദിയിൽ കെ. കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ഗഹനമായ ആമുഖം. ഉലമാ സമ്മേളനത്തിന്റെ അതിഥിയായി വന്ന വിദേശ പണ്ഡിതൻ ഡോ. ആദിൽ ഫലാഹ് ഇസ്‌ലാമിക സംസ്‌കാരത്തെകുറിച്ച് വേദിയിൽ സന്ദേശ പ്രഭാഷണം നടത്തി. ഗഹനമായ മൂന്ന് ഭാഗങ്ങളാണ് ചർച്ച ചെയ്യാൻ പോകുന്നത്. ദാഇയുടെ വ്യക്തിത്വം എന്ന വിഷയം സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി തങ്ങൾ അവതരിപ്പിച്ചു. പരിശുദ്ധ റസൂലിന്റെ ജീവിത മാർഗ രേഖയാണ് ദാഇയുടെ റോൾ മോഡൽ. അതിൽ എല്ലാമുണ്ട്. കുടുംബം, ഭരണം, സംഘട്ടനം, പ്രതിരോധം, ത്യാഗം, പ്രഭാഷണം, എഴുത്ത് മുതലായവയെല്ലാം. ഇവയിൽ നിന്നാണ് പണ്ഡിതർ സന്ദേശമുൾകൊള്ളേണ്ടത്. ശേഷം ‘ദഅ്‌വത്തിന്റെ ലോകം’  സി മുഹമ്മദ് ഫൈസിയാണ് അവതരിപ്പിച്ചത്. കേരള ഉലമാക്കളെ ലോകത്തിന്റെ പല ഭാഗത്തും പ്രതീക്ഷിക്കുന്നുണ്ട്. യൂറോപ്പാണ് ഏറ്റവും കൂടുതൽ ദാഇകളെ ആവശ്യപ്പെടുന്നത്. കിഴക്കിനെ അപേക്ഷിച്ച് പടിഞ്ഞാറിൽ ഇസ്‌ലാം പടർന്ന് പന്തലിക്കുന്നു. അനുദിനം നൂറു കണക്കിനാളുകൾ വിശുദ്ധ സന്ദേശം ഉൾകൊണ്ട് ഇസ്‌ലാമിലേക്ക് കടന്നു വരുന്നുണ്ട്. അവർക്ക് മാർഗദർശനം നൽകാൻ ബഹു ഭാഷാ പണ്ഡിതരായ ദാഇകൾ അനിവാര്യമാണെന്ന് വിഷയത്തിന്റെ പ്രാധാന്യമൂന്നിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ‘ദഅ്‌വത്തിന്റെ ആവിഷ്‌കാര’മാണ് അടുത്ത ചർച്ച. സുലൈമാൻ സഖാഫി മാളിയേക്കൽ ഗഹനമായ വാക്കുകളിൽ പുതുകാലത്തെ ഇസ്‌ലാം പ്രചാരണം എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചു. ജൂതർ ജറുസലം കീഴടക്കി ഇസ്‌റായേൽ മണ്ണിൽ ‘മാത്ത മുഹമ്മദ് മാത്ത് മാത്ത്, മുഹമ്മദുൻ ഖല്ലഫൽ ബനാത്ത്’ (മുഹമ്മദ് മരിച്ചിരിക്കുന്നു. മുഹമ്മദ് പെൺമക്കളെയാണ് പ്രതിനിധികളാക്കിയത്) എന്ന മുദ്രാവാക്യത്തിന് മുസ്‌ലിം ലോകത്തുനിന്നുള്ള മറുപടിയായിരുന്നു  ചർച്ചയുടെ കാതൽ. സഹതാപം മുത

