ചെറുതാവട്ടെ വലുതാകട്ടെ, നാം അനുഭവിക്കുന്ന ഏതൊരു സുഖസൗകര്യവും അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് മാത്രമാണ് സാധ്യമാകുന്നത്. ‘നിങ്ങളുടെ ഏതൊരു അനുഗ്രഹവും അല്ലാഹുവിൽ നിന്നുള്ളതാണ്’ (അന്നഹ്ൽ 53).
അല്ലാഹുവിന്റെ കാരുണ്യമില്ലെങ്കിൽ എല്ലാം താറുമാറാകുമായിരുന്നേനെ. ‘അല്ലാഹുവിന്റെ ഔദാര്യവും അവന്റെ കാരുണ്യവുമില്ലായിരുന്നെങ്കിൽ നിങ്ങൾ പരാജിതരിൽ പെട്ടുപോകുമായിരുന്നു’ (അൽബഖറ 64).
ആത്മീയ സൗഭാഗ്യവും ഇലാഹീ കാരുണ്യത്തിലൂടെ മാത്രമേ കരഗതമാകൂ. ‘അല്ലാഹുവിന്റെ ഔദാര്യവും അവന്റെ കാരുണ്യവും ഇല്ലായിരുന്നെങ്കിൽ നിങ്ങളിലൊരാൾക്കു പോലും ആത്മീയ വിശുദ്ധി സാധ്യമല്ല’ (അന്നൂർ 22).
നാനാവിധ നന്മകൾക്ക് വഴിയൊരുക്കുന്ന അല്ലാഹുവിന്റെ കാരുണ്യം പണമിറക്കി നേടാമോ?! തീർച്ചയായും പണം ചെലവഴിച്ചുകൊണ്ട് അല്ലാഹുവിന്റെ കാരുണ്യം കൈപ്പറ്റാൻ കഴിയും.
ദാനധർമങ്ങൾ, സകാത്ത്, നേർച്ചകൾ, വഴിപാടുകൾ തുടങ്ങിയ പുണ്യങ്ങൾ പണമിറക്കുമ്പോഴാണ് യാഥാർഥ്യമായിത്തീരുന്നത്. നന്മയുടെ വഴിയിൽ ധനവ്യയം ചെയ്യാൻ ഖുർആൻ ആവശ്യപ്പെടുന്നുണ്ട്. ‘നിങ്ങൾ അധ്വാനിച്ച് നേടിയതിലെ വിശുദ്ധമായവ നിങ്ങൾ ചെലവഴിക്കുവീൻ, നാം നിങ്ങൾക്ക് പ്രദാനം ചെയ്ത കാർഷികോൽപന്നങ്ങളിൽ നിന്നും’ (അൽബഖറ 267).
നിങ്ങൾ വ്യയം ചെയ്യുന്ന ഏതൊരു ദാനവും നേർച്ചയാക്കുന്ന ഏതൊരു നേർച്ചയും തീർച്ചയായും അല്ലാഹു അതെല്ലാം അറിയുന്നുണ്ട്. അത്തരം സദ്കർമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന പാപികൾക്ക് സഹായികളാരുമുണ്ടാകുന്നതല്ല (അൽബഖറ 270).
പുണ്യം നിറഞ്ഞ കാരുണ്യ പ്രവർത്തനങ്ങളിൽ നിന്നും നേർച്ചകളിൽ നിന്നും പുറംതിരിഞ്ഞു നിൽക്കുന്നവർക്ക് ശക്തമായ താക്കീതാണ് ഈ ഖുർആൻ കൽപന. എത്ര വേണമെങ്കിലും നിസ്‌കരിക്കാം, ഖുർആൻ ഓതാം, ദിക്‌റ് ചൊല്ലാം, പക്ഷേ ഒരഞ്ചു പൈസ പോലും കൈവിട്ടു കൊടുക്കില്ല എന്ന നിലപാടുകാർ തിരുത്തിയേ മതിയാകൂ.
അല്ലാഹു അവന്റെ ഔദാര്യത്താൽ നൽകിയതിൽ പിശുക്കത്തരം കാണിക്കുന്നവർ അതവർക്ക് നല്ലതാണെന്ന് വിചാരിക്കരുത്. അതവർക്ക് അപകടമാണെന്ന് വിശുദ്ധ വേദം (ആലു ഇംറാൻ 180) ഉണർത്തുന്നു.
