‘വീട്ടു ജോലി വാഗ്ദാനം ചെയ്ത് അബൂദാബിയിലെത്തിച്ച് വീട്ടമ്മയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് അറസ്റ്റു ചെയ്ത യുവതി റിമാന്റിൽ. അബൂദാബിയിൽ ഡോക്ടറുടെ വീട്ടിലേക്ക് കുട്ടികളെ നോക്കാൻ ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് 25000രൂപ വാങ്ങിയാണ് കൂട്ടിക്കൊണ്ട് പോയത്. എന്നാൽ അബൂദാബിയിലെ ഫ്‌ളാറ്റിൽ താമസിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു. നാട്ടിലേക്ക് കയറ്റിവിടാൻ ആവശ്യപ്പെട്ടപ്പോൾ വേശ്യാവൃത്തി ചെയ്ത് പണം സമ്പാദിക്കാൻ നിർബന്ധിച്ചതായും വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു’.

ദിവസങ്ങൾക്ക് മുമ്പ് പത്രത്തിൽ വന്ന വാർത്തയാണിത്. അപൂർവമല്ലാത്ത ഇത്തരം സംഭവങ്ങൾക്ക് നടുവിലാണ് നമ്മൾ ജീവിക്കുന്നത്. അഥവാ വനിതാക്രിമിനലുകളുടെ കാലമാണിപ്പോൾ. കേരളത്തിലെ കഴിഞ്ഞ രണ്ടു വർഷക്കാലത്തെ ഇത്തരം സംഭവങ്ങൾ എടുത്തു നോക്കിയാൽ രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തും പ്രവർത്തിക്കുന്ന പല പ്രമുഖരെയും പൊറുതിമുട്ടിച്ച ഒട്ടനേകം പെണ്ണുങ്ങളെ കാണാം. കുറ്റകൃത്യങ്ങൾക്കും തട്ടിപ്പുകൾക്കും നേതൃത്വം നൽകുകയും സ്വാധീന ശക്തി ഉപയോഗപ്പെടുത്തി നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നവർ, സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടി മക്കളെ ബലി നൽകുന്നവർ, വേശ്യാവൃത്തിക്കും അനാശ്യാസ പ്രവർത്തനങ്ങൾക്കും മുൻകയ്യെടുത്ത് പ്രവർത്തിക്കുന്നവർ. ഇത്തരക്കാരുടെ എണ്ണം വിരളമല്ല.

മനുഷ്യ സ്‌നേഹത്തിന്റെ തിളങ്ങുന്ന ഓർമകൾ അസ്തമിച്ചുവോ എന്നാശങ്കപ്പെടേണ്ടി വരുന്നു. മൊബൈൽ ഫോണും മറ്റു സാങ്കേതിക വിദ്യകളും വികസിച്ചു വരികയും സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് വനിതകൾക്ക് അവസരങ്ങൾ തുറന്നു കിട്ടുകയും ചെയ്തതിന്റെ പരിണതിയായി ഇപ്പോൾ കുടുംബിനികളിൽ വരെ അക്രമവാസന വളർന്നു വരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുടുംബം എന്ന നിലയിലും അവർ പരാജയപ്പെടുന്നു എന്നതാണ് വസ്തുത. എവിടെച്ചെന്നാണ് ഈ ദുരന്തം അവസാനിക്കുക?

മാതാവ് എന്ന നിലയിലും ഭാര്യയെന്ന നിലയിലും സമ്പൂർണമായി വിജയിക്കാൻ സ്ത്രീകൾക്ക് കഴിയണം. അപ്പോൾ മാത്രമാണ് ഭാവി സമൂഹത്തിന്റെ നിർമിതിയിൽ അവൾക്ക് പങ്കുവഹിക്കാനാവുക. ഭർത്താവ് വിദേശത്തായതിന്റെ പേരിലോ മറ്റോ സ്വന്തം കുഞ്ഞിനെ പോലും ഉപേക്ഷിച്ച് കാമുകനോടു കൂടെ ഇറങ്ങി നടക്കുന്നവർ വലിച്ചെറിയുന്ന ചിലതുണ്ട്. ഒന്നാമതായി ഭാര്യ എന്ന നിലക്ക് അവൾ പരാജയമാണ്. മൊബൈൽ ഫോണിലും സോഷ്യൽ നെറ്റ് വർക്കുകളിലും അന്യപുരുഷനോട് കിന്നാരം പറഞ്ഞ് ഭർത്താവിനെ വഞ്ചിക്കുകയും കുടുംബജീവിതം നശിപ്പിക്കുകയും ചെയ്യുന്നതോടെ സമൂഹത്തിൽ നിന്ന് അവൾ പൂർണമായും തുടച്ചു നീക്കപ്പെടുന്നു.

ബാലപീഡനങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അധികവും പെൺകുട്ടികളുമായി ബന്ധപ്പെട്ടത്. കുട്ടികളെ ശാരീരികമായോ ലൈംഗികമായോ ഉപദ്രവിക്കുന്നതും അവഗണിക്കുന്നതുമാണ് ബാലപീഡനം അഥവാ ചൈൽഡ് അബ്യൂസ്.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 1989 നവംബർ 20-നാണ് ഐക്യരാഷ്ട്രസഭ ബാലാവകാശങ്ങൾ പ്രഖ്യാപിച്ചത്. നിയമങ്ങളും സംവിധാനങ്ങളും ധാരാളമുണ്ടായിട്ടും പീഡനങ്ങൾ എന്നും കേട്ട് കൊണ്ടിരിക്കുന്നു. കേരളത്തിൽ 2013-ൽ 1316-ഓളം ബാലപീഡനകേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ പകുതിയിലധികവും കുടുംബിനികളുമായി ബന്ധപ്പെട്ടതാണെന്നാണ് റിപ്പോർട്ടുകൾ. സ്വന്തം മക്കളെ അന്യന് മുമ്പിൽ കാഴ്ചവെക്കുന്ന ക്രൂരരായ പിതാക്കൾക്ക് പലപ്പോഴും ഒത്താശ ചെയ്യുന്നത് ഇത്തരം ഭാര്യമാരാണ്. കാര്യബോധമുള്ള സ്ത്രീക്ക് കഠോരമനസ്സുള്ള ഭർത്താവിനെയും സൽസ്വഭാവിയാക്കാൻ സാധിക്കും. പക്ഷേ, അവളും അത്തരക്കാരിയാവുമ്പോൾ സാമൂഹിക ജീവിതം ദുരന്തമായി മാറുന്നു.

‘പെണ്ണ് ഒരുമ്പെട്ടാൽ’ എന്ന് നമ്മൾ പറയാറുണ്ട്. അത്ര സുഖകരമല്ലാത്ത വാർത്തയിലേക്കുള്ള സൂചനയാണിത്. ഇങ്ങനെ ഒരുമ്പെട്ടിറങ്ങിയവരിൽ പലരും പ്രതിപക്ഷം-ഭരണപക്ഷം എന്ന വ്യത്യാസമില്ലാതെ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തെ ‘ക്ഷ’ വരപ്പിച്ചതനുഭവം. തനിക്കെതിരെ തിരിഞ്ഞാൽ അരമന രഹസ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുന്നിടത്തേക്ക് ഇവരുടെ ഇടപാടുകൾ വളർന്നു.

കുടുബിനികൾ സ്വയം ബോധവതികളാകാതിരിക്കുന്നതാണ് പ്രധാന പ്രശ്‌നം. അവർക്ക് നിർവഹിക്കാനുള്ള വലിയ ഉത്തരവാദിത്വം ഉൾക്കൊള്ളാതിരുന്നാൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും.

പ്രവാചകർ(സ്വ) പഠിപ്പിക്കുന്നതായി കാണാം: ഇഹലോകത്തെയും സ്ത്രീകളെയും നിങ്ങൾ നന്നായി സൂക്ഷിക്കുക. ബനൂഇസ്‌റാഈല്യരുടെ പതനത്തിന് തുടക്കം ഒരു സ്ത്രീയിൽ കേന്ദ്രീകരിച്ചായിരുന്നു (മിശ്കാത്ത്/250). ലൂത്വ് നബി(അ)ന്റെ ഭാര്യയെക്കുറിച്ച് വിശുദ്ധ ഖുർആൻ ഓർമപ്പെടുത്തുന്നുണ്ട്. സ്വവർഗാനുരാഗികളായ സമൂഹത്തിന് പ്രവാചകരെ സന്ദർശിച്ച സുമുഖരായ ചെറുപ്പക്കാരെ ചൂണ്ടിക്കാണിക്കുകയായിരുന്നു വാഇല എന്ന ഭാര്യ. രാത്രി സമയങ്ങളിൽ തീ കത്തിച്ചെങ്കിലും സന്ദേശം അറിയിക്കാൻ അവൾ മുതിർന്നു. ആ സമൂഹത്തെ നാമാവശേഷമാക്കുന്നതറിയിക്കാൻ മനുഷ്യരൂപത്തിൽ പ്രവാചകരിലേക്ക് വന്ന മലക്കുകൾക്കെതിരെപ്പോലും ഈ സ്ത്രീ സ്വവർഗഭോഗികളെ ഇളക്കിവിട്ടു. ആ സമൂഹത്തെ തലകീഴ്‌മേൽ മറിച്ച് അല്ലാഹു നാമാവശേഷമാക്കിയതു ചരിത്രം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ന് മാധ്യമങ്ങളിൽ ഇങ്ങനെ ഒരു വാർത്തയുണ്ടായിരുന്നു: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വനിതകൾ തൂക്കുമരത്തിലേറുന്നുവെന്നായിരുന്നു അത്. ഒന്നിനും അഞ്ചിനുമിടയിൽ പ്രായമുള്ള 13 കുട്ടികളെ തട്ടിക്കൊണ്ടു പോയി ഭിക്ഷാടനത്തിന് ഉപയോഗിച്ച ശേഷം 9 കുട്ടികളെ അതിഭീകരമായി കൊലപ്പെടുത്തിയതിനാണ് സീമ, രേണുക എന്നീ സ്ത്രീകൾക്ക് കൊലക്കയർ വിധിച്ചത്. ഇന്ത്യയിൽ ഇന്നോളമായി വിവിധ കേസുകളിൽ 56 പേർക്കാണ് വധശിക്ഷ നടപ്പാക്കിയത്. ഇവരിൽ സ്ത്രീ ഉണ്ടായിരുന്നില്ല. എന്നാൽ, പുതുകാലത്ത് അങ്ങനെയും നാം കേൾക്കേണ്ടിവരുന്നു. മാതാവിന്റെ മടിത്തട്ടാണ് പ്രഥമ മഹാ വിദ്യാലയമെന്ന സങ്കൽപം ആധുനിക കാലത്തു തകർന്നടിയുന്നുവെങ്കിൽ ഒരു വ്യക്തിയുടെ മാത്രമല്ല, മാനവരാശിയുടെ കൂടി തകർച്ചക്കാണ് അത് ഹേതുവാകുക. അതിനിടയാകാതിരിക്കാൻ ചെറുതിലേ ശ്രദ്ധ നൽകേണ്ടതുണ്ട്.

സൽമാൻ തോട്ടുപൊയിൽ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