രണ്ട് പതിറ്റാണ്ട് നീണ്ട അധിനിവേശത്തിനൊടുവിൽ അഫ്ഗാനിൽ നിന്ന് അമേരിക്ക പിൻവാങ്ങിയിരിക്കുന്നു. നാണം കെട്ട പിൻമാറ്റമാണിത്. ഒന്നും നേടിയിട്ടില്ല. ധന നഷ്ടം, ആൾ നഷ്ടം എമ്പാടുമുണ്ട്. ഗ്രേവ്‌യാർഡ് ഓഫ് എംപയേർസ് എന്ന പേര് അഫ്ഗാൻ ഒരിക്കൽ കൂടി അന്വർത്ഥമാക്കിയിരിക്കുന്നു. ഒരു അധിനിവേശ ശക്തിക്കും പിടിച്ചു നിൽക്കാനാകാത്ത ഇടം. ബ്രിട്ടൻ വന്നു. മൂന്ന് ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾക്കൊടുവിൽ തകർന്നു. സോവിയറ്റ് യൂണിയനും അതിർത്തി വ്യാപന മോഹങ്ങളുമായി കടന്നുകയറി. അമേരിക്കൻ പിന്തുണയോടെ തദ്ദേശീയർ നടത്തിയ സായുധ ചെറുത്തുനിൽപ്പിൽ അവർക്കും കാലിടറി. ഒടുവിലിതാ യുഎസും അടിയറവ് പറഞ്ഞിരിക്കുന്നു.
എട്ട് രാജ്യങ്ങളാൽ ചുറ്റപ്പെട്ട ഒട്ടും തീരമില്ലാത്ത നാട്. പർവതങ്ങളും കുന്നുകളും നിറഞ്ഞ ഭൂമി. വിദൂരസ്ഥ ഗ്രാമങ്ങൾ. സായുധമായ നിരവധി ഗോത്ര വർഗ ഗ്രൂപ്പുകൾ. പുറത്ത് നിന്ന് വരുന്നവർക്ക് അങ്ങേയറ്റം ദുഷ്‌കരമായ ഒളിയിടങ്ങൾ. ഭൂപ്രകൃതിയും ജനതയുടെ സവിശേഷതയുമാണ് ഈ നാടിനെ കാത്തുപോരുന്നത്. ഏതെങ്കിലുമൊരു സംഘത്തിന് അവകാശപ്പെടാവുന്നതല്ല ഈ വിജയം. ഈ നാട് തന്നെ ഒരു കോട്ടയിയായി മാറിയെന്ന് പറയുന്നതാകും ശരി. മധ്യേഷ്യക്കും ദക്ഷിണേഷ്യക്കും മധ്യേ സ്ഥിതിചെയ്യുന്ന ഈ ഭൂവിഭാഗത്തിന്റെ കിടപ്പ് ഭൗമ രാഷ്ട്രീയത്തിലെ ഏത് ശക്തിയെയും കൊതിപ്പിക്കുന്നതാണ്. ഖൈബർ പാസ് പോലുള്ള അതിപ്രധാനമായ വ്യാപാര പാത മാത്രമല്ല, ഇവിടെ കാലൂന്നിനിന്ന് പടകൂട്ടാൻ എളുപ്പമാണെന്ന യാഥാർത്ഥ്യം കൂടി എല്ലാവരെയും ആകർഷിച്ചു. തദ്ദേശീയമായ ഒരു ഭരണ സംവിധാനം രൂപപ്പെട്ടപ്പോഴൊക്കെ അത് തകർക്കാൻ പുറത്തു നിന്നുള്ളവർ ശ്രമിച്ചു. ചരിത്രത്തിൽ അത് ഗ്രേറ്റ് ഗെയിം എന്ന് അറിയപ്പെട്ടു.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ വരച്ച ഡ്യൂറന്റ് ലൈൻ ഈ രാജ്യത്തിന്റെ അതിർത്തിയാകുന്നത് അങ്ങനെയാണ്. ഒരു ഭാഗത്ത് റഷ്യൻ സാമ്രാജ്യം. മറുവശത്ത് ബ്രിട്ടീഷ് സാമ്രാജ്യം. അതിനിടക്കുള്ള ഭൂവിഭാഗത്തിനായുള്ള കിടമത്സരം. അമാനുല്ല രാജാവ് 1919ൽ ബ്രിട്ടീഷുകാരെ തോൽപ്പിച്ച് സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും 1925ൽ ഭരണഘടനയുണ്ടാക്കുകയും ചെയ്തപ്പോൾ ആധുനിക അഫ്ഗാൻ രൂപപ്പെട്ടുവെന്ന് പറയാം. 1970കൾ ആകുമ്പോഴേക്കും ശീത യുദ്ധത്തിന്റെ ഇരയായി അഫ്ഗാൻ മാറിത്തുടങ്ങിയിരുന്നു. യുഎസിന്റെയും റഷ്യയുടെയും ഇടപെടൽ വന്നുകൊണ്ടിരുന്നു. 1978ൽ പിപ്പീൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് അഫ്ഗാനിസ്ഥാൻ എന്ന കമ്യൂണിസ്റ്റ് കക്ഷി അധികാരം പിടിച്ചത് ഒരു നിർണായക ഘട്ടമായിരുന്നു. അവർ ഭൂപരിഷ്‌കരണം അടക്കമുള്ള നയംമാറ്റങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഒപ്പം മതത്തോടുള്ള അവരുടെ കാഴ്ചപ്പാടും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. സ്വാഭാവികമായും ഈ പരിഷ്‌കാരങ്ങളെ ജനം സ്വീകരിച്ചില്ല. ആഭ്യന്തര യുദ്ധത്തിലേക്ക് രാജ്യം വീണു. ഈ ഘട്ടത്തിൽ അമേരിക്കൻ ചാര സംഘടനകൾ പാക്കിസ്ഥാന്റെ സഹായത്തോടെ പണി തുടങ്ങി. സോവിയറ്റ് യൂണിയനും കർട്ടന് പിന്നിൽ നിന്ന് ചാടിവീണു. 1979 ആകുമ്പോഴേക്കും അത് സോവിയറ്റ് അധിനിവേശമായി പരിണമിച്ചു.
അമേരിക്ക വെറുതെ ഇരുന്നില്ല. ഭിന്നിച്ചു നിൽക്കുന്ന അഫ്ഗാൻ സായുധ, ഗോത്ര ശക്തികളെ ഒരുമിച്ചുനിർത്തി ക്കൊണ്ട് മാത്രമേ സോവിയറ്റ് യൂണിയനെ തോൽപ്പിക്കാനാകൂ എന്ന് അമേരിക്ക തിരിച്ചറിഞ്ഞു. അധിനിവേശവിരുദ്ധ, ദേശീയ വികാരത്തിലേക്ക് മതം കോരിയൊഴിക്കാൻ അമേരിക്ക തീരുമാനിക്കുന്നത് അങ്ങനെയാണ്. ജിമ്മി കാർട്ടർ അഫ്ഗാൻ പ്ലാനിൽ ഒപ്പുവെച്ചു- ഓപറേഷൻ സൈക്ലോൺ. മുജാഹിദീനുകൾക്ക് ആയുധവും പണവും മാത്രമല്ല യുഎസ് നൽകിയത്, ആശയവും നൽകി. അഫ്ഗാൻ-പാക്കിസ്ഥാൻ അതിർത്തിയിലെ മദ്‌റസകളിൽ വഹാബി ആശയഗതികൾ അടങ്ങിയ ഗ്രന്ഥങ്ങൾ അടിച്ചു നൽകിയത് യുഎസായിരുന്നു. മതതത്ത്വങ്ങളെ വക്രീകരിക്കുകവഴി സാധ്യമാക്കിയ മസ്തിഷ്‌ക പ്രക്ഷാളനം നേരത്തേ ആ യുവാക്കളിൽ രൂഢമൂലമായ അധിനിവേശവിരുദ്ധതക്കും അമർഷത്തിനുമൊപ്പം ചേർന്നപ്പോൾ അവർ മരണഭയമില്ലാത്തവരായിത്തീർന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഇത്തരക്കാർ അഫ്ഗാനിലേക്ക് ഒഴുകി. ഉസാമാ ബിൻ ലാദൻ വന്നു. അൽ ഖാഇദയടക്കം നിരവധി ഗ്രൂപ്പുകൾ പിറന്നു. എല്ലാവരുടെയും കൈകളിൽ സാമ്രാജ്യത്വം നൽകിയ ആയുധം. 1989ൽ സോവിയറ്റ് യൂണിയൻ തോറ്റു മടങ്ങി. 1994ൽ താലിബാൻ വന്നു. 1996ൽ അധികാരം പിടിച്ചു. നജീബുല്ലയുടെ ഭൗതിക ശരീരം വിളക്കുകാലിൽ തൂങ്ങി നിന്നു.
