ഒടുവിൽ ഗസ്സക്ക് മേൽ ഇസ്‌റാഈൽ നടത്തിയ ബോംബ് വർഷത്തിന് ശമനമായിരിക്കുന്നു. നിരുപാധിക വെടിനിർത്തലിന് ജൂതരാഷ്ട്രം തയ്യാറായി എന്നത് ആശാവഹമായ കാര്യമാണ്. അമേരിക്കയുടെയും ഈജിപ്തിന്റെയും ഇടപെടലാണ് വെടിനിർത്തൽ സാധ്യമാക്കിയതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ യഥാർത്ഥ കാരണം അതാണോ? കാവൽ പ്രധാനമന്ത്രി മാത്രമായിരുന്ന ബെഞ്ചമിൻ നെതന്യാഹു അനുഭവിച്ച ആഭ്യന്തര സമ്മർദമാണ് അടിസ്ഥാന കാരണം. ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകൾ പതിച്ച് ഇസ്‌റാഈലിനകത്ത് ഏതാനും പേർ മരിച്ചത് അവിടെ വലിയ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി തുടങ്ങിവെച്ച പ്രകോപനവും ആക്രമണവും തികച്ചും അനവസരത്തിലായിരുന്നുവെന്ന് ഇസ്‌റാഈലിനകത്ത് നിന്നുതന്നെ രൂക്ഷ വിമർശമുയർന്നു. ആക്രണത്തിന് സമ്പൂർണ പിന്തുണ നൽകിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കാർ തന്നെ നിറുത്തി പൊരിച്ചു. യുഎൻ രക്ഷാസമിതിയിൽ പ്രമേയം പാസ്സായില്ലെങ്കിലും അവിടെയും വലിയ പ്രതിഷേധമുയർന്നു. അങ്ങനെ പല കോണിൽ നിന്നുയർന്ന പ്രതികരണങ്ങളുടെ ആകെത്തുകയായി വെടിനിർത്തൽ സാധ്യമായി.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ഇളം മയ്യിത്ത് ഉണ്ടെങ്കിലേ ആ ജനതയുടെ വേദനയെ കുറിച്ചു സംസാരിക്കൂ എന്ന ക്രൂരമായ നിസ്സംഗതയുണ്ട് എല്ലാവർക്കും. ഇസ്‌റാഈൽ സംഹാര താണ്ഡവം നിർത്തിയാൽ ഫലസ്തീൻ ഐക്യദാർഢ്യം സ്വിച്ചിട്ട പോൽ നിൽക്കും. ഫലസ്തീൻ സത്യത്തെ കുറിച്ചുള്ള പഠനം ഉപേക്ഷിക്കും. പിന്നെ അവിടെ നടക്കുന്ന കയ്യേറ്റങ്ങളും അറസ്റ്റുകളും കുടിവെള്ളം പോലും മുട്ടിക്കുന്ന ഉപരോധവുമെല്ലാം വാർത്തയല്ലാതാവും. ഈ പ്രവണത നേരത്തേ നടന്ന ഫലസ്തീൻ ഐക്യപ്പെടലുകളെയെല്ലാം അപഹാസ്യമാക്കി മാറ്റുന്നതാണ്. സയണിസത്തിന്റെ കൗശലങ്ങൾക്ക് ഇടവേളയില്ലെന്ന് മനസ്സിലാക്കണം. അതിർത്തി വ്യാപനം നിർബാധം നടക്കുകയാണ്. ഇസ്‌റാഈൽ രൂപവത്കരണത്തിന് ശേഷമുള്ള സംഭവവികാസങ്ങളെ ഫലസ്തീൻ കാഴ്ചപ്പാടിൽ നിന്ന് കാണുന്നതിന് പകരം മധ്യ പൗരസ്ത്യ ദേശത്തിന്റെയും അറബ് ലോകത്തിന്റെയും പൊതുവായ വീക്ഷണ കോണിൽ നിന്നാണ് കാണേണ്ടത്. കാരണം, ഇസ്‌റാഈലിന്റെ അതിർത്തി വ്യാപന സ്വപ്നങ്ങളിൽ ഫലസ്തീനും ലബനാനും മാത്രമല്ല ഉള്ളത്. ഈജിപ്തും ജോർദാനും ഇറാനും ഇറാഖും സിറിയയും അറബ് മേഖലയൊന്നാകെയും ഉൾപ്പെടുന്ന ഒന്നാണ് അത്. ‘സയണിസ്റ്റ് സ്‌നേക്ക്’ എന്ന് വിളിക്കപ്പെടുന്ന ഈ സ്വപ്ന അതിർത്തി പെട്ടെന്ന് നോക്കുമ്പോൾ അസംബന്ധമാണെന്ന് തോന്നാമെങ്കിലും സയണിസ്റ്റ് രാഷ്ട്രീയത്തിന് അത് ഗൗരവതരമായ ലക്ഷ്യം തന്നെയാണെന്നോർക്കണം. രാഷ്ട്രമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാഷ്ട്രമെന്ന നുണ ആവർത്തിച്ച് ടെൽഅവീവ് തലസ്ഥാനമായി ഇസ്‌റാഈൽ രാഷ്ട്രം അടിച്ചേൽപ്പിക്കാൻ സാധിച്ചുവെങ്കിൽ കൃത്യമായ പ്രതിരോധത്തിന്റെ അഭാവത്തിൽ ജൂതരാഷ്ട്രീയത്തിന് എങ്ങോട്ടു വേണമെങ്കിലും അതിക്രമിച്ച് കയറാമെന്ന് തന്നെ തിരിച്ചറിയണം.
അന്താരാഷ്ട്ര കരാറുകളനുസരിച്ച് സിറിയയുടെ ഭാഗമായ ജൂലാൻ കുന്നുകളിൽ ഇസ്‌റാഈൽ തുടരുന്ന അധിനിവേശം മാത്രം നോക്കിയാൽ ഈ അതിർത്തി വ്യാപന തന്ത്രം മനസ്സിലാകും. ലബനാൻ, ഇസ്‌റാഈൽ, ജോർദാൻ എന്നിവയുമായി അതിർത്തി പങ്കിടുന്ന സിറിയൻ ഭൂവിഭാഗമായ ജൂലാൻ കുന്നുകൾക്ക് തന്ത്രപരമായ സ്ഥാനമുണ്ട്. ഇസ്‌റാഈൽ രാഷ്ട്രം ബലാത്കാരമായി സ്ഥാപിക്കപ്പെട്ടതാണെന്ന് തെളിയിക്കുന്ന പ്രധാന ഇടമെന്ന നിലയിൽ വലിയ രാഷ്ട്രീയ പ്രാധാന്യവും ഈ പീഠഭൂമിക്കുണ്ട്. ഇസ്‌റാഈൽ കയ്യടക്കി വെച്ചിരിക്കുന്നുവെങ്കിലും ഒരു അന്താരാഷ്ട്ര ഏജൻസിയും ആ അധികാര പ്രഖ്യാപനത്തിന് അംഗീകാരം നൽകിയിട്ടില്ല. സിറിയയുടെ ഭാഗമായാണ് അന്താരാഷ്ട്ര ഏജൻസികൾ ഈ പ്രദേശത്തെ കാണുന്നത്. 18,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം 1967ലെ ആറ് ദിവസ യുദ്ധത്തിനൊടുവിൽ ഇസ്‌റാഈൽ പിടിച്ചെടുക്കുകയായിരുന്നു. ഗസ്സാ മുനമ്പ്, സീനായ് പ്രവിശ്യ എന്നിവ ഈജിപ്തിൽ നിന്നും കിഴക്കൻ ജറൂസലം അടങ്ങുന്ന വെസ്റ്റ്ബാങ്ക് ജോർദാന്റെ നിയന്ത്രണത്തിൽ നിന്നും ഇസ്‌റാഈൽ പിടിച്ചടക്കിയതും ഈ യുദ്ധത്തിലാണ്.
പ്രദേശങ്ങളെ തർക്ക ഭൂമിയാക്കി മാറ്റുകയെന്നതാണ് അധിനിവേശത്തിന്റെ ഏറ്റവും വലിയ തന്ത്രം. ബാബരി മസ്ജിദിനെ തർക്ക മന്ദിരമാക്കുകയാണല്ലോ ചെയ്തത്. 1967ലെ യുദ്ധത്തിൽ പിടിച്ചെടുത്ത ജറൂസലം അടക്കമുള്ള പ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്ന് യുഎൻ പ്രമേയം നിലനിൽക്കെ തന്നെ യുഎസിന്റെ പിന്തുണയോടെ അടക്കി ഭരിക്കൽ തുടരുകയാണ് ഇസ്‌റാഈൽ ചെയ്തത്. ജൂലാൻ കുന്നിന്റെ കാര്യത്തിൽ ഇറാന്റെ സഹായത്തോടെ 1970കളിൽ സിറിയ ചില സൈനിക നീക്കങ്ങൾ നടത്തിയപ്പോൾ അത് വലിയ പാതകമായി അമേരിക്കയും ഇസ്‌റാഈലും ആഘോഷിച്ചു. അതോടെ മധ്യസ്ഥർ വന്നു. ഒടുവിൽ പർപ്പിൾ ലൈൻ എന്നറിയപ്പെടുന്ന വെടിനിർത്തൽ രേഖ രൂപവത്കരിക്കപ്പെട്ടു. ഫലത്തിൽ ജൂലാൻ കുന്നുകളിലെ ജലസമ്പന്നമായ ഭൂമി ഇസ്‌റാഈലിന്റെ കൈയിൽ തന്നെയാകുകയായിരുന്നു. സൈനിക നിയന്ത്രണത്തിലായിരുന്ന പ്രദേശം 1981ൽ ജൂലാൻ ഹൈറ്റ്‌സ് നിയമത്തിലൂടെ ഇസ്‌റാഈലിനോട് ‘നിയമപരമായി’ കൂട്ടിച്ചേർക്കുകയും അവിടെ ജൂത കുടിയേറ്റം ആരംഭിക്കുകയും ചെയ്തു. ‘സ്വന്തം നിയമങ്ങളും നിയമവാഴ്ചയും ഭരണവും സിറിയൻ ജൂലാൻ കുന്നുകളിൽ നടപ്പാക്കാനുള്ള ഇസ്‌റാഈലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമമനുസരിച്ച് അസാധുവാണെ’ന്ന് യുഎൻ പ്രമേയം കൃത്യമായി വ്യക്തമാക്കുന്നുണ്ട്.
പറഞ്ഞു വരുന്നത് ഗസ്സയിൽ ഹമാസ് ആയുധമുപേക്ഷിച്ചത് കൊണ്ടോ, ഫലസ്തീൻ യുവാക്കൾ പ്രതികരണങ്ങൾ മുഴുവൻ അവസാനിപ്പിച്ച് വീട്ടിലിരിക്കാൻ തീരുമാനിച്ചത് കൊണ്ടോ ഉച്ഛിഷ്ട ഫലസ്തീൻ മതിയെന്ന് മഹ്‌മൂദ് അബ്ബാസ് സമ്മതിച്ചത് കൊണ്ടോ ഒന്നും ഇസ്‌റാഈൽ അതിന്റെ അതിക്രമം അവസാനിപ്പിക്കില്ലെന്നാണ്. പിടിച്ചടക്കുകയെന്ന സയണിസത്തിന്റെ ജനിതക സ്വഭാവം തുടർന്നു കൊണ്ടേയിരിക്കും. കങ്കാണിപ്പണിക്ക് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഉള്ളപ്പോൾ ആരെ പേടിക്കണം? യുഎന്നിന് എന്ത് ചെയ്യാൻ സാധിക്കും? ഇപ്പോൾ ചിലർ പറയുന്നത് ഇസ്‌റാഈലിൽ നെതന്യാഹു അധികാര ഭ്രഷ്ടനായല്ലോ, ഇനി സ്ഥിതിഗതികൾ മാറുമെന്നാണ്. ശരിയാണ്. ഇസ്‌റാഈലിൽ ഒരു വ്യാഴവട്ടം പിന്നിട്ട ബെഞ്ചമിൻ നെതന്യാഹു വാഴ്ചക്ക് അന്ത്യമാകുകയാണ്. അവിടെ വിചിത്രമായ ഒരു സഖ്യമാണ് അധികാരത്തിൽ വരുന്നത്. ആ സഖ്യത്തിൽ തീവ്ര വലതുപക്ഷക്കാരുണ്ട്. മധ്യ വലതൻമാരുണ്ട്. അറബ് പാർട്ടി പോലുമുണ്ട്. നെതന്യാഹു പടിയിറങ്ങുകയും വിശാല സഖ്യം അധികാരത്തിൽ വരികയും ചെയ്യുന്നത് കൊണ്ട് ഇസ്‌റാഈൽ അടിമുടി മാറുമെന്നും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കുമെന്നും പ്രതീക്ഷിക്കാനാകില്ല. ഇസ്‌റാഈലിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം സയണിസം ആയിരിക്കുവോളം അവിടെ ആര് ഭരിക്കുന്നുവെന്നത് വലിയ വ്യത്യാസമുണ്ടാക്കാൻ പോകുന്നില്ല. നുണകളിലും അധിനിവേശത്തിലും സൈനിക ശക്തിയിലും കാലൂന്നി നിൽക്കുന്ന ആ രാജ്യത്തിന് ശരിയായ ജനാധിപത്യത്തിലേക്കും അന്താരാഷ്ട്ര മര്യാദകളിലേക്കും ഉണരാകുമെന്നും പ്രതീക്ഷിക്കാൻ വയ്യ.
എന്നാൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ പതനം മനുഷ്യസ്‌നേഹികൾക്ക് പ്രത്യാശ പകരുന്നുണ്ട്. നെതന്യാഹുവിന്റെ പതനത്തിന് പിന്നിലെ അടിസ്ഥാന കാരണം അഴിമതിയാണ്. തനിക്കെതിരിൽ ഉയർന്ന അഴിമതി ആരോപണങ്ങളും കോവിഡ് പ്രതിരോധത്തിൽ സർക്കാറിന് സംഭവിച്ച വീഴ്ചകളും മറച്ചുവെക്കാനാണ് ജൂതവികാരം ജ്വലിപ്പിക്കുന്ന നീക്കങ്ങൾ അദ്ദേഹം നടത്തിയത്. എന്നാൽ അത് വേണ്ടവിധം വിജയിച്ചില്ല എന്നത് ഇന്ത്യയിൽ ഇരുന്നുകൊണ്ട് കാണുമ്പോൾ സന്തോഷം പകരുന്നുണ്ട്. പ്രമുഖ കമ്പനികൾക്ക് വേണ്ടി നിയമം മാറ്റിയെഴുതാൻ കൈക്കൂലി വാങ്ങിയതിലും സാമ്പത്തിക ക്രമക്കേടിലും മൂന്ന് കേസുകളിലാണ് നെതന്യാഹു നിയമനടപടി നേരിടുന്നത്. ഈ കേസുകളിൽ പ്രോസിക്യൂഷൻ ഒഴിവാക്കാൻ അദ്ദേഹം പഠിച്ച പണി പതിനെട്ടും പയറ്റിയതാണ്. തിരിച്ചുവന്നിരുന്നെങ്കിൽ ഉറപ്പാണ് ഇമ്മ്യൂണിറ്റി ബിൽ കൊണ്ടുവന്ന് വിചാരണ മറികടക്കുമായിരുന്നു. പക്ഷേ, അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഇസ്‌റാഈലിലെ വോട്ടർമാർ തീരുമാനിച്ചത്. എന്ത് കെടുകാര്യസ്ഥത കാണിച്ചാലും അതിർത്തിയിൽ സംഘർഷമുണ്ടാക്കിയും പുതിയൊരു മസ്ജിദിന് മേൽ അവകാശവാദം ഉന്നയിച്ചും നഗരങ്ങളുടെ പേര് മാറ്റിയും ന്യൂനപക്ഷവിരുദ്ധ നിയമങ്ങൾ കൊണ്ടുവന്നും വികാരമിളക്കി വിട്ടാൽ മതിയെന്ന് കരുതുന്ന ഇന്ത്യയിലെ സംഘ്പരിവാർ രാഷ്ട്രീയത്തിന് വ്യക്തമായ സന്ദേശമാണ് നെതന്യാഹുവിന്റെ പതനം.
ഇസ്‌റാഈലിലെ പുതിയ ഭരണ സഖ്യത്തെ കുറിച്ച് അൽജസീറയിൽ മർവൻ ബിശാറ എഴുതിയതാണ് സത്യം: ‘നെതന്യാഹുവിന്റെ നെതന്യാഹുമാർ’. യെഷ് ആറ്റിഡ് പാർട്ടി മേധാവിയും പ്രതിപക്ഷ നേതാവുമായ യെയിർ ലാപിഡ് ആണ് എട്ട് പാർട്ടികളുമായുള്ള സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാമിന പാർട്ടിയുടെ അധ്യക്ഷനും കടുത്ത മുസ്‌ലിംവിരുദ്ധനുമായ നഫ്താലി ബെന്നറ്റും ലാപിഡും രണ്ട് വർഷം വീതം പ്രധാനമന്ത്രിപദം പങ്കിടാനാണ് തീരുമാനം. ആദ്യ ഊഴം ബെന്നറ്റിനായിരിക്കും. ഫലസ്തീൻ വിഷയത്തിൽ അടക്കം സർവ നിലപാടുകളിലും നെതന്യാഹുവിന്റെ നേർപതിപ്പാണ് ബെന്നറ്റ്. ഇദ്ദേഹം നേരത്തേ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായി പ്രവർത്തിച്ചയാളുമാണ്. രണ്ടാം പകുതിയിൽ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന യെയിർ ലാപിഡ് നെതന്യാഹു മന്ത്രിസഭയിൽ നേരത്തേ അംഗമായിരുന്നു. ധനമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന അവിഗ്‌ദോർ ലീബർമാനും നെതന്യാഹുവിന്റെ വലംകൈയായിരുന്നു. ഇസ്‌റാഈൽ അതിർത്തി വ്യാപനം പൂർത്തിയായില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇവരെല്ലാം.
ഇത്തരമൊരു സഖ്യത്തിൽ മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടി അംഗമാണെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. നാല് അംഗങ്ങളുള്ള അറബ് ലിസ്റ്റ് ഭരണത്തിൽ പങ്കാളിയാകുന്നത് ഇസ്‌റാഈലിനകത്തുള്ള അറബികളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് അബ്ബാസിന്റെ അവകാശവാദം. ഫലസ്തീൻ വിഷയത്തിൽ ശരിയായ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ചില വിശകലനക്കാരും പറയുന്നു. എന്നാൽ മണ്ടത്തരം എന്നാണ് ഫലസ്തീൻ ആക്ടിവിസ്റ്റുകളും നേതാക്കളും ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്. ഏതായാലും നെതന്യാഹുവിനെ പുറത്താക്കാൻ ഒരു അറബ് പാർട്ടിയുടെ സഹായം വേണ്ടിവന്നു എന്നത് ചരിത്രത്തിന്റെ മധുര പ്രതികാരമാണ്. അറബികളെയും ക്രിസ്ത്യാനികളെയും രണ്ടാംതരം പൗരൻമാരാക്കാൻ നാഷൻ സ്റ്റേറ്റ് ലോ എന്ന കരിനിയമം പാസ്സാക്കിയ രാജ്യമാണ് ഇസ്‌റാഈൽ.
ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമവും ‘നാഷൻ സ്റ്റേറ്റ് ലോ’ എന്ന് വിളിക്കപ്പെടുന്ന ഇസ്‌റാഈലിലെ പൗരത്വ നിയമവും തമ്മിൽ വലിയ സാമ്യമുണ്ട്. 2018 ജൂലൈ 19നാണ് ഇസ്‌റാഈൽ പാർലമെന്റായ നെസ്സറ്റ് ഈ നിയമം പാസ്സാക്കിയത്. കാലങ്ങളായി കടുത്ത വിവേചനം അനുഭവിച്ചുവരുന്ന, ജനസംഖ്യയുടെ 20 ശതമാനം വരുന്ന അറബ് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ദേശീയധാരയിൽ നിന്ന് ആട്ടിയോടിക്കുന്നതാണ് ഈ നിയമം.
മൂന്ന് വ്യവസ്ഥകളാണ് ഈ നിയമത്തെ വിഭജനപരവും മതരാഷ്ട്രവാദത്തിന്റെ അടിസ്ഥാനവുമാക്കി മാറ്റുന്നത്.
1. ദേശീയ സ്വയം നിർണയാവകാശം (നാഷനൽ സെൽഫ് ഡിറ്റർമിനേഷൻ) ജൂതൻമാർക്ക് മാത്രമായിരിക്കും. ദേശരാഷ്ട്രം സംബന്ധിച്ച് സയണിസ്റ്റ് ഐഡിയോളജിയിലും ഹിന്ദുത്വത്തിലും ഒരുപോലെ കാണുന്ന ആശയമാണ് പിതൃഭൂമി. ഇസ്‌റാഈലിന്റെ കാര്യത്തിൽ വാഗ്ദത്ത ഭൂമിയെന്ന മതപരമായ പ്രയോഗം കൂടി നടത്താറുണ്ട്. നാഷൻ സ്റ്റേറ്റ് ലോ ഈ പ്രയോഗം നേരിട്ട് നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. പകരം സ്വയം നിർണയാവകാശം ജൂതർക്ക് മാത്രമായി ചുരുക്കുകയാണ് ചെയ്തത്. ഇന്ത്യയിൽ പൗരത്വത്തിന്റെ നിർവചനത്തിലേക്ക് ഇതാദ്യമായി മതം കടന്നുവരികയും പൗരത്വ പട്ടിക തയ്യാറാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ചിലരുടെ പൗരത്വം സംരക്ഷിക്കപ്പെടുകയും മറ്റു ചിലരുടേത് സംശയത്തിലാകുകയും ചെയ്യുകയാണല്ലോ ഉണ്ടായത്. ഇസ്‌റാഈലിലെ നിയമം ഇത് ഒട്ടും മറയില്ലാതെ ചെയ്യുന്നു. രാഷ്ട്രം എങ്ങനെയായിരിക്കണം, രാഷ്ട്രത്തിന്റെ മുൻഗണന എന്തായിരിക്കണം എന്ന് നിശ്ചയിക്കുന്നവരിൽ ജൂതരല്ലാത്തവർക്ക് യാതൊരു പങ്കുമില്ലെന്ന് നിയമം പ്രഖ്യാപിക്കുന്നു. ജൂതരും അല്ലാത്തവരുമായി പൗരൻമാരെ കൃത്യമായി വിഭജിക്കുകയാണ് ഈ നിയമം. സയണിസത്തിന്റെ നടത്തിപ്പുകാരെന്ന നിലക്ക് ഇസ്‌റാഈലിനെ ജൂതരാഷ്ട്രമെന്ന് വിളിക്കപ്പെട്ടെങ്കിലും നിയമപരമായി അത് അങ്ങനെ ആയിത്തീരുന്നത് ഈ നിയമത്തോട് കൂടിയാണ്. ജൂതരല്ലാത്ത മുഴുവൻ പേരെയും അത് രണ്ടാം കിട പൗരൻമാരാക്കി.
