യാത്രയെ കുറിച്ച് അധികം ചർച്ചയാവാത്ത ഒരു വസ്തുതയാണ് യാത്ര ഒരു പുണ്യമാണെന്നത്. കുറ്റകരമല്ലാത്ത ഏതു യാത്രയും മനസ്സുവെച്ചാൽ സുകൃതമാക്കിത്തീർക്കാം. യാത്രയ്ക്ക് മുമ്പും ശേഷവും രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം പ്രത്യേകം നിർദേശിക്കപ്പെട്ടതാണല്ലോ. നിസ്കാരം കൊണ്ട് തുടങ്ങി നിസ്കാരം കൊണ്ട് അവസാനിപ്പിക്കേണ്ട ഒരു നന്മയാണ് യാത്രയെന്ന് ചുരുക്കം. യാത്രയുടെ വിവിധ ഘട്ടങ്ങളിൽ നിർവഹിക്കാനുള്ള ദിക്റുകളും ദുആകളും വേറെയുമുണ്ട്. പുണ്യ പൂരിതമായ ഒരു സൽകർമമാണ് യാത്ര, അഥവാ അങ്ങനെ ആയിരിക്കണം എന്നതിന് കൂടുതൽ വിവരണം ആവശ്യമില്ല. ഇമാം അഹ്മദ്, ബൈഹഖി(റ) തുടങ്ങിയവർ റിപ്പോർട്ട് ചെയ്ത ‘നിങ്ങൾ യാത്ര ചെയ്യൂ, ആരോഗ്യവാന്മാരാകൂ’ എന്ന നബിവചനം വിശദീകരിച്ചുകൊണ്ട് ഇമാം മുനാവീ(റ) രേഖപ്പെടുത്തുന്നു: ‘യാത്ര ചിലപ്പോൾ സുന്നത്ത് നിസ്കാരങ്ങളെക്കാൾ പ്രയോജനപ്പെടുന്നതാണ്’ (അത്തൈസീർ ശർഹു ജാമിഉസ്സഗീർ).
ഒരു നേട്ടം കൈവരിക്കാനോ ഒരു കോട്ടം ഒഴിവാക്കാനോ ഉള്ള മാർഗമാണ് യാത്ര എന്ന് ഇമാം ഗസ്സാലി(റ) കുറിച്ചു (ഇഹ്യാ ഉലൂമിദ്ദീൻ, ആദാബുസ്സഫർ).
അലക്ഷ്യമായി കറങ്ങരുത്. യാത്രക്ക് മഹിതമായ ലക്ഷ്യമുണ്ടായിരിക്കണം. ഖുർആൻ ഉണർത്തുന്നത് കാണുക: ‘നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കൂ, അല്ലാഹു എങ്ങനെയാണ് സൃഷ്ടിപ്പ് നിർവഹിച്ചതെന്ന് ആലോചിക്കൂ. പിന്നീട് അല്ലാഹു മറ്റൊരു സൃഷ്ടികർം കൂടി നിർവഹിക്കുന്നതാണ്. തീർച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുറ്റവനാണ് (സൂറത്തുൽ അൻകബൂത് 20). യാത്രയിലൂടെ പരലോക പ്രയാണത്തിലേക്ക് ശ്രദ്ധ തിരിക്കാൻ പ്രചോദനം നൽകുകയാണിവിടെ.
മറ്റൊരിടത്ത് വിശുദ്ധ ഖുർആൻ പറഞ്ഞു: ‘നിങ്ങൾ ഭൂമിയിൽ യാത്ര ചെയ്യൂ, ദുഷ്കർമികളുടെ പര്യവസാനം എപ്രകാരമായിരുന്നെന്ന് ചിന്തിക്കൂ’ (സൂറത്തുന്നംല് 69). ‘നിങ്ങൾ ഭൂമിയിൽ യാനം ചെയ്യൂ, കളവാക്കി നടന്നവരുടെ അന്തിമ സ്ഥിതി എന്തായിരുന്നുവെന്ന് ആലോചിക്കൂ (സൂറത്തുൽ അൻആം 11). ഒരു വചനം കൂടി: നിങ്ങൾ ഭൂമിയിൽ പ്രയാണം ചെയ്യൂ, മുൻഗാമികളുടെ അന്തിമ സ്ഥിതി എന്തായിരുന്നുവെന്ന് മനനം ചെയ്യൂ. അവരധികപേരും ബഹുദൈവ വിശ്വാസികളായിരുന്നു (സൂറത്തുർറൂം 42).
