തിരുനബി(സ്വ) പറഞ്ഞു: മുസ്‌ലിംകളുടെ കാര്യത്തിൽ ആലോചനയില്ലാത്തവൻ അവരിൽ പെട്ടവനല്ല. അല്ലാഹു, റസൂൽ, കിതാബ്, ഇമാം, സമൂഹം ഇവയോട് ഗുണവിചാരമില്ലാതെ വൈകുന്നേരമായവനും നേരം പുലർന്നവനും അവരിൽ പെട്ടവനല്ല (ത്വബ്‌റാനി).
അനുഭാവത്തിന്റെയോ വിധേയത്തത്തിന്റെയോ ഭാഗമായി നമ്മിൽ നിന്നുണ്ടാകുന്ന കാര്യങ്ങൾ ഗുണപരമാകണം. അനുഭവങ്ങളോടുള്ള പ്രതികരണവും ഗുണപരമായിരിക്കണം. അവകാശപ്പെട്ടതെന്ന് നാം കരുതുന്നത് നമുക്ക് നഷ്ടപ്പെടുമ്പോഴും നസ്വീഹത്ത് (ഗുണകാംക്ഷ) നഷ്ടപ്പെടരുത്. വിചാരത്തിലും വിശ്വാസത്തിലുമുള്ള നസ്വീഹത്താണ് പ്രവർത്തനങ്ങളിലെ നസ്വീഹത്തിന് പ്രചോദനവും ജീവനുമാകുന്നത്. വിശ്വാസിയിൽ എപ്പോഴും ഗുണവിചാരം ജ്വലിച്ചുനിൽക്കണം. അവസരം ലഭിക്കുമ്പോൾ പ്രവർത്തിക്കുകയും വേണം. അതവന്റെ വിശ്വാസത്തിന്റെ സുരക്ഷക്ക് അനുപേക്ഷണീയമാണ്.
വൈകുന്നേരമോ പുലരിയിലോ ഗുണവിചാരക്കാരനാവുക എന്നതല്ല ഹദീസിനർത്ഥം. രാപ്പകലുകൾ വ്യത്യാസമില്ലാതെ മുഴുസമയവും വിശ്വാസി ഗുണകാംക്ഷിയായിരിക്കണമെന്നാണ്. അവന്റെ വിശ്വാസത്തിന്റെ ഉൽപന്നമോ ഗുണമോ ആണത്. അതില്ലാത്ത വിശ്വാസത്തിന് കുറവുണ്ടെന്നാണ് ഹദീസ് സൂചിപ്പിക്കുന്നത്. വിചാരത്തിലും ധാരണയിലും നാസ്വിഹാ(നന്മകാംക്ഷി)കാൻ കഴിയാതിരിക്കുക എന്നത് ഗുരുതരമായ അവലക്ഷണമാണ്.
മനസ്സിന്റെ പ്രകൃതിയും വിശാലതയും നന്മകളെയും തിന്മകളെയും ഉൾക്കൊള്ളാൻ പാകപ്പെട്ടതാണ്. അവിടെ നന്മവിചാരം പരത്താനും പടർത്താനും ഒരധ്വാനവും ആവശ്യമായി വരുന്നില്ല. എന്നിരിക്കെ അവിടം നന്മകൾക്കനുകൂലമല്ലാതാക്കുന്നതെന്തിനാണ്? അല്ലാഹുവിനെ, കിതാബിനെ, റസൂലിനെ, നേതാക്കളെ, മനുഷ്യരെ കുറിച്ചെല്ലാം നല്ലത് വിചാരിക്കുന്നത് നമുക്ക് വേണ്ടിതന്നെയാണ്.
നമ്മളോട് മറ്റുള്ളവരുടെ സമീപനം എന്താണ്? എന്തായിരിക്കണം? ഇതിൽ നമുക്കൊരു കാഴ്ചപ്പാടും മോഹവുമുണ്ടാകുമല്ലോ. അത് അങ്ങോട്ടും നൽകുന്നതിൽ ഇഷ്ടക്കേടുണ്ടാകേണ്ടതില്ല. പ്രത്യക്ഷത്തിൽ നമുക്ക് തോന്നുന്നതും അനുഭവപ്പെടുന്നതും സന്തോഷകരമല്ലെങ്കിലും സന്തോഷം കൊടുക്കാൻ നമുക്ക് കഴിയണം.
