സി ഹംസ അല്ലഫല്‍ അലിഫ് എന്ന മഹദ് കാവ്യത്തെ വ്യാഖ്യാനിച്ചെഴുതിയ വരികള്‍ നാം വായിച്ചു. പ്രവാചക ജീവിതത്തിന്‍റെ ആധ്യാത്മിക രഹസ്യങ്ങളിലേക്ക് എത്താന്‍ അഹ്ലുബൈത്തിനെ പാതയായി സ്വീകരിക്കണം, എന്നാല്‍ ബാഹ്യതലങ്ങളിലേക്കും നിയമപരമായ വശങ്ങളിലേക്കും എത്തിച്ചേരാന്‍ സ്വഹാബികളെ അവലംബിക്കുക (പേ 247).
അഹദും അഹ്മദും തമ്മിലുള്ള വ്യത്യാസം അതിലെ മീമാകുന്നു. അത് മുഹമ്മദിലെ മീമാണ്. അഹദില്‍ മുഹമ്മദ് അടങ്ങിയതാണ് അഹ്മദ്. മുഹമ്മദ് ലൗകികതയുടെയും അഹ്മദ് ആധ്യാത്മികമായ നിഗൂഢതയുടെയും സാരമാണുള്‍ക്കൊള്ളുന്നത്. ഇതില്‍ ലൗകികമായ മുഹമ്മദീയ പ്രകാശനമാണ് സ്വഹാബികള്‍ക്ക് പകര്‍ത്താനും പ്രസരിപ്പിക്കാനും സാധിച്ചിട്ടുള്ളൂ. അഹ്മദീയമായ ആധ്യാത്മിക നിഗൂഢ ഖിലാഫത്തും ഇമാമത്തും അലി(റ)യിലൂടെ കടന്നുവരുന്നതാണ്. അത് പിന്നീട് അഹ്ലുബൈത്തിലൂടെ നിഗൂഢമായി തന്നെ കൈമാറ്റം ചെയ്യപ്പെട്ടുവരുന്നു. പ്രവാചകന്‍റെ മുഹമ്മദീയവും അഹ്മദീയവുമായ ഇരുവശങ്ങളെ ഒരുപോലെ പ്രകാശനം ചെയ്തത് അലി(റ) മാത്രമാകുന്നു. അതിനാല്‍ പ്രവാചകനു ശേഷം ‘അല്‍ ഇന്‍സാനുല്‍ കാമില്‍’ അലി(റ) മാത്രമാണ്. പ്രവാചകത്വ പൊരുളിന്‍റെ ആധ്യാത്മികവശമാണ് ത്വരീഖത്തുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ത്വരീഖത്തുകളുടെയെല്ലാം കേന്ദ്രം അലി(റ) ആകുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ പിന്‍മുറക്കാരാണ് അഖ്ത്വാബും അബ്ദാലും. അഹ്ലുബൈത്തിനു മാത്രമേ ഖുതുബാകാന്‍ തരമുള്ളൂ. ത്വരീഖത്തിന്‍റെ ആസ്ഥാനാചാര്യന്മാരെല്ലാം അഹ്ലുബൈത്തില്‍ പെട്ടവര്‍ മാത്രമാണ്. പില്‍ക്കാലത്ത് രൂപംകൊണ്ട ത്വരീഖത്തുകളെയെല്ലാം അലി(റ)ലേക്കു ചേര്‍ക്കുന്നത് ജഅ്ഫര്‍ സ്വാദിഖ്(റ) തങ്ങളാണ്. സാമൂഹികവും ലൗകികവുമായ വല്ല വിവരവും വേണമെങ്കില്‍ അതു പറഞ്ഞുതരാന്‍ സ്വഹാബികളെ സമീപിക്കുക; സിര്‍റുകളും ബാഥികനായ ഇല്‍മുകളും ലഭിക്കാന്‍ അഹ്ലുബൈത്തിനെ പിന്തുടരുക… ഇങ്ങനെ പോകുന്നു ശീഈകളുടെ അതിവായനകള്‍.
കേരളത്തില്‍ സി ഹംസയും അദ്ദേഹത്തിന്‍റെ മുരീദുമാരും സഹശൈഖന്മാരും പ്രചരിപ്പിക്കുന്ന അതിവാദങ്ങള്‍, സുന്നീ പ്രസിദ്ധീകരണങ്ങളിലൂടെ തന്നെ അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അഹ്ലുബൈത്ത് പരമ്പരയില്‍ പിറവികൊള്ളുന്ന ഓരോ വ്യക്തിയും (പുരുഷന്മാരെ മാത്രമേ പരിഗണിക്കുകയുള്ളൂ) പാപസുരക്ഷിതരായാണ് പിറക്കുന്നതെന്ന ഒരതിവാദത്തില്‍ നിന്നാണ് തുടര്‍ന്നുള്ള സകല ദുര്‍വ്യാഖ്യാനങ്ങളും ഉണ്ടായിത്തീരുന്നത്. പ്രവാചക പാരമ്പര്യത്തിന് മഹത്ത്വം കല്‍പ്പിക്കുന്നിടത്തു സംഭവിച്ച അതിരു കവിയലാണത്. ആ മഹദ്പാരമ്പര്യത്തിന്‍റെ മഹത്ത്വത്തെ ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ റാഫിളികളുടെ അതിവാദത്തിനും (ഇഫ്റാഥ്) സലഫികളുടെ നിരാകരണത്തിനും (തഫ്രീഥ്) ഇടക്ക് മധ്യമ നിലപാടാണ് അഹ്ലുസ്സുന്നയുടേത്. റാഫിളീ പക്ഷവാദം സി ഹംസ, വെളിപ്പെടുത്തുന്നതിങ്ങനെ: ‘ആന്തരികമായ പല അറിവുകളും ഗുപ്തസാരങ്ങളും വഹിക്കാന്‍ ഈ വിശുദ്ധി ഒരടിസ്ഥാനമായതുകൊണ്ടായിരിക്കാം ഇസ്ലാമിനെ ആധ്യാത്മിക വിദ്യ(തസ്വവ്വുഫ്)യുടെ സ്രോതസ്സും വഴിയും പ്രവാചകര്‍ക്കു ശേഷം അഹ്ലുബൈത്തിലെ സുപ്രധാന ഘടകമായ അലി(റ) തന്നെയായത്.’
അദ്ദേഹം തുടര്‍ന്നെഴുതുന്നു: ‘ഇസ്ലാമില്‍ ആധ്യാത്മ വിദ്യയുമായി ബന്ധപ്പെട്ട എഴുപത് വിഭാഗങ്ങളുണ്ട്. അവയില്‍ ഒന്നൊഴിച്ച് ബാക്കിയുള്ള എല്ലാ വിഭാഗങ്ങളും അവയുടെ മൂലകേന്ദ്രം അലി(റ)യിലാണ് കാണുന്നത്. സുഹ്റവര്‍ദി ത്വരീഖത്തിന്‍റെ ഗുരു ശിഹാബുദ്ദീന്‍ സുഹ്റവര്‍ദിയുടേത് മാത്രമാണ് ഹള്വ്റത് അബൂബക്കറിന്‍റെ പാരമ്പര്യത്തിലുള്ള ആധ്യാത്മിക പാത. മൗലവിയ്യ ത്വരീഖത്തിന്‍റെ ഗുരു ജലാലുദ്ദീന്‍ റൂമിയുടെ പിതൃപരമ്പര ഹള്റത് അബൂബക്കറിലാണെത്തുന്നത്. എങ്കില്‍പോലും അദ്ദേഹത്തിന്‍റെ ത്വരീഖത്ത് ഹള്റത്ത് അലി(റ)യില്‍ കേന്ദ്രം കാണുന്നു. അഹ്ലുബൈത്തിലൂടെയാണ് റസൂലിന്‍റെ ആധ്യാത്മിക ജീവിതത്തിന്‍റെ ചൈതന്യപൂര്‍ണവും അനുസ്യൂതവുമായ പ്രവാഹം.’ വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും എമ്പാടുമുള്ള വരികളാണിത്.
1. അഹ്ലുബൈത്തിലൂടെ മാത്രമേ ആധ്യാത്മിക വഴി സാധ്യമാകൂ എന്ന വാദം, സുഹ്റവര്‍ദിയുടേത് ബകരീ ത്വരീഖത്താണെന്നു പ്രസ്താവിച്ചതിലൂടെ പൊളിഞ്ഞു.
2. ഇസ്ലാമില്‍ എഴുപത് വിഭാഗങ്ങളാണെന്ന പ്രസ്താവന അബദ്ധമാണ്. വിവിധ സ്വഹാബികളിലേക്കെത്തുന്ന പരശ്ശതം ആധ്യാത്മിക വഴികളുണ്ട് ഇസ്ലാമില്‍. ഇക്കാലത്ത് അറിയപ്പെട്ടവ പോലും എഴുപതാണെന്ന് കണക്കാക്കപ്പെട്ടിട്ടില്ല.
3. അബൂബക്കര്‍ സിദ്ദീഖ്(റ) മൂലകേന്ദ്രമായ ത്വരീഖത്ത് സുഹ്റവര്‍ദിയല്ല; നഖ്ശബന്ദിയാണ്. നൂറുകണക്കിന് മഹാഗുരുക്കന്മാര്‍ നേതൃത്വം നല്‍കിയ നഖ്ശബന്ദി ശൃംഖലയില്‍ ബകരിയും ഫാറൂഖിയും അലവിയും അല്ലാത്തവരുമായ കുടുംബ പാരമ്പര്യം വഹിക്കുന്നവരുണ്ടായിരുന്നു.
അദ്ദേഹം വിശദീകരിക്കുന്നു: ‘മതത്തിന് രണ്ടു വശങ്ങളുണ്ട്. ആധ്യാത്മികവും സാമൂഹികവും. ഇവ രണ്ടും പരസ്പരാശ്രിതമാണ്. വ്യക്തികളുടെ ആധ്യാത്മിക വളര്‍ച്ചയിലേക്ക് അവരെ എത്തിക്കുവാന്‍ ഒരു മാര്‍ഗദര്‍ശി വേണം. അല്ലാഹുവിനാല്‍ പവിത്രീകരിക്കപ്പെട്ടതും പ്രവാചകത്വത്തിന്‍റെ പ്രഭാപൂരിതമായ പാരമ്പര്യ വിശുദ്ധി അവകാശപ്പെടാവുന്നതുമായ ഗുരുവിലൂടെയുള്ള പ്രസരണമാണ് ആദ്യവശം (ആധ്യാത്മികം). രണ്ടാമത്തേത് ജനങ്ങള്‍ക്ക് സുസമ്മതനായ ഒരു നേതാവിലൂടെ സാധിക്കും (സാമൂഹികം). ആദ്യവശത്തിലാണ് അഹ്ലുബൈത്തിന് പ്രാഥമ്യം. ഇത് നിഗൂഢമാണ്. അതിനാല്‍ ജനകീയമാവണമെന്നില്ല. തങ്ങളെപ്പറ്റിയോ തങ്ങളുടെ സ്ഥാനത്തെപ്പറ്റിയോ ഒന്നും പരസ്യമായി പ്രഖ്യാപിക്കാതെ നിശ്ശബ്ധരായി പ്രവര്‍ത്തിക്കുകയായിരിക്കും പലപ്പോഴും ഈ പദവിയിലുള്ളവര്‍. എന്നാല്‍ ചിലപ്പോള്‍ സാമൂഹിക വ്യവസ്ഥയുടെ ചുക്കാനും അവരുടെ കൈവശം വന്നെന്നുവരാം.’
അഹ്ലുബൈത്തില്‍ പെട്ട വ്യക്തിയായിരിക്കണം ത്വരീഖത്തിന്‍റെ ഗുരു എന്നാണിവിടെ സമര്‍ത്ഥിക്കുന്നത്. അതിലപ്പുറം ചിലത് ഈ വരികളിലുണ്ട്. റാഫിളിയ്യത്തിന്‍റെ അടിസ്ഥാന പിഴവുകള്‍ എന്തൊക്കെയാണെന്നു തിരിച്ചറിവുള്ളവര്‍ക്കേ അതു മനസ്സിലാകൂ. ആദ്യത്തെ മൂന്നു ഖലീഫമാരും കേവലം ‘സാമൂഹിക പ്രവര്‍ത്തകര്‍’ മാത്രമാണെന്നും തത്സമയത്ത് അലി(റ) ഒളിഞ്ഞിരുന്ന് ആധ്യാത്മിക നേതൃത്വം നല്‍കുകയായിരുന്നെന്നും പിന്നീട് അലി(റ)ന് സാമൂഹിക നേതൃത്വം കൂടി ലഭിക്കുകയായിരുന്നെന്നുമൊക്കെയാണ് ഈ വരികളുടെ വരികളുടെ ഗുപ്തസാരം.
ഇതുതന്നെയാണ് കൃത്യമെന്ന് തുടര്‍ന്നുള്ള വാചകം വ്യക്തമാക്കുന്നു: ‘ഹസ്രത് അലി(റ) നാലാം ഖലീഫയായതോടെ മുസ്ലിംകളുടെ രാഷ്ട്രീയ ജീവിതത്തെയും അവസ്ഥയെയും കൂടി(?) അദ്ദേഹം നിയന്ത്രിച്ചു’ (ശീഈ അടിസ്ഥാനങ്ങളിലൊന്നാണ് ഒളിജീവിതം-തഖിയ്യ. ഭരണത്തിനു മുമ്പ് ഒളിഞ്ഞിരുന്ന് ആത്മീയ കാര്യങ്ങള്‍ അലി(റ) നിയന്ത്രിക്കുകയായിരുന്നുവെന്ന്! അദ്ദേഹം തുടര്‍ന്നെഴുതുന്നു: ‘രാഷ്ട്രീയാധികാരം തന്നെ മുസ്ലിംകള്‍ക്കില്ലാതിരിക്കുമ്പോഴും അവര്‍ക്ക് ലോകത്തിന്‍റെ ഏതെങ്കിലുമൊരു കോണില്‍ ഒരു ഖുതുബ് ഇല്ലാതിരിക്കില്ല. ആ ഖുതുബ് അഹ്ലുല്‍ ബൈത്തില്‍ നിന്നായിരിക്കുകയും ചെയ്യും. ഖുതുബ് അഹ്ലുബൈതില്‍ പെട്ട ഗുരുമാത്രമേ ആകാവൂ.’
നേര്‍ക്കുനേര്‍ നോക്കിയാല്‍ അബദ്ധങ്ങളൊന്നുമില്ലെന്നു തോന്നുമെങ്കിലും ജഅ്ഫര്‍ സ്വാദിഖ്(റ)നെ സ്വൂഫി പാതയിലെ ഏക കേന്ദ്രവും അവലംബവുമാണെന്ന് വരുത്തുന്നതില്‍ ചില ഗുപ്തരഹസ്യങ്ങളുണ്ട്. അദ്ദേഹം എല്ലാ ത്വരീഖതുകളുടെയും പ്രധാന കണ്ണിയാണെന്ന പ്രസ്താവന അബദ്ധവുമാണ്. സ്വൂഫികള്‍ മാര്‍ഗദര്‍ശനമാക്കുന്നത് ജഅ്ഫര്‍ സ്വാദിഖ്(റ)ന്‍റെ കൃതികളല്ലതന്നെ. അദ്ദേഹം മഹാനായ പണ്ഡിതനും മാതൃകാവര്യനായ സയ്യിദുമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ശീഈകളുടെ, വിശേഷിച്ച് ഇസ്നാഅശ്രികളുടെ പിഴച്ച വാദങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല (പന്ത്രണ്ട് ഇമാമുകളെക്കുറിച്ച് പിന്നീട് പരാമര്‍ശിക്കാം).
നിഗൂഢജ്ഞാനവും അഹ്ലുബൈത്തും
അറിവിന്‍റെ കൃത്യത നഷ്ടപ്പെടുമ്പോള്‍ ഊഹാപോഹങ്ങളെല്ലാം മഹാ സത്യങ്ങളാണെന്നു തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാകും. അഹ്ലുബൈത്തിന്‍റെ നിഗൂഢജ്ഞാനങ്ങളെക്കുറിച്ചുള്ള തെറ്റുദ്ധാരണ അതിലൊന്നാണ്. അഹ്ലുല്‍ ബൈത്തില്‍ പെട്ടവരെല്ലാം അഭൗതികവും ആധ്യാത്മികവുമായ ഗുപ്തജ്ഞാനങ്ങളുടെ ഖജനാവുകളാണെന്നും ചിലരെങ്കിലും ധരിച്ചുവശായിട്ടുണ്ട്. ആ വക അസ്റാറുകള്‍ മറ്റാര്‍ക്കും പ്രാപ്യമല്ല! നബി(സ്വ) അവിടുത്തെ ഒന്നേകാല്‍ ലക്ഷം ശിഷ്യന്മാരില്‍ നിന്നും പ്രിയപുത്രി ഫാത്വിമ(റ)ക്കും മരുമകന്‍ അലി(റ)നും മറ്റാര്‍ക്കും നല്‍കാത്ത എന്തൊക്കെയോ ആധ്യാത്മിക രഹസ്യങ്ങള്‍ കൈമാറിയത്രെ. മറ്റു ശിഷ്യര്‍ക്കെല്ലാം പരസ്യ വിജ്ഞാനീയങ്ങള്‍ മാത്രം! അഹ്ലുബൈത്തിനു മാത്രം കൈമാറാന്‍ നബി(സ്വ)ക്ക് ചില സംഗതികള്‍ വഹ്യുണ്ടായെന്നും അവ അവരിലൂടെ പിന്മുറക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്തു പോരുകയുമാണെന്നും റാഫിളികള്‍ പ്രചരിപ്പിക്കുന്നു. നേര്‍വഴിയുപേക്ഷിച്ച ചില ത്വരീഖത്തുകാരും ഈ വക കുപ്രചാരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നുണ്ട്. കൊണ്ടോട്ടിയിലുത്ഭവിച്ചതും പിന്നീട് കൊരൂര്‍, ചോറ്റൂര്‍ തുടങ്ങിയ ശീഈ അടിസ്ഥാനങ്ങളിലുറച്ചതുമായ കപട ത്വരീഖത്തുകളുടെ നിഗൂഢ ജ്ഞാന പ്രചാരണ ദൗത്യം, ഇപ്പോള്‍ ആലുവ ത്വരീഖത്തുകാരും ഈജിപ്തില്‍ നിന്നിറക്കുമതി ചെയ്ത എഞ്ചിനീയര്‍ ത്വരീഖത്തുകാരുമാണ് ഏറ്റെടുത്തിരിക്കുന്നത്. കിതാബുകളില്‍ സുലഭമല്ലാത്തതും തിരുനബി കൈമാറിയതുമായ(?) ആ നിഗൂഢജ്ഞാന രത്നാകരത്തിലെ ആര്‍ക്കും വെളിപ്പെടാത്ത അസ്റാറുകള്‍ പക്ഷേ, അത്തരം കപട ത്വരീഖത്തുകളില്‍ അംഗങ്ങള്‍ വഴി അങ്ങാടിപ്പാട്ടാണെന്നതു വേറെ കാര്യം. ജിഫ്ര്‍ എന്നാണ് ആ നിഗൂഢ രത്നാകരത്തിന്‍റെ പേര്, തോലുകൊണ്ട് നിര്‍മിച്ച ഒരു പാത്രമത്രെ അത്. അതില്‍ മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെയും ബനൂ ഇസ്റാഈലിലെ ജ്ഞാനികളുടെയും അപൂര്‍വ വിജ്ഞാനങ്ങള്‍ ശേഖരിച്ചിരിക്കുകയാണ്. മറ്റൊരു അസ്റാറുഫലകം ബിഥാഖ (കാര്‍ഡ്) എന്നറിയപ്പെടുന്നു. നബി(സ്വ)യുടെ എഴുപത് മുഴം നീളമുള്ള രഹസ്യക്കുറിപ്പുകളാണ് ബിഥാഖയില്‍!!
നബി(സ്വ)യില്‍ നിന്നു നേര്‍ക്കുനേര്‍ കേട്ട രഹസ്യങ്ങള്‍ സ്വന്തം എഴുതിവെച്ച അലി(റ)ന്‍റെ രഹസ്യഡയറിയാണു പോല്‍ ബിഥാക. അലി(റ) ജീവിച്ചിരിക്കുന്ന കാലത്തുതന്നെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ചുറ്റി കഴിഞ്ഞിരുന്ന ചിലര്‍, ഇത്തരം നിഗൂഢജ്ഞാനവാദം പറഞ്ഞു നടന്നിരുന്നു. അതിവാദങ്ങളെ അലി(റ) അന്നുതന്നെ തുറന്നെതിര്‍ത്തതായിരുന്നു. പ്രതിക്രിയാ നടപടികളുമായി ബന്ധപ്പെട്ട ഏതാനും മസ്അലകളും മദീനയുടെ ഹറം അതിര്‍ത്തികള്‍ നിര്‍ണയിക്കുന്ന പരാമര്‍ശവും എഴുതിവെച്ച ഒരു പേപ്പര്‍ അല്ലാതെ, വിശുദ്ധ ഖുര്‍ആനിനു പുറമെ തന്‍റെ പക്കല്‍ മറ്റൊന്നില്ലെന്ന് അദ്ദേഹം പരസ്യവിളംബരം ചെയ്തു. ഇമാം ബുഖാരിയും മുസ്ലിമും അദ്ദേഹത്തിന്‍റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത പ്രസ്താവന വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി(റ) എഴുതുന്നു: ‘റാഫിളികളും ശീഇകളും വാദിച്ചുവരുന്നവ മിഥ്യയാണെന്നു പ്രഖ്യാപിക്കുന്ന അലി(റ)യുടെ പരസ്യ പ്രസ്താവനയാണിത്. നിശ്ചയം, നബി(സ്വ) അലി(റ)ന്, സ്വകാര്യജ്ഞാനങ്ങളും മതത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളും ശരീഅത്തിന്‍റെ നിധികളുമായ ധാരാളം കാര്യങ്ങള്‍ പ്രത്യേകമായി ഉപദേശിച്ചിട്ടുണ്ടെന്നും അഹ്ലുബൈത്തിന് മറ്റാര്‍ക്കും എത്തിനോക്കാനാവാത്ത ചില സവിശേഷ സംഗതികള്‍ കൈമാറിയിട്ടുണ്ടെന്നുമുള്ള അവരുടെ കൃത്രിമ വാദങ്ങളെയാണ് അലി(റ) പരസ്യമായി തള്ളിപ്പറയുന്നത്. അവ സത്യലേശമില്ലാത്ത വാദങ്ങളാണ്. നാശകരമായ കെട്ടുകഥകളാണ്. ഒട്ടും രേഖയില്ലാത്തവയാണത്. അലി(റ)ന്‍റെ മേല്‍ പ്രസ്താവന തന്നെ ധാരാളം മതി അതിന്‍റെ വ്യര്‍ത്ഥത വെളിപ്പെടാന്‍’ (ശറഹുമുസ്ലിം, മദീനയുടെ മഹത്ത്വം എന്ന അധ്യായം).