യാത്രക്കാരെ ഖുർആൻ വളരെ അനുഭാവപൂർവമാണ് സമീപിക്കുന്നത്. നിർബന്ധ നിസ്കാരത്തിൽ പോലും ചില ഇളവുകൾ അവർ ഖുർആൻ നൽകുന്നു. അതിങ്ങനെ വായിക്കാം: ‘നിങ്ങൾ ഭൂമിയിൽ യാത്ര ചെയ്യുകയാണെങ്കിൽ നിസ്കാരം ചുരുക്കി നിർവഹിക്കുന്നതിന് വിരോധമില്ല (അന്നിസാഅ് 101). വ്രതാനുഷ്ഠാനത്തിലും യാത്രക്കാർക്ക് ഇളവുകൾ അല്ലാഹു പ്രഖ്യാപിക്കുന്നുണ്ട്: ‘നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കിൽ മറ്റു ദിവസങ്ങളിൽ നോമ്പെടുത്താൽ മതി’ (അൽബഖറ 184).
അബൂഹുറൈറ നിവേദനം ചെയ്യുന്നു: നബി(സ്വ) അരുളി: മൂന്ന് മസ്ജിദുകളിലേക്കല്ലാതെ വാഹന യാത്ര പാടില്ല. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ (ബുഖാരി, മുസ്ലിം). ഈ നബിവചനം കാണിച്ചുകൊണ്ട് ചില യാത്രകളെ നിരുത്സാഹപ്പെടുത്തുന്നവരും നിരോധിക്കുന്നവരുമുണ്ട്. അത് ശരിയായ നിലപാടല്ല. ഈ ഹദീസിന്റെ താൽപര്യം നിസ്കാരത്തിന് കൂടുതൽ പ്രതിഫലം ഉദ്ദേശിച്ചുകൊണ്ട് മറ്റു പള്ളികളിലേക്ക് യാത്ര ചെയ്യേണ്ടതില്ല എന്നു മാത്രമാണ്. പ്രാമാണികരായ ഹദീസ് വിശാരദന്മാർ രേഖപ്പെടുത്തുന്നു: ഈ നബിവചനത്തിന്റെ താൽപര്യം ഈ മൂന്ന് പള്ളികളല്ലാത്ത മറ്റേതൊരു പള്ളിയിലേക്കും പ്രത്യേക പുണ്യം ആഗ്രഹിച്ചുള്ള യാത്ര പാടില്ല എന്ന് മാത്രമാണ്. വിജ്ഞാനം നേടാനോ വ്യാപാരത്തിനു വേണ്ടിയോ സജ്ജനങ്ങളെ സിയാറത്ത് ചെയ്യുന്നതിനോ സുഹൃത്തുക്കളെ കാണാനോ ഉള്ള യാത്രകൾ നിരോധിക്കപ്പെട്ടതല്ല. ഭൂരിപക്ഷം പണ്ഡിതന്മാരും അതാണ് അംഗീകരിച്ചിട്ടുള്ളത് (ഉംദതുൽഖാരീ, ശർഹു മുസ്ലിം).
മറ്റൊരു നബിവചനത്തിൽ അക്കാര്യം വ്യക്തമായി പറയുന്നു. അബൂസഈദിൽ ഖുദ്രി(റ) നിവേദനം. നബി(സ്വ) അരുൾ ചെയ്തു: മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ, എന്റെ ഈ മസ്ജിദുന്നബവി എന്നീ മൂന്നു പള്ളികളിലേക്കല്ലാതെ നിസ്കാരത്തിന് വേണ്ടി യാത്ര പാടില്ല (മുസ്നദ് അഹ്മദ്, അഖ്ബാറു മദീന, തൽഖീസ്). മറ്റു പള്ളികളെല്ലാം പുണ്യം ലഭിക്കുന്ന കാര്യത്തിൽ സമമാണ്. ഒന്നിന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠതയില്ല എന്നതാണ് ഇതിനു കാരണം.
ഈ യാഥാർഥ്യം അംഗീകരിക്കാൻ വിസമ്മതിക്കുന്നവർ വിശുദ്ധ ഖുർആനിനോട് ആദർശപരമായി ഏറ്റുമുട്ടേണ്ടിവരും. കാരണം ഈ മൂന്ന് പള്ളികളിലേക്കല്ലാത്ത അനേകം യാത്രകളെ ഖുർആൻ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. മൂസാ നബി(അ) ഖിള്ർ നബി(അ)യെ തേടി ദീർഘദൂരം യാത്ര ചെയ്തത്, ഇബ്റാഹീം നബി(അ) ഇറാഖിൽ നിന്ന് സിറിയയിലേക്ക് യാത്ര ചെയ്തത്, ദുൽ ഖർനൈൻ മശ്രിഖ് മുതൽ മഗ്രിബ് വരെ പര്യടനം ചെയ്തത്. ആകയാൽ നമ്മുടെ യാത്ര നന്മ നേടാനും തിന്മ തടയാനുമായി തുടരട്ടെ.
സുലൈമാൻ മദനി ചുണ്ടേൽ