പ്രതിപ്രവർത്തനങ്ങൾ പോലും മറ്റാർക്കും എതിരാകാതെ ചെയ്യാൻ വിശ്വാസിക്ക് ബാധ്യതയുണ്ട്. നബി(സ്വ)ക്ക് പ്രബോധന ഘട്ടങ്ങളിൽ വളരെയേറെ ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ചരിത്രം. മർദകർക്കെതിരെ പല അവസരങ്ങളുണ്ടായിട്ടും നബി(സ്വ) അവർക്ക് ഗുണം കാംക്ഷിക്കുകയാണ് ചെയ്തത്. ശപിക്കുക പോലുമുണ്ടായില്ല. ‘അല്ലാഹുവേ, എന്റെ ജനതക്ക് നീ പൊറുക്കേണമേ. അവർ അറിവില്ലാത്തവരാണ്’ എന്നാണ് പല ഘട്ടങ്ങളിലും അവിടന്ന് പ്രാർത്ഥിച്ചത്. എല്ലാവർക്കും ഗുണംവരുത്താൻ നമുക്ക് കഴിയണമെന്നില്ല. പക്ഷേ, ഗുണം കാംക്ഷിക്കാനും അതിനായി പ്രവർത്തിക്കാനും പ്രാർത്ഥിക്കാനും കഴിയുമല്ലോ.
സമൂഹത്തിൽ പരസ്പര ബന്ധവും ആശ്രിതത്വവുമുള്ള വിഭാഗങ്ങളുണ്ടാവും. പ്രത്യക്ഷത്തിൽ ഒന്നിച്ചും യഥാർത്ഥത്തിൽ വിരുദ്ധ ധ്രുവങ്ങളിലും നിലകൊള്ളുന്നവരുമുണ്ടാകും. നേതാവ്-അനുയായി, പണ്ഡിതൻ-സാധാരണക്കാരൻ, ഭരണാധികാരി-ഭരണീയൻ, ഉസ്താദ്-ശിഷ്യൻ, തൊഴിലാളി- തൊഴിലുടമ, സമ്പന്നൻ-ദരിദ്രൻ, സ്ത്രീ-പുരുഷൻ, കുട്ടികൾ-മുതിർന്നവർ എന്നിങ്ങനെ പോകുന്നു വ്യത്യാസങ്ങൾ. ഏതവസ്ഥയിലും നസ്വീഹത്ത് കടന്നുവരും. ബാധ്യതകളായി, ഉത്തരവാദിത്തങ്ങളായി, അവകാശങ്ങളായി, കടമകളായി ഓരോരുത്തരുമായും ബന്ധിക്കുന്ന സംഗതികളുണ്ട്. അവയിൽ സ്വന്തം പക്ഷത്തെ അപരപക്ഷത്തിന് കൂടി ഗുണകരമായി അനുവർത്തിക്കാനാവണം. ഓരോരുത്തരും തന്റെ വ്യക്തിത്വവും അതിന്റെ സാധ്യതകളെയും അപരന് കൂടി അനുകൂലമായി മാത്രം വിനിമയം ചെയ്യണം.
ഗുണപരമായി മാത്രം പ്രയോജനപ്പെടുത്തേണ്ട സാമൂഹികത ഓരോ വ്യക്തിയിലുമുണ്ട്. അത് കെടുത്തിക്കളയുന്നത് ആത്മീയമായ പരാജയമാണ്. ‘അവരിൽ പെട്ടവനല്ല’ എന്ന മുന്നറിയിപ്പിലൂടെ അതാണ് നബി(സ്വ) ഓർമപ്പെടുത്തിയത്. തന്റെ വകയായി, അല്ലെങ്കിൽ പങ്കാളിത്തത്തോടെ ഒരാളിലേക്ക് ഗുണമെത്തുന്ന സാഹചര്യം തൗഫീഖാ(അവസര സൗഭാഗ്യം)ണ്. ഉയർന്ന മൂല്യമുള്ള പുണ്യകർമമായി അത് ഗണിക്കും. സേവന-ക്ഷേമ പ്രവർത്തനങ്ങളും സാംസ്‌കാരിക പ്രവർത്തനങ്ങളും ഈ ഗണത്തിൽ വരും.
ഇസ്‌ലാമിക വ്യവസ്ഥകളുടെ പരിധിയിൽ നിർവഹിക്കപ്പെടുന്ന അത്തരം കാര്യങ്ങളെല്ലാം നിയ്യത്തോട് കൂടിയാകുമ്പോൾ ഇബാദത്തായിത്തീരും. ഗുണത്തെ നിർവചിക്കുന്നിടത്തും നിർവഹിക്കുന്നിടത്തും മുസ്‌ലിം എന്ന വ്യക്തിത്വം പരിഗണിച്ചുള്ള വിവേചനം അനിവാര്യമാണെന്ന് പറയേണ്ടതില്ല. ഒരാൾ തെറ്റുകൾ ആഗ്രഹിക്കുന്നത് പ്രത്യക്ഷത്തിൽ അയാളുടെ സന്തോഷത്തിനായിരിക്കാം. യഥാർത്ഥത്തിൽ അത് നാശമാണ്. അതിന് കൂട്ടുനിൽക്കാൻ വിശ്വാസിക്ക് പറ്റില്ല. അത് നസ്വീഹത്തിന്റെ ഗണത്തിൽ പെടില്ലെന്ന് മാത്രമല്ല തെറ്റിനുള്ള സഹായമെന്ന നിലയിൽ കുറ്റകരമാണുതാനും.
