ഫത്വ എന്ന അറബി പദത്തിന് ഭാഷാപരമായി വ്യക്തതയോടെ കാര്യങ്ങൾ വിവരിക്കുക, ചോദ്യങ്ങൾക്ക് മറുപടി നൽകുക എന്നെല്ലാം അർത്ഥങ്ങൾ കാണാവുന്നതാണ്. പ്രശ്‌നങ്ങളിൽ മതവിധി അറിയാനാഗ്രഹിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് യോഗ്യരായ പണ്ഡിതർ നൽകുന്ന മറുപടികളെയാണ് കർമശാസ്ത്രത്തിൽ ഫത്വ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മദ്ഹബ് പിന്തുടരുന്ന പണ്ഡിതന്മാർ ഫത്വയായി നൽകേണ്ടത് ആ മദ്ഹബിലെ പ്രബലമായ അഭിപ്രായമാണ്. കാരണം ഫത്വയുടെ പ്രഥമികമായ ലക്ഷ്യം മദ്ഹബിലെ പ്രബലമായ അഭിപ്രായം ഏതാണെന്ന അന്വേഷണമാണ്.
ആദ്യകാലങ്ങളിൽ ഗവേഷണങ്ങളിലൂടെയായിരുന്നു ഫത്വകൾ നൽകിയിരുന്നത്. മുജ്തഹിദുകളായ ഇമാമുകളില്ലാത്ത ഈ കാലത്ത് മദ്ഹബിന്റെ ഇമാമുമാർ രേഖപ്പെടുത്തിവെച്ചത് അവലംബിക്കുകയും അവ ഉദ്ധരിക്കലുമാണ് ഫത്‌വ നൽകാനുള്ള ഏക മാർഗം.
ഇബ്‌നു ഹജർ(റ) ഫതാവയിൽ പറയുന്നു: ഈ അടുത്ത കാലങ്ങളിൽ ഫത്‌വ എന്നാൽ മുൻഗാമികൾ പറഞ്ഞത് ഉദ്ധരിക്കുകയും അവരുടെ വാക്കുകൾ അവലംബിക്കലുമാണ്. കാരണം ഇജ്തിഹാദിന്റെ എല്ലാ ഇനങ്ങളും ഇന്ന് അവസാനിച്ചിട്ടുണ്ട്. മുൻഗാമികൾ പറഞ്ഞത് ഉദ്ധരിക്കലാണ് ഫത്വ നൽകാനുള്ള ഏക വഴി.
ഫത്‌വകൾ രണ്ട് രൂപത്തിൽ നൽകാം. വാമൊഴിയായും വരമൊഴിയയും. ആദ്യകാലഘട്ടം മുതൽ ഈ രണ്ട് രൂപങ്ങളിലും ഫത്‌വ നൽകാറുണ്ടായിരുന്നു. ഇന്നും അത് നിലനിന്ന് വരുന്നു.
ഫത്വ നൽകൽ അടിസ്ഥാനപരമായി ഫർള് കിഫയാണ്. എന്നാൽ നിർബന്ധവും സുന്നത്തുമാകുന്ന സന്ദർഭങ്ങളും ഉണ്ടാവാറുണ്ട്. ബിഗ്‌യ പറയുന്നത് കാണുക: ഒരു കാര്യം പ്രവർത്തിക്കുന്നതിലോ ഉപേക്ഷിക്കുന്നതിലോ ഹറാമോ കുറ്റമോ വന്നുചേരുന്ന വിഷയത്തെ സംബന്ധിച്ച് ഫത്‌വ ചോദിച്ചാൽ മുഫ്തിക്ക് ഫത്‌വ നൽകൽ നിർബന്ധവും ഹറാമോ കുറ്റമോ വരാത്ത പ്രശ്‌നങ്ങളിൽ സുന്നത്തുമാണ്. ഫത്വ കാരണം കുഴപ്പങ്ങൾക്കും പ്രശ്‌നങ്ങൾക്കും സാധ്യതയുണ്ടെങ്കിൽ ഫത്‌വ നൽകാതിരിക്കലാണ് നല്ലത് (ബിഗ്‌യ).
ഫത്വ നൽകുക എന്ന ചുമതല വലിയ പ്രതിഫലം ലഭിക്കുന്നതും അതേസമയം അപകടം നിറഞ്ഞതുമായാണ് ഇമാം നവവി(റ) പരിചയപ്പെടുത്തുന്നത്. വളരെ കാര്യഗൗരവത്തോടെ ഇടപെടേണ്ട ഇടമാണ് ഫത്വ. ദീൻ പ്രചരിപ്പിക്കുക, ജനങ്ങൾക്ക് അറിവ് പഠിപ്പിക്കുക തുടങ്ങി പ്രതിഫലാർഹമായ അനേകം നന്മകൾക്ക് കാരണമാണത്. അതേസമയം തന്നെ വളരെ പേടിയോടെ കൈകാര്യം ചെയ്യേണ്ടതുമാണ്. ഇമം മാലിക്(റ) പറയുന്നത് കാണാം: ഫത്‌വ നൽകുന്നതിന് മുമ്പ് നരകത്തെയും സ്വർഗത്തെയും കുറിച്ച് ഓർക്കേണ്ടതുണ്ട്. ഫത്വ നൽകുന്നത് രണ്ടിനും കാരണമാവുന്നു എന്നാണ് ഇമാം സൂചിപ്പിക്കുന്നത്.
മുഫ്തി
ഫത്‌വ നൽകുന്നയാളെയാണ് മുഫ്തി എന്നു വിളിക്കുന്നത്. മുഫ്തിമാരെ പല പദവികളിലായി പരിചയപ്പെടുത്തിയിട്ടുണ്ട് ഇമാം നവവി(റ). ആദ്യ കാലങ്ങളിൽ മുജ്തഹിദുകളായ (ഗവേഷകർ) ഇമാമുകളും പിൽക്കാലത്ത് ശ്രേഷ്ഠ പണ്ഡിതരുമാണ് മുഫ്തികൾ.
വളരെ ഗൗരവ സ്വഭാവത്തോടെയാണ് മുൻഗാമികൾ ഫത്‌വയെ സമീപിച്ചിരുന്നത്. അബ്ദുറഹ്‌മാനു ബ്‌നു അബീലൈല പറയുന്നു: ഒരാൾ ഒരു അൻസ്വാരീ സ്വഹാബിയോട് ഫത്‌വ ചോദിച്ചപ്പോൾ ആ സ്വഹാബി ചോദ്യ കർത്താവിനെ മറ്റൊരു സ്വഹാബിയിലേക്ക് പറഞ്ഞയക്കുന്നതിന് ഞാൻ സാക്ഷിയായി. അങ്ങനെ 120 സ്വഹാബികളെ സമീപിച്ചതിന് ശേഷം അയാൾ ആദ്യത്തെ സ്വഹാബിയിലേക്ക് തന്നെ മടങ്ങിയെത്തി! ഫത്‌വ നൽകുന്നതിനെ മുഫ്തി എത്ര ഗൗരവത്തോടെ സമീപിക്കണമെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.
ഗവേഷണ യോഗ്യരല്ലാത്ത പണ്ഡിതന്മാർ മുൻഗാമികൾ രേഖപ്പെടുത്തിവെച്ച കർമശാസ്ത്ര നിയമങ്ങളവലംബിക്കുകയും പ്രബലമായതുകൊണ്ട് ഫത്‌വ നൽകുകയും വേണം. എന്നാൽ ശാഫിഈ മദ്ഹബിലെ പ്രബലമല്ലാത്ത അഭിപ്രായമാണെന്ന് അറിയിച്ചുകൊണ്ട് തന്നെ ദുർബലമായ അഭിപ്രായങ്ങൾ മുഫ്തിക്ക് ചോദ്യകർത്താവിന് അറിയിച്ചുകൊടുക്കാവുന്നതാണ്. ഇത്തരം ഫത്‌വകൾക്ക് ‘ഇർശാദിന്റെ ഫത്‌വ’ എന്നാണ് പ്രയോഗം.
സയ്യിദ് ഉമറുൽ ബസ്വരി(റ) പറയുന്നു: പ്രബലമല്ലാത്ത വീക്ഷണം ഫത്‌വയായി നൽകാൻ പാടില്ലെന്ന് പറഞ്ഞ നിയമം ചോദ്യകർത്താവിനെ ഈ വീക്ഷണമാണ് ശാഫിഈ മദ്ഹബിൽ പ്രബലം എന്ന രൂപത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഫത്‌വ നൽകുമ്പോൾ മാത്രമാണ് ബാധകമാവുക. പ്രബലമല്ലാത്ത വീക്ഷണമാണെന്നറിയിച്ചുകൊണ്ട് മറ്റ് അഭിപ്രായങ്ങളും ഫത്‌വ നൽകാവുന്നതാണ്.
മുഫ്തിയുടെ യോഗ്യതകൾ
1) കർമശാസ്ത്രത്തിൽ അഗാധ പാണ്ഡിത്യം. നന്നായി പഠനം നടത്താത്തവൻ ഫത്‌വ നൽകാൻ യോഗ്യനല്ല. അവന് അതനുവദനീയവുമല്ല. ഇമാം കുർദി(റ) പറയുന്നു: പ്രാഗത്ഭ്യമുള്ള പണ്ഡിതരിൽ നിന്ന് പഠിക്കാതെ ഫത്വ നൽകാൻ തുനിയരുത്. അത് അനുവദനീയമല്ല. മതം ആഴത്തിൽ പഠിക്കാതെ ഗ്രന്ഥങ്ങൾ വായിച്ച് ഫത്വ നൽകാവതല്ല.
2) കർമശാസ്ത്ര പണ്ഡിതന്മാരുടെ വാക്കുകൾ ഗ്രഹിക്കുന്നതോടൊപ്പം അവരുടെ വാക്കുകളുടെ വ്യാപ്തിയും താൽപര്യവും സൂചനകളും മനസ്സിലാക്കാനുള്ള പ്രാപ്തിയുണ്ടാവുക.
3) കർമശാസ്ത്രത്തിലെ സാങ്കേതിക പദങ്ങളെക്കുറിച്ച് കൃത്യമായ അവബോധം.
4) കർമശാസ്ത്രത്തിലെ പൊതുവായ തത്ത്വങ്ങളെ കുറിച്ചുള്ള അറിവ്.
5) തന്നേക്കാൾ വലിയ പണ്ഡിതനിൽ നിന്ന് ഫത്‌വ നൽകാനുള്ള അംഗീകാരം ലഭിക്കുക.
6) ഗവേഷണത്തിന് യോഗ്യനായ ആളാണെങ്കിൽ പോലും മുഫ്തി ഫാസിഖ് (തെമ്മാടി) ആകാതിരിക്കുക.
7) അവലംബയോഗ്യമായ കിതാബുകളെ കുറിച്ച് ധാരണയുണ്ടാവുക. അവയുടെ ക്രമം, മുൻഗണന തുടങ്ങിയവയും അറിയുക.
8) ഗ്രാഹ്യശക്തി, ബുദ്ധികൂർമത, ശരിയായ നിരീക്ഷണ പാടവം എന്നിവ ഉണ്ടാവുക.
മുഫ്തിയുടെ മര്യാദകൾ
* പ്രബലമായ മസ്അല കൊണ്ട് ഫത്‌വ നൽകുക, സന്ദർഭത്തിനനുസരിച്ച് പ്രബലമല്ലാത്തത് നിബന്ധനകൾക്ക് വിധേയമായി മാത്രം നൽകുക.
* പ്രശ്‌നങ്ങൾ നന്നായി പഠന വിധേയമാക്കുക.
* നിലപാടുകളിൽ നിഷ്പക്ഷത പുലർത്തുക.
* ചോദ്യകർത്താവിനോടുള്ള ബന്ധമോ വിധേയത്വമോ ശത്രുതയോ ഫത്‌വയെ സ്വാധീനിക്കാതിരിക്കുക.
* ഫത്‌വ നൽകുന്നതിനും പ്രശ്‌നങ്ങൾ പഠനവിധേയമാക്കുന്നതിനും വിഘാതമായ മാനസികാവസ്ഥയിൽ ഫത്‌വ നൽകാതിരിക്കൽ.
* നൽകിയ മതവിധി തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്തുകയും ചോദ്യകർത്താവിനെ അറിയിക്കുകയും ചെയ്യുക.
* ചിന്തയും പഠനവുമില്ലാതെ ഫത്വ നൽകാതിരിക്കൽ.
* മറുപടി പൊതുജനങ്ങൾക്ക് വ്യക്തമാവുന്ന രൂപത്തിലും ചോദ്യകർത്താവിന്റെ സംശയം നീങ്ങുന രൂപത്തിലുമാവുക.
* മറുപടി കൃത്യമായിരിക്കുക.
* ആവശ്യമായ ഇടങ്ങളിൽ വിശദീകരണം നൽകുക.
* മറുപടി തയ്യാറാക്കി മറ്റു പണ്ഡിതന്മാരുമായി ചർച്ച ചെയ്യുക. ഉമർ(റ) ഫത്‌വ നൽകുന്നതിന് മുമ്പ് സ്വഹാബത്തുമായി ചർച്ച ചെയ്യാറുണ്ടായിരുന്നു.
* ചോദ്യകർത്താവിന്റെ മാനസികവും ശാരീരികവുമായ വിഷയങ്ങൾ പരിഗണിച്ച് മറുപടി രൂപപ്പെടുത്താവുന്നതാണ്. കണിശത ഇഷ്ടപ്പെടുന്നവർക്ക് കണിശമായ മറുപടികളും കണിശമായ നിർദേശങ്ങൾ നൽകിയാൽ പൂർണമായി പാലിക്കാൻ സാധിക്കാത്തവർക്ക് ലഘൂകരണമുള്ള രീതിയിലും ഫത്‌വ നൽകാം.
* കൂടുതൽ പഠനം നടത്തേണ്ട ചോദ്യങ്ങളിൽ അങ്ങനെ ചെയ്യുക.
* മുഫ്തിക്കറിയാത്ത മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ആ വിജ്ഞാനമുള്ളവരെ നിർദേശിക്കുക.
* എടുത്തുചാടി പറയാതിരിക്കുക. തന്റെ മുമ്പിൽ വന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്ന ശാഫിഈ(റ)വിനോട് അതിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇപ്രകാരമായിരുന്നു: ‘ആ ചോദ്യത്തിന് ഉത്തരം നൽകുന്നതിലാണോ നിശ്ശബ്ദത പാലിക്കുന്നതിലാണോ നന്മയെന്ന് ചിന്തിക്കുകയാണ് ഞാൻ. അത് തീരുമാനമായതിന് ശേഷം മറുപടി നൽകാം.’
ഇബ്‌നു ഉയയ്‌ന(റ) അർഹനായിട്ടുപോലും ഫത്വ നൽകുന്നതിൽ താൽപര്യം കാണിക്കാതിരുന്നതും ചരിത്രമാണ്.
*അറിയാത്തവ അറിയില്ല എന്ന് മറുപടി നൽകാൻ മടിക്കാതിരിക്കുക, അല്ലെങ്കിൽ പഠിച്ച് പറയുക. മദ്ഹബിന്റെ ഇമാമുകൾ വരെ അറിയാത്ത കാര്യങ്ങൾക്ക് അറിയില്ലെന്ന് മറുപടി പറഞ്ഞിരുന്നു. ഗവേഷണം നടത്തി വേണം അവർക്ക് പ്രതിവിധികൾ നിർധാരണം നടത്താൻ. പുതിയ പ്രശ്‌നങ്ങൾ വരുമ്പോൾ ഗവേഷണം നടത്തുന്നതിന് മുമ്പായിരുന്നു അവരിങ്ങനെ പറഞ്ഞിരുന്നത്. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: എനിക്ക് അറിയില്ല എന്നു മറുപടി പറയാനറിയാത്തവൻ നാശത്തിന് വഴിയൊരുക്കുന്നവനാണ്. അറിയാത്ത കാര്യങ്ങളിൽ എടുത്തുചാടി ഫത്‌വ നൽകുന്നതിന്റെ ശിക്ഷയും ഗൗരവവും ഓർമപ്പെടുത്താനാണ് ഈ വിധത്തിൽ അദ്ദേഹം സംസാരിക്കുന്നത്.
* ഫത്വ നൽകാൻ ആഗ്രഹവും താൽപര്യവും ഇല്ലാതിരിക്കുക. നിർബന്ധിതനായാൽ മാത്രം മതവിധി പറയുക. ഭൂമുഖത്തു നിന്ന് അറിവ് നഷ്ടപ്പെട്ടുപോകുമെന്ന് ഭയമില്ലെങ്കിൽ താൻ ഫത്വ നൽകില്ലായിരുന്നു എന്ന് ഇമാം അബൂഹനീഫ(റ). ഖതീബുൽ ബഗ്ദാദി(റ) പറഞ്ഞു: ഫത്‌വ നൽകാൻ അത്യാഗ്രഹമുള്ളവനും ഫത്‌വയിലേക്ക് എടുത്ത് ചാടുന്നവനും നന്മ ചെയ്യാനുള്ള ആഗ്രഹവും തൗഫീഖും(സൗഭാഗ്യം) കുറവായിരിക്കും. എന്നാൽ ഫത്‌വ നൽകാൻ നിർബന്ധിതനാകുന്നവന് അല്ലാഹുവിന്റെ സഹായം ലഭിക്കുകയും ചെയ്യും.
റാസി നൂറാനി അസ്സഖാഫി തിരൂരങ്ങാടി