ഗത്ഫാൻ ഗോത്രത്തിലെ മസ്ഊദ് ബ്നു ആമിരിബ്നി ഉനൈഫ് എന്ന കുബേരന്റെ പുത്രനായിരുന്നു നുഐം. നജ്ദ് സ്വദേശിയായ അദ്ദേഹം തീക്ഷ്ണ ബുദ്ധിയും തന്ത്രജ്ഞതയുമുള്ള ആരോഗ്യ ദൃഢഗാത്രനായ യുവാവായിരുന്നു. മദീനയിലെ ജൂതന്മാരായ ബനൂഖുറൈളയിലെ ‘മാന്യന്മാരാ’യിരുന്നു നുഐമിന്റെ കൂട്ടുകാർ. സുന്ദരികളായ പെൺകുട്ടികൾ നുഐമിന്റെ ദൗർബല്യമായിരുന്നു. ജീവിതം ആസ്വദിക്കാനും പരമാവധി അനുഭവിക്കാനും എത്ര പണം ചെലവഴിക്കാനും മടിയുമില്ല. നർത്തകിമാരോടൊപ്പം ശയിക്കാനോ സംഗീതം ശ്രവിക്കാനോ മോഹമുദിച്ചാൽ നജ്ദിൽ നിന്ന് യസ്രിബിലോടിയെത്തും. കൂട്ടുകാരായ ബനൂഖുറൈളക്കാർ കള്ളും പെണ്ണുമൊരുക്കി കാത്തിരിക്കുന്നുണ്ടാകും. അവർക്കു കൈ നിറയെ പണം ലഭിക്കുകയും ചെയ്യും. അതിനാൽ മദീനയിലെ ജൂത സമൂഹവുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം.
സത്യദീനിന്റെ പ്രകാശം മദീനയിൽ അലയടിച്ചപ്പോഴും കടിഞ്ഞാണില്ലാത്ത ജീവിതവുമായി മുന്നോട്ടു പോകുകയായിരുന്നു നുഐം. സുഖജീവിതത്തിന് മതം തടസ്സമാകുമെന്ന ഭീതിയായിരുന്നു ഇതിനു നിദാനം. അതുകൊണ്ടു തന്നെ ഇസ്ലാമിന്റെ ബദ്ധവൈരികളുടെ ഓരം ചേർന്നു നടക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. റസൂൽ മദീനയിലെത്തി ഇസ്ലാമിക പ്രസ്ഥാനം പുരോഗതിപ്പെട്ട കാലം. അസൂയയും വൈരനിര്യാതന ബുദ്ധിയും തുടർന്ന ശത്രുക്കൾ മതത്തിന്റെ അടിവേരറുക്കാൻ എല്ലാ നിലക്കും ശ്രമിച്ചു കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി മദീനയിലെ തന്നെ ബനുന്നളീർ എന്ന ജൂത ഗോത്രം പരമ രഹസ്യമായി മക്കയിൽ ചെന്ന് ഖുറൈശി നേതാക്കളെ കണ്ടു ചർച്ച നടത്തി. പ്രവാചകർക്കെതിരെ ആക്രമണം നടത്തിയാൽ മദീനക്കകത്തു നിന്ന് എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പു നൽകി. അനന്തരം നജ്ദിലെ ഗത്ഫാൻ ഗോത്രത്തിൽ ചെന്ന് മുഹമ്മദ് നബിയെയും അനുചരരെയും തകർക്കാൻ സഹായമാവശ്യപ്പെടുകയും ഖുറൈശികളുമായുണ്ടാക്കിയ കരാറിനെ കുറിച്ചറിയിക്കുകയും ചെയ്തു. മുസ്ലിംകളെ യസ്രിബിൽ നിന്നു തുരത്താനും പഴയ മതത്തിന്റെ ഉയിർപ്പ് സാധ്യമാക്കാനും അവരും സഹായം ഉറപ്പുകൊടുത്തു.
മക്കക്കാർ അബൂസുഫ്യാന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണവുമായി വന്നു. ഖുറൈളക്കാരും സംഘടിച്ചു. നജ്ദിൽ നിന്ന് ഉയയ്നതുബ്നു ഹിസ്വ്നിന്റെ നേതൃത്വത്തിൽ ഗത്ഫാൻകാരുമെത്തി. നുഐമുബ്നു മസ്ഊദും കൂട്ടത്തിലുണ്ടായിരുന്നു. ശത്രുനീക്കമറിഞ്ഞ തിരുനബി(സ്വ) അനുചരന്മാരെ വിളിച്ചു ചേർത്തു മുശാവറ നടത്തി. വമ്പിച്ച സഖ്യസേനയെ പ്രതിരോധിക്കാനുള്ള ഭൗതിക ശേഷി മുസ്ലിംകൾക്കില്ലാത്ത സ്ഥിതിക്ക് സൈനിക നടപടി പരാജയത്തിന് ഹേതുകമായേക്കുമെന്നതിനാൽ മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ച് ശത്രുമുന്നേറ്റം തടയുകയായിരിക്കും അഭികാമ്യമെന്നും അവർ തീരുമാനിച്ചു.
സഖ്യസേന മദീനയുടെയടുത്തെത്താറായപ്പോൾ ബനുന്നളീറുകാർ ജൂതന്മാരായ ബനൂഖുറൈളയെ സമീപിച്ചു സൈനിക നീക്കത്തിന് പിന്തുണ തേടി. അവരുടെ പ്രതികരണമിങ്ങനെയായിരുന്നു: തികച്ചും സ്വാഗതാർഹമായ കാര്യം തന്നെ. പക്ഷേ ഞങ്ങൾ മുഹമ്മദുമായി ഒരു സമാധാന കരാർ പ്രാബല്യത്തിലുണ്ട്. മുസ്ലിംകളുമായി സൗഹൃദത്തിൽ വർത്തിക്കുമെന്നും പകരമായി ഞങ്ങൾക്കു മദീനയിൽ സുരക്ഷിതരായി കഴിയാമെന്നുമാണതിലെ വ്യവസ്ഥകൾ. ഈ യുദ്ധത്തിൽ മുസ്ലിംകൾ വിജയിച്ചാൽ വിശ്വാസ വഞ്ചനക്കു ഞങ്ങളോട് പ്രതികാരം ചെയ്യാൻ സാധ്യതയുണ്ട്.
രണ്ട് വൻ സൈന്യമാണ് മദീനയിലേക്കു വരുന്നതെന്നും മുഹമ്മദിന്റെയും സംഘത്തിന്റെയും പരാജയം ഉറപ്പാണെന്നും മാറി നിൽക്കാതെ നിങ്ങളും കരാർ ലംഘിച്ച് യുദ്ധമുന്നണിയിൽ അണിചേരണമെന്നും ബനുന്നളീറുകാർ ഇവരെ നിർബന്ധിച്ചു. വിവരണം കേട്ടപ്പോൾ അവർക്കും താൽപര്യമായി. കരാർ പത്രം കീറിയെറിഞ്ഞു. സഖ്യസേനയിൽ ചേർന്നതായി വിളംബരപ്പെടുത്തി. മദീനയിലെ കപടന്മാരും ഈ അവസരം വിനിയോഗിക്കാനുറച്ചു.
അകത്തുനിന്നും പുറത്തുനിന്നും ശത്രുക്കൾ പ്രവർത്തിച്ചപ്പോൾ മുസ്ലിംകൾ ഒറ്റപ്പെട്ടു. ഭക്ഷ്യ പദാർത്ഥങ്ങൾ പോലും കിട്ടാതായി. ഉപരോധം ദിവസങ്ങൾ നിണ്ടു. ‘ദയാപരനായ നാഥാ, നീ വാഗ്ദാനം ചെയ്ത സഹായം ചൊരിഞ്ഞിടണേ’ പ്രവാചകർ(സ്വ) പ്രാർത്ഥിച്ചു.
