തീവ്രവാദം അന്തര്‍ദേശീയ തലത്തില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. പണ്ടൊന്നും കേരളത്തില്‍ ഇത്തരം ചര്‍ച്ചകളുടെ പേരില്‍ ആരും സംശയത്തിന്റെ നിഴലിലാകേണ്ടി വന്നിരുന്നില്ല. ഇപ്പോള്‍ സിറിയയിലേക്കും മറ്റും കേരളത്തില്‍ നിന്നും ഒരു പറ്റം ചെറുപ്പക്കാര്‍ ഐഎസില്‍ ചേരാന്‍ പുറപ്പെടുകയും പലരും കൊല്ലപ്പെടുകയും ചെയ്തതോടെ കേരളീയ മുസ്‌ലിംകള്‍ സംശയത്തോടെ നിരീക്ഷിക്കപ്പെടുകയുണ്ടായി. ഇത്തരുണത്തില്‍ തീവ്രവാദ ചിന്തയുടെ വേരുകള്‍ തേടിയുള്ള അന്വേഷണങ്ങളും പഠനങ്ങളും പ്രസക്തമാവുകയാണ്. വിശുദ്ധ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ കാരണക്കാരായ ദുശ്ശക്തികളെ തുറന്നുകാട്ടി മതത്തിന്റെ സമാധാന, സ്‌നേഹ മുഖം സമൂഹത്തെ തര്യപ്പെടുത്തേണ്ടതുണ്ട്.
ഭീകരവാദം എന്നതിന്റെ പര്യായമായാണ് ഇന്നു തീവ്രവാദം എന്ന പദം ഉപയോഗിക്കപ്പെടുന്നത്. ഒരു ലക്ഷ്യം നേടാനോ ആശയം പ്രചരിപ്പിക്കാനോ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നതും നിയമം കയ്യിലെടുക്കുന്നതുമെല്ലാം ഭീകരവാദമാണ്.
ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദവുമായി ആദ്യമായി പ്രത്യക്ഷപ്പെട്ട സംഘം ഖവാരിജുകളാണ്. അലി(റ)വും മുആവിയ(റ)വും തമ്മിലുണ്ടായ രാഷ്ട്രീയ അഭിപ്രായ ഭിന്നത മറ്റു രണ്ട് സ്വഹാബിമാര്‍ മുഖേന പരിഹരിക്കപ്പെട്ടപ്പോള്‍, വിധി തീര്‍പ്പുകല്‍പിക്കാന്‍ അല്ലാഹുവിനു മാത്രമേ അധികാരമുള്ളൂവെന്നും ഈ രണ്ടു പേരെ അതിന് ചുമതലപ്പെടുത്തുക വഴി അല്ലാഹുവിന്റെ അധികാരത്തില്‍ കൈ കടത്തിയതിനാല്‍ ഈ സ്വഹാബിമാര്‍ ശിര്‍ക്ക് ചെയ്തവരായി എന്നുമാണ് ഇവര്‍ ആദ്യമായി വാദിച്ചത്. ഈ നിലപാട് തിരുത്തിയില്ലെങ്കില്‍ ആദ്യം നിങ്ങളോടായിരിക്കും ഞങ്ങളുടെ യുദ്ധമെന്നും ഈ ഭീകരസംഘം ആക്രോശിച്ചു.
അതേസമയം അലി(റ)നെ അമിതമായി വാഴ്ത്തുകയും ഒന്നാം ഖലീഫയാവേണ്ടിയിരുന്നത് അദ്ദേഹമാണെന്നും അര്‍ഹതപ്പെട്ട പദവി ആദ്യ മൂന്നു ഖലീഫമാരും അലി(റ)നു തടഞ്ഞതു മൂലം അവര്‍ കുറ്റവാളികളും സത്യനിഷേധികളുമായിത്തീര്‍ന്നിരിക്കുകയാണെന്നു വാദിച്ചുകൊണ്ട് മറ്റൊരു വിഭാഗവും രംഗത്തുവന്നു. ഇവരാണ് ശീഇകള്‍. രണ്ടു വിഭാഗവും സ്വഹാബത്തിനെ തള്ളിപ്പറഞ്ഞവരാണ് എന്നത് ശ്രദ്ധേയമാണ്. സ്വഹാബത്തിനെ മാര്‍ഗദര്‍ശികളായി സ്വീകരിക്കണമെന്നും അവരെ അനുകരിച്ച് ജീവിക്കുന്നവര്‍ക്ക് മാത്രമാണ് സ്വര്‍ഗമെന്നും അല്ലാഹുവും റസൂലും പഠിപ്പിച്ചതിന്റെ പൊരുള്‍ ഇതില്‍ നിന്നും വ്യക്തമാകും.
ഈ രണ്ടു വിഭാഗങ്ങളുടെ ആദര്‍ശ പിന്‍ഗാമികളാണ് ഇന്ന് ലോകത്ത് ഇസ്‌ലാമിന്റെ പേരില്‍ കൊന്നും കൊള്ളയടിച്ചും പരസ്പരം ഏറ്റുമുട്ടി ചോരക്കളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പള്ളികളും ചരിത്ര സ്മാരകങ്ങളും മഹാന്മാരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങളുമെല്ലാം ഇവര്‍ തകര്‍ത്തുതരിപ്പണമാക്കുന്നു. അല്ലാഹുവിന്റെ പള്ളികളില്‍ നിസ്‌കരിക്കാന്‍ വരുന്നവരെ പോലും നിഷ്‌കരുണം കൊന്നു തള്ളുന്നു. സമാധാനത്തിന്റെ മതമായ വിശുദ്ധ ഇസ്‌ലാമിന് തീരാകളങ്കം ചാര്‍ത്തി ഇപ്പോഴും ഇവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഖവാരിജുകളും ആധുനിക സലഫികളും
ഖവാരിജുകളുടെ നിലപാടും വഹാബിസത്തിന്റെ നയങ്ങളും താരതമ്യം ചെയ്തുകൊണ്ട് ഇബ്‌നു അബ്ദില്‍ വഹാബിന്റെ സഹോദരനും പണ്ഡിതനുമായ സുലൈമാനുബ്‌നു അബ്ദില്‍ വഹാബ് എഴുതി: അലി(റ)വിന്റെ കാലത്ത് രംഗത്തുവന്ന ഖവാരിജുകള്‍, അലി, ഉസ്മാന്‍, മുആവിയ(റ) എന്നിവരെയും അവരോടൊപ്പമുള്ളവരെയും അവിശ്വാസികളായി പ്രഖ്യാപിച്ചു. മുസ്‌ലിംകളുടെ രക്തവും മുതലും ഹലാലാക്കുകയും മുസ്‌ലിം രാഷ്ട്രത്തെ ശത്രുരാജ്യമായും അവരുടെ രാഷ്ട്രത്തെ മാത്രം ഈമാനിന്റെ രാജ്യമായും പ്രചരിപ്പിച്ചു.
തങ്ങള്‍ ഖുര്‍ആനിന്റെ ആളുകളാണെന്നാണ് അവര്‍ വാദിച്ചിരുന്നത്. ഹദീസുകളില്‍ നിന്നും അവരുടെ വീക്ഷണത്തോട് യോജിച്ചതു മാത്രമേ അവര്‍ സ്വീകരിച്ചിരുന്നുള്ളൂ… ഖുര്‍ആനിലെ മുതശാബിഹായ ആയത്തുകളെയാണ് അവര്‍ തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവായുദ്ധരിച്ചിരുന്നത്. മുശ്‌രിക്കുകള്‍ക്കെതിരായി ഇറങ്ങിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശ്വാസികളുടെ മേല്‍ അവര്‍ വെച്ചുകെട്ടി (അസ്സ്വവാഇഖുല്‍ ഇലാഹിയ്യ. പേ, 12).
ഖവാരിജുകളുടെ ഈ പറഞ്ഞ മുഴുവന്‍ വാദങ്ങളും ആധുനിക സലഫിസ്റ്റുകളില്‍ നമുക്ക് കാണാം. സ്വഹാബത്തിനെ വിശ്വാസത്തിലെടുക്കാന്‍ ഇവര്‍ തയ്യാറല്ല. അവര്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മഹാന്മാരായ ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരാണ് ഇസ്‌റാഈലി കള്ളക്കഥകള്‍ ഇസ്‌ലാമിലേക്ക് കടത്തിക്കൂട്ടാന്‍ മദീനാ പള്ളിയില്‍ വേദിയൊരുക്കിയത് എന്നും തമീമുദ്ദാരി(റ), അബ്ദുല്ലാഹിബ്‌നു സലാം(റ) തുടങ്ങിയ സ്വഹാബികളാണ് ഈ കള്ളക്കഥകള്‍ പള്ളിയില്‍ വെച്ചു പറഞ്ഞുപ്രചരിപ്പിച്ചതെന്നും അവ പിന്‍ഗാമികള്‍ക്കായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇബ്‌നു അബ്ബാസ്(റ) വും അബൂഹുറൈറ(റ)യുമാണെന്നുമുള്ള കടുത്ത ആരോപണം കേരളാ സലഫികളുടെ മുഖപത്രമായ അല്‍മനാര്‍ 1959 ഒക്‌ടോബര്‍ ലക്കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
നബി(സ്വ) ഖുര്‍ആനും സുന്നത്തും ഏല്‍പിച്ചുപോയത് സ്വഹാബത്തിനെയാണ്. അവരും അവരെ പിന്തുടരുന്നവരും സ്വര്‍ഗത്തിലാണെന്നു പ്രഖ്യാപിച്ചത് അല്ലാഹുവുമാണ്. ഇവരെ വിശ്വാസത്തിലെടുക്കാത്തവര്‍ക്ക് അവരിലൂടെ ലഭിച്ച ഖുര്‍ആനിലും സുന്നത്തിലും എത്രകണ്ട് വിശ്വാസമുണ്ടാകും. സ്വഹാബത്ത് അറബിയില്‍ മാത്രം ഖുതുബ നിര്‍വഹിച്ചു എന്നത് തെളിവല്ലെന്നു വാദിച്ചുകൊണ്ട് എംടി അബ്ദുറഹ്മാന്‍ മൗലവി എന്ന സലഫിസ്റ്റ് എഴുതുന്നത് കാണുക: കേരളത്തിലെ മുസ്‌ലിയാക്കള്‍ ചെയ്യുന്നതു ദീനില്‍ തെളിവല്ലാത്തതു പോലെ അതും (സ്വഹാബത്ത് ചെയ്യുന്നതും – ലേ.) തെളിവല്ല (ജുമുഅ ഖുതുബ മദ്ഹബുകളില്‍, പേ. 84).
ഖവാരിജുകളുടെ മറ്റൊരു രീതി ഖുര്‍ആനിലെ മുതശാബിഹായ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനിച്ച് തങ്ങളുടെ വാദഗതികള്‍ക്ക് തെളിവു കണ്ടെത്തുക എന്നതായിരുന്നു. ഇതു തന്നെയാണ് ആധുനിക സലഫികളുടെയും രീതി. അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതില്‍ ഭാഷക്കുള്ള പരിമിതി മനസ്സിലാക്കാതെ ചില സൂക്തങ്ങള്‍ക്ക് ഒരിക്കലും അല്ലാഹുവിനോട് യോജിക്കാത്ത അര്‍ത്ഥകല്‍പനകള്‍ നടത്തി ഒരു ജഡവല്‍കൃത ദൈവത്തെയാണ് അവരിന്ന് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ തന്നെ ഇവരുടെ മുന്‍ഗാമികള്‍ അല്ലാഹുവിനു ജഡമുണ്ടെന്നു വിശ്വസിക്കുന്നതും ഭാഗം, സ്ഥലം, രൂപം മുതലായവ സങ്കല്‍പിക്കുന്നതും കാഫിറായിപ്പോകുന്ന ബിദ്അത്താണെന്നു പഠിപ്പിച്ചിട്ടുള്ളതാണ് (അല്‍ മനാര്‍ 1952 ജനുവരി).
ആധുനിക സലഫികള്‍ പൊട്ടിപ്പിളര്‍ന്നതു തന്നെ അല്ലാഹുവിന് ജഡമുണ്ടെന്ന വാദത്തിലുടക്കിയാണ്. അബ്ദുല്ലക്കോയ മദനിയുടെ ഗ്രൂപ്പ് അല്ലാഹുവിനു കയ്യും കണങ്കാലും ഊരയും വലതു ഭാഗവും ഇടതു ഭാഗവും വലതു ഭാഗത്തുതന്നെ രണ്ടു കൈയുമെല്ലാം ചാര്‍ത്തിക്കൊടുത്തപ്പോള്‍ ഖുര്‍ആനിലും സുന്നത്തിലും വന്ന ചില ആലങ്കാരിക പ്രയോഗങ്ങളെ ഈ വിധത്തില്‍ അര്‍ത്ഥകല്‍പന നടത്തുന്നത് തൗഹീദില്‍ നിന്നുള്ള വ്യതിയാനമാണെന്ന് മടവൂര്‍ ഗ്രൂപ്പുകാര്‍ തുറന്നടിച്ചു. എന്നാല്‍ സലഫിസം തീവ്രവാദത്തിന്റെ പേരില്‍ പ്രതിരോധത്തിലായപ്പോള്‍ ഈ ആശയപരമായ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയോ പരിഹരിക്കുകയോ ചെയ്യാതെ തടികാക്കാന്‍ വേണ്ടി ഇവര്‍ ഐക്യപ്പെടുകയായിരുന്നു. ഇതുകൊണ്ടാണ് ടിപി അബ്ദുല്ലക്കോയ മദനി ഗ്രൂപ്പില്‍ നിന്നും വലിയൊരു വിഭാഗം വിസ്ഡം ഗ്രൂപ്പ് എന്ന പേരിലും മടവൂര്‍ ഗ്രൂപ്പില്‍ പെട്ട സലാം സുല്ലമിയുടെ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പും വേറിട്ടു പ്രവര്‍ത്തിക്കുന്നത്.
ഇബ്‌നു ഉമര്‍(റ)ന്റെ വിശകലനം
ഖവാരിജുകളുടെ പ്രധാന ആശയവ്യതിയാനത്തെ സംബന്ധിച്ച് മുത്തബിഉസ്സുന്ന അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞതായി ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു: ഇബ്‌നു ഉമര്‍(റ) ഖവാരിജുകളെ സൃഷ്ടികളില്‍ ഏറ്റവും നാശകാരികളെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. മാത്രമല്ല, സത്യനിഷേധികളുടെ മേല്‍ അവതരിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളെ സത്യവിശ്വാസികളുടെ മേലില്‍ ചുമത്തുന്നവരാണവര്‍ (സ്വഹീഹുല്‍ ബുഖാരി).
ആധുനിക സലഫികളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദവും ഇതാണല്ലോ. മക്കയിലെ മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിച്ചിരുന്ന, ഖുര്‍ആന്‍ കെട്ടുകഥ മാത്രമാണെന്നു പറഞ്ഞുനടന്ന, തിരുനബി(സ്വ) ഭ്രാന്തനും മാരണക്കാരനുമാണെന്നു അധിക്ഷേപിച്ചിരുന്ന അബൂജഹലിനെതിരെ ഇറങ്ങിയ ആയത്തുകളാണ് ഏകദൈവ വിശ്വാസികളായ മുസ്‌ലിംകള്‍ക്കെതിരെ ഇവര്‍ എടുത്തുദ്ധരിക്കുന്നത്. ഉമര്‍ മൗലവി തന്നെ 1982-ല്‍ അച്ചടിച്ച് വിതരണം ചെയ്ത ലഘുലേഖയില്‍ പറയുന്നു: പ്രവാചകരുടെ ആദര്‍ശം സ്വീകരിച്ചവര്‍ മുജാഹിദുകള്‍. അബൂജഹ്ല്‍ തുടങ്ങിയ മക്കാ മുശ്‌രിക്കുകളുടെ ആദര്‍ശം സ്വീകരിച്ചവര്‍ സുന്നികള്‍. അബൂജഹ്ല്‍ കക്ഷിയുടെ ഓഫര്‍ സ്വീകരിക്കാന്‍ ഒരുങ്ങിയവര്‍ മൗദൂദികള്‍ (ലഘുലേഖ പേ. 2).