ആധ്യാത്മിക വഴികളും അഹ്ലുബൈത്തും
നബി(സ്വ)യുടെ ആധ്യാത്മിക രഹസ്യം വഹിക്കാന്‍ മഹാഭാഗ്യം ലഭിച്ചവരാണ് സ്വഹാബത്ത്(റ.ഹും). അവര്‍ക്കിടയില്‍ ചിലര്‍ ഉന്നതന്മാരായിരുന്നു. അവര്‍ക്ക് നബി(സ്വ) ആധ്യാത്മിക നേതൃത്വത്തിന്‍റെ പദവി വസ്ത്രം നല്‍കി. ഹിര്‍ഖഃ ഖിബ എന്ന് ആധ്യാത്മികര്‍ ഈ പദവി വസ്ത്രത്തിന് പേരിട്ടു. അതേ മാതൃകയില്‍ ഗുരുവര്യര്‍ ശിഷ്യന്മാരില്‍ നിന്നും തെരഞ്ഞെടുക്കുന്ന ചിലര്‍ക്കു സ്ഥാനവസ്ത്രം കൈമാറിപ്പോന്നു. ആധ്യാത്മിക നേതൃത്വത്തിനുള്ള യോഗ്യത നേടിയെന്നതിന്‍റെ അംഗീകാരവും അടയാളവുമാണ് ആ സ്ഥാനവസ്ത്രം. ശൈഖ് അബൂബക്കറുബ്നു അബ്ദുറഹ്മാന്‍ അല്‍ ഐദറൂസി(റ)യുടെ അല്‍ സില്‍സിലത്തുല്‍ ഖുദ്സിയ്യയില്‍ പറയുന്നു: ‘അറിയുക, നിശ്ചയം ഈ മഹത്തായ സ്ഥാനവസ്ത്രം നബി(സ്വ)യിലേക്കു ബന്ധിപ്പിക്കപ്പെട്ട ഒറ്റച്ചങ്ങലയാണ്. അത് അത്യുന്നതനായ റബ്ബിലേക്ക് ചെന്നെത്തുന്നു. ഒരറ്റം ഇളക്കിയാല്‍ അങ്ങേ അറ്റത്ത് ഇളക്കം അനുഭവപ്പെടും’ (പേ 20). ശൈഖ് അലിയ്യുബ്നു അബീബകര്‍(റ) പറയുന്നു: ‘അതാണ് ആധ്യാത്മികവും മതപരവുമായ പാരമ്പര്യച്ചങ്ങല. റബ്ബാനിയ്യായ അഹ്മദീയ ചരട് ഇതു തന്നെയാണ്. അവ രണ്ടും കണ്ണിമുറിയില്ല. വംശപരമായ നസബും ഭൗതികമായ സബബും മുറിയാറുള്ളപോലെ. നബി(സ്വ) പറഞ്ഞു: എല്ലാ നസബും ബാബും അന്ത്യനാളില്‍ ബന്ധം വിഛേദിക്കപ്പെടും. എന്‍റെ നസബും സബബും ഒഴികെ (പേ 21). ആധ്യാത്മിക നേതൃത്വത്തിനുള്ള ഈ സ്ഥാനവസ്ത്രം നബി(സ്വ) ധാരാളം സ്വഹാബത്തിന് നല്‍കിയിട്ടുണ്ട്. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി, ഹുസൈന്‍, ബിലാല്‍, സുഹൈബ്, ഹുദൈഫ, അമ്മാര്‍(റ.ഹും) തുടങ്ങിയ പുരുഷന്മാര്‍ക്കും ആഇശ, ഹഫ്സ, സൗദ, ഉമ്മുഖാലിദ് തുടങ്ങിയ വനിതകള്‍ക്കും ആ സ്ഥാനവസ്ത്രം നല്‍കിയത് സ്വൂഫീ ജ്ഞാനികള്‍ക്കിടയില്‍ പ്രസിദ്ധവും സകലരാലും അംഗീകരിക്കപ്പെട്ടതുമാണ് (പേ 28). നബി(സ്വ) അബ്ദുല്ലാഹിബ്നു ഉമര്‍(റ)ന് തൃക്കരങ്ങളാല്‍ തലപ്പാവണിയിച്ചിട്ടുണ്ടായിരുന്നു. ഇദ്ദേഹത്തില്‍ നിന്നും ഹസനുല്‍ ബസ്വരി(റ) ആധ്യാത്മിക ജ്ഞാനം നേരില്‍ നുകര്‍ന്നു. ഇക്കാര്യം ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടതാണ് (റൗളതുല്‍ ഹുബൂര്‍, അല്ലാമാ ശംസുദ്ദീന്‍ മുഹമ്മദ് അല്‍ ബിസ്താമി, പേ 153). അതുകൊണ്ടുതന്നെ ത്വരീഖത്തു ഗുരു ശൃംഖലയില്‍ ഇബ്നു ഉമര്‍(റ) കടന്നുവരുന്ന സില്‍സിലയും കാണാം (പേ 154). തൗഹീദ് മന്ത്രവും സ്ഥാനവസ്ത്രവും കടന്നുവന്ന പരമ്പര വിവരിക്കവേ, അല്ലാമാ ബിസ്താമി തന്‍റെ ത്വരീഖത്തു കടന്നുവന്ന ജുനൈദുല്‍ ബാഗ്ദാദി പാതയിലെ ഗുരുശ്രേഷ്ഠരെ എണ്ണുന്നതിങ്ങനെ: അബുന്നജീബുസ്സുഹ്റവര്‍ദി, അഹ്മദുല്‍ ഗസ്സാലി, ഫറജുസ്സന്‍ജാനി, അഹ്മദുല്‍ അസ്വദ്, മിംശാദ് അദ്ദൈനൂരി, അബുല്‍ ഖാസിം ജുനൈദ്, സിര്‍രിയ്യുസ്സിഖ്ഥി, മഅ്റൂഫുല്‍ കര്‍ഖി, ദാവൂദ് ഥാഈ, ഹബീബുല്‍ അജമി, ഹസനുല്‍ ബസ്വരി(റ.ഹും). (പേ 199). മശാഇഖുമാര്‍ക്കിടയില്‍ പ്രസിദ്ധമായ ആറു വഴികള്‍, അല്‍ സിലബത്തുല്‍ ഖുദുസിയ്യയില്‍ എണ്ണിപ്പറയുന്നുണ്ട്:
1. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെ സ്ഥാന വസ്ത്ര പരമ്പര.