അർധരാത്രിയോടടുത്ത സമയം. നൂഐം നിദ്രാവിഹീനനായി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല. മനസ്സിനെ എന്തൊക്കെയോ അലട്ടുന്നതു പോലെ. ഒരു കൂട്ടം ചോദ്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിനെ വൃണപ്പെടുത്തി. മുഹമ്മദ് എന്റെ ശത്രുവൊന്നുമല്ല. പിന്നെ ഞാനെന്തിന് ഇവിടെ വന്നു. അദ്ദേഹം എന്നോടെന്ത് തെറ്റു ചെയ്തു. മറ്റുള്ളവർക്കു കാര്യലാഭമുണ്ടായേക്കാം. ഞാനെന്തിന് അന്യന്റെ ജീവനെടുക്കണം. എന്തിന് എന്റെ ജീവൻ നഷ്ടപ്പെടുത്തണം? സത്യം, നീതി, പരസ്പര സാഹോദര്യം, കുടുംബ ബന്ധം പുലർത്തൽ പോലുള്ള നല്ല കാര്യങ്ങളാണ് അറിഞ്ഞിടത്തോളം മുഹമ്മദ് ഉപദേശിക്കാറുള്ളത്. അത്തരമൊരു നേതാവിനെയും അനുയായികളെയും എതിർക്കാൻ അവർ എന്റെ പ്രതിയോഗികളല്ലാത്ത സ്ഥിതിക്ക് എന്തിനിവിടെ തമ്പടിച്ചു കാലം കഴിക്കണം. അദ്ദേഹം പതുക്കെ എഴുന്നേറ്റ് ഇരുളിന്റെ മറ പറ്റി മുസ്ലിംകളുടെ ഭാഗത്തേക്കു ചെന്നു. തന്റെ നേരെ നടന്നു വരുന്നയാളെ നോക്കി തിരുമൊഴി: ഇതാരാ നുഐമുബ്നു മസ്ഊദോ?’
അതേ റസൂലേ,
‘എന്താണ് ഇന്നേരത്ത്?’
അശ്ഹദു അല്ലാഇലാഹ… അദ്ദേഹം കലിമ ചൊല്ലി മുസ്ലിമായി.
പിന്നെ പറഞ്ഞു: ‘ഞാൻ അങ്ങയിൽ വിശ്വസിച്ചിരിക്കുന്നു നബിയേ. പക്ഷേ ഇക്കാര്യം ആരോടും ഞാനിതുവരെ പറഞ്ഞിട്ടില്ല. ആരും അറിഞ്ഞിട്ടുമില്ല. ഞാൻ അങ്ങേക്ക് എന്തു ഉപകാരമാണ് ചെയ്യേണ്ടതെന്ന് ആജ്ഞാപിച്ചാലും.’
‘യുദ്ധം തന്ത്രമാണല്ലോ. താങ്കളുടെ ജനതയിൽ ചെന്ന് യുദ്ധം വഴിതിരിച്ചുവിടാൻ സാധിക്കുന്ന വല്ല തന്ത്രവും പ്രയോഗിക്കാമോ എന്നു നോക്കുക.’
‘അല്ലാഹു കനിഞ്ഞാൽ അങ്ങേക്ക് സന്തോഷം പകരാം.’ നുഐം ഇരുളിലേക്കു മറഞ്ഞു.
നേരെ ചെന്നത് മിത്രങ്ങളായിരുന്ന ബനൂഖൂറൈളക്കാരുടെ അടുത്ത്. അവരോട് പറഞ്ഞു: ചങ്ങാതിമാരേ, ഖുറൈളക്കാരായ നിങ്ങളും ഞാനും തമ്മിലുള്ള ആത്മാർത്ഥ ബന്ധവും സ്നേഹവും നിങ്ങൾക്കറിവുള്ളതാണല്ലോ. നിങ്ങളുടെ ഗുണകാംക്ഷിയെന്ന നിലയിൽ എന്റെ അഭിപ്രായം നിങ്ങൾ കേൾക്കണം. ഈ യുദ്ധമുഖത്ത് നമുക്കൊപ്പമുള്ളത് ഖുറൈശികളാണ്. മറ്റൊന്ന് എന്റെ ഗോത്രമായ ഗത്ഫാനും. നിങ്ങൾ ഓർക്കേണ്ടത് ഈ നാട് ഖുറൈശികളുടെതോ ഗത്ഫാൻകാരുടെതോ അല്ലെന്നതാണ്. ഇത് നിങ്ങളുടെ ജന്മനാടാണ്. ഇവിടെ നിന്ന് എല്ലാം കെട്ടിപ്പെറുക്കി പോകാൻ നിങ്ങൾക്ക് ഒരു നിലക്കും കഴിയില്ല. കാരണം നിങ്ങളുടെ കുടുംബവും വീടും കൃഷിയും മറ്റു ജീവിതോപാധികളും ഇവിടെയാണ്. അന്യനാട്ടുകാരായ ഖുറൈശികളും ഗത്ഫാൻകാരും യുദ്ധത്തിന്റെ ഗതിമാറുമ്പോൾ സ്വന്തം നാടുകളിലേക്കു