91 വർഷമാണ് ഉമവിയ്യ ഖിലാഫത്തിന്റെ കാലം. ഗ്രിഗേറിയൻ കണക്കു പ്രകാരം 88 വർഷവും ഏതാനും മാസങ്ങളും. നബി(സ്വ)യുടെ പേരമകൻ ഹസൻ(റ) ഖലീഫ സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ഹിജ്‌റ 41 റബീഉൽ അവ്വലിൽ മുആവിയ(റ)വിനെ മുസ്‌ലിം ലോകം ഭിന്നാഭിപ്രായമില്ലാതെ ബൈഅത്ത് ചെയ്ത് ഖലീഫ സ്ഥാനം ഏൽപ്പിച്ചതോടെയാണ് ഉമവിയ്യ ഖിലാഫത്തിന് തുടക്കം കുറിക്കുന്നത്. രാഷ്ട്രീയമായ പല കാരണങ്ങളാൽ വിഘടിച്ചു നിന്ന മുസ്‌ലിം സമുദായം ഒന്നിച്ച ആ വർഷം (ഹിജ്‌റ 41) ആമുൽ ജമാഅ എന്ന പേരിൽ അറിയപ്പെടുന്നു.

ഹി. 132ൽ (ഹി. 131ലെന്നും അഭിപ്രായമുണ്ട്) ഇമാം ബൂസ്വീരി(റ)യുടെ നാടായ ഈജിപ്തിലെ ബൂസ്വീറയിൽവെച്ച് മർവാനുബ്‌നു മുഹമ്മദ് എന്ന ഉമവി ഖലീഫ കൊല്ലപ്പെട്ടതോടെയാണ് ഉമവിയ്യ ഖിലാഫത്തിന് അന്ത്യം കുറിക്കുന്നത്.

ഉമവിയ്യ കാലഘട്ടത്തിൽ ഇസ്‌ലാമിന് വമ്പിച്ച മുന്നേറ്റങ്ങളും വിജയങ്ങളും പ്രചാരണവും വികാസവും വിജ്ഞാന രംഗത്ത് സ്‌ഫോടനാത്മക പുരോഗതിയുമുണ്ടായി. അതേസമയം തന്നെ പല ഭരണാധികാരികളുടെയും കാലത്ത് അശുഭകരമായ പിഴവുകളും അരങ്ങേറിയിട്ടുണ്ട്. ഇവയെല്ലാം സമ്മിശ്രമായി അപഗ്രഥിക്കുമ്പോൾ മാത്രമാണ് ഉമവിയ്യ ഖിലാഫത്തിന്റെ ചരിത്രം കൃത്യമായി മനസ്സിലാക്കാനാകുക.
ചിലർ രാജാക്കന്മാരുടെ കഥകൾ മാത്രമാണ് പങ്കുവെക്കുക. പലതും വ്യാജ കഥകളുമായിരിക്കും. അത്തരം കഥകൾ ഊതി വീർപ്പിച്ച് ഉമവിയ്യ ഘട്ടത്തെ ജാഹിലിയ്യ കാലഘട്ടത്തിന് തുല്യമായി ചില ചരിത്രകാരന്മാർ ചിത്രീകരിച്ചിട്ടുണ്ട്. കർബല സംഭവം, ഹർറ സംഭവം, ഇബ്‌നു സുബൈർ(റ)വിനെതിരെ മക്കയിൽ നടന്ന അതിക്രമം തുടങ്ങിയവ ഇരുണ്ട ചരിത്രങ്ങൾ എന്ന പേരിൽ ചില ഗ്രന്ഥകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് നമ്മുടെയിടയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇത് തിരുത്തി എഴുതപ്പെടേണ്ടതുണ്ട്.
തിരുനബി(സ്വ) പറയുന്നുണ്ട്: ലോകത്ത് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ തലമുറകളിൽ ഏറ്റവും ഉത്തമമായത് എന്റെ തലമുറയാണ്. അഥവാ ഒന്നാം നൂറ്റാണ്ട്, പിന്നെ രണ്ടാം നൂറ്റാണ്ടും അതു കഴിഞ്ഞാൽ മൂന്നാം നൂറ്റാണ്ടും.’ ഈ ഒന്നാം നൂറ്റാണ്ടിൽ അറുപത് വർഷം ഇസ്‌ലാമിക ഭരണം നടത്തിയത് ഉമവിയ്യാക്കളാണ്. അതുകൊണ്ട് തന്നെ ഉമവിയ്യാക്കളെ കുറിച്ച് പ്രചരിപ്പിക്കുന്ന പലതും ഇസ്‌ലാമിന്റെ പേരിൽ കടത്തിക്കൂട്ടിയ വ്യാജ കഥകളാണെന്ന് വ്യക്തം.
ഇസ്‌ലാമിക ചരിത്രം ഗ്രന്ഥരൂപത്തിൽ ക്രമാനുഗതമായി എഴുതപ്പെട്ടു തുടങ്ങുന്നത് അബ്ബാസിയ്യ ഖിലാഫത്ത് കാലത്താണ്. അതിന് മുമ്പ് വാമൊഴിയായാണ് ചരിത്രം കൈമാറിയിരുന്നത്. അബ്ബാസിയ്യ ഖിലാഫത്ത് നിലവിൽ വരുന്നത് ഉമവിയ്യ ഖിലാഫത്തിന്റെ പതനത്തിനു ശേഷമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ രംഗത്ത് അബ്ബാസിയ്യാക്കളുടെ കഠിന ശത്രുക്കളായിരുന്നു ഉമവിയ്യാക്കൾ. അവരെ ഇകഴ്ത്തി കാണിക്കുകയെന്നത് അബ്ബാസികളുടെ ലക്ഷ്യമായിരുന്നു. തന്നെയുമല്ല, ആദ്യകാല ചരിത്രകാരന്മാരിൽ പ്രമുഖർ ശീഈ പക്ഷപാതികളായിരുന്നു. ഇബ്‌നു ത്വബാ ത്വബാ, മസ്ഊദി, വാഖിദി തുടങ്ങിയവർ അവരിൽ ചിലരാണ്. ഉമവി ചരിത്രത്തെ അവരും വക്രീകരിച്ചവതരിപ്പിച്ചു. ശിയാക്കളുടെ പിന്തുണയും സഹകരണവും കൊണ്ടും അവർ നടത്തിയ സമരങ്ങളുടെ ഫലവുമായാണ് അബ്ബാസികൾക്ക് ഖിലാഫത്ത് ലഭിക്കുന്നത്. ഇതല്ലാതെ അബ്ബാസിയ്യാക്കൾക്ക് അധികാരം കിട്ടാൻ പര്യാപ്തമായ ഒരു സാഹചര്യവും അന്നില്ലായിരുന്നു.

