പണ്ഡിത കുടുംബത്തിൽ നിന്നുള്ള ആളാണല്ലോ താങ്കൾ. ഈ വഴിലേക്കെത്താനുള്ള പ്രധാന പ്രോത്സാഹനം എന്തായിരുന്നു?

? ഒരു പിതാവിന് പ്രധാനമായും രണ്ട് ഉത്തരവാദിത്വങ്ങളാണുള്ളത്. ഒന്നാമതായി, തന്റെ മകന്റെ ദൗത്യമെന്താണ്, അവൻ ഭാവിയിൽ എന്താവണം, അവന്റെ ഉത്തരവാദിത്വവും ലക്ഷ്യവുമെന്താണ് തുടങ്ങിയ കാര്യങ്ങൾ അവനു തന്നെ ബോധ്യപ്പെടുത്തികൊടുക്കുക. അങ്ങനെ ചെയ്താൽ ഒരാളുടെയും പ്രേരണയില്ലാതെ തന്നെ അവൻ കഠിനാധ്വാനം ചെയ്യുകയും പഠിച്ചു വളരുകയും ചെയ്യും. രണ്ടാമതായി, ആ കാലഘട്ടത്തിൽ ജീവിക്കാനും ലക്ഷ്യങ്ങൾ നിറവേറ്റാനുമുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിൽ അവനെ സഹായിക്കുക.

നിങ്ങളുടെ മക്കളെ നിങ്ങൾ ജീവിച്ചതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യത്തിൽ ജീവിക്കാൻ പര്യാപ്തരാക്കി വളർത്തുക എന്ന് അലി(റ) പറഞ്ഞിട്ടുണ്ട്. കാരണം അവർ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ വ്യത്യസ്തമായിരിക്കും. എന്റെ വന്ദ്യപിതാവിന് എന്നെക്കുറിച്ച് കൃത്യമായൊരു ചിത്രമുണ്ടായിരുന്നു. പത്താം വയസ്സിൽ തന്നെ എന്നെ ഹാഫിളാക്കി. ഒരോ പ്രാവശ്യവും വീട്ടിൽ നിന്ന് ഹിഫ്‌ള് കോളേജിലേക്ക് തിരിച്ചു പോകുമ്പോൾ ഉമ്മ പിതാവിനോട് പരിഭവപ്പെടുന്നത് ഞാൻ കേട്ടിട്ടുണ്ട്; കൊതിതീരെ അവനെയൊന്ന് സ്‌നേഹിക്കാൻ അനുവദിച്ചുകൂടേയെന്ന്. ചുണ്ടുകൾക്ക് കുറുകെ ചൂണ്ട് വിരൽ വെച്ച് ഉമ്മയെ നിശ്ശബ്ദയാക്കിയ ശേഷമുള്ള പിതാവിന്റെ മറുപടി ഇപ്രകാരമായിരുന്നു: അവൻ ഇസ്‌ലാമിന് വേണ്ടിയുള്ളതാണ്.’ ആ വാക്കുകൾ എനിക്ക് നൽകിയ ഊർജ്ജം എത്രയെന്ന് വിവരിക്കാൻ കഴിയില്ല.

കെയ്‌റോയിലെ അൽ അസ്ഹറിൽ ചേർന്ന് പഠിക്കാൻ ചെറുപ്പത്തിൽ തന്നെ എനിക്ക് പ്രേരണ നൽകിയതും വന്ദ്യപിതാവാണ്. വേനലവധിക്ക് അദ്ദേഹം ഒരുപാട് പുസ്തകങ്ങൾ വാങ്ങിത്തരുമായിരുന്നു. അറിവിനെ സ്‌നേഹിക്കുക എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

 

താങ്കളുടെ കുട്ടിക്കാലത്തെ ചുറ്റുപാടുകളിൽ നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ കുടുംബ സാഹചര്യം. ഇക്കാലത്ത് എങ്ങനെ അവരെ ഇസ്‌ലാമികമായി വളർത്തും?

