ബിബ്ലിയ (പുസ്തകങ്ങള്‍) എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ബൈബിള്‍ എന്ന ഇംഗ്ലീഷ് പദം നിഷ്പന്നമായിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിലാണ് വിശുദ്ധ പുസ്തകങ്ങളുടെ സമാഹാരം അഥവാ ദൈവിക വെളിപാടുകളുടെ ഗ്രന്ഥാലയം എന്ന അര്‍ത്ഥത്തില്‍ ബൈബിള്‍ എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്.

മൂസാ നബി(അ)ന് നല്‍കപ്പെട്ട തൗറാത്തും (തോറ) ഈസാ നബി(അ)ന് അവതരിച്ച ഇഞ്ചീലും (സുവിശേഷങ്ങള്‍) ദാവൂദ് നബി(അ)ന് ലഭിച്ച സബൂറും (സങ്കീര്‍ത്തനങ്ങള്‍) തന്നെയാണ് ബൈബിള്‍ പുസ്തകങ്ങള്‍ എന്നാണ് ആധുനിക ക്രൈസ്തവ മിഷണറിമാരുടെ വാദം. ഇത് വിലയിരുത്തുന്നതിന് മുമ്പ് ബൈബിളിനെക്കുറിച്ച്, ബൈബിള്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ ചില വസ്തുതകള്‍ പരിശോധിക്കാം.

കേരളാ കാത്തലിക് ബൈബിള്‍ സൊസൈറ്റി പുറത്തിറക്കുന്ന ബൈബിളിന്റെ ആമുഖത്തില്‍ ഇപ്രകാരം വായിക്കാം:

“ബൃഹത്തായ ഈ ഗ്രന്ഥസമാഹാരം ആയിരത്തിലേറെ വര്‍ഷം കൊണ്ടാണ് (ക്രി.മു 1200ക്രി. വ. 100) വിരചിതമായത്. ഇവയില്‍ ഏറിയ പങ്കും ആദ്യം വാചിക പാരമ്പര്യങ്ങളായി സമൂഹത്തില്‍ പരിരക്ഷിക്കപ്പെട്ടുപോന്നു. ഈ പാരമ്പര്യങ്ങള്‍ കൂട്ടിയിണക്കിയാണ് പിന്നീട് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്. ഉദാഹരണത്തിന് പഞ്ചഗ്രന്ഥിയില്‍ യാഹ്മിസ്റ്റ് (ജെ), എലോഹിസ്റ്റ് (ഇ) പ്രീസ്റ്റ്ലി (പി), ഡെവു ട്രോണമിസ്റ്റ് (ഡി) എന്നിങ്ങനെ പ്രധാനമായും നാലു പാരമ്പര്യങ്ങളുടെ സമന്വയം നടന്നതായി സൂചനയുണ്ട്. ഒരേ സംഭവത്തെക്കുറിച്ച് വ്യത്യസ്ത വിവരണങ്ങള്‍ കാണുന്നത് വിവിധ പാരമ്പര്യങ്ങള്‍ മൂലമാണ്. വിവിധ കാലഘട്ടങ്ങളില്‍ രൂപംകൊണ്ട ഈ ഗ്രന്ഥങ്ങളില്‍ പല രചനാ രൂപങ്ങള്‍ ദൃശ്യമാണ്. വിശ്വാസത്തിന്റെ വെളിച്ചത്തിലുള്ള ചരിത്രാഖ്യാനം, ഇതിഹാസ രൂപമായ വിവരണങ്ങള്‍, കഥകള്‍, ഉപമകള്‍, ഗീതങ്ങള്‍, പഴഞ്ചൊല്ലുകള്‍, പ്രാര്‍ത്ഥനകള്‍ തുടങ്ങിയവ ഗ്രന്ഥകാരന്റെ ഉദ്ദേശ്യവും അതിലൂടെ ബൈബിളിന്റെ സന്ദേശവും ഗ്രഹിക്കുന്നതിന് വൈവിധ്യമാര്‍ന്ന ഈ രചനാരൂപങ്ങള്‍ വേര്‍തിരിച്ചറിയുക ആവശ്യമാണ്. മാനുഷിക മാധ്യമങ്ങളിലൂടെയാണ് ദൈവവചനം നല്‍കപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളുടെ അപര്യാപ്തത ദൈവവചനത്തിന്റെ അവ്യക്തതയായി കരുതരുത്. ദൈവാവിഷ്കാരത്തിന്റെ ചരിത്രത്തിലും വളര്‍ച്ച ദൃശ്യമാണ്’ (കെസിബിസി ബൈബിള്‍, മൂന്നാം പതിപ്പ്, ആമുഖം, പേജ് 13).