ഉമവികളും അബ്ബാസികളും

ഒരേ ആശയത്തിലും ആദർശത്തിലും വിശ്വസിക്കുന്ന രണ്ടു ഗോത്രങ്ങളിൽ പെട്ടവരാണ് ഉമവികളും അബ്ബാസികളും. അബ്ബാസികൾ ബനൂഹാശിം ഗോത്രക്കാരും ഉമവികൾ ബനൂഉമയ്യ ഗോത്രക്കാരുമാണ്. രണ്ടും അബ്ദുമനാഫിന്റെ പേരക്കുട്ടികളിൽ പെട്ടവർ. നബി(സ്വ)യുടെ ഉപ്പാപ്പമാരിൽപെട്ട അബ്ദുമനാഫിന്റെ നാലു മക്കളിലൊരാളായ അബ്ദുശംസിന്റെ മകൻ ഉമയ്യത്ത് അറബികൾക്കിടയിൽ വളരെ പ്രസിദ്ധനായിരുന്നു. അതുകൊണ്ടുതന്നെ അബ്ദുശംസിലേക്ക് ചേർത്തിപ്പറയുന്നതിലേറെ മകൻ ഉമയ്യത്തിലേക്ക് ചേർത്താണ് ആ ഗോത്രം അറിയപ്പെട്ടത്. അബ്ദുശംസ് താരതമ്യേന പ്രഗത്ഭനോ പ്രശസ്തനോ ആയിരുന്നില്ല. മാത്രമല്ല, അദ്ദേഹം ശാരീരികമായി ചില ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തിയുമായിരുന്നു. അറബി വ്യാകരണ പ്രകാരം അബ്ദുശംസിയ്യ് എന്ന് പേരിലേക്ക് ചേർത്തു പറയൽ ബുദ്ധിമുട്ടായതിനാലും ആ ഗോത്രം അബ്ശമികൾ എന്ന പേരിലാണ് അറിയപ്പെട്ടത്. സഹോദരൻ ഹാശിമിന്റെ സമപ്രായക്കാരനും അദ്ദേഹത്തിന് തുല്യംവെക്കാൻ പറ്റിയ വ്യക്തിത്വവുമായിരുന്ന അബ്ദുശംസിന്റെ മകൻ ഉമയ്യത്തിലേക്കു ചേർത്ത് ബനൂഉമയ്യ എന്ന് ആ പരമ്പര അറിയപ്പെടുകയും ചെയ്തു.
അബ്ദുശംസിന്റെ സഹോദരങ്ങളായിരുന്ന ഹാശിമും മുത്വലിബും നൗഫലും പ്രഗത്ഭരും അറിയപ്പെട്ടവരുമായിരുന്നതിനാൽ ബനൂഹാശിം, ബനൂമുത്വലിബ്, ബനൂനൗഫൽ എന്ന പേരുകളിൽ അവരുടെ പരമ്പര പ്രസിദ്ധമായി.
ഉമയ്യത്തിന് ധാരാളം മക്കളുണ്ടായിരുന്നു. ഇവരിൽ ഹർബിന്റെ (കച്ചവട യാത്രക്കിടയിൽ വിജനമായ സ്ഥലത്തുവെച്ച് ജിന്നിന്റെ ആക്രമണത്തിലാണ് ഇദ്ദേഹം മരണപ്പെട്ടതത്രെ. അവിടെ തന്നെ മറമാടപ്പെട്ടു.) മകൻ അബൂസുഫ്‌യാ(റ)ന്റെ മകൻ മുആവിയ(റ)യാണ് ഉമവിയ്യ ഖിലാഫത്തിന് തുടക്കമിട്ടത്.
12 വർഷം ഭരണം നടത്തിയ മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാൻ(റ)വും ബനൂഉമയ്യ ഗോത്രത്തിൽ പെട്ടയാളാണ്. ഉസ്മാൻ(റ)വിന്റെ ഭരണവും ഉമവിയ്യ രാജഭരണവും രണ്ട് കാലഘട്ടങ്ങളിലായതിനാൽ അദ്ദേഹത്തിന്റെ ഭരണകാലത്തെ ഉമവിയ്യകളിലേക്ക് ചേർത്തു പറയാറില്ല. മാത്രമല്ല, ഉസ്മാൻ(റ) ഖിലാഫത്തുർറാശിദയിൽ പെട്ടയാളായതിനാൽ അൽഖിലാഫത്തുർറാശിദയിലേക്ക് ചേർത്താണ് അദ്ദേഹത്തെ എണ്ണുന്നത്. മറ്റു ഉമവിയ്യാക്കളുടേത് രാജഭരണവുമായിരുന്നു.

മുജ്തഹിദായ മുആവിയ(റ)

മുഫസ്സിരീങ്ങളിൽ പ്രമുഖനും മുഹദ്ദിസുമായ ഇബ്‌നു അബ്ബാസ്(റ)വിന്റെ അടിമയും ശിഷ്യനുമായ കുറൈബ്(റ) ഒരിക്കൽ ഡമസ്‌കസിൽവെച്ച് മുആവിയ(റ)വിനെ സന്ദർശിച്ച സമയത്ത് ഇശാ നിസ്‌കാരത്തിനും സുന്നത്തിനും ശേഷം ഒരു റക്അത്ത് മാത്രം വിത്ർ നിസ്‌കരിക്കുന്നത് കാണാനിടയായി. സ്വഹാബത്ത് ചുരുങ്ങിയത് മൂന്ന് റക്അത്തെങ്കിലും വിത്‌റ് നിസ്‌കരിക്കാറുണ്ട്. ഇതു കണ്ട് സംശയം തോന്നിയ കുറൈബ്(റ) ഡമസ്‌കസിൽ നിന്ന് ഉസ്താദിന്റെയടുത്ത് തിരിച്ചെത്തിയ സമയത്ത് അവിടത്തെ വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ ഇക്കാര്യം കൂടി സൂചിപ്പിച്ചു: ‘മുആവിയ(റ)വിൽ ഞാൻ ഒരു പോരായ്മ കണ്ടു. അദ്ദേഹം ഒരു ദിവസം ഒരു റക്അത്ത് മാത്രമാണ് വിത്ർ നിസ്‌കരിച്ചത്.’ ഉടനെ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘അദ്ദേഹം അങ്ങനെ ചെയ്തതിന്റെ പേരിൽ ആക്ഷേപിക്കാൻ പാടില്ല. കാരണം അദ്ദേഹം ഫഖീഹും സ്വഹാബിയുമാണ്.’ മുജ്തഹിദ് എന്ന ഉദ്ദേശ്യത്തിലാണ് മുൻകാലക്കാർ ഫഖീഹ് എന്നു പ്രയോഗിക്കാറുള്ളത്.