2. ഈ നിയമത്തിന്റെ മറ്റൊരു പ്രധാന വ്യവസ്ഥ ഹീബ്രു ഔദ്യോഗിക ഭാഷയായിരിക്കുമെന്നതാണ്. അറബി പ്രത്യേക പദവിയുള്ള ഭാഷയുമായിരിക്കും. 70 വർഷമായി ഹീബ്രുവും അറബിയും ഔദ്യോഗിക ഭാഷകളായിരുന്നു. സർക്കാർ വ്യവഹാരങ്ങളിൽ ഇരുഭാഷകളും ഉപയോഗിച്ചുവന്നു. ഈ നിയമത്തോടെ ആ പതിവ് അവസാനിച്ചു. ഒരു ദേശരാഷ്ട്രം മഹത്തരമാകുന്നത് എല്ലാതരം ന്യൂനപക്ഷങ്ങളെയും ചേർത്ത് നിർത്തുമ്പോഴാണല്ലോ. ഇവിടെ അറബിയെ ഇകഴ്ത്തുകവഴി അത് സംസാരിക്കുന്ന ജനതയെയാണ് ഇകഴ്ത്തുന്നത്.
3. ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റത്തെ നാഷൻ സ്റ്റേറ്റ് ലോ നിയമപരമാക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. ജൂത കുടിയേറ്റ സമുച്ചയങ്ങളുടെ നിർമാണം ദേശീയ മൂല്യം ഉയർത്തുമെന്നാണ് നിയമത്തിൽ പറയുന്നത്.
ജൂതരെ ഉത്കൃഷ്ട സമൂഹമാക്കുമ്പോൾ മറ്റുള്ളവരെ നികൃഷ്ടരാക്കുകയാണ് ഈ നിയമം ചെയ്തത്. അറബികളുടെയോ ക്രിസ്ത്യാനികളുടെയോ പേരെടുത്ത് പറയാതെയാണ് ഇത് സാധ്യമാക്കിയത്. ഇന്ത്യയിലെ പൗരത്വ നിയമത്തിലും മുസ്‌ലിം എന്നൊരു നാമമില്ല. അമിത് ഷായുടെ ക്രൊണോളജി പക്ഷേ എല്ലാം വ്യക്തമാക്കി. ആദ്യം സിഎഎ, പിന്നെ എൻപിആർ, ഒടുവിൽ എൻആർസി. പേര് പോലും പറയാതെ മുസ്‌ലിംകളുടെ പൗരത്വത്തെ നിതാന്തമായ സന്ദേഹത്തിലേക്ക് വലിച്ചെറിഞ്ഞു. ഹിന്ദുത്വത്തിന് ഒത്ത കൂട്ട് തന്നെ സയണിസം.
അതുകൊണ്ട് ഹിന്ദുത്വവാദികൾക്കെതിരായ പോരാട്ടവും സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനിൽപ്പും പൂർത്തീകരിക്കപ്പെടുന്നത് നീതിയുക്ത ഫലസ്തീൻ സാധ്യമാകുമ്പോൾ മാത്രമാണ്. ഈ മൂന്ന് തലത്തിലുമുള്ള ആശയപ്രചാരണവും പരസ്പര പൂരകങ്ങളാണെന്ന് തിരിച്ചറിയണം. ആ ദിശയിലുള്ള പഠനത്തിനും പ്രതികരണത്തിനും നൈരന്തര്യമുണ്ടാകണം.

(അവസാനിച്ചു)

മുസ്തഫ പി എറയ്ക്കൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