നോക്കുക, ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ അബൂജഹലിനെ പോലെയുള്ള മുശ്‌രിക്കുകളായി പ്രഖ്യാപിച്ച വിശ്വാസത്തെയാണോ ചില മാന്യന്മാര്‍ ശരിയായ തൗഹീദെന്നു വിളിച്ചത്.
മൗലവി മറ്റൊരിക്കലെഴുതി: അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്‍മാര്‍ വേണ്ട എന്നു പ്രവാചകന്മാര്‍ പഠിപ്പിച്ചു(?). മുജാഹിദുകള്‍ ഇതു പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇതു പ്രചരിപ്പിക്കുന്നു. അതുകൊണ്ട്, അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം വമിനല്‍ ഉലമാഇസ്സുന്നിയ്യീന്‍ (ശൈത്വാനെ തൊട്ടും സുന്നി ഉലാമാക്കളെ തൊട്ടും ഞാന്‍ അല്ലാഹുവോട് കാവലിനെ തേടുന്നു) എന്നു എല്ലാവരും പറയുക (സല്‍സബീല്‍ 1977 ആഗസ്ത് 20, പേ. 29). മതം സഹിഷ്ണുതയാണെന്നു പ്രചരിപ്പിക്കാനുള്ള എല്ലാ യോഗ്യതയും ഈ മുജാഹിദുകള്‍ക്കുണ്ടെന്നു വ്യക്തമായില്ലേ? ഖവാരിജുകളുടെ നിലപാടുള്ളതുകൊണ്ടാണ് സത്യനിഷേധികളെ കുറിച്ചുള്ള സൂക്തങ്ങള്‍ വിശ്വാസികളുടെ മേല്‍വെച്ചുകെട്ടി അവരെ ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കരിമ്പട്ടികയില്‍ ഇവര്‍ ഉള്‍പ്പെടുത്തുന്നത്.
ഭീകര കൃത്യങ്ങള്‍
സ്വഹാബത്തിനെതിരെ രംഗത്തുവന്ന ഖവാരിജുകള്‍ മുസ്‌ലിംകള്‍ക്കെതിരെ തന്നെ സിവിലിയന്മാരെ ആയുധമണിയിച്ചു. നാട്ടിലുടനീളം അവര്‍ അഴിഞ്ഞാടി. ഈ ക്രൂരതയെ വിശുദ്ധയുദ്ധമായി അവര്‍ പ്രഖ്യാപിച്ചു. ഖുര്‍ആന്‍ സൂക്തങ്ങളെ ആവശ്യാനുസൃതം ദുര്‍വ്യഖ്യാനിച്ചു. സ്വഹാബിയായ അബ്ദുല്ലാഹില്‍ ഖബ്ബാബ്(റ)നെ ഒരു സംഘം ഖവാരിജുകള്‍ പിടികൂടി ചോദ്യം ചെയ്തു. അല്ലാഹുവിന്റെ റസൂലിന്റെ ഇഷ്ട സഹചാരിയായിരുന്നു എന്നറിഞ്ഞപ്പോള്‍, അലി(റ)നെക്കുറിച്ചായി ചോദ്യം. വലിയ മഹാനാണെന്നു പറഞ്ഞപ്പോള്‍, താങ്കളെ കൊല്ലല്‍ നിര്‍ബന്ധമായിരിക്കുന്നു എന്നായിരുന്നു ഭീകരരുടെ പ്രതികരണം.
പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് ആ കഷ്മലന്മാര്‍ മഹാനവര്‍കളുടെ കഴുത്തറുത്തു കൊന്നു. ശേഷം, ആ മഹതിയുടെ നേരെ നീങ്ങി. ഉയര്‍ന്നു നിന്ന അവരുടെ വയറ് വാളുകൊണ്ട് പിളര്‍ത്തി. ചോരക്കുഞ്ഞിനെ പുറത്തെടുത്തു. അവര്‍ ഒന്നിച്ചു പിടഞ്ഞു മരിച്ചു. അമിത ഭക്തി കാണിച്ച ഈ സംഘം ഇസ്‌ലാമിക ലോകത്ത് കാണിച്ച ഭീകരതക്ക് പരിധിയില്ല. അവസാനം അലി(റ)ന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക സേന ഇവരെ അടിച്ചമര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്‌തെങ്കിലും പിന്നീട് പല പേരിലും പല കാലത്തും ഈ കക്ഷികള്‍ രംഗത്തുവന്നുകൊണ്ടിരുന്നു.
സലഫിസ്റ്റുകള്‍
ആധുനിക സലഫിസത്തിന് അടിത്തറ പാകിയ മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബും തന്റെ കാലഘട്ടത്തിലെ മുസ്‌ലിംകളെ അവിശ്വാസികളായി പ്രഖ്യാപിച്ച് അവരോട് യുദ്ധം തുടങ്ങുകയായിരുന്നു. കേരള മുജാഹിദുകള്‍ എഴുതി: വഹാബി പ്രസ്ഥാനമെന്ന് എതിരാളികളും മുവഹിദുകള്‍ എന്ന് അനുകൂലികളും വിളിക്കുന്ന ചിന്താധാരയേതോ അതിന്റെ പ്രഭവ കേന്ദ്രമായ ശൈഖ് മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബ് 1703-ല്‍ നജ്ദില്‍ ഭൂജാതനായി. അഞ്ചു നൂറ്റാണ്ട് മുമ്പ് അന്തരിച്ച ഇബ്‌നു തൈമിയ്യയുടെ ഗ്രന്ഥങ്ങള്‍ പഠിച്ച ഇബ്‌നു അബ്ദില്‍ വഹാബിന്റെ ഉള്ളില്‍ ഗുരുവിനെപ്പോലെ ജിഹാദ് ചെയ്യണമെന്ന ആവേശം ജ്വലിക്കുന്നു… ഇബ്‌നു അബ്ദില്‍ വഹാബ് തന്റെ ചുറ്റും കണ്ണോടിച്ചപ്പോള്‍ കണ്ട കാഴ്ച എന്താണ്? മുസ്‌ലിംകള്‍ അവരുടെ അടിസ്ഥാന ആദര്‍ശമായ കലിമതുത്തൗഹീദില്‍ നിന്നും ബഹുദൂരം അകന്നു പോയിരിക്കുന്നു (ഇസ്‌ലാഹി പ്രസ്ഥാനചരിത്രത്തിനൊരാമുഖം പേ, 13, 14).
ലോക മുസ്‌ലിംകള്‍ മുഴുവനും ഇസ്‌ലാമില്‍ നിന്നും പിഴച്ചു പുറത്തുപോയിരിക്കുന്നതിനാല്‍ അവരോട് യുദ്ധം ചെയ്ത് തങ്ങളുടെ കാഴ്ചപ്പാടിലുള്ള ഇസ്‌ലാമിനെ സ്ഥാപിക്കാന്‍ ഇയാള്‍ പരിശ്രമമാരംഭിച്ചു. ബസ്വറയില്‍ വെച്ചാണ് ഇതിനു തുടക്കം കുറിച്ചതെങ്കിലും പണ്ഡിതന്മാര്‍ ഈ വിതണ്ഡവാദത്തെ എതിര്‍ത്തു തോല്‍പിച്ചതിനാല്‍ ഹുമൈറിലയിലേക്ക് നീങ്ങി. അവിടെ കാലുറപ്പിക്കാനാകാതെ വന്നപ്പോള്‍ ഉയൈയ്‌ന എന്ന പ്രവിശ്യയിലെത്തി. ഖിലാഫത്തിനു കീഴില്‍ ഉയൈയ്‌നയില്‍ ഗവര്‍ണറായ ഉസ്മാനുബ്‌നു മുഅമ്മറിനെ സ്വാധീനിച്ചു. തുടക്കം മുതല്‍ രാഷ്ട്രീയത്തെ മറയാക്കിയാണ് വഹാബിസം പിടിച്ചുനിന്നത്. ഇവിടെ വെച്ച് ഇബ്‌നു അബ്ദില്‍ വഹാബ് ഒരു പറ്റം ചെറുപ്പക്കാരെ തന്റെ ജിഹാദി സംഘത്തില്‍ ചേര്‍ത്തു. അവര്‍ ആദ്യമായി നടത്തിയ ഭീകര പ്രവര്‍ത്തനത്തെ സംബന്ധിച്ച് വഹാബി പണ്ഡിതനായ അബ്ദുല്ല സ്വാലിഹ് ഉസൈമിന്‍ റിയാളില്‍ നിന്നും അച്ചടിച്ച പുസ്തകത്തില്‍ എഴുതി: ഇബ്‌നു വഹാബും അനുയായികളും ആദ്യമായി ജനങ്ങള്‍ തവസ്സുലാക്കാന്‍ ഉപയോഗിച്ചിരുന്ന മരം വെട്ടിമുറിച്ചു. ജുബൈലയില്‍ ജനങ്ങള്‍ ബറകത്തെടുക്കുകയും നേര്‍ച്ചയാക്കുകയും ചെയ്തിരുന്ന സൈദുബ്‌നു ഖത്താബ്(റ)ന്റെ (ഉമര്‍-റ-ന്റെ സഹോദരന്‍) ഖബര്‍ തകര്‍ത്തു തരിപ്പണമാക്കി… സമൂഹത്തെ വിറപ്പിച്ച മറ്റൊരു കൃത്യം കൂടി അദ്ദേഹം നിര്‍വഹിച്ചു. അതൊരു സ്ത്രീയെ എറിഞ്ഞു കൊന്നതായിരുന്നു. ഇങ്ങനെയായിരുന്നു ഇബ്‌നു വഹാബ് തന്റെ ആദര്‍ശത്തെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവന്നത് (താരീഖ് മംലകതില്‍ അറബിയ്യ അസ്സുഊദിയ്യ 1/78).
ഒരു ഭരണകൂടത്തെ നോക്കുകുത്തിയാക്കി സായുധസംഘങ്ങള്‍ രൂപീകരിച്ച് തന്റെ ആദര്‍ശം നടപ്പിലാക്കാന്‍ പ്രസ്ഥാന നായകന്‍ തുടക്കം കുറിച്ചത് ഇത്തരം ഭീകരതകളിലൂടെയാണ്. ഈ ഭീകരസംഘം തെരുവില്‍ റോന്തുചുറ്റി. പള്ളിയില്‍ ജമാഅത്തിന് എത്താത്തവരെ കടുത്ത പീഡനത്തിനിരയാക്കി. അങ്ങനെ ആ പ്രദേശത്ത് വഹാബി ആശയത്തിലുള്ള ഇസ്‌ലാമിക(?) ഭരണം നടപ്പാക്കി. എന്നാല്‍ ഈ ഇസ്‌ലാമിനെ സഹിക്കാന്‍ നാട്ടുകാര്‍ക്കും ഭരണാധികാരിക്കും സാധിച്ചില്ല. ഗവര്‍ണര്‍ ഉസ്മാന്‍, ഇബ്‌നു അബ്ദില്‍ വഹാബിനോട് വേഗം നാടുവിടാന്‍ കല്‍പിച്ചു. അയാള്‍ നജ്ദിന്റെ ഭാഗമായ ദര്‍ഇയ്യയിലേക്കു പുറപ്പെട്ടു.
ദര്‍ഇയ്യയിലെ ഗവര്‍ണറായ ഇബ്‌നു സഊദിനെ സ്വതന്ത്ര രാജ പദവി പറഞ്ഞു മോഹിപ്പിച്ചു. തന്റെ കൂടെ ജിഹാദില്‍ പങ്കെടുത്താല്‍ വെട്ടിപ്പിടിക്കുന്ന പ്രദേശത്തിന്റെ രാഷ്ട്രീയ നിയന്ത്രണം വാഗ്ദാനം ചെയ്തു. 1744-ല്‍ ഇവര്‍ തമ്മിലുണ്ടാക്കിയ കരാറിനെ സംബന്ധിച്ച് സ്വാലിഹ് ഉസൈമിന്‍ തന്നെ പറയുന്നു: സാധ്യമാകുന്ന വിധം ഇസ്‌ലാമിക പ്രബോധന വഴിയില്‍ രണ്ടുപേരും ഒന്നിച്ചു പ്രവര്‍ത്തിക്കുക. അങ്ങനെ വെട്ടിപ്പിടിക്കുന്ന പുതിയ രാജ്യത്തിന്റെ രാഷ്ട്രീയ കാര്യവും നിയന്ത്രണവും ഇബ്‌നു സുഊദിനും കുടുംബങ്ങള്‍ക്കും നല്‍കുന്നതും, ഈ രാഷ്ട്രത്തിലെ മത ഡിപ്പാര്‍ട്ടുമെന്റ് ഇബ്‌നു അബ്ദില്‍ വഹാബിനും മക്കള്‍ക്കും ആജീവനാന്തം നല്‍കുന്നതുമായിരിക്കും… ഒപ്പം ഇബ്‌നു സുഊദ് ഒരു നിബന്ധന കൂടി മുന്നോട്ടു വെച്ചു. ഇപ്പോള്‍ ഞാന്‍ ജനങ്ങളില്‍ നിന്നു വാങ്ങുന്ന വാര്‍ഷിക നികുതി നിങ്ങള്‍ വിലക്കാന്‍ പാടില്ല. ഇതിന് ഇബ്‌നു അബ്ദില്‍ വഹാബിന്റെ മറുപടി അതിലും മെച്ചപ്പെട്ട യുദ്ധാര്‍ജിത സമ്പത്ത് നിങ്ങള്‍ക്കു ലഭിക്കുമെന്നായിരുന്നു (താരീഖ് മംലക).
തുടര്‍ന്നു നജ്ദിന്റെ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും ഗ്രാമീണരുടെ മൃഗങ്ങളെയും കാര്‍ഷികോല്‍പന്നങ്ങളെയും പിടിച്ചെടുക്കുകയും ചെയ്തു. വഹാബിസം സ്വീകരിക്കാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. എല്ലാവരെയും ഭയപ്പെടുത്തി നിര്‍ത്തി. പിന്നീട് ശക്തി സംഭരിച്ച ഈ ഭീകരസംഘം നജ്ദിന്റെ പുറത്തേക്കും പടയോട്ടം നടത്തി. ത്വാഇഫില്‍ ഇവര്‍ തീര്‍ത്ത ചോരച്ചാലുകളെ സംബന്ധിച്ച് ഹറമൈനിയുടെ ആധികാരിക ചരിത്ര പണ്ഡിതന്‍ ശൈഖ് സൈനി ദഹ്‌ലാന്‍ രേഖപ്പെടുത്തുന്നു: ‘വഹാബികള്‍ ത്വാഇഫ് അധിനിവേശം നടത്തിയപ്പോള്‍ ജനങ്ങളെ പരക്കെ കൊന്നു. മുതിര്‍ന്നവര്‍, കുട്ടികള്‍, ഭരണാധികാരികള്‍, പ്രജകള്‍, ഉയര്‍ന്നവര്‍, താഴ്ന്നവര്‍ ഒരു വ്യത്യാസവും കാണിച്ചില്ല. ഉമ്മയുടെ ഒക്കത്തിരുന്ന മക്കളെ നിര്‍ദാക്ഷിണ്യം കൊന്നു. വീട്ടില്‍ നിന്നു പുറത്തിറങ്ങാത്തവരെ വീടുതകര്‍ത്തു കൊന്നുതള്ളി. ത്വാഇഫിലെ മസ്ജിദില്‍ ദര്‍സു നടത്തുകയായിരുന്ന മുദരിസിനെയും മുതഅല്ലിമുകളെയും മുഴുവന്‍ കൊന്നു. നിസ്‌കരിക്കുന്നവരെ റുകൂഇലും സുജൂദിലും അരിഞ്ഞുവീഴ്ത്തി.’ (ഖുലാസതുല്‍ കലാം). പൊറുതി മുട്ടിയ ജനങ്ങള്‍ വഹാബികളെ നേരിടാന്‍ മക്കാ ഗവര്‍ണര്‍ ശരീഫിനെ സമീപിച്ചു. അദ്ദേഹം നജ്ദിയന്‍ തൗഹീദുകാര്‍ മക്കത്തേക്കു പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടു. ഇതു സംബന്ധമായി സ്വതന്ത്ര സമരസേനാനി ഇ. മൊയ്തു മൗലവി എഴുതുന്നത് കാണുക: ‘നജ്ദികളുടെ തീക്ഷ്ണതയുള്ള വാദഗതികളോട് ഹറമിലെ ഉലമാക്കള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. അവര്‍ വീണ്ടും ശരീഫിനെ സമീപിച്ചു. ശരീഫ് ഒരിക്കല്‍ കൂടി നജ്ദികള്‍ ഹിജാസില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. നജ്ദികള്‍ പഴയപടി സാമ്പത്തിക ഉപരോധത്തിനു തുനിഞ്ഞു. ഇറാഖി ഇറാന്‍ വ്യാപാര സംഘങ്ങളെ അലോസരപ്പെടുത്താന്‍ തുടങ്ങി. എന്നാല്‍ ഇത്തവണ ഈ തീപൊരി മധ്യ ഇറാഖിലും ഇറാനിലുമെത്തി. ഹിജ്‌റ 1216-ല്‍, ക്രിസ്തുവര്‍ഷം 1802-ല്‍ കര്‍ബല, മുഅല്ല, നജ് അശ്‌റഫ്, ബലദുല്‍ ഹുസൈന്‍ തുടങ്ങിയ രാജ്യങ്ങളെ നജ്ദുകാര്‍ ആക്രമിച്ചു. അവിടങ്ങളിലെ ധനങ്ങളും രത്‌നങ്ങളുമെല്ലാം പിടിച്ചെടുത്ത് അവ പട്ടാളക്കാരുടെ ഇടയില്‍ വിതരണം ചെയ്തു. ഖബറുകളുടെ മേല്‍ പടുത്തുയര്‍ത്തിയിരുന്ന എടുപ്പുകള്‍ പൊളിച്ചു നീക്കി’ (ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും. പേ, 67,68).
കേരളത്തിലെ വഹാബി നേതാവായിരുന്ന ഇ.കെ മൗലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറക്കിയിരുന്ന അല്‍ ഇത്തിഹാദ് മാസിക എഴുതി: 1803 ഏപ്രില്‍ 30-ാം തിയ്യതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബലാ പട്ടണം വളഞ്ഞു. ഹുസൈന്‍(റ) മഖാം കൊള്ളയടിച്ചു. അവിടേക്ക് അനറബികളായ സന്ദര്‍ശകന്മാര്‍ വഴിപാടു കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയില്ല. എന്തുകൊണ്ടെന്നാല്‍ ഖബറിന് വഴിപാടു കൊടുക്കുന്നവരുടെ നേരെ അവര്‍ക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകളുടെ നേരെ ഉണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു (പുസ്തകം, 2 ലക്കം, 7- 1955).
നോക്കൂ. എത്ര അഭിമാനത്തോടെയാണ് കേരളത്തിലെ വഹാബികള്‍ ഈ കൊടുംക്രൂരതയെ ആഘോഷിക്കുന്നത്. കേരളത്തിന് സമാധാനവും സഹിഷ്ണുതയും പഠിപ്പിക്കാനുള്ള യോഗ്യത ഈ ഭീകര പ്രസ്ഥാനത്തിനു തന്നെയാണുള്ളത്! ഈ ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും ആവേശംകൊണ്ടും ഈ ആദര്‍ശധാരയുടെ പ്രചോദനത്തിലും തന്നെയാണ് ഇവര്‍ എടവണ്ണയിലെയും കുറ്റ്യാടിയിലെയും ഖബറുകള്‍ മുമ്പ് തകര്‍ത്തതും ഇപ്പോള്‍ നാടുകാണിയിലെ മഖാം പൊളിച്ച് തെങ്ങിന്‍തൈ നട്ടതും. ഇറാഖിലും സിറിയയിലും ഈജിപ്തിലും കാണുന്ന ക്രൂരതകള്‍ കേരളത്തിലും സംഭവിക്കാതിരിക്കണമെങ്കില്‍ ഈ തീവ്രവാദ പ്രസ്ഥാനത്തെ തിരസ്‌കരിക്കാനും ഒറ്റപ്പെടുത്താനും പ്രബുദ്ധ കേരളം ഒന്നിച്ചുനില്‍ക്കണം. ഇക്കാര്യം 1920 മുതല്‍ ദീര്‍ഘവീക്ഷണത്തോടെ പ്രഖ്യാപിക്കുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. എന്നാല്‍ ഇവിടെയും രാഷ്ട്രീയത്തിന്റെ മറവില്‍ പതിയിരുന്ന് വികലമായ ആശയത്തെ ഒളിച്ചു കടത്തുകയാണ് സലഫികള്‍. അറിഞ്ഞോ അറിയാതെയോ ഇവരുടെ കളിപ്പാട്ടങ്ങളായിമാറുകയാണ് ചില രാഷ്ട്രീയ നേതാക്കള്‍.
1811-ല്‍ ഉസ്മാനിയ ഖലീഫ സുല്‍ത്വാന്‍ മുഹമ്മദ് ഖാന്റെ നിര്‍ദേശ പ്രകാരം ഈജിപ്ത് ഗവര്‍ണര്‍ മുഹമ്മദലി പാഷ പതിനായിരം വരുന്ന ഒരു സൈന്യത്തെ വഹാബികളെ നേരിടാന്‍ നിയോഗിച്ചു. നീണ്ട എട്ടു വര്‍ഷത്തെ പോരാട്ടത്തിനു ശേഷം ഹറമൈനിയും നജ്ദും കീഴടക്കി തുര്‍ക്കി പതാക വീണ്ടും നാട്ടി. അന്നത്തെ വഹാബി രാജാവ് അബ്ദുല്ലയെ തുര്‍ക്കിയിലെ ഇസ്തംബൂളിലെത്തിച്ചു വിചാരണ നടത്തി തൂക്കിലേറ്റി. പിന്നീട് ഒരു നൂറ്റാണ്ടു കാലം വഹാബികള്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നില്ല.
ശേഷം 1914-18 കാലത്തു നടന്ന ഒന്നാം ലോക യുദ്ധസമയത്ത് തുര്‍ക്കിക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടി അറബു നാടുകളില്‍ നിന്നും ശത്രുക്കളെ സൃഷ്ടിച്ച് മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കുന്നതിന്റെ ഭാഗമായി കേണല്‍ ടി.എന്‍ ലോറന്‍സിനെ വഹാബികള്‍ക്ക് പരിശീലനം നല്‍കാനായി ബ്രിട്ടന്‍ അയച്ചുകൊടുത്തു. മുസ്‌ലിം ലോകം ഒന്നിച്ചുനിന്ന് ഖിലാഫത്തിന്റെ സംരക്ഷണത്തിനായി പോരാടിയപ്പോള്‍ വഹാബികള്‍ ബ്രിട്ടീഷുകാരില്‍ നിന്നും പണം വാങ്ങി ആഭ്യന്തര കലാപമുണ്ടാക്കുകയും വീണ്ടും സ്വയംഭരണം പ്രഖ്യാപിച്ച് മുന്നോട്ടു വരികയുമായിരുന്നു. ഈ സംഭവം നെഹ്‌റുവിന്റെ വിശ്വചരിത്രാവലോകം എന്ന കൃതിയില്‍ കാണാം.
ഇറാഖില്‍ സദ്ദാം വധിക്കപ്പെട്ടപ്പോഴുണ്ടായ ശ്യൂന്യതയില്‍ നിന്ന് മറ്റൊരു സലഫി ഭരണകൂടത്തെ സൃഷ്ടിക്കാനുള്ള അബൂബക്കര്‍ ബഗ്ദാദിയുടെ ശ്രമമാണ് ഐഎസ് എന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പിറവിക്ക് വഴിയൊരുക്കിയത്. അവിടെ നിന്നും സിറിയയിലേക്കും ലിബിയയിലേക്കും ഇവര്‍ നീങ്ങി. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകള്‍ ഇവര്‍ ചെയ്തു കൂട്ടി. നേരത്തെ ഈ ആശയധാരയെ പിന്തുണച്ചിരുന്ന സഊദി ഭരണകൂടം പോലും സലഫിസത്തെ തള്ളിപ്പറഞ്ഞിരിക്കുന്ന സാഹചര്യമാണിപ്പോള്‍ സംജാതമായിരിക്കുന്നത്. മുസ്‌ലിം സമൂഹം മുമ്പൊന്നുമില്ലാത്തവിധം സത്വപ്രതിസന്ധി നേരിടുകയാണിപ്പോള്‍. തീര്‍ത്തും ഭീതിതമായൊരു ചിത്രമാണ് ഇസ്‌ലാമിനെക്കുറിച്ച് ലോകം ഉറപ്പിച്ചുവെച്ചിരിക്കുന്നത്. ഇസ്‌ലാം പേടിയും മുസ്‌ലിം വിരുദ്ധതയും ആഘോഷിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ ഇസ്‌ലാം സമാധാനമാണെന്നും മതത്തെ ഭീകരതയാക്കുന്നത് സലഫിസമാണെന്നും ലോകത്തെ പഠിപ്പിക്കേണ്ടതുണ്ട്. അതിനായുള്ള വ്യവസ്ഥാപിത ശ്രമമാണ് സുന്നീ യുവജന സംഘം നടത്തുന്ന ‘തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു.’ കാമ്പയിന്‍. ഇത്തരം ഭീകരവാദ പ്രസ്ഥാനങ്ങളുടെ പിടിയില്‍ നിന്നും ലോകജനതയെയും രാഷ്ട്രങ്ങളെയും രക്ഷിക്കാന്‍ നമുക്കൊന്നായി പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.