ലെടുത്ത് സമുദായത്തെ വേട്ടയാടുന്ന കപട സന്ദേശങ്ങളെ പ്രതിരോധിക്കാൻ മുസ്‌ലിം ലോകം പര്യാപ്തമാണെന്ന് സംഘടനാ വളർച്ചയുടെ മികവിനെ മുൻനിർത്തി അദ്ദേഹം പറഞ്ഞു. ചർച്ചക്കൊടുവിൽ ‘മുഹമ്മദുൻ ലം യമുത്, മുഹമ്മദുൻ ഖല്ലഫുരിജാൽ’ (മുഹമ്മദ് മരിച്ചിട്ടില്ല, മുഹമ്മദ് നബി ഇവിടെ പുരുഷന്മാരെ പ്രതിനിധികളാക്കിയിരിക്കുന്നു) എന്ന മുദ്രാവാക്യത്തിൽ ചർച്ച പൂർത്തീകരിച്ചു. ഒരു മഴ പെയ്‌തൊഴിഞ്ഞ പ്രതീതി. ചിന്തയുടെ വിശാല ലോകത്ത് പുതിയ കനലുകൾ കത്തുംപോലെ. നവ ലോകത്ത് നാം ഒരുങ്ങിയാൽ ചെയ്തു തീർക്കാൻ കഴിയാത്തതായി ഒന്നുമില്ല. ക്രിസ്ത്യൻ മിഷണറിയും ആൾ ദൈവാലയങ്ങളും മനുഷ്യരെ കെണിയിലകപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ദാഇകൾ ഉണർന്നു പ്രവർത്തിക്കണം. അതിനേറ്റവും പ്രധാനം വ്യക്തി ജീവിത വിശുദ്ധീകരണം തന്നെയാണ്. എല്ലാം സഹിക്കാനും ക്ഷമിക്കാനുമുള്ള ഉറച്ച മനസ്സും. ഇസ്‌ലാമോഫോബിയയുടെ കാലത്തെ ദഅ്‌വത്തിന് കാരുണ്യപ്രവർത്തനങ്ങൾ ഊർജിമാക്കാനുള്ള സന്ദേശമായി സെഷൻ.

സമയം പത്ത് മണി. സദസ്സിൽ ഭക്ഷണവും വെള്ളവും വിതരണം ചെയ്യപ്പെടുന്നുണ്ട്. ഇനി ഹദ്ദാദ്, നിസ്‌കാരം, വിശ്രമം. ഖലീൽ തങ്ങൾ ക്യാമ്പംഗങ്ങൾക്ക് ചിട്ടവട്ടങ്ങൾ വിശദീകരിച്ചു കൊടുത്തു. സയ്യിദ് ളിയാഉൽ മുസ്ഥഫ മാട്ടൂൽ തങ്ങളുടെ നേതൃത്വത്തിൽ  ഹദ്ദാദ്. ഒടുവിൽ നഗരിയിൽ ഭക്ഷണം, വെള്ളം, മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയ നിസ്വാർത്ഥ ഹൃദയങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥന. തൃശൂർ ജില്ലയിലെ ഓരോ പ്രവർത്തകന്റെയും വിയർപ്പുതുള്ളികളുടെ ശേഖരമാണ് ഈ സംഗമം. ഒത്തുപിടിക്കുമ്പോൾ എന്തും നേടിയെടുക്കാമെന്നതിന്റെ നിദർശനം.

വിശ്രമഹാൾ മതിയാകുമായിരുന്നില്ല. വിശാലമായ ഒന്നാം വേദിയിലും വിശ്രമത്തിനുള്ള സജ്ജീകരണങ്ങൾ ചെയ്തു. യുവാക്കളും പ്രായം ചെന്നവരുമായ ആയിരക്കണക്കിന് പ്രവർത്തകർ രണ്ട് ദിവസത്തെ ത്യാഗത്തിന് തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. താൻ വിരിച്ച വിരിയിൽ അൽപം അധികമുള്ളത് മറ്റൊരു പ്രവർത്തകന് വേണ്ടി മാറ്റിവെച്ചു. കുടിക്കാനുള്ള വെള്ളം പരസ്പരം പങ്കുവെച്ചു. തലപ്പാവണിഞ്ഞ ഈ പണ്ഡിത സഹസ്രങ്ങളിൽ സ്വൂഫികളും  പരിത്യാഗികളും ഉണ്ടാകാം. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നൊരു മജ്‌ലിസ്.  ആത്മ നിർവൃതി കൊള്ളുന്ന ഒരു രാത്രി.

നേരത്തെ എണീറ്റ് പ്രാഥമിക കൃത്യങ്ങൾക്കുശേഷം അഞ്ച് മണിയോടെ പ്രതിനിധികൾ തഹജ്ജുദ് നിസ്‌കരിക്കുന്ന കാഴ്ച ആത്മ നിർഭരമായി. സുബ്ഹി നിസ്‌കാരശേഷം ക്യാമ്പ് അമീർ സദസ്സിന് നിർദേശങ്ങൾ നൽകി. അൽപനേരം, വേദനയനുഭവിക്കുന്നവർക്ക് സാന്ത്വനം നൽകികൊണ്ടുള്ള പ്രാർത്ഥനയും നടന്നു.

ഇനി പ്രാസ്ഥാനിക ചർച്ചയാണ്. 6.30 ഓടെ സദസ്സ് നിറഞ്ഞു. താജുൽ ഉലമയുടെ വഴി എന്നതാണ് വിഷയം. പേരോട് അബ്ദുറഹ്മാൻ സഖാഫിയാണ് വിഷയാവതരണം നടത്തുന്നത്. കടന്നു പോയ നാൾവഴികളിലൂടെ ഓർമ പുതുക്കികൊണ്ടുള്ള പ്രഭാഷണം. വെട്ടിപ്പിടിക്കാനോ കയ്യടക്കാനോ അല്ല. നേര് നേരായി പറയാനും തെറ്റിനെ തെറ്റായി ബോധ്യപ്പെടുത്താനും വേറിട്ടുനിൽക്കേണ്ടി വന്ന പശ്ചാത്തലങ്ങൾ. ആൾബലവും അധികാരങ്ങളുമില്ലാതെ ആദർശത്തിന് വേണ്ടി നിലകൊണ്ട പ്രാസ്ഥാനിക ബന്ധുക്കളുടെ ധീരോദാത്തമായ വഴികളിൽ മുന്നോട്ടുള്ള പ്രതീക്ഷകൾ. കഴിഞ്ഞ് പോയ ഏടുകൾ മുള്ളും കല്ലും നിറഞ്ഞതായിരുന്നു. നാം കടന്നുപോകുന്ന നല്ല നാളുകൾ പൂർവികരുടെ ദാനമാണ്. അവർ ഇല്ലായിരുന്നുവെങ്കിൽ? അവർ നിസ്സംഗത പാലിച്ചിരുന്നുവെങ്കിൽ?… ഇനിയും ചെയ്ത് തീർക്കാനുള്ള ദൗത്യങ്ങൾ ഒരുപാടുണ്ടെന്ന ഓർമപ്പെടുത്തൽ.

പോരായ്മകളിൽ നിന്ന് അഹ്‌ലുസ്സുന്നയെ സംസ്‌കരിച്ചെടുക്കാൻ അല്ലാഹു നിയോഗിച്ച രണ്ട് മഹായുഗ പുരുഷന്മാരാണ് താജുൽ ഉലമയും ഖമറുൽ ഉലമയും. തിരിച്ചറിവിന്റെ വഴിയിലേക്ക് ആളുകൾ അടുത്ത് കൊണ്ടിരിക്കുകയാണ്. ഇന്നലെകളുടെ ഓർമകളിൽ സദസ്സു പിരിഞ്ഞു. വീണ്ടും ഒരിടവേള കൂടി.

