മര്‍കസിന്റെ 37-ാം വാര്‍ഷിക സമ്മേളനത്തിന് തിരശ്ശീല വീണു. മഹാസമ്മേളനത്തിന്റെ ആരവമടങ്ങി കാമ്പസ് സാധാരണ നിലയില്‍ മുന്നേറുമ്പോള്‍ വിപ്ലവ പൂര്‍വകാലത്തെ സ്മരണകള്‍ പുനര്‍വായിക്കുന്നത് ഗുണകരമാണ്. ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഉയരത്തെക്കുറിച്ചും പിന്നിട്ട പടവുകളെ കുറിച്ചും ഒരിക്കല്‍ കൂടി ഓര്‍മിക്കാന്‍ അത് സഹായകമാകും. കിതച്ചും കുതിച്ചുമുള്ള ആ മഹാപ്രയാണത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ ചികഞ്ഞ് സുന്നിവോയ്സിന്റെ പഴയ താളുകളിലൂടെ സഞ്ചരിക്കാം.

തുര്‍ക്കിയ്യാ യതീംഖാനയാണല്ലോ മര്‍കസിന്റെ പ്രഥമ സംരംഭം. 1980 സപ്തംബര്‍ 19-ാം ലക്കത്തിന്റെ മുഖപേജില്‍ “ആവശ്യമുണ്ട്’ എന്നൊരു പരസ്യം കാണാം. അതിങ്ങനെ: കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ കീഴിലുള്ള തുര്‍കിയ്യാ യതീംഖാനയില്‍ ഒന്നും രണ്ടും ക്ലാസുകളില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതിന് എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ ആവശ്യമുണ്ട്. അത്തരം കുട്ടികളെ എപ്പോഴും സ്വീകരിക്കുന്നതാണ്. ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍കസ് പ്രസിഡന്‍റ്.’

സപ്തംബര്‍ 12 ലക്കത്തില്‍ “എപി വീണ്ടും വിദേശത്തേക്ക്’ എന്ന വാര്‍ത്തയുണ്ട്. ഗള്‍ഫ് നാടുകള്‍ മര്‍കസിന്റെ ഉയര്‍ച്ചയില്‍ എത്രയേറെ പങ്കുവഹിച്ചുവെന്നതിന്റെ സൂചകമാണിത്. അതില്‍ നിന്ന്: “സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കാരന്തൂരില്‍ സ്ഥാപിതമാകുന്ന മര്‍കസുസ്സഖാഫിത്തിസ്സുന്നിയ്യയുടെ പ്രഥമഘട്ടമായ തുര്‍ക്കിയ്യ യതീംഖാനാ കെട്ടിടത്തിന് സാമ്പത്തിക സഹായം നല്‍കിക്കൊണ്ടിരിക്കുന്ന അശ്ശൈഖ് അബ്ദുല്ലാ കുലൈബിന്റെ ക്ഷണമനുസരിച്ച് പ്രസ്തുത സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്‍റും സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയുമായ മൗലാനാ എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അബൂദാബിയിലേക്ക് പുറപ്പെട്ടിരിക്കുന്നു. സംഘടനാ നേതാക്കളും സഹപ്രവര്‍ത്തകരും സ്നേഹജനങ്ങളുമടങ്ങുന്ന വമ്പിച്ച ജനാവലി റയില്‍വേസ്റ്റേഷനില്‍ വെച്ച് അദ്ദേഹത്തിന് ഹൃദ്യമായ യാത്രയയപ്പു നല്‍കി. ഏതാനും ആഴ്ചകള്‍ വിദേശത്തായിരിക്കുന്ന അദ്ദേഹം യുഎഇയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കുന്നതും അവിടെയെല്ലാമുള്ള മലയാളികള്‍ക്ക് മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയെ സംബന്ധിച്ച് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ്. സുന്നി യുവജന സംഘം സെക്രട്ടറി വിഎം കോയമാസ്റ്റര്‍ ബോംബെ വരെ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.’

സപ്തംബര്‍ 26 ലക്കം എഡിറ്റോറിയലും മര്‍കസിനെക്കുറിച്ചാണ്. “മര്‍കസും എപിയുടെ വിദേശയാത്രയും’ എന്നു ശീര്‍ഷകം. അതില്‍ നിന്ന്:

പത്തിന പരിപാടികളുള്‍ക്കൊള്ളുന്നതും ഒരു കോടിയോളം രൂപ മതിപ്പ് ചെലവ് കണക്കാക്കിയിട്ടുള്ളതുമായ ബ്രഹത്തായ ഒരു പദ്ധതിയാണ് സമസ്ത കേരള സുന്നി യുവജനസംഘം ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന മര്‍കസുസ്സഖാഫത്തി സുന്നിയ്യ അഥവാ, സുന്നി സാംസ്കാരിക കേന്ദ്രം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി, മൗലാനാ ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനം ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ച ദീനീ പ്രേമികളും സമുദായ സ്നേഹികളുമായ ജനവിഭാഗത്തിന് ആഹ്ലാദവും ആവേശവും പകര്‍ന്നുകൊണ്ടിരിക്കുന്നു.

പ്രസ്തുത കേന്ദ്രത്തിന്റെ പ്രഥമഘട്ടമായ യതീംഖാന ഏതാനും മാസങ്ങളായി പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. യതീംഖാന കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. വിശാലമായൊരു പള്ളി ഈ സ്ഥാപനത്തോടനുബന്ധിച്ചു ഒഴിച്ചുകൂടാത്തതാണ്. അതിനുള്ള അടിക്കല്ലിടല്‍ കര്‍മവും നിര്‍വഹിച്ചുകഴിഞ്ഞു. അഞ്ചുലക്ഷത്തോളം രൂപയാണിതിന് വകയിരുത്തിയിട്ടുള്ളത്. ഒരു വര്‍ഷത്തിനകം പള്ളിയുടെയും യതീംഖാനാ കെട്ടിടങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനു ഭാരവാഹികള്‍ കഠിനാധ്വാനം ചെയ്തുവരുന്നുണ്ട്.

ഭാരിച്ച ചുമതലകളുള്‍ക്കൊള്ളുന്നതും മര്‍കസിന്റെ ലക്ഷ്യങ്ങളില്‍ മുക്കാല്‍ ഭാഗവും ഉടനുടനെ പ്രായോഗികതലത്തില്‍ വരേണ്ടതും എന്നാല്‍, അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നതുമാണ് മൂന്നാം ഘട്ടമായ ബോര്‍ഡിങ്ങ് മദ്റസ. ഇന്നു ഭൗതിക വിദ്യാഭ്യാസവും മതവിദ്യാഭ്യാസവും ഒന്നിച്ചു ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ തുലോം വിരളമാണ്. രണ്ടും രണ്ടു മാര്‍ഗങ്ങളിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതും, വളരെ പ്രയാസങ്ങളും പ്രതിബന്ധങ്ങളും സഹിച്ചുകൊണ്ടാണ് ചിലരെങ്കിലും ഇവ രണ്ടും കരഗതമാക്കുന്നത്. ഭൂരിപക്ഷത്തിനും ഇത് സാധ്യമല്ല. ഫലമോ? മതവിദ്യാഭ്യാസം തേടുന്നവര്‍ ഭൗതിക വിദ്യാഭ്യാസത്തില്‍ പിന്‍നിരയിലാവുന്നു. ഭൗതിക വിദ്യാഭ്യാസം മാത്രം കരഗതമാക്കുന്നവര്‍ ഭാവിയില്‍ ദീനുമായി തീരെ ബന്ധമില്ലാത്തവരോ നിര്‍മിത നിരീശ്വരവാദികളോ ആയിത്തീരുന്നു. ഇതിനു പരിഹാരമുണ്ടാവണമെങ്കില്‍ മതഭൗതിക വിജ്ഞാനങ്ങളൊന്നിച്ചു കരഗതമാക്കാന്‍ സംവിധാനങ്ങളുണ്ടായേ തീരൂ.

ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തിന്റെ അഭാവത്തില്‍ മനംനൊന്തു കഴിയുന്നവര്‍ എന്പാടുമുണ്ട്. കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി സ്വന്തക്കാരെയും ബന്ധുക്കളെയും വിട്ടു കടലും കരയും താണ്ടി വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരാണ് അവരിലധികവും. ചുട്ടുപഴുത്ത മണല്‍പ്പരപ്പില്‍ വെന്തുനീറി ജോലി ചെയ്തിട്ടെങ്കിലും സ്വകുടുംബത്തെ സുഭിക്ഷതയുടെ മടിത്തട്ടിലേക്ക് നയിക്കുന്ന അവര്‍ ആകുലചിത്തരായിട്ടാണ് കഴിയുന്നത്. അല്ലലെന്തെന്നറിയാതെയും ശരിയായ ശിക്ഷണമില്ലാതെയും വളരുന്ന തങ്ങളുടെ സന്താനങ്ങള്‍ പരലോകത്ത് ചെല്ലുമ്പോള്‍ തങ്ങള്‍ക്ക് നാശകാരികളായിത്തീര്‍ന്നേക്കുമോ എന്ന ചിന്തയാണ് അവരെ നൊമ്പരപ്പെടുത്തുന്നത്…

മര്‍കസിന്റെ മൂന്നാം ഘട്ടമായി ബോര്‍ഡിംഗ് മദ്റസാ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അതോടനുബന്ധിച്ചുതന്നെ പ്രാഥമിക മദ്റസ, ഹയര്‍ മദ്റസ, സെക്കണ്ടറി മദ്റസ, ഓറിയന്‍റല്‍ ഹൈസ്കൂള്‍, സാങ്കേതിക തൊഴില്‍ പരിശീലന കേന്ദ്രം, ആശുപത്രി തുടങ്ങിയ മറ്റിന പരിപാടികളും ഒന്നിനൊന്നു പിറകെയായി രൂപം കൊള്ളേണ്ടിവരും. ആധുനിക സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റല്‍ കെട്ടിടവും സജ്ജമാക്കണം. ഭീമമായ സംഖ്യ മുതലിറക്കി ചെയ്യേണ്ട കാര്യങ്ങളാണിവ.

ഇക്കാര്യങ്ങളെല്ലാം ഒരിക്കല്‍കൂടി വിശദമായി വിദേശങ്ങളില്‍ താമസിക്കുന്ന കേരളീയ സുഹൃത്തുക്കളെ ധരിപ്പിക്കാനാണ് സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയും മര്‍കസ് വൈസ് പ്രസിഡന്‍റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജോ. സെക്രട്ടറിയും സുന്നിവോയ്സ് പ്രസാധകനും മുസ്‌ലിം കേരളത്തിന്റെ കണ്ണിലുണ്ണിയുമായ അല്‍ഹാജ് എപി അബൂബക്കര്‍ മുസ്‌ലിയാര്‍ (ബാഖവി) ഇക്കഴിഞ്ഞ 13നു ബോംബെയില്‍ നിന്നും അബൂദാബിയിലേക്ക് പുറപ്പെട്ടത്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്താനുദ്ദേശിക്കുന്നുണ്ട്. അവിടങ്ങളിലെല്ലാം തളര്‍ച്ചയെന്തെന്നറിയാതെ പരിശുദ്ധ ദീനീ പ്രവര്‍ത്തനങ്ങളില്‍ നിരതനായിക്കഴിയുന്ന അദ്ദേഹത്തിനു അര്‍ഹവും വീരോചിതവമായ വരവേല്‍പ് ലഭിക്കുമെന്നു നമുക്കുറപ്പിക്കാം. സര്‍വശക്തനായ അല്ലാഹു അവന്റെ ദീനിനെ സഹായിക്കുന്ന സജ്ജനങ്ങളില്‍ നമ്മെയെല്ലാം ഉള്‍പ്പെടുത്തുമാറാവട്ടെ, ആമീന്‍.’

മുപ്പത്തിനാല് വര്‍ഷത്തിനിപ്പുറം മഹാ പ്രസ്ഥാനമായി മര്‍കസ് വളര്‍ന്നിരിക്കുന്നു. മലയാളികളുടെ അഭിമാനഗോപുരമായി വിശ്വത്തോളം തലയെടുപ്പോടെ…

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