7വികാര വിചാരങ്ങളുള്ളവനാണ് മനുഷ്യന്‍. ചില ഇഷ്ടങ്ങള്‍ ദുരന്തമായി പരിണമിക്കും. നബി(സ്വ) പറഞ്ഞു: സ്വര്‍ഗത്തെ മനുഷ്യ പ്രകൃതം വെറുക്കുന്ന കാര്യങ്ങളാലും നരകത്തെ അവന്‍ ഇഷ്ടപ്പെടുന്നവയാലും ആവരണം ചെയ്തിരിക്കുന്നു (മുസ്ലിം). നമ്മുടെ പ്രകൃതം സ്വാഭാവികമായി വെറുക്കുന്ന സല്‍കാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് സുഖമായി സ്വര്‍ഗീയാരാമത്തിലേക്ക് പ്രവേശിക്കാം. നമ്മുടെ പ്രകൃതം ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്കാണ് നാം ചരിക്കുന്നതെങ്കില്‍ നരകത്തിലേക്ക് ആപതിക്കും.
മരം കോച്ചുന്ന തണുപ്പില്‍ ലോകം പുതച്ചുറങ്ങുന്ന രാത്രി തഹജ്ജുദിനായി എണീറ്റ് പരിപൂര്‍ണമായി അംഗസ്നാനം ചെയ്ത് ഹൃദയത്തെ അല്ലാഹുവില്‍ അങ്കുരിപ്പിച്ചും അവനില്‍ സര്‍വവും സമര്‍പ്പിച്ചും കഴിയുക. ഒരു നിസ്കാരം നിര്‍വഹിച്ച് അടുത്തതിനായി കാത്തിരിക്കുക. അതിനെക്കുറിച്ച് രിബാത്വ് എന്നാണ് തിരുനബി(സ്വ) പരിചയപ്പെടുത്തിയത്. ശരീരത്തെ അതിനായി പള്ളിയില്‍ തളച്ചിടുക. ഇതെല്ലാം ഒരേ സമയം സ്വശരീരത്തോടും ആജന്മ ശത്രുവായ ശൈത്വാനോടുമുള്ള സമരമാണ്.
മനസ്സിനിണങ്ങുന്ന ആശകള്‍ക്കൊത്ത് തുള്ളിയാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകളുടെ സീമകള്‍ നാം നിര്‍ലജ്ജം ലംഘിക്കേണ്ടി വരും. അത് നരകപ്രവേശനത്തിന് എളുപ്പമാവും. നബി(സ്വ) പറഞ്ഞല്ലോ;സ്വന്തം ശരീരത്തിന്റെ ഇച്ഛകളെ കടിഞ്ഞാണിട്ട് മരണ ശേഷമുള്ള അനന്തമായ ജീവിതത്തിന് വേണ്ടി കര്‍മങ്ങള്‍ ചെയ്യുന്നവനാണ് ബുദ്ധിമാന്‍ (ഇബ്നുമാജ). ശരീരത്തിന്റെ ഇഛക്കനുസരിച്ച് ജീവിതം തള്ളിനീക്കുക എന്നത് നിന്ദ്യവും ആപത്തുമാണെന്ന് ചുരുക്കം. അല്ലാഹുവിന്റെ ഔലിയാക്കള്‍ ഇച്ഛകളെ നിഷ്കരുണം വിപാടനം ചെയ്തപ്പോള്‍ അവര്‍ക്ക് നിരവധി അത്ഭുതങ്ങള്‍ സാധിതമായി.
മനുഷ്യനിലെ മൃഗവാസനയായ വികാരങ്ങള്‍ക്കു കീഴ്പ്പെടാതെ ജീവിക്കണം. ഹൃദയം പ്രകാശപൂരിതമാവാന്‍ അത് പ്രധാനമാണ.് ഇച്ഛകള്‍ക്കനുസരിച്ച് ജീവിച്ചാല്‍ ആത്മീയമായ വെട്ടം കെട്ടുപോകും. ഹസന്‍ ബസ്വരി(റ) മക്കയില്‍ പ്രവേശിച്ചു. അലി (റ) വിന്‍റ സന്താനങ്ങളില്‍ പെട്ട ഒരാള്‍ കഅ്ബ ശരീഫിലേക്ക് ചാഞ്ഞ് നിന്ന് ജനങ്ങളെ ഉപദേശിക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ആ സദസ്സ് മഹാനവര്‍കള്‍ വീക്ഷിച്ചു. ഹസ്വന്‍ ബസരി (റ) ചോദിച്ചു, മതത്തിന്റെ അസ്തിവാരം എന്താണ്? അലി(റ)വിന്റെ പുത്രന്‍ പറഞ്ഞു: വറഅ് (സൂക്ഷ്മത). വീണ്ടും അദ്ദേഹം ചോദിച്ചു: മതത്തിന്റെ വിപത്ത് എന്താണ്? അടങ്ങാത്ത ആര്‍ത്തിയാണെന്നു മറുപടി.
