നമ്മെ തെറ്റിദ്ധരിക്കുന്നതിനിട വരാതിരിക്കാൻ പരമാവധി ശ്രമിക്കണം. ജനങ്ങൾ നമ്മെ പരദൂഷണം പറയുന്നതിനും ചീത്ത വിളിക്കുന്നതിനും കളമൊരുക്കുന്നത് ഒരു പാപത്തിൽ പങ്കാളിയാകുന്നതിന് തുല്യമാണ്. അനസ്(റ) പറയുകയുണ്ടായി. തിരുനബി(സ്വ) ഒരു ദിവസം തന്റെ ഭാര്യമാരിലൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കവെ വഴിയിലൂടെ ഒരു സ്വഹാബി പോകാനിടയായി. ഉടൻ നബി(സ്വ) അദ്ദേഹത്തെ അടുത്തേക്ക് വിളിച്ച് ഇങ്ങനെ അറിയിച്ചു: ഇത് എന്റെ പത്‌നി സ്വഫിയ്യയാണ്.
സ്വഹാബി പറഞ്ഞു: നബിയേ, അവിടത്തെ ആരെങ്കിലും തെറ്റിദ്ധരിക്കുമോ? ഞാൻ എന്തായാലും ഒന്നും തെറ്റായി ധരിച്ചിട്ടില്ലതന്നെ.
അപ്പോൾ പ്രവാചകർ(സ്വ) പ്രതികരിച്ചു: പിശാച് മനുഷ്യ ശരീരത്തിൽ രക്തം ചംക്രമണം ചെയ്യുന്നിടത്തെല്ലാം സഞ്ചരിക്കുന്നുണ്ട് (മുസ്‌ലിം). റമളാൻ അവസാന പത്തിൽ തിരുനബി(സ്വ) സ്വഫിയ്യ ബീവി(റ)യെ സന്ദർശിച്ചപ്പോഴായിരുന്നു ഈ സംഭവം.
ഉമർ(റ) പറഞ്ഞു: തെറ്റിദ്ധരിക്കുന്നിടത്തേക്ക് സ്വയം പ്രത്യക്ഷനായി ആളുകൾ തന്നെപ്പറ്റി മോശം ധരിക്കാനിടവന്നാൽ ആരെയും കുറ്റം പറയേണ്ട. തന്നെത്തന്നെ കുറ്റപ്പെടുത്തിയാൽ മതി.
ഒരു നാൾ ഉമർ(റ) നടന്നു പോകുമ്പോൾ ഒരുത്തൻ വഴിയരികിൽ ഒരു സ്ത്രീയുമായി സംസാരിക്കുന്നത് കണ്ടു. ഖലീഫ വടിയോങ്ങുന്നത് കണ്ട് അയാൾ പറഞ്ഞു: അമീറുൽ മുഅ്മിനീൻ, ഇതെന്റെ ഭാര്യയാണ്. ഖലീഫയുടെ പ്രതികരണം: എങ്കിൽ ആളുകൾ കാണാത്തിടത്തേക്ക് മാറിനിന്ന് സംസാരിച്ചുകൂടേ നിനക്ക്?
ശിപാർശകരാകാം
മുസ്‌ലിംകൾ പരസ്പരം ശിപാർശകരാവുക എന്നത് പ്രധാന പുണ്യമാണ്. ഉന്നതങ്ങളിലെ തന്റെ പിടിപാടും പരിചയവും ഉപയോഗപ്പെടുത്തി സുഹൃത്തിന്റെ ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കുന്നത് ഇതിന്റെ ഭാഗമാകുന്നു. മറ്റൊരാൾക്ക് വേണ്ടി ശിപാർശ ചെയ്യുന്നത് റസൂൽ(സ്വ) പ്രോത്സാഹിപ്പിച്ച കാര്യമാണ്. അവിടന്ന് അരുളി: എന്റെ അരികിൽ പലരും വന്ന് പല ആവശ്യങ്ങൾ ഉന്നയിക്കുന്നു. നിങ്ങൾ എന്റെ അരികിൽ ശിപാർശകരാവുന്നു. നിങ്ങൾ ശിപാർശ ചെയ്യുക. പ്രതിഫലങ്ങൾ സ്വന്തമാക്കുക. അല്ലാഹു തന്റെ പ്രവാചകൻ മുഖാന്തരം ഇച്ഛിച്ചത് നടപ്പാക്കുന്നവനാകുന്നു (ബുഖാരി, മുസ്‌ലിം).
