താന്‍ മുഹമ്മദിന്റെ പക്ഷം ചേര്‍ന്നിട്ടുണ്ടോ?
“ഉവ്വ്’ ഖബ്ബാബ്(റ) പറഞ്ഞു.
“എന്നാല്‍ മുഹമ്മദിനെ അവിശ്വസിച്ചാലേ ഞാന്‍ തരാനുള്ള പണം തരികയുള്ളൂ.’
“താന്‍ മരിച്ചു രണ്ടാമതു ജനിച്ചാലും അതു നടക്കില്ല. ഞാന്‍ റസൂലിനെ തള്ളിപ്പറയുന്ന പ്രശ്നമേയില്ല.
“എന്നാല്‍ പിന്നെ മരിച്ചു ജീവിക്കട്ടെ. അവിടെ സ്വര്‍ഗവും സമ്പത്തുമെല്ലാം നല്‍കപ്പെടുമെന്നല്ലേ നിന്നെ മുഹമ്മദ് പഠിപ്പിച്ചത്. ഒന്നോര്‍ത്തോളൂ, ഞാന്‍ അവിടെയും നിങ്ങളെക്കാള്‍ അധമന്‍ ആയിരിക്കുകയില്ല. ഉന്നതനും സമ്പന്നനും തന്നെയായിരിക്കും. എനിക്ക് അനവധി സമ്പത്തും സന്താനങ്ങളും അവിടെയുണ്ടാകും, ഖബ്ബാബേ. അന്ന് തന്റെ കടം വീട്ടാം. ഇപ്പോള്‍ സ്ഥലം വിടാന്‍ നോക്ക്…’
ഉമ്മു അമ്മാറിന്റെ അടിമയായ ഖബ്ബാബ് ബ്നുല്‍ അറത്ത്(റ) നിപുണനായ കൊല്ലപ്പണിക്കാരനായിരുന്നു. യുദ്ധായുധങ്ങളായ വാള്, പരിച, കുന്തം പോലുള്ളവ നിര്‍മിക്കുന്നതില്‍ അതി സമര്‍ത്ഥന്‍. അതിനാല്‍ പലരും ആയുധ നിര്‍മാണത്തിന് അദ്ദേഹത്തെ ആശ്രയിക്കുമായിരുന്നു. വാളുണ്ടാക്കിക്കൊടുത്ത വകയില്‍ ഖബ്ബാബ്(റ)ന് കുറച്ച് പണം ഒരു പ്രമാണി കൊടുക്കാനുണ്ടായിരുന്നു. അതാവശ്യപ്പെട്ടുചെന്ന ഖബ്ബാബിനോട് ധിക്കാരപൂര്‍വം ഇങ്ങനെ പറഞ്ഞുവിട്ടു.
കൊടുക്കാനുള്ള പണം ചോദിച്ചതിന് പരിഹസിച്ച് മടക്കിവിട്ടത് ബനൂസഹ്മില്‍ പെട്ട ആസ്വ്ബ്നു വാഇല്‍ എന്ന കുബേരനാണ്. വിശുദ്ധ ഖുര്‍ആന്‍ സത്യനിഷേധിയായ ഈ ധിക്കാരിയെക്കുറിച്ച് പരാമര്‍ശിക്കുന്നതിങ്ങനെ:
“നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും തനിക്ക് സമ്പത്തും സന്താനങ്ങളും നല്‍കപ്പെടുക തന്നെ ചെയ്യുമെന്ന് (ധിക്കാരപൂര്‍വം) പറയുകയും ചെയ്തവനെ നിങ്ങള്‍ കാണുന്നില്ലേ? അവന്‍ അദൃശ്യ കാര്യങ്ങള്‍ അറിഞ്ഞിട്ടുണ്ടോ, അഥവാ മഹാ കാരുണ്യവാനായ നാഥന്റെ പക്കല്‍നിന്ന് വല്ല കരാറും നേടിയിട്ടുണ്ടോ? ഒരിക്കലുമില്ല. അവന്‍ പറയുന്നതെന്തോ അത് നാം രേഖപ്പെടുത്തി വെക്കും. അവനെ (തല്‍ക്കാലം) ശിക്ഷിക്കാതെ നാം നീട്ടിയിടും. അവന്‍ പറയുന്ന സമ്പത്തും സന്താനവുമെല്ലാം നമ്മുടെ കൈവശത്തിലായിത്തീരും. അവന്‍ ഏകനായി നമ്മുടെ അടുക്കല്‍ ഹാജരാവുകയും ചെയ്യും’ (19/7780).
തിരുദൂതരെ അധിക്ഷേപിക്കുന്നതിലും പരിഹസിക്കുന്നതിലും മുമ്പന്തിയില്‍ നിന്നിരുന്ന മക്കയിലെ അഞ്ചു പേരില്‍ പ്രധാനിയായിരുന്നു ആസ്വ്. ബനൂ അസദിലെ അസ്വദുബ്നുല്‍ മുത്തലിബും ബനൂസുഹ്റത്തിലെ മസ്വദ്ബ്നു അബ്ദിയഗൂസും വലീദുബ്നു മുഗീറത്തും ബനൂഖുസാഇലെ ഹാരിസുമായിരുന്നു മറ്റു നാലു പേര്‍. തിരുനബി(സ്വ)യെയും ഇസ്‌ലാമിനെയും ആക്ഷേപിക്കാന്‍ ലഭ്യമാകുന്ന ഒരവസരവും ഇവര്‍ പാഴാക്കിയിരുന്നില്ല. പരിഹസിച്ചും ആക്ഷേപിച്ചും തിരുറസൂലിനെ ശല്യപ്പെടുത്തിയ ഇവര്‍ ദൈവശാപത്തിന് വിധേയരായി അവസാനം നിന്ദ്യരായി നശിപ്പിക്കപ്പെട്ടു.
അബ്തര്‍സന്താനങ്ങളില്ലാതെ പരമ്പര നശിച്ചവന്‍നിശ്ചയം താങ്കളുടെ ആക്ഷേപകന്‍ തന്നെയാണ്. സൂറതുല്‍ കൗസറിലെ മൂന്നാം സൂക്തത്തില്‍ “അബ്തര്‍’ എന്ന അധിക്ഷേപത്തിന് വിധേയനും ആസ്വ്ബ്നു വാഇല്‍ തന്നെ.
ദൈവകോപത്തിന് വിധേയനായ ഈ പ്രമാണിയുടെ പുത്രന്മാരില്‍ രണ്ടുപേര്‍ സത്യസാക്ഷികളും തിരുനബി(സ്വ)യുടെ ഇഷ്ടക്കാരുമായിരുന്നുഹിശാം(റ), അംറ്(റ). ഇവരില്‍ ആദ്യം ഹിശാമും പിന്നീട് അംറും ഇസ്‌ലാമിലേക്കു വന്നു.
ധിക്കാരിയായിരുന്ന ആസ്വ്, സത്യസാക്ഷ്യം പുല്‍കിയതിന് പുത്രന്‍ ഹിശാമിനെ അതിക്രൂരമായി മര്‍ദ്ദിച്ചു. മേല്‍ക്കൂരയില്ലാത്ത ഇടുങ്ങിയ അറയില്‍ കൈകാലുകള്‍ ബന്ധിച്ചു, മരുഭൂമിയിലെ പൊള്ളുന്ന വെയിലില്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിഷേധിച്ച് ശാരീരികമായി പീഡിപ്പിച്ചു. ഹിശാം എന്തോ അരുതായ്മ പ്രവര്‍ത്തിച്ചതിനായിരുന്നില്ല ഈ മര്‍ദ്ദനം. പ്രപഞ്ചനാഥനിലും അന്ത്യദൂതരിലും വിശ്വസിച്ചുവെന്നതാണ് കാരണം. അന്ന് അവിശ്വാസിയായിരുന്ന ജ്യേഷ്ഠ സഹോദരന്‍ അംറും പിതാവിനൊപ്പം പങ്കാളിയായി. എല്ലാം സഹിച്ചും ക്ഷമിച്ചും ത്യാഗത്തിന്റെ കൊടുമുടികള്‍ താണ്ടി ഹിശാം വിശ്വാസം സംരക്ഷിച്ചു. അവസാനം ഗത്യന്തരമില്ലാതെ എത്യോപ്യയിലേക്ക് വിശ്വാസി വൃന്ദത്തോടൊപ്പം ഹിശാം(റ) ഹിജ്റ പോയി.
പിന്നീട് മദീനയില്‍ വിശ്വാസികള്‍ക്ക് അഭയമുണ്ടെന്ന് കേട്ടതിനാല്‍ അദ്ദേഹം അബ്സീനിയയില്‍ നിന്നു മക്കയില്‍ തിരിച്ചെത്തി മദീനയിലേക്കുള്ള പലായന ഒരുക്കങ്ങള്‍ നടത്തി.
ഖത്താബിന്റെ പുത്രന്‍ ഉമര്‍(റ)വും റബീഅയുടെ മകന്‍ അയ്യാശും(റ) മദീന പലായനത്തിന് ഒരുങ്ങുന്ന വൃത്താന്തം ഹിശാം(റ) അറിഞ്ഞു. രാത്രി മൂവരും മക്കയില്‍ നിന്നു പത്തു നാഴിക അകലെയുള്ള ഒരു കേന്ദ്രത്തില്‍ ഒരുമിക്കാനും ശേഷം പുറപ്പെടാനും, ആരെങ്കിലും വന്നില്ലെങ്കില്‍ എത്തിയവര്‍ യാത്ര തുടരാനും ധാരണയായി. ഉമര്‍(റ)വും അയ്യാശ്(റ)വും നിശ്ചിത സമയത്ത് സ്ഥലത്തെത്തി. ഹിശാമിനെ അല്‍പം കാത്തു കാണാത്തതിനാല്‍ ഇരുവരും ഹിജ്റ പോയി. ഹിശാമാകട്ടെ പിതാവൊരുക്കിയ കെണിയില്‍ കുടുങ്ങി. അയാള്‍ പുത്രനെ തടവറയിലാക്കി ക്രൂരമര്‍ദ്ദനമേല്‍പ്പിച്ചു. ഇസ്‌ലാമിന് നിരക്കാത്തവ പറയാന്‍ നിര്‍ബന്ധിച്ചു.
അസഹ്യമായ വേദന കൊണ്ട് പുളഞ്ഞ് സ്വബോധം നഷ്ടപ്പെടവെ പലതും പുലമ്പുക സ്വഭാവികം. അങ്ങനെ ലാത്തഉസ്സമാരെയും മറ്റു ദൈവങ്ങളെയും പ്രകീര്‍ത്തിക്കുകയും ഇസ്‌ലാമിനെയും തിരുദൂതരെയും അവഹേളിക്കുന്ന പദമുരുവിടുകയും ചെയ്തു അദ്ദേഹം. സ്വയമറിയാതെ ഉരുവിട്ടു പോയ ഇത്തരം പൊയ്വാക്കുകള്‍ നിമിത്തം ശിക്ഷിക്കപ്പെടുമോ?
മക്കയിലെ ദുര്‍ബലരും ബന്ധനസ്ഥരുമായ സത്യ വിശ്വാസികളെ അസ്വസ്ഥമാക്കിയിരുന്ന ഒരു വലിയ പ്രശ്നമായിരുന്നു ഇത്. പലരും ആശങ്ക പങ്കുവെച്ചു.
“അല്ലാഹുവിനെ അറിയുകയും ദുരിതവും കഷ്ടപ്പാടുകളും നേരിടുമ്പോള്‍ തിരിച്ചു പോവുകയും ചെയ്യുന്നവരോട് അല്ലാഹു പൊറുക്കില്ല.’
പ്രവാചകരേ പറയുക, സ്വശരീരങ്ങളോട് അതിക്രമം കാണിച്ച ദാസന്മാരേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം അല്ലാഹു സകല പാപങ്ങളും മാപ്പാക്കുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലേ. നിങ്ങളുടെ റബ്ബിങ്കലേക്ക് തിരിച്ചുവരുവീന്‍. അവന് കീഴ്പ്പെട്ടവരാകുവീന്‍. നിങ്ങളില്‍ ശിക്ഷ ഭവിക്കുകയും പിന്നെ എങ്ങുനിന്നും നിങ്ങള്‍ക്ക് സഹായം ലഭിക്കുക അസാധ്യമാവുകയും ചെയ്യുന്നതിനു മുമ്പായി (അസ്സുമര്‍/53,54) മേല്‍സൂക്തം ഹിശാമിന് ഉമര്‍(റ) രഹസ്യമായി അറിയിച്ചുകൊടുത്തു. ഉടനെ തിരുദൂതരുടെ മുന്നിലെത്താന്‍ ഹിശാമിന് തിടുക്കമായി.
അന്നൊരു നാള്‍ മക്ക ഇരുളിന്റെ കരിമ്പടം പുതച്ചുറങ്ങവെ ഹിശാം(റ) തന്നെ വലിഞ്ഞു മുറുക്കിയ ബന്ധനം പൊട്ടിച്ചെറിഞ്ഞ് കാരാഗൃഹത്തില്‍ നിന്നും പുറത്തുചാടി. മലയും താഴ്വരയും താണ്ടി ഏകാന്തപഥികനായി മദീനത്തുറസൂലിലെത്തി. തന്റെ പ്രിയ ശിഷ്യന്‍ ഹിശാമിന്റെ ആഗമനത്തില്‍ ഹര്‍ഷപുളകിതനായി അവിടുന്ന് ആശ്ലേഷിച്ചു. അപ്പോഴേക്കും ബദ്റും ഉഹ്ദും ഖന്തഖുമെല്ലാം കഴിഞ്ഞിരുന്നു.
മക്കം ഫത്ഹിന് അല്‍പം മുമ്പ് ജ്യേഷ്ഠ സഹോദരന്‍ അംറ് ഇസ്‌ലാം ആശ്ലേഷിച്ചത് ഹിശാമിനെ സന്തുഷ്ടനാക്കി. സഹോദരനൊന്നിച്ച് സേവനനിരതനായി. ദീനീ സേവനത്തിന് ലഭിച്ച ഒരു സന്ദര്‍ഭവും അദ്ദേഹം പാഴാക്കിയില്ല.
ഖലീഫ ഉമര്‍(റ)ന്റെ ഭരണകാലത്ത് തന്റെ സഹോദരന്‍ അംറിന്റെ നേതൃത്വത്തില്‍ റോമക്കാര്‍ക്കെതിരെ നയിക്കപ്പെട്ട സൈന്യത്തില്‍ ഹിശാം(റ) മുഖ്യ പങ്കുവഹിച്ചു. അജ്നാദീനില്‍ വെച്ചായിരുന്നു അവര്‍ ഏറ്റുമുട്ടിയത്. അതിശക്തമായ പോരാട്ടത്തിനിടെ യുദ്ധഭൂമിയില്‍ നിന്ന് ഹിശാം ഇങ്ങനെ വിളിച്ചുപറഞ്ഞു: “മുസ്‌ലിം സമുദായമേ, ഈ ഭീരുക്കള്‍ക്ക് പടവാള്‍ പേടിയാണ്. എനിക്കു പിന്നില്‍ നിങ്ങള്‍ അണിചേരുക.’ ശത്രുവ്യൂഹത്തില്‍ തള്ളിക്കയറി അദ്ദേഹം വിളിച്ചു പറഞ്ഞു: “മുസ്‌ലിംകളേ, ഇതാ ഹിശാമുബ്നു ആസ്വ്. നിങ്ങള്‍ ഓടിവരിക.’
ഇതു കേള്‍ക്കേണ്ട മാത്രയില്‍ മുസ്‌ലിംകള്‍ പാഞ്ഞടുത്തു. അവര്‍ സംഘടിതമായി ആക്രമണം നടത്തി. ഗത്യന്തരമില്ലാതെ ശത്രുക്കള്‍ ഒരു മതിലിന്റെ മറുഭാഗത്തേക്ക് ഉള്‍വലിഞ്ഞു. മതിലിന്റെ പഴുതിലൂടെ നുഴഞ്ഞുകയറുന്ന മുസ്‌ലിംകളെ അവര്‍ അപ്പുറത്ത് നിന്ന് വകവരുത്തിക്കൊണ്ടിരുന്നു. ശത്രുക്കളുടെ രക്ഷാസങ്കേതം തകര്‍ക്കുന്നതിനിടയില്‍ ഹിശാം(റ)ന് വെട്ടേറ്റു. മതിലിന്റെ പഴുതില്‍ തന്നെ അദ്ദേഹം രക്തസാക്ഷിയായി വീണു.
പിന്നില്‍ നിന്നും തുരുതുരാ വരുന്ന മുസ്‌ലിം കുതിരപ്പടയാളികള്‍ക്ക് മതിലിനപ്പുറത്ത് പ്രവേശിക്കണമെങ്കില്‍ ഹിശാമിന്റെ മൃതദേഹം ചവിട്ടിക്കടന്ന് പോവുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. നിര്‍ണായകമായ ആ സമയത്ത് സേനാ നായകനായ സഹോദരന്‍ അംറ്(റ) സൈനികരോട് വിളംബരപ്പെടുത്തി:
ജനങ്ങളേ, അല്ലാഹു ഹിശാമിന് രക്തസാക്ഷിത്വം നല്‍കി ആദരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് നാഥന്നടുത്ത് എത്തിക്കഴിഞ്ഞു. ഈ വീണുകിടക്കുന്നത് ഒരു ജഢം മാത്രമാണ്. നിങ്ങള്‍ കുതിരകളെ തെളിക്കുവീന്‍.
സൈനികര്‍ക്കു മുന്പില്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഹിശാം(റ)ന്റെ മൃതദേഹത്തിനു മുകളിലൂടെ അവര്‍ കുതിരകളെ ഓടിച്ചു മുന്നേറി. ശത്രുവിനെ തുരത്തിയതിനു ശേഷം മഹാനായ ആ രക്തസാക്ഷിയുടെ ചിന്നിച്ചിതറിയ വിശുദ്ധ ശരീരം അവര്‍ ഖബറടക്കി.
അംറ്(റ) പിന്നീടൊരിക്കല്‍ അദ്ദേഹത്തെ സ്മരിച്ചതിങ്ങനെ:”യര്‍മൂക് പടക്കളത്തില്‍ ഞാനും ഹിശാമും റബ്ബിനോടിരന്നു. നാഥാ, ഞങ്ങള്‍ക്ക് രക്തസാക്ഷിത്വം നല്‍കി നീ ഞങ്ങളോട് കരുണ കാണിക്കേണമേ എന്ന്. ദയാപരനായ അല്ലാഹു എന്റെ സഹോദരന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു. എന്‍റേതു വിസമ്മതിച്ചു. ഹിശാം എന്നേക്കാള്‍ ഉത്തമന്‍ തന്നെ.’
ഹിശാം(റ)ന്റെ വിയോഗമറിഞ്ഞ ഖലീഫ ഉമര്‍(റ) പറഞ്ഞു: “അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ, വിശുദ്ധ ഇസ്‌ലാമിന് വലിയ സഹായവും സേവനവുമായിരുന്നു ഹിശാമിന്‍റേത്.’
(സുവറുന്‍ മിന്‍ ഹയാത്തിസ്വഹാബ, അല്‍ ഇസ്തിആബ്)
ടിടിഎ ഫൈസി പൊഴുതന