ടിടിഎ ഫൈസി പൊഴുതന

പദവിയും സൗന്ദര്യവും സമ്പത്തുമെല്ലാം മേളിച്ച യുവാവാണ് അബുല്‍ആസ്വ്ബ്നു റബീഅ്. ഖുവൈലിദിന്റെ മകള്‍ഖദീജ ബീവി(റ)യുടെ സഹോദരി ഹാലയുടെ പുത്രനാണദ്ദേഹം. തിരുപത്നി ഖദീജ(റ) സ്വന്തം പുത്രനെ പോലെ അബുല്‍ആസ്വിനെ സ്നേഹിച്ചു. പ്രാപ്തനും വിശ്വസ്തനും കച്ചവട തല്‍പരനുമായ സഹോദരീ പുത്രനെ കൊണ്ട് തന്റെ മകളെ വിവാഹം കഴിപ്പിക്കാന്‍അവര്‍മോഹിച്ചു. തിരുറസൂലും ആ ബന്ധം തൃപ്തിപ്പെട്ടു. പിന്നെ താമസിച്ചില്ല. നബി(സ്വ) മൂത്ത പുത്രി സൈനബയെ അബുല്‍ആസ്വിന് വിവാഹം ചെയ്തുകൊടുത്തു. അതോടെ റസൂലിന്റെ ജാമാതാവ് എന്ന സൗഭാഗ്യവും അബുല്‍ആസ്വിന് കൈവന്നു.

വര്‍ത്തക പ്രമുഖനായ അബുല്‍ആസ്വ് ശ്യൈകാലം യമനിലേക്കും ഉഷ്ണകാലത്തു ശാമിലേക്കും നടത്തിയിരുന്ന പരമ്പരാഗത കച്ചവട യാത്രയില്‍സ്ഥിരാംഗമായിരുന്നു. നൂറും അതിലധികവും വരുന്ന വലിയ ഒട്ടകകൂട്ടവും ഇരുനൂറോളം തൊഴിലാളികളും ഉള്‍ക്കൊള്ളുന്ന വിപുലമായ കച്ചവടമായിരുന്നു അദ്ദേഹത്തിന്‍റേത്. വ്യാപാര നൈപുണ്യവും ലാഭക്കൊയ്ത്തും വിശ്വസ്തതയും നിമിത്തം കമ്മീഷന്‍വ്യവസ്ഥയില്‍പലരും അദ്ദേഹത്തെ കച്ചവടമേല്‍പ്പിച്ചിരുന്നു.

അബുല്‍ആസ്വ്സൈനബ വിവാഹം കഴിഞ്ഞ് ഏറെ നാളാകും മുമ്പ് തിരുദൂതര്‍ക്ക് പ്രവാചകത്വം ലഭ്യമായി. സ്വന്തം കുടുംബത്തോട് ബോധനം നല്‍കിയപ്പോള്‍സ്ത്രീകളില്‍ഒന്നാമതായി പത്നി ഖദീജ(റ) വിശ്വസിച്ചു. തുടര്‍ന്ന് സൈനബയടക്കമുള്ള തിരുപുത്രിമാരും സത്യസാക്ഷികളായി. പക്ഷേ, ഭാര്യ സൈനബയെപ്പോലെ സത്യമതം പുല്‍കാന്‍അബുല്‍ആസ്വ് തയ്യാറായില്ല. ഖുറൈശി പ്രമുഖരായ അംറുബ്നു ഹിശാമും അബൂലഹബും ഉത്ബത്തും ശൈബത്തുമെല്ലാം അബുല്‍ആസ്വിയുടെ ഉറ്റ ചങ്ങാതിമാരും മനഃസാക്ഷി സൂക്ഷിപ്പുകാരുമായിരുന്നതു തന്നെ കാരണം. ഇവരാകട്ടെ റസൂലില്‍വിശ്വസിക്കാതിരിക്കുക മാത്രമല്ല പ്രതിയോഗികള്‍കൂടിയായിരുന്നു. ജീവിത പങ്കാളിക്കോ കുടുംബത്തിനോ വേണ്ടി പൂര്‍വിക വിശ്വാസം ത്യജിക്കാന്‍അദ്ദേഹം സന്നദ്ധനായില്ല. തിരുനബി(സ്വ)ക്കും ഖുറൈശികള്‍ക്കുമിടയില്‍അഭിപ്രായ ഭിന്നത രൂക്ഷമായതോടെ പ്രതിയോഗികള്‍രംഗം കൊഴുപ്പിച്ചു:

“നിങ്ങള്‍മുഹമ്മദിന്റെ മകളെയാണ് ജീവിതപങ്കാളിയായി കൂടെ പൊറുപ്പിക്കുന്നത്. അവളെ മുഹമ്മദിന്റെ വീട്ടിലേക്ക് തന്നെ തിരിച്ചയച്ചില്ലെങ്കില്‍നിങ്ങള്‍ക്കതൊരു ഭാരമാവും. സൈനബയെ മൊഴി ചൊല്ലിയാല്‍ഖുറൈശികളില്‍താങ്കള്‍ക്കിഷ്ടമുള്ള ഏതു തരുണിയെ വേണമെങ്കിലും വിവാഹം ചെയ്തു തരാം.’

ഖുറൈശി പ്രമുഖര്‍അബുല്‍ആസ്വിനെ പ്രലോഭിപ്പിച്ചു.

“ഇല്ല, അതെന്നോട് പറയരുത്. സൈനബയെ ഞാന്‍കൈവിടില്ല. ഭാര്യയായി അവള്‍മതി, അവള്‍മാത്രം. സൈനബയല്ലാത്ത മറ്റൊരു സ്ത്രീയെയും പത്നിയാക്കാന്‍എനിക്കു കഴിയില്ല…’

അബുല്‍ആസ്വിന്റെ കുടുംബം കലക്കാന്‍വന്നവര്‍ഇളിഭ്യരായി. അക്കാലത്ത് ഇത്തരം വിവാഹങ്ങള്‍ക്ക് നിരോധനം വന്നിരുന്നില്ല.

തന്റെ ജാമാതാവിന്റെ പ്രതികരണമറിഞ്ഞ് തിരുദൂതര്‍(സ്വ) സന്തോഷിച്ചു. സല്‍സരണിയിലെത്താന്‍പ്രാര്‍ത്ഥിക്കുകയും ചെയ്തു. അബുല്‍ആസ്വ് ഇസ്‌ലാം വിസമ്മതിച്ചുവെങ്കിലും ഭാര്യയെ ജീവനു തുല്യം സ്നേഹിച്ചുപോന്നു.

റുഖിയ്യ, ഉമ്മുകുല്‍സൂം എന്നീ പുത്രിമാരെ ഭര്‍ത്താക്കന്മാര്‍മൊഴി ചൊല്ലിയതുപോലെ തിരുനബി(സ്വ)ക്ക് തിരിച്ചടി നല്‍കാന്‍അബുല്‍ആസ്വും അങ്ങനെ ചെയ്യണമെന്ന പ്രതിയോഗികളുടെ ആഗ്രഹം നടക്കാതെ പോയി. തുടര്‍ന്നും സൈനബ(റ) വിശ്വാസിനിയായി ഭര്‍ത്താവിന്റെ കൂടെ ജീവിച്ചു.

ഹിജ്റയുടെ കാലം. മുസ്‌ലിംകള്‍ഓരോരുത്തരായി മക്ക വിട്ടുകൊണ്ടിരുന്നു. പ്രവാചകരും മദീന പൂകി. സൈനബ(റ) ഒറ്റപ്പെട്ടു. ശരീരം ഭര്‍ത്താവിന്റെ കൂടെ മക്കയിലാണെങ്കിലും മനം പൊന്നുപ്പക്കൊപ്പം മദീനയിലായിരുന്നു. മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍സൈനബ മക്കയില്‍ശേഷിക്കുന്നത് തിരുദൂതരെ ഏറെ വേദനിപ്പിച്ചു.

നബി(സ്വ)യെ വകവരുത്തി ഇസ്‌ലാമിനെ നാമാവശേഷമാക്കാന്‍പിന്നീടും ഖുറൈശികള്‍ശ്രമിച്ചു.

ബദ്റില്‍ഇരുട്ടും വെളിച്ചവും ഏറ്റുമുട്ടി. ഇരുട്ടിന്റെ ഉപാസകര്‍പരാജയത്തിന്റെ കൈപ്പുനീര്‍കുടിച്ചപ്പോള്‍കൂട്ടത്തില്‍അബുല്‍ആസ്വുമുണ്ടായിരുന്നു; യുദ്ധത്തില്‍പങ്കെടുക്കാന്‍താല്‍പര്യമുണ്ടായിട്ടല്ല. സ്വന്തം പക്ഷത്ത് വന്‍സ്രാവുകള്‍അടിതെറ്റി വീണപ്പോള്‍മരണക്കയത്തില്‍നിന്നും രക്ഷപ്പെട്ടെങ്കിലും മുസ്‌ലിംകള്‍ബന്ധികളാക്കിയവരില്‍അബുല്‍ആസ്വും ഉള്‍പ്പെട്ടു.

ബന്ധികളുടെ മോചനത്തിന് ഓരോരുത്തരുടെയും സ്ഥാനവും നിലവാരവുമനുസരിച്ചാണ് മോചനദ്രവ്യം നിശ്ചയിച്ചത്. ഇതനുസരിച്ച് ബന്ധുക്കള്‍മോചനദ്രവ്യവുമായി മദീനയിലെത്തിക്കൊണ്ടിരുന്നു. സൈനബ(റ) ഭര്‍ത്താവിന്റെ മോചനദ്രവ്യം അബുല്‍ആസ്വിന്റെ സഹോദരന്‍അംറ് വശം മദീനയിലേക്ക് കൊടുത്തുവിട്ടു. അബുല്‍ആസ്വിനായി സമര്‍പ്പിക്കപ്പെട്ടത് ഒരു സ്വര്‍ണ മാലയാണ്.

മക്കയില്‍ബദ്ധവൈരികള്‍ക്കിടയില്‍ഏകാകിനിയായി കഴിയുന്ന ആദര്‍ശധീരയായ ഓമനപുത്രി പ്രിയതമന്റെ മോചനത്തിനായി കൊടുത്തുവിട്ട മാല റസൂല്‍(സ്വ) തിരിച്ചറിഞ്ഞു.

* * *

തിരുകുടുംബത്തിലെ പ്രഥമ വിവാഹം. പൊന്നുമോളുടെ മംഗല്യ സുദിനം. പുതുപെണ്ണിനെ ഭര്‍തൃഗൃഹത്തിലേക്ക് ആനയിക്കവെ പ്രിയമാതാവ് ഖദീജ(റ) തന്റെ മാലയഴിച്ചു പുത്രിയുടെ കഴുത്തില്‍ചാര്‍ത്തി. ആ മാലയാണ് ഭര്‍ത്താവിന്റെ മോചനത്തിനായി മകള്‍കൊടുത്തയച്ചിരിക്കുന്നത്.

മാല കണ്ടപ്പോള്‍തിരുദൂതരുടെ മുഖത്തു അഗാധ ദുഃഖം ദൃശ്യമായി. നയനങ്ങള്‍ആര്‍ദ്രമായി. പ്രിയ പത്നിയുടെ ഓര്‍മയും പുത്രിയോടുള്ള സ്നേഹവും ഹൃദയം നിറച്ചു. അവിടുന്ന് പറഞ്ഞു:

അബുല്‍ആസ്വിനെ മോചിപ്പിച്ചാലോ, കൂടെ ഈ മാലയും…., സൈനബയെ ഇവിടെ മദീനയില്‍എത്തിക്കണമെന്ന വ്യവസ്ഥയില്‍…?

“അങ്ങയുടെ ഇഷ്ടമാണ് ഞങ്ങളുടേതും റസൂലേ.’ അനുചരര്‍പറഞ്ഞു.

മേല്‍വ്യവസ്ഥയോടെ സ്വഹാബികള്‍അബുല്‍ആസ്വിനെ പറഞ്ഞയച്ചു. മാലയും തിരിച്ചുകൊടുത്തു. മോചിതനായി മക്കയില്‍തിരിച്ചെത്തിയ അബുല്‍ആസ്വ് കരാര്‍പാലിക്കാനുറച്ചു. സൈനബയോട് മദീന യാത്രക്ക് ഒരുക്കങ്ങള്‍നടത്താന്‍കല്‍പ്പിച്ചു. മക്കയില്‍നിന്നും ഏറെ അകലെയല്ലാത്ത ഒരിടത്ത് പിതാവിന്റെ ദൂതന്‍നിന്നെ പ്രതീക്ഷിച്ചിരിപ്പുണ്ടെന്നും അറിയിച്ചു. വാഹനവും ഭക്ഷണവും തയ്യാറാക്കി സഹോദരന്‍അംറുബ്നു റബീഇന്റെ കൂടെ യാത്രയാക്കി.

വിവരമറിഞ്ഞ് ശത്രുക്കള്‍പ്രകോപിതരായി. ജനം തടിച്ചുകൂടി. ബീവിയെ വിടരുതെന്ന് ചിലര്‍. മറ്റു ചിലര്‍ബീവിയെ ഭീഷണിപ്പെടുത്തി.

അപ്പോള്‍അംറ് വില്ല് കുലച്ചു പറഞ്ഞു:

“വഴിമാറുക, അല്ലാഹു സത്യം. ആര് അടുത്തുവന്നാലും പിരടിയില്‍അസ്ത്രം ഏല്‍ക്കേണ്ടിവരും.’

അപ്പോള്‍അബൂസുഫ്യാനുബ്നു ഹര്‍ബിന്റെ അനുനയം:

“സഹോദരപുത്രാ, വീറും വാശിയും ഒഴിവാക്കൂ. നമുക്ക് സംസാരിക്കാം. ജനം നോക്കിനില്‍ക്കെ പരസ്യമായി സൈനബയെ കൊണ്ടുപോകുന്നത് ശരിയല്ല. അറബികള്‍ക്കെല്ലാവര്‍ക്കുമറിയാം ബദ്റില്‍സംഭവിച്ചത്. ഇവളുടെ പിതാവിന്റെ നേതൃത്വത്തിലാണത് നടന്നത്. അതിനാല്‍അത്തരമൊരാളുടെ മകളെയും കൂട്ടി പരസ്യമായി പുറപ്പെടുന്നത് അറേബ്യന്‍ഖബീലകളെ നിന്ദ്യരും ഭീരുക്കളുമാക്കുന്ന ഏര്‍പ്പാടാണ്. അതിനാല്‍ഇപ്പോള്‍നീ ഇവളെ വീട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകൂ… പിന്നീട് രഹസ്യമായി മദീനയില്‍വിടാം…’

ഇതനുസരിച്ച് സൈനബയെ ഭര്‍ത്താവിന്റെ വീട്ടിലേക്കുതന്നെ തിരിച്ചു കൊണ്ടുവന്നു. കുറച്ചു നാളുകള്‍ക്കുശേഷം ഒരു രാത്രി അവര്‍പുറപ്പെടുകയും മദീനയില്‍തിരുഭവനത്തിലെത്തിച്ചേരുകയുമുണ്ടായി.

ഭാര്യയുമായി പിരിഞ്ഞ ശേഷം കുറച്ചുകാലം അബുല്‍ആസ്വ് മക്കയില്‍തന്നെ താമസിച്ചു. പിന്നെ ശാമിലേക്ക് കച്ചവടത്തിന് പോയി. കച്ചവടം കഴിഞ്ഞു സിറിയയില്‍നിന്ന് മടങ്ങുന്ന മധ്യേ “നാഹിയതുല്‍ഹൈസ്’ എന്ന സ്ഥലത്തുവെച്ച് സൈദുബ്നു ഹാരിസ്(റ)യുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ കണ്ടു. ഹിജ്റ ആറാം വര്‍ഷം ജമാദുല്‍അവ്വല്‍മാസത്തിലായിരുന്നു അത്. അവര്‍വര്‍ത്തക സംഘത്തെ തടഞ്ഞു. തങ്ങളെ ഇക്കാലമത്രയും ഉപദ്രവിച്ച മക്കക്കാരുടേതാണിതെന്നറിഞ്ഞപ്പോള്‍പിടിവലിയായി. പക്ഷേ, അബുല്‍ആസ്വ് രക്ഷപ്പെട്ടു.

മക്കക്കാര്‍തന്നെ വിശ്വസിച്ചേല്‍പ്പിച്ച സമ്പത്ത് കൈവിട്ട് വെറുംകയ്യോടെ നാട്ടിലേക്ക് തിരികെ ചെല്ലുന്നത് ഓര്‍ക്കാന്‍പോലും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അബുല്‍ആസ്വ് നേരെ മദീനയിലേക്ക് ചെന്നു.

