Fast & Feast - Malayalam

വ്രതം വിശ്വാസിക്കു നേടിക്കൊടുക്കുന്ന പുണ്യങ്ങള്‍ അനവധിയാണ്. അവയില്‍ പ്രധാനമാണ് നോമ്പ്തുറയും മറ്റുള്ളവരെ തുറപ്പിക്കലും. നോമ്പുതുറ എങ്ങനെയാണ് പുണ്യമാകുന്നതെന്നല്ലേ. തിരുനബി(സ്വ) പറഞ്ഞു: നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് തുറക്കുന്ന സന്ദര്‍ഭത്തിലാണ് ഒന്നാമത്തേത്. മറ്റൊന്ന് രക്ഷിതാവിനെ കണ്ടുമുട്ടുന്ന സമയത്തും (ബുഖാരി, മുസ്ലിം, മിശ്കാത്ത് 1/214).

ഹദീസില്‍ പറഞ്ഞ ഒന്നാമത്തെ ആനന്ദം നോമ്പുതുറയാണ്. കേവലം ഒരു ചടങ്ങ് എന്നതിനപ്പുറം ആത്മീയമായ മാനങ്ങള്‍ നിറഞ്ഞ ശുഭമുഹൂര്‍ത്തമാണത്. താന്‍ ഇലാഹീ പ്രീതിക്കായി നോമ്പനുഷ്ഠിച്ചു, വികാര-വിചാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടു, നോമ്പു പൂര്‍ത്തിയാക്കി, ഇതെല്ലാം ദൈവപ്രീതിക്കു വേണ്ടി മാത്രമാണ്. സമര്‍പ്പണത്തിന്‍റെ പാരമ്യമാണ്. അതിനാല്‍ അവന് നിറഞ്ഞ സന്തോഷത്തിനവസരമുണ്ട്.

ഭൗതികമായി ചിന്തിച്ചാലും നോമ്പ്തുറക്ക് ഏറെ ഗുണങ്ങളുണ്ട്. ആഹാരപാനീയങ്ങള്‍ക്ക് വാതില്‍ തുറക്കുന്നു. ഇതുവരെ ഉണങ്ങി നിന്നിരുന്ന കക്കും കരളും ഇനി നനവേറ്റ് കുളിരണിയുകയാണ്. ഭോജനം ആഘോഷത്തിന്‍റെ ആഗോള പ്രതീകമാണ്. ആ അര്‍ത്ഥത്ഥത്തില്‍ തനിക്ക് ആഹരിക്കാന്‍ വകുപ്പുണ്ട്. ഇങ്ങനെ കേവലം സാധാരണമായ ഒരു ചിന്തയും വികാരവും തെറ്റൊന്നുമല്ല. കാരണം, ഒരു ഇബാദത്തിന്‍റെ സമ്പൂര്‍ത്തീകരണമായ ഭോജനമാണിത്. അത് മറ്റൊരു ഇബാദത്ത് തന്നെ. അത് കൊണ്ടാണല്ലോ നോമ്പ് തുറക്കാന്‍ സമയമായാല്‍ പിന്നെ പിന്തിക്കരുതെന്ന് ഇസ്ലാം പഠിപ്പിച്ചത്. സഹ്ലുബ്നു സഅ്ദ്(റ)വില്‍ നിന്ന് ഉദ്ധരണം. നബി(സ്വ) പറഞ്ഞു: നോമ്പു തുറക്കാന്‍ സമയമായെന്നുറപ്പായാല്‍ പെട്ടെന്ന് തുറക്കുന്നത് ജനങ്ങള്‍ക്ക് നന്മവരുത്തുന്നതാണ് (ബുഖാരി, മുസ്ലിം).

മറ്റൊരു വചനം ശ്രദ്ധിക്കുക: അല്ലാഹു പറഞ്ഞിരിക്കുന്നു; എന്‍റെ ദാസന്മാരില്‍ നിന്ന് ഞാനേറ്റവും ഇഷ്ടപ്പെടുന്നത് കൃത്യസമയത്ത് നോമ്പുതുറക്കുന്നവരെയാണ് (തിര്‍മുദി). നബിമാരുടെയെല്ലാം പതിവ് ഇതായിരുന്നു (ബൈഹഖി). സ്വഹാബിമാര്‍ സമയമായാല്‍ നോമ്പുതുറ വൈകിപ്പിക്കുമായിരുന്നല്ല (ബൈഹഖി).

 

സമയത്തിന് മുമ്പ് തുറന്നാല്‍

നോമ്പു തുറക്കണമെങ്കില്‍ സമയമായെന്ന് ഉറപ്പാകണം. അതിനു മുമ്പ് തുറക്കുന്നത് ഹറാമാണ്. കടുത്ത ശിക്ഷക്ക് കാരണമാകും. അബൂഉമാമതുല്‍ ബാഹിലി(റ) പറയുകയുണ്ടായി: ഒരു ദിവസം റസൂല്‍(സ്വ) പറയുന്നത് ഞാന്‍ കേട്ടു; ഞാന്‍ നിദ്രയിലായിരിക്കെ രണ്ടുപേര്‍ വന്ന് എന്‍റെ തോളില്‍ പിടിച്ചു. അവര്‍ എന്നെ കൊണ്ടുപോയത് ഒരു കുന്നിലേക്കാണ്. പിന്നെ എന്നോടവര്‍ കല്‍പിച്ചു: കയറുക.

ഞാന്‍ പറഞ്ഞു: എനിക്ക് സാധ്യമല്ല.

അവര്‍: ഞങ്ങള്‍ സഹായിക്കാം.

അങ്ങനെ ഞാന്‍ കയറി. കുന്നിന്‍റെ നിരപ്പിലെത്തിയപ്പോള്‍ കഠിന കഠോരമായൊരു ശബ്ദം കേട്ടു. ഞാന്‍ ചോദിച്ചു: എന്താണാ ഒച്ച?

അത് നരകക്കാരുടെ ആര്‍ത്തനാദമാണെന്ന് അവര്‍.

പിന്നെ അവരെന്നെ കൊണ്ടുപോയത് ഒരു വിഭാഗം ജനതയുടെ അരികിലേക്കാണ്. വായകള്‍ കീറിപ്പറിഞ്ഞവര്‍, ഞെരിയാണി ഞരമ്പുകളില്‍ ബന്ധിതര്‍, അവരുടെ വായകള്‍ക്ക് ചുറ്റിലുമായി രക്തം ചീറ്റിക്കൊണ്ടിരിക്കുന്നു. അതിഭീകര കാഴ്ച.

ഞാന്‍ ചോദിച്ചു: ആരാണിവര്‍?

മറുപടി കിട്ടി: സമയമാകുന്നതിന് മുമ്പേ ധൃതിപ്പെട്ട് നോമ്പുതുറന്നവര്‍ (ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാന്‍/അത്തര്‍ഗീബു വത്തര്‍ഹീബ് 2/108-109).

 

നോമ്പ് തുറപ്പിക്കല്‍

നോമ്പ് തുറപ്പിക്കല്‍ മഹത്തായ ഒരു സാമൂഹിക നന്മയാണ്. പരസ്പര സ്നേഹസൗഹാര്‍ദങ്ങള്‍ പകരുന്നതിനും നുകരുന്നതിനും ഇഫ്ത്വാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. റമളാന്‍ സ്നേഹത്തിന്‍റെ മാസമാണെന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ടല്ലോ. നോമ്പുനോറ്റ വിശ്വാസികളെയാണ് തുറപ്പിക്കേണ്ടത്. നോമ്പ് നോല്‍ക്കാത്തവര്‍ക്ക് പകല്‍ ഭക്ഷണം നല്‍കല്‍ തെറ്റാണെന്ന പോലെ നോമ്പ് തുറയെന്ന പേരില്‍ നോമ്പില്ലാത്തവര്‍ക്ക് സദ്യയൊരുക്കുന്നതും തെറ്റാണ്. അതേസമയം റമളാനിന്‍റെ പകലല്ലാത്തപ്പോള്‍ അന്യമതസ്ഥരെ സല്‍ക്കരിക്കുന്നതില്‍ കുഴപ്പമില്ല. കാരണം അന്നപാനാദികള്‍ നല്‍കുന്നത് ഇസ്ലാം ഏറെ പ്രോത്സാഹിപ്പിച്ച ആരാധനയാണ്. ഇക്കാര്യത്തില്‍ ജാതിമത ഭേദങ്ങളില്ല. എന്നാല്‍ വിശ്വാസികള്‍ക്ക് നോമ്പുതുറക്കാനായി ആരെങ്കിലും സംഭാവന നല്‍കുന്ന ഭക്ഷണം ആ മാര്‍ഗത്തില്‍ തന്നെ ചെലവഴിക്കാന്‍ ശ്രദ്ധിക്കണം.

