assam muslims while NRC- malayalam

വംശ-വർണ വെറി ഉച്ചിയിലെത്തിയപ്പോൾ അമേരിക്കൻ നീഗ്രോ കവി ലാങ്സ്റ്റൺ ഹ്യൂസ് കോറിയിട്ട രണ്ട് വരികളുണ്ട്:

ഹാ! എന്റെ നാട്ടിൽ സ്വാതന്ത്ര്യം കപടമായ

ദേശഭക്തിയുടെ പുഷ്പകിരീടമണിയാതിരിക്കട്ടെ,

എല്ലാവർക്കുമുയരാനവസരമുള്ള നാടാവട്ടെ ഇത്,

ജീവിതം ഇവിടെ സ്വതന്ത്രമാവട്ടെ.’

തന്റെ രാജ്യത്ത് ഉഗ്രരൂപം പ്രാപിച്ച വംശ-വർണവെറിയെ തീവ്രതയൊട്ടും ചോരാതെ അവതരിപ്പിക്കുകയാണ് കവി. ചരിത്രത്തിലുടനീളം അമേരിക്കൻ ജനതക്കിടയിൽ സൃഷ്ടിക്കാൻ ശ്രമിച്ച അകൽച്ചയുടെയും വിദ്വേഷത്തിന്റെയും അടിസ്ഥാനോപാധിയായി ഉപയോഗിച്ചത് കപടമായ ദേശഭക്തിയാണെന്ന് വരികളിലൂടെ വ്യക്തമാക്കുന്നു അദ്ദേഹം. ദേശീയത സംബന്ധിച്ച വികലമായ കാഴ്ചപ്പാടിന്റെ ഭീകര ഫലങ്ങൾ ഇന്നും ആ നാട് അനുഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കൻ ചരിത്രം ഓർക്കുന്നതെന്തിനെന്ന് ചോദിക്കാൻ വരട്ടെ. വംശ-വർണ വെറിയുടെ ഭീതിതമായ അവസ്ഥയായിരുന്നു അമേരിക്ക അഭിമുഖീകരിച്ചിരുന്നതെങ്കിൽ, ദേശീയതയുടെ കപടമൂടുപടമണിഞ്ഞുള്ള ബീഭത്സമായ ആക്രമണങ്ങളെയാണ് ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആസാമിലെ 40 ലക്ഷം പേരെ അന്യരാക്കിയുള്ള ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമകരട് റിപ്പോർട്ട്.

ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാനായി നൽകിയ മൊത്തം 3.29 കോടി അപേക്ഷകളിൽ നിന്ന് 2.89 കോടി പേർക്ക് മാത്രമേ ഇന്ത്യൻ പൗരത്വത്തിന് അർഹതയുള്ളൂ എന്നാണ് റിപ്പോർട്ട്. നോക്കൂ, എത്ര പെട്ടെന്നാണ് നാൽപത് ലക്ഷം ജനങ്ങൾ സാങ്കേതികമായി ഇന്ത്യൻ പൗരന്മാരല്ലാതായി മാറിയത്, ഇന്നലെ വരെ തങ്ങിയ രാജ്യത്ത് അപരന്മാരായി പ്രഖ്യാപിക്കപ്പെട്ടത്, സ്വാതന്ത്ര്യത്തിൽ നിന്ന് പാരതന്ത്ര്യത്തിലേക്ക് വഴുതി വീണത്? ഇവിടെ ഇങ്ങനെയൊക്കെയാണ് എന്ന സരസമറുപടിയിൽ ഒതുങ്ങാതെ ഓരോ പൗരനും ഇതിന്റെ ഗൗരവം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കരട് റിപ്പോർട്ട് മാത്രമാണെന്നും അന്തിമപട്ടിക വരാനിരിക്കുന്നതേയുള്ളൂ എന്നും ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അതിന്റെ സാധ്യതകൾ അന്വേഷിക്കുമ്പോഴാണ് ഈ ന്യായീകരണങ്ങൾ കേവലം ജനവികാരത്തെ തടയിടാനുള്ളതാണെന്ന് മനസ്സിലാവുന്നത്. ആഗസ്റ്റ് 30 മുതൽ സെപ്തംബർ 28 വരെയുള്ള ചുരുങ്ങിയ കാലയളവിൽ 40 ലക്ഷം പേരുടെ രേഖകൾ പരിശോധിച്ച് പട്ടിക പുതുക്കുമെന്ന് പറയുന്നതിലെ സാംഗത്യം ഉൾക്കൊള്ളാൻ പ്രയാസമുണ്ട്.

ആസാം മുസ്‌ലിംകൾ സ്വാതന്ത്ര്യത്തിന് ശേഷം

അസമിലെ മുസ്‌ലിംകൾ ഇപ്പോഴത്തെ ദുരവസ്ഥയിലേക്ക് എത്തിപ്പെടുന്നതിൽ മതാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ വിഭജനത്തിന്  വലിയ പങ്കുണ്ട്. ഇന്ത്യ വിഭജിച്ചപ്പോൾ അവിഭക്ത ബംഗാളിലെ ജനങ്ങൾ കിഴക്കൻ പാകിസ്താൻ എന്ന പിൽക്കാല ബംഗ്ലാദേശിന്റെ ഭാഗമായി മാറിയതാണ് ഇതിന് പ്രധാന കാരണം. വിഭജനത്തിനു ശേഷം ഇന്ത്യയിൽ തുടരുമെന്ന് പ്രഖ്യാപിച്ച മുസ്‌ലിംകളോട്  രാജ്യം സ്വീകരിച്ച ഇരട്ടത്താപ്പിന്റെ ഏറ്റവും ഭീതിതമായ മാതൃകയായിരുന്നു ആസാമിൽ കാണാനായത്.  ബംഗ്ലാദേശിലേക്ക് പോകാത്ത മുസ്‌ലിംകളെ സാധ്യമായ എല്ലാ കുതന്ത്രങ്ങളുപയോഗിച്ചും നുഴഞ്ഞുകയറ്റക്കാരായി ചി്രതീകരിച്ച് വേട്ടയാടുന്ന രീതിശാസ്ത്രം സംസ്ഥാനത്ത് ശക്തിപ്പെട്ടു. ബ്രഹ്മപുത്രയുടെ തീരത്ത് കൃഷി ചെയ്തു ജീവിച്ചുപോന്ന, പ്രത്യേകിച്ചും ഛാറുകൾ എന്നറിയപ്പെടുന്ന ഡെൽറ്റകളിൽ കാലാകാലങ്ങളായി താമസിച്ചുവന്നവരാണ് ഭരണകൂട ഗൂഢാലോചനയുടെ ഏറ്റവും പുതിയ ഇരകളായി മാറിയത്. വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെടുന്നവർക്ക് പുതിയ കിടപ്പാടം പോയിട്ട് റേഷൻ കാർഡോ മറ്റു തിരിച്ചറിയൽ രേഖകളോ പോലും പിന്നീടൊരിക്കലും സംസ്ഥാന ഭരണകൂടം നൽകാറുണ്ടായിരുന്നില്ല. പട്ടയ വിതരണവും ഭൂപരിഷ്‌കരണവും ഇനിയും പൂർത്തിയാക്കിയിട്ടില്ലാത്ത സംസ്ഥാനങ്ങളിലൊന്നു കൂടിയാണ് ആസാം എന്ന വസ്തുത വിസ്മരിക്കാവതല്ല. ബ്രഹ്മപുത്രയോടു ചേർന്ന ദുബ്രി, കരീംഗഞ്ച്, ഗോൽപാറ മുതലായ ജില്ലകളിൽ ഇങ്ങനെ കിടപ്പാടം നദി കവർന്നെടുത്ത ആയിരക്കണക്കിന് മുസ്‌ലിം കർഷകരാണ് വസിക്കുന്നത്. 1954 മുതൽ 2014 വരെ ആസാമിന്റെ 3000 ചതുരശ്ര കി.മീറ്റർ ഭൂമി നദി കവർന്നെടുത്തു എന്ന് മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയി സഭയിൽ നൽകിയ കണക്കിൽ വ്യക്തമാക്കിയിരുന്നു. ഒരു ജില്ലയുടെ അത്രയും വരും ഈ വിസ്തീർണം. എന്നാൽ ഒരിക്കൽ ഭൂമി നഷ്ടപ്പെട്ടാൽ പരിഹാരക്രിയ തേടാനാവാത്ത സാഹചര്യമാണ് ആസാമിൽ. ബംഗ്ലാദേശിൽനിന്നും ഇരുട്ടിന്റെ മറപിടിച്ച് നുഴഞ്ഞുകയറിയവരാണ് ഇവരെന്ന നിലപാടാണ് രാഷ്്രടീയ സംഘടനകളും വലിയൊരളവോളം പ്രാദേശിക ഭരണകൂടങ്ങളും സ്വീകരിച്ചുവരുന്നത്. അതിന്റെ തുടർച്ചയാണ് എൻ.ആർ.സിയിൽ പ്രതിഫലിക്കുന്നതും.

ദേശീയ പൗരത്വ പട്ടിക ആദ്യമായി തയ്യാറാക്കുന്നത് 1951-ലെ സെൻസസിന് ശേഷമാണ്. ഈ പട്ടികയിലുൾപ്പെട്ടവരുടെ പിന്മുറക്കാരോ 1971 മാർച്ച് 24 മുതൽ ആസാം വോട്ടർ പട്ടികയിൽ പേരുള്ളവരോ അവരുടെ പിന്മുറക്കാരോ ആണ് പുതിയ പട്ടികയിൽ വരികയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 1971 മാർച്ച് 24 മുതൽ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നവരുടെ പിന്മുറക്കാരെയും ഇന്ത്യൻ പൗരന്മാരായി കണക്കാക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ഉപാധികൾ പൗരന്മാരുടെ മതവും നാമവും അടിസ്ഥാനപ്പെടുത്തി കർശനമാക്കുകയും ലഘൂകരിക്കുകയും ചെയ്യുന്നുണ്ട് എന്ന പരാതി വ്യാപകമായി ഉയർന്നിട്ടുണ്ട്. പലതരത്തിലുള്ള രേഖകൾ ആവശ്യപ്പെടുകയും ആവശ്യമായ രേഖകൾ ഹാജരാക്കിയവരിൽ നിന്ന് തന്നെ പാരമ്പര്യ രേഖകൾ ആവശ്യപ്പെട്ട് പട്ടികയിൽ നിന്ന് തഴയുന്നു എന്ന ആക്ഷേപവും ഉയർന്ന് കേൾക്കുന്നു. ഒരേ കുടുംബത്തിലെ ചിലർക്ക് പൗരത്വം നൽകുകയും ചിലരെ അപരന്മാരായി പ്രഖ്യാപിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൗരത്വം നഷ്ടപ്പെട്ടവരിൽ ബഹുഭൂരിഭാഗവും വെള്ളപ്പൊക്കത്തിൽ രേഖകൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടവരാണ് എന്ന വസ്തുത വിസ്മരിച്ച് കൊണ്ടാണ് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നത്.

പൗരത്വത്തിന്റെ അർത്ഥശൂന്യതയും പ്രതികാര മനോഭാവവും വ്യക്തമാക്കുന്നതാണ് കരസേനയിൽ ജൂനിയർ കമ്മീഷൻ ഓഫീസറായിരുന്ന മുഹമ്മദ് അസ്മൽ ഖാന്റെ അനുഭവം. നീണ്ട 30 വർഷക്കാലം കാശ്മീർ, പഞ്ചാബ് തുടങ്ങിയ ഇടങ്ങളിൽ അതിർത്തി കാത്ത ഇദ്ദേഹത്തെ 1972 മാർച്ച് 21-ന് ശേഷം ഇന്ത്യയിലെത്തി എന്ന പൊള്ളവാദമുന്നയിച്ച് പൗരത്വ രേഖക്ക് പുറത്താക്കിയിരിക്കുകയാണ്. 1966-ലെ വോട്ടർ പട്ടികയിൽ പിതാവിന്റെയും 1951-ലെ പൗരത്വ പട്ടികയിൽ അമ്മയുടെയും പേരുണ്ടെന്നും താൻ ആസാമീസ് പൗരനാണെന്നും സൈനികൻ ചൂണ്ടിക്കാട്ടി. സൈനികന് അനുകൂലമായി ഈസ്റ്റേൺ കമാൻഡ് ഇടപെട്ടിട്ട് പോലും അധികൃതരിൽ നിന്ന് അനുകൂല വിധിയുണ്ടായില്ല. രാജ്യത്തെ പൗരന്മാരുടെ സുരക്ഷക്ക് വേണ്ടി സർവതും ത്യജിച്ച് വർഷങ്ങളോളം സേവനം ചെയ്ത സൈനികന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതിരിക്കലാണ് ഭേദം. ദേശീയ പൗരത്വ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് തങ്ങുന്നവരെ വിഭജിക്കുന്നതിൽ വ്യക്തമായ രാഷ്ട്രീയമുണ്ട് ബി.ജെ.പിക്ക്. ബ്രിട്ടീഷുകാർ പയറ്റി വിജയിച്ച ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രത്തിന്റെ ഏറ്റവും മികച്ച ഗുണഭോക്താക്കൾ അവർ തന്നെയാണ്. ഇതിലൂടെ പരോക്ഷമായിട്ടെങ്കിലും പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് ഭരണകൂടങ്ങൾ.

വർഗീയ ധ്രുവീകരണത്തിലൂടെ ഇത്രയധികം നേട്ടം കൊയ്ത പാർട്ടികൾ ബി ജെ പിയോളം ഇല്ല തന്നെ. വർഗീയത കത്തിച്ച് നിർത്തി ഭൂരിപക്ഷ പ്രീണനത്തിലൂടെ അധികാരസ്ഥരാകാമെന്ന തന്ത്രം പാർട്ടി പ്രയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. അതിന്റെ തുടർച്ചയാണ് എൻ.ആർ.സിയിലുള്ള ഇടപെടലുകളെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് കാശ്മീർ വിഷയത്തിലെ ബി.ജെ.പി ഇടപെടലുകൾ. കഴിഞ്ഞ ഇലക്ഷൻ സമയത്ത് കാശ്മീർ വിഷയം ഉയർത്തിപ്പിടിച്ച് നേട്ടം കൊയ്തിട്ടുണ്ട് ഇക്കൂട്ടർ. മതാടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ഭൂരിപക്ഷം മുസ്‌ലിംകളായിട്ട് പോലും രാജ്യത്തിനൊപ്പം ചേർന്ന് നിന്ന കാശ്മീരികളെ വിഘടനവാദികളും തീവ്രവാദികളുമായി അവതരിപ്പിക്കുന്ന ബി.ജെ.പി തന്ത്രം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ്. പ്രാണരക്ഷാർത്ഥം രാജ്യത്ത് അഭയം തേടിയ റോഹിംഗ്യകളോട് യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവില്ല എന്ന കേന്ദ്രമന്ത്രി കിരൺ റജ്ജുവിന്റെ പ്രസ്താവന ഇതിനോട് ചേർത്തുവായിക്കേണ്ടിയിരിക്കുന്നു.

പൈതൃകം വിസ്മരിക്കുന്നു

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ദൗത്യവും ധർമവും എങ്ങനെയായിരിക്കണമെന്ന് മാധ്യമപ്രവർത്തകർ  ഗാന്ധിയോട് ചോദിക്കുകയുണ്ടായി. ഏറ്റവും താഴേത്തട്ടിലുള്ളവരുടെ കണ്ണുനീർ തുടക്കാനുതകുന്നതായിരിക്കണം രാജ്യത്തിന്റെ ഇടപെടലുകൾ എന്നാണതിന് ഗാന്ധിജി മറുപടി നൽകിയത്. പീഡിത ജനതക്ക് അഭയം നൽകുന്ന, അരികുവത്കരിക്കപ്പെട്ടവർക്ക് തുണ പകരുന്ന മഹത്തായ ഇന്ത്യൻ പൈതൃകത്തെ ചരിത്രകാരന്മാർ അടയാളപ്പെടുത്തിയിട്ടുണ്ട്. ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലൂടെ അക്രമാത്മകമായ ഇടപെടലുകൾക്ക് മുതിരാതെ ഇന്ത്യ തീർത്ത പ്രതിരോധത്തെ ലോകം ഇന്നും വാഴ്ത്തുന്നുണ്ട്. ദുരന്ത-യുദ്ധഭൂമികകളിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടിയെത്തിയവരെ ഇരുകയ്യും നീട്ടി സ്വീകരിച്ച മഹിതമായ പാരമ്പര്യത്തിന്റെ അവകാശികളാണ് ഇന്ത്യ. പക്ഷേ രാജ്യത്തെ പൗരന്മാരെ അനധികൃത കുടിയേറ്റക്കാരെന്നു വരുത്തിത്തീർത്ത് ആട്ടിയോടിക്കുന്ന പ്രത്യേക സാഹചര്യമാണിന്ന് സംജാതമായിട്ടുള്ളത്. തങ്ങളുടെ രാഷ്ട്രീയ ഒളിയജണ്ടകൾ നടപ്പാക്കാനായി ഉന്നതമായ പൈതൃകത്തെ തിരസ്‌കരിക്കുകയും വിസ്മരിക്കുകയുമാണ് എൻ.ഡി.എ സർക്കാർ.

എൻ.ഡി.എ സർക്കാർ ഭരണത്തിലേറി ആദ്യ ഒമ്പത് മാസത്തിനുള്ളിൽ പാക്കിസ്ഥാനിൽ നിന്നുള്ള 4230 ഹിന്ദു-സിക്ക് വിശ്വാസികൾക്ക് രാജ്യത്തിന്റെ പൗരത്വം അനുവദിച്ചിട്ടുണ്ട്.  അപ്രകാരം തന്നെ അഭയാർത്ഥികളായി കടന്നുവന്ന ഒരു ലക്ഷത്തോളം ചക്മ-ഹാജോംഗ് വിഭാഗത്തിന് താത്കാലിക പൗരത്വവും അതിവിദൂരമല്ലാത്ത ഭാവിയിൽ ഭൂമി നൽകാമെന്നും കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇതേ രാജ്യത്താണ് സുരക്ഷയുടെ, ഭീഷണിയുടെ വാദമുയർത്തി പൗരന്മാരെ അപരന്മാരാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നത്. തീക്ഷ്ണമായ പീഡനങ്ങളിൽ നിന്ന് അഭയം തേടിയെത്തിയ റോഹിംഗ്യകളെ രാജ്യസുരക്ഷ എന്ന വാദമുഖമുയർത്തി മടക്കിയയക്കാൻ എൻ.ഡി.എ സർക്കാർ നടത്തിയ ശ്രമങ്ങൾ വ്യക്തമാണ്. അപരരെ നിർമിച്ച് അതിർത്തിയടക്കുക എന്നത് നാസിസ- ഫാസിസ പ്രത്യയശാസ്ത്രങ്ങൾ പ്രയോഗിച്ച് വിജയം കണ്ട തന്ത്രമാണ്. ഈ രീതി പ്രായോഗികതലത്തിൽ കൊണ്ട് വരുന്നതിന്റെ സൂചനയായിട്ടേ ഇത്തരം സമീപനങ്ങൾ കാണാനാവൂ.

പ്രത്യേക വിഭാഗത്തെ പലവാദമുഖങ്ങളുമുയർത്തി അപരരാക്കാൻ, ആട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ തന്നെയാണ് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന വിഭാഗത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് എന്നത് വിരോധാഭാസമാണ്. കാവ്യ നീതിയല്ല, കാവി നീതിയെന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ. ഇത്തരം സന്ദർഭങ്ങൾ വിശകലനം ചെയ്യുമ്പോഴാണ് ആട്ടിയോടിക്കുന്നതിന്റെ/അപരരാക്കുന്നതിന്റെ പിന്നിലുള്ള നിഗൂഢലക്ഷ്യങ്ങളും കപടദേശീയ രാഷ്ട്രവാദവും മറനീക്കി പുറത്തുവരുന്നത്. തങ്ങൾക്കെതിരു നിൽക്കുന്നവരെ നിഷ്‌കാസനം ചെയ്യുകയെന്ന ഫാസിസ്റ്റ് തന്ത്രത്തിന്റെ ഉപോൽപന്നങ്ങളാണ് ഈ ഇരട്ടസമീപനങ്ങളും വികല കാഴ്ചപ്പാടുകളും.

രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനായി മാനുഷിക മൂല്യത്തിന് വില കൽപിക്കാത്ത ഇടപെടലുകൾ അപകടകരമാണെന്ന വസ്തുത ബന്ധപ്പെട്ടവർ തിരിച്ചറിയേണ്ടതുണ്ട്. തുടർച്ചയായ നിരുത്തരവാദ സമീപനങ്ങളിലൂടെ മാനുഷിക പരിഗണന നൽകാൻ പോലും അധികൃതർ വൈമനസ്യം കാണിക്കുകയാണെങ്കിൽ രാജ്യം നേരിടേണ്ടി വരിക സമാനതകളില്ലാത്ത മാനുഷിക ദുരന്തമായിരിക്കും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