2. അബൂ മദ്യന്‍ അല്‍ അന്‍സ്വാരി(റ)യുടെ പരമ്പര.
3. അഹ്മദുര്‍രിഫാഈ(റ)യുടെ പരമ്പര.
4. ശിഹാബുദ്ദീന്‍ അസ്സുഹ്റവര്‍ദിയുടെ പരമ്പര
5. അബൂ ഇസ്ഹാഖ് അല്‍കാസറൂനി(റ)യുടേത്.
6. അബുല്‍ഹസനിശ്ശാദുലി(റ)യുടേത്.
ഇവക്കുപുറമെ ബഹാഉദ്ദീന്‍ നഖ്ശബന്ദി(റ)യുടെ പരമ്പരയും പ്രസിദ്ധമാണ്. നബി(സ്വ) സ്വഹാബീ പ്രമുഖര്‍ക്കു നല്‍കിയ സ്ഥാനവസ്ത്രം വ്യത്യസ്ത താബിഈ പ്രമുഖരിലൂടെയാണ് പ്രസരിച്ചത്. അവരിലൊരാളാണ് ഉവൈസുല്‍ ഖറനി(റ). നബി(സ്വ) ഉമര്‍, അലി(റ) എന്നിവരെ ഉവൈസുല്‍ ഖറനി(റ)ക്ക് സ്ഥാനവസ്ത്രം അണിയിക്കാന്‍ ഏല്‍പിക്കുകയുണ്ടായി (പേ 28). രണ്ടുപേരും അതു ചെയ്തു. അതിനാല്‍ ഉവൈസീ ത്വരീഖത്ത് ഉമര്‍, അലി(റ) എന്നീ രണ്ടു സ്വഹാബികളിലേക്കാണ് ബന്ധിപ്പിക്കുന്നത്. ഉമര്‍(റ)യുടെ കാലത്ത് ഉവൈസുല്‍ ഖറനി(റ)യിലൂടെ കടന്നുപോകുന്ന ത്വരീഖത്തുകള്‍ വല്ലതും ഉണ്ടോ എന്നു കണ്ടെത്താനായിട്ടില്ല.
താബിഈ പ്രമുഖന്‍ ഹസനുല്‍ ബസ്വരി(റ) ഇബ്നു ഉമര്‍(റ), അഹ്നഫ്ബ്നു ഖൈസ്, ഖൈസ്ബ്നു ഉബാദ തുടങ്ങിയവരില്‍ നിന്നെല്ലാമാണ് ആധ്യാത്മിക സിദ്ധികള്‍ ഏറ്റെടുക്കുന്നത്. ഒടുവില്‍ പറഞ്ഞ രണ്ടു പേര്‍ അലി(റ)ന്‍റെ ശിഷ്യന്മാര്‍ കൂടിയാണ്. ഹസനുല്‍ ബസ്വരി(റ) അലി(റ)നെ കണ്ടുമുട്ടിയിട്ടുണ്ടെന്നത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അല്‍സിലത്തുന്‍ ഖുദ്ദൂസിയ്യ, പുറം 29-ല്‍ എഴുതുന്നു: ഹസനുല്‍ ബസ്വരി(റ) അലി(റ)നെ കണ്ടുമുട്ടിയിട്ടുണ്ടോ? അവര്‍ തമ്മില്‍ കാണുകയുണ്ടായി എന്നു പറയുന്നവരുടെ വീക്ഷണത്തെ സ്ഥിരീകരിക്കുന്ന സംഭവമാണ് ഇമാം ഗസ്സാലി(റ) ഇഹ്യയില്‍ ഉദ്ധരിച്ചുകാണുന്നത്.