അല്ലാഹുവിന്റെ സവിധത്തിലെ നിറുത്തം ഭയന്ന് ഒരാള്‍ ദേഹേച്ഛ വെടിഞ്ഞാല്‍ സ്വര്‍ഗമാണവന്റെ അഭയസ്ഥാനം. സൂറത്തു റഹ്്മാനില്‍ അല്ലാഹു ഇരട്ട സ്വര്‍ഗങ്ങളാണ് അവര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു നിമിഷം ശരീരം നിന്നോട് വല്ല ആവശ്യവും ഉന്നയിക്കുകയും, അതിനെതിരെ സമരം ചെയ്യാന്‍ നിനക്ക് ത്രാണിയുണ്ടാവുകയും ചെയ്താല്‍ നീ ശരീരാവശ്യത്തിന് എതിര് പ്രവര്‍ത്തിക്കണം. കാരണം, ശരീരാശയും ഇച്ഛയും ശത്രുക്കളാണ്. അവക്കെതിരെയുള്ള നിന്റെ ഏത് നീക്കവും നിന്റെ ഉറ്റ ചങ്ങാതിയുമാണെന്ന് മഹാത്മാക്കള്‍ പറയാറുണ്ട്.
അനുഭവ തീക്ഷ്ണത
വികാരത്തിന്റെ ദുരുപയോഗം വിനാശകരമാണ്. മാനവന്റെ ഏറ്റവും വലിയ നാശം വയറിന്റെ ആര്‍ത്തിയാണ്. വയറാണ് ശരീരേച്ഛകളുടെ ഉറവിടവും സകല വിപത്തുകളുടെ സ്രോതസ്സും. കാരണം, ഗുഹ്യാവയവത്തിന്റെ ആശ വയറിന്റെ ആശയോട് കെട്ട് പിണഞ്ഞിരിക്കുന്നു.
അബൂതുറാബി നഖ്ശബിയ്യ്(റ) പറഞ്ഞു: ഒരാശ എന്റെ ശരീരത്തെ വരിഞ്ഞു മുറുക്കി. അത് റൊട്ടിയും മുട്ടയുമായിരുന്നു. യാത്രക്കിടെ ഞാന്‍ ഒരു ഗ്രാമത്തിലെത്തിപ്പെട്ടു. അപ്പോള്‍ ഒരാള്‍ വന്ന് എന്നെ കെട്ടിയിട്ടു. ഇയാള്‍ കള്ളന്‍മാരുടെ കൂട്ടത്തില്‍ പെട്ടവനാണ്എന്ന് ഗ്രാമവാസികള്‍ കൂക്കിവിളിച്ച് എന്നെ എഴുപത് പ്രാവശ്യം അടിച്ചു. പിന്നീട് ഒരാള്‍ എന്നെ തിരിച്ചറിഞ്ഞു. അയാള്‍ പറഞ്ഞു. ഇത് അബൂ തുറാബെന്നെ മഹാനരാണല്ലോ. തുടര്‍ന്ന് ഗ്രാമവാസികള്‍ ഒന്നടങ്കം ക്ഷമാപണം നടത്തി. ഒരാള്‍ എന്നെ ചുമന്ന് അയാളുടെ വീട്ടിലേക്ക് കൊണ്ട് പോയി. കഴിക്കാന്‍ റൊട്ടിയും മുട്ടയും തന്നു. അപ്പോള്‍ ഞാന്‍ എന്റെ ശരീരത്തോട് പറഞ്ഞു: എഴുപത് അടികിട്ടിയത് ഇതിനെചൊല്ലിയാണല്ലോ.
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) വിന്റെ ചരിത്രം പാഠമാണ്. കനല്‍ പഥങ്ങളിലെ തീക്ഷ്ണതകളില്‍ പതറാതെ ഊര്‍ജസ്വലതയോടെ കര്‍മങ്ങള്‍ ഇഖ്ലാസില്‍ ചാലിച്ചനുഷ്ഠിച്ചപ്പോഴാണ് കറാമത്തുകളുടെ കനകലോകം മഹാന് തുറക്കപ്പെട്ടത്.
കേള്‍ക്കേണ്ട വാക്കുകള്‍
അബൂ യസീദില്‍ ബിസ്ത്വാമി(റ) പറഞ്ഞു: നീണ്ട പന്ത്രണ്ട് സംവത്സരങ്ങള്‍ ഞാനെന്റെ ശരീരത്തിന്റെ ഇച്ഛകള്‍ക്കു കടിഞ്ഞാണിട്ടും ആശകളെ തുരത്തിയും ആത്മീയസാധന ചെയ്തു. സ്വൂഫി ഗുരുക്കളില്‍ മറ്റൊരാള്‍: എന്റെ ഹൃദയത്തിന്റെ പടി വാതില്‍ക്കല്‍ ഞാന്‍ ഇരുപത് കൊല്ലം കാവല്‍നിന്നു. അല്ലാഹുവിന്റെ പൊരുത്തത്തിനുതകുന്നതല്ലാത്ത ഒന്നിനേയും ഞാനതിലേക്ക് കടത്തി വിട്ടില്ല.
അബൂ യസീദ്(റ) പറയുന്നു: ഞാനെന്റെ റബ്ബിനെ സ്വപ്നത്തില്‍ ദര്‍ശിച്ചു. ഞാന്‍ ചോദിച്ചു, എങ്ങനെ നിന്നെ എത്തിക്കും? അല്ലാഹു പറഞ്ഞു: നിന്റെ ശരീരത്തിന്റെ ആശകള്‍ക്കു കടിഞ്ഞാണിട്ട് നീ വരൂ.
ജുനൈദ് (റ) പറഞ്ഞു: തസ്വവ്വുഫ് എന്നാല്‍ അഭ്യൂഹങ്ങളല്ല. മറിച്ച് വിശപ്പും പരിത്യാഗവും ശീലിച്ചും ശരീരത്തിന് ഇണങ്ങുന്ന സൗന്ദര്യ സ്വരൂപങ്ങളെ അറുത്തുമാറ്റിയുമാണ് ഞങ്ങള്‍ തസ്വവ്വുഫ് സ്വീകരിച്ചത്. അബൂ ഖാസ്വിമില്‍ ഖുശൈരി(റ) പറഞ്ഞു: ധര്‍മയുദ്ധത്തിന്റെ അടിത്തറ, ശരീരത്തിന് ഇണക്കമുള്ള കാര്യങ്ങള്‍ക്ക് കടിഞ്ഞാണിട്ട് മിക്ക സമയവും ആശകള്‍ക്ക് എതിര് ചെയ്യാന്‍ അതിനെ പ്രേരിപ്പിക്കലാണ്. ശരീരത്തിന് രണ്ട് വിശേഷണങ്ങളുണ്ട്; ഇച്ഛകളില്‍ മുങ്ങിക്കുളിക്കുക, അല്ലാഹുവിനെ അനുസരിക്കാതെ പുറം തിരിഞ്ഞ് നില്‍ക്കുക. ശരീരേച്ഛയില്‍ അഭിരമിക്കുകയാണെങ്കില്‍ തഖ്വയാകുന്ന കടിഞ്ഞാണ് അതിനെ നിയന്ത്രിക്കേണ്ടതുണ്ട്. ഇമാം ബൂസ്വീരി(റ): ശൈത്വാനോടും സ്വശരീരത്തോടും നീ എതിര് ചെയ്യുക.
വികാരത്തെ എങ്ങനെ വിപാടനം ചെയ്യാം
വികാരം മനസ്സിന്റെ ഉല്‍പന്നമാണ്. അതിനെ നിയന്ത്രിക്കാന്‍ മനസ്സ് ശുദ്ധമാക്കേണ്ടതുണ്ട്. മനസ്സ് ശുദ്ധമാക്കാന്‍ മരണ സ്മരണയാണ് ഒരു പോംവഴി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) പറയുന്നു: അര്‍ത്ഥം ചിന്തിച്ചുള്ള ഖുര്‍ആന്‍ പാരായണം, വയറ് നിറക്കാതിരിക്കുക, തീറ്റ കുറക്കുക, പാതിരാവിലെ രണ്ടു റക്്അത്ത് നിസ്കാരം, അത്താഴ സമയത്ത് അല്ലാഹുവിനോട് പശ്ചാത്തപിക്കുക, സജ്ജനങ്ങളോടുള്ള സഹവാസം എന്നിവ ഹൃദയം പ്രകാശിക്കാനും വിമലീകരിക്കാനും നിമിത്തങ്ങളാണ്.
ധാരാളം കര്‍മം ചെയ്യുന്നതിനേക്കാള്‍ ഗുണം, ഉള്ളത് മെച്ചപ്പെടുത്തുന്നതിലാണ്. എണ്ണമല്ല, വണ്ണമാണ് പ്രധാനമെന്നര്‍ത്ഥം. മരതകം എത്ര ചെറുതാണ്, പക്ഷേ വിലയോ…! ഇച്ഛക്കു പിടികൊടുക്കാതെ മനസ്സു വൃത്തിയാക്കുന്നതും അതിനെ അല്ലാഹുവിലേക്ക് തിരിച്ച് വെക്കുന്നതുമാണ് അതില്ലാതെ നിസ്കാരവും വ്രതവും ധാരാളം ചെയ്യുന്നതിലുമധികം പുണ്യകരം. പകലിലെ ഏറെ സാഷ്ടാംഗത്തേക്കാള്‍ എത്ര മഹത്തരമാണ് രാത്രിയിലെ രണ്ട് റക്അത്ത്. രാത്രിയിലെ നിന്റെ വണക്കം മീസാനില്‍ പ്രത്യേകം പരിഗണിക്കും. അല്ലാഹുവിന്റെ അടിമകളാണു നാം. നന്നായി പണിയെടുക്കാനാണ് ഒരാള്‍ അടിമയെ വാങ്ങുന്നത്. തിന്നും കുടിച്ചും കൂത്താടാനല്ല. സ്വര്‍ഗം പകരം നല്‍കാമെന്ന കരാറില്‍ സത്യ വിശ്വാസികളില്‍ നിന്ന് അവരുടെ ശരീരവും സമ്പത്തും അല്ലാഹു വാങ്ങിയിരിക്കുന്നു, അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അവര്‍ (ശത്രുവെ) വധിച്ചും (ശത്രുക്കളാല്‍) വധിക്കപ്പെട്ടും (തൗബ111). അതുവഴി സ്വര്‍ഗസ്ഥരാവുന്നു.
അമാന്തമെന്തിന്?
നഫ്സിനെ നിയന്ത്രിക്കണം. അല്ലെങ്കില്‍ അതു നിന്നെ നിയന്ത്രിച്ചേക്കും. അതിനെ ശാസിക്കണം. ഇെല്ലങ്കില്‍ അതു നിന്നെ ശാസിക്കും. അല്ലാഹുവിന് വണങ്ങാതെ ഉണങ്ങിക്കരിഞ്ഞ അവയവങ്ങള്‍ വെട്ടിനുറുക്കി അടുപ്പില്‍ തള്ളാനേ കൊള്ളൂ. ഉണങ്ങിക്കഴിഞ്ഞാല്‍ മരം വിറകാക്കുന്ന പോലെ (താജുല്‍ അറൂസ്).
ഹൃദയം സുന്ദരമാവണോ, രോഗ മുക്തി വേണോ, പശ്ചാതാപത്തിന്റെ തീരമണയുക. അല്ലാഹുവില്‍ നിന്ന് നിന്നെ അകറ്റുന്നതെന്തോ അതൊക്കെയും ദൂരെയെറിയുക. നിസ്സാരതയുടെയും വിനയത്തിന്റെയും വസ്ത്രം അണിയുക; ഹൃദയം പ്രകാശിതമാവും. അതിനായി വികാരങ്ങളെ വിവേകം കൊണ്ട് കീഴടക്കുക.
നിശാ നിസ്കാരം ഹൃദയകാന്തിക്ക് നിദാനമാണ്. സാഹചര്യ സമ്മര്‍ദങ്ങള്‍ ശക്തമായി പത്തിവിടര്‍ത്തിയാലും അല്ലാഹുവിനെ ഓര്‍ത്ത്, തിരുപാതയുള്‍ക്കൊണ്ട്, വികാരങ്ങള്‍ക്ക് അടിപ്പെടാതെ, വിവേകത്തോടെ ജീവിതം നയിക്കാന്‍ നാം തയ്യാറാവണം. റമളാനിനു ശേഷവും ആ ചൈതന്യം നിലനിറുത്താന്‍ നമുക്കു കഴിയട്ടെ.

അജ്മല്‍ പി മമ്പാട്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