ഞാൻ ചില കാര്യങ്ങൾ പിന്തിച്ചിട്ടേക്കാം. ആയതിനാൽ നിങ്ങൾ ശിപാർശ ചെയ്യുക. പുണ്യം നേടുക എന്ന് മറ്റൊരു ഹദീസിൽ കാണാം. ഏറ്റവും വലിയ ദാനധർമം നാവിന്റേതാണെന്ന് അവിടന്നു പറഞ്ഞപ്പോൾ ഒരാൾ ചോദിച്ചു: അതെങ്ങനെയാണ് നബിയേ? ശഫാഅത്തിനെ പറ്റിയാണ് ഞാൻ പറഞ്ഞത്, അത് അപരന് നന്മ വരുത്തുന്നു, പ്രയാസങ്ങൾ നീക്കുന്നു എന്നായിരുന്നു തിരുദൂതരുടെ മറുപടി (ഖറാഇത്വി, ത്വബ്‌റാനി).
അടിമയായ മുഗീസിന്റെ ഭാര്യയായിരുന്നു ബരീറ. ബരീറക്ക് യഥാർത്ഥത്തിൽ മുഗീസിൽ തീരെ താൽപര്യമുണ്ടായിരുന്നില്ല. മുഗീസിനാണെങ്കിൽ ഭാര്യ ജീവനും. ഏതായാലും അദ്ദേഹത്തിൽ നിന്ന് ബരീറ വിവാഹ മോചനം തേടി. അതോടെ അയാൾ അസ്വസ്ഥനായി. തീരുമാനം മാറ്റാൻ കേണപേക്ഷിച്ചു. കരഞ്ഞു കരഞ്ഞു താടി കണ്ണീരിൽ കുതിർന്നു. ഇത് കാണാനിടയായ റസൂൽ(സ്വ) അബ്ബാസ്(റ)വിനോട് തിരക്കി: മുഗീസ് ബരീറയെ പ്രണയിക്കുന്നത് കണ്ടിട്ട് താങ്കൾക്ക് അത്ഭുതം തോന്നുന്നില്ലേ.
തിരുദൂതർ ഒടുവിൽ ബരീറയെ വിളിച്ചുവരുത്തി: ബരീറാ, നിനക്ക് മുഗീസിനെ തന്നെ ഇണയാക്കിക്കൂടേ? നിന്റെ മകന്റെ പിതാവല്ലേ അദ്ദേഹം.
ബരീറ പറഞ്ഞു: യാ റസൂലല്ലാഹ്, അങ്ങ് അങ്ങനെയാണ് കൽപിക്കുന്നതെങ്കിൽ ഞാൻ സ്വീകരിക്കാം. റസൂലിന്റെ പ്രതികരണം: കൽപനയായിട്ടല്ല, ഞാനൊരു ശിപാർശകനായി പറഞ്ഞെന്നു മാത്രം (ബുഖാരി).
രോഗീ സന്ദർശനം
പെരുമാറ്റ ശീലങ്ങളിൽ പ്രധാനമാണ് രോഗീ സന്ദർശന മര്യാദകൾ. സാമാന്യബോധവും ഇസ്‌ലാമും ഇക്കാര്യം വേണ്ടവിധം ഉണർത്തുന്നു. സന്ദർശകന് പല ചിട്ടകളും പാലിക്കാനുണ്ട്. രോഗിയുടെ അടുക്കൽ കുറഞ്ഞ സമയം ഇരിക്കുക, ബുദ്ധിമുട്ടാക്കാത്ത വിധമുള്ള ചോദ്യങ്ങളിൽ കുശലാന്വേഷണം നടത്തുക, ആശ്വസിപ്പിക്കുക, ദയാപൂർവം പെരുമാറുക, ഗുണകാംക്ഷയോടെ സുഖശമനങ്ങൾക്കായി പ്രാർത്ഥിക്കുക, പറ്റാത്തതു കാണുന്ന മാത്രയിൽ കണ്ണുകൾ താഴ്ത്തുക, അകത്തു കയറാൻ സമ്മതമാരായുമ്പോൾ വാതിലിനു നേരെ നിൽക്കുകയോ ഉള്ളിലേക്കു നോക്കുകയോ ചെയ്യാതിരിക്കുക, വാതിലിൽ തട്ടുമ്പോൾ നേരിയ ശബ്ദത്തിലാവുക, ആരാണെന്നു ചോദിച്ചാൽ ഞാൻ എന്നല്ല; മനസ്സിലാകും വിധം പരിചയപ്പെടുത്തുക എന്നീ മര്യാദകൾ പാലിക്കണം.
നബി(സ്വ) അരുളി: രോഗീ സന്ദർശനത്തിന്റെ പൂർണത രോഗിയുടെ നെറ്റിയിലോ കൈയിലോ സ്വന്തം കൈ വെച്ച് എങ്ങനെയുണ്ടെന്ന് തിരക്കുന്നതിലാകുന്നു. അഭിവാദനത്തിന്റെ പൂർണത മുസ്വാഫഹത്തിലാകുന്നു.
മറ്റൊരു ഹദീസ്: രോഗിയെ സന്ദർശിക്കുന്നവൻ സ്വർഗീയാരാമത്തിലിരിക്കുന്നവനാകുന്നു. അവൻ എഴുന്നേൽക്കുന്നത് വരെ എഴുപതിനായിരം മലക്കുകൾ രാത്രി വരെ പാപമോചന പ്രാർത്ഥന നടത്തുന്നതാണ് (അസ്വ്ഹാബുസ്സുനൻ). രോഗീ സന്ദർശനത്തിനിറങ്ങുന്നവൻ ഇലാഹീ റഹ്‌മത്തി(കാരുണ്യം)ൽ പ്രവേശിച്ചവനായി. രോഗിക്കരികിൽ ഇരുന്നു കഴിഞ്ഞാൽ റഹ്‌മത്തിൽ സുസ്ഥിരമായവനായി (ഹാകിം, ബൈഹഖി). ഒരു മുസ്‌ലിം തന്റെ സുഹൃത്തിനെ സന്ദർശിക്കാനിറങ്ങിയാൽ അല്ലാഹു ഇങ്ങനെ ആശംസിക്കുകയായി: നിന്റെ പ്രയാണം സുഗമമായിരിക്കുന്നു, നീ സ്വർഗത്തിൽ ഒരു ഭവനം സമ്പാദിച്ചിരിക്കുന്നു (തിർമിദി, ഇബ്‌നു മാജ).
രോഗിയെ സന്ദർശിക്കാൻ വരുന്നവരോട് രോഗിയും വീട്ടുകാരും മാന്യമായി പെരുമാറണം. തന്റെ സംസാരത്തിൽ പ്രതീക്ഷ നിറക്കണം. നബി(സ്വ) പറഞ്ഞു: ഒരു ദാസന് അസുഖമായാൽ അല്ലാഹു രണ്ട് മലക്കുകളെ പറഞ്ഞയക്കുന്നതാണ്. എന്താണ് രോഗി തന്നെ സന്ദർശിക്കുന്നവരോട് പറയുന്നതെന്ന് നിരീക്ഷിക്കാൻ അവരോട് നിർദേശിക്കും. മലക്കുകൾ തിരിച്ചെത്തി ഇങ്ങനെ അറിയിക്കും: നാഥാ, നിനക്കറിയുന്നത് പോലെ നിന്നെ പ്രകീർത്തിക്കുകയും സ്തുതികളർപ്പിക്കുകയുമൊക്കെയാണ് ആ രോഗി ചെയ്യുന്നത്. അപ്പോൾ അല്ലാഹു പറയും: എന്റെ ദാസൻ മരിക്കുകയാണെങ്കിൽ അവനെ ഞാൻ സ്വർഗസ്ഥനാക്കുന്നതാണ്. അസുഖം ഞാൻ ശമിപ്പിക്കുകയാണെങ്കിൽ പുതിയ മജ്ജയും മാംസവും രക്തവും ഞാനവനിൽ നിറക്കുന്നതും പാപങ്ങൾ പൊറുക്കുന്നതുമാണ് (മുവത്വ).
തിരുനബി(സ്വ) പറയുകയുണ്ടായി: ഒരാളിൽ അല്ലാഹു നന്മ ഉദ്ദേശിച്ചാൽ ചില പ്രയാസങ്ങൾ വരുത്തുന്നതാണ് (ബുഖാരി). രോഗീ സന്ദർശനത്തിൽ ഏറ്റവും ശ്രേഷ്ഠമായത് ഏറ്റവും ലളിതമായതാകുന്നുവെന്ന് ത്വാവൂസ്(റ).
ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: രോഗ സന്ദർശനം ഒരു തവണ സുന്നത്താണ്. അതിലപ്പുറം സന്ദർശിക്കുന്നതൊക്കെ ഐച്ഛികമത്രെ. ഒരു ഹദീസിൽ കാണാം: നിങ്ങൾ ഇടക്കിടെ രോഗിയെ സന്ദർശിക്കുക. സന്ദർശനം ലളിതമായിരിക്കട്ടെ (ഇബ്‌നു അബിദ്ദുൻയാ).
രോഗിയുടെ പ്രധാന മര്യാദ നന്നായി ക്ഷമിക്കുകയും പരാതിയും പരിഭവവും പേടിയും ഒഴിവാക്കുകയും ചെയ്യുക എന്നതാണ്. മരുന്ന് സേവിക്കുമ്പോൾ ആ ഔഷധത്തിന്റെ റബ്ബിൽ നന്നായി തവക്കുലാക്കേണ്ടതുണ്ട്.
സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി