നേത്രക്കാഴ്ച കൊണ്ട് മാസപ്പിറവി സ്ഥിരപ്പെടുക എന്നതാണ് നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധന. അല്ലെങ്കില്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാവുക. ‘നിങ്ങളിലൊരാള്‍ ശഹ്റിനെ കണ്ടാല്‍ അവന്‍ നോമ്പ് പിടിക്കട്ടെ’ എന്ന ബഖറയുടെ 185-ാം ആയത്ത് ഇതിലേക്ക് സൂചന നല്‍കുന്നു. അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ‘മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പ് പിടിക്കുക. മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പ് മുറിക്കുകയും ചെയ്യുക. മേഘം മൂടിയത് കാരണം പിറവി കാണാതെ വന്നാല്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക.’

ശവ്വാല്‍ മാസപ്പിറവി പോലെ തന്നെ റമളാന്‍ മാസം ദര്‍ശിക്കാന്‍ ശ്രദ്ധകാണിക്കണമെന്ന് മുസ്ലിംകളോട് പ്രത്യേകം നിര്‍ദേശം നല്‍കപ്പെട്ടിട്ടുണ്ട്. അബൂഹുറൈറ(റ)വില്‍ നിന്ന്:  പ്രവാചകര്‍(സ്വ) പറഞ്ഞു: ‘റമളാനിനായി ശഅ്ബാനിനെ നിങ്ങള്‍ എണ്ണിക്കണക്കാക്കുക’. റമളാനിലെ ഒരു ദിനം പോലും നഷ്ടപ്പെടാന്‍ ഇടവരാതെ ശഅ്ബാന്‍ മുതല്‍ തന്നെ ശ്രദ്ധവേണമെന്നാണ് ഹദീസ് പഠിപ്പിക്കുന്നത്. തിരു നബിയുടെ സ്വഭാവവും അതായിരുന്നു. മറ്റു മാസങ്ങളിലുള്ളതിലേറെ ശ്രദ്ധയും ശുഷ്കാന്തിയും ശഅ്ബാനില്‍ തിരുനബി(സ്വ) കാണിച്ചിരുന്നു. റമളാനിന്‍റെ മാസപ്പിറവി കണ്ടാല്‍ നബി(സ്വ) നോമ്പ് നോല്‍ക്കുകയും ഇല്ലെങ്കില്‍ മുപ്പത് പൂര്‍ത്തിയാക്കി നോമ്പ് നോല്‍ക്കുകയും ചെയ്യും.

കണ്ണ് കൊണ്ടുള്ള കാഴ്ചയാണ് മാസപ്പിറവി ദര്‍ശനത്തിന് വേണ്ടത്. ദൂരദര്‍ശിനിയോ മറ്റു സാങ്കേതിക ഉപകരണങ്ങളോ ഉപയോഗിച്ച് ദര്‍ശനം നടത്തേണ്ടതില്ല. തെളിഞ്ഞ ആകാശത്ത് ചന്ദ്രന്‍റെ നേത്രദര്‍ശനം ഉണ്ടാവുക എന്ന ലളിതമായ കാര്യമാണ് മതം ഇവിടെ ആവശ്യപ്പെടുന്നത്. കണക്ക് കൂട്ടിയോ മറ്റോ അതിന് മുതിരേണ്ടതില്ല.

നേര്‍ക്കാഴ്ചയോ ശഅ്ബാന്‍ മുപ്പതിന്‍റെ പൂര്‍ത്തീകരണമോ വിട്ട് മറ്റു മാര്‍ഗങ്ങളൊന്നും സ്വീകരിക്കേണ്ടതില്ല എന്നാണ് ഹദീസുകളുടെ വെളിപ്പെടുത്തല്‍. ഇതുകൊണ്ടാണ് ഒരാളുടെ കാഴ്ചക്ക് പോലും പ്രവാചകര്‍(സ്വ) അംഗീകാരം നല്‍കിയത്. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ഒരാള്‍ നബി(സ്വ)യുടെ അടുക്കല്‍ വന്ന് ഞാന്‍ മാസപ്പിറവി കണ്ടിട്ടുണ്ടെന്ന് പറഞ്ഞു.

അവിടുന്ന് ചോദിച്ചു: നീ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് വിശ്വസിക്കുന്നവനാണോ?

അതേയെന്നായി അയാള്‍.

നബി(സ്വ) വീണ്ടും ചോദിച്ചു: മുഹമ്മദ് നബി അല്ലാഹുവിന്‍റെ ദൂതനാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ?

അതേയെന്ന് അയാള്‍.

അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ബിലാല്‍, നാളെ നോമ്പ് നോല്‍ക്കാന്‍ അറിയിപ്പ് നല്‍കുക.’

 

നോമ്പ് ആര്‍ക്കാണ് നിര്‍ബന്ധം?

നോമ്പിന് കഴിവുള്ള, പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും റമളാനിലെ നോമ്പ് നിര്‍ബന്ധമാണ്. എന്നാല്‍ വകതിരിവിന്‍റെ പ്രായമായ കുട്ടികളെ ഏഴാം വയസ്സില്‍തന്നെ നോമ്പ് ശീലിപ്പിക്കണമെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും വീക്ഷണം. നിസ്കാരത്തിന്‍റെ നിയമം അങ്ങനെയാണല്ലോ.

ബുദ്ധി ഇല്ലാത്തവര്‍ മതപരമായ നിര്‍ബന്ധ പരിധിയില്‍ വരാത്തവനാണ്. അവന് നോമ്പ് നിര്‍ബന്ധമാകുന്നില്ല. നോമ്പിന് കഴിവുണ്ടാവുക എന്നതാണ് നിബന്ധനകളിലെ പ്രധാനം. പ്രായമേറിയ സ്ത്രീയും പുരുഷനുമാണ് കഴിവില്ലാത്തവരിലെ ഒരു വിഭാഗം. നോമ്പിന് കഴിവില്ലാത്തവന്‍ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കണമെന്ന ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇബ്നു അബ്ബാസ്(റ) അങ്ങനെ അഭിപ്രായപ്പെടുന്നുണ്ട് (ഇബ്നുല്‍ ജൗസിയുടെ സാദുല്‍ മസീര്‍ 186/1). രണ്ടാം വിഭാഗം രോഗിയാണ്. നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആണെങ്കില്‍ മറ്റ് ദിവസങ്ങളില്‍ എണ്ണം പൂര്‍ത്തിയാക്കുക (അല്‍ബഖറ 184) എന്നാണ് അല്ലാഹു കല്‍പിക്കുന്നത്.

നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമില്ലാത്ത രോഗങ്ങള്‍ രണ്ട് വിധമുണ്ട്. സുഖപ്പെടുമെന്ന് പ്രതീക്ഷയുള്ളതും അതോടൊപ്പം നോമ്പനുഷ്ഠിച്ചാല്‍ രോഗിക്ക് പ്രയാസമുണ്ടാക്കുന്നതുമാണ് ഒന്ന്. അത്തരം രോഗികള്‍ രോഗാവസ്ഥയില്‍ നോമ്പ് ഒഴിവാക്കുന്നത് കുറ്റകരമല്ല. പിന്നീടത് നോറ്റ് വീട്ടല്‍ നിര്‍ബന്ധമാണ്. നോമ്പ് അനുഷ്ഠിക്കാന്‍ പ്രയാസമാവുകയും സുഖമാകുമെന്ന് തീരെ പ്രതീക്ഷയില്ലാത്തതുമായ രോഗമാണ് മറ്റൊന്ന്. അത്തരം രോഗികളും നോമ്പെടുക്കേണ്ടതില്ല. ഓരോ നോമ്പിനും പ്രായശ്ചിത്തമായി സാധുക്കള്‍ക്ക് ഭക്ഷണം നല്‍കണം.

ഗര്‍ഭിണികള്‍ക്കും മുലകൊടുക്കുന്ന സ്ത്രീകള്‍ക്കും രോഗികളുടെ നിയമം തന്നെയാണ്. നോമ്പ് കാരണം പ്രയാസപ്പെടുമെങ്കില്‍ നോമ്പെടുക്കേണ്ടതില്ല. പിന്നീടത് ഖളാഅ് വീട്ടണം. കുട്ടിയുടെ പ്രയാസം കാരണം നോമ്പ് ഉപേക്ഷിക്കേണ്ടിവന്നാല്‍ ഖളാഅ് വീട്ടുന്നതോടൊപ്പം ഫിദ്യ നല്‍കുകയും വേണം. അനസുബ്നു മാലികില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: യാത്രക്കാരന് നോമ്പും നിസ്കാരത്തിന്‍റെ പകുതിയും ഒഴിവാക്കപ്പെട്ടിട്ടുണ്ട് (അബൂദാവൂദ്). ഇബ്നു അബ്ബാസ്(റ) തന്‍റെ ഗര്‍ഭിണിയായ അല്ലെങ്കില്‍ മുലകൊടുക്കുന്ന അടിമസ്ത്രീയോട് പറഞ്ഞു: നീ നോമ്പ് നോല്‍ക്കാന്‍ കഴിയാത്ത വിഭാഗത്തില്‍ പെട്ടവളാണ് (ദാറുഖുത്നി 206/2).

ഖസ്വ്റാക്കി നിസ്കരിക്കുന്ന ദൂരം അനുവദനീയ കാര്യങ്ങള്‍ക്ക് യാത്ര പോകുന്നവനും നോമ്പ് ഒഴിവാക്കാവുന്നതാണ്. യാത്ര പ്രയാസം സഹിക്കേണ്ടിവരുന്ന മേഖലയാണ്. യാത്രക്കാരാണെങ്കില്‍ മറ്റു ദിവസങ്ങളില്‍ പരിഹരിക്കുക എന്ന് ഖുര്‍ആന്‍ സൂചന നല്‍കിയത് അത് കൊണ്ടാണ്. പ്രയാസമില്ലാത്തവര്‍ക്ക് നോമ്പ് അനുഷ്ഠിക്കുകയും ചെയ്യാം. അനസുബ്നു മാലിക്(റ) പറയുന്നു: ഞങ്ങള്‍ നബി(സ്വ)യോടൊന്നിച്ച് യാത്രയിലാകുമ്പോള്‍ നോമ്പെടുത്തവര്‍ നോമ്പെടുക്കാത്തവരെയോ നോമ്പെടുക്കാത്തവര്‍ നോമ്പെടുത്തവരെയോ ഒറ്റപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ചെയ്തിരുന്നില്ല (ബുഖാരി).

