‘ഉറക്കവും അന്നപാനീയങ്ങളുമല്ലാത്ത മറ്റു ഭക്ഷണങ്ങളുമുണ്ട് നിന്റെ ആത്മാവിന്. പക്ഷേ, ആ ഭക്ഷണത്തിന്റെ കാര്യം നീ മറന്നിരിക്കുന്നു. രാപ്പകൽ നിന്റെ ശരീരത്തെയാണ് നീ പോഷിപ്പിക്കുന്നത്. ശരീരമാകട്ടെ കുതിരയെ പോലെയാണ്. ഈ അധമലോകം അതിന്റെ ലായമാകുന്നു. കുതിരയുടെ ഭക്ഷണമല്ല കുതിരക്കാരന്റേത്. നീ കുതിരയല്ല, കുതിരക്കാരനാണ്. അതിനാൽ, നിന്റെ അന്തസ്സിനു യോജിക്കുന്ന ഉറക്കവും അന്നവും ആസ്വാദനവും സ്വീകരിക്കുക. പക്ഷേ, കുതിരക്കാണ് നിന്റെ മേൽ ആധിപത്യമെന്നതിനാൽ നീ ലായത്തിൽ ചടഞ്ഞു കൂടുകയാണ്. നിന്റെ ആത്മാവ് കൂടെയുണ്ടെങ്കിലും ശരീരത്തിനായിപ്പോയി മേൽക്കൈ. അതിനാൽ ശരീരത്തിന് വഴങ്ങി അതിന്റെ തടവുകാരനായി കൂടുകയാണ് നീ’ (മൗലാന റൂമി-റ; ഫീഹി മാ ഫീഹി).
വിശ്വാസിക്ക് ശരീരത്തെക്കാൾ പ്രധാനപ്പെട്ടതാണ് ആത്മാവ്. ആത്മാവിന് സഞ്ചരിക്കാനുള്ള വാഹനം മാത്രമാണ് മനുഷ്യ ശരീരം. ആത്മീയമായ ഉണർവും അല്ലാഹുവിനെക്കുറിച്ചുള്ള നിരന്തരമായ ആലോചനകളുമാണ് ഒരാളെ യഥാർഥ വിശ്വാസിയാക്കി മാറ്റുന്നത്. വളരെ മനോഹരമായി റൂമി അത് പറഞ്ഞുവെച്ചു.
മറ്റു സമയങ്ങളെക്കാൾ കൂടുതൽ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും ആത്മീയ കാര്യങ്ങളെ പരിഗണിക്കേണ്ട മാസമാണ് പരിശുദ്ധ റമളാൻ. റമളാൻ ആഗതമാവുകയും വേണ്ട രൂപത്തിൽ അതിനെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നവന് നാശമുണ്ടാകട്ടെ എന്ന് ജിബ്‌രീൽ(അ) പ്രാർഥിച്ചപ്പോൾ തിരുനബി(സ്വ) ആമീൻ പറഞ്ഞത് പ്രസിദ്ധം.
റമളാനെ മറ്റുള്ള മാസങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം നിർബന്ധ നോമ്പ് തന്നെ. നോമ്പ് മനുഷ്യനെ പഠിപ്പിക്കുന്ന പാഠങ്ങൾ അനവധിയാണ്. ശരീരത്തിനുള്ള പരിശീലനം മാത്രമല്ല നോമ്പ്. മനുഷ്യനെ ശാരീരികമായി പാകപ്പെടുത്തുന്നതിന് പുറമെ, ആത്മീയമായ പരിശീലനം കൂടിയാണ് അത് സാധ്യമാക്കുന്നത്. നോമ്പ് നിങ്ങൾക്ക് നിർബന്ധമാക്കി എന്ന വാചകത്തിന് ശേഷം ഖുർആൻ പറയുന്നത്, നിങ്ങൾ തഖ്‌വയുള്ളവരാകാൻ വേണ്ടി എന്നാണ്. ‘അത്തഖ്‌വ ഹാഹുനാ’ എന്നു പറഞ്ഞ് റസൂൽ(സ്വ) കൈകൊണ്ട് ചൂണ്ടിക്കാണിച്ചത് ഹൃദയത്തിന്റെ ഭാഗത്തേക്കാണ്. ഹൃദയത്തിൽ തഖ്‌വയുണ്ടാകുമ്പോഴാണ് ഓരോ അവയവത്തിലും അത് പ്രതിഫലിക്കുന്നത്. ഖൽബാണ് മനുഷ്യ പ്രവർത്തനങ്ങളുടെ കേന്ദ്രം. തഖ്‌വയെന്നാൽ അല്ലാഹുവിനെ ഭയക്കലും ഖുർആനനുസരിച്ച് പ്രവർത്തിക്കലും കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടലും മരണദിവസത്തിനു വേണ്ടി തയ്യാറെടുക്കലുമാണ് എന്നാണ് അലി(റ)യുടെ വിശദീകരണം. എല്ലാം ഖൽബുകൊണ്ട് ചെയ്യേണ്ടവ തന്നെ.
രക്തം പമ്പ് ചെയ്യുക എന്നതിനപ്പുറം മനുഷ്യന്റെ വൈകാരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രമായി ആധുനിക സയൻസ് ഹൃദയത്തെ പരിഗണിക്കുന്നില്ല. റൂഹും റൂഹുമായി ബന്ധപ്പെട്ട ചർച്ചകളും സയൻസിന് അതീതമായ കാര്യങ്ങളാണെന്നതാണ് അതിനൊരു കാരണം. സയൻസിന് പരിമിതികൾ ഏറെയുണ്ട്. മുതിർന്ന ശാസ്ത്രജ്ഞർ പോലും അംഗീകരിക്കുന്ന കാര്യമാണത്. റിച്ചാർഡ് പാനകിന്റെ ഠവല 4% ഡിശ്‌ലൃലെ പറയുന്നത്, പ്രപഞ്ചത്തിലെ പിണ്ഡോർജത്തിന്റെ നാല് ശതമാനം മാത്രമാണ് സാധാരണ ദ്രവ്യങ്ങൾ ഉണ്ടാക്കുന്നത് എന്നാണ്. ബാക്കിയുള്ള 96 ശതമാനവും നിർമിക്കുന്നത് നിഗൂഢമായ ഇരുണ്ട ദ്രവ്യവും ഇരുണ്ട എനർജിയുമാണ് (ഉമൃസ ങമേേലൃ മിറ ഉമൃസ ഋിലൃഴ്യ). അവ അദൃശ്യവും കണ്ടുപിടിക്കാൻ ഏറെക്കുറെ അസാധ്യവുമാണ് എന്നും സയൻസ് പറയുന്നു. പ്രപഞ്ചത്തിന്റെ 96 ശതമാനവും ഇപ്പോഴും അപ്രാപ്യമാണെന്ന് സയൻസ് തന്നെ സമ്മതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സയൻസിന് മനസ്സിലാകാത്ത കാര്യങ്ങളെ മാറ്റിനിർത്തേണ്ടതില്ല. ആത്മീയത (ടുശൃശൗേമഹശ്യേ) അത്തരത്തിലൊന്നാണ്. ശാസ്ത്രത്തിന് ഇനിയും നിർവചിക്കാൻ കഴിയാത്തത്!
ആത്മീയതയാണ് പ്രധാന ലക്ഷ്യം എന്ന ബോധ്യമുണ്ടാകുമ്പോൾ മാത്രമേ നോമ്പ് ഫലപ്രദമായിത്തീരൂ. ആത്മീയത കൊണ്ട് തന്നെ മനുഷ്യന്റെ ആവശ്യ നിർവഹണം സാധ്യമാകും. ദിവസവും സുബ്ഹിക്ക് ശേഷം കോഫി, പിന്നെ ബ്രേക്ക് ഫാസ്റ്റ്, പത്ത് മണിക്ക് കഞ്ഞി തുടങ്ങി നീണ്ട മെനു നിത്യവുമുള്ള ഒരാൾക്ക് റമളാൻ മാസത്തിൽ ആ സമയങ്ങളിൽ അസ്വസ്ഥതയുണ്ടാകുന്നില്ല. നിയ്യത്താണതിന്റെ കാരണം. കരുത്തിലൂടെ ആർജിക്കുന്ന ഒരു കഴിവാണവിടെ വിശപ്പിനെ തടഞ്ഞുനിർത്തുന്നത്.
വിശപ്പ് ഒരു പ്രയാസമാണ്. പ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ആത്മീയ വളർച്ച സംഭവിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള മുസ്‌ലിംകളിൽ പലരും ഭയപ്പാടിലും ഭീഷണിയിലും നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലുമാണുള്ളത്. ഇത്തരം പ്രയാസങ്ങളിൽ സമുദായം ആർജിച്ചെടുക്കാൻ ശ്രമിക്കേണ്ടത് ആത്മീയോന്നതിയാണ്. സൈനുദ്ദീൻ മഖ്ദൂം(റ) അദ്കിയയിൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്കു നിർദേശിച്ച അഞ്ച് മരുന്നുകളിലൊന്ന് വയറ് കാലിയാക്കി(വലിൽ ബത്‌നിൽ ഖലാ)യിടലാണ്. വയറു കാലിയാക്കിയിടുന്നതിലൂടെ ഹൃദയം ശുദ്ധിയാകും. വയർ നിറഞ്ഞിരിക്കുന്ന സമയത്താണ് അനാവശ്യമായ ചിന്തകളും വികാരങ്ങളും മനുഷ്യനെ വേട്ടയാടുക. വയറിന്റെ മൂന്നിലൊന്ന് മാത്രമേ ഭക്ഷണം നിറയ്ക്കാവൂ എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നതു കാണാം.
ചരിത്രം പരിശോധിച്ചാൽ, ഈ പ്രയാസവും അതിനപ്പുറത്തെ യാതനകളുമെല്ലാം മുമ്പും സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. മൂസാ(അ) നബിമാരിലെ ഉന്നതരായ ഉലുൽ അസ്മിൽ രണ്ടാമനായി എണ്ണപ്പെട്ട പ്രവാചകനാണ്. മൂസാ നബി(അ)ക്ക് സ്വന്തം നാട്ടിൽ നിന്നു ദീർഘകാലം വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്. ആട്ടിൻ കൂട്ടങ്ങളെ മേയ്ക്കാൻ വേണ്ടി തനിച്ച് മലമുകളിലേക്ക് പോകേണ്ടി വന്നിട്ടുണ്ട്, വിശന്നു വലഞ്ഞിട്ടുണ്ട്. ഇതിലൂടെയെല്ലാം നബിയുടെ ഹൃദയം കൂടുതൽ പ്രകാശിതമാവുകയാണുണ്ടായത്. ആത്മീയമായി പാകപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് ശുഐബ് നബി(അ) മകളെ മൂസാ നബി(അ)ക്ക് വിവാഹം ചെയ്തു കൊടുക്കുന്നതും നുബുവ്വത്ത് നൽകി അല്ലാഹു ആദരിക്കുന്നതും.
ആത്മീയമായി ഔന്നത്യം കരസ്ഥമാക്കിയവരെല്ലാം ഇപ്രകാരം പ്രയാസങ്ങളിലൂടെ കടന്നുവന്നവർ തന്നെയാണ്. അതിനാൽ നമ്മുടെ വളർച്ചക്കും ഇലാഹീ പ്രീതി നേടുന്നതിനുമുള്ള വളരെ പ്രധാനപ്പെട്ട ഒരു സുകൃതമാണ് നോമ്പെന്ന് പറയാം.
നോമ്പ് കൊണ്ട് ശ്രദ്ധേയമായ ഉപകാരങ്ങൾ വേറെയുമുണ്ട്. അല്ലാഹുവിന്റെ ആധികാരികത വിളിച്ചോതുന്നവ, മനുഷ്യന്റെ സാമൂഹിക ജീവിതത്തെ സ്പർശിക്കുന്നവ, വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നവ, ആത്മാവിനെ പരിശീലിപ്പിക്കാൻ പ്രാപ്തമായവ എന്നിങ്ങനെ വേർതിരിച്ച് നോമ്പിന്റെ ഫലങ്ങൾ അവതരിപ്പിക്കുന്നുണ്ട് ബദീഉസ്സമാൻ സഈദ് നൂർസി.
സ്വതന്ത്രമാകാനും തോന്നിയതു പോലെ ജീവിക്കാനുമൊക്കെയാണ് മനുഷ്യൻ ആഗ്രഹിക്കുക. ഇതിനെ തിരുത്തിക്കൊണ്ട്, അല്ലാഹുവാണ് അധികാരിയെന്നും മനുഷ്യർ വെറും അടിമകളാണെന്നും നോമ്പിലൂടെ സ്ഥിരീകരിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യത്തിലാണ് പ്രപഞ്ചത്തിലെ ഓരോ അനുഗ്രഹവും നിലകൊള്ളുന്നത്. ഇഫ്ത്വാറിലൂടെ മനുഷ്യനത് തിരിച്ചറിയുകയാണ്. നോമ്പുതുറക്ക് വേണ്ടി പലയിനം വിഭവങ്ങൾ ഒരുക്കിവെച്ച് അതിനു മുന്നിൽ വന്നിരുന്ന ശേഷവും നോമ്പുകാരൻ മഗ്‌രിബ് വാങ്ക് വിളിക്കുന്നത് കാത്തിരിക്കുകയാണ്. ധൃതിപ്പെട്ട് അതിനു മുമ്പേ ഒന്നും എടുത്തു കഴിക്കുന്നില്ല. ഇലാഹിന്റെ സമ്മതത്തിനു വേണ്ടിയാണ് ഈ കാത്തിരിപ്പ്. അതെത്ര കമനീയം!
മുന്നിൽ ഒരുക്കിവെച്ചിരിക്കുന്നവയുടെ യഥാർഥ ഉടമസ്ഥാവകാശം തനിക്കല്ലെന്നും താൻ വെറും അടിമയാണെന്നും മനുഷ്യൻ ആ നിമിഷം തിരിച്ചറിയുന്നു. ഏതു കാര്യത്തിനും അർഹമായവരുടെ അനുമതി ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്ന ഗുണപാഠവും പരിശീലനവും ഇതിലുണ്ട്.
പണക്കാരനും പാവപ്പെട്ടവനും വിശപ്പിലെങ്കിലും തുല്യരാകുന്ന ഘട്ടം കൂടിയാണ് റമളാൻ. സിമ്പതിയും എമ്പതിയും വ്യത്യാസമുണ്ട്. മറ്റൊരുത്തന്റെ വേദനയെ കുറിച്ച് ആലോചിച്ച് ഖേദം പ്രകടിപ്പിക്കുന്നതിനാണ് സിമ്പതി എന്ന് പറയുക. അതിന് ആത്മാർഥതയും ആയുസ്സും കുറവായിരിക്കും. എന്നാൽ മറ്റൊരുത്തന്റെ വേദനയെ അവന്റെ സ്ഥാനത്തു നിന്ന് ഉൾക്കൊണ്ട് അതു സ്വയം അനുഭവിച്ച് മനസ്സിലാക്കുന്നതാണ് എമ്പതി. അതിൽ ഖേദം പ്രകടിപ്പിച്ചുകൊള്ളണമെന്നില്ല. ഉൾക്കൊള്ളുകയാണ് ചെയ്യുക. പട്ടിണിക്കാരൻ അനുഭവിക്കുന്ന ദുരിതത്തെ പട്ടിണി കിടന്നുതന്നെ അനുഭവിക്കുമ്പോൾ പാവപ്പെട്ടവനെ കൂടുതൽ അടുത്തറിയാനും അവരെ സഹായിക്കാനും സമ്പന്നർക്ക് സാധിക്കുന്നു.
സമൂഹത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി ഏറെ നേട്ടങ്ങളുണ്ടാക്കുന്ന സമയമാണ് നോമ്പുകാലം. ശാരീരിക ഇച്ഛകളെ നിയന്ത്രിക്കുന്നതുകൊണ്ട് തന്നെ അമിതവ്യയം ഒഴിവാക്കാനും ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും സാധിക്കും. ഇതിലൂടെ മൊത്തം ചെലവ് ചുരുക്കാൻ കഴിഞ്ഞേക്കും. നോമ്പിന്റെ മഹത്ത്വമായി ഈ ചെലവ് ചുരുക്കലിനെ ഇമാം റാസി(റ) പരാമർശിക്കുന്നു. മാത്രമല്ല, നോമ്പ് കാലത്തെ ഏറെ പുണ്യമുള്ള പ്രവർത്തനമാണ് ദാനധർമം. ഇതിലൂടെ സമ്പത്തിന്റെ വികേന്ദ്രീകരണം സാധ്യമാവുകയും സാമ്പത്തിക സമത്വം നടപ്പിലാവുകയും ചെയ്യും. അമിതവ്യയം ഒഴിവാക്കുന്നതിലൂടെ ക്രിയാത്മകമല്ലാത്ത ഉപഭോഗം (ഇീിൗൊുശേീി) കുറയുകയും തൽസ്ഥാനത്ത് വികേന്ദ്രീകരണത്തിലൂടെ മൊത്തം ഉപഭോഗം കൂടുകയും ചെയ്യും. ഇത് തുല്യവികസനത്തിലേക്ക് വഴിവെക്കും.
നമ്മുടെ ധനത്തിന്റെ യഥാർഥ ഉടമാവകാശം നമുക്കല്ലെന്ന സാക്ഷ്യപ്പെടുത്തൽ കൂടിയാണ് നോമ്പ്. സ്രഷ്ടാവ് നമുക്കേൽപ്പിച്ച സൂക്ഷിപ്പുസ്വത്ത് മാത്രമാണ് ധനം. ഈ ഭാഗികമായ കൈവശാവകാശമാണ് ഇസ്‌ലാമിലെ സാമ്പത്തിക നയങ്ങളെ ക്യാപിറ്റലിസത്തിൽ നിന്നും സോഷ്യലിസത്തിൽ നിന്നും വേറിട്ട ഒന്നാക്കി മാറ്റുന്നത്. മുസ്‌ലിമിന് ദുനിയാവിനെക്കാൾ വലുത് ആഖിറമാണ്. ശാശ്വതമായത് അല്ലാഹു മാത്രമാണെന്ന് റമളാൻ അവനെ നിരന്തരം ഓർമിപ്പിക്കുന്നു.
റമളാൻ മാസം നോമ്പനുഷ്ഠിക്കുന്നത് കൊണ്ട് ആരോഗ്യപരമായി എമ്പാടും ഗുണങ്ങളുണ്ടെന്നത് പ്രകടമായ വസ്തുതയാണ്. 1996ൽ മൊറോക്കോയിലെ കാസബ്ലാങ്കയിൽ വെച്ച് ‘റമളാനും ആരോഗ്യവും’ എന്ന വിഷയത്തിൽ നടന്ന ഇന്റർനാഷണൽ കോൺഫറൻസിലെ ചില കണ്ടെത്തലുകൾ ഏറെ ചിന്തോദ്ദീപകമാണ്. കൂടുതൽ നോമ്പെടുക്കുന്ന മനുഷ്യരിൽ കൊളസ്‌ട്രോൾ, കോർട്ടിസോൾ, ടെസ്റ്റോസ്റ്റിറോൺ പോലെയുള്ളവയുടെ അളവുകൾ മറ്റുള്ളവരെക്കാൾ നോർമലായി കാണപ്പെടുന്നു, ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് റമളാനിന്റെ രണ്ടാം പകുതിയാകുമ്പോഴേക്കും ഉചിതമായ വിധത്തിൽ സന്തുലിതപ്പെടുന്നു, ഹിപോഗ്ലിസേമിയ (ഒ്യുീഴഹ്യരലാശമ) ബാധിക്കാത്ത രൂപത്തിൽ പ്രോട്ടീൻ അനുപാതവും ഫ്രക്ടോസമീനിന്റെ അളവും നോമ്പുകാരന് കുറയുന്നു, രക്തത്തിലെ ഇൻസുലിന്റെ അളവ് ക്രമീകരിക്കപ്പെടുന്നു, മനുഷ്യന് കൂടുതൽ ഊർജവും ജിജ്ഞാസയും ലഭിക്കുന്നു, അമിതവണ്ണവും മാറാവ്യാധികളും കുറയുന്നു, അധിക വിശപ്പും ആർത്തിയും ഇല്ലാതാകുന്നു, ഹോർമോൺ വളർച്ച ത്വരിതപ്പെടുന്നു, ബുദ്ധിയുടെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കപ്പെടുന്നു, മനസ്താപവും വിഷാദരോഗവും അകന്നുനിൽക്കുന്നു. ഇങ്ങനെ നോമ്പുകാരൻ നേടിയെടുക്കുന്ന ആരോഗ്യപരമായ മേന്മകൾ നിരവധി.
റമളാനിന്റെ മഹനീയതയും ബഹുമാനവും തകർക്കുന്ന പ്രവർത്തനങ്ങൾ മുസ്‌ലിമിന്റെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ല. നോമ്പും നിസ്‌കാരവും ഖുർആൻ പാരായണവും മറ്റു സൽകർമങ്ങളും ധാരാളമായി വർധിപ്പിക്കുകയും തിന്മവിചാരം പോലും വെറുക്കുകയും ചെയ്യുമ്പോഴാണ് റമളാന്റെ ബഹുമാനം പരിരക്ഷിക്കപ്പെട്ടുവെന്ന് ആശ്വസിക്കാൻ സാധിക്കുക. സദാസമയവും വിശ്വാസിയുടെ അകം ഉണർന്നു തന്നെയിരിക്കണം. ഒരാളുടെ ഇമോഷൻ ഓണാകുന്ന സമയത്ത് അയാളുടെ ഇന്റലിജൻസ് ഓഫാകും എന്നാണ് മന:ശാസ്ത്രമതം. തിന്മ നിറഞ്ഞ വികാരങ്ങളാണ് മനുഷ്യബുദ്ധിയെ നാശമാക്കുക. നന്മ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിക്ക് എപ്പോഴും പ്രതീക്ഷയും സന്തോഷവുമാണുണ്ടാവുക.
ഡോ. അബ്ദുൽ ഹകീം അസ്ഹരി