പാരമ്പര്യ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാനുഷിക കരങ്ങളാല്‍ വിരചിതമായ ഗ്രന്ഥമാണ് ബൈബിളെന്നര്‍ത്ഥം. ഗ്രന്ഥകാരന്മാരുടെ അപര്യാപ്തത ബൈബിളില്‍ നിഴലിച്ചുകാണുന്നു എന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുകയാണിവിടെ. പ്രഗത്ഭ പണ്ഡിതനായ ഡോ. മൈക്കിള്‍ കാരമറ്റം പറയുന്നതിങ്ങനെയാണ്:

“ഓരോ പുസ്തകവും എഴുതപ്പെട്ട കാലത്ത് നിലവിലിരുന്ന പ്രപഞ്ച വീക്ഷണവും സാഹിത്യ ശൈലികളും മാനുഷിക ഗ്രന്ഥകാരന്മാരെ സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യം മറക്കാവതല്ല’ (വിശ്വാസത്തിന്റെ വേരുകള്‍, പേ 30).

മറ്റൊരു ബൈബിള്‍ പണ്ഡിതനായ റെയ്മണ്ട് ഇ. ബ്രൗണിന്റെ അഭിപ്രായം നോക്കൂ:

“ബൈബിളിലെ ഓരോ വാക്കും മനുഷ്യ കരങ്ങള്‍ കൊണ്ട് എഴുതപ്പെട്ടതാണ്. ബൈബിള്‍ പാരമ്പര്യങ്ങളെല്ലാം മനുഷ്യന്റെ ചിന്തയുടെ ഉല്‍പന്നങ്ങളത്രെ. എഴുതിയ ആളിന്റെ ജീവിതത്തിലുണ്ടായ അര്‍ത്ഥവും അനുഭവവുമാണ് അത് പ്രതിഫലിപ്പിക്കുന്നത്. വ്യാപകാര്‍ത്ഥത്തില്‍ വേദപുസ്തകം ഒരു തരം മാംസധാരണമാണെന്ന് പറയാം. ദൈവത്തിന്റെ നിര്‍ദേശം മനുഷ്യന്റെ വാക്കുകളിലൂടെ നമ്മില്‍ എത്തിച്ചേരുന്നു’ (ൃലുെീിലെ െീേ 101 ൂൗലെേശീി െീി വേല യശയഹല, പേ, 29).

മൂസാ നബി(അ), ഈസാ(അ), ദാവൂദ്(അ) എന്നീ പ്രവാചകന്മാര്‍ക്ക് അല്ലാഹു നേരിട്ട് ഇറക്കിക്കൊടുത്ത തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍ അല്ല ബൈബിള്‍ എന്നും പല കാലത്തുള്ള ചിലര്‍ അവരുടെ അഭിപ്രായങ്ങള്‍ എഴുതിയതാണെന്നും മേല്‍ ഉദ്ധരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നതാണ്.

മനുഷ്യകുലത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് പ്രവാചകന്മാര്‍. അവര്‍ക്ക് നല്‍കപ്പെട്ട ദൈവിക ഗ്രന്ഥങ്ങളില്‍ മുമ്പ് സൂചിപ്പിച്ചതുപോലെ ഏകത ദൃശ്യമാവുക സ്വാഭാവികമാണ്. ഏക സത്യദൈവത്തിലേക്കായിരുന്നു എല്ലാ പ്രവാചകന്മാരും ജനങ്ങളെ ക്ഷണിച്ചിരുന്നത്. അതുകൊണ്ടുതന്നെ ദൈവവചനങ്ങള്‍ ചിലത് ഉള്‍ക്കൊണ്ട മനുഷ്യരചനയായ ബൈബിളിലും ഏകദൈവികത്വത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്.

യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിനു തന്നെ (ആവര്‍ത്തനം 4/35).

ആകയാല്‍ മീതെ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നെ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞു മനസ്സില്‍ വച്ചുകൊള്‍ക (ആവര്‍ത്തനം 4/39).

യിസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ (ആവര്‍ത്തനം 6/4).

ഞാന്‍, ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോള്‍ കണ്ടുകൊള്‍വിന്‍ (ആവര്‍ത്തനം 32/39).

അതുകൊണ്ടു കര്‍ത്താവായ യഹോവേ, നീ വലിയവന്‍ ആകുന്നു. നിന്നെപ്പോലെ ഒരുത്തനുമില്ല. ഞങ്ങള്‍ സ്വന്തം ചെവി കൊണ്ടു കേട്ടതൊക്കെയും ഓര്‍ത്താല്‍ നീ അല്ലാതെ ഒരു ദൈവവും ഇല്ല (ശാമുവേല്‍ 7/22).

യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്…. (രാജാക്കന്മാര്‍ 8/59,60).

യേശു അവനോട്: സാത്താനേ, എന്നെ വിട്ട്പോ. നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു (മത്തായി 4/10).

