ചിലരങ്ങനെയാണ്. അര്‍പിതമായ ദൗത്യം ഹ്രസ്വമായ ആയുഷ്കാലം കൊണ്ട് നിര്‍വഹിച്ച് തിരശ്ശീലക്കു പിന്നില്‍ മറയും. അവര്‍ ഉയര്‍ത്തിവിട്ട അഗ്നിനാളവും അതിന്‍റെ തെളിച്ചവും നിലനില്‍ക്കുകയും ചെയ്യും. പതി അബ്ദുല്‍ഖാദിര്‍ മുസ്ലിയാരെന്ന ആദര്‍ശ പടയോട്ടക്കാരന്‍ നിത്യവിസ്മയമാകുന്നത് ഈ വിശേഷണങ്ങള്‍ അദ്ദേഹത്തില്‍ സന്പൂര്‍ണമായി മേളിച്ചതുകൊണ്ടാണ്.
1945ല്‍ സമസ്ത പ്രസിഡന്‍റ് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്ലിയാര്‍ വഫാതായപ്പോഴാണ് റശീദുദ്ദീന്‍ മൂസ മുസ്ലിയാര്‍ മലബാറില്‍ സുന്നത്ത് ജമാഅത്തിന്‍റെ പടനായകനായി ഉയര്‍ന്നത്. 48ല്‍ അദ്ദേഹം നിര്യാതനായി. അപ്പോള്‍ മറ്റൊരു കൊടുങ്കാറ്റായി പതി വന്നു. 49ലായിരുന്നു ഇത്. 1959ല്‍ മരണപ്പെടുന്നതുവരെ പത്തുവര്‍ഷം മലബാറില്‍ അദ്ദേഹം ബിദഇകള്‍ക്കെതിരെ പോര്‍മുഖം തീര്‍ത്തു.
കൂടുതല്‍ ആമുഖം വേണ്ടതില്ലാത്ത വിധം പുതുതലമുറക്കുപോലും പരിചിതനായിരിക്കും പതിയെന്ന ദ്വയാക്ഷരി. കലങ്ങി മറിഞ്ഞ അന്നത്തെ അന്തരീക്ഷത്തില്‍ സമസ്തയെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിനപ്പുറം ആദര്‍ശ നേതൃത്വമാണ് മഹാന്‍ ഏറ്റെടുത്തത്. അത് സംഘകുടുംബ ശാക്തീകരണമായിത്തീരു തന്നെ ചെയ്തുവെന്നത് മറ്റൊരു വശം. ബിദ്അത്തിന്‍റെ പിന്‍തലമുറ ചില്ലിട്ടു സൂക്ഷിക്കാന്‍ മാത്രം ഉദ്ധുക്തരായ തലയെടുപ്പുള്ള മുജാഹിദ് നേതാക്കളെയാണ് പതി നേരിട്ടെതിര്‍ത്തത്. പുകഴ്പെറ്റ വാചാലതയും തീക്ഷ്ണമായ പാണ്ഡിത്യവും വഴി പ്രലോഭനങ്ങളില്‍ വീഴാതെ ഒരു തലമുറയെ തന്നെ ആദര്‍ശത്തിന്‍റെ തണലില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനായി. ഒപ്പം അവാന്തര വിഭാഗങ്ങള്‍ക്ക് അക്ഷരത്തിലും അര്‍ത്ഥത്തിലും ഭയം വിതറുകയും ചെയ്തു. മരണപ്പെട്ടു അരനൂറ്റാണ്ടിനു ശേഷം അദ്ദേഹത്തിന്‍റെ ആദര്‍ശ നേതൃപാഠങ്ങള്‍ വിശകലനം ചെയ്യുമ്പോഴും ഒരു ദശാബ്ദമെന്ന ഹ്രസ്വകാലയളവില്‍, ആ പണ്ഡിതപ്രതിഭ തീര്‍ത്ത ധര്‍മപ്രപഞ്ചം കൗതുകമുയര്‍ത്തുന്നതു തന്നെയാണ്.
മുകളില്‍ സൂചിപ്പിച്ചതുപോലെ റശീദുദ്ദീന്‍ മൂസ മുസ്ലിയാരുടെ വിയോഗത്തോടെ മുജാഹിദുകള്‍ മലബാറില്‍ തലപൊക്കാന്‍ ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ലോകമുസ്ലിം പാരമ്പര്യത്തില്‍ നിന്ന് ജനങ്ങളെ അടര്‍ത്തിമാറ്റി അവരില്‍ ബിദ്അത്ത് വളര്‍ത്താന്‍ ശ്രമിക്കുകയും എവിടെയും സംവാദ വെല്ലുവിളികളുയര്‍ത്തുകയും കലുഷരംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കൂട്ടായി അബ്ദുല്ല ഹാജി, പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി, എ അലവി മൗലവി തുടങ്ങിയ മുജാഹിദ് പ്രഭാഷകര്‍ നിറഞ്ഞാടി. മൂസ മുസ്ലിയാരുടെ തന്മയത്വത്തോടെ തങ്ങള്‍ക്കു മുഖാമുഖം നില്‍ക്കാന്‍ മറ്റൊരു സുന്നി പണ്ഡിതനില്ലെന്ന മൂഢവിശ്വാസമാണവരെ ധ്യൈപ്പെടുത്തിയത്.
കത്തിനിന്ന ഈ ശൂന്യതക്ക് പൂരണം നല്‍കിക്കൊണ്ടാണ് പതി മലബാറില്‍ വരുന്നത്. ഇതിന് നിമിത്തമായത് ഒരു കമ്പിസന്ദേശമായിരുന്നു. ഓച്ചിറ വടക്കേ പള്ളിയില്‍ ദര്‍സ് നടത്തുകയായിരുന്ന സാത്വികനായ വാഴക്കാട് മുഹമ്മദ് മുസ്ലിയാര്‍ (വിളയില്‍ പറപ്പൂര്‍ സ്വദേശി)ക്ക് പറവണ്ണ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാരയച്ച ആ സന്ദേശത്തില്‍ മലബാറില്‍ സുന്നത്ത് ജമാഅത്ത് നിലനിര്‍ത്താന്‍ പ്രാപ്തനായ ഒരാളെ അയച്ചുതരണമെന്ന ആവശ്യമാണുന്നയിച്ചിരുന്നത്. തന്‍റെ ഇഷ്ട ശിഷ്യനായ പതിയാരകത്ത് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെയാണ് മഹാന്‍ അതിനു നിയോഗിച്ചയച്ചത്.
പതിയെ പറഞ്ഞയക്കുമ്പോള്‍ ഗുരുവര്യര്‍ പറഞ്ഞുവത്രെ: “നീ മലബാറില്‍ ചെന്ന് സുന്നത്ത് ജമാഅത്ത് ഉറപ്പിച്ചുവരിക.’ എല്ലാ അനുഗ്രഹാശിസ്സുകളും അതില്‍ പൊതിഞ്ഞുനിന്നിരുന്നുവെന്നതിന് പില്‍ക്കാലം സാക്ഷി. തിരുവിതാംകൂറില്‍ നിന്നു പതിയെ കൂട്ടിക്കൊണ്ടുവരാന്‍ പോയവര്‍ അദ്ദേഹവുമായി മലബാറിലെത്തുമ്പോള്‍ രംഗം കുറെക്കൂടി കലങ്ങിനില്‍ക്കുകയാണ്. നെടിയിരുപ്പില്‍ അലവി മൗലവി മുഹ്യിദ്ദീന്‍ മാലയെ വിമര്‍ശിച്ചു പ്രസംഗിക്കുന്നയിടത്തേക്കാണ് പതിയുടെ വരവ്. അരങ്ങേറ്റം തന്നെ ചരിത്രമായി. മുഹ്യിദ്ദീന്‍ മാലയായിരുന്നു പ്രമാദ വിഷയം. അലവി മൗലവിയെ നേര്‍ക്കുനേര്‍ എതിരിട്ട പ്രാമാണികമായ സമര്‍ത്ഥനത്തിനൊടുവില്‍ മൗലവിക്കു പറയേണ്ടി വന്നു; മുസ്ലിയാര്‍ പറയുന്നതു പോലെയാണെങ്കില്‍ മുഹ്യിദ്ദീന്‍ മാലയില്‍ ശിര്‍ക്കില്ല എന്ന്. ആ നേരമത്രയും വാദിച്ചുകൊണ്ടുവന്നത് ഈ ഒരൊറ്റ പരാമര്‍ശത്തോടെ മൗലവിതന്നെ ഇട്ടുടച്ചു. ഒരു ദശാബ്ദക്കാലം നീണ്ട ആദര്‍ശമാരത്തണിന് തുടക്കത്തിലേ മുജാഹിദ് മൗലവി നല്‍കിയ അംഗീകാരം ഇന്ധനം പകര്‍ന്നു.
പ്രായത്തെ അതിജയിക്കുന്ന ധിഷണയും പാണ്ഡിത്യവും ഇടവേളയില്ലാത്ത വാഗ്പ്രവാഹവും തീപ്പാറുന്ന ആശയസമര്‍ത്ഥനവും മലബാറിന്‍റെ ഏതാണ്ടെല്ലാ ദേശങ്ങളിലും കടലിരമ്പമുണ്ടാക്കി. ബിദഈ പൗരോഹിത്യം തീര്‍ത്ത തെറ്റിദ്ധാരണകള്‍ അതിനുമുന്നില്‍ കടപുഴകി നിലംപൊത്തി. അജ്ഞതകൊണ്ട് നവീനപ്രസ്ഥാനത്തില്‍ കുടുങ്ങിയവര്‍ സത്യപ്രകാശത്തിലേക്കു മടങ്ങിയെത്തി. ചുരുക്കത്തില്‍ പതി സമസ്തയുടെ നാക്കും വാക്കുമായി; സമുദായത്തിന്‍റെയും. സ്വന്തം ചെലവിലും അധ്വാനത്തിലുമുള്ള അദ്ദേഹത്തിന്‍റെ പ്രഭാഷണ പരമ്പരകള്‍, ഖണ്ഡനങ്ങള്‍ നിസ്തുലമായിരുന്നു. നിഷ്കാമ കര്‍മിയായി, ഭൗതിക പ്രലോഭനങ്ങളേല്‍ക്കാതെ പ്രബോധനഗോദയില്‍ മഹാന്‍ അധൃഷനായി. ദേഹാധ്വാനത്തിനും സമയം മിനക്കേടിനും ബദലായി പ്രഭാഷകന്‍ പ്രതിഫലം സ്വീകരിക്കുന്നത് തെറ്റൊന്നുമല്ലെങ്കിലും പതി വേറിട്ടുനിന്നു. കണക്കുപറഞ്ഞോ, വിഭവത്തിനു കുറ്റം കണ്ടെത്തിയോ മുന്‍ ദുരനുഭവം കാരണം പിന്നീടു വരാതിരുന്നോ അസ്വീകാരം പ്രകടിപ്പിച്ചില്ല. സമുദായത്തിന് താനൊരു ഭാരമാവരുതെന്നും പ്രബോധകരായ മുന്‍ഗാമികള്‍ അനുഭവിച്ചു തീര്‍ത്തതിന്‍റെ ഒരംശംപോലുമില്ല ഇതെന്നും സ്വയമുള്‍ക്കൊണ്ടു വഴിവിളക്കായി വര്‍ത്തിച്ചു അദ്ദേഹം. പില്‍ക്കാലത്ത് ഇകെ ഹസന്‍ മുസ്ലിയാരെ പോലുള്ള ചിലരും ഈ വഴി തുടര്‍ന്നു.
പതിയെ അക്കാലത്തു പ്രസിദ്ധീകരണങ്ങള്‍ വിശേഷിപ്പിച്ചത് “തെക്കുനിന്നൊരു കൊടുങ്കാറ്റ്’ എന്നാണ്. അന്വര്‍ത്ഥമായിരുന്നുവത്. കൊടുങ്കാറ്റിന്‍റെ എല്ലാ രൗദ്രഭാവങ്ങളും അദ്ദേഹം വലിച്ചു പുറത്തിട്ടു. പ്രവാചകരെ അവമതിക്കുന്ന, സച്ചരിതരായ മുന്‍ഗാമികളെ പഴിക്കുന്ന, വിശ്വാസികളില്‍ ശിര്‍ക്കാരോപിക്കുന്നവരുമായി ഒരു സന്ധിക്കും നീക്കുപോക്കിനും അദ്ദേഹം നിന്നില്ല. ആദര്‍ശത്തിന്‍റെ നിലപാടുതറയില്‍ ഇഞ്ചോടിഞ്ച് പൊരുതിക്കയറി. ഇസ്തിഗാസയെന്ന മഹാത്മാക്കളോടുള്ള സഹായാര്‍ത്ഥന, പവിത്ര വസ്തുക്കളെയും വ്യക്തികളെയും മധ്യവര്‍ത്തിയാക്കിയുള്ള തവസ്സുല്‍, ഖുതുബ പരിഭാഷ, കൂട്ടുപ്രാര്‍ത്ഥന തുടങ്ങി തര്‍ക്കമുന്നയിച്ച വിഷയങ്ങളിലെല്ലാം അവാന്തര വിഭാഗങ്ങള്‍ക്കെതിരെ ഇസ്ലാമിന്‍റെ പക്ഷത്തുനിന്ന് പ്രമാണങ്ങള്‍ നിരത്തി. ചുരുങ്ങിയ കാലത്തെ ആ പ്രബോധ നതപസ്യ, കാലത്തിനു ചുരുക്കിക്കെട്ടാനാവാത്ത വിധം അദ്ദേഹത്തിന്‍റെ യശസ്സിനെ പെരുപ്പിച്ചു നിര്‍ത്തുന്നത് ഇതൊക്കെ തന്നെയാണ്.
സമസ്ത അറുപതാം വാര്‍ഷിക സുവനീറില്‍ പതിയുടെ സ്വതസിദ്ധമായ അവതരണ മികവിനൊരു ഉദാഹരണം പരാമര്‍ശിച്ചു കാണാം. അതിങ്ങനെ ചുരുക്കാം: മലപ്പുറം കുന്നിന്‍ മുകളിലെ പഴയ പള്ളിയില്‍ തത്പരകക്ഷികള്‍ ഖുതുബ പരിഭാഷയാരംഭിച്ചു. പതി വരുമെന്നുറപ്പായ ബിദഇകള്‍ ഏതറ്റകൈ പ്രയോഗിച്ചും തടയാന്‍ തീരുമാനിച്ചു. ക്രമസമാധാന പാലകരെ സമീപിച്ച് പതി കുഴപ്പക്കാരനാണെന്നവതരിപ്പിച്ചു. പതിയെ വീഴ്ത്താന്‍ ചില നമ്പരുകളും പോലീസുകാരെ ചൊല്ലി പഠിപ്പിച്ചുവത്രെ. ഖുതുബ പ്രസംഗമാണെന്നും അതറബിയിലായാല്‍ പൊതുജനത്തിന് ദുര്‍ഗ്രാഹ്യമാകുമെന്നും അതിനാല്‍ മലയാളത്തിലാക്കണമെന്നും. തന്നെ പഠിപ്പിച്ച പല്ലവി, പ്രസംഗത്തിനു പതി വന്നപ്പോള്‍ പോലീസുകാരന്‍ അദ്ദേഹത്തിനു വിളമ്പി. ജനങ്ങളെ അറിവില്ലായ്മയില്‍ നിറുത്തി ചൂഷണം ചെയ്യാനാണ് മുസ്ലിയാരുടെ ഉന്നമെന്നും കൂട്ടിച്ചേര്‍ത്തു. പോലീസുകാരന്‍റേതു തീര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു തുടങ്ങി: നിങ്ങള്‍ വലിയൊരുദ്യോഗസ്ഥനാണ്. മൗലവിമാര്‍ പറഞ്ഞതു വിശ്വസിച്ചായിരിക്കാം ഖുതുബ പ്രസംഗമാണെന്നു താങ്കള്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ ചോദിക്കട്ടെ, 144 പാസാക്കിയ സ്ഥലത്ത് ജനങ്ങള്‍ക്കു സംഘടിച്ചു നില്‍ക്കാനോ പ്രസംഗം നടത്തുവാനോ നിങ്ങള്‍ അനുവദിക്കുമോ? ഇല്ലെന്നു പോലീസുകാരന്‍. എന്തുകൊണ്ടെന്നു പതി. അതു നിയമലംഘനമാണെന്നുത്തരം. പതിയുടെ അടുത്ത ചോദ്യം: എന്നാല്‍ 144 പാസാക്കിയ വല്ല സ്ഥലങ്ങളിലും ജുമുഅയും ഖുതുബയും നിരോധിച്ച ചരിത്രമുണ്ടോ? ഇല്ലെന്നു ഉദ്യോഗസ്ഥന്‍. പതി: എന്തുകൊണ്ട്? ആരാധനയായതു കൊണ്ടെന്നു പറഞ്ഞ പോലീസുകാരനോടു ചിരിച്ചുകൊണ്ട് പതി ചോദിക്കുന്നു, ഇപ്പോള്‍ ഖുതുബ ഒരു സാധാരണ പ്രസംഗമല്ലെന്നും അതൊരു ആരാധനയാണെന്നും താങ്കള്‍ക്കു മനസ്സിലായല്ലോ?
ക്ഷമിക്കണമെന്നും ഞാന്‍ അത്രക്കങ്ങു ചിന്തിച്ചില്ലെന്നുമാണ് തുടര്‍ന്ന് പോലീസുദ്യോഗസ്ഥന്‍ പറയുന്നത്. അദ്ദേഹത്തിനു ഉള്‍ക്കൊള്ളാനാവുന്ന രീതിയില്‍ ഒരു വിശദീകരണം കൂടി പതി നല്‍കിക്കഴിഞ്ഞപ്പോള്‍ ചിത്രം മറ്റൊന്നായി മാറുകയാണ്. ദിവസങ്ങള്‍ നീണ്ട തന്‍റെ പ്രസംഗത്തിനാവശ്യമായ എല്ലാ സംരക്ഷണവും ആ ഉദ്യോഗസ്ഥവൃന്ദം നല്‍കുന്നു.
ഇത്ര കൃത്യമായിരുന്നു അദ്ദേഹത്തിന്‍റെ വിവരണങ്ങളും പ്രഭാഷണങ്ങളും. എതിരാളിപോലും സമ്മതിക്കുന്ന ധൈഷണികപ്രാമാണിക സമര്‍ത്ഥനങ്ങള്‍. പതിയുടെ മുന്‍കയ്യാല്‍ സമസ്തയുടെ പ്രവര്‍ത്തന രംഗത്തു കടന്നുവന്നവരും അനവധിയാണ്. കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, എന്‍ അബ്ദുല്ല മുസ്ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍… നിര നീളുന്നു. പൂനൂര്‍, കരുവാരക്കുണ്ട് സംവാദങ്ങളും അദ്ദേഹം മുന്നില്‍ നിന്നു നടത്തി അഹ്ലുസ്സുന്നയുടെ അജയ്യത ഊട്ടിയുറപ്പിച്ചു.
വേദികളില്‍ നിന്നു വേദികളിലേക്ക് അദ്ദേഹം തുടര്‍ച്ചയായി പൊയ്ക്കൊണ്ടിരുന്നു; സ്വന്തം ആരോഗ്യമോ സാമ്പത്തിക ഞെരുക്കങ്ങളോ വകവെക്കാതെ. സാധുക്കളും സാധാരണക്കാരുമാണദ്ദേഹത്തിന്‍റെ സതീര്‍ത്ഥ്യര്‍. പ്രമാണിമാര്‍ക്കൊപ്പമല്ല, പ്രമാണങ്ങള്‍ക്കൊപ്പമാണ് നിലകൊണ്ടത്. മലബാര്‍ മേഖലയില്‍ പ്രായംചെന്നവര്‍ ആ വീരഗാഥകള്‍ ക്ലാവുപറ്റാതെ ഓര്‍ത്തുവെക്കുന്നതും അയവിറക്കുന്നതും മഹാത്മാവ് അവരെ എത്രയാഴത്തില്‍ സ്വാധീനിച്ചുവെന്നു കുറിക്കുന്നു. ലളിതമായ ആ ജീവിതവും ഗാംഭീര്യം സ്ഫുരിക്കുന്ന മുഖകമലവും നേരിട്ടു കാണാത്തവരിലേക്കുപോലും ആദരവു പകരുന്നതാണ്. സമസ്തയുടെ ചരിത്രമെഴുത്തില്‍ മുന്‍നിരയില്‍ അദ്ദേഹം നിവര്‍ന്നു നില്‍ക്കുന്നതും വെറുതെയല്ല.
1959 മാര്‍ച്ച് 30ന് വ്യാഴാഴ്ചയായിരുന്നു ആ യുഗപുരുഷന്‍റെ ജീവിതം തിരശ്ശീല താഴ്ത്തിയത്. ഹൃദയഹാരിയും തപ്തവുമാണാ അന്ത്യനിമിഷം. കോഴിക്കോട്ടെ ബാപ്പുട്ടി ഹാജിയുടെ റംഗൂണ്‍ ലോഡ്ജിലായിരുന്നു ആദര്‍ശജേതാവിന്‍റെ ജൈത്രയാത്രയുടെ പര്യവസാനം. സായാഹ്നം, പ്രിയ കൂട്ടുകാരനായ കോയക്കുട്ടി മുസ്ലിയാരോട് അദ്ദേഹം പറഞ്ഞു: നാളെ ജുമുഅക്ക് മുന്പെ നാട്ടിലെത്തണമെന്ന്. മഗ്രിബോടടുത്ത് മുകളിലെ റൂമിലേക്കു കയറിപ്പോയ മഹാന്‍ ഏറെക്കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നപ്പോള്‍ ചെന്നുനോക്കിയ സഹചാരികള്‍ കാണുന്നത് ആ ആദര്‍ശ കേസരി പടയവസാനിപ്പിച്ച് പടച്ചവനിലേക്കു മടങ്ങിയതാണ്. ചൈതന്യം സ്ഫുരിക്കുന്ന ആ മുഖം അപ്പോഴും ജീവന്‍ തുടിക്കുന്നപോലെ. അനന്തര കര്‍മങ്ങള്‍ നിര്‍വഹിച്ച് വസ്വിയ്യതുപോലെ ജനാസ ജന്മനാട്ടിലേക്ക്. ഗുരുനാഥന്‍ തന്നെ പ്രിയ ശിഷ്യന്‍റെ മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നല്‍കി.
പതി അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുടെ ജീവിതം പകരുന്ന സന്ദേശങ്ങള്‍ നിരവധിയാണ്. ഹൃദയസ്പൃക്കായ ഒരു ഗുരുശിഷ്യ ബന്ധത്തിന്‍റെ ഊഷ്മളത, ആദര്‍ശത്തോടുള്ള കണിശമായ പ്രതിബദ്ധത, സാധുജനങ്ങളുമായുള്ള ഇഴപിരിയാത്ത ഇണക്കം, പ്രായത്തെ മറികടന്നുള്ള ജ്ഞാനം, ധിഷണാപരമായ ആശയസാധന, മാതൃകയാക്കാവുന്ന സാത്വിക ജീവിതം, ഭക്തി, പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ത്യാഗസന്നദ്ധത, ഭൗതിക താല്‍പര്യങ്ങളെ ആത്മാര്‍ത്ഥത കൊണ്ട് കീഴടക്കല്‍… മഹാന്‍റെ ആദര്‍ശ നേതൃത്വം ഈ പാഠങ്ങളാണ് ശേഷതലമുറക്ക് കൈമാറ്റം ചെയ്യുന്നത്. ഉന്നതമായ പദവിയിലെത്തിയിട്ടും വേറിട്ടു നില്‍ക്കലല്ല, സംഘടനക്കൊപ്പം ഒന്നിച്ചു നില്‍ക്കലാണ് ശക്തി, ശരിയെന്ന് ജീവിതവും നിലപാടും കൊണ്ട് അദ്ദേഹം പഠിപ്പിച്ചു. ഖുദ്സിന്‍റെ ചരിത്രമെഴുത്തുകാര്‍ വൃഥാ പറയാറുണ്ട്; മറ്റൊരു സ്വലാഹുദ്ദീന്‍ അയ്യൂബി എന്നാണ് ഉദയം കൊള്ളുകയെന്ന്. പതി ഉസ്താദിനെ വായിച്ചവസാനിപ്പിക്കുമ്പോഴും നാം ഇതു തന്നെയല്ലേ കൊതിച്ചുപോവുന്നത്?
അബ്ദുല്‍ ഗഫൂര്‍ നിസാമി