jl1 (8)റമളാനുമായി ബന്ധപ്പെട്ട ചില കര്‍മശാസ്ത്ര വിധികള്‍ ഹ്രസ്വമായി അവലോകനം ചെയ്യുക സാന്ദര്‍ഭികമാണ്. നിയ്യത്താണല്ലോ നോമ്പിന്റെ ഫര്‍ളുകളില്‍ ഒന്ന്. ഓരോ രാത്രിയിലും, നോമ്പനുഷ്ഠിക്കാന്‍ ഞാന്‍ കരുതിയെന്ന നിയ്യത്ത് ആവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്. ഇബ്നുഹജര്‍(റ) എഴുതുന്നു: റമളാന്‍ തീരുന്നതുവരെയുള്ള എല്ലാ നോമ്പുകള്‍ക്കും കൂടി ആദ്യരാത്രി മൊത്തത്തില്‍ വെച്ചാല്‍ ആ നിയ്യത്ത് ആദ്യത്തെ ഒരു നോമ്പിനുമാത്രമേ പര്യാപ്തമാവുകയുള്ളൂ (തുഹ്ഫ 3387, 391). പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് നോമ്പ്നിര്‍ബന്ധമില്ലെങ്കിലും ചെറുപ്പത്തിലേ പരിശീലിപ്പിക്കുന്നത് ഗുണകരമാണ്. എന്നാല്‍ അവരും രാത്രിയില്‍ തന്നെ നിയ്യത്ത് വെക്കണമെന്ന് ശാഫിഈ ഫിഖ്ഹ് ഗ്രന്ഥമായ തുഹ്ഫയില്‍ കാണാം.
ഫര്‍ള്നോമ്പിന്റെ നിയ്യത്ത് രാത്രിയില്‍ തന്നെയായിരിക്കല്‍ നിര്‍ബന്ധമുണ്ട്. ഫര്‍ള്നോമ്പിന് നിയ്യത്ത്ചെയ്തശേഷം അത് രാത്രിയില്‍തന്നെയാണോ എന്ന് പ്രഭാതത്തിനുമുമ്പ്സംശയിച്ചാല്‍ നിയ്യത്ത് സാധുവാണ്. ശേഷംവന്ന സംശയം നിയ്യത്തിനെ ബാധിക്കില്ല (തുഹ്ഫ 3388). രാത്രിയില്‍ നിയ്യത്ത് ചെയ്തിരുന്നോ എന്ന് ഫര്‍ള്നോമ്പുകാരന്‍ പകലില്‍ സംശയിക്കുകയും ചെയ്തിട്ടുണ്ടെന്ന് പിന്നീട് എപ്പോഴെങ്കിലും ബോധ്യപ്പെടുകയും ചെയ്താല്‍ പ്രസ്തുതനോമ്പ്സാധുവാണ്. ഖളാഅ് വീട്ടേണ്ടതില്ല. ഇല്ലെങ്കില്‍ അസാധുവും ഖളാഅ് വീട്ടേണ്ടതുമാണ് (തുഹ്ഫ 3388). ഒരു നോമ്പ്പൂര്‍ത്തിയായശേഷം നിയ്യത്തിനെക്കുറിച്ച് സംശയിച്ചാലും ആ നോമ്പ്സാധുതന്നെ. ശേഷമുള്ള ഒരു സംശയത്തിനും പ്രസക്തിയില്ല (നിഹായ 3155).
നോമ്പിന് നിയ്യത്തുചെയ്ത ശേഷം സുബ്ഹിക്കുമുമ്പായി നോമ്പ്വേണ്ടെന്നുവെച്ചാല്‍ ആ നിയ്യത്ത് അസാധുവായി. ശേഷം നോന്പെടുക്കാന്‍ വേറെ നിയ്യത്ത് അനിവാര്യമാണ് (തുഹ്ഫ 3389). വിവിധ വര്‍ഷങ്ങളിലെ റമളാന്‍ നോമ്പുകള്‍ ഖളാഅ് വീട്ടുന്പോള്‍ വര്‍ഷംനിര്‍ണയിച്ച് കരുതേണ്ടതില്ല. കാരണം റമളാനുകളെല്ലാം ഒരുപോലെയാണ്.
റമളാന്‍ മാസപ്പിറവി ഉറപ്പാവുന്നതിനുമുമ്പ്ഒരാള്‍ നാളെ റമളാനാണെങ്കില്‍ ഞാന്‍ റമളാന്‍ നോന്പെടുക്കുന്നു എന്ന് നിയ്യത്ത് ചെയ്താല്‍ നിയ്യത്ത് സാധുവാകില്ല. ഇബ്നുഹജര്‍(റ) ഉദ്ധരിക്കുന്നതിങ്ങനെ: റമളാന്‍ മാസപ്പിറവിയില്‍ വിശ്വാസംവരാതെ നിയ്യത്ത് ചെയ്താല്‍ നിയ്യത്ത് സാധുവല്ല. ശേഷം അന്ന് മാസപ്പിറവികണ്ടതായി സ്ഥിരപ്പെട്ടാലും (തുഹ്ഫ 3393).
നോമ്പുമുറിയുന്ന കാര്യങ്ങള്‍
നോമ്പിന്റെ രണ്ടാമത്തെ ഫര്‍ള് നോമ്പ്നിഷ്ഫലമാവുന്ന കാര്യങ്ങള്‍ വര്‍ജിക്കുക എന്നതാണ്. നോമ്പ്മുറിയുന്ന കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം:
സംയോഗം, ഇന്ദ്രിയം സ്ഖലിപ്പിക്കല്‍, ഛര്‍ദിയുണ്ടാക്കല്‍, പ്രസവരക്തം പുറപ്പെടല്‍, ആര്‍ത്തവം, പ്രസവം, ഇസ്ലാമില്‍നിന്നുള്ള വ്യതിചലനം, ഭ്രാന്ത്, പകല്‍മുഴുവനും ബോധക്ഷയമോ ലഹരിയോ ഉണ്ടാവല്‍, തുറക്കപ്പെട്ട ദ്വാരത്തിലൂടെ സ്ഥൂലവസ്തു അകത്തുപ്രവേശിക്കല്‍, മരണം (തുഹ്ഫ 3397). നോമ്പുകാരന്‍ മുമ്പ്വിഴുങ്ങിയ നൂല്‍ പകലില്‍ വലിച്ചെടുത്താല്‍ നോമ്പ്നിഷ്ഫലമാകും. ഉണ്ടാക്കി ഛര്‍ദിക്കുന്നതിന്റെ പരിധിയില്‍ ഇതും പെടും (തുഹ്ഫ 3398). അകത്തുകടന്ന ഈച്ച കാരണം കഠിനമായി വിഷമിക്കുന്ന നോമ്പുകാരന് അതിനെ പുറത്തെടുക്കാം. പക്ഷേ, നോമ്പ്മുറിയുന്നതും ഫര്‍ള് നോമ്പാണെങ്കില്‍ ഖളാവീട്ടല്‍ നിര്‍ബന്ധവുമാണ്.
സ്ഥൂലവസ്തു പ്രവേശിച്ചാല്‍ നോമ്പ്മുറിയുന്ന അകത്തിന്റെ പരിധിയില്‍ ഏതെല്ലാം ശരീരഭാഗം പെടുമെന്നു നോക്കാം. തലയോട്ടി, ചെവി, മുലക്കണ്ണ്, വയറ്, ലിംഗാഗ്രം, പിന്‍ദ്വാരം എന്നിവയുടെ ഉള്‍ഭാഗം. തരിമൂക്ക്, അറബി അക്ഷരങ്ങളില്‍ ആറാമത്തേതിന്റെ ഉച്ചാരണസ്ഥലം (കുറുനാക്ക്), കാലുകള്‍ കുത്തനെ വെച്ചിരുന്നാല്‍ യോനിയില്‍നിന്നും വെളിവാകുന്ന ഭാഗം എന്നിവകള്‍ക്കപ്പുറം, ശ്വാസനാളം, അന്നനാളം, മൂത്രാശയം, കുടല്‍ (തുഹ്ഫ 3399).
നജസ് ശുദ്ധിയാക്കല്‍, വലിയ അശുദ്ധിക്കുവേണ്ടിയുള്ള കുളിയിലെ കഴുകല്‍, നോമ്പ്മുതലായവയില്‍ വായയുടെയും മൂക്കിന്റെയും ഉള്‍ഭാഗത്തിന് വ്യത്യസ്ത പരിഗണനകളാണ്. വായയുടെ ഉള്‍ഭാഗം, അറബീ അക്ഷരമാലയിലെ ആറാമത്തേതിന്റെ ഉറവിടത്തിനപ്പുറം (കുറുനാക്കിന്റെ അറ്റം) വരെയും മൂക്കിന്റെ ഉള്‍ഭാഗം തരിമൂക്കിന്റെ അപ്പുറം വരെയുമാണ്. ഇവയുടെ ഇപ്പുറമുള്ളവ ശരീരത്തിന്റെ ബാഹ്യഭാഗമായിട്ടാണ് നോമ്പിലും നജസ് നീക്കുന്നതിലും പരിഗണിക്കുക. ഛര്‍ദ്ദിയുണ്ടാക്കി മേല്‍പറഞ്ഞതിന്റെ പരിധിയിലെത്തുക, അവിടെനിന്ന് കഫംവിഴുങ്ങുക എന്നിവമൂലം നോമ്പ്മുറിയുന്നതും അവിടംവരെ സ്ഥൂലവസ്തു പ്രവേശിച്ചാല്‍ നോമ്പ്മുറിയാതിരിക്കുന്നതുമാണ്.
അതുകൊണ്ടാണ് മേല്‍പറഞ്ഞ പരിധിയില്‍ നജസായാല്‍ കഴുകല്‍ നിര്‍ബന്ധമായത്. എന്നാല്‍ പ്രസ്തുത പരിധിയില്‍നിന്ന് ഉമിനീര്‍ വിഴുങ്ങിയാല്‍ നോമ്പ്മുറിയില്ല. വലിയ അശുദ്ധിക്കാര്‍ക്ക് അവിടെ കഴുകലും നിര്‍ബന്ധമില്ല. ഇക്കാര്യങ്ങളിലെല്ലാം പ്രസ്തുതഭാഗം ശരീരത്തിന്റെ അന്തര്‍ഭാഗമായിട്ടാണ് പരിഗണിക്കുന്നത് (നിഹായ 3162).
വിസര്‍ജ്ജനസമയത്ത് പുറത്തുവന്ന വസ്തു പൂര്‍ണമായും പുറത്തുപോകുന്നതിനുമുമ്പ്ശ്വാസം മേല്‍പോട്ട് വലിക്കരുത്. കാരണം പിന്‍ദ്വാരത്തിന് പുറത്തേക്ക് തള്ളിവന്ന വസ്തു ശ്വാസംവലിക്കുന്പോഴോ മറ്റോ അകത്ത് തിരിച്ചുകയറിയാല്‍ നോമ്പ്മുറിയും (ബാജൂരി 1332).
നോമ്പു സമയത്ത് ചിലര്‍ വിഭവങ്ങള്‍ രുചിച്ചു നോക്കാറുണ്ട്. ആ വസ്തുവിന്റെയോ വിഭവത്തിന്റെയോ അംശം അകത്തു കടന്നാല്‍ നോമ്പുമുറിയും. എന്നാല്‍, രുചിയും വാസനയും മാത്രം ഉള്ളിലെത്തിയാല്‍, അവ സ്ഥൂലവസ്തുക്കളല്ലാത്തതിനാല്‍ നോമ്പ്മുറിയുന്നതല്ല (തുഹ്ഫ 3401). കൈകാലുകളുടെ മജ്ജയിലോ മാംസത്തിലോ കത്തിക്കുത്ത് ഏറ്റാലും നോമ്പ്മുറിയുകയില്ല. കാരണം അതൊന്നും നോമ്പ്മുറിയുന്നതില്‍ വിവരിച്ച സാങ്കേതിക അകമല്ല (തുഹ്ഫ 3401).
നോമ്പുകാര്‍ നജസായ വായ, മൂക്ക് ശുദ്ധീകരിക്കുന്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വായ മൂക്ക് നജസായവര്‍ നോമ്പുകാരായാലും കണിശമായിത്തന്നെ വൃത്തിയാക്കല്‍ നിര്‍ബന്ധമാണ്. അതിനാല്‍ ഇങ്ങനെ ശുദ്ധീകരിക്കുന്പോള്‍ അവിചാരിതമായി വെള്ളം ഉള്ളിലെത്തിയാല്‍ നോമ്പുമുറിയുകയില്ല. മാത്രമല്ല, വെള്ളം ഉള്ളിലെത്തിയല്ലാതെ വൃത്തിയാക്കാന്‍ നിര്‍വാഹമില്ലെങ്കിലും അങ്ങനെതന്നെ വൃത്തിയാക്കണം. അങ്ങനെ ചെയ്യുന്പോള്‍ വെള്ളം ഉള്ളിലെത്തിയാലും നോമ്പ്മുറിയുകയില്ല (തുഹ്ഫ, ശര്‍വാനി 3407, 1229).
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ചുംബനം, സ്പര്‍ശനം, ഒന്നിച്ചുറക്കം ഇവകൊണ്ട് നോമ്പ്മുറിയുക സ്ഖലിക്കണമെന്ന താല്‍പര്യത്തോടെയോ മറയില്ലാതെയോ ഇവയില്‍ വല്ലതും ചെയ്ത് സ്ഖലനമുണ്ടായാലാണ് (തുഹ്ഫ, ഇബ്നുഖാസിം 3409). സംയോഗം മൂലം നോമ്പ്നിഷ്ഫലമായാല്‍ പ്രായശ്ചിത്തം നിര്‍ബന്ധമാണ്.
സംയോഗത്തിലൂടെ റമളാന്‍നോമ്പ്നഷ്ടപ്പെടുത്തിയവര്‍ക്കുള്ള പ്രായശ്ചിത്തം സത്യവിശ്വാസിയായ ഒരടിമയെ മോചിപ്പിക്കലാണ്. അതു സാധ്യമല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോന്പെടുക്കല്‍. അതും കഴിയില്ലെങ്കില്‍ പാവപ്പെട്ട അറുപത് പേര്‍ക്ക് ഓരോ മുദ്ദ് വീതം നാട്ടിലെ മുഖ്യധാന്യം നല്‍കലാണ്. ഇതൊന്നും സാധ്യമല്ലെങ്കില്‍ യഥാക്രമം ബാധ്യതയില്‍ അവശേഷിക്കും. സാധ്യമാവുന്പോള്‍ കഴിയുന്നവ ചെയ്യണം (തുഹ്ഫ 3452).
നോമ്പുകാരന്‍ പകല്‍ മുഴുവന്‍ ഉറങ്ങിയാല്‍ നോമ്പിന് കുഴപ്പമില്ല (തുഹ്ഫ 3414). അത് ബോധക്ഷയമായി പരിഗണിക്കില്ല. നോമ്പുമുറിയുന്ന ബോധക്ഷയമായി പരിഗണിക്കുക, അകാരണമായി വരുത്തിത്തീര്‍ത്ത ബോധക്കേട് പകലില്‍ ഒരു നിമിഷമെങ്കിലുമുണ്ടായാലും മറ്റു നിലക്കുള്ള ബോധക്ഷയം പകലില്‍ തീരെ തെളിയാതിരുന്നാലുമാണ്.
നിഷിദ്ധമായ പരദൂഷണം പോലുള്ളവകൊണ്ട് നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടും. എന്നാല്‍ നോമ്പ്അസാധുവാകുമെന്നാണ് ഇമാം ഔസാഈ(റ)യെ പോലുള്ളവരുടെ പക്ഷം (തുഹ്ഫ 3424). നിഷിദ്ധമായ പരദൂഷണം പോലുള്ളവ പറഞ്ഞ നോമ്പുകാരന്‍ ഉടനെ പശ്ചാതപിച്ചാലും കൂലി തിരിച്ചുകിട്ടുകയില്ല (കുര്‍ദി 2186). അനിവാര്യഘട്ടങ്ങളില്‍ ചീത്തവിളി, ശകാരം എന്നിവ നോമ്പുകാരന്‍ ഉപേക്ഷിക്കല്‍ സുന്നത്താണ് (തുഹ്ഫ 3424).
നോന്പ്തുറക്കാന്‍ വേണ്ടിയാണ് എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ മറ്റൊരാള്‍ക്ക് കാരക്ക കൊടുത്താല്‍ അതു മറ്റുവഴിയിലേക്ക് തിരിക്കാന്‍ പാടില്ല. അതിന്റെ ഉപയോഗം നോമ്പു തുറക്കുന്നതില്‍ തന്നെയായിരിക്കല്‍ നിര്‍ബന്ധമാണ് (ജമല്‍ 2328). വേഗത്തില്‍ വെള്ളംകൊണ്ട് മുറിക്കുക, താമസിച്ചു കാരക്കകൊണ്ട് മുറിക്കല്‍ ഇവ രണ്ടില്‍ വേഗത്തില്‍ വെള്ളംകൊണ്ട് മുറിക്കലിനാണ് വളരെ പ്രാധാന്യം. വേഗത്തില്‍ നോമ്പുമുറിക്കുന്നതില്‍ ജനങ്ങളുടെ നന്മ ഉണ്ടായതിനാലാണിത്. ഈ പ്രത്യേകത വൈകിക്കുന്നതിലില്ല. നബി(സ്വ) പറഞ്ഞു: ജനങ്ങള്‍ വേഗത്തില്‍ നോമ്പുമുറിക്കുന്ന കാലത്തോളം അവര്‍ നന്മയിലാണ്  ബുഖാരി, മുസ്ലിം (തുഹ്ഫ 3421).
നോമ്പിന്റെ കറാഹത്തുകള്‍
ഉച്ചക്കുശേഷം പല്ലുതേക്കല്‍, തുപ്പുനീര്‍ വര്‍ധിപ്പിക്കുന്ന വസ്തു ചവയ്ക്കല്‍, ആവശ്യമില്ലാതെ ഭക്ഷണം രുചിനോക്കല്‍, സുഗന്ധം സ്പര്‍ശിക്കലും ശ്വസിക്കലും, വെള്ളത്തില്‍ മുങ്ങല്‍, വായിലെ നജസ് ശുദ്ധിയാക്കാനല്ലാതെ ഘോരമായവിധം വെള്ളംകൊപ്ലിക്കലും മൂക്കില്‍കയറ്റലും (വുളൂഇലോ കുളിയിലോ ആണെങ്കിലും). സംയോഗമോ സ്ഖലനമോ ഉണ്ടാകുംവിധം വികാരമിളക്കുന്ന വിധമോ സ്ഖലിക്കണമെന്ന താല്‍പര്യത്തോടെയോ മറയില്ലാതെയോ ചുംബനം, സ്പര്‍ശനം, ആലിംഗനം, ഒന്നിച്ചുറക്കം ഇവയില്‍ വല്ലതും സുന്നത്തുനോമ്പില്‍ നടത്തല്‍ (തുഹ് 1222, 229) എന്നിവയെല്ലാം നോമ്പിന്റെ കറാഹത്തുകളാണ്.
കുളിയിലൂടെ അവിചാരിതമായി വെള്ളം നോമ്പുകാരുടെ അകത്തെത്തിയാല്‍ നോമ്പുമുറിയുന്ന അവസ്ഥകളിതാണ്: ഫര്‍ളോ സുന്നത്തോ ഒന്നുമല്ലാത്ത കുളികളില്‍, സുന്നത്തുകുളിയോ മുങ്ങാതെ നിവൃത്തിയുള്ള നിര്‍ബന്ധക്കുളിയോ മുങ്ങിക്കുളിക്കുന്പോള്‍. അതിഘോരമായ രീതിയില്‍ കുളിച്ചാല്‍, വെള്ളമുപയോഗം മൂന്ന് തവണകളിലുപരി സുന്നത്തില്ലെന്നറിവും മൂന്നു പൂര്‍ത്തിയായെന്നു ബോധ്യവും നോമ്പുണ്ടെന്ന് ഓര്‍മയുമുള്ളതോടെ മൂന്നു തവണകളിലുപരി വെള്ളമുപയോഗിച്ചാല്‍, വെള്ളം ഉള്ളിലെത്തുമെന്ന് മുന്‍ധാരണയുള്ളപ്പോള്‍ സുന്നത്തുകുളി നിര്‍വഹിച്ചാല്‍ (തുഹ്ഫ 3406,407,425, 2464).
റമളാന്‍നോമ്പ്ഖളാഅ് വീട്ടല്‍ നിര്‍ബന്ധമുള്ളവര്‍ ഇവരാണ്: ആര്‍ത്തവകാരി, പ്രസവിച്ചവള്‍, പ്രസവരക്തക്കാരി, മതഭ്രഷ്ടന്‍, അനാവശ്യ പ്രവൃത്തിയിലൂടെയല്ലാതെ ബോധക്ഷയം പകല്‍മുഴുവനും പിടിപെട്ടവന്‍, അനാവശ്യ പ്രവൃത്തിയിലൂടെ ഭ്രാന്തോ ബോധക്ഷയമോ ലഹരിയോ പകലില്‍ ഒരു നിമിഷമെങ്കിലും അനുഭവപ്പെട്ടവര്‍, നോമ്പിന്റെ നിബന്ധനകള്‍ ഒത്തിണങ്ങിയിട്ടും നോമ്പുപേക്ഷിക്കല്‍ നിര്‍ബന്ധമോ അനുവദനീയമോ ആയ കാരണത്താലോ അബദ്ധത്തിലോ അകാരണമായോ നോന്പ്നഷ്ടപ്പെട്ടവര്‍ (തുഹ്ഫ 3383,387).
ഫര്‍ള് നോമ്പുപേക്ഷിക്കല്‍
നോമ്പുമുറിക്കല്‍ അനുവദനീയമാകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. പവിത്രമായ നിര്‍ജ്ജീവ വസ്തുവിനെ നാശത്തില്‍നിന്ന് കരകയറ്റുന്നവര്‍ക്ക് നോന്പോടെ അതു സാധ്യമല്ലെങ്കില്‍ നോമ്പ്ഉപേക്ഷിക്കാവുന്നതാണ് (തുഹ്ഫ, ശര്‍വാനി 344). തനിക്കോ ആശ്രിതര്‍ക്കോ അത്യന്താപേക്ഷിതമായ ചെലവിനുള്ള വകക്ക് ജോലിചെയ്യാന്‍ നോന്പോടെ കഴിയാതെ വന്നാലും അത്യാവശ്യമനുസരിച്ച് നോമ്പുമുറിക്കാം (തുഹ്ഫ 3430). അനുവദനീയമായ ദീര്‍ഘയാത്ര (3430). കെട്ടിടനിര്‍മാണം, കൊയ്ത്ത്, കൃഷി തുടങ്ങി നോമ്പ്അസഹനീയ ബുദ്ധിമുട്ടുണ്ടാക്കിത്തീര്‍ക്കുന്ന ഭാരിച്ച ജോലികള്‍ മൂലവും നോമ്പ്ഒഴിവാക്കാം (3430).
കഠിനമായ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് റമളാന്‍ നോമ്പ്ഉപേക്ഷിക്കാനുള്ള നിബന്ധനകള്‍ നോക്കാം: തനിക്കോ മറ്റുള്ളവര്‍ക്കോ കൂലി വ്യവസ്ഥയിലോ സൗജന്യമായോ കൊയ്ത്ത്, കൃഷി, കെട്ടിടനിര്‍മാണം മുതലായ വളരെ ഭാരിച്ച ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക്; ഉടമസ്ഥന്‍, തൊഴിലാളി, സമ്പന്നന്‍, ദരിദ്രന്‍, ജോലി തന്നില്‍ പരിമിതപ്പെട്ടവന്‍, അല്ലാത്തവന്‍ എന്ന ഭേദമന്യേ താഴെപറയുന്ന ആറുനിബന്ധനകളോടെ നോമ്പുപേക്ഷിക്കാം. പക്ഷേ, ഖളാഅ് വീട്ടണം.
1) പ്രസ്തുത ജോലി റമളാനിന്ന് ശേഷത്തേക്ക് മാറ്റിവെക്കാന്‍ സാധിക്കാതിരിക്കുക. കൂടാതെ അത് റമളാനിന്റെ രാത്രിയില്‍ ചെയ്യാനാവാതിരിക്കുകയും രാത്രി അതിന് പര്യാപ്തമല്ലാതിരിക്കുകയും ചെയ്യല്‍. 2) അതു മാറ്റിവെച്ചാല്‍ നാശത്തിലേക്കോ അസഹനീയവും സാരവുമായ നഷ്ടത്തിലേക്കോ എത്തിച്ചേരല്‍. 3) അത്തരം ജോലിയോടെ നോമ്പ്കഠിന പ്രയാസമാവല്‍. 4) രാത്രി നിയ്യത്ത് ചെയ്യുക, ശേഷം ആവശ്യമാവുന്ന സമയം മുറിക്കുക. 5) ജോലി കാരണമായുള്ള ആനുകൂല്യം ഉപയോഗപ്പെടുത്തുന്നുവെന്ന് മുറിക്കുന്പോള്‍ കരുതല്‍. 6) നോമ്പുപേക്ഷിക്കാനുള്ള അവസരംകിട്ടാന്‍ വേണ്ടിമാത്രം ആ ജോലി ഏറ്റെടുത്തതാവാതിരിക്കല്‍ (തുഹ്ഫ 3430,431).
റമളാന്‍ നോന്പെടുത്ത് ഒരാള്‍ ആ നാട്ടില്‍നിന്നും ഉദയാസ്തമന വ്യത്യാസമുള്ള മറ്റൊരു പ്രദേശത്തെത്തിയപ്പോള്‍ അവിടെ പെരുന്നാളാണെങ്കില്‍ അവന് നോമ്പുപേക്ഷിക്കല്‍ നിര്‍ബന്ധമാണ്. അവന്റെ ഇരുപത്തിയൊമ്പതാം നോമ്പിലാണ് ഇതെങ്കില്‍ ഒരു നോമ്പ്ഖളാഅ് വീട്ടണം. മുപ്പതാം നോമ്പിലാണെങ്കില്‍ ഖളാഅ് വീട്ടേണ്ടതില്ല (തുഹ്ഫ 3384). അവന്‍ പുറപ്പെട്ട സ്ഥലത്തോ എത്തിച്ചേര്‍ന്ന സ്ഥലത്തോ ഈ വര്‍ഷം ആകെ കിട്ടിയ നോമ്പുകള്‍ ഇരുപത്തിയൊമ്പതായാലും മുപ്പതായാലും മുകളില്‍ പറയപ്പെട്ട വിധികള്‍ക്ക് യാതൊരു മാറ്റവുമില്ലെന്ന് ഇബ്നുഖാസിം (ഹാശിയതുത്തുഹ്ഫ 3384,385) വ്യക്തമാക്കിയതു കാണാം.
നാട്ടില്‍വെച്ച് പെരുന്നാളായവന്‍ അന്നുപകലില്‍ ഉദയാസ്തമന വ്യത്യാസമുള്ള ഒരു സ്ഥലത്ത് ചെന്നെത്തിയപ്പോള്‍ അവിടെ നോമ്പാണെങ്കില്‍ ആ പകല്‍ അവിടെയുണ്ടാകുന്നത്ര സമയം നോമ്പുകാരനെപ്പോലെ പിടിച്ചുനില്‍ക്കല്‍ നിര്‍ബന്ധമാണ് (തുഹ്ഫ 3384). പ്രസ്തുത നോമ്പ്ഖളാഅ് വീട്ടേണ്ടതില്ല (ഇബ്നുഖാസിം, ശര്‍വാനി 3385).
ഒരു നാട്ടില്‍നിന്നും റമളാന്‍ തുടങ്ങിയതനുസരിച്ച് മുപ്പത് നോമ്പുകള്‍ തീര്‍ന്ന ശേഷം ഉദയാസ്തമന വ്യത്യാസമുള്ള മറ്റൊരു നാട്ടില്‍ പ്രഭാതത്തിന് തൊട്ടുമുമ്പ്അവന്‍ ഹാജരാവുകയും അവിടത്തുകാരുടെ അന്നത്തെ നോമ്പിനുള്ള ആരംഭമാവുകയും ചെയ്താല്‍ അവിടെവെച്ച് ഇയാള്‍ക്ക് നോമ്പ്നിര്‍ബന്ധമാണ്. ഉപേക്ഷിച്ചാല്‍ ഖളാഅ് വീട്ടേണ്ടതുമാണ്. മുപ്പത് തീര്‍ന്നവനാണെന്ന നിലയില്‍ ഒരു ഇളവുമില്ല. മാത്രമല്ല, ഇങ്ങനെ അവന്‍ നാടുകള്‍ മാറിമാറി സഞ്ചരിച്ച് അതാതു സ്ഥലങ്ങളില്‍ നോമ്പ്നടക്കാനിരിക്കുന്ന പ്രഭാതത്തിന് തൊട്ടുമുമ്പ്എത്തുംതോറും അവന് നോന്പെടുക്കല്‍ നിര്‍ബന്ധമായിക്കൊണ്ടിരിക്കുകയും നോമ്പുകള്‍ മുപ്പത്തിയൊന്നിലും പര്യവസാനിക്കാതിരിക്കുകയും ചെയ്യും (തുഹ്ഫ 3383,385).