എന്നോടു കര്‍ത്താവേ, കര്‍ത്താവേ എന്നു പറയുന്നവന്‍ ഏവനുമല്ല സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നവന്‍ അത്രേ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് (മത്തായി 7/21).

എല്ലാറ്റിലും മുഖ്യ കല്‍പന. ഏത് എന്ന് അവനോട് ചോദിച്ചു. അതിന് യേശു: എല്ലാറ്റിലും മുഖ്യ കല്‍പനയോ. യിസ്രായേലേ കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ് (മാര്‍ക്കൊസ് 12/29).

പക്ഷേ, ക്രൈസ്തവര്‍ ഇത്തരം വചനങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കുകയാണ്. അവര്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരടങ്ങുന്ന ത്രിയേക ദൈവസങ്കല്‍പത്തിലാണ് വിശ്വസിക്കുന്നത്. ഈ വ്യതിയാനത്തെക്കുറിച്ചാവാം ബൈബിളിലെ ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്.

അവര്‍ നിന്റെ (യോഹവയുടെ) കൈയില്‍ നിന്ന് അറ്റുപോയിരിക്കുന്നു (സങ്കീര്‍ത്തനം 88/5).

മാനുഷ കല്‍പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നത് കൊണ്ട് എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു (മത്തായി 15/9).

എന്നാല്‍ പരിശുദ്ധ ഖുര്‍ആന്‍ ക്രൈസ്തവരുടെ ത്രിത്വ ദൈവ സങ്കല്‍പത്തെ ശക്തമായി വിമര്‍ശിക്കുന്നതായി കാണാം:

“അല്ലാഹു മൂവരില്‍ ഒരാളാണെന്ന് എന്നു പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനും ഇല്ലതന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും (സൂറത്തുല്‍ മാഇദ/73).

ഇതിന്റെ വിശദീകരണത്തില്‍ ഇമാം റാസി(റ) പറയുന്നതിങ്ങനെ:

“ക്രിസ്ത്യാനികള്‍ ഇപ്രകാരം പറയുന്നതായി പണ്ഡിതന്മാര്‍ ഉദ്ധരിച്ചിരിക്കുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നെണ്ണം ഉള്‍ക്കൊള്ളുന്ന ഒന്നാണ് ദൈവം. ഇത് മൂന്നും ഒരു ദൈവമാണ്. സൂര്യന്‍ എന്നത് അതിന്റെ സത്തയെയും പ്രകാശത്തെയും ചൂടിനെയും ഉള്‍ക്കൊള്ളുന്ന നാമമാണല്ലോ. പിതാവുകൊണ്ട് അവരുദ്ദേശിക്കുന്നത് സത്തയെയും പുത്രന്‍ കൊണ്ടുദ്ദേശിക്കുന്നത് വചനവും റൂഹ് കൊണ്ടുദ്ദേശിക്കുന്നത് പരിശുദ്ധാത്മാവുമാണ്. മദ്യവുമായും പാലുമായും വെള്ളം കലരുന്നതുപോലെ ദൈവത്തിന്റെ വചനമായ സംസാരം യേശുവിന്റെ ശരീരവുമായി കലര്‍ന്നിരിക്കുന്നുവെന്ന് അവര്‍ വാദിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും വെവ്വേറെ ദൈവങ്ങളാണെന്നും എല്ലാം കൂടി ഒരു ദൈവമാണെന്നും അവര്‍ പറയുന്നു. ഇത് അര്‍ത്ഥശൂന്യമാണെന്ന് പ്രഥമ ബുദ്ധികൊണ്ടുതന്നെ അറിയാവുന്നതാണ്. കാരണം ഒന്ന് ഒരിക്കലും മൂന്നോ മൂന്ന് ഒരിക്കലും ഒന്നോ ആവുകയില്ലല്ലോ. ക്രിസ്ത്യാനികളുടെ ഈ വാദത്തേക്കാള്‍ പിഴച്ചതും വ്യര്‍ത്ഥവുമായ മറ്റൊന്നില്ല’ (തഫ്സീറു റാസി 6/124).

ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ത്രിത്വത്തെ സൂചിപ്പിക്കുന്ന ധാരാളം വചനങ്ങള്‍ ഉണ്ടെന്നാണ് ക്രൈസ്തവരുടെ വാദം. അങ്ങനെയാണെങ്കില്‍ മുഹമ്മദ് നബി(സ്വ) ബൈബിളില്‍ നിന്നും ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയതാണെന്ന അവരുടെ ആരോപണം വാദത്തിനു സമ്മതിച്ചാല്‍ തന്നെ ത്രിയേക ദൈവ സങ്കല്‍പമായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഖുര്‍ആന്‍ ത്രിത്വ സങ്കല്‍പത്തെ ശക്തമായി വിമര്‍ശിക്കുന്നതായാണ് നാം കണ്ടത്. ഇതില്‍ നിന്നുതന്നെ ഖുര്‍ആന്‍ ബൈബിളില്‍ നിന്നും മുഹമ്മദ് നബി(സ്വ) പകര്‍ത്തിയെഴുതിയതല്ല എന്ന് നിസ്സംശയം വ്യക്തമാകും.

ബൈബിളില്‍ ത്രിത്വം നിറഞ്ഞുനില്‍ക്കുന്നുവെന്ന് ക്രൈസ്തവര്‍ അവകാശപ്പെടുന്നുവെങ്കില്‍ അതിനെ കുറെയൊക്കെ ന്യായീകരിക്കുന്ന വചനങ്ങള്‍ തന്നെയും പതിയെ അപ്രത്യക്ഷമാവുന്നതായാണ് കാണാന്‍ സാധിക്കുന്നത്. മര്‍കസുല്‍ ബിഷാറ, കോള്‍ ഓഫ് ഹോപ് തുടങ്ങിയ മിഷണറി സംഘടനകള്‍ പുറത്തിറക്കിയ സകരിയ ബ്രൂട്ടസിന്റെ വേല ഴീറ ശ െീില ശി വീഹ്യ ൃേശിശ്യേ എന്ന പുസ്തകത്തിന്റെ പരിഭാഷയായ “വിശുദ്ധ ത്രിത്വത്തില്‍ ദൈവം ഏകനാണ്’ എന്ന പുസ്തകത്തില്‍ അദ്ദേഹം ത്രിയേകത്വത്തിന് തെളിവായുദ്ധരിക്കുന്ന ബൈബിള്‍ വചനമിതാണ്: “അപ്പോസ്തലനായ യോഹന്നാന്‍ ഈ ആശയം വളരെ വ്യക്തമായി ഉറപ്പിച്ചു പറയുന്നുണ്ട്. ശ്രദ്ധിക്കുക; സ്വര്‍ഗത്തില്‍ സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്; ഈ മൂവരും ഒന്നുതന്നെ1യോഹന്നാന്‍ 5/8′ (വിശുദ്ധ ത്രിത്വത്തില്‍ ദൈവം ഏകനാണ്, പേ 6).

ഖേദകരമെന്നു പറയട്ടെ, മലയാളത്തില്‍ ഇന്ന് ലഭ്യമായ ആധികാരിക സഭകളുടെ ബൈബിളുകളില്‍ ഇങ്ങനെയൊരു വചനം കാണാനാവില്ല. തല്‍സ്ഥാനത്ത് ഇതാണുള്ളത്:

സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്; ആത്മാവ്, ജലം, രക്തം. ഇവ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നെ (സത്യവേദ പുസ്തകം).

മൂന്നു സാക്ഷികളാണുള്ളത്ആത്മാവ്, ജലം, രക്തംഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു (കെസിബിസി ബൈബിള്‍).

അതുകൊണ്ട് യേശുവിനെപ്പറ്റി പറയുന്ന മൂന്ന് സാക്ഷികളുണ്ട് ആത്മാവും വെള്ളവും രക്തവും ഈ മൂന്ന് സാക്ഷികളും സമ്മതിക്കുന്നു (ണആഠഇ പരിശുദ്ധ ബൈബിള്‍).

ആത്മാവ്, വെള്ളം, രക്തം എന്നു മൂന്നു സാക്ഷികള്‍ ഉണ്ട് ഇവ മൂന്നും ഒന്നുപോലെ സാക്ഷ്യം വഹിക്കുന്നു (ഓശാന മലയാളം ബൈബിള്‍).

ബൈബിളില്‍ മനുഷ്യ കൈകടത്തലുകള്‍ നടന്നിട്ടുണ്ടെന്ന കാര്യം ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ സമ്മതിക്കുന്നതായി നാം മനസ്സിലാക്കി. അതിന്റെ അപര്യാപ്തത നമുക്ക് ബൈബിളിലുടനീളം ദര്‍ശിക്കാവുന്നതാണ്. അത്തരം മാനുഷിക ചാപല്യങ്ങളൊന്നും ബൈബിളില്‍ നിന്നും പകര്‍ത്തി എഴുതി എന്ന് ക്രൈസ്തവര്‍ വാദിക്കുന്ന ഖുര്‍ആനില്‍ സൂചനാപരമായിപ്പോലും കടന്നുവരാതിരിക്കുന്നതെന്തു കൊണ്ടാണ്. അല്ലാഹുവാണതവതരിപ്പിച്ചത്. നബി(സ്വ)ക്കോ മറ്റാര്‍ക്കെങ്കിലുമോ അതില്‍ ഒരു പങ്കുമില്ല.

ബൈബിള്‍ഖുര്‍ആന്‍/2 ജുനൈദ് ഖലീല്‍ സഖാഫി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