കോഴിക്കോട്: ഇന്ത്യയിലെ മുസ്ലിംകള്ക്ക് സുരക്ഷയും ക്ഷേമവും ഉറപ്പു നല്കുന്ന ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും നിന്ദിക്കുന്ന പ്രവണത പ്രതിലോമകരമാണെന്ന് എസ്.വൈ.എസ് കോഴിക്കോട്ട് സംഘടിപ്പിച്ച പണ്ഡിതസമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. നിലവിലുള്ള ഭരണഘടനക്കകത്തു നിന്നും പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഇന്ത്യയിലെ മുസ്ലിംകള്‍ക്കുള്ളൂ. ബാഹ്യ ഇടപെടലുകള്‍ മുസ്ലിംകളുടെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കും. ഇസ്ലാമിന്റെ പേരില്‍ ഭീകര പ്രവര്‍ത്തനവും മറ്റും നടത്തുന്ന ഛിദ്ര ശക്തികള്‍ക്ക് രാജ്യത്തിന്റെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്ന യാതൊരു വിധ സമീപനവും മുസ്ലിം വിശ്വാസികളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ല. അത്തരം പ്രവൃത്തികള്‍ രാജ്യവിരുദ്ധം എന്നത് പോലെ മതവിരുദ്ധം കൂടിയാണ്. തീവ്രവാദ സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയസാമ്പത്തിക അജണ്ടകള്‍ നടപ്പിലാക്കാന്‍ ഇസ്ലാമിനെയും മുസ്ലിംകളെയും ഉപയോഗിക്കരുത്. സമുദായ സ്നേഹം കൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ മുതിരുന്നതെങ്കില്‍ ആ സ്നേഹം സമുദായത്തിന് ആവശ്യമില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണംപ്രമേയം ആവശ്യപ്പെട്ടു.
മതങ്ങള്‍ക്കതീതമായി വ്യക്തികള്‍ പ്രണയിക്കുന്നതിനെയും വിവാഹം കഴിക്കുന്നതിനെയും ആരും ഇസ്ലാമുമായി കൂട്ടിക്കെട്ടേണ്ട എന്നും വ്യക്തിപരമായ തീരുമാനങ്ങളെ മതത്തിന്റെ പേരില്‍ ആരോപിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സമ്മേളനം അംഗീകരിച്ച മറ്റൊരു പ്രമേയം അഭിപ്രായപ്പെട്ടു. ഒരു മുസ്ലിം മതവിശ്വാസി അന്യ മതത്തിലുള്ള വ്യക്തിയുമായി ഉണ്ടാക്കുന്ന വിവാഹക്കരാറിന് മതപരമായി യാതൊരു സാധുതയുമില്ല. അതുകൊണ്ട് തന്നെ ലവ് ജിഹാദ് പോലുള്ള പ്രയോഗങ്ങള്‍ തന്നെ ബാലിശമാണ്. ഇസ്ലാമിക കര്‍മശാസ്ത്രം നിര്‍ദേശിക്കുന്ന ധാര്‍മികതയും സദാചാരബോധവും പുലര്‍ത്താത്ത, വ്യക്തിപരമായ ഇത്തരം ബന്ധങ്ങളെ മുസ്ലിംകളുടെ അക്കൗണ്ടില്‍ എഴുതി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയ്യാറാകണമെന്നും വിദ്വേഷം ജനിപ്പിക്കുന്ന ഇത്തരം പ്രചാരങ്ങളില്‍ നിന്ന് പിന്മാറണമെന്നും പ്രമേയം ആഹ്വാനം ചെയ്തു. സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനം കെ പി ഹംസ മുസ്ലിയാര് ചിത്താരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, എ പി മുഹമ്മദ് മുസ്ലിയാര് കാന്തപുരം, പേരോട് അബ്ദുറഹ്മാന് സഖാഫി വിഷയം അവതരിപ്പിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, എ.കെ അബ്ദുറഹ്മാന് മുസ്ലിയാര്, എന്‍ അലിമുസ്ലിയാര്, എം.അലിക്കുഞ്ഞി മുസ്ലിയാര് ഷിറിയ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ കെ അഹ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ സ്വാഗതവും വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി നന്ദിയും പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങള്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500 പണ്ഡിതന്മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.