നിര്‍ബന്ധനോമ്പ്വീട്ടാതെ മരിച്ചാല്‍
അകാരണമായി നഷ്ടപ്പെട്ട നോമ്പുകള്‍ ഖളാഅ് വീട്ടാന്‍ സൗകര്യം കിട്ടിയിട്ടും വീട്ടാതെ മരിച്ചാല്‍ അവന്‍ കുറ്റക്കാരനാകും. അകാരണമായി നഷ്ടപ്പെട്ട നോമ്പുകള്‍ ഖളാഅ് വീട്ടാന്‍ സമയംകിട്ടാതെ മരിച്ചാലും തക്കതായ കാരണത്തോടെ നഷ്ടപ്പെട്ടത് ഖളാഅ് വീട്ടാന്‍ സൗകര്യപ്പെട്ടിട്ടും വീട്ടാതെ മരിച്ചാലും ശിക്ഷാര്‍ഹന്‍ തന്നെ (തുഹ്ഫ 3434436).
നിര്‍ബന്ധനോമ്പ്വീട്ടാതെ കുറ്റക്കാരനായി മരിച്ച മുസ്ലിമിന്റെ പരിഹാരമാര്‍ഗം ഇതാണ്: അവന് അനന്തരസമ്പത്തുണ്ടെങ്കില്‍ നാട്ടിലെ (ഖളാഅ് വീട്ടല്‍ നിര്‍ബന്ധമായ ആദ്യഘട്ടത്തില്‍ അവന്‍ സ്ഥിതിചെയ്തിരുന്ന പ്രദേശത്തെ) മുഖ്യധാന്യം ഓരോ മുദ്ദുവീതം ഓരോ ദിവസത്തെ നോമ്പിനുപകരമായി ഫഖീര്‍, മിസ്കീന്‍ എന്നിവര്‍ക്ക് നല്‍കുകയോ ആ നോന്പെല്ലാം സ്വയമോ മറ്റുള്ളവരെക്കൊണ്ടോ അനുഷ്ഠിച്ച് തീര്‍ക്കുകയോ ചെയ്യല്‍ അനന്തരാവകാശികളായ ബന്ധുക്കള്‍ക്ക് നിര്‍ബന്ധമാണ് (തുഹ്ഫ 3435438,446). പരേതന്റെ നിര്‍ബന്ധനോമ്പിന് പകരം നോമ്പ്വീട്ടുന്നതിനെക്കാള്‍ ധാന്യം കൊടുക്കലാണ് ഏറ്റവും നല്ലത്.
മരിച്ച മുസ്ലിമിന്റെ നിര്‍ബന്ധനോന്പോ അതിനുപകരമുള്ള ധാന്യദാനമോ അന്യര്‍ വീട്ടിയാല്‍ സാധുവാകാനുള്ള നിബന്ധനകള്‍ ഇവയാണ്: മയ്യിത്തില്‍നിന്നുള്ള വസ്വിയ്യത്തോ മരണപ്പെട്ടവന്റെ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ബന്ധുവിന്റെ സമ്മതമോ ഉണ്ടാവുക. വീട്ടുന്നവന്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ളവനായിരിക്കുക (തുഹ്ഫ 3435438).
മരണപ്പെട്ടവന്റെ നോമ്പുകള്‍ മുഴുവനും വസ്വിയ്യത്തുകാരന്‍ വീട്ടി, ബന്ധു സമ്മതം നല്‍കിയവര്‍ വേറെയും വീട്ടി. എങ്കില്‍, മയ്യിത്തിന്‍റേതു കഴിച്ചുബാക്കി, നോറ്റവര്‍ക്ക് സുന്നത്തായി പരിഗണിക്കും. അവ ഏതാണെന്ന് വേര്‍തിരിച്ചറിയാന്‍ മാര്‍ഗമില്ല. ഒരാള്‍ക്ക് ശേഷം മറ്റെയാള്‍ എന്ന ക്രമത്തില്‍ ആണ് നടന്നതെങ്കില്‍ ആദ്യത്തേത് മയ്യിത്തിന്റെ ബാധ്യത വീട്ടാനും മറ്റേത് നോറ്റവന് സുന്നത്തായും പ്രയോജനപ്പെടും (അശ്ശബ്റാമല്ലിസി 3186).

അഹ്മദ് മലബാരി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