രാജഭരണത്തെ കുറിച്ചുള്ള മുന്നറിയിപ്പ്

മുആവിയ(റ) ധാരാളം ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്റെ വഹ്‌യ് എഴുത്തുകാരനും സ്വഹാബിയും മുജ്തഹിദുകളിൽ പ്രധാനിയുമായ അദ്ദേഹത്തിന്റെ കൈകളിൽ വന്നെത്താൻ പോകുന്ന രാജഭരണത്തെ കുറിച്ച് നബി(സ്വ) മുന്നറിയിപ്പ് നൽകിയിരുന്നു.
വലിയുപ്പ സഈദ്(റ)വിൽ നിന്ന് അംറുബ്‌നു യഹ്‌യ(റ) റിപ്പോർട്ട് ചെയ്യുന്നു: റസൂൽ(സ്വ)ക്ക് വുളൂഅ് ചെയ്യാനുള്ള വെള്ളം ഒഴിച്ചുകൊടുക്കാറുള്ളത് ബിലാൽ(റ)വാണ്. ഒരു ദിവസം നബി(സ്വ) വുളൂഅ് എടുക്കുന്ന സമയത്ത് ബിലാൽ(റ) സ്ഥലത്തുണ്ടായിരുന്നില്ല. തദവസരത്തിൽ മുആവിയ(റ) വേഗം നബി(സ്വ)യുടെ അടുത്തേക്കു വന്ന് വെള്ളം ഒഴിച്ചുകൊടുത്തു. ആരാണ് വെള്ളമൊഴിച്ചു തരുന്നതെന്നറിയാൻ അവിടന്ന് മുഖമുയർത്തി നോക്കി. ഇരുന്ന് വുളൂഅ് ചെയ്യുകയായിരുന്ന പ്രവാചകർ(സ്വ) എഴുന്നേൽക്കുകയും വെള്ളം ഒഴിച്ചുതരുന്ന മുആവിയയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് വുളൂഇനിടയിൽ മൂന്ന് പ്രാവശ്യം പറഞ്ഞു: ‘മുആവിയാ, മുസ്‌ലിം സമുദായത്തിന്റെ അധികാരം നിങ്ങളുടെ കൈകളിൽ വരുമ്പോൾ ജനങ്ങളോട് ദയയോടെ പെരുമാറണം, വിധിവിലക്കുകളിലും നിയമ നടപടികളിലും നീതി പാലിക്കണം.’
ഈ ഹദീസ് ഉദ്ധരിച്ച് മുആവിയ(റ) പറയുകയുണ്ടായി: ‘അന്നുമുതൽ മനസ്സിൽ ഞാനുറപ്പിച്ച കാര്യമാണ്, ഒരു ദിവസം മുസ്‌ലിം ലോകത്തിന്റെ അധികാരം എന്റെ കൈകളിൽ വരുമെന്നത്.’ ഒടുവിൽ അധികാരം തന്റെ കൈകളിലെത്തിയപ്പോൾ നബി(സ്വ) നൽകിയ ആ ഉപദേശങ്ങൾ മരണം വരെ കൃത്യമായി പാലിച്ചു മുആവിയ(റ). എന്നാൽ അബൂസുഫ്‌യാൻ(റ), മുആവിയ(റ) എന്നിവർക്കെതിരെ കടുത്ത ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന ശീഈ പക്ഷപാതികൾ ഇത്തരം വസ്തുതകൾ അറിയാതെ പോകുകയോ മൂടിവെക്കുകയോ ചെയ്തുവെന്നതാണ് വസ്തുത.

അബൂസുഫ്‌യാൻ(റ)വിന്റെ ഉടമ്പടികൾ

മക്ക ഫത്ഹിന്റെ ദിവസമാണ് അബൂസുഫ്‌യാൻ(റ) ഇസ്‌ലാം പ്രഖ്യാപിക്കുന്നത്. അന്ന് അദ്ദേഹം മൂന്നു കാര്യങ്ങൾ നബി(സ്വ)യോട് ആവശ്യപ്പെട്ടു: ‘ഇതുവരെ ഞാൻ അങ്ങേക്കെതിരായി നിലകൊണ്ടു. ഗുണങ്ങളൊക്കെ മുഹാജിറുകളും അൻസ്വാറുകളും നേടിയെടുത്തു. അതിന് പകരമായി ഇസ്‌ലാമിക പ്രബോധത്തിനായി ഇനിയുള്ള ജീവിതം ഞാൻ സമർപ്പിക്കുന്നു. അതിനാൽ മരണം വരെ ജിഹാദ് ചെയ്യാൻ അങ്ങ് സമ്മതം തരണം.’ ഇതായിരുന്നു ഒന്നാമത്തെ ഉടമ്പടി. അതനുസരിച്ച് ഉമർ(റ) വിന്റെ ഭരണത്തിന്റെ അവസാന കാലത്ത് വഫാത്താകുന്നത് വരെ ഒന്നിനു പിറകെ മറ്റൊന്നാന്നായി ഇസ്‌ലാമിന് വേണ്ടിയുള്ള പടയോട്ടങ്ങളിൽ പങ്കെടുത്ത് ദീനീ ദഅ്‌വത്തിലായി ജീവിതം സമർപ്പിച്ചു മഹാൻ.
ഇതിനിടയിൽ അദ്ദേഹത്തിന്റെ രണ്ടു കണ്ണും നഷ്ടപ്പെട്ടുകയുണ്ടായി. അപ്പോൾ പടക്കളങ്ങളിലെ വിദഗ്ധനായ ഉപദേഷ്ടാവായി നിലകൊണ്ടു. പ്രായത്തിന്റെ അവശതകൾ വകവെക്കാതെ ശാമിനെതിരായ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു. യർമൂക്ക് യുദ്ധത്തിൽ വെന്നിക്കൊടി പാറിച്ചവരിൽ പ്രധാനിയും അദ്ദേഹം തന്നെ.
തന്റെ രണ്ടാമത്തെ മകളെ കൂടി നബി(സ്വ) വിവാഹം ചെയ്യണമെന്നതായിരുന്നു അടുത്ത ഉടമ്പടി. അതനുവദനീയമല്ലെന്ന് പറഞ്ഞ് പ്രവാചകർ(സ്വ) സ്‌നേഹ പൂർവം നിരസിച്ചു. ഉമ്മുഹബീബ(റ) എന്ന മകളെ റസൂൽ(സ്വ) വിവാഹം ചെയ്ത ശേഷം പിന്നീടൊരിക്കലും അബൂസുഫ്‌യാൻ നബി(സ്വ)യോട് യുദ്ധത്തിന് വന്നിട്ടില്ല.
മൂന്നാമത്തേത്, തന്റെ മകൻ മുആവിയയെ അവിടത്തെ എഴുത്തുകാരനാക്കണമെന്നതായിരുന്നു. നബി(സ്വ) അതനുവദിച്ചു. അന്നുമുതൽ തിരുദൂതരുടെ പ്രധാന വഹ്‌യ് എഴുത്തുകാരനായിരുന്നു മുആവിയ(റ).

(തുടരും)

സുലൈമാൻ ഫൈസി കിഴിശ്ശേരി

കേട്ടെഴുത്ത്: സയ്യിദ് സൽമാൻ അദനി കരിപ്പൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