ജീവിതത്തിന് ആധാരമായ ചൂടും പ്രകാശവും പ്രദാനം ചെയ്യുന്ന ആകാശത്തെ സൂര്യനെയും ഭൂമിയിലെ അഗ്നിയെയും പരമ സത്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ദൃഷ്ടാന്തങ്ങളായി ബഹുമാനിക്കുന്ന സ്വഭാവം ഭാരതത്തിലെ ഋഷിമാര്ക്കുണ്ടായിരുന്നു. അതിനാല്‍ ഋഗ്വേദത്തില്‍ അഗ്നി പുരോഹിതനായി (അഗ്നിം ഇളേ പുരോഹിതം)മന്ത്ര മാതാവായ ഗായത്രിയില്‍ സൂര്യന് എന്ന സവിതാവ് ബുദ്ധി പ്രചോദകനുമായി (ധിയോ യോനഃ പ്രചോദയാത്) ബുദ്ധിയെ ഏകമായ പരമ സത്യത്തിലേക്ക് പ്രചോദിപ്പിക്കുകയും അങ്ങനെ മാനവ ജീവിതത്തിനു വഴികാട്ടിയാവുകയും ചെയ്യുന്ന സൂര്യഅഗ്നി പ്രതിഭാസങ്ങള്‍ ഭാരതത്തിലെ ഋഷിമാര്‍ക്ക് പുരോഹിത സ്ഥാനത്തോ ഗുരുസ്ഥാനത്തോ ആയിരുന്നു; അല്ലാതെ പലരും തെററിദ്ധരിച്ചുവരുന്ന പോലെ ദൈവസ്ഥാനത്തായിരുന്നില്ല.
ഭാരതത്തിലെ ഋഷി ദൈവമായി ആരാധിച്ചിരുന്നത് ഏതൊരു മഹാശക്തിയാല്‍ സൂര്യനും അഗ്നിയും വായുവും പ്രവര്‍ത്തിക്കുന്നുവോ അതിനെ ആയിരുന്നു. കഠോ പനിഷത്തില്‍ ഇക്കാര്യം ഇങ്ങനെ വായിക്കാം: ഭയാദസ്യാഗ് നിസ്തപതി ഭയാത്തപതി സൂര്യഃ/ ഭയാദിക്രന്ദ്രശ്ച വായൂശ്ച മൃത്യുര്ദ്ധാവതി പഞ്ചമഃ ആരെ ഭയന്ന് സൂര്യനും അഗ്നിയും ചൂടുള്ളതായിരിക്കുന്നു, ആരെ ഭയന്ന് ഇന്ദ്രനും വായുവും മൃത്യുവും അതിന്റെ കര്‍മങ്ങള്‍ മുറതെറ്റാതെ ചെയ്യുന്നുഅവനാണു പരമേശ്വരന് എന്നത്രേ കഠോപനിഷ്ത്ത് മന്ത്രത്തിന്റെ താല്പര്യം. ഇതില്‍ നിന്നും തന്നെ ഭാരതീയ ഋഷിക്ക് സൂര്യനും അഗ്നിയും വായുവും ഒന്നുമായിരുന്നില്ല ദൈവം എന്നു മനസ്സിലാക്കാം.
ഋഷിമാരുടെ വഴിയെ അഗ്നിയെ പുരോഹിതനായിക്കണ്ടു പരിശുശ്രൂഷിച്ചിരുന്നവരെയാണ് യാഞ്ജിക ബ്രാഹ്മണ സംഹിതകളില്‍ അഗ്നിഹോത്രികള് എന്നു വിളിച്ചു വന്നത്. പിന്നീട് ഇവരുടെ പിന്‍തലമുറയാണ് ഇന്ത്യയിലെ ജാതി ബ്രാഹ്മണരായി തീര്‍ന്നത്. ജാതി ബ്രാഹ്മണന്മാരുടെ മതപരമായ ജീവിതാചാരങ്ങളില് അഗ്നി സാന്നിധ്യം സര്‍വതാ അനിവാര്യമായിത്തീര്‍ന്നു. ചുരുക്കത്തില്‍ ഭാരതത്തിലെ ജാതി ബ്രാഹ്മണന്മാര് മാത്രമാണ് മൃതശരീരം അഗ്നിയില്‍ ദഹിപ്പിച്ചാലേ ഉചിതമായ ശവ സംസ്കാരമാകൂ എന്ന നിലപാടുള്ളവര്‍.
ഈ പാശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ താന്‍ മൃതനായാല്‍ ശവശരീരം പട്ടടയില്‍ വെച്ചു തീകൊളുത്തി സംസ്കരിക്കുമെന്ന് സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള ഈയ്യിടെ മാതൃഭൂമി ദിനപത്രം വാരാന്ത്യത്തിലും മനോരമ ന്യൂസ് ചാനലിലും പറയുക വഴി അദ്ദേഹം ഹിന്ദുവായിരിക്കുന്നു എന്നതിനേക്കാള്‍ ചുളുവില്‍ ജാതി ബ്രാഹ്മണനാകാന്‍ ആഗ്രഹിക്കുന്നു എന്നാണു വന്നിരിക്കുന്നത്. മനസ്സില്‍ ജാതി ബ്രാഹ്മണരുടെ ചടങ്ങുകളെ താലോലിക്കുന്ന ഒരാള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവനാണെന്ന് പറയുന്നത് ഹിറ്റ്ലര്‍ ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നു എന്നു പറയുന്നതുപോലെ ശുദ്ധ അസംബന്ധമാണ്. കാരണം ജാതി ബ്രാഹ്മണര്‍ ഒരിക്കലും ഇന്ത്യയിലെ ബ്രാഹ്മണേതര ജനതക്ക് പഠിക്കാനോ വഴിനടക്കാനോയുള്ള സ്വാതന്ത്ര്യം പോലും നല്‍കിയിരുന്നില്ല.
തീര്‍ച്ചയായും ജാതിബ്രാഹ്മണരേയും ഇന്ന് ഹിന്ദുക്കളായാണ് കണക്കാക്കിവരുന്നത്. പക്ഷേ ബഹുഭൂരിപക്ഷം ഹിന്ദുക്കളും ജാതി ബ്രാഹ്മണരല്ല. അതുകൊണ്ടു തന്നെ അഗ്നിയില്‍ മൃതശരീരം ദഹിപ്പിക്കുന്ന രീതി മുഴുവന്‍ ഹിന്ദുക്കളുടെയും ശവസംസ്കാര രീതിയുമല്ല. എന്നിരിക്കെ തന്റെ ശവം അഗ്നിയില്‍ ദഹിപ്പിക്കണം എന്നു പറയുക വഴി ഒരു പക്ഷേ പുനത്തില്‍ കുഞ്ഞബ്ദുള്ള ഇസ്ലാം വിരുദ്ധനായിട്ടുണ്ടെന്നു പറയാമെങ്കിലും അത്രയും തീര്ച്ചയില് അദ്ദേഹം വ്യാസവിശാല ഹിന്ദുവായിട്ടുണ്ടെന്നു പറയാനാവില്ല. കാരണം വ്യാസ വിശാലഹിന്ദു മതത്തില്‍ ശവം അഗ്നിയില്‍ ദഹിപ്പിച്ചാല്‍ മാത്രമേ മനുഷ്യന് ഹിന്ദുവാകൂ എന്നതിന് യാതൊരു പ്രമാണവും നിലവിലില്ല. നാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, ബ്രഹ്മാനന്ദ സ്വാമി ശിവയോഗി തുടങ്ങിയവരെയെല്ലാം മരണാനന്തരം സമാധി ഇരുത്തുകയാണ് ചെയ്തത്. അല്ലാതെ ശവം ചിതയില്‍ വെച്ചു കത്തിച്ചു ദഹിപ്പിച്ചിട്ടില്ല. എന്നു കരുതി മേല്പറഞ്ഞ മഹാന്മാരായ സന്ന്യാസി ശ്രേഷ്ഠന്മാര് ഹിന്ദുക്കള്‍ അല്ലാതാവുന്നില്ലല്ലോ.
മാത്രമല്ല, ഹിന്ദുക്കളുടെ ധാര്‍മിക മാതൃകാപുരുഷനായ ഇതിഹാസ കാവ്യാവതാരം ശ്രീരാമന്, സരയൂ നദിയില്‍ സ്വശരീരം പ്രാണസംയമം ചെയ്തു ഒഴുക്കി വിടുന്നതായാണ് ഉത്തരരാമായണത്തില്‍ വിശദീകരിക്കുന്നത്, ശ്രീരാമന്റെ മൃത ശരീരവും പട്ടടയില്‍ വെച്ചു സംസ്കരിച്ചിട്ടില്ലെന്നു ചുരുക്കം. സീതയുടെ പ്രാണനറ്റ ശരീരം ഭൂമി പിളര്‍ത്തി കുഴിച്ചുമൂടിയതായി കരുതാവുന്ന വിധത്തിലാണ് ഉത്തരരമായണത്തില് ചിത്രീകരിച്ചരിക്കുന്നത്. ശ്രീകൃഷ്ണന്റെ ശവദാഹം എങ്ങിനെയായിരുന്നു എന്നതിനെ സംബന്ധിച്ചും മഹാഭാരതഭാഗവതേതിഹാസങ്ങളില് ഖണ്ഡിതമായ സൂചനകളേതുമില്ല. ധര്‍മ പുത്രനും അര്‍ജ്ജുനനും ഭീമനും നകുല സഹദേവന്മാരും അടങ്ങുന്ന പഞ്ചപാണ്ഡവര്‍ പാഞ്ചാലി സമേതരായി ഹിമാലയത്തിലേക്ക് നടത്തിയ തീര്‍ത്ഥ യാത്രയില്‍ വഴുതിവീണു മരിച്ചതായല്ലാതെ ആരുടെയും ശവം കണ്ടെടുത്ത് ചിതയില്‍ വെച്ചു ദഹിപ്പിച്ചതായും മഹാഭാരതത്തില്‍ പരാമര്‍ശമില്ല. അതിനാല്‍ മൃതശരീരം തീയില്‍ ചുട്ടെരിച്ചാലേ മനുഷ്യന് ഹിന്ദുവാകൂ എന്നു വാല്മീകിയുടെ രാമായണമോ വ്യാസന്റെ മഹാഭാരതമോ വെച്ചുപോലും ആര്‍ക്കും പറയാനാവുകയില്ല. പുനത്തിലിനു ശവം തീയില്‍ ദഹിപ്പിച്ചാല്‍ മനുഷ്യന് ഹിന്ദുവാകും എന്നു തോന്നിയത് അദ്ദേഹം ജാതി ബ്രാഹ്മണരുടെ ശവസംസ്കാര ചടങ്ങാണ് ഹിന്ദുമതം എന്നു തെറ്റിദ്ധരിച്ചതു കൊണ്ടാണ്. അല്ലാതെ മറ്റൊരു തെളിവും അതിനില്ല.
പഞ്ചഭൂത നിര്‍മിതമായ മനുഷ്യ ശരീരത്തില്‍ ജീവനറ്റാല്‍ പിന്നെ അതിനെ പഞ്ചഭൂതങ്ങളില്‍ ഉള്‍പ്പെട്ട ജലത്തിലോ മണ്ണിലോ തീയിലോ ബന്ധുക്കളുടെ സൗകര്യവും സാഹചര്യവും അനുസരിച്ച് നശിപ്പിച്ചുകളയാനുള്ള സ്വാതന്ത്ര്യം വ്യാസവിശാല ഹൈന്ദവ മതത്തില്‍ ഏതു മനുഷ്യനും ഉണ്ട്. ഇതാണ് ശവസംസ്കാരത്തെക്കുറിച്ചുള്ള ഹിന്ദുമതത്തിന്റെ വീക്ഷണം. ഇതിനു വിപരീതമായി പട്ടടയില്‍ ശവം ദഹിപ്പിച്ചാലേ മനുഷ്യന് ഹിന്ദുവാകൂ എന്നു വാദിക്കുന്നത് പൂണൂലിട്ടവനേ ഹിന്ദുവാകൂ എന്നു വാദിക്കുന്നത് പോലെ അസംബന്ധവും വ്യാസവിശാല ഹൈന്ദവതയെ ജാതി ബ്രാഹ്മണ്യത്തിലേക്ക് ചുരുക്കിക്കെട്ടലുമാണ്. പുനത്തില്‍ അതാണ് ചെയ്യുന്നത്. സംഘപരിവാരം ചെയ്തു വരുന്നതും അതുതന്നെ.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി