നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽ രാജ്യങ്ങളുടെ നേതാക്കൾക്കൊപ്പം പാക്കിസ്ഥാന്റെ പ്രധാനമന്ത്രി നവാസ് ശെരീഫിനെ ക്ഷണിക്കാനുള്ള തീരുമാനവും ചടങ്ങിൽ പങ്കെടുക്കാൻ നവാസ് ശെരീഫ് കാട്ടിയ സന്നദ്ധതയും ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ ആശയവിനിമയത്തിന്റെ സാധ്യത തുറന്നിടുന്നതായി വിലയിരുത്തപ്പെട്ടിരുന്നു. വിദേശ പര്യടനത്തിനിടെ പാക്കിസ്ഥാനിലേക്ക് പോകാനും നവാസ് ശെരീഫിന് പിറന്നാൾ ആശംസ നേരാനും നരേന്ദ്ര മോദി തയ്യാറായതും രാജ്യങ്ങൾക്കിടയിലെ ബന്ധത്തെ ഊഷ്മളമാക്കുമെന്നാണ് കരുതപ്പെട്ടത്. ആ പ്രതീക്ഷകളെ മുഴുവൻ തകിടം മറിച്ച് ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ ബന്ധം തീർത്തും വഷളാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സൗത്ത് ഏഷ്യൻ അസോസിയേഷൻ റീജിയണൽ കോ-ഓപറേഷനിലെ (എസ് എ എ ആർ സി – സാർക്)  അംഗരാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിയിൽ പങ്കെടുത്ത് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പ്രസംഗം സംപ്രേഷണം ചെയ്യുന്നത് തടഞ്ഞ പാക്കിസ്ഥാന്റെ നടപടി നയതന്ത്രബന്ധത്തിൽ വലിയ വിള്ളൽ ഉണ്ടാക്കിയിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ പേരിൽ പാക്കിസ്ഥാന്റെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കാൻ ഇന്ത്യ തയ്യാറായത് ഇതിന്റെ തുടർച്ചയായാണ്. വടക്കൻ കശ്മീരിൽ നിന്ന് പിടിയിലായെന്ന് പറയപ്പെടുന്ന, ലശ്കറെ ത്വയ്യിബ ഭീകരവാദി, പാക്കിസ്ഥാൻകാരനായ ബഹാദൂർ അലി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനും മറ്റും പാക്കിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചുവെന്ന് മൊഴി നൽകിയ പശ്ചാത്തലത്തിൽ കൂടിയാണ്  നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരിക്കുന്നത്. സാർക് ഉച്ചകോടിക്കിടെ ആഭ്യന്തര മന്ത്രിമാരായ ചൗധരി നിസാർ അലി ഖാനും രാജ്‌നാഥ് സിംഗിനും സൗഹൃദ ഹസ്തദാനം പോലും സാധ്യമല്ലാത്ത വിധത്തിലേക്ക് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം എത്തിനിൽക്കുകയാണ്.