8.30 ഒാടെ ഫിഖ്ഹ് സെമിനാർ ആരംഭിച്ചു. ഗഹനമായ മൂന്ന് ചർച്ചകൾ.  കർമ ശാസ്ത്രത്തിന്റെ സമഗ്രത, മതേതര  ഇന്ത്യയിലെ മുസ്‌ലിം ജീവിതം, ബഹ്‌സ്: നവലോക ക്രമത്തിലെ സാധ്യതകൾ എന്നീ വിഷയങ്ങളിൽ കർമ ശാസ്ത്ര മേഖലയിൽ നിന്നുള്ള മൂന്ന് പ്രമുഖർ വിഷയങ്ങൾ അവതരിപ്പിക്കുന്നു. കോടമ്പുഴ ബാവ മുസ്‌ലിയാർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ യഥാക്രമം വിഷയമവതരിപ്പിച്ചു. ഫിഖ്ഹിന്റെ ആഴങ്ങളെ തുറന്ന് വെക്കാൻ കെൽപ്പുള്ള മൂന്ന് ധൈഷണികരുടെ അവതരണങ്ങൾ. സദസ്സ് സാകൂതം ശ്രദ്ധിച്ചിരുന്നു. ഗാഢമായ വിഷയങ്ങളിൽ പോലും കൃത്യമായ നേർരേഖകൾ വരച്ച് വെക്കുന്ന കർമ ശാസ്ത്ര ലോകത്തെ ഹൃദ്യമായി പരിചയപ്പെടുത്തുന്നതായി ബാവ മുസ്‌ലിയാരുടെ അവതരണം. മതേതര ഇന്ത്യയിൽ മുസ്‌ലിം ജീവിതം ദുസ്സഹമാക്കിത്തീർക്കുന്ന രീതിയിലുള്ള ചർച്ചകൾ  വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിനെ വക്രീകരിച്ച് കാണിക്കുകയും അവിശ്വാസികളുമായുള്ള മാനവിക ബന്ധങ്ങളെ വിമർശിക്കുകയും ചെയ്യുന്നവർക്കുള്ള താക്കീതായിരുന്നു ജലീൽ സഖാഫിയുടെ അവതരണം. എന്നാൽ ഇത്തരം ചർച്ചകൾ സർവമത സത്യവാദത്തിന് ഊർജ്ജം പകരുന്നില്ലെന്നും ഇസ്‌ലാമിക കർമ ശാസ്ത്രം കൃത്യമായി പഠിക്കാതെ  അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന അൽപ്പജ്ഞാനികൾ മതത്തെ വികൃതമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കർമ ശാസ്ത്ര രംഗത്തെ വിചിന്തന സാധ്യതകളെ കുറിച്ച് ഹുസൈൻ സഖാഫി ചുള്ളിക്കോട് സാമൂഹ്യ സാഹചര്യങ്ങൾ വെച്ച് സമർത്ഥിച്ചു. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ മോഡറേറ്ററായി.

ഉലമാ ആക്ടിവിസം വീണ്ടെടുപ്പ് സാധ്യമോ എന്ന സംവാദത്തിൽ കൊമ്പം കെ.പി മുഹമ്മദ് മുസ്‌ലിയാർ കീനോട്ട് അവതരിപ്പിച്ചു. ധൈഷണിക മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന ബഷീർ ഫൈസി വെണ്ണക്കോട്, ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ.അബ്ദുസ്സലാം എന്നിവരായിരുന്നു വിഷയമവതരിപ്പിച്ചത്. മുന്നേറ്റത്തിന്റെ വഴിയിൽ പ്രസ്ഥാന വളർച്ചയെ അവലോകനം ചെയ്യും വിധമുള്ളതായിരുന്നു ചർച്ചകൾ. ലോകത്തെ പ്രഗൽഭരിൽ മലബാർപണ്ഡിതരുടെ സാന്നിധ്യം കൂടുതൽ ഉറപ്പിക്കാൻ ഇനിയും നാം സഞ്ചരിക്കേണ്ടിരിക്കുന്നുവെന്നും ഉന്നത പഠന സംവിധാനങ്ങളിൽ മികവുറ്റ പണ്ഡിതരെ അവരോധിക്കാൻ വേണ്ട നടപടികൾ പുതിയ കാലത്ത് അനിവാര്യമാണെന്നും ബഷീർ ഫൈസി പറഞ്ഞു. ചർച്ചയിൽ നിന്നുരുത്തിരിഞ്ഞ ആശയങ്ങളിലേക്ക് പണ്ഡിതർ ഉൽബുദ്ധരായി.

2.30-ന് തസ്വവ്വുഫ് സെഷൻ. കാന്തപുരം ഉസ്താദിന്റെ പ്രഭാഷണം. വെയിലിന്റെ കഠിനതയിലും സദസ്സ് പ്രൗഢം. തലേന്നാൾ ഒരാശ്വാസമായി ചെയ്ത ചാറ്റൽ മഴ പൊടിപടലങ്ങളിൽ നിന്നു രക്ഷപ്പെടുത്താൻ പര്യാപ്തമായി. നാഥന്റെ വലിയ

അനുഗ്രഹം. കഴിഞ്ഞ ഒരു മാസക്കാലയളവിനിടക്ക് നഗരി സജ്ജീകരിക്കുന്നതിൽ അല്ലാഹു ചെയ്ത അനുഗ്രഹങ്ങൾ പറഞ്ഞു തീരാത്ത പ്രവർത്തകരുടെ ആഹ്ലാദം. സമാപന സമ്മേളനം ആരംഭിക്കാൻ പോകുന്നു. മുഖ്യമന്ത്രിവരേണ്ട സദസ്സിൽ പ്രോട്ടോകോൾ പ്രകാരം ചെയ്തു തീർക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ഉണർത്തൽ.

ആത്മജ്ഞാനത്തിന്റെ മാർഗമാണ് തസ്വവ്വുഫ്. സ്വൂഫികളും ആരിഫീങ്ങളും പരിലസിക്കുന്ന ജ്ഞാനലോകത്തേക്ക് സദസ്സിനെ അധ്യക്ഷനായ ശൈഖുനാ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ കൊണ്ടു പോയി. ശേഷം ഖമറുൽ ഉലമ വിഷയമവതരിപ്പിച്ചു. ഹികമും സിർറുൽ അസ്‌റാറുമടങ്ങുന്ന ആത്മ ജ്ഞാന ഗ്രന്ഥങ്ങളുടെ പിൻബലത്തിൽ സ്വൂഫിമാഗത്തിലേക്കുള്ള വാതായനങ്ങൾ തുറന്നു വെച്ചു. പുതിയ ലോകത്തു നിന്നു മാറി ആത്മജ്ഞാനത്തിന്റെ  നിർവൃതിയിൽ സായൂജ്യമടഞ്ഞ സ്വൂഫികളെ ഓർമിപ്പിച്ചുള്ള വാക്കുകൾ. ഈ സംതൃപ്തിയോടെയാണ് സദസ്സ് പിരിയുന്നത്. അടുത്തത് വിദാആണ്.

ഭാവിയിലേക്കു മുതൽകൂട്ടായി നിമിഷങ്ങൾ പോലെ കടന്നു പോയ രണ്ട് ദിനങ്ങൾ. പ്രയാസങ്ങൾ ആശ്വാസമായി തോന്നിയ സന്ദർഭങ്ങൾ. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത പ്രവർത്തകർ ആത്മഹർഷത്തിന്റെ നിറവിൽ.

എല്ലാം ഒരു നിയോഗം പോലെ. തൃശൂർ പുഴക്കൽ പാടം മൈതാനം നിറഞ്ഞു കവിഞ്ഞ സമാപന വേദി. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔപചാരിക ഉദ്ഘാടന പ്രസംഗം. പുതിയ നാൾവഴികളിലേക്ക് പ്രവർത്തകരെ കൈപിടിച്ച പരിഷ്‌കർത്താവായ  ശൈഖുനാ കാന്തപുരം ഉസ്താദിന്റെ സമാപന പ്രഭാഷണം. ഇനിയും ചെയ്തു തീർക്കാനുള്ള ദൗത്യ വഴികളിലേക്ക് വാതായനങ്ങൾ തുറന്ന് മനം നിറഞ്ഞ് ഉലമാ കോൺഫറൻസ് അരങ്ങൊഴിഞ്ഞു. അങ്ങനെ സമസ്തയുടെ ചരിത്രത്തിലേക്ക് ഐതിഹാസികമായൊരു പണ്ഡിത സംഗമം കൂടി തുന്നിച്ചേർക്കപ്പെട്ടു.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