സൂറത്തുൽ മുഅ്മിനൂൻ 55,56 വചനങ്ങൾ കൂടി കാണുക: നാം അവർക്ക് സമ്പത്തും സന്താനങ്ങളും പ്രദാനം ചെയ്യുന്നത് ധൃതിപിടിച്ച് നല്ല കാര്യങ്ങൾ ചെയ്യുകയാണെന്ന് അവർ ധരിക്കുന്നുണ്ടോ?! എന്നാൽ യാഥാർഥ്യം അവരറിയുന്നില്ല.
സദ്കർമങ്ങളിൽ വിനിയോഗിക്ക പ്പെടാത്ത ധനം ദുരന്തമായിത്തീരുമെന്ന് ഖുർആൻ മുന്നറിയിപ്പ് നൽകി. വിശ്വാസത്തോടെ ആത്മാർഥമായി ധനം ചെലവഴിക്കുന്നവർ സാമ്പത്തിക കമ്മി ഭയപ്പെടേണ്ടതില്ല. അല്ലാഹു തന്നെ നല്ല വരവ് നൽകുന്നതാണ്. ഖുർആൻ വാഗ്ദാനം ചെയ്യുന്നത് കാണാം: നിങ്ങൾ ചെലവഴിക്കുന്നത് എന്താവട്ടെ അല്ലാഹു അതിന് പകരം നൽകുന്നതാണ്. അവൻ ഏറ്റവും നല്ല ദാതാവാണ് (സബഅ് 39).
മറ്റൊരു കാര്യം കൂടി പറയട്ടെ. പണം ചെലവിട്ട് തിരുനബി(സ്വ)യെയോ മറ്റു മഹാത്മാക്കളെയോ തൃപ്തിപ്പെടുത്തുന്നത് കൊണ്ട് അല്ലാഹു കാരുണ്യം ചൊരിയുമോ? വിശ്വാസികൾ നിവാരണം കാണേണ്ട ഒരു അന്വേഷണമാണിത്. ഈ അന്വേഷണത്തോട് ഖുർആൻ തന്നെ വ്യക്തമായി പ്രതികരിക്കുന്നുണ്ട്.
സൂറത്തുത്തൗബ 99ാം വചനത്തിൽ വിവരിക്കുന്നു: ഗ്രാമീണരിൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ചിലരുണ്ട്. അല്ലാഹുവിങ്കൽ ആരാധനക്കായും റസൂലുല്ലാഹിയുടെ പ്രാർഥനയ്ക്കായും അവർ സമ്പത്ത് ചെലവിടുന്നു. അറിഞ്ഞ് കൊള്ളുക. അതവർക്ക് ഉപകാരപ്പെടുന്ന സദ്കർമം തന്നെയാണ്. അവരെ അല്ലാഹു തന്റെ കാരുണ്യത്തിൽ ഉൾപ്പെടുത്തുന്നതുമാണ്.
നബി(സ്വ)യുടെ പ്രാർഥന കാംക്ഷിച്ചും നന്മയുടെ വിവിധ മാർഗങ്ങളിലും ധനവിനിയോഗം ചെയ്യുന്നത് പുണ്യമാണെന്ന് തീർച്ചയാണ്. അതിന്റെ ഗുണഫലങ്ങൾ പണമിറക്കുന്നവർക്ക് തന്നെ അനുഭവിക്കാം. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ ഇങ്ങനെ ഓർമപ്പെടുത്തുന്നത്: നിങ്ങൾ സാധ്യമായത്ര അല്ലാഹുവിനെ കരുതി ജീവിക്കുക, നിങ്ങൾ ചെവിക്കൊള്ളുക, നിങ്ങൾ അനുഭവിക്കുക, നിങ്ങൾക്ക് തന്നെ നന്മ വരുന്നതിന് നിങ്ങൾ ചെലവ് ചെയ്യുക, ആരാണോ സ്വാർഥതയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നത് അവരാണ് വിജയികൾ (അത്തഗാബുൻ 16).
സുലൈമാൻ മദനി ചുണ്ടേൽ