2008-ലെ മുംബൈ ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ചർച്ചകൾ ഇല്ലാതായിരുന്നു. ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങൾക്ക് സ്വന്തം മണ്ണ് വിട്ടുകൊടുക്കുന്ന നടപടി പാക്കിസ്ഥാൻ അവസാനിപ്പിക്കുകയും മുംബൈ ആക്രമണത്തിന്റെ ആസൂത്രകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യാതെ ആ രാജ്യവുമായി ചർച്ചകളില്ലെന്നാണ് അന്ന് അധികാരത്തിലിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സർക്കാർ പ്രഖ്യാപിച്ചത്. ഭീകരവാദ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ പാകത്തിലുള്ള നടപടികൾ സ്വീകരിക്കാനോ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരായി ആരോപിക്കപ്പെടുന്നവരെ വിചാരണ ചെയ്യുന്നതിന് ആത്മാർഥമായ ശ്രമം നടത്താനോ പാക്കിസ്ഥാന് സാധിച്ചില്ല. തീർത്തും ദുർബലമായ ജനാധിപത്യ സംവിധാനവും അതിന്റെ തുടർച്ചയായുള്ള സ്ഥിരതയില്ലാത്ത ഭരണകൂടവുമാണ് പാക്കിസ്ഥാന്റെ കൈമുതൽ. സൈന്യവും രഹസ്യാന്വേഷണ സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസുമാണ് (ഐ എസ് ഐ) ഭരണത്തെ നിയന്ത്രിക്കുന്നത്. സൈന്യത്തിലും ഐ എസ് ഐയിലും ഭീകര/തീവ്ര വാദ സംഘടനകളോട് ആഭിമുഖ്യം പുലർത്തുന്നവർ കുറവല്ല താനും. ഈ സാഹചര്യത്തിൽ ആ രാജ്യത്തെ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് കർശനമായ നടപടികൾ പ്രതീക്ഷിക്കുന്നതിൽ വൈരുദ്ധ്യമുണ്ട്. എങ്കിലും കർശന നടപടികൾ ആവശ്യപ്പെടുക എന്നത് നയതന്ത്ര നീക്കത്തിന്റെ ഭാഗമായിരുന്നു. വൻശക്തികളുൾപ്പെടെ രാഷ്ട്രങ്ങൾക്കിടയിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന തന്ത്രത്തിന്റെ ഭാഗവും. അതിൽ ഒരു പരിധി വരെ ഇന്ത്യ വിജയിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ശ്രമങ്ങളുണ്ടായത്. എന്നാൽ പത്താൻകോട്ടിലെ സേനാ കേന്ദ്രത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന ആരോപണം അന്തരീക്ഷം വീണ്ടും കലുഷിതമാക്കി.  ഇതിന് പുറമെയാണ് കശ്മീരിൽ നിന്ന് പാക്കിസ്ഥാൻ വംശജർ പിടിയിലായത്. ഇന്ത്യയെ ലക്ഷ്യമിട്ടുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് പാക്കിസ്ഥാൻ പിന്നാക്കം പോയിട്ടില്ലെന്ന് വാദിക്കാൻ മറ്റൊന്നും ആവശ്യമില്ല തന്നെ. ഇതിലൊന്നും പങ്കില്ലെന്ന് വാദിക്കാനല്ലാതെ, അത് തെളിയിക്കാൻ പാകത്തിൽ ഒന്നും ചെയ്യാൻ പാക്കിസ്ഥാനിലെ നവാസ് ശെരീഫ് ഭരണകൂടത്തിന് സാധിക്കുന്നുമില്ല. ആ നിലക്ക് അർഥവത്തായ ചർച്ചകളിലേക്ക് ഇന്ത്യയും പാക്കിസ്ഥാനും സമീപഭാവിയിൽ കടക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല.

സമീപകാല വസ്തുനിഷ്ഠ സാഹചര്യം മാത്രമാണിത്. അതിനപ്പുറത്ത്, ബന്ധം സംഘർഷഭരിതമായി തുടരേണ്ട ആഭ്യന്തര രാഷ്ട്രീയ അന്തരീക്ഷം നിലവിലുണ്ടെന്നത് മറക്കാൻ സാധിക്കില്ല. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ തർക്കവിഷയങ്ങളിൽ കാതലായത് ജമ്മു കശ്മീരിനെ സംബന്ധിച്ചുള്ളതാണ്. കശ്മീരിനെ മാറ്റിനിർത്തി മാത്രമേ ചർച്ചയുള്ളൂ എന്ന നിലപാടിലാണ് ഇന്ത്യയിലെ ഭരണകൂടം. തർക്കത്തിന്റെ മർമം ഒഴിവാക്കി നിർത്തി എങ്ങനെയാണ് അർഥവത്തായ ചർച്ച നടക്കുക? അതേസമയം കശ്മീരിൽ സംഘർഷം വളർത്താൻ ലക്ഷ്യമിട്ട് അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്യുന്നു. ഈ ആരോപണം ഉന്നയിക്കുന്നവർക്ക് അത് ആശയവിനിമയത്തിന്റെ മേശയിലേക്ക് കൊണ്ടുവരാൻ ബാധ്യതയുണ്ട്. ആരോപണത്തിന് തെളിവ് ഹാജരാക്കുകയും കർശന നടപടികൾ ആവശ്യപ്പെടുകയും ചെയ്യാം. അത് സാധിക്കണമെങ്കിൽ കശ്മീർ പ്രശ്‌നം ചർച്ച ചെയ്‌തേ മതിയാകൂ.

കശ്മീർ എന്നതിൽ ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ കശ്മീരുകാരും കക്ഷികളാണ്. അവരെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന നിരവധി സംഘടനകളുമുണ്ട്. അവരെ ഉൾക്കൊള്ളിക്കാതെ ഇരു രാഷ്ട്രങ്ങളും അത് ചർച്ച ചെയ്തത് കൊണ്ട് പരിഹാരം ഉണ്ടാകുകയുമില്ല. ഇന്ത്യൻ ഭരണകൂടം, തങ്ങളുടെ ന്യായമായ അവകാശങ്ങളെ നിഷേധിക്കുകയാണെന്ന വിശ്വാസം കശ്മീരികളിൽ ഒരു വിഭാഗത്തിൽ രൂഢമൂലമാണ്. ഇവരെ അടിച്ചമർത്തി, സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാനാണ് രാജ്യം ഭരിച്ചവരും ഭരിക്കുന്നവരും ഇക്കാലം മുഴുവൻ ശ്രമിച്ചത്. ഇടക്കാലത്ത് ഇവരെ ഉൾക്കൊള്ളിച്ച് ചർച്ചകൾ നടന്നുവെങ്കിലും അതിൻമേൽ തുടർ നടപടികളുണ്ടായില്ല. ഇതിന്റെയൊക്കെ ബാക്കിയാണ് ബുർഹാൻ വാനിയെ സൈന്യം ‘ഏറ്റുമുട്ടലി’ൽ വധിച്ചതിനെത്തുടർന്ന് കശ്മീരിൽ പ്രതിഷേധം അലയടിച്ചത്. ബുള്ളറ്റും പെല്ലറ്റുമുപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താൻ ഇന്ത്യാ ഗവൺമെന്റ് ശ്രമിച്ചപ്പോൾ, ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ രാജ്യത്തിനകത്തും പുറത്തും ചർച്ചയായി. ഏറ്റവും വലിയ ജനാധിപത്യ ഭരണകൂടം അതിലെ ജനങ്ങൾക്കുമേൽ അമിതാധികാരം പ്രയോഗിക്കുന്നത് വിമർശിക്കപ്പെടുമ്പോൾ പ്രതിരോധം തീർക്കാനുള്ള ഏറ്റവും എളുപ്പവഴി, സംഘർഷത്തിൽ അയൽ രാഷ്ട്രത്തിനുള്ള പങ്ക് ചൂണ്ടിക്കാട്ടുകയും അതിന് തെളിവ് നിരത്തുകയുമാണ്. അതാണ് നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നതും.

പശു സംരക്ഷണത്തിന്റെ പേരിൽ മുസ്‌ലിംകൾ ആക്രമിക്കപ്പെട്ടത് രാജ്യത്തിനകത്തും പുറത്തും വിമർശിക്കപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങൾക്ക് ദളിതുകൾ കൂടി ഇരയാകുകയും അവർ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തത് നരേന്ദ്ര മോദി സർക്കാറിനും സംഘ പരിവാറിനും വെല്ലുവിളിയായി. ഭൂരിപക്ഷ മത വിഭാഗങ്ങളുടെ ഐക്യത്തിലൂടെ കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരമെന്ന ലക്ഷ്യത്തിന് ഈ മുന്നേറ്റം തടസ്സമാകുമെന്ന തിരിച്ചറിവ് സംഘ പരിവാരത്തിനുണ്ട്. രാജ്യത്തിന്റെ ശ്രദ്ധ മറ്റൊരു വിഷയത്തിലേക്ക് കേന്ദ്രീകരിപ്പിച്ച്, ദളിതുകൾക്കെതിരായ അതിക്രമത്തിന് ലഭിക്കുന്ന പ്രാമുഖ്യം ഇല്ലാതാക്കുക എന്ന തന്ത്രം കൂടിയുണ്ട് കശ്മീരിലെ പാക് ഇടപെടലിനെ പൊടി തട്ടിയെടുക്കുന്നതിന് പിന്നിൽ. ഭരിക്കുന്ന പാർട്ടി (ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും) പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലൊക്കെ ഇന്ത്യാ-പാക് ബന്ധം വഷളാകുന്നത് ആവർത്തിക്കുന്ന ചരിത്രമാണ്. രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന ഒരു കൂട്ടമാളുകൾ, അവർക്ക് പിന്തുണ നൽകി അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുന്ന അയൽ രാഷ്ട്രം-ദേശീയ വികാരമുണർത്തി, ഇതര ചിന്തകളിൽ നിന്ന് ജനത്തെ മുക്തമാക്കാൻ ഇതിലും നല്ല പോംവഴിയില്ല തന്നെ. സത്യപ്രതിജ്ഞക്ക് ക്ഷണിച്ചും പിറന്നാളാശംസ നേരാൻ നേരിട്ട് പോയും നീട്ടിയ സൗഹൃദത്തിന്റെ കരങ്ങളെ തിരസ്‌കരിച്ച് നിഴൽ യുദ്ധം നടത്തുന്ന അയൽ രാജ്യം, അവരുടെ പിന്തുണയോടെ രാജ്യത്തെ വെല്ലുവിളിക്കുന്ന ഭീകരന്മാർ, അതിനെയൊക്കെ കരുത്തോടെ നേരിടാൻ തയ്യാറെടുക്കുന്ന ‘രാജ്യസ്‌നേഹി’കളുടെ ഭരണകൂടം – വികാരം വളർത്താൻ പാകത്തിലുള്ള പ്രചാരണത്തിന് ഇതിലപ്പുറമൊന്നും വേണ്ടതില്ല.

പാക്കിസ്ഥാനിലെ ആഭ്യന്തര രാഷ്ട്രീയവും ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പ്രധാനമാണ്. പ്രധാനമന്ത്രി നവാസ് ശെരീഫ്, ചെറുതല്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് പാക്കിസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ് ശെരീഫ്) നേതൃത്വം പ്രധാനമന്ത്രിയുടെ നടപടികളിൽ അതൃപ്തരാണ്. ജനാധിപത്യ സമ്പ്രദായത്തിൽ സർക്കാറിനു മേൽ പാർട്ടിക്ക് നിയന്ത്രണമുണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. പാർട്ടിയെ മുഖവിലക്കെടുക്കാതെ പ്രവർത്തിക്കുകയാണ് നവാസ് ശെരീഫെന്നും പാർട്ടിക്ക് പുറത്തുള്ള സകലരുമായും അദ്ദേഹം ആശയ വിനിമയം നടത്തുന്നുണ്ടെന്നും വിമത വിഭാഗം ആരോപിക്കുന്നു. പാർട്ടി നേതാക്കളുടെ ഒരു യോഗം പോലും കഴിഞ്ഞ കുറച്ചുകാലത്തിനിടെ വിളിച്ചുചേർത്തിട്ടില്ല എന്നത് സർക്കാറും പാർട്ടിയും തമ്മിലുള്ള അകലത്തിന് തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. 1999ൽ നവാസ് ശെരീഫിനെ അട്ടിമറിച്ച് പട്ടാളത്തലവനായിരുന്ന പർവേസ് മുശർറഫ് അധികാരം പിടിച്ചതിനേക്കാൾ ഗൗരവമുള്ള രാഷ്ട്രീയ സാഹചര്യം പ്രധാനമന്ത്രി അഭിമുഖീകരിക്കുന്നുവെന്നാണ് പി എം എൽ (എൻ) നേതാക്കൾ തന്നെ പറയുന്നത്.

ജനാധിപത്യ സംവിധാനം ദുർബലമായ പാക്കിസ്ഥാന്റെ ഭരണം കൈയാളുന്ന നേതാവിനെ സംബന്ധിച്ച് ഇത്തരമൊരു ഘട്ടത്തിൽ അധികാരത്തിൽ തുടരണമെങ്കിൽ സൈന്യവുമായും ഐ എസ് ഐയുമായും വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായൊക്കെ സമരസപ്പെട്ട് പോകേണ്ടിവരും. അതിന് ഏറ്റവും ഉചിതമായ മാർഗം ഇന്ത്യക്കെതിരായ നീക്കങ്ങൾ ഊർജിതമാക്കുകയോ അതിലേക്ക് സംഭാവന ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയോ ആണ്. കശ്മീരിൽ സംഘർഷം ഉടലെടുക്കുക കൂടി ചെയ്തതോടെ നവാസ് ശെരീഫിന് കാര്യങ്ങൾ കുറേക്കൂടി എളുപ്പമായി.

തുടരുന്ന തർക്കത്തിനും അതിന്റെ കൃത്യമായ ഇടവേളകളിലെ കൊഴുപ്പിക്കലുകൾക്കും പിന്നിൽ നേരിട്ട് കാണുന്ന സംഗതികൾക്ക് പുറത്ത് കാരണങ്ങളുണ്ടെന്ന് ചുരുക്കം. അതങ്ങനെ നിലനിൽക്കുക എന്നത് ഇരു രാഷ്ട്രങ്ങളിലെയും ഭരണവർഗത്തിന്റെ താത്പര്യവുമാണ്. അതുകൊണ്ട് കൂടിയാണ് തർക്കവിഷയങ്ങളിൽ ചർച്ചകൾ ഉണ്ടാകാതെ പോകുന്നത്, ചർച്ചകൾ നടക്കുകയാണെങ്കിൽ തർക്കത്തിന്റെ മർമത്തിൽ തൊടാതെ വേണമെന്ന് നിബന്ധന വെക്കുന്നത്.

എ ബി വാജ്പയി പ്രധാനമന്ത്രിയായിരിക്കെയാണ് ഇന്ത്യാ – പാക് ബന്ധം സമീപ വർഷങ്ങളിൽ മികച്ച നിലയിൽ ഉണ്ടായിരുന്നത് എന്നാണ് നയതന്ത്ര പണ്ഡിതരുടെ മതം. പക്ഷേ, അക്കാലത്ത് തന്നെയാണ് കാർഗിൽ യുദ്ധമുണ്ടായതും ഇന്ത്യ രണ്ടാമത്തെ അണ്വായുധ പരീക്ഷണം നടത്തിയതും. യുദ്ധത്തിനും അതിനു ശേഷം ബന്ധം മെച്ചപ്പെടുത്തിയതിനും തുടർന്ന് ആഗ്ര ഉച്ചകോടി സംഘടിപ്പിച്ചതിനും ഉച്ചകോടിയെ ലക്ഷ്യത്തിലെത്താതെ അവസാനിപ്പിച്ചതിനും ഒക്കെ കാരണങ്ങളുണ്ടായിരുന്നു.

തർക്കത്തിന്റെ അടിസ്ഥാനം കശ്മീരാണെന്ന് എല്ലാവർക്കുമറിയാം. അതിനെ കേന്ദ്രീകരിച്ച്, കശ്മീരികളെക്കൂടി ഉൾക്കൊള്ളിച്ച് ചർച്ചകൾ നടത്താതെ പരിഹാരമുണ്ടാകില്ലെന്നും. അത്തരമൊരു ചർച്ചക്ക് അവസരമൊരുക്കണമെങ്കിൽ കശ്മീരിലെ അസ്വസ്ഥതകൾ മുതലെടുക്കാൻ ശ്രമിക്കുന്ന ശക്തികളെ നിയന്ത്രിച്ച് നിർത്തേണ്ടതുണ്ടെന്ന് പാക്കിസ്ഥാനും അറിയാം. രഹസ്യാന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അസ്വസ്ഥതകൾ സൃഷ്ടിക്കാൻ രണ്ട് രാഷ്ട്രങ്ങളും നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും. അധികാരരാഷ്ട്രീയത്തിനപ്പുറത്ത് മനുഷ്യ ജീവന് വിലയുണ്ടെന്ന തിരിച്ചറിവ് ഭരണ നേതൃത്വങ്ങൾക്ക് ഉണ്ടാകുകയും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവസരം ഉറപ്പാക്കുക എന്നതാണ് ഏറ്റവും വലിയ ഭരണ നേട്ടമെന്ന് മനസ്സിലാകുകയും ചെയ്യുമ്പോൾ മാത്രമേ ഇതൊക്കെ സാധ്യമാകൂ.  സുശക്ത ജനാധിപത്യവും ദുർബല ജനാധിപത്യവും അതിലേക്കൊന്നും പോകാതിരിക്കെ, സഹോദരരാഷ്ട്രങ്ങൾ ശത്രു രാഷ്ട്രങ്ങളായി തുടരും, തെരുവുകളിൽ ചോര ഉണങ്ങാതിരിക്കുകയും ചെയ്യും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