താലിബാനെ വാഴിച്ചത് ആരായിരുന്നു? തീർച്ചയായും പ്രാദേശിക യാഥാർത്ഥ്യങ്ങളും സ്വാധീനവും അവർക്കുണ്ടായിരുന്നു. എന്നാൽ ആ വസ്തുതയെ കവച്ചുവെക്കുന്നതായിരുന്നു അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താൽപര്യം. യുഎസ് സൃഷ്ടിച്ചെടുത്ത ഏകീകൃത വികാരത്തിന്റെ ഭാഗമായാണ് താലിബാൻ പിറന്നതും വളർന്നതും. അവർ വിതറിയ ആയുധമാണ് ഉപയോഗിച്ചത്. അധികാരം സിദ്ധിച്ച താലിബാൻ നടപ്പാക്കാൻ ശ്രമിച്ചത് മതതത്ത്വങ്ങളുടെ സ്വന്തം വ്യാഖ്യാനങ്ങളായിരുന്നു. ശരീഅത്ത് നടപ്പാക്കുന്നുവെന്ന പേരിൽ അവർ മനുഷ്യരുടെ ജീവിതത്തിൽ അക്രമാസക്തമായി ഇടപെട്ടു. സ്വന്തം ജനതക്ക് മേൽ, പ്രത്യേകിച്ച് സ്ത്രീകൾക്ക് മേൽ ഭയം വിതച്ചു. സാംസ്‌കാരിക, പാരമ്പര്യ മത ശേഷിപ്പുകൾ തകർത്തെറിഞ്ഞു. ആയുധത്തിന്റെ ഭാഷയിൽ ഭരണം നടത്തി. വഹാബിസത്തിന്റെ യുക്തിയാണ് അവർ പയറ്റിയത്. ഇസ്‌ലാമിന് അന്യമായ നിഗ്രഹാത്മകത പുറത്തെടുത്ത താലിബാൻ സ്ഥാപിച്ച രാഷ്ട്രത്തിന് ഇസ്‌ലാമിക് എമിറേറ്റെന്ന് പേരിടുന്നതിൽ അർത്ഥമില്ലല്ലോ. സായുധ ശക്തിയായി വളർന്ന താലിബാനുമായി വിവിധ ഗ്രൂപ്പുകൾ സഖ്യം സ്ഥാപിച്ചതോടെ അവർ അഫ്ഗാനിലെ ചോദ്യം ചെയ്യാത്ത ശക്തിയായി. എല്ലാ ചോദ്യങ്ങളെയും അവർ അരിഞ്ഞു വീഴ്ത്തി. അവർക്കെതിരെ വന്ന നോർതേൺ അലയൻസിനെ തകർത്തു.
വേൾഡ് ട്രേഡ് സെന്റർ ആക്രമണം യുഎസിന്റെ നിലപാടുകളെയാകെ തകിടം മറിക്കുന്നതാണ് പിന്നീട് കണ്ടത്. ലോകത്തിന് മുന്നിൽ നാണം കെട്ട് നിന്ന ലോക പോലീസ് ഭീകര(വിരുദ്ധ)യുദ്ധം പ്രഖ്യാപിച്ചു. അതിന്റെ ആദ്യത്തെ ഉന്നം അഫ്ഗാനായി മാറി. തങ്ങൾ വളർത്തിയ താലിബാനെയും അൽ ഖാഇദയെയും ശത്രുവാക്കി പ്രഖ്യാപിച്ച് കൊണ്ട് അമേരിക്ക ഓപറേഷൻ എൻഡുറിംഗ് ഫ്രീഡം തുടങ്ങിയത്. അഫ്ഗാനിൽ ഒരു തീവ്രവാദി ഗ്രൂപ്പിനെയും വെച്ചു പൊറുപ്പിക്കില്ലെന്നായിരുന്നു ബുഷിന്റെ പ്രഖ്യാപനം. താലിബാനെ അധികാര ഭ്രഷ്ടരാക്കി പാവ സർക്കാറിനെ വാഴിച്ചുവെന്നല്ലാതെ ഒരടി മുന്നോട്ട് പോകാൻ യുഎസിന് സാധിച്ചില്ല. ഉസാമാ ബിൻ ലാദനെ കൊന്നുവെന്ന് പ്രഖ്യാപിച്ചതോടെ തന്നെ അവർ അഫ്ഗാൻ ഉപേക്ഷിച്ച് തുടങ്ങിയതാണ്.