ഇഫ്ത്വാറിന്‍റെ പ്രതിഫലമായി നബി(സ്വ) പറഞ്ഞത് നിരവധി ഹദീസുകളില്‍ കാണാം: ‘ഒരാളെ നോമ്പുതുറപ്പിക്കുന്നപക്ഷം അവന്‍റെ പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറയാതെ സമാനമായ പ്രതിഫലം തുറപ്പിച്ചവനും ലഭിക്കുന്നതാണ് (തുര്‍മുദി, ഇബ്നുമാജ, നസാഈ). സല്‍മാന്‍(റ)വില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: ഹലാലായ അന്നപാനീയങ്ങള്‍ കൊണ്ട് നോമ്പുതുറപ്പിക്കുന്നവര്‍ക്ക് റമളാന്‍ മാസത്തിലെ ധന്യമുഹൂര്‍ത്തങ്ങളില്‍ മുഴുക്കെ മലക്കുകള്‍ പാപമോചനത്തിനപേക്ഷിക്കുന്നതാണ്. ലൈലത്തുല്‍ ഖദ്റില്‍ ജിബ്രീല്‍(അ) പ്രത്യേകമായി പ്രാര്‍ത്ഥന നടത്തുകയും ചെയ്യും (ത്വബ്റാനി, ഇബ്നുഹിബ്ബാന്‍).

സല്‍മാന്‍(റ)വില്‍ നിന്ന് ഉദ്ധരണം. റസൂല്‍(സ്വ) പറയുകയുണ്ടായി: നോമ്പുകാരനെ തുറപ്പിച്ചവന് സ്വയം പാപമുക്തിയായി അത് മാറുന്നതും നരകത്തില്‍ നിന്ന് മോചനമായിത്തീരുന്നതുമാണ് (ഇബ്നുഖുസൈമ).

‘നോമ്പുകാരനെ തുറപ്പിച്ചാല്‍ സമാന വ്രതത്തിന്‍റെ കൂലി സ്വായത്തമാകുമെന്നതിന് പുറമെ തുറപ്പിച്ചവന്‍റെ ഭക്ഷണത്തിന്‍റെ ശക്തി തുറന്നവനില്‍ നിലകൊള്ളുന്ന കാലമത്രയും അവന്‍റെ പുണ്യകര്‍മങ്ങളില്‍ പ്രതിഫലവും പങ്കാളിത്തവും കിട്ടുന്നതാണ് (ദയ്ലമി, ഇത്ഹാഫു അഹ്ലില്‍ ഇസ്ലാം-ഇബ്നുഹജരിനില്‍ ഹൈതമി പേ. 34).

 

ഭോജനാഘോഷം

ഇന്ന് എന്തും ആഘോഷവും മത്സരവുമാണ്. തീറ്റയും ആ ഗണത്തില്‍ പെടുത്തിയിരിക്കുന്നു ചിലര്‍. നോമ്പുതുറ വന്‍ആഘോഷമായിത്തന്നെ അത്തരക്കാര്‍ നടത്തുന്നു. വിവിധതരം പലഹാരങ്ങള്‍ കൊണ്ട് സുപ്ര സമ്പന്നം. ഇത് തെറ്റാണെന്ന് ഒറ്റയടിക്ക് പറയുന്നവരുണ്ട്. തനിധൂര്‍ത്താണെന്നാണ് ചിലരുടെ പക്ഷം. ഇതും വിലക്കപ്പെട്ട ഇസ്റാഫില്‍ പെടുമത്രെ. എന്നാല്‍ വസ്തുത മറ്റൊന്നാണ്. അന്നപാനീയങ്ങളില്‍ ഇസ്റാഫില്ലെന്നാണ് ഫിഖ്ഹ് പാഠം. മറ്റുള്ളവരെ സല്‍ക്കരിക്കാനാണെങ്കില്‍ വിശേഷിച്ചും. എന്നു കരുതി ഭക്ഷണം വേസ്റ്റാക്കുന്നതിന് മതം എതിരാണ്. ഒരു വറ്റും നശിപ്പിക്കരുതെന്നാണ് നിയമം. നിലത്തു വീണത് പോലും വൃത്തിയാക്കി തിന്നണമെന്നാണ് തിരുനബി പഠിപ്പിച്ചത്. ചുരുക്കത്തില്‍, ആളുകളെ ഭക്ഷിപ്പിക്കുകയെന്നാണ് ഉദ്ദേശ്യമെങ്കില്‍ ഇഫ്ത്വാര്‍ ഗംഭീരമാക്കാം. വിഭവങ്ങളും വരുമാനവുമൊക്കെ ഹലാലായതായിരിക്കണമെന്ന് മാത്രം. ഇമാം ഗസ്സാലി(റ) കുറിച്ചു: ആകെ നിറഞ്ഞ് മൂടുന്നവിധം നോമ്പുതുറ നന്നല്ല. അത് നോമ്പിന്‍റെ മര്‍മ പ്രധാനമായ ലക്ഷ്യത്തിന് വിരുദ്ധമത്രെ. അത്തരക്കാര്‍ പിശാചിനെയാണ് ഉപാസിക്കുന്നത്. പകല്‍ പട്ടിണികിടന്ന് പകരം സന്ധ്യക്ക് വയറ് നിറക്കുന്നത് വൈരുദ്ധ്യംതന്നെ. അത് വികാരവിചാരങ്ങള്‍ക്ക് കരുത്തു പകരാനാണ് നിമിത്തമാവുക. നോമ്പിന്‍റെ ആത്മാവാണെങ്കില്‍ വിചാരവികാരങ്ങള്‍ നിയന്ത്രിക്കലാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? (ഇഹ്യ 1/214).

 

അനുബന്ധ സുന്നത്തുകള്‍

നോമ്പിന്‍റെ സുന്നത്തുകളില്‍ പ്രധാനമാണ് സമയമായെന്നുറപ്പായ ഉടനെ നോമ്പുതുറക്കല്‍. മഗ്രിബ് നിസ്കാരത്തിന് മുമ്പുതന്നെ നോമ്പ് മുറിക്കണം. വഴിയില്‍വച്ചാണെങ്കിലും സമയമായയുടന്‍ നോമ്പുതുറക്കല്‍ സുന്നത്താണ്. നടന്നു തിന്നുക എന്ന അമാന്യതയുടെ പ്രശ്നം ഈ സന്ദര്‍ഭത്തില്‍ പരിഗണനീയമല്ലെന്ന് പണ്ഡിതര്‍.

ഈത്തപ്പഴം(റുത്വബ്), കാരക്ക(തംര്‍), വെള്ളം എന്ന ക്രമത്തിലാണ് നോമ്പുതുറക്കാനുപയോഗിക്കേണ്ടത്. ആദ്യത്തേതില്ലെങ്കില്‍ അടുത്തത് എന്ന ക്രമം പാലിക്കുക. മൂന്നു വീതമാകലും സുന്നത്തുണ്ട്. തേനിനാണ് പാലിനേക്കാള്‍ മുന്‍ഗണന. കാരണം മധുരത്തിന് നോമ്പുതുറയില്‍ പരിഗണനയുണ്ട്. മധുരം ശുഭലക്ഷണമത്രെ. നേത്രത്തിനും അത് ഗുണകരമാണ്. തുറന്ന ഉടനെ ഈ പ്രാര്‍ത്ഥന നടത്തലും പുണ്യകരമാണ്.

(നിഹായുതുസ്സൈന്‍: പേ. 194).

You May Also Like
lets welcome ramalan-malayalam

റമളാന്‍ വരുന്നു നമുക്ക് സ്വീകരിക്കാന്‍ പഠിക്കാം

ഹിജ്‌റ വര്‍ഷം 1439-ലെ റമളാനിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് മുസ്‌ലിം ലോകം. സമഗ്രമായ ആസൂത്രണങ്ങളോടെ പുണ്യറമളാനിനെ സ്വീകരിക്കാന്‍…

● ശുക്കൂര്‍ സഖാഫി വെണ്ണക്കോട്

റമളാന്‍: പുണ്യങ്ങള്‍ പുണ്യവചനങ്ങള്‍

ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ ഖുര്‍ആനില്‍ ശഹ്റു റമളാന്‍ എന്നുതന്നെ ഇതിനെ വിളിച്ചുകാണാം.…

നോമ്പിന്റെ രീതിശാസ്ത്രം

റമളാനിലെ അതിശ്രേഷ്ഠമായ നിർബന്ധ ആരാധനയാണ് നോമ്പ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിലൂടെ ഉണർത്തി: ‘നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന്…

● അബൂബക്കർ അഹ്‌സനി പറപ്പൂർ