‘സത്യവിശ്വാസികളേ, കൊടുത്തത് എടുത്ത് പറഞ്ഞും ഗുണഭോക്താവിനു ദ്രോഹമുണ്ടാക്കിയും ദാനധർമങ്ങളെ നിങ്ങൾ നിഷ്ഫലമാക്കിക്കളയരുത്; അല്ലാഹുവിലും പരലോകത്തും വിശ്വാസമില്ലാതെ ജനങ്ങളെ കാണിക്കാൻ വേണ്ടി ധനം ചെലവു ചെയ്യുന്നവനെപ്പോലെ. മിനുസമുള്ള ഒരു പാറയുടെ മുകളിൽ അൽപ്പം മാത്രമായി വിതറിയ മണ്ണ് പോലെയാണ് അവന്റെ അവസ്ഥ. ആ പാറമേൽ കനത്ത മഴ പതിച്ചു. മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അത്തരക്കാർക്ക് അധ്വാനിച്ചതിന്റെ യാതൊരു ഫലവും അനുഭവിക്കാൻ കഴിയുകയില്ല. സത്യനിഷേധികളായ ജനതയെ അല്ലാഹു നേർവഴി നടത്തുകയില്ല (അൽ ബഖറ 264). കാപട്യം, പ്രകടനപരത, പരപ്രശംസാമോഹം എന്നിവയാണ് രിയാഅ് എന്ന പദത്തിന്റെ ഭാഷാർത്ഥം. ആരാധനയിലൂടെ പരപ്രശംസയാഗ്രഹിക്കുക. അതായത് ഇബാദത്തുകളിലൂടെ സൃഷ്ടികളെ ലക്ഷ്യമാക്കുക എന്ന അർത്ഥത്തിലാണ് സാങ്കേതികമായി രിയാഇനെ ഉപയോഗിക്കുന്നത്. പ്രകടനപരതയെ ശിർക്കിനോളം കഠിനമായ ശിക്ഷയായി ഗണിച്ചതായി പ്രവാചക വചനങ്ങളിൽ കാണാം-അഥവാ ചെറിയ ശിർക്ക്. ശദ്ദാദ്ബ്നുഔസ്(റ)വിൽ നിന്ന് നിവേദനം. നബി(സ്വ) പറയുന്നത് ഞാൻ കേട്ടു: എന്റെ സമുദായത്തിൽ ശിർക്കും ചെറിയ വികാരങ്ങളുമാണ് ഞാൻ ഭയപ്പെടുന്നത്. ഞാൻ ചോദിച്ചു; യാ റസൂലല്ലാഹ്, അങ്ങേക്ക് ശേഷം അങ്ങയുടെ സമുദായം ശിർക്ക് ചെയ്യുകയോ? പ്രവാചകർ പ്രത്യുത്തരം നൽകി: അവർ സൂര്യനെയും കല്ലിനെയും ബിംബത്തെയും ആരാധിക്കുകയില്ല. അവർ അവരുടെ കർമങ്ങൾ കൊണ്ട് രിയാഅ് കാണിക്കുന്നവരായിരിക്കും (ബൈഹഖി, അഹ്മദ്). മറ്റൊരു വചനം ഇങ്ങനെ വായിക്കാം: ഒരാൾ ജനങ്ങൾ കാണാൻ വേണ്ടി നിസ്കരിച്ചാൽ അവൻ അല്ലാഹുവിൽ പങ്ക്ചേർത്തവനാണ്. ജനങ്ങൾ കാണാൻ വേണ്ടി വ്രതമനുഷ്ഠിച്ചാൽ അവനും അല്ലാഹുവിൽ പങ്ക്ചേർത്തവനാണ്. ജനങ്ങൾ കാണാൻ വേണ്ടി ധർമം ചെയ്തവനും ശിർക്ക് ചെയ്തവനാണ് (അഹ്മദ്). അല്ലാഹുവിൽ പങ്ക്ചേർക്കൽ വൻ പാപവും നിഷിദ്ധവുമാണ്. ഇതിന് സമാനമായ പ്രകടനപരതക്കും വലിയ ശിക്ഷയുണ്ട്. മാത്രമല്ല, അവൻ മുമ്പ് ചെയ്ത സൽകർമങ്ങൾ നഷ്ടപ്പെടാൻ വരെ ഇത് കാരണമായി ഭവിക്കും. അബ്ദുല്ലാഹിബ്നു അബീസകരിയ്യ(റ) പറയുന്നു: ഒരാൾ തന്റെ ആരാധനയിൽ രിയാഅ് കാണിച്ചാൽ അതിന് മുമ്പുള്ള കർമങ്ങളെല്ലാം അവൻ പൊളിച്ചു കളഞ്ഞുവെന്നെനിക്ക് വിവരം കിട്ടിയിരിക്കുന്നു (അസ്സുഹ്ദ് 577). എന്നാൽ പ്രകടനപരത ഭയന്ന് സൽകർമങ്ങളിൽ നിന്ന് പിന്തിരിയുകയാണോ വേണ്ടത്? ഒരിക്കലുമല്ല. പരമാവധി രിയാഅ് വരാതെ സൂക്ഷിക്കുക. ഒരു നിലക്കും സാധ്യമല്ലെങ്കിൽ അമൽചെയ്ത ശേഷം അല്ലാഹുവിനോട് മാപ്പിരക്കുകയാണ് വേണ്ടത്. അബുല്ലൈസു സമർഖന്ദി(റ)യിൽ നിന്ന്: അമലുകൾ ചെയ്യുന്നതിനേക്കാൾ പ്രയാസമാണ് അതിനെ സംരക്ഷിക്കൽ. അമലുകൾ പളുങ്ക് പാത്രം പോലെയാണ്. അതിൽ ലോകമാന്യമോ ഉൾനാട്യമോ വന്നാൽ അത് തകരും. അതില്ലാതെ സൂക്ഷിക്കുകയും ചെയ്തതിൽ മാപ്പപേക്ഷിക്കുകയും ചെയ്താൽ മറ്റു സൽകർമങ്ങളിൽ അവന് ഭക്തി ലഭിച്ചേക്കാം.
പ്രകടനപരതക്കാരന്റെ ലക്ഷണങ്ങൾ അലിയ്യുബ്നു അബീത്വാലിബ്(റ) പറയുന്നുണ്ട്. തനിച്ചാകുമ്പോൾ ആരാധനകളിൽ മടി കാണിക്കുകയും ജനങ്ങളോടൊപ്പമാണെങ്കിൽ ഉന്മേഷവാനാവുകയും ചെയ്യുക. ജനങ്ങൾ പ്രശംസിച്ചാൽ ആരാധനകൾ കൂടുതലാക്കുക. കുറ്റം പറഞ്ഞാൽ ചുരുക്കുകയും ചെയ്യുക (ഇഹ്യാ ഉലൂമുദ്ദീൻ 3296). പ്രകടനപരത ഏറ്റവും കൂടുതൽ വരാൻ സാധ്യതയുള്ളത് കർമങ്ങളിലാണ്. നിസ്കാരത്തിൽ രിയാഅ് കാണിക്കുന്നവനെ വിശുദ്ധ ഖുർആൻ നിരവധി സ്ഥലങ്ങളിൽ പരാമർശിക്കുന്നുണ്ട്. അവന്റെ ആരാധന ഫലശൂന്യമാണെന്ന സന്ദേശവും നൽകുന്നു. സൂറത്തുന്നിസാഇലെ പരാമർശം ഇങ്ങനെ: ‘കപടവിശ്വാസികൾ അല്ലാഹുവെ വഞ്ചിക്കാൻ നോക്കുന്നു. യഥാർത്ഥത്തിൽ അവർ സ്വയം വഞ്ചിതരാവുകയാണ്. ഉദാസീനരായും ആളുകളെ കാണിക്കാൻ വേണ്ടിയുമാണ് അവർ നിസ്കാരത്തിനു നിൽക്കുന്നത്. കുറച്ചുമാത്രമെ അല്ലാഹുവിനെ അവർ ഓർമിക്കുകയുള്ളൂ’ (സൂറതുന്നിസാഅ് 142). ഒരു വിശ്വാസിയുടെ ആരാധനാ കർമങ്ങളിൽ സുപ്രധാനമാണ് നിസ്കാരം. ഇതിനെപ്പോലും വൃഥാവിലാക്കുന്ന രിയാഅ് എന്ന രോഗത്തെ അകറ്റാൻ സാധിക്കുമ്പോഴേ കർമങ്ങൾക്ക് പ്രതിഫലം ലഭിക്കുകയുള്ളൂ. ജനദൃഷ്ടിയിൽ നല്ലപിള്ള ചമയാൻ വേണ്ടി നിസ്കരിക്കുന്നവരുണ്ട്. ജനമധ്യത്തിലോ ജമാഅത്തോ ആയി നിസ്കരിക്കുമ്പോൾ വളരെ ഭക്തിയോടെയും ഭവ്യതയോടെയും കർമങ്ങൾ നിർവഹിക്കുന്നവൻ തനിച്ചാകുമ്പോൾ നിസ്കാരം ഉപേക്ഷിക്കുകയും സൂക്ഷ്മത പാലിക്കാതിരിക്കുകയും ചെയ്യുന്നു. അവന്റെ ആരാധന ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ പ്രശംസ ലഭിക്കാനുമാണ്. അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കുകയല്ല. അന്ത്യദിനത്തിൽ ഭയാനകമായ ശിക്ഷയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. ജുൻദുബ് ബ്നു അബ്ദില്ലാഹിബ്നു സുഫിയാൻ(റ)വിൽ നിന്ന് നിവേദനം. പ്രവാചകർ(സ്വ) പറഞ്ഞു: ആരെങ്കിലും ജനങ്ങൾ കാണാൻ വേണ്ടി കർമങ്ങൾ ചെയ്താൽ അന്ത്യദിനത്തിൽ അല്ലാഹു അവനെ വഷളാക്കും. ആരെങ്കിലും ജനങ്ങളുടെ അടുക്കൽ ബഹുമാനം കിട്ടാൻ വേണ്ടി സൽകർമം ചെയ്താൽ അന്ത്യദിനത്തിൽ അല്ലാഹു അവന്റെ രഹസ്യങ്ങൾ പ്രദർശിപ്പിക്കുന്നതാണ് (ബുഖാരി, മുസ്ലിം). ആരാധനയെ മുൻനിർത്തിയുള്ള പ്രകടനപരതക്ക് രണ്ട് തലങ്ങളാണുള്ളത്. ഒന്ന്: ജനങ്ങളെ വഞ്ചിക്കുകയും അതിലൂടെ അഭിമാനം കണ്ടെത്തുകയും ചെയ്യുക. രണ്ട്: ആരാധന അല്ലാഹുവിന് മാത്രം ചെയ്യേണ്ടതാണ്. അത് അവനല്ലാത്തവർക്ക് ചെയ്യുന്നതിലൂടെ അല്ലാഹുവിനെ പരിഹസിക്കുന്നു. ഖതാദ(റ) നിവേദനം ചെയ്യുന്ന തിരുവചനം: ഒരടിമ തന്റെ ആരാധനയിൽ പ്രകടനപരത കാംക്ഷിച്ചാൽ അല്ലാഹു മലക്കുകളോട് പറയും; നോക്കൂ അവനെന്നെ പരിഹസിക്കുന്നു’. സ്വഹാബി പ്രമുഖനായ ഇബ്നു മസ്ഊദ്(റ) പറയുന്നതിപ്രകാരം: അല്ലാഹുവിനെ പരിഹസിക്കുകയാണവർ. അല്ലാഹുവിന്റെ ദൃഷ്ടിയല്ല, ജനങ്ങളുടെ ദൃഷ്ടിയാണ് ആരാധനകളെ നന്നാക്കാൻ കാരണമായത്.
ദാനധർമത്തിലും പ്രകടനപരത കാണാം. വലിയ സദസ്സുകളിലും ജനക്കൂട്ടത്തിനിടയിലും സ്വന്തം പ്രശസ്തി മാത്രം ആഗ്രഹിച്ച് കൊണ്ടായിരിക്കും അവർ ദാനധർമം ചെയ്യുന്നത്. അത്തരം പ്രകടനപരതക്കാരെ ഖുർആൻ വിമർശിക്കുന്നു: അന്ത്യനാളിൽ സമ്പത്തും സന്താനങ്ങളും അവർക്ക് ഉപകാരപ്പെടുകയില്ല. അല്ലാഹു നല്ലഹൃദയം (കുഫ്ർ, നിഫാഖ്, രിയാഅ് എന്നിവയിൽ നിന്ന് മോചനം ലഭിച്ച) നൽകിയവരൊഴികെ’. കഷ്ടപ്പെട്ട് അധ്വാനിച്ച് പ്രകടനപരതക്ക് വേണ്ടി അവർ നൽകിയ ധർമങ്ങൾക്ക് പ്രതിഫലമില്ലെന്ന് മാത്രമല്ല, ഒരു ഉപകാരവും ലഭിക്കുകയില്ലെന്നാണ് നടേ പരാമർശിച്ച ഖുർആൻ വാക്യത്തിൽ നിന്നും വ്യക്തമാകുന്നതെന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ട്. മഹാൻമാർ പറയുന്നതിങ്ങനെ: എത്രയെത്ര ചെറിയ കർമങ്ങളാണ്, നിയ്യത്ത് അതിനെ മഹത്തരമാക്കുന്നു. എന്നാൽ എത്ര വലിയ കർമങ്ങളാണ്, നിയ്യത്ത് അതിനെ ചെറുതാക്കുന്നു (ഇഹ്യാ ഉലൂമുദ്ദീൻ 4/364). ദാനം ചെയ്യുന്നത് എത്ര ചെറിയ സംഖ്യയാണെങ്കിലും അതിൽ അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുകയും പതിഫലം പ്രതീക്ഷിക്കുകയും ചെയ്താൽ വിചാരണ നാളിൽ അത് മഹത്ത്വമുള്ളതായേക്കാം. ലോകമാന്യത്തിന് വേണ്ടി കോടികൾ ധർമം ചെയ്തവന് ഒരുപക്ഷേ, ഒന്നും ലഭിച്ചില്ലെന്നും വരാം.