പഷ്തൂൺ ജനവിഭാഗത്തിലാണ് താലിബാന് നല്ല സ്വാധീനമുണ്ടായിരുന്നത്. അധിനിവേശവും ആക്രമണവും ഈ സ്വാധീനവും അനുഭാവവും വർധിപ്പിച്ചിക്കുകയായിരുന്നു. ജയിക്കുമെന്നുറപ്പുള്ള യുദ്ധം നഷ്ടങ്ങളുടെ വൃഥാ വ്യായാമമായി മാറുന്നുവെന്ന സത്യം ആദ്യം തിരിച്ചറിഞ്ഞത് അമേരിക്കൻ ജനതയാണ്. അഫ്ഗാൻ ദൗത്യത്തിന്റെ പേരിൽ അമേരിക്കൻ ഭരണകൂടം ആഭ്യന്തരമായി വിചാരണ ചെയ്യപ്പെട്ടു. രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോൾ അഫ്ഗാനിലെ ആക്രമണ മുന്നണിയിൽ പണം ഇടിച്ചുതള്ളുന്നതിന്റെ വൈരുധ്യം വലിയ ചർച്ചയായി. അഫ്ഗാനിൽ ജനാധിപത്യം പാലിക്കപ്പെടുമെന്നും അവിടത്തെ ജീവിത നിലവാരം ഉയരുമെന്നും അതുവഴി തീവ്രവാദികളെ ഒറ്റപ്പെടുത്തുന്ന നിലയിലേക്ക് അവിടത്തെ ജനത വളരുമെന്നുമുള്ള മഹിതാശങ്ങൾ അമ്പേ പരാജയപ്പെട്ടു. ലോകത്തെ ഏറ്റവും കൂടുതൽ ശിശു മരണ നിരക്കുള്ള രാജ്യമായി അഫ്ഗാൻ തുടരുകയാണ്. താലിബാൻ ഭരണകാലത്തേക്കാൾ പരിതാപകരമാണ് കാര്യങ്ങൾ. അഴിമതിയിൽ ഏറ്റവും മുന്നിലാണ് രാജ്യമെന്ന് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസം മെച്ചപ്പെടുത്തുമെന്നും പുതിയ തലമുറ പാശ്ചാത്യ ഇടപെടലിന്റെ ഗുണം തിരിച്ചറിയുമെന്നും പ്രഖ്യാപിച്ചാണ് ലോകത്താകെയുള്ള അക്കാദമിസ്റ്റുകളുടെ പിന്തുണ അമേരിക്ക നേടിയെടുത്തത്.
സൈനികമായ പരാജയം തന്നെയാണ് ഏറ്റവും രൂക്ഷം. അഫ്ഗാനിൽ നിന്നുള്ള ശവപ്പെട്ടികൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തി. പൗരത്വത്തെ അക്രമാസക്തമായി സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്കൻ ഭരണാധികാരികളുടെ ഉറക്കത്തിലേക്ക് ആ ശവപ്പെട്ടികൾ ദുഃസ്വപ്‌നമായി നിറഞ്ഞുകൊണ്ടിരുന്നു. ബരാക് ഒബാമയുടെ ഒന്നാമൂഴത്തിൽ തന്നെ പിൻമാറ്റത്തിന്റെ സാധ്യതകൾ ആരാഞ്ഞ് തുടങ്ങിയിരുന്നു. എങ്ങനെ പിൻമാറും? പേരിനെങ്കിലും ചില വ്യവസ്ഥകൾ രൂപപ്പെടുത്തണമല്ലോ. തങ്ങൾ വന്നതിനേക്കാൾ രൂക്ഷമായ നിലയിൽ ഉപേക്ഷിച്ചു പോകുന്നത് ‘ഉത്തരവാദിത്വമുള്ള ആഗോള ശക്തി’ക്ക് ചേർന്നതാണോ? ഒരു വഴിയേ ഉള്ളൂ. താലിബാനുമായി സംസാരിക്കുക തന്നെ.
