സംഭവം നടക്കുന്നത് താജുദ്ദീൻ അസ്സുബ്കിയുടെ ചെറുപ്പകാലത്താണ്. പതിവുപോലെ കിതാബ് വായനയിലും മനനത്തിലും മുഴുകിയിരിക്കുകയാണ് തന്റെ ഉപ്പ. മകൻ അവിടെയും ഇവിടെയുമായി ഓരോന്ന് ചെയ്തു സമീപത്തു തന്നെയുണ്ട്. അപ്പോഴാണ് പുറത്ത് രസകരമായൊരു കാഴ്ച താജുദ്ദീന്റെ ശ്രദ്ധയിൽ പതിഞ്ഞത്. ഒരുപാട് നായകൾ കൂട്ടം കൂട്ടമായി ഓടിപ്പോകുന്നു. ഇടക്കിടക്ക് അവ പിന്നിലേക്ക് തിരിഞ്ഞുനോക്കുന്നുണ്ട്. ഇതു കണ്ട് രസം പിടിച്ച അദ്ദേഹം ഓടിപ്പോകുന്ന നായയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു: ‘നായിന്റെ മോനേ, ഓടിപ്പോ.’
കുട്ടിയുടെ കളികൾ നിരീക്ഷിച്ചുകൊണ്ടിരുന്ന പിതാവ് ഉടനെ സ്‌നേഹത്തോടെ അവന്റെ സമീപത്തേക്ക് വന്നു. മന്ദഹാസത്തോടെയും അൽപം ഗൗരവത്തോടെയും പറഞ്ഞു: ‘മോനേ, യഥാർത്ഥത്തിൽ ആ പോയതെല്ലാം നായയുടെ മക്കൾ തന്നെയാണ്. എങ്കിലും പരിഹസിച്ചും കളിയാക്കിയും നായകളെ അങ്ങനെ വിളിച്ചുകൂടാ, ഒരു ജീവിയെയും കളിയാക്കുന്നവനാകരുത് നീ.’ പരിഹാസരൂപേണ നായയെപ്പോലും നായേ എന്നു വിളിക്കരുതെന്ന ഉപദേശത്തിന്റെ ഗൗരവം എത്രയാണ്.
നാക്ക് നല്ലതാണോ, എങ്കിൽ അതിനോളം നല്ലതില്ല; കേടായാലോ വലിയ വിപത്താണത്. കാരണം ദുഷിച്ച വാക്കുകൾ പതിറ്റാണ്ടുകൾ കഴിഞ്ഞാലും ശ്രോതാവിന്റെ മനസ്സിൽ മായാതെ കിടക്കും. എന്റെയൊരു പരിചയക്കാരനെ ഓർമ വരുന്നു: സമൂഹത്തിൽ അയാൾ ഉന്നതനും പരസഹായിയും എല്ലാമായിരുന്നു. പക്ഷേ ഒരു ദുസ്വഭാവമുണ്ടായിരുന്നു അയാൾക്ക്; പലപ്പോഴും നായേ എന്ന വാക്ക് സംസാരത്തിൽ വന്നുപോകും. മരണാസന്നനായ സമയത്തും അദ്ദേഹത്തിൽ നിന്ന് അവസാനമായി പുറത്തേക്ക് കേട്ട വാക്ക് അതുതന്നെയായിരുന്നു. ഇംഗ്ലീഷിൽ പ്രശസ്തമായൊരു പഴമൊഴിയുണ്ട്: ‘Change your words, change your world, the key to heart is lovely conversation’ (നിങ്ങളുടെ പദപ്രയോഗങ്ങൾ മാറ്റിയാൽ ഈ ലോകം തന്നെ നിങ്ങൾക്ക് മാറ്റാം. മനസ്സിന്റെ താക്കോൽ വശ്യമായ സംഭാഷണമാണ്).
ഇമാം ഗസ്സാലി(റ) ഇഹ്‌യാ ഉലൂമുദ്ദീനിൽ നാവ് വരുത്തിവെക്കുന്ന ഇരുപത് അപകടങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. ഹിജ്‌റ ഏഴാം നൂറ്റാണ്ടുകാരനായ ഇമാം വസ്സാബി ‘അൽബറകത്തു ഫിൽ ഫള്‌ലി സഇയി വൽ ഹറക’ എന്ന ഗ്രന്ഥത്തിൽ നാവിന്റെ ഇരുപത്തിമൂന്ന് വിനകളെപ്പറ്റിയും വിവരിച്ചു.
പരദൂഷണം, കളവ്, പരിഹാസം, തെറ്റിദ്ധരിപ്പിക്കൽ, ചീത്ത പറയൽ, ആക്ഷേഭം തുടങ്ങി സംസാരത്തിൽ വന്നുപോകുന്ന തിന്മകൾ ഏറെയാണ്. വിശ്വാസി അത്തരം സംഗതികളിലെല്ലാം സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. നാവിനെ സംരക്ഷിച്ച് പരലോകം ശോഭനമാകുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ.
സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി