ഒരൊറ്റ ആണിനും പെൺവിരോധിയാകാനാവില്ല. കാരണം അയാൾ ഒരു പെണ്ണിന്റെ മകനോ പിതാവോ സഹോദരനോ പിതൃവ്യനോ അമ്മാവനോ ആയിരിക്കും. ഈ നിലക്ക് രക്തമൊട്ടിനിൽക്കുന്ന ഒരു പരിശുദ്ധ ജന്മത്തിന്റെ ശത്രുപക്ഷത്ത് മനസ്സാക്ഷിയുള്ള ഒറ്റ പുരുഷനും നിൽക്കാനാകില്ല, ആകരുത്. ഇതേ കാര്യം തിരിച്ച് സ്ത്രീയുടെ കാര്യത്തിലും പറയാവുന്നതാണ്. ആയതിനാൽ ഒരൊറ്റ സ്ത്രീക്കും പുരുഷവിരോധിയാകാൻ സാധിക്കില്ല, സാധിക്കരുത്.
സഹിക്കുന്നത് സ്ത്രീ!
ലോകചരിത്രം എന്നല്ല, ലോകവർത്തമാനം എടുത്തുനോക്കിയാലും എവിടെയും എപ്പോഴും പുരുഷനേക്കാൾ കഷ്ടപ്പാടുകൾ സഹിക്കുന്നത്, വേദനകൾ കടിച്ചിറക്കുന്നത്, പീഡനങ്ങൾ ഏറ്റുവാങ്ങുന്നത് സ്ത്രീയാണ്. കാലദേശ വ്യത്യാസമില്ലാതെ അതൊരു സാർവലൗകിക സങ്കടമായി തുടരുകയാണ്. ചരിത്രത്തിലിന്നോളം ഏതെങ്കിലും നാട്ടിലെ സ്ത്രീകൾ ശക്തിപ്രാപിക്കുകയും കായികമായും വൈകാരികമായും പുരുഷനെ അടിച്ചുമലർത്തുകയും സ്‌ത്രൈണാധിപത്യം സ്ഥാപിച്ചതായും അറിയാൻ കഴിഞ്ഞിട്ടില്ല. അതെന്തു കൊണ്ടായിരിക്കുമെന്ന ആലോചന നമ്മെ കൊണ്ടെത്തിക്കുക സ്ത്രീ പുരുഷ ജന്മങ്ങളുടെ വൈകാരികമായ വ്യതിയാനത്തിലാണ്. ജന്മനാ രണ്ടും രണ്ടാണ്. ആ വ്യത്യാസം ജീവിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും നിഴലിക്കും.
സ്ത്രീയാണ് ഏറെ സഹിക്കേണ്ടിവന്നിട്ടുള്ളത്. സഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറയുമ്പോൾ എന്താ അവളുടെ ജന്മം അതിനുള്ളതാണോ എന്ന ആലോചന പ്രസക്തമാണ്. ഒറ്റ വാക്കിൽ പറഞ്ഞാൽ അല്ല. ജന്മനാ സ്ത്രീ ആയിപ്പോയി എന്നതിനാൽ അവൾ ഞെങ്ങിഞെരുങ്ങണമെന്ന് പറഞ്ഞുകൂടാ. ആ ഞെരുക്കത്തിനും സഹനത്തിനും പുരുഷൻ കാരണമാകുന്നുവെന്ന് പറയുമ്പോൾ അതൊരു മാനസിക പ്രശ്‌നമായി നാം ഉയർത്തിക്കൊണ്ടുവരണം.
ഏറെ കഷ്ടപ്പാടനുഭവിക്കുന്നത് സ്ത്രീയാണ് എന്നതിന്റെ പരിഹാരം ഇനി മുതൽ ഏറെ കഷ്ടപ്പെടേണ്ടത് പുരുഷനാവുന്ന ഒരു കാലാവസ്ഥ വരട്ടെ എന്നല്ല. മറിച്ച് സ്ത്രീയോട് സ്‌നേഹവും വാത്സല്യവുമുള്ള പുരുഷനുണ്ടാവുകയും സ്ത്രീകളോട് മാന്യമര്യാദകളോടെ പെരുമാറുകയും ചെയ്യുന്ന ഒരു പുരുഷപക്ഷം രൂപപ്പെടണമെന്നതാണ്. പകദ്വേഷങ്ങൾക്ക് പകരം പരസ്പര്യം പൂത്തുലയുന്ന ഒരു സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്.
സമത്വവാദത്തിന്റെ ജനിതക ദീനങ്ങൾ
സ്ത്രീവിമോചനത്തിന്, സ്ത്രീശാക്തീകരണത്തിന് ഏകമാർഗമായി സർവ മേഖലകളിലുമുള്ള ആൺപെൺ സമ്പൂർണ സമത്വവാദം ഉന്നയിക്കുന്നവർ സ്ത്രീയുടെ യഥാർത്ഥ പ്രശ്‌നങ്ങളെ വഴിതിരിച്ച് വിടുകയാണ്. പ്രായോഗികതയുടെ നിലത്ത് വിത്ത് വിതക്കുന്നതിന് പകരം ആളുകളുടെ കയ്യടി കിട്ടാൻ ആ വിത്തു വാരി വായുവിലെറിയുകയാണ് ചിലർ ചെയ്യുന്നത്. എനിക്കു വേണ്ടത് എനിക്കു കിട്ടണം എന്ന് വാദിക്കേണ്ടതിന് പകരം നിനക്ക് കിട്ടുന്നതൊക്കെ എനിക്കും കിട്ടണമെന്ന് ശഠിക്കുന്നിടത്തേക്ക് പെൺസമരങ്ങളെ അപഹാസ്യമാക്കി അലസിപ്പിക്കുന്നതാണ് കാണുന്നത്.
സ്ത്രീയും പുരുഷനും എല്ലാ വിഷയത്തിലും തുല്യരാണ്, തുല്യരാവണം. ഞാനും എന്റെ ഭാര്യയും സകല കാര്യങ്ങളിലും സമന്മാരാണ്, ആകണം എന്ന് വാദിക്കുമ്പോൾ സ്ത്രീക്ക് പുരുഷനേക്കാൾ, എന്റെ ഭാര്യക്ക് എന്നേക്കാൾ ഒരു മേഖലയിലും മികവ് വന്നുകൂടാ എന്ന ഉൾവാദം ഉറങ്ങുന്നുണ്ട് അതിനുള്ളിൽ. അപകടം ചെയ്യുമത്. പല കാര്യങ്ങളിലും പുരുഷനേക്കാൾ മേന്മയുള്ളവരാണ് സ്ത്രീകൾ. ഇൗ മാഹാത്മ്യത്തെ എന്തടിസ്ഥാനത്തിലാണ് പുരുഷന്റെ പരിധിയിൽ വെച്ച് മുറിച്ച് ചെറുതാക്കുന്നത്?
ഒരു ഉദാഹരണം പറയാം. കരയുന്ന കുഞ്ഞിനെ മെരുക്കി ചിരിപ്പിക്കുന്നൊരു മത്സരം സംഘടിപ്പിച്ചാൽ ഏറിയകൂറും വിജയിക്കുന്നത് സ്ത്രീകളായിരിക്കും. കരയുന്ന കുഞ്ഞിൽ നിന്ന് തുല്യ അകലത്തിൽ മാതാപിതാക്കൾ മാറിനിന്നാൽ മിക്കവാറും മാതാവിനു നേർക്കായിരിക്കും കുഞ്ഞ് ഓടിയടുക്കുക. വിവരവും വിവേകവുമില്ലാത്ത കൊച്ചു കുട്ടിക്കു പോലുമറിയാം അച്ഛനേക്കാൾ എത്രയോ ഉന്നതിയിലാണ് സ്‌നേഹവ വാത്സല്യങ്ങളിൽ മാതാവുള്ളതെന്ന്. അമ്മയുടെ മാർദവമേറിയ മേനിയിൽ ചാഞ്ഞുകിടന്ന് പാൽ കുടിച്ച് തന്നെ കരയിപ്പിച്ച സങ്കടത്തിൽ നിന്ന് വിടുതി നേടാനും പുഞ്ചിരിയുടെ വദനം തിരിച്ചുപിടിക്കാനും ആ കുഞ്ഞിനു സാധിക്കുന്നു.
മക്കൾക്ക് മാതാപിതാക്കളോടുള്ള കടപ്പാടിനെ നാലായി ഗണിക്കാം. ഞാനും കെട്ടിയോളും എല്ലാത്തിലും തുല്യരാണെന്നു പറയുമ്പോൾ റ്റു ഈസ്ടൂ റ്റു എന്ന അനുപാതത്തിലാണ് കാര്യങ്ങൾ വരേണ്ടത്. എന്നാൽ മതത്തിന്റെ പരികൽപന പ്രകാരം ത്രീ ഈസ് ടൂ വൺ ആണത്. അതായത് സ്ത്രീക്ക് മൂന്നോഹരി, ആണിന് വെറും ഒരോഹരിയും. ഉമ്മ, പിന്നെയും ഉമ്മ, വീണ്ടും ഉമ്മ. പിന്നെ ഉപ്പ!
ഇനി പറയൂ. അവളും അവനും ഉദ്യോഗസ്ഥരാണ്. രണ്ടാൾക്കും 45386 രൂപ ശമ്പളം. വീട്ടിൽ ചെലവ് എമ്പാടുമുണ്ട്. അരി സാമാനം, വൈദ്യുതി, പത്രം, പാൽ, വേലക്കാരി, ട്യൂഷൻ ഫീ, കല്യാണം-വീട് പ്രവേശം, ആശുപത്രി… മൊത്തത്തിൽ മുപ്പത്താറായിരം കൂട്ടിക്കോ. എന്നാൽ എങ്ങനെയാണ് മതപരമായ ബാധ്യത? തുല്യതയുടെ ഭൂമികയിൽ നിന്നുകൊണ്ട് ഓരോരുത്തരും പതിനെട്ടായിരം വെച്ച് പങ്കിട്ടെടുക്കണമെന്നാണോ? പോകട്ടെ, വൺ ഈസ് ടൂ ത്രീ എങ്കിലുമാണോ? അല്ല, മുപ്പത്താറായിരവും പുരുഷന്റെ തലയിലാണ്. ഭാര്യക്ക് സ്വന്തം ശമ്പളമെല്ലാം അട്ടിയട്ടിയായി പെട്ടിയിൽ സൂക്ഷിക്കാം. അവളുടെ ചെലവെല്ലാം പുരുഷന്റെ ബാധ്യതയാണ്.
ഇനി പ്രകൃതിപരമായ ചേർച്ച സമ്മാനിക്കുന്ന ബാധ്യതയെ പോലും മതവീക്ഷണം തകിടം മറിക്കുന്നത് കാണണോ? മനസ്സിലാക്കിത്തരാം. കുഞ്ഞ് വളരണമെങ്കിൽ മുലപ്പാൽ വേണം. അതിനെന്ത് ചെയ്യും. ഒരു നേരം നീ കൊടുക്ക്, അടുത്ത നേരം ഞാൻ പാൽ കൊടുക്കാം- ഇങ്ങനെ ഭർത്താവിന് പങ്കിട്ടെടുക്കാനാവുമോ? പറ്റില്ല. കാരണം ആണിന് പാലൂട്ടുന്ന സമൃദ്ധ സ്തനങ്ങളില്ല. പ്രകൃതിപരമായി സ്ത്രീക്കാണ് മുലയൂട്ടാനാവുക. അതിനാൽ കുഞ്ഞിന് പാലൂട്ടൽ സ്ത്രീയുടെ, മാതാവിന്റെ ബാധ്യതയാണോ. അല്ലെന്ന് ഇസ്‌ലാം. അവർ വിസമ്മതിച്ചാൽ മറ്റൊരു സ്ത്രീയുടെ മുലപ്പാൽ വേതനം നൽകിയെങ്കിലും ഏർപ്പാടാക്കിക്കൊള്ളണം പുരുഷൻ. വേണമെങ്കിൽ സ്വന്തം മാതാവിനു തന്നെ മുലയൂട്ടലിന് വേതനം ആവശ്യപ്പെടാവുന്നതാണ്. അപ്പോൾ ഇക്കാര്യത്തിലും സ്ത്രീ പുരുഷനു തുല്യയല്ല, അവനു മീതെയാണ്. സമത്വവാദികൾക്ക് എന്തു പറയാനുണ്ട്? അവളെ തുല്യയാക്കി ഇടിച്ചുതാഴ്ത്താതിരിക്കുക. ഇസ്‌ലാം അവളെ മഹത്ത്വപ്പെടുത്തുകയാണ്, ഉത്തരവാദിത്വമുള്ള കുടുംബനാഥയായി വാഴ്ത്തുകയാണ് ചെയ്തത്. എന്നാൽ ഫെമിനിസം അവൾക്ക് മോചനമല്ല, അസ്വസ്ഥതയും അപകടവും സമ്മാനിക്കുകയാണ് ചെയ്തതെന്ന് തിരിച്ചറിഞ്ഞാൽ സ്ത്രീവാദികളുടേത് മുതലക്കണ്ണീരാണെന്ന് ആർക്കും ബോധ്യമാകും.
ഫൈസൽ അഹ്‌സനി ഉളിയിൽ