പഠനത്തിലും പ്രകടനപരത കടന്നുവരാം. മതപരമായ വിജ്ഞാനം നുകരുന്നത് ജനസ്വാധീനത്തിനും സമൂഹത്തിൽ മാന്യനാകാൻ വേണ്ടിയും പണമുണ്ടാക്കാൻ വേണ്ടിയുമാകരുത്. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചാൽ മാത്രമേ ഇരുലോകത്തും അറിവ് ഉപകാരപ്പെടുകയുള്ളൂ. നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് തേടേണ്ട അറിവിനെ പണ്ഡിതൻമാരോട് പെരുമ നടിക്കാൻ വേണ്ടിയോ ജനങ്ങളുടെ മുഖം തന്നിലേക്ക് തിരിയാൻ വേണ്ടിയോ വിഡ്ഢികളുടെ മുന്നിൽ മാന്യനാകാൻ വേണ്ടിയോ തേടിയാൽ കോപിക്കുന്നവനായി അല്ലാഹു അവനെ കണ്ടുമുട്ടുന്നതാണ് (നസാഇഹുദ്ദീനിയ്യ 24). അധ്യാപകനെ കാണിക്കാൻ വേണ്ടിയും കൂട്ടുകാരെക്കാൾ സ്വാധീനം ലഭിക്കാൻ വേണ്ടിയുമെല്ലാമുള്ള പഠനത്തിന്റെ ഉദ്ദേശ്യ ശുദ്ധി അപകടകരമാണ്. അതിനാൽ അത്തരക്കാർ മേലുദ്ധരിച്ച ഹദീസിൽ പരാമർശിച്ചത് പോലെ അല്ലാഹുവിന്റെ കോപത്തിന് പാത്രീഭവിക്കേണ്ടി വരും.
വേഷ-ഭൂഷാദികളിൽ ജനശ്രദ്ധ പിടിച്ച് പറ്റാൻ വേണ്ടി ചിലർ മുന്തിയ വസ്ത്രവും മറ്റു അലങ്കാര വസ്തുക്കളും ധരിക്കാറുണ്ട്. ഇത് നിഷിദ്ധമല്ല. അതൊരു ഇബാദത്തല്ല എന്നതാണ് കാരണം (ഇഹ്യാ ഉലൂമുദ്ദീൻ). പാമരൻ പണ്ഡിതവേഷം ധരിക്കുന്നത് കറാഹത്താണ് (ഫത്ഹുൽ മുഈൻ). തലപ്പാവ് ധരിക്കുന്നതും മുടി ചീകുന്നതും നല്ല വസ്ത്രം ധരിക്കുന്നതുമെല്ലാം പ്രവാചകചര്യയാണ്. ചില പാമരർ ജനങ്ങളെ വഞ്ചിക്കാൻ പണ്ഡിതരുടേയും ശൈഖുമാരുടേയും വേഷം കെട്ടുന്നതും സ്വന്തം പൊലിമ പറയുന്നതും മതവിലാസത്തിൽ ജനങ്ങളെ കബളിപ്പിക്കലാണ്.
ചുരുക്കത്തിൽ, ഭയഭക്തിയും അടിയുറച്ച വിശ്വാസവുമുള്ള ആത്മജ്ഞാനികൾ ഈ രംഗത്തെ വളരെ ഭയത്തോടെയാണ് നോക്കിക്കണ്ടത്. നിഷ്കളങ്കമായി ചെയ്ത ആരാധന മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന ഉത്തമ ബോധ്യം അവർക്കുണ്ടായിരുന്നു. വിചാരണ നാളിലെ രക്ഷ-ശിക്ഷകളെ കുറിച്ച് വ്യക്തമായ ധാരണയും അവർക്കുണ്ടായിരുന്നു. നിഷ്കപടമായി അല്ലാഹുവിന് ആരാധനയർപിച്ചാൽ മാത്രമേ മനുഷ്യർക്ക് വിജയിക്കാനാവൂ.