യാത്രക്കാരനുള്ള പ്രത്യേക ആനുകൂല്യമാണ് നോമ്പ് ഒഴിവാക്കാമെന്നത്. പ്രയാസം സഹിച്ച് ഒരാള്‍ നോമ്പനുഷ്ഠിക്കുന്നുണ്ടെങ്കില്‍ അത് കുറ്റകരവുമല്ല. യാത്രയിലും എനിക്ക് നോമ്പെടുക്കാന്‍ കഴിയും, അതുകൊണ്ട് കുറ്റമുണ്ടോ എന്ന് ചോദിച്ച ഒരാളോട് നബി(സ്വ) പറഞ്ഞു: നോമ്പ് ഒഴിവാക്കണമെന്നത് അല്ലാഹുവിന്‍റെ ആനുകൂല്യമാണ്. ആനുകൂല്യം വാങ്ങുന്നത് നല്ലതാണ്. ഒരാള്‍ നോമ്പ് എടുത്തുവെങ്കില്‍ അത് കുറ്റകരവുമല്ല (മുസ്ലിം, നസാഈ).

സാധാരണ സഹിക്കാന്‍ കഴിയാത്ത പ്രയാസമാണെങ്കില്‍ നോമ്പ് ഒഴിവാക്കലാണ് നല്ലത്. മതത്തില്‍ നിങ്ങള്‍ക്ക് പ്രയാസമായത് അല്ലാഹു നിശ്ചയിച്ചിട്ടില്ല (അല്‍ഹജ്ജ് 78). നിങ്ങള്‍ സ്വശരീരത്തെ പ്രയാസപ്പെടുത്തരുത്. അല്ലാഹു നിങ്ങളോട് കരുണയുള്ളവനാണ് (നിസാഅ് 29). ജാബിറുബ്നു അബ്ദുല്ല(റ) പറഞ്ഞു: ഒരു യാത്രാമധ്യേ ജനങ്ങള്‍ കൂടിനിന്ന് തണല്‍ വിരിച്ച് സംരക്ഷിക്കുന്ന ഒരാളെ നബിയുടെ ശ്രദ്ധയില്‍പെട്ടു. അവിടുന്ന്  ചോദിച്ചു: എന്താണ് ഇയാള്‍ക്ക് പറ്റിയത്? സ്വഹാബത്ത് പറഞ്ഞു: ഇയാള്‍ നോമ്പ്കാരനാണ്. നബി(സ്വ) പറഞ്ഞു: യാത്രയില്‍ നോമ്പെടുക്കുന്നത് നല്ലതല്ല (ബുഖാരി). എന്നാല്‍ ഹംസതുല്‍ അസ്ലമി(റ) നബി(സ്വ)യോട് ചോദിച്ചു: ഞാന്‍ ശക്തിയും കരുത്തുമുള്ളവനാണ്. ഞാന്‍ നോമ്പ് എടുക്കട്ടെയോ? റസൂലിന്‍റെ മറുപടി: നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യുക. കഴിയുമെങ്കില്‍ നോമ്പെടുക്കുക. ഇല്ലെങ്കില്‍ വേണ്ട.’

യാത്രകൊണ്ട് ഉദ്ദേശിക്കുന്ന മതപരമായ ലക്ഷ്യങ്ങള്‍ക്ക് നോമ്പ് പ്രയാസമാകുമെങ്കില്‍ നോമ്പ് ഒഴിവാക്കലാണ് ഏറ്റവും  ഉത്തമം. നബി(സ്വ) പറഞ്ഞു: അല്ലാഹു നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതാണ് അവനിഷ്ടം. അല്ലാഹുവിന്‍റെ നിരോധനങ്ങള്‍ ലംഘിക്കുന്നത് അവന് വെറുപ്പുമാണ് (മുസ്നദ് അഹ്മദ് 108-2).

മക്കാ വിജയത്തിന്‍റെ സമയത്ത് നബിയോടൊപ്പം യാത്ര ചെയ്ത അബൂസഈദില്‍ ഖുദ്രിയ്യി(റ) പറയുന്നു: ഞങ്ങള്‍ നബിയോടൊന്നിച്ച് യാത്ര ചെയ്യുകയാണ്. നോമ്പുകാരുമാണ്. വഴിയില്‍ ഞങ്ങള്‍ വിശ്രമിക്കാനിറങ്ങി. അപ്പോള്‍ നബി(സ്വ) ഞങ്ങളോട് പറഞ്ഞു: നാം ശത്രുക്കളോട് അടുത്തിട്ടുണ്ട്. നോമ്പ് മുറിക്കലാണ് നിങ്ങള്‍ക്ക് ശക്തി. അപ്പോള്‍ കുറച്ച് പേര്‍ നോമ്പ് മുറിച്ചു. പിന്നേയും ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഒരിടത്ത് വിശ്രമിക്കാനിറങ്ങി. വീണ്ടും നബി(സ്വ) ഞങ്ങളോട് പറഞ്ഞു: നാം ശത്രുവിന്‍റെ അടുത്തെത്തിയിട്ടുണ്ട്: നിങ്ങള്‍ നോമ്പ് മുറിക്കുക. അതാണ് നമുക്ക് കരുത്ത്. അപ്പോള്‍ ജനങ്ങളെല്ലാം നോമ്പ് മുറിച്ചു (മുസ്ലിം).

 

യാത്രയില്‍ നോമ്പ് ഒഴിവാക്കാനുള്ള നിബന്ധനകള്‍

നിസ്കാരം ഖസ്വ്റാക്കുക, ജംആക്കുക, റമളാനിലെ നോമ്പ് ഒഴിവാക്കുക തുടങ്ങിയ ആനുകൂല്യങ്ങള്‍ നേടണമെങ്കില്‍ മതപരമായി സ്വീകാര്യമായ യാത്രകളായിരിക്കണം. അത്തരം യാത്രകളില്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം.

ഒന്ന്, നിസ്കാരം ഖസ്വ്റാക്കാവുന്ന ദൂരമുള്ള യാത്രയായിരിക്കുക.

രണ്ട്, യാത്ര അനുവദനീയമായിരിക്കുക. തെറ്റായ കാര്യങ്ങള്‍ക്കുള്ള യാത്രകളില്‍ നോമ്പൊഴിവാക്കാനുള്ള ആനുകൂല്യമില്ല.

മൂന്ന്, സൂര്യോദയത്തിന് മുമ്പ് യാത്ര തുടങ്ങണം. ശേഷമാണ് യാത്ര പുറപ്പെടുന്നതെങ്കില്‍ നോമ്പ് ഒഴിവാക്കാവുന്നതല്ല.

 

നോമ്പിന്‍റെ നിബന്ധനകള്‍

നോമ്പിന്‍റെ നിബന്ധനകളില്‍ ഒന്ന് നിയ്യത്താണ്. നിയ്യത്തില്ലാതെ നോമ്പിന് സാധുതയില്ല. നിശ്ചയം കര്‍മങ്ങളുടെ സ്വീകാര്യത നിയ്യത്ത് കൊണ്ടാണ് എന്ന ഹദീസാണ് അതിന് തെളിവ്. ഫജ്റിന് മുമ്പ് നോമ്പിന് നിയ്യത്ത് വെക്കാത്തവന് നോമ്പില്ല എന്ന് ഹദീസില്‍ കാണാം. പകല്‍ സമയത്താണല്ലോ നോമ്പ് പിടിക്കുന്നത്. ആ പകലിലേക്ക് കടക്കുന്നത് നോമ്പിന്‍റെ കരുത്തും ഒരുക്കവും സമ്മേളിച്ച്കൊണ്ടായിരിക്കണമെന്നത് കൊണ്ടാണ് രാത്രിയില്‍ നിയ്യത്ത് നടക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടത്.

ഓരോ ദിവസത്തിനും പ്രത്യേക നിയ്യത്ത് വേണം. കാരണം ഓരോ ദിവസത്തെ നോമ്പും പ്രത്യേക ഇബാദത്തുകളാണ്. നിയ്യത്ത് ഉറച്ചതായിരിക്കണമെന്നത് നിയ്യത്തിന്‍റെ പ്രധാന ഘടകമാണ്. നാളെ റമളാനാണെങ്കില്‍ ഞാന്‍ നോമ്പിനെ കരുതി, ആരോഗ്യവാനാണെങ്കില്‍ നോമ്പിനെ കരുതി തുടങ്ങിയ നിയ്യത്തുകള്‍ സാധുവല്ല. ‘റമളാന്‍ മാസത്തെ നാളത്തെ ഫര്‍ളായ നോമ്പിനെ അദാആയി അല്ലാഹുവിന് വേണ്ടി നോറ്റുവീട്ടുവാന്‍ ഞാന്‍ കരുതി’ എന്നതാണ് നിയ്യത്തിന്‍റെ പൂര്‍ണരൂപം. സുന്നത്തായ നോമ്പുകളില്‍ ഉച്ചക്ക് മുമ്പ് നിയ്യത്ത്വച്ചാലും നോമ്പ് ലഭിക്കും.

 

നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ട്നില്‍ക്കല്‍

നോമ്പ് നഷ്ടപ്പെടുന്ന കാര്യങ്ങളില്‍ നിന്ന് വിട്ട്നില്‍ക്കലാണ് നോമ്പിന്‍റെ നിബന്ധനകളില്‍ രണ്ടാമത്തേത്. നബി(സ്വ) പറഞ്ഞു: ഇബ്നു ഉമ്മിമക്തൂം(റ) വാങ്ക് കൊടുക്കുന്നത് വരെ നിങ്ങള്‍ തിന്നുക. ഫജ്റ് വെളിവാകുന്നത് വരെ അദ്ദേഹം വാങ്ക് വിളിച്ചിരുന്നില്ല (ബുഖാരി, മുസ്ലിം).