ഒടുവിൽ ദോഹയിൽ യുഎസ് ആശീർവാദേത്തോടെ താലിബാൻ ഓഫീസ് തുറന്നു. സമാന ശക്തികളെപ്പോലെ താലിബാനും അമേരിക്കയും നേരിട്ട് സംസാരിച്ചു. ഇതിലും വലിയ നിയമസാധുത താലിബാന് ലഭിക്കാനുണ്ടോ? താലിബാന്റെ കാബൂൾ പ്രവേശം അപ്രതീക്ഷിതമായ വേഗത്തിലായിരുന്നുവെന്ന് യുഎസ് പറയുന്നുണ്ട്. കളവാണത്. അശ്‌റഫ് ഗനിയുടെ സർക്കാറിന്റെ സർവ വീര്യവും യുഎസ് ചോർത്തിക്കളഞ്ഞിരുന്നു. ശമ്പളം കിട്ടാത്ത സൈനികർ ഓരോന്നായി കൂറ് മാറുകയായിരുന്നു. ഒടുവിൽ രക്തച്ചൊരിച്ചിലില്ലാത്ത അധികാര കൈമാറ്റം യുഎസ് തന്നെ ഒരുക്കിക്കൊടുത്തുവെന്നതാണ് സത്യം.
അഫ്ഗാന്റെ ഭാവിയെന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട് ഏറ്റവും ഒടുവിൽ കാബൂൾ വിമാനത്താവളത്തിന് സമീപം നടന്ന സ്‌ഫോടനങ്ങളും തുടർന്ന് യുഎസ് നടത്തുന്ന ഡ്രോൺ ആക്രമണങ്ങളും. ഒന്നും നേടാനാകാതെ അഫ്ഗാനിൽ നിന്ന് മടങ്ങുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന് കൂടുതൽ ക്രൗര്യത്തോടെ ആക്രമണം തുടരാനുള്ള പഴുതൊരുക്കലായി സ്‌ഫോടനത്തെ കാണേണ്ടതുണ്ട്. യുഎസ് നേതൃത്വവുമായി താലിബാൻ ഉണ്ടാക്കിയ നീക്കുപോക്കിനോട് എതിർപ്പുള്ള സായുധ ഗ്രൂപ്പുകൾ അപകടകരമായ രീതിയിൽ തിരിച്ചടി തുടങ്ങിയെന്നും വിലയിരുത്താം. ഈ രണ്ട് സാധ്യതയും ചെന്നെത്തുന്നത് ഒരേയിടത്താണ്. സാമ്രാജ്യത്വ ശക്തികൾ വിതറിയ ശൈഥില്യത്തിന്റെ കുഴിബോംബുകൾ അത്രയെളുപ്പം നീക്കാനാകില്ല. അത് പല രൂപത്തിൽ നാശം വിതച്ചുകൊണ്ടേയിരിക്കും. രക്തരഹിതമായി കാബൂൾ പിടിക്കാൻ താലിബാന് സാധിച്ചിടത്താണ് ഈ കൂട്ടക്കുരുതി നടന്നതെന്നോർക്കണം. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന താലിബാൻ കേഡർമാർക്ക് എന്ത് ചെയ്യാൻ സാധിച്ചു?
രണ്ടാം താലിബാൻ വ്യത്യസ്തമാകുമെന്ന് പറയുന്നവർക്കുള്ള രണ്ട് ഉത്തരങ്ങൾ ഈ സ്‌ഫോടനത്തിലുണ്ട്. ഒന്ന്, ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നുവെന്നത് തന്നെയാണ്. ഭയക്കേണ്ടതില്ല, ഞങ്ങൾ പഴയ താലിബാനല്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും ജനം പരക്കം പായുന്നു. വിമാനത്തിന്റെ ചിറകിൽ തൂങ്ങി നാടുവിടാൻ സാഹസപ്പെടുന്നു. എന്ത് ചക്കര വർത്താനം പറഞ്ഞാലും വിശ്വാസത്തിലെടുക്കാൻ സാധിക്കാത്തത്ര ദുരന്തപൂർണമായ അനുഭവങ്ങൾ താലിബാൻ ഒന്നാം വേർഷൻ അവർക്ക് സമ്മാനിച്ചിട്ടുണ്ട്. മതം മുന്നോട്ട് വെക്കുന്ന ചില അച്ചടക്കങ്ങളെ തങ്ങൾക്ക് തോന്നിയ പോലെ വ്യാഖ്യാനിച്ചും അക്രമോത്സുകമായി നടപ്പാക്കിയും ആയുധത്തിന്റെ ഭാഷയിൽ മാത്രം മനുഷ്യരോട് സംസാരിച്ചും താലിബാൻ 2.0 എന്ന പ്രയോഗത്തിൽ തന്നെ ഒന്നാം വരവിലെ അപരാധങ്ങൾ അടങ്ങിയിട്ടുണ്ട്. ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രയോഗം താലിബാനിസമാണെന്ന് കൊണ്ടാടാൻ ഇസ്‌ലാമോഫോബിക്കുകൾക്ക് അവസരമൊരുക്കുകയായിരുന്നുവല്ലോ അവർ ചെയ്തത്. മതത്തിൽ ബലാൽകാരമില്ലെന്ന് ഉറച്ച് വിശ്വസിരണ്ടാം താലിബാൻ വ്യത്യസ്തമാകുമെന്ന് പറയുന്നവർക്കുള്ള രണ്ട് ഉത്തരങ്ങൾ ഈ സ്‌ഫോടനത്തിലുണ്ട്. ഒന്ന്, ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നുവെന്നത് തന്നെയാണ്. ഭയക്കേണ്ടതില്ല, ഞങ്ങൾ പഴയ താലിബാനല്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും ജനം പരക്കം പായുന്നു. വിമാനത്തിന്റെ ചിറകിൽ തൂങ്ങി നാടുവിടാൻ സാഹസപ്പെടുന്നു. എന്ത് ചക്കര വർത്താനം പറഞ്ഞാലും വിശ്വാസത്തിലെടുക്കാൻ സാധിക്കാത്തത്ര ദുരന്തപൂർണമായ അനുഭവങ്ങൾ താലിബാൻ ഒന്നാം വേർഷൻ അവർക്ക് സമ്മാനിച്ചിട്ടുണ്ട്. മതം മുന്നോട്ട് വെക്കുന്ന ചില അച്ചടക്കങ്ങളെ തങ്ങൾക്ക് തോന്നിയ പോലെ വ്യാഖ്യാനിച്ചും അക്രമോത്സുകമായി നടപ്പാക്കിയും ആയുധത്തിന്റെ ഭാഷയിൽ മാത്രം മനുഷ്യരോട് സംസാരിച്ചും താലിബാൻ 2.0 എന്ന പ്രയോഗത്തിൽ തന്നെ ഒന്നാം വരവിലെ അപരാധങ്ങൾ അടങ്ങിയിട്ടുണ്ട്. ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രയോഗം താലിബാനിസമാണെന്ന് കൊണ്ടാടാൻ ഇസ്‌ലാമോഫോബിക്കുകൾക്ക് അവസരമൊരുക്കുകയായിരുന്നുവല്ലോ അവർ ചെയ്തത്. മതത്തിൽ ബലാൽകാരമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന ലോകത്തെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികൾ താലിബാനെ തള്ളിപ്പറയുന്നത് ഇസ്‌ലാമിന്റെ രാഷ്ട്രീയം ഇതല്ല എന്നത് കൊണ്ടു തന്നെയാണ്.