? തീർച്ചയായും കുടുംബ സാഹചര്യങ്ങളിൽ ധാരാളം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മൊബൈലും ടാബ്‌ലറ്റും വാങ്ങിതരാമെന്നും ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തരാമെന്നും വീഡിയോ ഗെയിം കളിക്കാൻ സൗകര്യമൊരുക്കിത്തരാമെന്നുമൊക്കെയാണ് ഇന്ന് കുട്ടികൾക്ക് മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന വാഗ്ദാനങ്ങൾ. യഥാർത്ഥത്തിൽ അവരറിയുന്നില്ല അതൊക്കെ കുട്ടിയുടെ ലക്ഷ്യത്തെയും കർമത്തെയും വഴിതിരിച്ചുവിടുകയാണെന്ന്. അവർ പിന്നീടതിനു പരിഭവിക്കുകയും ചെയ്യും. വളരെ നാശകരമായ അവസ്ഥയാണിത്.

ഇങ്ങനെ വളരുന്ന കുട്ടികളിൽ ജീവിതം എന്നത് കേവലം ആസ്വാദനം മാത്രമായി ചുരുങ്ങുന്നു. പണത്തോട് അവർക്ക് വലിയ അഭിനിവേശമായിരിക്കും. സർഗാത്മകമായി ചിന്തിക്കാനും നിരീക്ഷിക്കാനും അവലോകനം ചെയ്യാനും ക്രിയാത്മകമായി ആശയവിനിമയങ്ങൾ നടത്താനും പരിശീലിക്കേണ്ട സമയത്ത് അവർ ആസ്വാദനത്തിൽ ആണ്ടു പോവുകയാണ്. പ്രായത്തിനൊത്ത പക്വതയില്ലാതെ വെറും യന്ത്രങ്ങളായി അവർ മാറുന്നു. മുതിർന്നിട്ടും കുട്ടിയോടെന്ന പോലെയാണ് മാതാപിതാക്കൾ അവരോട് പെരുമാറുക. ഒരു ഉത്തരവാദിത്വവും കുട്ടികളെ ഏൽപ്പിക്കാതെ എല്ലാം അവർ തന്നെ ചെയ്തുകൊടുക്കുന്നു. അതിനനുസരിച്ചുള്ള പക്വതയേ അത്തരം കുട്ടികളിൽ കാണൂ.

ഞാൻ ഓർക്കുന്നു, കുട്ടിക്കാലത്തേ ശൈഖ് എന്നായിരുന്നു എന്നെ എല്ലാവരും വിളിച്ചിരുന്നത്. പിതാവ് അങ്ങനെയാണ് എന്നെ വിളിച്ചിരുന്നത് എന്നതാണ് അതിനു കാരണം. മുതിർന്നവരോടെന്ന പോലെയാണ് വീട്ടുകാർ എന്നോട് പെരുമാറിയത്. നേതൃ രംഗത്ത് അതെനിക്ക് പിന്നീട് സഹായകമായി മാറി.

 

ഒരു മുസ്‌ലിം കുടുംബത്തിൽ പിതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം എന്താണ്?

? പിതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം മക്കൾക്ക് ഇസ്‌ലാമിക സ്വത്വബോധം നിർമിച്ച് കൊടുക്കുകയെന്നതാണ്. എന്റെ പിതാവ് വളരെ ആത്മാർത്ഥതയോടെ അത് നിറവേറ്റിയ ആളാണ്. ഞങ്ങളുടെ കുടുംബത്തിൽ നിന്ന് മൺമറഞ്ഞ് പോയ മഹാന്മാരെ കുറിച്ചും വലിയ പണ്ഡിതരെ കുറിച്ചുമുള്ള ചരിത്ര കഥകൾ വിവരിച്ച് തന്നാണ് എന്നെ വളർത്തിയത്. അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. നിന്റെ കൂട്ടുകാർ പഠിച്ച് ഡോക്ടർമാരോ വക്കീലുമാരോ വലിയ വ്യാപാരികളോ ഒക്കെ ആവട്ടെ. പക്ഷേ നമ്മുടെ ദൗത്യം അറിവിനെ സ്‌നേഹിക്കലാണ്, മറ്റുള്ളവരിലേക്ക് ഇസ്‌ലാമിനെ എത്തിച്ചു കൊടുക്കലാണ്. അതോടൊപ്പം അറിവിലൂടെ ഇസ്‌ലാമിനെ ഈ ലോകത്ത് ജീവിപ്പിക്കലുമാണ്.

കുട്ടിക്കാലത്ത് നിരന്തരം കേട്ടുകൊണ്ടിരുന്ന ഈ വാക്കുകൾ എന്നിൽ അറിവിനോട് വലിയ ആവേശവും ഇസ്‌ലാമിന് വേണ്ടി പ്രവർത്തിക്കാനുള്ള പ്രേരണയും നൽകി.

 

കുടുംബ ജീവിതത്തിന് ഇസ്‌ലാം ഇത്രത്തോളം പ്രധാന്യം കൽപ്പിക്കാനുള്ള കാരണം?

? കുടുംബ ജീവിതം നയിക്കേണ്ട രീതി ഇസ്‌ലാം വളരെ വ്യക്തമായി തന്നെ പഠിപ്പിച്ചു. അതിൽ പരസ്പര സ്‌നേഹവും ആത്മബന്ധവുമാണ് ഏറ്റവും പ്രധാനം. കുടുംബത്തിന്റെ സുഗമമായ പ്രയാണത്തിന് അധികാര കേന്ദ്രീകരണം ആവശ്യമാണെന്നും ഇസ്‌ലാം പറയുന്നു.

റസൂൽ(സ്വ) അനുയായികൾക്കിടയിൽ നല്ല നേതാവും കുടുംബത്തിൽ നല്ലൊരു പിതാവും ഭർത്താവുമായിരുന്നു. അനേകം കുടുംബങ്ങൾ നന്നാകുമ്പോൾ സമൂഹം നന്നാകുന്നു. അനേകം സമൂഹങ്ങൾ നന്നാകുമ്പോൾ ഈ ലോകം തന്നെ നന്നാകുന്നു. ഈയൊരു ആശയമാണ് കുടുംബ ജീവിതത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം കൽപ്പിക്കാനുള്ള കാരണങ്ങളിലൊന്ന്.

 

താങ്കളുടെ സ്ഥാപനമായ അൽ ഇഹ്‌സാനിന്റെ പ്രധാന ലക്ഷ്യം പാരമ്പര്യ വിദ്യാഭ്യാസം പകർന്നു നൽകുക എന്നതാണല്ലോ. താങ്കളുടെ പ്രസംഗങ്ങളിലുടനീളം പാരമ്പര്യത്തെ കുറിച്ചുള്ള പരാമർശങ്ങൾ നിറഞ്ഞ് നിൽക്കുന്നു. ഇസ്‌ലാമിൽ പാരമ്പര്യത്തിന് എന്ത് സ്ഥാനമാണുള്ളത്?

? പാരമ്പര്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്ന് സജീവമാണ്. പാരമ്പര്യത്തെ നിരാകരിച്ചിരുന്ന ആധുനിക സമൂഹം ഇന്ന് സ്വന്തം അസ്തിത്വത്തിന്റെ നിലനിൽപ്പിന് വേണ്ടി പാരമ്പര്യം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, ഇസ്‌ലാമിനെ സംബന്ധിച്ച് മുഹമ്മദ് നബി(സ്വ)യിൽ നിന്നു കിട്ടിയ അതിശക്തമായ പൈതൃകം മുസ്‌ലിംകളുടെ അസ്തിത്വത്തിന് ദൃഢത നൽകുന്നു.

യഥാർത്ഥ ഇസ്‌ലാം നിലനിൽക്കുന്നത് പാരമ്പര്യത്തിലൂന്നിയാണ്. ഗ്രന്ഥങ്ങളേക്കാളുപരി പൂർവസൂരികളായ പണ്ഡിതന്മാരുടെ പാരമ്പര്യമാണ് തലമുറകളിലേക്ക് ഇസ്‌ലാമിനെ കൈമാറിയത്. നവീകരണത്തിനു പിന്നാലെയാണല്ലോ പലരും. ഇസ്‌ലാമിൽ എന്താണ് നവീകരിക്കപ്പെടേണ്ടത്, എന്താണ് നവീകരിക്കപ്പെടാൻ പാടില്ലാത്തത് എന്ന ചോദ്യത്തിൽ നിന്നാണ് പാരമ്പര്യനിരാസം തല പൊക്കുന്നത്. മതപാരമ്പര്യമുള്ളവർക്കാണ് ഇതിന് കൃത്യമായി ഉത്തരം പറയാൻ സാധിക്കുക.

 

റസൂൽ(സ്വ)യിൽ നിന്നും കേവലം 29-ാമത്തെ തലമുറയാണ് താങ്കൾ. വംശ പാരമ്പര്യത്തിനും ഇസ്‌ലാം പ്രാധാന്യം നൽകിയിട്ടുണ്ടല്ലോ?

? പിതാവും പിതാവിന്റെ പിതാവുമൊക്കെ വലിയ പണ്ഡിതരും മഹാന്മാരുമാണെങ്കിൽ തീർച്ചയായും അയാൾക്ക് ആ ചങ്ങല മുറിയാതെ നിലനിർത്തേണ്ട സവിശേഷ ഉത്തരവാദിത്വമുണ്ട്. അത് കൊണ്ട്തന്നെ വംശപരമ്പര മുസ്‌ലിമിനെ സംബന്ധിച്ച് കൂടുതൽ ചുമതലാ ബോധം നൽകുന്നു. സയ്യിദ് വംശജർക്ക് പ്രത്യേകിച്ചും. അങ്ങനെ എല്ലാ മുസ്‌ലിംകളും ചരിത്രത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്നു.

 

ഈജിപ്തിൽ ജനിച്ച് വളർന്ന താങ്കൾ ഇന്ന് യു.കെ.യിൽ സ്ഥിരതാമസക്കാരനാണ്. ഈ പറിച്ചു നടലിന്റെ കാരണമെന്തായിരുന്നു?

ഗ്മ യൂറോപ്പിൽ ഇസ്‌ലാമിക പ്രബോധനം വഴിമുട്ടി നിൽക്കുകയാണെന്നും അവിടെ മുസ്‌ലിമായി ജനിക്കുന്നവർക്ക് മുസ്‌ലിമായി തന്നെ മരിക്കാൻ ആവശ്യമായ മത വിജ്ഞാനം എത്തിച്ച് കൊടുക്കാൻ പര്യാപ്തമായ മികച്ച സംവിധാനങ്ങൾ ഇല്ലെന്നും പിതാവ് ആകുലപ്പെടുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്.

ആയിടക്കാണ് 1986-ൽ അൽ അസ്ഹറിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് സ്ഥാപിതമാവുന്നത്. അന്നുമുതൽ അതിൽ ചേരാനും പടിഞ്ഞാറ് ഇസ്‌ലാമിക പ്രബോധനം നടത്താനും വന്ദ്യ പിതാവ് പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

 

വർധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണങ്ങൾ ആഗോളതലത്തിൽ ഇസ്‌ലാമിന്റെ യഥാർത്ഥ മുഖത്തെ വിരൂപമാക്കുന്നു. ആധുനിക പടിഞ്ഞാറിന് യഥാർത്ഥ ഇസ്‌ലാമിനെ ഉൾകൊള്ളാൻ കഴിയുമോ?

ഗ്മ 7/7 ആക്രമണവും പാരീസ് ആക്രമണവുമൊക്കെ യൂറോപ്പിന്റെ സാമൂഹിക മുഖ്യധാരയിൽ ഇസ്‌ലാമിന്റെ മുഖം വികൃതമാക്കിയിരിക്കുകയാണ്. മാത്രമല്ല, ക്രൈസ്തവരും ജൂതന്മാരും കേവലയുക്തിക്കനുസരിച്ച് മതത്തെ ക്രമീകരിച്ചപ്പോഴും ആശയാദർശങ്ങളിൽ ഉറച്ചു നിന്നു മുസ്‌ലിംകൾ. ഇസ്‌ലാം ഒരിക്കലും ആധുനികതയെ പൂർണമായി തള്ളിക്കളയുന്നില്ല. ഇസ്‌ലാമിനെ ആധുനിക വത്കരിക്കാനും ആധുനികതയെ ഇസ്‌ലാമിക വത്കരിക്കാനുമുള്ള ശ്രമങ്ങൾ ഇന്ന് കണ്ട് വരുന്ന രണ്ട് പ്രവണതകളാണ്. ഒരിക്കലും മാറ്റങ്ങൾക്ക് വിധേയമാക്കാൻ പറ്റാത്ത അടിത്തറ ഇസ്‌ലാമിനുണ്ട്. അതു കൊണ്ട് പ്രമാണങ്ങൾക്കു വിരുദ്ധമായ ആധുനിക വത്കരണം ഇസ്‌ലാം അനുവദിക്കുന്നില്ല.

മൊത്തത്തിൽ പറഞ്ഞാൽ, ആധുനികതയെ ഉൾകൊള്ളാനുള്ള ഒരിടം ഇസ്‌ലാമിലുണ്ട്. അതുപോലെ ഇസ്‌ലാമിനെ ഉൾകൊള്ളാനുള്ള സാധ്യതകൾ ആധുനികതക്കുള്ളിലുമുണ്ട്. ഇത് രണ്ടും സമരസപ്പെടുത്തി കൊണ്ടുപോവുക എന്നതാണ് നമ്മുടെ ധർമം.

 

ഒരുപാട് വിഭാഗങ്ങളായി പിരിയുകയും പരസ്പരം ആശയപരവും ആദർശപരവുമായ സംഘട്ടനങ്ങളിൽ നിരന്തരം ഏർപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന മുസ്‌ലിം സമൂഹത്തിനുള്ളിൽ ഇനി ഐക്യം സാധ്യമാണ് എന്ന് തോന്നുന്നുണ്ടോ?

? തീർച്ചയായും. മുസ്‌ലിംകൾക്കിടയിൽ ഐക്യമുണ്ടാക്കാൻ സാധിക്കും. പുതുതലമുറയിൽപെട്ട ചിലരുടെ നീക്കങ്ങൾ നിരീക്ഷിക്കുമ്പോൾ വ്യക്തമാകുന്നത് അതാണ്. കുറച്ച് മുസ്‌ലിം ചെറുപ്പക്കാരുടെ ഒരു ഫേസ്ബുക്ക് കൂട്ടായ്മ ലണ്ടനിലൊരു ഇസ്‌ലാമിക ഗവേഷണ കേന്ദ്രം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. മുസ്‌ലിംകളിലെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ടവരാണ് ആ കൂട്ടായ്മയിലെ അംഗങ്ങൾ എന്നതാണ് ഏറെ ശ്രദ്ധേയം. ശാഖാപരമായ തർക്കങ്ങൾ മാറ്റിവെച്ച് സമുദായത്തിന്റെ ഉയർച്ചക്ക് വേണ്ടി ഒത്തൊരുമിക്കാനുള്ള മനോഭാവം വളർന്നു വരുന്നു എന്നത് ഏറെ പ്രതീക്ഷ നൽകുന്നു.

 

ഏതു തരത്തിലുള്ള വിദ്യാഭ്യാസ രീതിയിലാണ് താങ്കൾക്ക് പരിശീലനം ലഭിച്ചത്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായവുമായി അതിന് വലിയ വ്യത്യാസമുണ്ടോ?

? നമ്മുടെ കർത്തവ്യം അറിവ് പകരലാണ്. ഞാൻ ഖുർആൻ പഠിച്ചത് മരപ്പലകയിൽ മുളകൊണ്ടെഴുതിയാണ്. സ്‌കൂളിലെത്താൻ ഒരുപാട് ദൂരം നടക്കേണ്ടിയിരുന്നു. പക്ഷേ, ഇന്ന് കുട്ടികൾക്ക് പഠനം എത്രയോ എളുപ്പമാണ്. റസൂൽ(സ്വ) മണൽ തരിയിൽ വരച്ചു കാണിച്ച് അനുയായികളെ പഠിപ്പിച്ചിട്ടുണ്ട്. ആശയ കൈമാറ്റത്തിന് ക്രിയാത്മകമായ പുതിയ രീതികൾ സ്വീകരിക്കുന്നതിന് കുഴപ്പമില്ല.

 

ഇന്ന് അറിവും വിവേകവും ധ്രുവീകരിക്കപ്പെടുന്നതിന് ലോകം സാക്ഷിയാകുന്നു. എന്നാൽ ഇസ്‌ലാം അവ രണ്ടിനെയും ഒരുമിച്ച് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഇസ്‌ലാമിക വിദ്യാഭ്യാസ രീതിയുടെ സവിശേഷതകൾ എന്തെല്ലാമാണ്?

? ഇസ്‌ലാമിക വിജ്ഞാനം തലമുറകളിലൂടെ കൈമാറി വരുന്നതാണ്. അതുകൊണ്ട് പാരമ്പര്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നവരാണ് മുസ്‌ലിംകൾ. റസൂൽ(സ്വ)യിൽ നിന്ന് സ്വഹാബത്തിലൂടെയും പണ്ഡിതന്മാരിലൂടെയും വരുന്ന പരിശുദ്ധമായ വിജ്ഞാനം ലഭിക്കുന്നതിന് ഒരുപാട് ഘടകങ്ങൾ ആവശ്യമാണ്. തികഞ്ഞ അച്ചടക്കവും ക്ഷമയും നിരീക്ഷണവും അതിന്റെ അടിസ്ഥാന മൂലകങ്ങളാണ്. പക്ഷേ വിവേകമുണ്ടെങ്കിലേ വിജ്ഞാനം ഉപകാരപ്രദമാവുകയുള്ളൂ. വിവേകമെന്നത് അനുഭവങ്ങളുടെയും വിജ്ഞാനത്തിന്റെയും ഒരുമിച്ചു ചേരലാണ്.

ലോകമിന്ന് പാരമ്പര്യ വാദികളെ അപരിഷ്‌കൃതരായി കാണുകയും ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് ചുവടുമാറ്റിയിരിക്കുകയുമാണ്. വിദ്യാഭ്യാസ മേഖലയിലും ഇത് വളരെ വ്യക്തം. ധാർമിക മൂല്യങ്ങൾ വളർത്തുകയും മനുഷ്യനെ മനുഷ്യനാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസത്തെ പണമുണ്ടാക്കാനുള്ള ഒരുപാധി മാത്രമായി കാണുന്നത് ഖേദകരമാണ്.

എന്നാൽ ഇസ്‌ലാമിക വിജ്ഞാന ശേഖരണത്തിൽ അക്കാദമികതലങ്ങൾക്കപ്പുറം വിലമതിക്കാനാവാത്ത മൂല്യങ്ങളുണ്ട്. ജീവിതകാലം മുഴുക്കെ നീണ്ടു നിൽക്കുന്ന വൈകാരിക ബന്ധമാണ് ഗുരു-ശിഷ്യബന്ധം.

എന്റെ ഉസ്താദിന്റെ അടുക്കൽ പോയി സമ്മതം വാങ്ങിയ ശേഷമാണ് ഇപ്പോൾ ഞാൻ കേരളത്തിലേക്ക് വന്നിരിക്കുന്നത്. സുപ്രധാനമായ എന്തു ചെയ്യുന്നതിന്  മുമ്പും ഞാൻ ഉസ്താദിനെ സമീപിക്കാറുണ്ട്.

ഒരു മഹാന്റെയോ പണ്ഡിതന്റെയോ ഉപദേശങ്ങൾ സ്വീകരിച്ച് ജീവിതം നയിക്കുമ്പോൾ തെറ്റുകൾ കുറയുകയും നന്മകൾ വർധിച്ച് വരുകയും ചെയ്യും. ഗുരുവിനെ പഠിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.

 

ലോകതലത്തിൽ ഇന്ന് മുസ്‌ലിംകൾക്ക് ആര് നേതൃത്വം നൽകും? നിലവിലെ സാഹചര്യമനുസരിച്ച് നേതൃപാടവം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

? നല്ല നേതാക്കളുടെ അഭാവം ഇന്ന് മുസ്‌ലിം സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ്. ലീഡർഷിപ്പ് കഴിവുകൾ വളർത്തിയെടുക്കാനുള്ള അവസരങ്ങൾ ഒരുപാട് വർധിച്ചിട്ടുണ്ട്. വേണ്ട വിധത്തിൽ നാം അത് ഉപയോഗിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നമ്മുടെ ശേഷ തലമുറയെയെങ്കിലും നേതാക്കളാവും വിധം കഴിവുകൾ പരിപോഷിപ്പിച്ച് വളർത്തണം. അവർക്ക് അനുസരണയോടൊപ്പം അഭിമാനത്തെപറ്റിയും വിനയത്തെക്കുറിച്ചും ഔദാര്യത്തെ കുറിച്ചും നീതിയെ കുറിച്ചും പറഞ്ഞ് കൊടുക്കണം. മുസ്‌ലിംകൾക്ക് ഇന്നൊരു ഏകീകൃത ആഗോള നേതാവില്ല. ഇന്ന് ഇല്ല എന്നതിനർത്ഥം ഇനി ഉണ്ടാവില്ല എന്നല്ല. നമുക്കൊന്നും കഴിയില്ല എന്നത് മുൻവിധി മാത്രമാണ്. പുതിയ തലമുറക്ക് ദിശാബോധം നൽകി ഇത്തരം നെഗറ്റീവ് ചിന്താഗതികളെ തല്ലിക്കെടുത്താൻ നമുക്ക് കഴിയണം.

 

പണ്ഡിതരെ കുറിച്ചാണ് നാം ഇതുവരെ സംസാരിച്ചത്. എന്നാൽ സ്വന്തം പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് സാധാരണക്കാർക്ക് ഇസ്‌ലാമിന് വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും?

? റസൂലിന്റെ ജീവിതം പഠിക്കുകയും അവിടുത്തെ ചര്യ പിൻപറ്റുകയും ചെയ്താൽ ഉദാത്തമായൊരു സംസ്‌കാരം കൈവരിക്കാൻ നമുക്ക് സാധിക്കും. ചില മുസ്‌ലിംകളുടെ സ്വഭാവ ഗുണങ്ങളിൽ ആകൃഷ്ടരായി ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാൻ തുടങ്ങുകയും പിന്നീട് സത്യദീൻ ആശ്ലേഷിക്കുകയും ചെയ്ത പലരെയും എനിക്ക് നേരിട്ടറിയാം. അൽ ഇഹ്‌സാൻ ഇത്തരത്തിലുള്ളവർക്ക് വലിയ സാധ്യതയാണ്. പ്രസിദ്ധ അമേരിക്കൻ കവി പോൾ അബ്ദുൽ മജീദ് സതർലന്റ്, അറേബ്യയിൽ നിന്ന് യൂറോപ്പിലെ യൂണിവേഴ്‌സിറ്റിയിൽ വന്ന് പഠിക്കുന്ന തന്റെ ചില ശിഷ്യരുടെ സ്വഭാവ ഗുണങ്ങളും വ്യക്തിമൂല്യങ്ങളും കണ്ടാണ് ഇസ്‌ലാമിലേക്ക് ആകൃഷ്ടനായതും പിന്നീട് ഇസ്‌ലാം സ്വീകരിച്ചതും.

നമ്മുടെ ജീവിതം തന്നെയാണ് ഏറ്റവും നല്ല പ്രബോധനം. വ്യക്തിത്വത്തിൽ തനതായ ഇസ്‌ലാമിക സംസ്‌കാരം കൊണ്ടുവരാൻ തയ്യാറായാൽ ഇസ്‌ലാമിന്റെ യഥാർത്ഥ സൗന്ദര്യം ലോകത്തിന് മുന്നിൽ തുറന്നു കാട്ടാൻ നമുക്ക് സാധിക്കും. ജീവിതം തന്നെ പ്രബോധനമാക്കുക എന്നതുതന്നെയാണ് സാധാരണ മുസ്‌ലിംകൾക്ക് ഇസ്‌ലാമിന് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സേവനം.

 

കേരളത്തിൽ ദർസ്, ദഅ്‌വാ കോളേജുകൾ, മോഡൽ അക്കാദമികൾ ധാരാളം പ്രബോധകർ ജന്മം നൽകി കൊണ്ടിരിക്കുന്നു. പുതുതലമുറയിലെ യുവപ്രബോധകരോട് താങ്കൾക്കെന്താണ് പറയാനുള്ള്?

? മാശാ അല്ലാഹ്. ശൈഖ് അബൂബക്കറിന്റെ സേവന പ്രവർത്തനങ്ങൾ എനിക്കു കൺനിറയെ കാണാൻ കഴിഞ്ഞു. നിങ്ങൾ ഭാഷയിൽ കൂടി പ്രാവീണ്യം നേടി യൂറോപ്പിലേക്ക് വരൂ. പ്രബോധകർക്ക് യൂറോപ്പിൽ ഒരുപാട് അവസരങ്ങളുണ്ട്. മുസ്‌ലിമായി ജീവിക്കാ നാവശ്യമായ അറിവ് നേടാൻ യൂറോപ്പിലെ മുസ്‌ലിംകൾക്ക് നിലവിൽ വേണ്ടത്ര സൗകര്യങ്ങളില്ല. മാനവിക വിഷയങ്ങളിലടക്കമുള്ള ഗവേഷകരിൽ നല്ലൊരു ഭാഗം ഇസ്‌ലാമിലേക്ക് കടന്നുവരുന്ന കാഴ്ച യൂറോപ്പിൽ കാണാം. ഈ സാഹചര്യങ്ങളെ ക്രിയാത്മകമായി സമീപിക്കാൻ പുതിയ തലമുറയിലെ പ്രബോധകർക്കാണ് കഴിയുക.

യൂറോപ്യൻ ജനതക്കിടയിലേക്ക് പ്രബോധന ദൗത്യവുമായി വരുന്ന ഒരാൾക്ക് ബൗദ്ധികമായി അവരെ ആകർഷിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ വിജയം കണ്ടെത്താനാവുകയുള്ളൂ. അതോടൊപ്പം തന്നെ നല്ല വ്യക്തിത്വം ഉണ്ടായിരിക്കുകയും വേണം. ഏറ്റവും നല്ല രീതിയിൽ അവരോട് സംവദിക്കാനും കഴിയണം. യൂറോപ്യൻ ചരിത്രം പരിശോധിച്ചാലറിയാം അവിടെ ഏറ്റവും കൂടുതൽ സ്വാധീനം നേടിയത് ബുദ്ധിജീവികളാണെന്ന്.

ഹദീസും ഖുർആൻ സൂക്തങ്ങളും പറഞ്ഞ് പ്രബോധന ദൗത്യം നിറവേറ്റാൻ കഴിയുക മുസ്‌ലിംകളിലാണ്. കാരണം അവരതിലൊക്കെ വിശ്വസിക്കുന്നു. മനഃശാസ്ത്രപരവും കാലികവുമായ വേറിട്ട സമീപന രീതിയാണ് മറ്റുള്ളവരോട് സ്വീകരിക്കേണ്ടത്. ഇത് പ്രബോധകർ ഓർത്തിരിക്കണം.

 

ശൈഖ് അഹ്മദ് സഅദ് അൽ അസ്ഹരി/

അൻവർ ഹനീഫ, ജാബിർ ഹംദാൻ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