തന്റെ പ്രിയ പത്നി സൈനബ പിണക്കമേതുമില്ലെങ്കിലും തമ്മില്‍പിരിഞ്ഞിരിക്കുകയാണ്. അവരുടെ ചാരത്തെത്തിയേ തീരൂ. സൈനബയെ കണ്ണുനിറയെ കാണണം. അബുല്‍ആസ്വ് ആരുമറിയാതെ സൈനബ(റ)യുടെ വീട്ടിലെത്തി. വിഷമാവസ്ഥ ഉണര്‍ത്തി. എന്തെങ്കിലും നിവര്‍ത്തിയുണ്ടാക്കിത്തരാനാവശ്യപ്പെട്ടു.

പ്രിയതമന്റെ ഗതിയോര്‍ത്ത് ബീവിയുടെ മനമുരുകി.

എന്തു ചെയ്യും..?

തന്റെ രണ്ടു പൊന്നോമനകളുടെ പിതാവല്ലേ. എങ്കിലും സത്യസാക്ഷ്യം ഉള്‍ക്കൊള്ളാതെ എങ്ങനെ കൂടെ നിര്‍ത്തും. ബീവി സമയം പാഴാക്കാതെ മസ്ജിദുന്നബവിയുടെ മുറ്റത്തെത്തി. തിരുദൂതരും അനുചരന്മാരും പള്ളിയിലുണ്ട്. ബീവി വിളംബരപ്പെടുത്തി:

“ജനങ്ങളേ, ഞാനിന്ന് അബുല്‍ആസ്വിന് അഭയം നല്‍കിയിരിക്കുന്നു.’

വിളംബരം കേട്ട് തിരുദൂതര്‍(സ്വ) പറഞ്ഞു: “നിങ്ങള്‍കേട്ടില്ലേ സൈനബിന്റെ പ്രഖ്യാപനം. ഈ കേട്ടതേ അതിനെക്കുറിച്ച് എനിക്കും അറിയൂ.’

അബുല്‍ആസ്വിന് ഇതോടെ താല്‍ക്കാലിക അഭയം ലഭ്യമായി. എങ്കിലും നബി(സ്വ) പുത്രിയെ ഓര്‍മപ്പെടുത്തി: “മോളേ, നീയും അദ്ദേഹവും മറ്റു ബന്ധങ്ങളൊന്നും അരുത്. ഇപ്പോള്‍നീ അദ്ദേഹത്തിനു അനുവദനീയമല്ല.’

ശേഷം സൈദുബ്നു ഹാരിസ്(റ)യുടെ നേതൃത്വത്തിലുള്ള സംഘത്തെ വിളിച്ചു അവിടുന്ന് പറഞ്ഞു: അബുല്‍ആസ്വ് ഞങ്ങളില്‍പെട്ടവനാണെന്ന് അറിയാമല്ലോ, നിങ്ങള്‍അദ്ദേഹത്തില്‍നിന്നും പിടിച്ചെടുത്ത വസ്തുക്കള്‍തിരിച്ചു കൊടുക്കുന്നതാണ് എനിക്കിഷ്ടം. നിങ്ങള്‍ക്കു വേണമെങ്കില്‍യുദ്ധാര്‍ജിത സമ്പത്ത് പോലെ ഉപയോഗിക്കുകയും ചെയ്യാം…’

അവര്‍തിരുദൂതരുടെ ഇഷ്ടത്തിന് സന്തോഷത്തോടെ പ്രാധാന്യം നല്‍കി. അബുല്‍ആസ്വില്‍നിന്ന് പിടിച്ചെടുത്തവയത്രയും തിരിച്ചുകൊടുത്തു.

തിരുശിഷ്യരുടെ സമീപനത്തില്‍അബുല്‍ആസ്വ് അത്ഭുതംകൂറി. മാനസിക പരിവര്‍ത്തനത്തിനിത് ഹേതുവായി. സമ്പത്തുമായി മക്കയിലേക്ക് തിരിച്ചു. അദ്ദേഹത്തിന് പിണഞ്ഞ ദുര്യോഗം ഇതിനകം മക്കക്കാര്‍അറിഞ്ഞിരുന്നു. പക്ഷേ, സമ്പത്തുമായുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് അവരെ അത്ഭുതപ്പെടുത്തി. മക്കക്കാരുടെ മുഴുവന്‍ധനവും തിരിച്ചേല്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

“ഖുറൈശി സമൂഹമേ, നിങ്ങളുടെ ആരുടെയെങ്കിലും സമ്പത്ത് എന്റെ പക്കല്‍ഇനി അവശേഷിക്കുന്നുവോ?

അവര്‍പറഞ്ഞു: ഇല്ല, താങ്കള്‍എല്ലാം പൂര്‍ത്തിയാക്കി വീട്ടുന്നവനാകുന്നു. വിശ്വസ്തനും സത്യസന്ധനുമാണ് താങ്കള്‍.

അദ്ദേഹം തുടര്‍ന്നു: അറിയുക, നിങ്ങളുടെ എല്ലാ ബാധ്യതകളും ഞാന്‍വീട്ടിയിരിക്കുന്നു. നിങ്ങളെ സാക്ഷിനിര്‍ത്തി ഞാനിതാ മുഹമ്മദിന്റെ മതത്തില്‍വിശ്വസിക്കുന്നു. നിങ്ങളുടെ സമ്പത്ത് കൈവശപ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍മുഹമ്മദ് നബിയില്‍വിശ്വസിച്ചതെന്ന് നിങ്ങള്‍ആരോപിക്കുമോ എന്ന പേടി കാരണമാണ് ഞാന്‍ഇപ്പോള്‍മക്കയിലേക്ക് വന്നത്. അല്ലാത്തപക്ഷം മദീനയില്‍വെച്ചുതന്നെ സത്യസാക്ഷ്യം ഉള്‍ക്കൊണ്ട് അവിടെ കൂടുമായിരുന്നു.

ഇസ്‌ലാമാÇേഷണ പ്രഖ്യാപനം വന്നതോടെ കോലാഹലമായി. അതുവരെ പ്രിയങ്കരനായിരുന്ന അബുല്‍ആസ്വ്(റ) അതോടെ മോശക്കാരനായി. അവര്‍ശകാരവര്‍ഷം തുടരവെ അദ്ദേഹം തിരിഞ്ഞുനടന്നു.

മദീനയില്‍വെച്ചുതന്നെ സത്യത്തിന്റെ പൊന്‍കിരണം അദ്ദേഹത്തില്‍ആഴ്ന്നിറങ്ങിയിരുന്നു. എങ്കിലും തന്നെ വിശ്വസിച്ചേല്‍പ്പിച്ചവരുടെ ധനം തിരിച്ചുനല്‍കി ബാധ്യത നിര്‍വഹിക്കും വരെ അത് ഗോപ്യമാക്കി വെച്ചു.

മദീനയില്‍തിരുസന്നിധിയില്‍വെച്ചു വീണ്ടും സത്യസാക്ഷ്യ പ്രഖ്യാപനം നടത്തി. ഹിജ്റ ഏഴ് മുഹര്‍റം മാസത്തിലായിരുന്നു അത്. അനന്തരം തിരുനബി(സ്വ) സൈനബഅബുല്‍ആസ്വ്(റ) ദമ്പതികളെ വര്‍ഷങ്ങളുടെ വേര്‍പാടിനു ശേഷം യോജിപ്പിച്ചു.

പക്ഷേ, മഹതി പിന്നീട് ഏറെ കാലം ജീവിച്ചില്ല. ഹിജ്റ എട്ടാം വര്‍ഷം അവര്‍വഫാത്തായി. അലി, ഉമാമ എന്നീ രണ്ടു സന്താനങ്ങള്‍അവര്‍ക്കുണ്ടായിരുന്നു. അലി കൊച്ചുനാളിലേ മരണം പൂകി. അലി(റ) ഫാത്വിമ ബീവി(റ)യുടെ വഫാത്തിനു ശേഷം ഉമാമ(റ)യെ വിവാഹം ചെയ്തു.

“അബുല്‍ആസ്വ് എന്നോട് സത്യസന്ധത പുലര്‍ത്തി. എന്നോടുള്ള വാഗ്ദത്തം നിറവേറ്റുകയും ചെയ്തു’തിരുദൂതര്‍(സ്വ) മരുമകനെക്കുറിച്ച് പറയുമായിരുന്നു.

(മിര്‍ഖാത്ത് 3/43, ഉസ്ദുല്‍ഗാബ, സുവറുന്‍മിന്‍ഹയാതിസ്വഹാബ/395).

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