മടങ്ങും. അവർക്കാർക്കും ഇവിടെ കുടുംബമോ കിടപ്പാടമോ ഇല്ല. ഒന്നും നഷ്ടപ്പെടാനുമില്ല. അവർ യുദ്ധത്തിനു വന്നപ്പോൾ നാട്ടുകാരായ നിങ്ങൾ മുഹമ്മദുമായുള്ള കരാർ വിസ്മരിച്ച് അവരെ സഹായിക്കുകയായിരുന്നല്ലോ. യുദ്ധം ജയിച്ചാൽ നേട്ടം അവർക്കുതന്നെ. ഇനി തോറ്റാൽ അവർ വേഗം സുരക്ഷിതരായി മടങ്ങുകയും ചെയ്യും. ഒടുവിൽ നിങ്ങളായിരിക്കും മുഹമ്മദിന്റെ കൂട്ടരുടെ കോപത്തിന് പാത്രമാവുക. അതിനാൽ ഖുറൈശികളിൽ നിന്ന് ഇക്കാര്യത്തിൽ വേഗം ഒരുറപ്പ് വാങ്ങുക. നാം തോൽക്കുന്ന പക്ഷം അവസാനം വരെ പോരാടണം. ഒരു ഉറപ്പിനു വേണ്ടി യോഗ്യരായ എഴുപത് പേരെ ജാമ്യത്തടവുകാരായി മുൻകൂട്ടി നിങ്ങളെ ഏൽപിക്കണമെന്നും പറയുക. സ്വന്തം പടയാളികൾ നിങ്ങളുടെ അധീനതയിലുള്ള കാലത്തോളം അവർക്ക് യുദ്ധത്തിൽ നിന്നു പിന്തിരിയാനാവില്ല. ഇതിനു തയ്യാറല്ലാത്ത പക്ഷം യുദ്ധത്തിനു പിന്തുണ നൽകാനാവില്ലെന്നുമറിയിക്കുക.’
ഈ നിർദേശം അവർക്കു സ്വീകാര്യമായി തോന്നി. അവർ ഖുറൈശികളുമായി ചർച്ച ചെയ്യാനുറപ്പിച്ചു. നുഐം പിന്നെയെത്തിയത് ഖുറൈശി സേനാധിപനായ അബൂസുഫ്യാന്റെയടുത്താണ്. അദ്ദേഹം ഗൗരവം സ്ഫുരിക്കുന്ന മുഖഭാവത്തോടെ നായകനോടു പറഞ്ഞു: ഞാനൊരു വിവരമറിഞ്ഞു വന്നതാണ്. അതീവ രഹസ്യമായി സൂക്ഷിക്കുമെന്നുറപ്പു തന്നാലേ ഞാനതു പറയൂ.’
അബൂസുഫ്യാനതേറ്റു. നുഐം തുടർന്നു: ‘മുഹമ്മദും ബനൂഖുറൈളക്കാരും തമ്മിലുള്ള കരാർ അങ്ങേക്കറിവുള്ളതാണല്ലോ. ആ കരാർ ലംഘിച്ചതിൽ അവർക്കിപ്പോൾ ഖേദമുണ്ട്. അവർ രഹസ്യമായി മുഹമ്മദിനെ കണ്ട് തെറ്റു പറ്റിയതിൽ ദു:ഖിതരാണെന്നും മമത പുനസ്ഥാപിക്കണമെന്നും അഭ്യർത്ഥിച്ചിരിക്കുന്നു. ഉടമ്പടി ലംഘനത്തിനു പ്രായശ്ചിത്തമായി ഖുറൈശികളിൽ നിന്നും ഗത്ഫാനികളിൽ നിന്നും തന്ത്രപൂർവം എഴുപത് യോദ്ധാക്കളെ ഏൽപിച്ചു തരാമെന്നും മുഹമ്മദിന് വാക്കുകൊടുത്തിരിക്കുകയാണ്. അതിനാൽ ജാമ്യത്തടവുകാരെ ആവശ്യപ്പെട്ടു വന്നാൽ ഒരാളെയും വിട്ടുകൊടുക്കരുത്.’
അനന്തരം തന്റെ ഗോത്രം ഗത്ഫാൻകാരോടും അബൂസുഫ്യാനോടു പറഞ്ഞതു തന്നെ അവതരിപ്പിച്ചു. ഇതിന്റെ വസ്തുതയറിയാൻ ഖൂറൈശികൾ പരീക്ഷണാർത്ഥം ഇക്രിമത് ബ്നു അബീജഹ്ലിനെ ബനൂഖുറൈളക്കാരിലേക്കയച്ചു. അവരുടെ നിലപാടറിയാനായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: മുഹമ്മദിനെയും കൂട്ടരെയും ദീർഘമായി വളഞ്ഞു കാത്തിരിക്കുന്നതിലർത്ഥമില്ല. നമ്മുടെ ഭക്ഷണ സാധനങ്ങൾ കുറഞ്ഞു വരികയാണ്. കാത്തിരിപ്പാണെങ്കിൽ വിരസവുമായിരിക്കുന്നു. അതിനാൽ ബനൂഖുറൈളക്കാർ ഉള്ളിൽ നിന്ന് കലാപത്തിന് തുടക്കം കുറിക്കണം.’
അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ഞങ്ങൾ യുദ്ധത്തിൽ തുടരണമെങ്കിൽ നിങ്ങളും ഗത്ഫാൻകാരും 70 പടയാളികളെ വീതം ജാമ്യമായി നൽകണം. യുദ്ധം ശക്തിപ്പെട്ടാൽ നിങ്ങൾ സ്വദേശങ്ങളിലേക്ക് രക്ഷപ്പെടുകയും യുദ്ധക്കളത്തിൽ ഞങ്ങൾ മാത്രം ശേഷിക്കുമെന്നും ഞങ്ങൾക്കു ഭയമുണ്ട്. അതിനാൽ ജാമ്യക്കാരെ ഏൽപിക്കുക.’
ഇതറിഞ്ഞപ്പോൾ നുഐം പറഞ്ഞതു സത്യമാണെന്ന് ഖുറൈശികളുറപ്പിച്ചു. അവർക്കു കലി കയറി. ജാമ്യത്തടവുകാരെ തരില്ലെന്നായി അവർ. അതിനാൽ നുഐം അറിയിച്ചത് യഥാർത്ഥമാണെന്ന് ബനൂഖുറൈളയും ഉറപ്പിച്ചു. മഹാസഖ്യത്തിൽ അവിശ്വാസം വളർന്നു. തന്റെ ആദ്യ നീക്കം വിജയിച്ചതിൽ ലുഐം നാഥനു നന്ദിയർപ്പിച്ചു. അതോടൊപ്പം അർധരാത്രിയിൽ കൊടുങ്കാറ്റു വീശി. ശത്രുതാവളങ്ങൾ നിലംപൊത്തി. വെളിച്ചവും കെട്ടപ്പോൾ എതിർ വിഭാഗം ഈ അവസരമുപയോഗപ്പെടുത്തി തങ്ങളെ അപകടത്തിലാക്കുമോ എന്ന ആശങ്കയുമുണ്ടായി. അവർക്ക് ഓടിരക്ഷപ്പെടുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. അവസാനത്തെ ശത്രുഭടനും സ്ഥലം വിട്ടപ്പോൾ അല്ലാഹുവിന്റെ സഹായമായ കാറ്റു ശമിച്ചു. നേരം പുലർന്നപ്പോൾ നാമാവശേഷമായി കിടക്കുന്ന ശത്രുപാളയം കണ്ട് മുസ്ലിംകൾ നാഥനെ വാഴ്ത്തി. നുഐമുബ്നു മസ്ഊദ്(റ)ന്റെ തന്ത്രപരമായ ഇടപെടൽ തിരുദൂതർക്കും അനുചരർക്കും വലിയ ആശ്വാസവും സന്തോഷവും സമ്മാനിച്ചു. പിന്നീട് പല ചുമതലകളും തിരുനബി(സ്വ) അദ്ദേഹത്തെ ഏൽപിക്കുമായിരുന്നു. മക്കാവിജയ നാളിൽ മുസ്ലിം സേനാ നീക്കം വീക്ഷിച്ചുകൊണ്ടിരുന്ന അബൂസുഫ്യാൻ ഗത്ഫാൻകാരുടെ കൊടിവാഹകനായിരുന്ന നുഐം(റ)നെ കണ്ട് പറഞ്ഞു: ‘ഖന്തഖ് യുദ്ധവേളയിൽ നമ്മോട് ചെയ്ത നന്ദികേട് ഒരിക്കലും മറക്കാനാവില്ല. അന്നത്തെ മുഹമ്മദിന്റെ ബദ്ധവൈരിയായ നുഐമിതാ ഇന്നാ കൊടിയും പിടിച്ചു നമുക്കുനേരെ വരുന്നു.’
(അൽ ഇസ്തീആബ് 3/558, ഉസ്ജദുൽ ഗാബ 5/348, സുവറുൻ മിൻ ഹയാതിസ്വഹാബ 413-423)