കാബൂൾ സ്‌ഫോടനം മുന്നോട്ടു വെക്കുന്ന രണ്ടാമത്തെ വസ്തുത, ഇനി താലിബാൻ വിചാരിച്ചാൽ പോലും അഫ്ഗാനിൽ സമാധാനം കൊണ്ടുവരാൻ അവർക്ക് സാധിക്കില്ല എന്നതാണ്. താലിബാനെ വെല്ലുവിളിക്കാൻ, പല കോണിൽ നിന്ന് ആയുധവും പരിശീലനവും സിദ്ധിച്ച സായുധ ഗ്രൂപ്പുകൾ രംഗത്ത് വരുമെന്നുറപ്പാണ്. ഐഎസ്-കെപി (ഇസ്‌ലാമിക് സ്റ്റേറ്റ് കൊറാസാൻ പ്രോവിൻസ്)എന്നൊരു നാമം ഉദയം ചെയ്തു കഴിഞ്ഞു. ആർക്കു വേണ്ടിയാണ് ഇക്കൂട്ടർ പാവം മനുഷ്യർക്കിടയിൽ ചിതറിത്തെറിക്കുന്നതെന്ന് ആരു കണ്ടു. മരിച്ചുവീണ മനുഷ്യർക്ക് മേൽ ഇനി ആ പേര് ഉയർന്നു കേൾക്കും. സിൻജിയാംഗിലെ മുസ്‌ലിംകളെ മര്യാദ പഠിപ്പിച്ചു കൊള്ളാമെന്ന് താലിബാൻ ക്വട്ടേഷനെടുത്തെന്നു വെച്ച് ചൈന അഫ്ഗാൻ ജനതയുടെ രക്ഷക്ക് വരുമോ? അശാന്തമായ അയൽ രാജ്യം അവർക്ക് സൈ്വരക്കേടാണെങ്കിലും ഒരു പരിധിക്കപ്പുറം ആ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിൽ ചൈന ഇടപെടുമെന്ന് തോന്നുന്നില്ല. സ്വന്തം അതിർത്തി ഭദ്രമാക്കുകയെന്നതിനാകും ചൈനയുടെ മുൻഗണന. കമ്പോളമറിഞ്ഞു കളിക്കുന്നവരാണ് ചൈനക്കാർ.
ചൈനയെ അഫ്ഗാൻ മണ്ണിൽ നേരിടാൻ യുഎസ് തീരുമാനിച്ചാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. ജോ ബൈഡൻ വലിയ വിമർശനം നേരിടുന്നുണ്ട്. ഒന്നാമൂഴത്തിന് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു വർഷം മുമ്പെങ്കിലും അദ്ദേഹം പുതിയ നയത്തിലേക്ക് എടുത്തുചാടുമെന്നാണ് വിലയിരുത്തൽ. അശാന്തമായ അഫ്ഗാനെ ചൂണ്ടിക്കാട്ടിയാകും ആ ചാട്ടം. കൂടുതൽ അപകടകാരികളായ ഡ്രോണുകളുണ്ടാകും കൈയിൽ. മലമടക്കുകളിലെ ഒളിത്താവളങ്ങളിലേക്ക് നുഴഞ്ഞു ചെല്ലുന്ന വിദൂര നിയന്ത്രിത ആയുധങ്ങൾ അവർ ഇറക്കും. സ്വന്തം സൈനികരെ ആകാശത്ത് മാത്രം നിർത്തി പുതിയ യുദ്ധതന്ത്രങ്ങൾ മെനയും. അഫ്ഗാൻ ജനത എങ്ങോട്ട് പോകും?
ഈ ഘട്ടത്തിൽ താലിബാന്റെ അധികാരലബ്ധിയിൽ ആവേശം കൊള്ളുന്നതിൽ ഒരു അർത്ഥവുമില്ല. അത്തരമൊരു സിംപതി കേവല മതരാഷ്ട്രവാദികൾക്കും വഹാബികൾക്കും മാത്രം ഗുണകരമാകുന്ന ഒന്നായിരിക്കും. ഫാസിസ്റ്റുകൾക്ക് കൂടുതൽ മുസ്‌ലിം വിരുദ്ധത പ്രസരിപ്പിക്കാനേ അത് ഉപകരിക്കൂ. അഫ്ഗാനിൽ ഒരു സുസ്ഥിര ഭരണം കൊണ്ടുവരാൻ താലിബാന് സാധിച്ചാൽ നല്ലത്. അഫ്ഗാൻ ജനതയുടെ ഇച്ഛ അതാണെങ്കിൽ പുറത്തുനിന്നുള്ളവർക്ക് അതിൽ കാര്യമില്ല. എന്നാൽ താലിബാൻ നടത്തുന്നതാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ മാതൃകയെന്ന യുക്തിയിലേക്ക് വീണുപോകുന്നത് അപകടകരമായ ന്യൂനീകരണമായിരിക്കും.
മുസ്തഫ പി എറയ്ക്കൽ