ഖലീഫ ഉമർ ബിൻ ഖത്വാബ്(റ)ന്റെ അടുക്കൽ മകന്റെ ദൂഷ്യ സ്വഭാവത്തെ കുറിച്ച് പരാതിയുമായി ഒരു രക്ഷിതാവ് വന്നു. മകനെ ഹാജറാക്കാൻ ഖലീഫ കൽപിച്ചു. അവൻ രക്ഷിതാക്കളോട് ചെയ്യുന്ന അപമര്യാദയെ കുറിച്ച് ഖലീഫ ബോധവൽക്കരണം നടത്തി. അപ്പോൾ ആ കുട്ടി തിരിച്ച് ചോദിച്ചു: അമീറുൽ മുഅ്മിനീൻ, പിതാവ് മകന് ചെയ്തുകൊടുക്കേണ്ട ബാധ്യതകൾ ഒന്നുമില്ലേ?
‘ഉണ്ട്’
എന്തെല്ലാമാണവ?
‘നല്ല ഉമ്മയെ തിരഞ്ഞെടുക്കുക, പേര് നന്നാക്കുക, ഖുർആൻ പഠിപ്പിക്കുക.’ ഖലീഫ പ്രതിവചിച്ചു.
പലരും നിസ്സാരമായി കാണുന്നവയാണ് പേരുകൾ. എന്നാൽ പേരുകൾക്ക് മനുഷ്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താനാവും. മനശ്ശാസ്ത്രം പേരിന്റെ പ്രാധാന്യം അംഗീകരിക്കുന്നുണ്ട്. സ്വന്തം പേരിന്റെ അർഥമാനങ്ങൾ കാരണം പലരുടെയും മാനസികാവസ്ഥ മാറുകയും ജീവിത സംതൃപ്തി ലഭിക്കാതെ പോകുകയും ചെയ്യുന്നുണ്ട്. യുഎസ് മനശ്ശാസ്ത്രജ്ഞൻ ജീൻ ടെംഗ്വിന്റെ നേതൃത്വത്തിലുള്ള ഒരു പഠനത്തിൽ കുടുംബ പശ്ചാത്തലവും ജീവിതത്തിലുള്ള പൊതുവായ അതൃപ്തിയും നിയന്ത്രിച്ചു കഴിഞ്ഞിട്ടും സ്വന്തം പേര് ഇഷ്ടപ്പെടാത്ത ആളുകൾക്ക് മോശമായ മാനസികാവസ്ഥയുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പേര് ഒരാൾക്ക് ഇഷ്ടപ്പെടാതെ വരുന്നത് പേര് അയാളുമായി യോജിക്കാതെ വരുമ്പോഴാണ്. സൗന്ദര്യം കുറഞ്ഞയാൾക്ക് സുന്ദരൻ എന്നു പേരിട്ടാൽ സമൂഹത്തിനിടയിൽ അയാൾക്കു നേരെയുണ്ടായേക്കാവുന്ന അവഹേളനം ഊഹിക്കാവുന്നതേയുള്ളൂ.
ബീജിംഗിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിയിലെ ഹുവാജിയൻ കായും സഹപ്രവർത്തകരും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ലക്ഷക്കണക്കിനാളുകളുടെ പേരുകൾ ക്രോസ് ചെക്ക് ചെയ്തു. പശ്ചാത്തല ജനസംഖ്യാ ഘടകങ്ങളുടെ സ്വാധീനം നിയന്ത്രിച്ചതിനു ശേഷവും പേരുകൾ കുറഞ്ഞ ജനപ്രീതിയുള്ളവരോ അല്ലെങ്കിൽ കൂടുതൽ നിഷേധാത്മക അർഥമുള്ളവരോ ആയ ആളുകളെ അധികമായി കണ്ടെത്തി. അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സറ്റിയിലെ ഒരു ഗവേഷണമനുസരിച്ച് അസാധാരണമായ പേരുണ്ടാകൽ വ്യക്തിയെ കൂടുതൽ സർഗധനനും തുറന്ന മനസ്സുള്ളവനുമാക്കി മാറ്റും. ആയിരത്തിലധികം സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെ പേരിൽ നടത്തിയ പഠനത്തിൽ അവരുടെ പേരുകളിലെ അപൂർവത പോലെ തന്നെ അവർ പിന്തുടരുന്ന ബിസിനസ് രീതികളിലെ അസാധാരണത്വവും കണ്ടെത്തിയിട്ടുണ്ട്.
ഒരാളുടെ ജീവിതവും സ്വഭാവവും നിർണയിക്കുന്നതിൽ പേരുകൾക്ക് പങ്കുണ്ട്. നാമകരണത്തിൽ അനുകരണ ശൈലിയും മാതാപിതാക്കളുടെ പേരിനനുസരിച്ച് പുതിയ പേരുകൾ രൂപപ്പെടുത്തുകയും ചെയ്യുന്ന കാലത്ത് ഇതിന് പ്രസക്തിയുണ്ട്. നല്ല പേരിടൽ സുന്നത്താണ് (തുഹ്ഫ). സന്താനങ്ങളുടെ സ്വഭാവത്തിലും വിജയത്തിലും പേരുകൾ സ്വാധീനിക്കുമെന്നാണ് തിരുനബി ദർശനം. ‘നിങ്ങളുടെയും പിതാക്കളുടെയും പേരുകൾ ചേർത്താണ് നിങ്ങൾ അന്ത്യ നാളിൽ വിളിക്കപ്പെടുക. അതുകൊണ്ട് പേര് നന്നാക്കുക’ (അബൂദാവൂദ് 5/236). സുഹൈൽ ബിൻ അംറ് വന്നപ്പോൾ ‘നിങ്ങളുടെ കാര്യം എളുപ്പമായെന്ന്’ നബി(സ്വ) പറയുന്നതായി ബുഖാരി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ‘സുഹൈൽ’ എന്ന പദത്തിന് ‘എളുപ്പം’ എന്നാണർഥം. ബുഖാരി റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസ് ഇങ്ങനെ: സഈദ് ബ്ൻ മുസയ്യബ്(റ) പിതാമഹനിൽ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം ഒരിക്കൽ തിരുനബി(സ്വ)യെ സന്ദർശിച്ചു. അവിടന്ന് ചോദിച്ചു: നിങ്ങളുടെ പേരെന്താണ്? ‘ഹുസുൻ’ എന്ന് അദ്ദേഹം മറുപടി നൽകി. (ഹുസുൻ എന്നാൽ പരുഷം എന്നാണർഥം) നബി(സ്വ) പറഞ്ഞു: ‘നിങ്ങളുടെ പേര് സഹ്ൽ എന്നാകട്ടെ.’ എന്നാൽ, എന്റെ പിതാവ് ഇട്ട പേര് ഞാൻ മാറ്റുകയില്ല എന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. സഈദ് ബ്ൻ മുസയ്യബ്(റ) പറയുന്നു: ഹുസുൻ എന്ന പേരിന്റെ അർഥം സൂചിപ്പിക്കുന്ന പരുഷ സ്വഭാവം ഞങ്ങളുടെ തലമുറയിൽ നിലനിന്നുകൊണ്ടേയിരുന്നു. നല്ല പേരുകൾ നല്ല ഭാവിയെയും ദുശ്ശകുനങ്ങൾ മോശമായ ഭാവിയെയും പ്രതിഫലിപ്പിക്കും. റസൂൽ(സ്വ)ക്ക് മുഹമ്മദ് എന്നു പേര് വിളിക്കുമ്പോൾ പിതാമഹൻ അബ്ദുൽ മുത്തലിബിനോട് പലരും ചോദിക്കുന്നുണ്ട്; ‘എന്തുകൊണ്ടാണ് താങ്കൾ താങ്കളുടെ പിതാക്കളുടെ പേരിൽ നിന്ന് മാറി പുതിയ പേര് വെച്ചത്?’ ലോകമാകെ എന്റെ മോൻ സ്തുതിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്ത് പേരിടണം?
പേര് നല്ലതാകണമെന്നാണ് ഇസ്‌ലാമിക പാഠങ്ങൾ. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പേരുകൾ അബ്ദുല്ല, അബ്ദുറഹ്‌മാൻ എന്നിവയാണ്. മഹത്തുക്കളുടെയും പ്രവാചകന്മാരുടെയും പേര് വെക്കൽ നല്ലതാണ്. അമ്പിയാക്കളുടെ പേരിടാൻ നബികൽപനയുണ്ട്. ഇബ്‌നു അബ്ബാസി(റ)ൽ നിന്ന് ഖുർത്വുബി(റ) നിവേദനം ചെയ്യുന്നു: ‘സത്യവിശ്വാസികളെ നരകത്തിൽ നിന്ന് അല്ലാഹു രക്ഷപ്പെടുത്തും. ആദ്യം രക്ഷപ്പെടുത്തുക അമ്പിയാക്കളുടെ പേരുള്ളവരെയായിരിക്കും.’ ഇമാം മാലിക്(റ) പറഞ്ഞു: ‘മദീനക്കാർ പറയുന്നതായി ഞാൻ കേട്ടു; ഒരു വീട്ടിൽ മുഹമ്മദ് എന്ന് പേരുള്ള കുട്ടി ഉണ്ടായാൽ ആ വീട്ടുകാർക്ക് നല്ല ഭക്ഷണം ലഭിക്കാതിരിക്കില്ല.’
നബി(സ്വ)യോടുള്ള ആദരവ് മാനിച്ച് മുഹമ്മദ് എന്ന് പേരുള്ളവരെ അന്ത്യനാളിൽ സ്വർഗത്തിൽ പ്രവേശിപ്പിക്കും. മുഹമ്മദ് എന്ന് നാമകരണം ചെയ്യപ്പെട്ടവരെ ബഹുമാനിക്കേണ്ടതുണ്ടെന്ന് പണ്ഡിതർ പഠിപ്പിക്കുന്നു. ജാബിർ(റ)വിൽ നിന്ന് നിവേദനം: ‘നിങ്ങളുടെ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താൽ അകാരണമായി അവനെ അടിക്കുകയോ നല്ല കാര്യങ്ങളിൽ നിന്ന് തടയുകയോ ചെയ്യരുത്.’ പ്രവാചക നാമങ്ങളും അല്ലാഹുവിന്റെ പേരിലേക്ക് അബ്ദ് ചേർത്തുള്ള പേരുകളും കുട്ടിക്ക് ചെറുപ്പത്തിലേ ദീനുമായുള്ള ബന്ധം വളരാൻ നിദാനമാകും.
ഉപയോഗിക്കരുതാത്ത പേരുകൾ
എല്ലാ പേരുകളും സ്വീകരിക്കാൻ മതം അനുവദിക്കുന്നില്ല. ചില പേരുകൾ ഹറാമും മറ്റു ചിലത് കറാഹത്തുമായി പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്തവരിലേക്ക് അബ്ദ് (അടിമ) എന്ന് ചേർത്ത് പേരിടൽ നിഷിദ്ധമാണ്. പ്രബലാഭിപ്രായ പ്രകാരം റസൂലിലേക്ക് ചേർത്ത് അബ്ദ് പ്രയോഗിക്കലും അനുവദനീയമല്ല. അബ്ദുൽ ഹജർ എന്ന് പേരുള്ളയാളോട് റസൂൽ(സ്വ) പ്രതികരിച്ചതിങ്ങനെയാണ്: ‘അല്ല, നീ അല്ലാഹുവിന്റെ അടിമയാണ്’ (ഇബ്‌നു അബീശൈബ 8/665). അല്ലാഹുവിനും റസൂലിനും മാത്രം പറയാവുന്ന പേരുകൾ നൽകലും അനുവദനീയമല്ല. മലികുൽ മുലൂക്, സുൽത്വാനുസ്സലാത്വീൻ (അല്ലാഹു) സയ്യിദുന്നാസ്, സയ്യിദു വുൽദി ആദം (റസൂൽ) തുടങ്ങിയവ ഉദാഹരണം.
പിശാചുക്കളുടെയും അഹങ്കാരികളുടെയും പേരിടൽ കറാഹത്താണ്. വലഹാൻ, അഅ്മർ തുടങ്ങിയവ പിശാചുക്കളുടെ പേരുകളാണ് (ഫത്ഹുൽബാരി). ഫിർഔൻ, ഹാമാൻ പോലുള്ളവയാണ് അഹങ്കാരികളുടെ പേരുകൾ. ജനങ്ങൾ വെറുക്കുന്ന അർഥമുള്ള പേരുകളും കറാഹത്താണ്. ഒരിക്കൽ നബി(സ്വ) കൂടെയുള്ളവരോട് ചോദിച്ചു: ‘ആരാണീ ആടിനെ കറക്കുക?’ ഒരാൾ എഴുന്നേറ്റ് നിന്നു. തിരുദൂതർ അയാളോട് പേര് ചോദിച്ചു. ‘മുർറത്’- അയാൾ പറഞ്ഞു. അയാളോട് ഇരിക്കാൻ കൽപിച്ച് നബി(സ്വ) ചോദ്യം ആവർത്തിച്ചു. രണ്ടാമത് എഴുന്നേറ്റു നിന്നത് ‘ഹർബ്’ എന്നയാളായിരുന്നു. അയാളെയും പാൽ കറക്കാനനുവദിച്ചില്ല. മൂന്നാമത് എഴുന്നേറ്റ ‘യഈശു’ എന്ന പേരുകാരനെയാണ് കറക്കാനനുവദിച്ചത് (മുവത്വ 2/973). മുകളിൽ പറഞ്ഞ മുർറത്ത്(കൈപ്പ്), ഹർബ്(യുദ്ധം), കൽബ്(നായ), ഹയ്യത്ത്(പാമ്പ്) പോലുള്ള വയാണ് പൊതുവെ വെറുക്കപ്പെടുന്ന നാമങ്ങളിൽ പണ്ഡിതർ എണ്ണിയത്.
നിഷേധിക്കുമ്പോൾ ദുശ്ശകുനം തോന്നുന്ന പേരുകളും കറാഹത്താണ്. നാഫിഅ്, യസാർ, ബറകത്, മുബാറക് തുടങ്ങിയവ ഉദാഹരണം. അവർ അവിടെയുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ലാത്ത സാഹചര്യങ്ങളിൽ ബറകത് ഇല്ല, യസാർ ഇല്ല എന്നൊക്കെയാണല്ലോ മറുപടി നൽകുക. അവിടെയാണ് ദുശ്ശകുനം വരുന്നത്. ഇത്തരം പേരുള്ളവർ മാറ്റൽ സുന്നത്താണെന്ന് ശർവാനി രേഖപ്പെടുത്തുന്നുണ്ട്. ബർറത്(നന്മയുള്ളവൾ) എന്ന് പേരിടുന്നത് പ്രവാചകർ നിരോധിച്ചിട്ടുണ്ട്. നബി(സ്വ) പറയുന്നത് നിങ്ങൾ സ്വയം പൊങ്ങച്ചം പറയരുത്, നിങ്ങളിലെ ഗുണവാൻ ആരാണെന്ന് അല്ലാഹുവിനറിയാം എന്നാണ്. ഈ കാരണം കൂടി ഇത്തരം പേരുകൾ നിരോധിക്കുന്നതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്.
ബിസിനസുകളുടെ പേര്
പേരുകളിലെ ശുഭ-അപ ലക്ഷണങ്ങൾ മനുഷ്യരിൽ മാത്രമല്ല. സ്ഥലങ്ങൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും പേരിടുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം. അപലക്ഷണമുള്ള പേരുകൾ ഗോത്രങ്ങൾക്കും നാടുകൾക്കും വ്യക്തികൾക്കുമെല്ലാം നൽകുന്നത് തിരുനബി(സ്വ) വെറുത്തിരുന്നു. ഒരിക്കൽ രണ്ട് പർവതങ്ങൾക്കിടയിലൂടെ നടന്നുപോകുമ്പോൾ അവിടന്ന് ചോദിച്ചു: ഈ പർവതങ്ങളുടെ പേരെന്താണ്? ഒരാൾ പറഞ്ഞു: ഫാളിഹ്, മുഖ്‌സി (വഷളായത്, നിന്ദ്യമാകുന്നത്). അപ്പോൾ റസൂൽ(സ്വ) ആ പർവതങ്ങൾക്കിടയിൽ നിന്നും മാറി നടന്നു (സീറതു ഇബ്‌നി ഹിശാം 2/304).
നല്ല പേരുകൾ നല്ല ഭാവി സൃഷ്ടിക്കും. നല്ല പേരുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഭാവിയുടെ നിർണയം കൂടിയാണതെന്ന് വിസ്മരിക്കരുത്.
അബ്ദുൽ ബാസിത്