എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട മുസ്‌ലിം അധിവാസ കേന്ദ്രമാണ് പെരുമ്പാവൂർ. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മസ്ജിദുകളും മുസ്‌ലിം ജമാഅത്തുകളും പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും സമുദായപ്പെരുമ അടയാളപ്പെടുത്തുന്നു. പെരിയാർ തീരത്താണ് പെരുമ്പാവൂർ സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രധാനമാണ് ഈ പ്രദേശം. തമിഴ് ചേരന്മാരുടെ ആസ്ഥാന നഗരിയായ വഞ്ചി നഗരം ആധുനിക പെരുമ്പാവൂരാണെന്ന് കരുതപ്പെടുന്നു. വിശാലമായ കൊച്ചി ദേശത്തിന്റെ വടക്കുകിഴക്കേ അറ്റത്തുള്ള കുന്നത്തുനാട് താലൂക്കിന്റെ ആസ്ഥാനവും നഗരസഭയും കൂടിയായ പെരുമ്പാവൂർ തടി വ്യവസായത്തിനും ചെറുകിട വ്യവസായങ്ങൾക്കും പ്രസിദ്ധം.
മത, സാംസ്‌കാരിക, രാഷ്ട്രീയ, വ്യാവസായിക, വാണിജ്യ രംഗങ്ങളിൽ പെരുമ്പാവൂരിന് കേരള ചരിത്രത്തിൽ പ്രത്യേക ഇടമുണ്ട്. പെരുമ്പാവൂരിന്റെ സർവ മേഖലകളിലും സാന്നിധ്യവും സ്വാധീനവുമുള്ള പ്രബല സമുദായമാണ് മുസ്‌ലിംകൾ. വല്ലം, കണ്ടന്തറ, മുടിക്കൽ, ചിറമുകൾ, വെങ്ങോല തുടങ്ങിയ നാടുകൾ മുസ്‌ലിം പൈതൃക ദേശങ്ങളാണ്. കാനാംപുറം കുഞ്ഞഹമ്മദ് ഹാജിയാണ് നഗരത്തിൽ ചാപ്ര ആരംഭിച്ച് തടി വ്യവസായത്തിനു തുടക്കം കുറിച്ചത്. ട്രാവൻകൂർ റയോൺസിലെ സോമില്ലിൽ തൊഴിലാളികളായി ചേർന്ന വല്ലം സ്വദേശികളായ ഉസ്മാൻ ഹാജിയും മുഹമ്മദ് ഹാജിയും തടിയുൽപ്പന്ന നിർമാണ വിദ്യ മനസ്സിലാക്കി പുതിയ സംരംഭങ്ങൾ തുടങ്ങി. ക്രമേണ പെരുമ്പാവൂരിന്റെ പാതയോരങ്ങളിൽ കൂണുകൾ പോലെ തടി ഡിപ്പോകൾ ഉയർന്നുവന്നു.
കൊടുങ്ങല്ലൂരിൽ നിന്ന് പെരിയാർ നദി വഴി കച്ചവടാവശ്യാർഥം പെരുമ്പാവൂരിലെത്തിയ മുസ്‌ലിം വണിക്കുകളാണ് ഇവിടെ ഇസ്‌ലാം പ്രചരിപ്പിച്ചതെന്നാണ് അനുമാനം. ചരക്കു നീക്കങ്ങൾക്കും യാത്രക്കും ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന കാലത്ത് പെരിയാറിന്റെ സാന്നിധ്യം പെരുമ്പാവൂരിനെ തിരക്കുപിടിച്ച വാണിജ്യ കേന്ദ്രക്കി. പെരിയാർ പുഴയോരത്തെ പ്രധാന വ്യാപാര കടവുകളായിരുന്നു പെരുമ്പാവൂരിലെ വല്ലം കടവും മുടിക്കൽ കടവും. തിരുവിതാംകൂറിന്റെ നികുതി പിരിക്കുന്ന ചൗക്ക വല്ലത്ത് പ്രവർത്തിച്ചിരുന്നു. കച്ചവടച്ചരക്കുകൾ സൂക്ഷിക്കുന്ന പാണ്ടികശാലയുമുണ്ടായിരുന്നു. മറുകര കൊച്ചിരാജ്യമായിരുന്നു. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ഇവിടെയാണ് പെരുമ്പാവൂർ പ്രദേശത്തെ മുസ്‌ലിം കുടിയേറ്റത്തിന് ആരംഭം കുറിച്ചത്.
കുന്നത്തുനാട്ടിലെ ആദ്യ പള്ളി
പെരിയാർ തീരത്തെ വല്ലത്താണ് ആദ്യമായി മുസ്‌ലിംകൾ എത്തിച്ചേർന്നത്. ഇവിടെ കുടിയേറിയ ആദ്യ മുസ്‌ലിം കുടുംബം ചെന്താര ഫാമിലിയാണെന്ന് അനുമാനിക്കപ്പെടുന്നു. മൂക്കട കർത്താക്കന്മാർ മതപരിവർത്തനം ചെയ്തു മുസ്‌ലിംകളായ കുടുംബമാണത്രെ മൂക്കടകൾ കുടുംബം. വല്ലം ചേലാമറ്റം ഭാഗത്ത് ഇപ്പോഴും ഹൈന്ദവരായ മൂക്കട കർത്താക്കന്മാരുണ്ട്. അമ്പാട്ട് നായർ കുടുംബങ്ങളിൽ നിന്ന് മതം മാറിയവരാണ് അമ്പാടൻമാർ.
ഇടപ്പള്ളി (എറണാകുളം), വല്ലം (പെരുമ്പാവൂർ), പെരുമറ്റം (മൂവാറ്റുപുഴ), തോട്ടുമുഖം (ആലുവ) എന്നിവയാണ് എറണാകുളം ജില്ലയിലെ ആദ്യകാല മഹല്ല് ജമാഅത്തുകൾ. കുന്നത്തുനാട് താലൂക്കിലെ പ്രഥമ ജുമുഅത്തു പള്ളി വല്ലത്തേതാണ്. എട്ടര നൂറ്റാണ്ടിന്റെ പഴക്കം ഇതിനു കണക്കാക്കപ്പെടുന്നു. മസ്ജിദ് പുനർനിർമാണത്തിന് കുഴിയെടുത്തപ്പോൾ കണ്ടെത്തിയ പുരാതന ഖബറുകൾ പരിശോധിച്ച ചരിത്ര ഗവേഷകരാണ് ഈ നിഗമനത്തിലെത്തിയത്. തെക്ക് മൂവാറ്റുപുഴ മുതൽ പടിഞ്ഞാറ് തോട്ടുമുഖം വരെയുള്ള മുസ്‌ലിംകൾ മരണപ്പെട്ടാൽ ഖബറടക്കാൻ വല്ലം പള്ളിയെ ആശ്രയിച്ചിരുന്ന കാലമുണ്ടായിരുന്നു. കണ്ടന്തറ, കാഞ്ഞിരക്കാട്, മുടിക്കൽ, ചേലാമറ്റം, വെള്ളാരപ്പിള്ളി, റയോൺ പുരം, ഓണമ്പിള്ളി, തണ്ടേക്കാട്, ചെറുവേലിക്കുന്ന് തുടങ്ങിയ മഹല്ലുകൾ നേരിട്ടും അല്ലാതെയും വല്ലം ജമാഅത്തിൽ നിന്ന് പിരിഞ്ഞവയാണ്.
രണ്ടു ചെറുപുഴകൾ ചേർന്നൊഴുകി വല്ലം, മുടിക്കൽ കടവുകൾക്കിടയിൽ പെരിയാറിൽ പതിക്കുന്ന സംഗമസ്ഥലമുണ്ട്. ആ ഭാഗത്താണ് ആദ്യമായി ഒരു സ്രാമ്പ്യ (ജുമുഅയില്ലാത്ത ചെറിയ പള്ളി) ഉയരുന്നത്. നിസ്‌കരിക്കാനും വിശ്രമിക്കാനുമായി കച്ചവടക്കാരാണതു പണിതത്. ഈ പ്രദേശം ഇപ്പോഴും സ്രാമ്പികുടി എന്നറിയപ്പെടുന്നു. ആ പേരിൽ ഒരു പ്രബല കുടുംബവുമുണ്ട്. പതിയെ മുസ്‌ലിം കച്ചവടക്കാർ പാർപ്പിടങ്ങൾ പണിത് താമസമാരംഭിച്ചു. അവർ ഈ സ്രാമ്പ്യയുടെ വടക്കു മാറി ആദ്യ പള്ളി നിർമിച്ചു. പ്രളയ ഭീഷണി മൂലം പ്രസ്തുത പള്ളി റോഡിന് വടക്കുവശത്തെ ഉയർന്ന ഭാഗത്തേക്ക് മാറ്റിപ്പണിതു. ഇതാണ് നിലവിലുള്ള പള്ളി. പല തവണ പള്ളി പുനരുദ്ധരിച്ചിട്ടുണ്ട്. അവസാനമായി 2021ലാണ് നവീകരിച്ചത്.
പൊന്നാനി ഖാളിക്കായിരുന്നു വല്ലം മഹല്ല് ജമാഅത്തിന്റെ മേൽനോട്ടം. വല്ലത്ത് മതകർമങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് കരക്കുന്നൻ കുടുംബാംഗങ്ങളായിരുന്നു. പൊന്നാനിയിലെ മഖ്ദൂമുമാർക്കു കീഴിൽ മത പഠനം പൂർത്തിയാക്കിയ മുസ്‌ലിയാക്കന്മാരായിരുന്നു ഇവർ. വല്ലം കൊച്ചങ്ങാടിയിലുള്ള ‘മുസ്‌ലിയാർ റോഡ്’ ഈ ചരിത്രത്തിന്റെ സ്മാരകമാണ്. വിവാഹം പോലുള്ള മതകർമങ്ങൾക്ക് ഖാളിമാർക്ക് ലഭിച്ചിരുന്ന പാരിതോഷികങ്ങൾ സൂക്ഷിച്ചുവെക്കുകയും വർഷത്തിലൊരിക്കൽ ഖാളിമാർ അവിടെ വന്ന് അതു കൈപ്പറ്റുകയും ചെയ്തിരുന്നു. തോട്ടുമുഖത്തായിരുന്നു ഖാളിമാരുടെ ഇടത്താവളം. നാട്ടിലെ കുടുംബ കലഹങ്ങൾ തീർപ്പാക്കിയിരുന്നതും സാമൂഹിക കുറ്റകൃത്യങ്ങൾ പരിഹരിച്ചിരുന്നതും ഖാളിമാരായിരുന്നു. തൊള്ളായിരത്തി എഴുപതുകളിൽ പള്ളിയുടെ ഭരണാധികാരം മുത്തവല്ലിമാരിൽ നിന്ന് മഹല്ല് കമ്മിറ്റി ഏറ്റെടുത്തതു മുതൽ പൊന്നാനിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
മൂത്തായുടെ ആത്മീയ സാന്നിധ്യം
വല്ലം പള്ളി കേന്ദ്രീകരിച്ചായിരുന്നു പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ഇസ്‌ലാമിന്റെ വ്യാപനം നടന്നത്. ധാരാളം പണ്ഡിതന്മാർ മഹല്ലിനു നേതൃത്വം നൽകിയിട്ടുണ്ട്. നല്ല നിലയിൽ പള്ളിദർസും പ്രവർത്തിച്ചിരുന്നു. പുണ്യപുരുഷന്മാരുടെ ആത്മീയ സാന്നിധ്യം ഇന്നും വല്ലത്തിന് വെളിച്ചം പകരുന്നു. പള്ളിയുടെ ചാരത്ത് രണ്ട് സൂഫിവര്യമാരും ഒരു ബീവിയും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ‘പള്ളിക്കുടി’യോട് ചേർന്ന് നിലകൊള്ളുന്ന മൂത്തായുടെ ജാറം പ്രസിദ്ധമാണ്. അന്യമതസ്ഥരടക്കം നിരവധി പേർ നിത്യവും ഇവിടെ സിയാറത്തിനെത്തുന്നു.
മൂത്തായുടെ പേരോ കുടുംബവേരോ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മൂത്താ എന്നത് ആ പുണ്യാത്മാവിന്റെ പേരാകാനും വിളിപ്പേരാകാനും സാധ്യതയുണ്ട്. പള്ളി ഖബർസ്ഥാനോട് ചേർന്ന് ഇന്ന് മഖ്ബറ നിലകൊള്ളുന്ന മഹല്ല് കുടുംബാംഗത്തിന്റെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം.
പള്ളിപ്രം കരയിലെ മുടിക്കൽ ഗാഥ
കേരള മുസ്‌ലിം ചരിത്രത്തിൽ മാറ്റിനിർത്താനാവാത്ത പ്രദേശമാണ് പെരുമ്പാവൂരിലെ മുടിക്കൽ. പെരുമ്പാവൂർ നേര്യമംഗലത്ത് പെരിയാറിനു കുറുകെ പാലം കടന്ന് മൂന്നാറിലേക്കു പോകുന്ന പാതയിലാണ് മുടിക്കൽ. മുടിക്കൽ എന്ന സ്ഥലനാമത്തിനു ഏഴു പതിറ്റാണ്ടിന്റെ പഴക്കമേ ഉണ്ടാവുകയുള്ളൂ. അതിനു മുമ്പ് ‘പള്ളിപ്രംകര’യായിരുന്നു. ഇന്നത്തെ മുടിക്കൽ പുത്തൻപള്ളി പണ്ട് പള്ളിപ്രം മുസ്‌ലിം ജമാഅത്തായിരുന്നു. പറവൂരിൽ നിന്നും മറ്റും കടലുൽപ്പന്നങ്ങളും കാർഷിക വിളകളും മരയുരുപ്പടികളും പെരുമ്പാവൂരിലെത്തിക്കാൻ ആശ്രയിച്ചിരുന്ന പ്രധാന കടവായിരുന്നു പള്ളിപ്രംകര. കടവിനടുത്തുള്ള പാറക്കൂട്ടങ്ങൾക്കു മുകളിൽ നിന്ന് പുഴയിലേക്കു നോക്കിയാൽ കിണറിനു മൂടിയിട്ടതു പോലെ തോന്നിക്കുന്ന വട്ടത്തിലുള്ള പാറക്കല്ല് കാണാമായിരുന്നു. ഈ കല്ലുകളെ അടയാളമാക്കി കടവിനെ മൂടിക്കല്ല് എന്നു വിളിച്ചു. പിന്നീടത് മുടിക്കലായി മാറി.
കേരളത്തിൽ പലയിടത്തും പള്ളിപ്രം എന്ന സ്ഥലനാമം കാണാം. പൗരാണിക കാലത്ത് ഇവിടെയുണ്ടായിരുന്ന ബുദ്ധമതക്കാരുടെ ആരാധനാലയമായിരുന്നു പള്ളി. ജനങ്ങൾക്ക് ധർമോപദേശം നൽകുന്നതിനുവേണ്ടി ബുദ്ധഭിക്ഷുക്കൾക്ക് ചേരരാജാക്കന്മാർ അവരുടെ പള്ളികളോട് ചേർന്ന് കരം ഒഴിവാക്കി ഭൂമി പതിച്ചു നൽകിയിരുന്നു. അത്തരം പ്രദേശങ്ങളാണ് പള്ളിപ്രം എന്നറിയപ്പെടുന്നത്. വല്ലത്തുണ്ടായിരുന്ന ബുദ്ധഭിക്ഷുക്കൾക്ക് ചേരരാജാക്കന്മാർ ദാനം ചെയ്ത ഭൂമിയാണ് പള്ളിപ്രം കര. ചേരന്മാരുടെ കുതിരാലയം ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്. അതാണ് ഇന്നത്തെ കുതിര പറമ്പ്.
കേരളത്തിലെ പ്രധാനപ്പെട്ട മുസ്‌ലിം തീർഥാടന കേന്ദ്രമാണ് മുടിക്കൽ. സംസ്ഥാനത്തെ വലിയ പള്ളികളിലൊന്നും ദക്ഷിണേന്ത്യയിലെ താജ്മഹൽ എന്ന് വിശേഷിപ്പിക്കാവുന്നതുമായ മുടിക്കൽ ജുമുഅ മസ്ജിദ് ശിൽപ്പ ചാരുത അതിമനോഹരമാണ്. ആലുവായ് അബൂബക്കർ മുസ്‌ലിയാരും കണിയാമ്പറ്റ അബ്ദുറസാഖ് മസ്താനും മുടിക്കലിന്റെ അണയാത്ത ദീപങ്ങളാണ്.
മാടവനയിലെ ആത്മീയ വെളിച്ചം
പോയ നൂറ്റാണ്ടിൽ കേരള മുസ്‌ലിംകൾക്ക് ദിശാബോധം നൽകിയ ആത്മീയ തേജസ്വികളിൽ പ്രധാനിയാണ് ആലുവായ് അബൂബക്കർ മുസ്‌ലിയാർ. ഹിജ്‌റ 1307(എഡി 1884)ൽ പെരുമ്പാവൂരിനു സമീപം മുടിക്കൽ പ്രദേശത്ത് മാടവന തറവാട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് അലി. മാതാവ് ആഇശ. സ്വദേശത്തെ പ്രാഥമിക പഠനത്തിനു ശേഷം പൊന്നാനി, വെളിയങ്കോട്, കൂട്ടായി, പാനായിക്കുളം, കൊടുങ്ങല്ലൂർ, തിരൂരങ്ങാടി, എടവനക്കാട് തുടങ്ങിയ സുപ്രസിദ്ധ പള്ളിദർസുകളിൽ പഠിച്ചു.
ദാരിദ്ര്യത്തിന്റെ നടുവിൽ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ അലട്ടിയെങ്കിലും മനക്കരുത്തുകൊണ്ട് മതപഠന രംഗത്ത് ഉറച്ചുനിന്നു. പൊന്നാനിയിലെ പഠന കാലത്ത് പച്ചവെള്ളവും പിണ്ണാക്കും കഴിക്കേണ്ടി വന്നിട്ടുണ്ട്. 1903ൽ പത്തൊമ്പതാം വയസ്സിൽ അദ്ദേഹം പഠനമവസാനിപ്പിച്ചു. കൊച്ചിയിലെ ‘ഖൽവതു’ പള്ളിയിൽ മറപ്പെട്ടുകിടക്കുന്ന ശൈഖ് ഫരീദുദ്ദീൻ വലിയുല്ലാഹി(റ)യാണ് പ്രധാന ആത്മീയ ഗുരുനാഥൻ. അദ്ദേഹത്തിൽ നിന്ന് ആധ്യാത്മിക വിജ്ഞാനങ്ങളും വിവിധ ഇജാസത്തുകളും കരസ്ഥമാക്കി.
പഠനാനന്തരം മുടിക്കൽചെറുവേലിക്കുന്നിൽ മുദരിസായി വിജ്ഞാന സേവനമാരംഭിച്ചു. പരദേശികളായ ധാരാളം വിദ്യാർഥികൾ അബൂബക്കർ മുസ്‌ലിയാരുടെ ദർസിൽ പഠിക്കാനെത്തി. ഉന്നത ശീർഷരായ നിരവധി പണ്ഡിതന്മാർ അദ്ദേഹത്തിൽ നിന്ന് ഇജാസത്തുകൾ സ്വീകരിക്കുകയുണ്ടായി. ജനങ്ങൾ ആലുവായ് മൂപ്പരെന്ന് ആദരവോടെ വിളിച്ചു. വിജ്ഞാന പ്രചാരണത്തിനും ആത്മീയ ജാഗരണ പ്രവർത്തനങ്ങൾക്കും സ്വജീവിതം സമർപ്പിച്ച മഹാൻ കേരളത്തിനകത്തും പുറത്തും ദിക്ർ മജ്‌ലിസുകൾ സ്ഥാപിച്ചു. അനേകം കറാമത്തുകൾ അദ്ദേഹത്തിൽ നിന്നു പ്രകടമായിട്ടുണ്ട്.
1941ൽ 57ാം വയസ്സിലായിരുന്നു വിവാഹം. പ്രസിദ്ധ കുടുംബമായ മുടിക്കലിലെ കുടിലുങ്ങൽ തറവാട്ടിലെ ബുഖാരി സാഹിബിന്റെ പുത്രി താജുന്നിസയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. 1974 ജനുവരി 3ന് ആലുവായ് മൂപ്പർ വഫാത്തായി. സ്വന്തം വീട്ടുവളപ്പിൽ മറമാടപെട്ടു. ആലുവ-പെരുമ്പാവൂർ പാതയിൽ മുടിക്കലിലാണ് മഖ്ബറ.
അബ്ദുറസാഖ് മസ്താൻ
മുടിക്കലിൽ അന്ത്യവിശ്രമം കൊള്ളുന്ന മറ്റൊരു പുണ്യപുരുഷനാണ് കണിയാപുരം അബ്ദുറസാഖ് മസ്താൻ. ജനനം തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത്. പിതാവ് മുഹമ്മദ് കുഞ്ഞു ലബ്ബ പണ്ഡിതനും സൂഫിവര്യനുമായിരുന്നു. മാതാവ് സാറ ഉമ്മ. സ്വദേശത്തായിരുന്നു പ്രാഥമിക പഠനം. കണിയാപുരം ജുമാ മസ്ജിദ് മുദരിസ് ഹാജി കുഞ്ഞിപ്പക്കി മുസ്‌ലിയാരിൽ നിന്ന് മതപഠനത്തിന് തുടക്കം കുറിച്ചു. ശേഷം പൊന്നാനി, വണിയമ്പാടി, തിരുനെൽവേലി, വെമ്പനാട്, വേലൂർ, ബാംഗ്ലൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ ഉപരിപഠനം. തുടർന്ന് തിരുനെൽവേലി, ഇടവ, ഓച്ചിറ, വെമ്പേനാട്, വാടാനപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ 30 വർഷത്തോളം അധ്യാപനം നടത്തി.
ചിമ്മിണി തങ്ങൾ, പെരിയ തങ്ങൾ എന്നീ അപരനാമങ്ങളിൽ ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും പ്രസിദ്ധനായി. നാൽപത്തഞ്ചു വർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ, ഇറാഖ്, സിറിയ, സൗദി അറേബ്യ, യമൻ, ഫലസ്തീൻ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ആത്മീയ സഞ്ചാരം നടത്തി. പത്തുവർഷത്തോളം വിജനമായ ഇടങ്ങളിൽ ആരാധനയിലും ധ്യാനത്തിലുമായി കഴിച്ചുകൂട്ടി.
നഖ്ശബന്ദി, ശാദുലി ആത്മീയധാരകളുടെ ശൈഖാണ്. കണ്ണൂർ കൂത്തുപറമ്പ് കോട്ടയത്തെ ഞണ്ടാടി ശൈഖ് ഹാജി അബൂബക്കർ വലിയുല്ലാഹിയാണ് ആത്മീയ ഗുരു. ആറു വർഷം ശൈഖിനെ നിഴൽ പോലെ പിന്തുടർന്നു. അറബി, ഉറുദു, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ നിപുണനും ഉജ്വല പ്രഭാഷകനുമായിരുന്നു. ധാരാളം പള്ളികളും മദ്‌റസകളും നിർമിച്ചു. നിലച്ചുപോയ പള്ളിദർസുകൾ പുനരുജ്ജീവിപ്പിച്ചു. അനേകം ദർസുകളും ദിക്ർ ഹൽഖകളും സ്ഥാപിച്ചു. ഹി. 1891 റജബ് 12(എഡി 1971 സെപ്റ്റംബർ 3)ന് നിര്യാതനായി. മൂന്നു ഭാര്യമാരിലായി അഞ്ചു മക്കളുണ്ട്.
പള്ളികളും ദർസുകളും
പെരുമ്പാവൂരിലെ മുസ്‌ലിംകളിൽ പ്രബല വിഭാഗം ശാഫിഈ കർമസരണി പിന്തുടരുന്നവരാണ്. ഹനഫികളും കുറവല്ല. ഹനഫി പള്ളികളും മദ്‌സകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പ്രാചീന കാലത്ത് വിപുലമായ പള്ളിദർസുകളും സജീവമായിരുന്നു. വല്ലം, മുടിക്കൽ, ചെറുവേലിക്കുന്ന്, കണ്ടന്തറ ദർസുകൾ പ്രസിദ്ധമായിരുന്നു. ഇന്നും ഇവിടങ്ങളിൽ ദർസുകളും അറബിക് കോളേജുകളും പ്രവർത്തിക്കുന്നുണ്ട്.
എറണാകുളം ജില്ലയിലെ വലിയ മുസ്‌ലിം ജമാഅത്തുകളിൽ ഒന്നാണ് കണ്ടന്തറ മുസ്‌ലിം ജമാഅത്ത്. പെരുമ്പാവൂർ നഗരസഭയിലാണ് കണ്ടന്തറ. പെരുമ്പാവൂർ പട്ടണ പ്രാന്തങ്ങളിൽ പത്തിലധികം ജുമുഅത്ത് പള്ളികളുണ്ട്. റയോൺ പുരം, അല്ലപ്ര, പാറപ്പുറം, പള്ളിപ്രം പടിഞ്ഞാറെ മുസ്‌ലിം ജമാഅത്ത് പുത്തൻപള്ളി വെസ്റ്റ് മുടിക്കൽ, മഞ്ഞപ്പെട്ടി, വെങ്ങോല, തണ്ടേക്കാട്, കാഞ്ഞിരക്കാട്, അറക്കപ്പടി, പള്ളിക്കവല, പള്ളിപ്പടി, മൗലൂദ് പുര, ചെറുവേലിക്കുന്ന്, കുതിര പറമ്പ് എന്നിവിടങ്ങളിലെ പള്ളികളും പ്രാധാന്യമർഹിക്കുന്നു.
അലി സഖാഫി പുൽപറ്റ