മൗലിദാഘോഷത്തെ കുറിച്ചുള്ള ചർച്ചക്കിടെ സ്റ്റേജിൽ കയറി മൗലവി കസറി: നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കാൻ ഖുർആനിൽ തെളിവുണ്ടോ? പ്രവാചകർ(സ്വ) ചെയ്തിട്ടുണ്ടോ? അബൂബക്കർ സിദ്ദീഖ്(റ) ചെയ്തിട്ടുണ്ടോ? ഉമർ(റ) പഠിപ്പിച്ചിട്ടുണ്ടോ? ഉസ്മാൻ(റ) കാണിച്ചുതന്നിട്ടുണ്ടോ? അലി(റ) സൂചിപ്പിച്ചിട്ടുണ്ടോ?
വെല്ലുവിളിയിൽ ആവേശം മൂത്ത് മൗലവി അടുത്ത സ്റ്റെപ്പിലേക്ക് കയറി: ഇനി ഖുർആനിൽ ഉണ്ടെന്നുതന്നെ വെക്കുക. എന്തുകൊണ്ട് നബി(സ്വ) ആഘോഷിച്ചില്ല? അബൂബക്കർ സിദ്ദീഖ്(റ) നബി(സ്വ)യെ തുല്യതയില്ലാത്ത വിധം സ്‌നേഹിച്ചിട്ടും എന്തുകൊണ്ട് നബിദിനം ആഘോഷിച്ചില്ല? ഖുർആനിലുണ്ടെങ്കിൽ അവരല്ലേ ആദ്യം ആഘോഷിക്കേണ്ടത്? അതിനാൽ മൗലിദാഘോഷം ബിദ്അത്താണ്? മാത്രമല്ല, എല്ലാ ബിദ്അത്തും നരകത്തിലാണെന്ന് ഹദീസിലുമുണ്ട്. അതിനാൽ സുന്നികൾ നരകത്തിലാണ്.
മൗലവി നരകത്തിലേക്കുള്ള ലിസ്റ്റ് തയ്യാറാക്കിയപ്പോൾ ബിദഈ അണികളിൽ ആവേശം തിരതല്ലി. എന്നാൽ പ്രസംഗം ശ്രദ്ധിക്കുന്ന ബുദ്ധിമാനായൊരു വിദ്യാർത്ഥി ഇടപെട്ടു: മൗലവീ, നാല് ഖലീഫമാരുടെ പേര് പറഞ്ഞയുടനെ താങ്കൾ ‘റളിയല്ലാഹു അൻഹു’ എന്ന് പറഞ്ഞതു കേട്ടല്ലോ? ഇവരുടെ പേര് കേൾക്കുമ്പോൾ ഇത്തരത്തിൽ ചൊല്ലണമെന്ന് ഖുർആനിലുണ്ടോ? നബി(സ്വ) പഠിപ്പിച്ചിട്ടുണ്ടോ? നാല് ഖലീമാരാരെങ്കിലും ചെയ്തിട്ടുണ്ടോ? പോട്ടെ, പതിനായിരക്കണക്കിനുള്ള സ്വഹാബിമാരാരെങ്കിലും?
വിദ്യാർത്ഥിയെ മെരുക്കാൻ മറ്റൊരു മൗലവി ഇടക്ക് കയറി പറഞ്ഞു: റളിയല്ലാഹു അൻഹു എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടല്ലോ. അതറിയില്ലേ?!
വടിക്കു പകരം വാള് കിട്ടിയതുപോലെ വിദ്യാർത്ഥി വീണ്ടും ചോദ്യം തൊടുത്തു: അവരെ അല്ലാഹു ഇഷ്ടപ്പെട്ടുവെന്ന് ഖുർആനിലുണ്ടെന്നത് ശരി. പക്ഷേ, അവരുടെ പേര് പറയുമ്പോൾ റളിയല്ലാഹു… ചൊല്ലണമെന്ന് ഖുർആനിലുണ്ടോ? സൈദുബ്‌നു ഹാരിസ(റ) എന്ന സ്വഹാബിയുടെ പേര് ഖുർആൻ പരാമർശിക്കുന്നുണ്ട്. പക്ഷേ, അവിടെ പേര് മാത്രമല്ലേ ഉള്ളൂ. തർളിയത്ത് ചേർത്തിട്ടില്ലല്ലോ! ഇത് പുണ്യമുള്ള കാര്യമാണെങ്കിൽ നബി(സ്വ) ചെയ്യേണ്ടേ? നാല് ഖലീഫമാരിൽ ആരെങ്കിലും ചെയ്യേണ്ടേ? പോകട്ടെ, പതിനായിരത്തോളം വരുന്ന സ്വഹാബിമാരിൽ ആരെങ്കിലും ഇപ്രകാരം ചെയ്തിട്ടുണ്ടോ? ബിദ്അത്ത് ചെയ്യുന്നവരെല്ലാം നരകത്തിലാണന്ന കാര്യം മറക്കേണ്ട. അപ്പോൾ നിങ്ങൾ നരകത്തിലായില്ലേ?
ശവപ്പെട്ടിയിലെ അവസാനത്തെ ആണി വിദ്യാർത്ഥി അടിച്ചു: ഞങ്ങളെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടി പ്രസംഗിച്ച് ഇപ്പോൾ നിങ്ങൾ നരകത്തിലായോ?!
തളർന്നിരിക്കുന്ന വഹാബി മൗലവിയോട് വിദ്യാർത്ഥിയുടെ സ്‌നേഹ മനസ്സോടെയുള്ള ഉപദേശം: ശത്രുവിനെ വകവരുത്താൻ ഉപയോഗപ്പെടുത്തുന്ന ആയുധം സ്വന്തം ജീവനൊടുക്കുമോ എന്നാദ്യം നോക്കണം.
ബിദ്അത്തിനെ പരസ്പര വൈരുധ്യങ്ങളില്ലാതെ ഇമാം ശാഫിഈ(റ) നിർവചിക്കുന്നുണ്ട്. അത് മനസ്സിലാക്കിയാൽ നിങ്ങളുടെ ഒട്ടുമിക്ക പ്രശ്‌നങ്ങളും തീരും. സ്വന്തമായി ദീനുണ്ടാക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് ഇങ്ങനെ പരാജയപ്പെടേണ്ടി വരുന്നത്. ഖുർആനും സുന്നത്തുമടങ്ങിയ പ്രമാണങ്ങളോട് വിയോജിക്കുന്ന പുതുതായി വന്ന ബിദ്അത്തുകളാണ് പിഴവ്. അവയാണ് നരകത്തിലേക്കുള്ള വഴി.
ഇസ്‌ലാമിന്റെ ചതുർ പ്രമാണങ്ങളോട് യോജിക്കുന്ന പുത്തൻ കാര്യങ്ങൾ വിമർശിക്കപ്പെടേണ്ടവയല്ല (ബൈഹഖി, അസ്മാഉ വല്ലുആത്ത്).
പത്ത് ലക്ഷം ഹദീസ് പഠിച്ച ഇമാം ശാഫിഈ(റ) നൽകിയ ഈ വിശദീകരണം കൊണ്ട് ബിദ്അത്തിനെ അളന്നാൽ എല്ലാം ശരിയാകും. മൗലവിമാർ മെല്ലെ താഴെയിറങ്ങി. പാന്റ്‌സിനു പകരം മുണ്ടുടുത്ത് വന്നിരുന്നുവെങ്കിൽ അതഴിച്ച് തല മൂടാമായിരുന്നുവെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു.
അബ്ദുല്ല അമാനി പെരുമുഖം