ജീവിതത്തിന്റെ ഏത് മേഖലകളിലും നസ്വീഹത്ത് വേണം. അത് സാധ്യമാണുതാനും. സ്വാർത്ഥത, അതിമോഹം, അസൂയ, സ്ഥാനമോഹം തുടങ്ങിയ ദുർഗുണങ്ങൾ നസ്വീഹത്തിനെ നശിപ്പിക്കുന്നവയാണ്. നസ്വീഹത്തില്ലാതിരിക്കൽ വിശ്വാസികളുടെയടക്കം ജീവിതത്തിൽ വലിയൊരപചയമാണ്. മുഖത്ത് നോക്കിയും സാന്നിധ്യത്തിലും പറഞ്ഞില്ലെങ്കിലും അത്തരക്കാരുടെ നിലപാടുകൾ വിമർശിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യും. ഉപജാപക സംഘങ്ങളും ആനുകൂല്യം പറ്റികളുമുണ്ടായേക്കാം. അവരുടെ മുഖസ്തുതിയും സ്‌നേഹ പ്രകടനങ്ങളും താൽക്കാലികമായ കാര്യലാഭങ്ങൾക്ക് വേണ്ടിയായിരിക്കും. യഥാർത്ഥത്തിൽ കാണാമറയത്ത് അവരും നന്മ പറയുന്നവരായിരിക്കില്ല. നസ്വീഹത്ത് നമ്മുടെ വ്യക്തിത്വത്തിന്റെ ആത്മീയവും ഭൗതികവുമായ തലങ്ങളെയെല്ലാം സ്വാധീനിക്കേണ്ട കാര്യമാണെന്നോർക്കുക.
നസ്വീഹത്തിന് ഉപദേശം എന്ന അർത്ഥകൽപനയും ഗുണകാംക്ഷാ പരമാണ്. ഉപദേശിക്കപ്പെടുന്നവനിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ വേണ്ടിയാണല്ലോ ഉപദേശിക്കുന്നത്. വിശ്വാസികൾ പരസ്പരമുള്ള കടമകൾ എണ്ണിപ്പറഞ്ഞ ഹദീസിൽ ഇത് കാണാം. ‘നിന്നോട് ഉപദേശം തേടിയാൽ നീ ഉപദേശിക്കുക’ എന്നാണ് ഹദീസ്. ആവശ്യപ്പെട്ടാൽ മാത്രമേ ഉപദേശിക്കേണ്ടതുള്ളൂ എന്ന് ഇതിനർത്ഥമില്ല. കാരണം ആത്മീയമായ അബദ്ധങ്ങളോ അപകടങ്ങളോ സംഭവിക്കാനിടയുള്ള ഘട്ടങ്ങളിൽ അവന്റെ ചോദ്യവും അന്വേഷണവുമൊന്നുമില്ലാതെ തന്നെ ഗുണദോഷിക്കേണ്ടിവരും. ഐഹികവും പാരത്രികവുമായ കാര്യങ്ങളിലെല്ലാം മാർഗദർശനവും ഗുണദോഷവും ആവശ്യമായേക്കും. അത്തരം ഘട്ടങ്ങളിൽ മറ്റുള്ളവർക്ക് തുണയാവുകയെന്നാണ് ഉപദേശിക്കുക എന്നതിന്റെ താൽപര്യം.
പൊതുവായ നസ്വീഹത്തിന് വലിയ പ്രാധാന്യമുണ്ട്. സാത്വിക പണ്ഡിതൻ ഫുളൈലുബ്‌നു ഇയാള്(റ) പറയുന്നു: ഉന്നത പദവികൾ പ്രാപിച്ചവരെല്ലാം നോമ്പും നിസ്‌കാരവും കൂടുതൽ ചെയ്ത് എത്തിയവരല്ല. സേവനദാനം, ഹൃദയശുദ്ധി, സമുദായത്തോടുള്ള ഗുണകാംക്ഷ എന്നിവ കൊണ്ടാണ് അവർ മഹോന്നതി നേടിയത് (ജാമിഉൽഉലൂമി വൽഹികം). ഉപദേശവും സേവനവും വഴിനടത്തലുമെല്ലാം അതിൽ ഉൾപ്പെടും.
നന്മ കൽപിക്കലും തിന്മ വിരോധിക്കലും ഗുണകാംക്ഷയിലെ പ്രധാനാധ്യായമാണ്. കാരണം അത് ആത്യന്തികമായ ഗുണത്തെയാണ് ലക്ഷ്യമാക്കുന്നത്. അതിന് വഴങ്ങിയവൻ വിജയത്തിലേക്കാണ് എത്തിച്ചേരുക. ഉപദേശകൻ വിജയത്തിലേക്ക് കൈ പിടിച്ചാനയിക്കുന്നവനാണ്.

 

അലവിക്കുട്ടി ഫൈസി എടക്കര

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