പകല്‍ മുഴുവന്‍ നോമ്പിന്‍റെ സമയമാണ്. പ്രഭാത സമയം മുതല്‍ സൂര്യോസ്തമയം വരെയാണല്ലോ പകല്‍. സൂര്യോസ്തമയത്തിനുടന്‍ നോമ്പ് മുറിക്കുകയും വേണം. നബി(സ്വ) ഇതില്‍ കൂടുതല്‍ ശ്രദ്ധകാണിച്ചിരുന്നതായി ഹദീസുകളില്‍ കാണാം.

പ്രഭാതം വരെ ഭക്ഷണ പാനീയങ്ങള്‍ നോമ്പ്കാരന് അനുവദനീയമാണെങ്കിലും, പ്രഭാതം ആയോ ഇല്ലയോ എന്ന് സംശയിക്കുന്നവന്‍ എന്ത് ചെയ്യണം? അവന് പ്രഭാതം വരെ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം. പ്രഭാതമായി എന്ന് വെളിപ്പെടുന്നത് വരെ നിങ്ങള്‍ അന്നപാനീയങ്ങള്‍ ഉപയോഗിക്കുക എന്ന ഖുര്‍ആന്‍ വചനമാണ് ഇതിന് തെളിവ്.

 

 നോമ്പു മുറിയുന്ന കാര്യങ്ങള്‍

ഭക്ഷണം, പാനീയം എന്നിവ നോമ്പുകാരന് ഹറാമാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ലെന്ന് ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട്. കാരണം ഭക്ഷണപാനീയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലാണല്ലോ നോമ്പിന്‍റെ ഉദ്ദേശ്യം. തുറക്കപ്പെട്ട ദ്വാരത്തിലൂടെ ഉള്ളിലേക്ക് തടിയുള്ള വല്ലതും കടക്കുന്നത് കൊണ്ടും നോമ്പ് നഷ്ടപ്പെടും. വായ, മൂക്ക്, മുന്‍ദ്വാരം, പിന്‍ദ്വാരം എന്നിവ ഉദാഹരണം. എന്നാല്‍ കണ്ണിലൂടെ വല്ലതും ഉള്ളിലേക്ക് കടന്നത് കൊണ്ട് (ഉദാ: കണ്ണില്‍ ഇറ്റിക്കുന്ന മരുന്ന്) നോമ്പ് മുറിയില്ലെന്നാണ് ഹനഫി, ശാഫിഈ മദ്ഹബിന്‍റെ വീക്ഷണം. കാരണം കണ്ണ് തുറക്കപ്പെട്ട ദ്വാരമല്ല. അത് തലയില്‍ എണ്ണയിടുന്നത് പോലെയാണ് (മിന്‍ഹാജ്, മുഗ്നി). ഒരാള്‍ നബിയോട് ചോദിച്ചു: കണ്ണിന് സുഖമില്ല, ഞാന്‍ നോമ്പ്കാരനുമാണ്. എനിക്ക് സുറുമയിട്ടു കൂടേ? നബി(സ്വ) പറഞ്ഞു: കുഴപ്പമില്ല (തുര്‍മുദി).

സംഭോഗം കൊണ്ട് നോമ്പ് നഷ്ടപ്പെടുന്നതാണ്. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. ബഖറ സൂറത്തിലെ 178-ാം സൂക്തം ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നു: നോമ്പുകാരന് സംഭോഗം നിഷിദ്ധമാണെന്നത് ഉമ്മത്തിന്‍റെ ഏകാഭിപ്രായമാണ്. മുന്‍ദ്വാരത്തിലോ പിന്‍ദ്വാരത്തിലോ ആയാലോ നോമ്പ് നഷ്ടപ്പെടും. ഖുര്‍ആനും സുന്നത്തും അതാണ് പഠിപ്പിക്കുന്നത്. മാത്രമല്ല, നോമ്പിന്‍റെ സത്തയോടും അത് എതിരാണ്, ഭക്ഷണം കഴിക്കുന്നത് പോലെത്തന്നെ. സ്ഖലനം നടന്നാലും ഇല്ലെങ്കിലും നോമ്പ് മുറിയും (മജ്മൂഅ് 2/322). ചുംബനം, ആലിംഗനം പോലോത്തത് കൊണ്ട് സ്ഖലനം നടന്നാല്‍ നോമ്പ് മുറിയുന്നതാണ്. ഖളാഅ് വീട്ടല്‍ നിര്‍ബന്ധവുമാണ്. പ്രായശ്ചിത്തവും വേണം.

എന്നാല്‍ ചുംബനം, ആലിംഗനം കൊണ്ട് സ്ഖലനം നടന്നില്ലെങ്കില്‍ നോമ്പ് മുറിയുകയില്ല. നോമ്പ് നഷ്ടപ്പെടാന്‍ ഇടയുള്ള അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലാണ് നോമ്പ്കാരന് സൂക്ഷ്മത എന്നാണ് ശാഫിഈ, ഹമ്പലീ മദ്ഹബുകള്‍ അഭിപ്രായപ്പെടുന്നത്. സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ തന്നെ നോമ്പ്കാരന് ചുംബനം പോലുള്ളവ കറാഹത്താണെന്നും ഇല്ലെങ്കില്‍ ഹറാമാണെന്നുമാണ് മാലികീ, ഹനഫീ മദ്ഹബുകളുടെ വീക്ഷണം.

മനപ്പൂര്‍വം ഛര്‍ദിക്കുന്നത്  കാരണവും നോമ്പ് മുറിയുന്നതാണ്. പണ്ഡിതന്മാര്‍ക്കിടയില്‍ ഒരഭിപ്രായ വ്യത്യാസവും ഇതിലില്ല. അബൂഹുറൈറ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ഛര്‍ദി അനിയന്ത്രിതമായി വന്നാല്‍ നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല. മനഃപൂര്‍വമാണെങ്കില്‍ ഖളാഅ് വേണം (അബൂദാവൂദ് 2380, തുര്‍മുദി 726). മനഃപൂര്‍വം ഛര്‍ദിക്കുമ്പോള്‍ ഉള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നതില്‍ നിന്ന് അല്‍പം അകത്തേക്ക് തന്നെ പോവാന്‍ കൂടുതല്‍ സാധ്യത ഉണ്ട് എന്ന ന്യായമാണ് നോമ്പ് മുറിയുന്നതിന് കാരണം പറയുന്നത്. എന്നാല്‍ അകത്തേക്ക് ഒന്നും കടന്നിട്ടില്ല എന്ന് ഉറപ്പാണെങ്കിലും ഹദീസിന്‍റെ പ്രത്യക്ഷസാരമനുസരിച്ച് മനഃപൂര്‍വമുള്ള ഛര്‍ദി നോമ്പ് നഷ്ടപ്പെടുത്തും. മനഃപൂര്‍വമല്ലാതെയുള്ള ഛര്‍ദി അവന്‍റെ നിയന്ത്രണത്തില്‍ വരുന്നതല്ലല്ലോ.

നോമ്പ് മുറിയുന്ന കാര്യങ്ങള്‍ മറന്നു ചെയ്താല്‍ അവന്‍ കുറ്റക്കാരനല്ല എന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം. നബി(സ്വ) പറഞ്ഞു: നോമ്പ്കാരന്‍ മറന്ന് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കട്ടെ (ബുഖാരി 1933, മുസ്ലിം 1155).

മറന്നവനെപ്പോലെത്തന്നെ വിവരമില്ലാത്തവന്‍, ഉറങ്ങിയവന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നോമ്പ് മുറിയുന്നതല്ല. ഉറങ്ങിയവന് ഉണരുന്നത് വരെയും ഭ്രാന്തന് സുഖപ്പെടുന്നത് വരെയും കുട്ടി പ്രായപൂര്‍ത്തിയാവുന്നത് വരെയും നിയമങ്ങള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന നബിവചനമാണിതിന് തെളിവ്.

 

 പ്രായശ്ചിത്തം

ശരീഅത്ത് അനുവദിച്ച കാരണങ്ങളാല്‍ നോമ്പ് ഒഴിവാക്കിയവര്‍ക്ക് പ്രായശ്ചിത്തം വേണ്ടതില്ല. രോഗം, യാത്ര, ഗര്‍ഭം, മുലയൂട്ടല്‍, വാര്‍ധക്യം എന്നിവയാണ് അനുവദിക്കപ്പെട്ട കാരണങ്ങള്‍. നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടാന്‍ ഇവര്‍ക്ക് കഴിയുമെങ്കില്‍ പിന്നീടത് ഖളാഅ് വീട്ടണം.

ലൈംഗിക ബന്ധം നടത്തി നോമ്പ് മുറിക്കുന്നവന്‍ ഗൗരവമുള്ള കുറ്റമാണ് ചെയ്യുന്നത്. അവന്‍ പാപമോചനം തേടുന്നതോടൊപ്പം പ്രായശ്ചിത്തവും ചെയ്യണം. ഒരടിമയെ മോചിപ്പിക്കുക, അതിനു സാധിക്കില്ലെങ്കില്‍ അറുപത് സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കുക, അതിനാവാത്തവര്‍ തുടര്‍ച്ചയായി രണ്ട് മാസം നോമ്പ് നോല്‍ക്കുക ഇതാണ് പ്രായശ്ചിത്തമായി വേണ്ടത്. അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം. ഒരാള്‍ നബിക്കരികില്‍ വന്ന് പറഞ്ഞു: ഞാന്‍ നശിച്ചു നബിയേ.

തിരുനബി(സ്വ) ചോദിച്ചു: എന്താണ് നിന്നെ നശിപ്പിച്ചത്?

അയാള്‍ പറഞ്ഞു: ഞാന്‍ റമളാനില്‍ എന്‍റെ ഭാര്യയുമായി ബന്ധപ്പെട്ടു.

അപ്പോള്‍ നബി(സ്വ) ചോദിച്ചു: ഒരടിമയെ മോചിപ്പിക്കാന്‍ നിനക്ക് കഴിയുമോ?

അയാള്‍ പറഞ്ഞു: ഇല്ല.

‘രണ്ട് മാസം തുടര്‍ച്ചയായി നോമ്പെടുക്കാന്‍ നിനക്ക് കഴിയുമോ?’

അയാള്‍: ഇല്ല.

‘അറുപത് സാധുക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കുമോ?’

‘ഇല്ല.’

കുറച്ച് കഴിഞ്ഞപ്പോള്‍ പ്രവാചക സദസ്സില്‍ ഒരു കുട്ട കാരക്കയെത്തി. നബി(സ്വ) അദ്ദേഹത്തെ വിളിച്ച് ഇത് സ്വദഖ ചെയ്യുക എന്ന് പറഞ്ഞു.

അപ്പോള്‍ അയാള്‍: ‘എന്നേക്കാള്‍ സാധുക്കള്‍ക്കാണോ കൊടുക്കേണ്ടത്. എന്‍റെയും കുടുംബത്തിന്‍റെയും പോലെ സാധുക്കള്‍ ഇവിടെ ഇല്ലതന്നെ!’

ഇത് കേട്ട് നബി(സ്വ) ചിരിച്ച് കൊണ്ട് പറഞ്ഞു: ‘നിന്‍റെ കുടുംബത്തിന് ഇത് നീ ഭക്ഷിപ്പിക്കുക’ (ബുഖാരി 1936).

സംഭോഗം കൊണ്ട് നോമ്പ് നഷ്ടപ്പെടുത്തിയവര്‍ക്ക് നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തങ്ങള്‍ ഹദീസില്‍ പറഞ്ഞ ഘടനയനുസരിച്ച് തന്നെയാവണമെന്നാണ് പണ്ഡിതാഭിപ്രായം. അഥവാ, 1 അടിമ മോചനം. 2 രണ്ട് മാസം തുടര്‍ച്ചയായ നോമ്പ് നോല്‍ക്കല്‍. 3 അറുപത് സാധുക്കള്‍ക്ക് ഒരു ‘മുദ്ദ്’ വീതം ഭക്ഷണം നല്‍കല്‍. സംഭോഗത്തിലേര്‍പ്പെട്ട സ്ത്രീക്കും പുരുഷനും പ്രായശ്ചിത്തം വേണ്ടതുണ്ട്. സ്ത്രീ നിര്‍ബന്ധിക്കപ്പെട്ടവളാണെങ്കില്‍ ഖളാഅ് വേണം. പ്രായശ്ചിത്തം വേണ്ടതില്ല (മുഗ്നി-ഇബ്നുഖുദാമ 123/ 3).

 

നഷ്ടപരിഹാരം

നോമ്പെടുക്കാന്‍ കഴിയാത്ത വൃദ്ധന്മാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, തൊട്ടടുത്ത റമളാന്‍ വരെ ഖളാഇനെ പിന്തിച്ചവര്‍- ഇവര്‍ നോമ്പിന് നഷ്ടപരിഹാരം നല്‍കണം. ഖുര്‍ആന്‍ ‘ഫിദ്യ’ എന്നാണ്  ഈ നഷ്ടപരിഹാരത്തിന് പേര് വച്ചത്. വാര്‍ധക്യത്തിലെത്തിയ സ്ത്രീയും പുരുഷനും നഷ്ടപ്പെട്ട ഓരോ ദിവസത്തിന് പകരവും നഷ്ടപരിഹാരം നല്‍കണം. ഖളാഅ് വേണ്ടതില്ല. എന്നാല്‍ ഗര്‍ഭിണിയും മുലയൂട്ടുന്നവളും ഖളാഇനോട് കൂടെ നഷ്ടപരിഹാരവും നല്‍കണം. ഗര്‍ഭിണിയും മുലയൂട്ടുന്നവളും കുട്ടിയുടെ കാര്യത്തില്‍ ഭയപ്പെട്ട് നോമ്പ് ഉപേക്ഷിക്കുമ്പോഴാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. കുട്ടിക്കും അവര്‍ക്കും പ്രയാസമാകുമെന്ന് കരുതിയോ അല്ലെങ്കില്‍ സ്വന്തം പ്രയാസം കരുതി മാത്രമോ ആണ് നോമ്പ് ഒഴിവാക്കിയതെങ്കില്‍ നഷ്ടപരിഹാരം (ഫിദ്യ) വേണ്ടതില്ല.

നോമ്പ് നഷ്ടപ്പെട്ടവന്‍ തൊട്ടടുത്ത നോമ്പ് വരെ ഖളാഅ് വീട്ടിയില്ലെങ്കില്‍ അവന് ഫിദ്യ നിര്‍ബന്ധമാണ്. ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് ഈ നഷ്ടപരിഹാരം നല്‍കേണ്ടത്. രോഗം, യാത്ര തുടങ്ങിയ കാരണമൊന്നുമില്ലാതെ നഷ്ടപ്പെട്ട നോമ്പിനെ ഖളാഅ് വീട്ടാതെ തൊട്ടടുത്ത റമളാന്‍ വരെ താമസിപ്പിച്ചവര്‍ ഖളാഇനോടൊപ്പം ഫിദ്യയും നല്‍കണമെന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം. പ്രായശ്ചിത്തം വേണ്ടതാണെങ്കില്‍ പ്രായശ്ചിത്തമാണ് രണ്ടാമത്തേത്. ഛര്‍ദി മനപ്പൂര്‍വം ഉണ്ടാക്കിയതാണെങ്കില്‍ ഖളാഅ് വേണമെന്നും മനപ്പൂര്‍വമല്ലെങ്കില്‍ ഖളാഅ് വേണ്ടന്നും നേരത്തെ പറഞ്ഞുവല്ലോ. കാരണമുള്ള രോഗിയും യാത്രക്കാരനും ഖളാഅ് നിര്‍ബന്ധമാണെങ്കില്‍ കാരണമൊന്നുമില്ലാത്തവന് ശക്തമായ നിര്‍ബന്ധമാണെന്നാണ് ഇമാം നവവി(റ) പറയുന്നത് (മജ്മൂഅ് 328/6).

മനഃപൂര്‍വം നോമ്പ് മുറിച്ചവനും മറന്ന് മുറിച്ചവനും പകലിന്‍റെ ബാക്കി സമയം നോമ്പ് കാരനെപ്പോലെ കഴിയല്‍ നിര്‍ബന്ധമാണ്. കാരണത്തോടെ മുറിച്ചവന് അത് നിര്‍ബന്ധമില്ല. നോമ്പിന്‍റെ നിയ്യത്ത് മറന്നവനും നോമ്പ്കാരനെപ്പോലെ കഴിയണം. ഒരു ഇബാദത്തിനെക്കുറിച്ചുള്ള ശ്രദ്ധയില്ലായ്മ ഗുരുതര വീഴ്ചയാണ്. റമളാനിലെ നോമ്പിന് മാത്രമാണ് ഇത് വേണ്ടത്. നേര്‍ച്ചയാക്കപ്പെട്ട നോമ്പ്, പ്രായശ്ചിത്ത നോമ്പ് എന്നിവയില്‍ ഇത് വേണ്ടതില്ല.

 

മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഖളാഅ്

രോഗം, യാത്ര തുടങ്ങി നോമ്പ് മുറിക്കല്‍ അനുവദനീയമായ കാര്യങ്ങള്‍കൊണ്ട് ഒരാള്‍ നോമ്പ് ഒഴിവാക്കുകയും മരണംവരെ പ്രസ്തുത കാരണം അവനിലുണ്ടാവുകയും ചെയ്താല്‍ അവന്‍റെമേല്‍ ഒന്നും നിര്‍ബന്ധമില്ലെന്നാണ് പ്രബലാഭിപ്രായം (മജ്മൂഅ് 367/ 6).

നോമ്പിന്‍റെ ആത്മാവിനെ കണ്ടെത്തി അതിന്‍റെ മര്യാദകളും സുന്നത്തുകളും പരിഗണിച്ച് അനുഷ്ഠിക്കുമ്പോള്‍ മാത്രമാണ് മുസ്ലിമിന്‍റെ നോമ്പിന് മധുരമുണ്ടാകുന്നത്. അത്താഴം കഴിക്കുക, അത് രാത്രിയുടെ അവസാനത്തേക്ക് പിന്തിപ്പിക്കുക, സമയമായയുടന്‍ നോമ്പ് തുറക്കുക, നോമ്പ് തുറപ്പിക്കുക, കാരക്ക കൊണ്ട് നോമ്പ് തുറക്കുക, ദിക്ര്‍ ചൊല്ലുക തുടങ്ങിയവ നോമ്പിന്‍റെ പ്രധാന സുന്നത്തുകളാണ്. ഇഅ്തികാഫ്, ഖുര്‍ആന്‍ പാരായണം ചെയ്യല്‍, സുന്നത്ത് നിസ്കാരങ്ങള്‍ വര്‍ധിപ്പിക്കല്‍, തറാവീഹ്, വിത്ര്‍ തുടങ്ങിയവ നോമ്പ് കാലത്തെ പ്രതിഫലാര്‍ഹമായ പ്രധാന സുന്നത്തുകളാകുന്നു.

 

You May Also Like
lets welcome ramalan-malayalam

റമളാന്‍ വരുന്നു നമുക്ക് സ്വീകരിക്കാന്‍ പഠിക്കാം

ഹിജ്‌റ വര്‍ഷം 1439-ലെ റമളാനിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് മുസ്‌ലിം ലോകം. സമഗ്രമായ ആസൂത്രണങ്ങളോടെ പുണ്യറമളാനിനെ സ്വീകരിക്കാന്‍…

● ശുക്കൂര്‍ സഖാഫി വെണ്ണക്കോട്

റമളാന്‍: പുണ്യങ്ങള്‍ പുണ്യവചനങ്ങള്‍

ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ ഖുര്‍ആനില്‍ ശഹ്റു റമളാന്‍ എന്നുതന്നെ ഇതിനെ വിളിച്ചുകാണാം.…

നോമ്പിന്റെ രീതിശാസ്ത്രം

റമളാനിലെ അതിശ്രേഷ്ഠമായ നിർബന്ധ ആരാധനയാണ് നോമ്പ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിലൂടെ ഉണർത്തി: ‘നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന്…

● അബൂബക്കർ അഹ്‌സനി പറപ്പൂർ