മസ്ജിദില്‍ കഥപറയാനെത്തുന്ന കാഥികന്മാരുടെ സദസ്സില്‍ ഇരിക്കരുതെന്ന് സലഫുസ്വാലിഹുകള്‍ തടഞ്ഞിരുന്നെന്ന് പറയുന്നിടത്ത്, അലി(റ) ബസ്വറയിലെ ജുമാമസ്ജിദില്‍ നിന്നും അത്തരം കാഥികന്മാരെ പുറത്താക്കിയ സംഭവം പറയുന്നുണ്ട്. എന്നാല്‍ ഹസനുല്‍ ബസ്വി(റ)യുടെ ഉപദേശം സദസ്സ് കേട്ടപ്പോള്‍ അദ്ദേഹത്തെ ആട്ടിയിറക്കിയില്ല എന്നു കാണാം അവിടെ. അവര്‍ തമ്മില്‍ കണ്ടിട്ടുണ്ട് എന്നതിനു അതു തെളിവാണ്. ഇമാം സുയൂഥി(റ) ഈ അഭിപ്രായത്തെയാണ് പ്രബലമാക്കിയിരിക്കുന്നത്. എന്നാല്‍ അലി(റ)നെ കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും അവിടുത്തെ ശിഷ്യന്മാരായ അഹ്നഫ്, ഖൈസ് എന്നിവരില്‍ നിന്നാണ് ഹസനുല്‍ ബസ്വരി ജ്ഞാനമാര്‍ജിച്ചതെന്ന് റൗളത്തുല്‍ ഹുബൂര്‍, പുറം 153-ല്‍ കാണുന്നു. കേരളത്തില്‍ പ്രചരിതമായിട്ടുള്ള ഖാദിരിയ്യ സില്‍സില ഹസനുല്‍ ബസ്വരിയിലൂടെയാണ് അലി(റ)ലേക്ക് ചെന്നെത്തുന്നത്. ബുഖാറ സാദാത്തുക്കളില്‍ പ്രഗത്ഭരായ മഹ്മൂദുല്‍ ഹിബത്തുല്ലാഹി(ഖ.സി)യുടെ സില്‍സിലയിലും മറ്റും മുഹ്യിദ്ദീന്‍ ശൈഖിലേക്ക് ത്വരീഖത്തുജ്ഞാനവും സ്ഥാനവസ്ത്രവും കടന്നുവരുന്ന വഴി ഇങ്ങനെയാണ്. അലി, ഹസനുല്‍ ബസ്വരി, ഹബീബുല്‍ അജമി, ദാവൂദ് ഥാഈ, മഅ്റൂഫുല്‍ കര്‍ഖി, സിര്‍റിയ്യുസ്സിഖ്ഥി, ജുനൈദുല്‍ ബഗ്ദാദി, അബൂബക്കര്‍ ശിബ്ലി, അബ്ദുല്‍ അസീസ് തീമി, അബുല്‍ ഫള്ല്‍ അബ്ദുല്‍ വാഹിദ്, യൂസുഫ് ത്വര്‍ത്വൂസി, അലിമുല്‍ ഹങ്കാരി, അബൂസഈദ് അല്‍ മഖ്സൂമി, അബ്ദുല്‍ ഖാദിര്‍ ജീലാനി (റ.ഹും). മഹാനായ ജീലാനി(റ) വംശപരമായി ഹുസൈനിയും ഹസനിയ്യുമാണെങ്കിലും അവിടുത്തെ ‘നിഗൂഢവഴി’ അഹ്ലുബൈത്തിലൂടെയല്ല കടന്നുവന്നിട്ടുള്ളത്. സന്മാര്‍ഗ താരകങ്ങളായ സ്വഹാബികളിലൂടെ തിരുദൂതരുടെ ആധ്യാത്മിക രഹസ്യം പ്രസരിച്ചുവെന്നതിന് നഖ്ശബന്ദി ത്വരീഖത്തിന്‍റെ സില്‍സില തന്നെയാണ് ഇക്കാലത്തു വലിയ രേഖ. അബൂബക്കര്‍ സിദ്ദീഖ്(റ), സല്‍മാനുല്‍ ഫാരിസി, ശൈഖ് ഖാസിമുബ്നു മുഹമ്മദ്, ജഅ്ഫര്‍ സ്വാദിഖ്, അബൂയസീദ്(റ.ഹും) എന്നിങ്ങനെയുള്ള ഗുരുശൃംഖലയിലൂടെയാണ് ബഹാഉദ്ദീന്‍ നഖ്ശബന്ദി(റ)യിലേക്കെത്തുന്നത്. വംശപരമായി ഖുറൈശി പോലുമല്ലെങ്കിലും, നബി(സ്വ) തന്‍റെ അഹ്ലുബൈത്തിലെ അംഗമായി പ്രഖ്യാപിച്ച മഹാഭാഗ്യവാനാണ് പേര്‍ഷ്യക്കാരനായ സല്‍മാന്‍(റ) എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അദ്ദേഹമാണ് ‘അഹ്ലുല്‍ ബൈത്തില്‍ ഉള്‍പ്പെടാത്ത’ സിദ്ദീഖ്(റ)ല്‍ നിന്നും അഹ്ലുബൈത്തിനു മാത്രം ലഭിക്കേണ്ട ആധ്യാത്മിക പൊരുളുകള്‍ ഏറ്റെടുക്കുന്നത്! അഹ്ലുബൈത്തില്‍ അംഗമായ സല്‍മാന്‍ പക്ഷേ, അഹ്ലുല്‍ബൈത്തിലെ അലി, ഹസന്‍, ഹുസൈന്‍(റ) എന്നിവരില്‍ നിന്നും ത്വരീഖത്ത് പകര്‍ത്തിയതായി യാതൊരു സൂചനയും കാണുന്നില്ല.
നഖ്ശബന്ദി സില്‍സിലയില്‍ പിന്നെയുമുണ്ട് കൗതുകങ്ങള്‍. ജഅ്ഫര്‍ സ്വാദിഖ്(റ) ത്വരീഖത്ത് ഏറ്റെടുക്കുന്നത് അഹ്ലുല്‍ബൈത്തില്‍ ഉള്‍പ്പെടാത്ത തന്‍റെ ആധ്യാത്മിക ഗുരു ഖാസിമുബ്നു മുഹമ്മദില്‍ നിന്ന്, അഹ്ലുബൈത്തിലൂടെ പ്രസരിക്കേണ്ട നിഗൂഢജ്ഞാനം ജഅ്ഫര്‍ സ്വാദിഖ് ഏല്‍പിക്കുന്നത് അബൂയസീദിനെയും?! മജൂസി പാരമ്പര്യത്തില്‍ പിറന്ന അബൂയസീദിന്‍റെ ഉപ്പയും ഉമ്മയും ഇസ്ലാമിലേക്ക് കടന്നുവന്നവരാണ് 313 മഹാ ഗുരുനാഥന്മാര്‍ക്ക് സേവനം ചെയ്ത അദ്ദേഹം, ഒടുവില്‍ രണ്ടു വര്‍ഷക്കാലം ജഅ്ഫര്‍ സ്വാദിഖ്(റ)ന് ഖിദ്മത്തെടുത്തു. ‘താങ്കളില്‍ എന്‍റെ പിതാമഹന്‍റെ മുദ്രകള്‍ ഞാന്‍ കാണുന്നു. വീട്ടിലേക്കു തിരിച്ചുപോവുക, ജനങ്ങളെ നന്മയിലേക്കു ക്ഷണിക്കുക’ എന്ന് ആശീര്‍വദിച്ചയച്ചതായിരുന്നു ജഅ്ഫര്‍(റ) അദ്ദേഹത്തെ. നഖ്ശബന്ദി ത്വരീഖത്ത് ജഅ്ഫരിയാണെങ്കിലും അലവിയല്ല എന്നു സിദ്ധം. ത്വരീഖത്തുകളെ അലി(റ)ലേക്ക് ചേര്‍ക്കുന്ന പ്രധാന കണ്ണിയാണ് ജഅ്ഫര്‍(റ) എന്ന ധാരണപിശകാണെന്നര്‍ത്ഥം. ജഅ്ഫരിയല്ലാത്ത മറ്റൊരു പ്രമുഖ ത്വരീഖത്താണ് ശാദുലി. കോഴിക്കോട് ഖാസി കുടുംബത്തിലൂടെയാണ് കേരളത്തില്‍ ശാദുലി ത്വരീഖത്ത് വേരൂന്നുന്നത്. ഇന്ന് ശാദുലിക്ക് കേരളത്തില്‍ നല്ല സ്വീകാര്യതയുണ്ട്.
ശാദുലി ത്വരീഖത്ത് സില്‍സില അലി, മകന്‍ ഹസന്‍, അബൂ മുഹമ്മദ് ജാബിര്‍, സഈദുല്‍ ഗസ്വാനി എന്നിങ്ങനെയുള്ള ഗുരുശൃംഖലയിലൂടെയാണ് ആസ്ഥാന ഗുരുവായ അബുല്‍ ഹസനിലേക്കെത്തുന്നത്. അദ്ദേഹം വംശപരമായി ഹസനിയാണ്. പക്ഷേ, തന്‍റെ ത്വരീഖത്ത് അലവിയാണെങ്കിലും ജഅ്ഫരിയല്ല.
സൈനുദ്ദീന്‍ മഖ്ദൂം അവ്വല്‍(റ) കേരളത്തിന് പരിചയപ്പെടുത്തിയ, ത്വരീഖത്തുകളിലൊന്നാണ് ചിശ്തിയ്യ. പ്രസ്തുത ത്വരീഖത്തും ജഅ്ഫരിയല്ല. അലി, ഹസനുല്‍ ബസ്വരി, ഫുളൈലുബ്നു ഇയാള്, ഇബ്റാഹീമുബ്നു അദ്ഹം, ഹുദൈഫതുല്‍ മുര്‍അശി, ഹുബൈറത്തുല്‍ ബസ്വരി, ഫുളൈലുബ്നു ഇയാള്, ഇബ്റാഹിമുബ്നു അദ്ഹം, ഹുദൈഫതുല്‍ മുര്‍അശി, ഹുബൈറതുല്‍ ബസ്വരി, അലവിയ്യുദ്ദൈനൂരിയിലൂടെ സ്ഥാപക ഗുരു അബൂഇഹ്യാഉശ്ശാമി(റ)യിലെത്തുന്ന ഗുരുശൃംഖലയാണ് ചിഷ്തികളുടേത് (മസ്ലകുല്‍ അത്ഖിയാ, അബ്ദുല്‍ അസീസ് മഖ്ദൂം).
പ്രവാചക ജീവിതത്തിന്‍റെ ആധ്യാത്മിക രഹസ്യങ്ങളിലേക്ക് എത്താന്‍ അഹ്ലുബൈത്തിനെ പാതയായി സ്വീകരിക്കണമെന്നും ലൗകികവും നിയമപരവുമായ (ഫിഖ്ഹ്) സംഗതികള്‍ക്ക് സ്വഹാബത്തിനെ സ്വീകരിച്ചാല്‍ മതിയെന്നുമുള്ള ‘ഖുമൈനി’ വാദത്തിന്‍റെ ബലഹീനതയാണിത്രയും വിവരിച്ചത്. സ്വഹാബത്തിനെ ഇല്‍മുള്ളാഹിറിന്‍റെ/ഫിഖ്ഹിന്‍റെ വക്താക്കളായി ചുരുക്കിക്കെട്ടാനും അഹ്ലുബൈത്തിനെ നിഗൂഢവിജ്ഞാനങ്ങളുടെ കലവറയായി ഊതിവീര്‍പ്പിക്കാനും അഹ്ലുസ്സുന്ന ഒരു കാലത്തും തയ്യാറായിട്ടില്ല. എന്നാല്‍ അത്തരം അബദ്ധങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചില നിഗൂഢ കേന്ദ്രങ്ങള്‍.
(തുടരും)
ശീഇസം-5/മസ്ലൂല്‍