പ്രവാചകനും അനുചരന്മാരും മദീനക്കാരുമായി സമ്പർക്കത്തിലായതും ഇസ്‌ലാമിന് രഹസ്യ സഹായങ്ങൾ നൽകുന്നതും മണത്തറിഞ്ഞ ഖുറൈശികൾ മദീനക്കാരോട് കടുത്ത പകയും വിദ്വേഷവും വെച്ചുപുലർത്തിയിരുന്ന നാളുകളിൽ ഞാനും കൂട്ടുകാരും യാത്ര ചെയ്യുകയായിരുന്നു. ഞങ്ങളെ മക്കാ മുശ്‌രിക്കുകൾ പിന്തുടർന്നു. വഴിമധ്യേ അവർ എന്നെ പിടികൂടുകയും വാഹനത്തിൽനിന്നിറക്കി രണ്ടുകൈകളും പിന്നിലേക്ക് പിടിച്ചുകെട്ടി മക്കയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നെ ക്രൂരമായ മർദനമായിരുന്നു. അന്യദേശക്കാരെ നിർദയം അക്രമിക്കാൻ മാത്രം അവരെ സംസ്‌കാര ശൂന്യരാക്കിയത് ഇസ്‌ലാമിനോടുള്ള കടുത്ത പകയാണ്.  ഞാനവരുടെ ബന്ധനത്തിൽ കഴിയവെ ഒരു സംഘം മക്കക്കാർ അവിടെവന്നു. കൂട്ടത്തിൽ സുന്ദരനും മാന്യനുമായ ഒരു വ്യക്തിയുണ്ടായിരുന്നു. അയാൾ എന്നോട് ദയാപൂർവം പെരുമാറുമെന്ന് ഞാൻ നിനച്ചു. പക്ഷേ, എനിക്കു തെറ്റി. അയാൾ ഓടിവന്ന് എന്നെ അതിക്രൂരമായി പ്രഹരിക്കുകയാണ് ചെയ്തത്. കൂട്ടത്തിലെ മറ്റൊരാൾ അൽപം മയത്തോടെ ചോദിക്കുകയാണ്:

ഖുറൈശികളിലാർക്കെങ്കിലും മുമ്പ് വല്ല സഹായവും ചെയ്തുകൊടുത്തതായി ഓർമയുണ്ടോ? നിങ്ങൾക്ക് രക്ഷപ്പെടാൻ മാർഗമുണ്ട്!

ഞാൻ പറഞ്ഞു: അതേ, ഒരുപറ്റം അക്രമികൾ എന്റെ നാട്ടിൽവെച്ച് ജുബൈറുബ്‌നു മുത്ഇമിനെ ഉപദ്രവിച്ചപ്പോൾ അദ്ദേഹത്തിന് സംരക്ഷണം നൽകിയത് ഞാനായിരുന്നു. ഹാരിസുബ്‌നു ഹർബിനു എന്റെ നാട്ടിൽവെച്ചു മർദനമേൽക്കേണ്ടിവന്നപ്പോൾ സംരക്ഷണം നൽകിതും ഞാനാണ്.

ഉടൻ അദ്ദേഹം എന്നോട് പറഞ്ഞു: എങ്കിൽ അവരുടെ പേരുപറഞ്ഞ് ഒച്ചവെച്ച് കരയൂ. കേട്ടപാടേ ഞാനങ്ങനെ കരയാൻ തുടങ്ങി.

അയാൾ പ്രസ്തുത വ്യക്തികളോട് ചെന്ന് വിവരം പറഞ്ഞു. ഏറെ താമസിയാതെ ജുബൈറും ഹാരിസും ഓടിവന്നു. എന്നെ അക്രമികളിൽനിന്ന് രക്ഷിക്കുകയും ചെയ്തു.

സത്യസാക്ഷ്യം നെഞ്ചോട് ചേർത്ത് പിടിച്ചതിനാൽ തനിക്കേൽക്കേണ്ടിവന്ന ദുരനുഭവം വിവരിക്കുന്ന ഇദ്ദേഹം മദീനയിലെ ഖസ്‌റജികളുടെ നേതാവ് സഅദുബ്‌നു ഉബാദ(റ)യാണ്. മക്കാ മുശ്‌രിക്കുകളുടെ ആക്രമണത്തിന് വിധേയനായ ഏക അൻസ്വാരി സഅദുബ്‌നു ഉബാദ(റ)യാണെന്ന് ചരിത്രം.

രണ്ടാം അഖബ ഉടമ്പടിയിൽ സന്നിഹിതനായി തിരുദൂതരുടെ അനുചരനും പടയാളിയുമായി ധന്യ ജീവിതം നയിച്ച സഅദ്(റ) ആദ്യകാലത്തുതന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നുവെന്ന് വ്യക്തം. വിശ്വാസ സംരക്ഷണാർത്ഥം നാടും വീടും ഉപേക്ഷിച്ച് തങ്ങളുടെ ദേശത്ത് എത്തിയ പുണ്യ റസൂലിനെയും അനുചരവൃന്ദത്തെയും തുറന്ന മനസ്സോടെ എതിരേറ്റ് അവരുടെ സംരക്ഷണത്തിനായി തന്റെ ധനം നിർലോഭം അദ്ദേഹം ചെലവഴിച്ചുകൊണ്ടിരുന്നു. ദാനധർമം സഅദിന്റെ കുലസവിശേഷതയാണ്. ദുലൈബ്ബ്‌നു ഹാരിസ് എന്ന ജാഹിലിയ്യത്തിലെ പ്രശസ്തനായ ധർമിഷ്ഠൻ സഅദിന്റെ പിതാമഹനായിരുന്നു.

ഓരോ മദീനക്കാരും തങ്ങളുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ മുഹാജിറുകളെ സ്വന്തം ഭവനത്തിലേക്ക് ക്ഷണിച്ച് അവർക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകി സഹായിച്ചപ്പോൾ സഅദ്(റ) വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് പോയത് എൺപതു മുഹാജിറുകളെയായിരുന്നു.

‘ദയാലുവായ നാഥാ, എനിക്ക് നീ സാമ്പത്തികാഭിവൃദ്ധി നൽകി അനുഗ്രഹിക്കേണമേ.’ സഅദുബ്‌നു ഉബാദ സ്ഥിരമായി പ്രാർത്ഥിക്കാറുണ്ടായിരുന്നു. സ്വന്തം കുടുംബത്തിന് മാത്രം സുഭിക്ഷതയിൽ കഴിയാൻ വേണ്ടിയായിരുന്നില്ല ഈ തേട്ടം. മറ്റുള്ളവരെ ഊട്ടാനും ഒപ്പം കൂട്ടാനും ഉള്ളഴിഞ്ഞു സഹായിക്കാനുമായിരുന്നു. ആ മനസ്സിലെ നന്മ അനുഭവിച്ചറിഞ്ഞതുകൊണ്ടാവാം തിരുദൂതർ(സ്വ) സഅദുബ്‌നു ഉബാദക്ക് വേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചിരുന്നത്: റബ്ബേ, നിന്റെ അനുഗ്രഹവും കരുണയും സഅദുബ്‌നു ഉബാദയുടെ കുടുംബത്തിന് നീ ചൊരിഞ്ഞുകൊടുക്കേണമേ.’

സമ്പത്തിനൊപ്പം ശാരീരികശേഷിയും നൈപുണ്യവും സത്യദീനിയായി മഹാൻ വ്യയം ചെയ്തു. ഉന്നം പിഴക്കാത്ത അസ്ത്രവിദഗ്ധൻ കൂടിയായിരുന്നു അദ്ദേഹം. തിരുനബിക്കൊപ്പം എല്ലാ രണാങ്കണങ്ങളിലും ഈ അസ്ത്രപാടവം മഹാൻ നന്നായി പ്രകടിപ്പിക്കുകയുണ്ടായി.

നബി(സ്വ)ക്ക് എല്ലാ ഘട്ടത്തിലും രണ്ട് പതാക വാഹകരുണ്ടായിരുന്നു. മുഹാജിറുകളിൽ അലി(റ)യും അൻസ്വാറുകളിൽ സഅദുബ്‌നു ഉബാദ(റ)യും.

ഹുനൈൻ യുദ്ധത്തിൽ മുസ്‌ലിംകൾ വിജയംവരിച്ചു. യുദ്ധാർജ്ജിത സമ്പത്ത് വിതരണവേളയിൽ പതിവിനു വിപരീതമായി പുതിയ മാനദണ്ഡമാണ് തിരുനബി(സ്വ) സ്വീകരിച്ചത്. ഇസ്‌ലാമിന്റെ ഉന്നമനത്തിനായി കഠിന ത്യാഗം ചെയ്ത പൂർവ വിശ്വാസികൾക്ക് മുൻഗണന നൽകുന്ന ക്രമം മാറ്റി പുതുവിശ്വാസികളെയായിരുന്നു പരിഗണിച്ചത്. ഇസ്‌ലാമിൽ അടിയുറച്ച പഴയ കാല സൈനികരെ തീരെ പരിഗണിച്ചതുമില്ല.

സംഭവം അൻസ്വാറുകൾക്കിടയിൽ വിഷയീഭവിച്ചു. സഅദുബ്‌നു ഉബാദ(റ) തിരുദൂതരുടെ അടുത്ത് വന്ന് വിഷയം അവതരിപ്പിച്ചു:’യാ റസൂലല്ലാഹ്, യുദ്ധാർജ്ജിത സമ്പത്ത് വിതരണം നടത്തിയതിൽ അൻസ്വാറുകൾക്കിടയിൽ ചില അതൃപ്തിയുണ്ട്. അവരെ അങ്ങ് അവഗണിച്ചുവെന്നാണ് സംസാരം.’ തിരുദൂതർ ചോദിച്ചു: ‘സഅദേ, ഈ വിഷയത്തിൽ നിന്റെ അഭിപ്രായമെന്താണ്?’

‘ഞാനെന്ത് പറയാനാണ്. എന്റെ ജനതയിൽ ഒരാളാണല്ലോ ഞാനും.’ സഅദ് പ്രതികരിച്ചു.

‘എങ്കിൽ സഅദ് ഒരു കാര്യം ചെയ്യൂ. നിന്റെ ആളുകളെയെല്ലാം ഒന്ന് വിളിച്ചുകൂട്ടുക.’ നബി(സ്വ) നിർദേശിച്ചു. സഅദ്(റ) അൻസ്വാറുകളെ സംഘടിപ്പിച്ചു. തിരുനബി(സ്വ) അവരെ അഭിസംബോധനം ചെയ്തു പറഞ്ഞതിങ്ങനെ:

‘അൻസ്വാരികളേ, നിങ്ങളെപ്പറ്റി പലതും പറഞ്ഞുകേൾക്കുന്നു. എന്നെകുറിച്ച് നിങ്ങൾക്ക് പരാതി വല്ലതുമുണ്ടോ?

ഞാനോർക്കുന്നു. നിങ്ങളുടെ നാട്ടിൽ ഞാൻ വന്നപ്പോൾ നിങ്ങൾ വ്യക്തമായ വഴികേടിൽ വിഹരിക്കുകയായിരുന്നില്ലേ? അനന്തരം കാരുണ്യവാനായ റബ്ബ് നിങ്ങളെ സന്മാർഗത്തിലെത്തിച്ചു. മാത്രമല്ല, നിങ്ങളന്നു ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആപതിച്ചവരായിരുന്നു. പിന്നീട് അല്ലാഹു നിങ്ങളെ സമ്പന്നരാക്കി. ഇനിയുമുണ്ട്. നിങ്ങളന്ന് പരസ്പരം ശത്രുക്കളായിരുന്നു. എന്നാലിപ്പോൾ നിങ്ങളുടെ മനസ്സുകളെ അവൻ കൂട്ടിയിണക്കിയിരിക്കുന്നു.’

ഇത്രയും പറഞ്ഞു തിരുദൂതർ(സ്വ) അവരുടെ ശ്രദ്ധ ഗതകാലത്തേക്കു തിരിച്ചുവിട്ട് അൽപം നിശ്ശബ്ദത പാലിച്ചു. അപ്പോൾ അവരൊന്നായി പറഞ്ഞു:

‘യാ റസൂലല്ലാഹ്, അല്ലാഹുവും അവന്റെ സത്യദൂതനും ഞങ്ങൾക്കനവധി അനുഗ്രഹം ചൊരിഞ്ഞുതന്നിരിക്കുന്നു. ഞങ്ങളൊന്നും മറക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല.’

‘നിങ്ങൾക്ക് എന്നോട് സ്‌നേഹമില്ലേ.’ നബി(സ്വ) ചോദിച്ചു.

‘അതേ, അതേ.’ അവരൊന്നടങ്കം സമ്മതമോതി.

‘വേണമെങ്കിൽ നിങ്ങൾക്കിങ്ങനെയും പറയാം; സ്വന്തം ആൾക്കാർ നിഷേധിക്കുകയും വിസമ്മതിക്കുകയും കയ്യൊഴിയുകയും ചെയ്ത പരമപട്ടിണിക്കാരനും നിരാലംബനുമായിരുന്നു ഞാൻ. അനന്തരം നിങ്ങളെന്നെ വിശ്വസിച്ചു. എനിക്കഭയം നൽകി. എന്നെ എല്ലാവിധേനയും സമ്പന്നനാക്കിത്തീർക്കുകയും ചെയ്തു. ഇതൊക്കെ എനിക്കുവേണ്ടി നിങ്ങൾ ചെയ്തു തന്ന സേവനങ്ങളാണ് അതൊന്നും ഞാനും മറന്നിട്ടില്ല.’

എന്റെ അൻസ്വാരികളേ, നിങ്ങളല്ലാത്തവർ ഒട്ടകങ്ങളും ആടുകളും നേടിക്കോട്ടെ. പക്ഷേ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകുന്നത് അല്ലാഹുവിന്റെ റസൂലായ എന്നെയും കൊണ്ടാണ്. നിങ്ങൾക്ക് അതുപോരേ?

പ്രിയപ്പെട്ട അൻസ്വാരികളേ, അല്ലാഹു സത്യം. ഹിജ്‌റ എന്നൊന്നുണ്ടായിരുന്നില്ലെങ്കിലും ഞാൻ നിങ്ങളിൽ ഒരാളാകുമായിരുന്നു. ജനങ്ങൾ അവരുടെ ഇഷ്ടാനുസാരം വിവിധ സരണികളിലൂടെ പ്രവേശിക്കുമ്പോൾ ഞാനെന്നും അൻസ്വാരികളുടെ മാർഗത്തിലായിരിക്കും അണിചേരുക. രക്ഷിതാവേ, നീ അൻസ്വാരികൾക്കും അവരുടെ മക്കൾക്കും അനുഗ്രഹമരുളേണമേ.’

ഇത്രയുമായപ്പോഴേക്ക് സഅദുബ്‌നു ഉബാദയടക്കം അൻസ്വാരികൾ മുഴുവനും അടക്കവയ്യാത്ത സങ്കടത്തോടെ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ‘ഞങ്ങൾക്ക് സമ്പത്തും മറ്റൊന്നും തന്നെ വേണ്ട. അത് ആവശ്യമുള്ളവർ കൈവശപ്പെടുത്തട്ടെ. ഞങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിനെ മാത്രം മതി. റസൂലിനെ മാത്രം.’ കരച്ചിലിനിടയിൽ അവരുറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. സത്യമെന്ന് തനിക്കു തോന്നുന്ന കാര്യം വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു സഅദ്(റ).

മക്ക ജയിച്ചടക്കിയ നാൾ എല്ലാവരും പുണ്യഭൂമിയിലേക്ക് പ്രവേശിക്കവെ തിരുദൂതർ(സ്വ) ഒരുവിഭാഗം സൈന്യത്തിന്റെ നേതൃത്വം സഅദുബ്‌നു ഉബാദ(റ)യെ ഏൽപിച്ചു. അദ്ദേഹം സൈനികരുമായി നീങ്ങുമ്പോൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: ‘ഇന്ന് അതിശക്തമായ സമരത്തിന്റെ നാളാകുന്നു. ഇന്ന് പവിത്രത അപഹരിക്കപ്പെടുന്ന സുദിനമാണ്.’

പ്രതികാരധ്വനിയും ഭീഷണിസ്വരവും ഒത്തുചേർന്ന മേൽവാക്കുകൾ അനഭിലഷണീയമായി തോന്നിയ ഉമർ(റ) ഇക്കാര്യം തിരുനബിയെ ബോധിപ്പിച്ചു. ‘യാ റസൂലുല്ലാഹ്, ഒരുപറ്റം സൈനികർക്ക് നേതൃത്വം നൽകുന്ന സഅദ് വിളിച്ചുപറയുന്നത് ശ്രദ്ധിച്ചില്ലേ? ഖുറൈശികളുടെ മേൽ സഅദിന് അധീശാധികാരം ലഭിക്കുന്നതിൽ ഞങ്ങൾക്ക് പേടിയുണ്ട്.’

അപ്പോൾ നബി(സ്വ) അലി(റ)യെ സഅദുബ്‌നു ഉബാദയുടെ സന്നിധിയിലേക്കയച്ചു. സഅദ്(റ)യിൽനിന്നു പതാകയും നേതൃത്വവും ഏറ്റെടുക്കുകയും ചെയ്തു.

ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെ ഖുറൈശികൾ അനുവർത്തിച്ച അതിക്രൂരവും കിരാതവുമായ മർദനത്തിന്റെ ചോരക്കറയും മുറിപ്പാടും സ്വന്തം മേനിയിൽ നിന്നും മനസ്സുകളിൽനിന്നും മങ്ങുകയോ മാറുകയോ ചെയ്തിട്ടില്ലാത്ത മുസ്‌ലിംകൾ ജേതാക്കളായി തിരിച്ചെത്തുമ്പോൾ തങ്ങൾ കേൾക്കേണ്ടിവന്ന ദുരനുഭവത്തിന്റെ സ്മരണയിൽ പ്രതികാരചുവയുള്ള പ്രഖ്യാപനങ്ങൾ നടത്തുന്നതിനുപകരം സംയമനത്തിന്റെ ശൈലിയാണ് പ്രവാചകർ സ്വീകരിച്ചത്.

തിരുനബി(സ്വ)യുടെ റഫീഖുൽ അഅ്‌ലായിലേക്കുള്ള യാത്രയ്ക്കു ശേഷം അൻസ്വാരികൾ സഅദുബ്‌നു ഉബാദ(റ)യുടെ അരികിലെത്തി. തിരുദൂതരുടെ പ്രതിപുരുഷനായി അൻസ്വാരികളിൽനിന്നു ഒരാളെ തെരഞ്ഞെടുക്കണമെന്ന് അഭിപ്രായപ്പെട്ടു. ഐഹികവും പാരത്രികവുമായ ആ സമുന്നത പദവി അൻസ്വാരികളിൽ നിന്നുള്ള ഒരാൾക്ക് ലഭ്യമാകണമെന്നതായിരുന്നു അവരുടെ ഉൽക്കടമായ അഭിലാഷം.

പക്ഷേ, റസൂൽ(സ്വ) രോഗഗ്രസ്ഥനായ ഘട്ടത്തിൽ ജമാഅത്ത് നിസ്‌കാരത്തിന് നേതൃത്വം ഏൽപിച്ചതും ഹിജ്‌റ വേളയിൽ നബി(സ്വ)യെ അനുഗമിച്ച ഏക സഹചാരി എന്ന പദവി നേടിയും സിദ്ദീഖുൽ അക്ബർ(റ)യായിരുന്നു. മേൽ മാഹാത്മ്യങ്ങളും മറ്റും കണക്കിലെടുത്ത് ഭൂരിപക്ഷം സ്വഹാബികളും അബൂബക്കർ(റ)നെ ഖലീഫയായി തിരഞ്ഞെടുത്തു. സഅദ്(റ) അടക്കമുള്ള അൻസ്വാരികൾ ഏകകണ്ഠമായി ഈ തീരുമാനം അംഗീകരിക്കുകയാണുണ്ടായത്.

‘നബി(സ്വ)ക്ക് പുറകിൽ നടന്നുനീങ്ങിയ അങ്ങയുടെ കൂട്ടുകാരൻ സിദ്ദീഖ്(റ) താങ്കളെക്കാൾ ഞങ്ങളോട് സ്‌നേഹവും അലിവുമുള്ളവരായിരുന്നു. ഇന്ന് താങ്കളുടെ സാമീപ്യം എന്തോ ഞാൻ ഇഷ്ടപ്പെടുന്നില്ല.’

രണ്ടാം ഖലീഫ ഉമർ(റ)ന്റെ ഭരണകാലത്ത് അദ്ദേഹത്തെ സമീപിച്ച് സഅദു ബ്‌നു ഉബാദ(റ) തുറന്നു പറഞ്ഞു.

‘അങ്ങനെയെങ്കിൽ വിഷമിക്കേണ്ടതില്ല. താങ്കളുടെ അഭീഷ്ടമനുസരിച്ച് എവിടെ വേണമെങ്കിലും അങ്ങേക്ക് മാറിത്താമസിക്കാം.’ ശാന്തനും സൗമ്യനുമായി ഖലീഫ മറുപടി പറഞ്ഞു.

അതേ, അമീർ, ഞാൻ താങ്കളേക്കാൾ ഉത്തമനായവന്റെ സാമീപ്യം പൂർണമനസ്സോടെ സ്വീകരിക്കാൻ തന്നെ തീരുമാനിച്ചിരിക്കുന്നു.ശേഷം സഅദുബ്‌നു ഉബാദ(റ) സിറിയയിലേക്ക് യാത്ര തിരിച്ചു. വഴിമധ്യേ ഹുറാൻ എന്ന പ്രദേശത്ത് വെച്ച് നാഥന്റെ സാമീപ്യത്തിലേക്ക് മഹാൻ യാത്രയായി. ഹിജ്‌റ പതിനഞ്ചാം വർഷമായിരുന്നു അത്.

(അൽ ഇസാബ, സുവറുൻ മിൻ ഹയാത്തി സ്വഹാബ)

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