24166FFF.jpgഫിത്വര്‍ ഈദുല്‍ ഫിത്വര്‍ പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഫിത്വ്റിന്റെയും ഫിത്വ്ര്‍ സകാത്തിന്റെയും പെരുന്നാളാണ്. ഈ പെരുന്നാളിന് നിര്‍ബന്ധമായി വരുന്നത് ഫിത്വ്ര്‍ സകാത്ത് മാത്രമാണ്. ഒരു മാസക്കാലത്തെ റമളാന്‍ നോമ്പിന്റെ പരിസമാപ്തിയാണിത്. ഒരു ഇബാദത്ത് പൂര്‍ത്തീകരിച്ചതിനു ശേഷം സന്തോഷത്തിന്റെ ഒരു ദിനത്തിലേക്കാണ് വിശ്വാസി കാലെടുത്തുവെക്കുന്നത്. അല്ലാഹു നിശ്ചയിച്ച ഒരു ആഘോഷ സുദിനത്തെ അര്‍ഹിക്കും വിധം പരിഗണിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. പെരുന്നാള്‍ ദിനരാത്രങ്ങളില്‍ മാത്രം പുണ്യമുള്ള സല്‍കര്‍മങ്ങളുണ്ട്. ആഘോഷത്തിരക്കില്‍ അവയൊന്നും നഷ്ടപ്പെടാതെ അനുഷ്ഠിക്കാന്‍ ശ്രദ്ധിക്കുക.
സകാതുല്‍ ഫിത്വര്‍
ഹിജ്റ രണ്ടാം വര്‍ഷം റമളാനില്‍ നോമ്പ് ഫര്‍ളാക്കപ്പെട്ടു. നോമ്പ് അവസാനിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് ഫിത്വ്ര്‍ സകാത്തും നിര്‍ബന്ധമാക്കപ്പെട്ടു. മുതലിന്റെ സകാത്തിന്റെ കൂടെയല്ല ഇത് ഫര്‍ളാക്കപ്പെട്ടത്. നോമ്പുമായി ഫിത്വ്ര്‍ സകാത്തിനുള്ള ബന്ധം ഇതില്‍നിന്ന് തന്നെ വ്യക്തമാണ്. ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാവുന്നതിന് വ്യക്തിഗതമായ സാമ്പത്തിക സ്ഥിതിയല്ല പരിഗണിക്കപ്പെടുന്നത്. റമളാന്‍ മാസത്തിന്റെ ഒരു അംശത്തില്‍ ജീവിച്ച് ശവ്വാലിന്റെ ആദ്യ അംശത്തിലേക്ക് പ്രവേശിച്ച വ്യക്തികള്‍ക്കെല്ലാം സകാത്ത് ബാധ്യതയാണ്. അവരവരുടെ ചെലവ് നടത്താന്‍ ബാധ്യതപ്പെട്ടവനാണിത് നല്‍കേണ്ടത്. ചെലവ് നല്‍കാന്‍ ബാധ്യതപ്പെട്ടവന്‍ തന്റെ ആശ്രിതരുടെ കൂടി സകാത്ത് നല്‍കണം. സമ്പത്തിന്റെ സകാത്തുമായി പ്രകടമായ വ്യത്യാസം ഇതിനുണ്ട്.
നോമ്പിലെ ന്യൂനതകള്‍ക്ക് പരിഹാരക്രിയ കൂടിയാണ് ഫിത്വ്ര്‍ സകാത്ത്. നിസ്കാരത്തിന് സഹ്വിന്റെ സുജൂദ് എന്ന പോലെയാണ് റമളാനിലെ ഫിത്വ്ര്‍ സകാത്ത്. സഹ്വിന്റെ സുജൂദ് നിസ്കാരത്തിന്റെ കുറവ് പരിഹരിക്കുന്ന പോലെ സകാത്തുല്‍ ഫിത്വ്ര്‍ നോമ്പിന്റെ കുറവു പരിഹരിക്കും (ഫത്ഹുല്‍ മുഈന്‍).
ഇബ്നു ശാഹിന്‍(റ), ജരീര്‍(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: റമളാന്‍ നോമ്പ് ആകാശഭൂമികള്‍ക്കിടയില്‍ ബന്ധിതമായിരിക്കും. സകാത്തുല്‍ ഫിത്വ്ര്‍ നല്‍കിയാലല്ലാതെ അത് ഉയര്‍ത്തപ്പെടില്ല (ഹാശിയതുല്‍ ജമല്‍). ഫിത്വ്ര്‍ സകാത്ത് നല്‍കിയില്ലെങ്കില്‍ നോമ്പിന്റെ നേട്ടങ്ങള്‍ ലഭ്യമാവില്ല എന്നര്‍ത്ഥം. എന്നു മാത്രമല്ല, നോമ്പിന്റെ മഹത്തായ പ്രതിഫലം ലഭിക്കാന്‍ ഫിത്വ്ര്‍ സകാത്ത് നല്‍കാന്‍ സാധിക്കുന്നവന്‍ അത് നല്‍കിയിരിക്കണം, തന്‍റേതും ആശ്രിതരുടേതും. നോമ്പുകാരന്റെ പരിശുദ്ധീകരണം സാധിക്കാനും നോമ്പിന്റെ മഹത്തായ പ്രതിഫലം ലഭിക്കാനും സകാത്തുല്‍ ഫിത്വ്ര്‍ നല്‍കിയേ തീരൂ (ഹാശിയതുല്‍ ജമല്‍).
നോമ്പ് സ്വീകാര്യമാകാനും നിര്‍ബന്ധ ബാധ്യത വീടാനും ഫിത്വ്ര്‍ സകാത്ത് നല്‍കണമെന്ന് നിബന്ധനയില്ലെങ്കിലും നോമ്പുമായി അതിനുള്ള ബന്ധം അഭേദ്യമാണ്. അതിനാല്‍ തന്നെ ഫിത്വ്ര്‍ സകാത്തിന്റെ പ്രാധാന്യം അറിഞ്ഞ് യഥാവിധി കൊടുത്തുവീട്ടാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ബാധ്യതയായ ഒരു കാര്യം അതിന്റെ നിര്‍വഹണത്തിന് നിര്‍ദേശിക്കപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ടാവണം.
നിര്‍ബന്ധമാകുന്നത്
റമളാന്റെ അവസാനത്തിലും ശവ്വാലിന്റെ ആദ്യത്തിലും ജീവിച്ചിരിപ്പുള്ളവര്‍ക്ക് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാണ്. എന്നാല്‍ ശവ്വാല്‍ പിറക്കുന്നതിന് അല്‍പം മുമ്പ് മരണപ്പെട്ടയാള്‍ക്ക് ശവ്വാല്‍ പിറന്നയുടനെ ജനിച്ച കുട്ടിക്കും ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമില്ല. സ്വന്തം കടം, തനിക്കും താന്‍ ചെലവ് നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ക്കും പെരുന്നാള്‍ ദിനരാത്രങ്ങള്‍ കഴിയാനാവശ്യമായ ഭക്ഷ്യ ജീവിത സൗകര്യങ്ങള്‍ കഴിച്ചുള്ളവരൊക്കെ ഫിത്വ്ര്‍ സകാത്ത് നല്‍കണം. ഈ സകാത്തിന് വലിയ നിക്ഷേപമോ ബാലന്‍സോ ഉണ്ടാവണമെന്നില്ല. മനുഷ്യരെപ്പോലെ തന്നെ സ്വന്തം ചെലവില്‍ കഴിയുന്ന വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയുടെ ഭക്ഷണ സൗകര്യങ്ങളും കഴിച്ചാണിത്.
ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാവുന്നത് ശവ്വാല്‍ പിറവിയുടെ സമയമാണ്. അന്നേരം ദരിദ്രനായിരുന്ന ഒരാള്‍ പിന്നീട് സമ്പന്നനായാല്‍ ഫിത്വ്ര്‍ സകാത്ത് സുന്നത്തായിത്തീരും. പെരുന്നാള്‍ ദിനത്തില്‍ സാധിക്കുന്ന വലിയൊരു പുണ്യമായി അതുമാറും. പെരുന്നാള്‍ പിറവിക്കുശേഷം സകാത്ത് ലഭിച്ച് പൂര്‍വാവസ്ഥ മാറാനുള്ള സാധ്യത ഇന്നത്തെ കാലത്ത് കൂടുതലാണ്. അതിനാല്‍ മറ്റുള്ളവരില്‍ നിന്ന് ഫിത്വ്ര്‍ സകാത്ത് ലഭിച്ച് തന്റെ ഫിത്വ്ര്‍ നല്‍കാന്‍ മാത്രം ധാന്യങ്ങളുണ്ടായാല്‍ കൊടുത്ത് പുണ്യം നേടണം.
ആര്‍ക്കുവേണ്ടി, ആരു നല്‍കണം
സ്വന്തത്തേതിനു പുറമെ ചെലവിന് നല്‍കല്‍ നിര്‍ബന്ധമുള്ളവരുടെ സകാത്താണ് നല്‍കേണ്ടത്. ഇതില്‍ ആരെല്ലാം ഉള്‍പ്പെടുന്നുവെന്നു നോക്കാം. സന്തതികള്‍ എത്ര താഴ്ന്ന പടിയില്‍ പെട്ടവരായാലും അവര്‍ക്കുവേണ്ടി പിതാവും, പിതാവ് ഇല്ലാത്തപക്ഷം പിതൃവ്യന്മാരും സകാത്ത് നല്‍കണം. മാതാപിതാക്കള്‍ക്ക് വേണ്ടി, അവരെത്ര ഉയര്‍ന്ന പടിയിലുള്ളവരായാലും അവരുടെ സകാത്ത് നല്‍കേണ്ടത് മക്കളോ പേരമക്കളോ ആണ്. കാരണം അവര്‍ പരസ്പരം ചെലവിന് നല്‍കുന്ന ബാധ്യത കെട്ടുപിണഞ്ഞു കിടപ്പുണ്ട്. അതിനാല്‍ പരസ്പരം ചെലവിന് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ അവന്റെ സകാത്തും നല്‍കണം. ഇബ്നു ഉമര്‍(റ) പറഞ്ഞു: ചെലവിന് നല്‍കാന്‍ ബാധ്യതയുള്ള അടിമ, സ്വതന്ത്രര്‍, കുട്ടികള്‍, വലിയവര്‍ എന്നിവര്‍ക്കുവേണ്ടി ഫിത്വ്ര്‍ സകാത്ത് നല്‍കാന്‍ നബി(സ്വ) ഞങ്ങളോട് കല്‍പ്പിച്ചു (ബൈഹഖി).
കുടുംബ ബന്ധമാണ് ചെലവ് നല്‍കല്‍ നിര്‍ബന്ധമാകാനുള്ള അടിസ്ഥാന കാരണങ്ങളിലൊന്ന്. ഇതില്‍ സ്വയം പ്രാപ്തി കൊണ്ട്, പലര്‍ക്കും ചെലവിന് നല്‍കല്‍ നിര്‍ബന്ധമല്ലാതാകുന്നതിലുപരി സ്വയം ശേഷിക്കുറവിനാല്‍ ബാധ്യതയുണ്ടായിത്തീരുകയും ചെയ്യും. എന്നാല്‍ പൊതുവായി വിധി സകാത്ത് ബാധകമാവുന്നതിന്‍റേതാണെങ്കിലും ശരീഅത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരസ്പരം വ്യത്യസ്ത വിധികളും വരാം. പിതാവിന്റെ ഭാര്യക്ക് ചിലവിന് നല്‍കാന്‍ മക്കള്‍ ബാധ്യസ്ഥരാവും. എന്നാല്‍ നിര്‍ധനനായ മകന്റെ ഭാര്യക്ക് ചെലവ് നല്‍കലും ഫിത്വ്ര്‍ സകാത്ത് നല്‍കലും പിതാവിന് നിര്‍ബന്ധമില്ല. പക്ഷേ, മകന് ചെലവിനും സകാത്തും നല്‍കാന്‍ പിതാവ് ബാധ്യസ്ഥനാണ്. സഹോദരങ്ങള്‍, സഹോദരങ്ങളുടെ സന്തതികള്‍, പിതൃസഹോദരങ്ങള്‍, അവരുടെ സന്തതികള്‍ തുടങ്ങിയവരുടെ ഫിത്വ്ര്‍ സകാത്ത് ഒരാളുടെ ബാധ്യതയിലും വരില്ല.
ഭാര്യയുടെ ഫിത്വ്ര്‍ സകാത്ത് ഭര്‍ത്താവ് നല്‍കണം. എന്നാല്‍ പിണങ്ങിക്കഴിയുന്ന ഭാര്യക്ക് ചെലവിന് നല്‍കല്‍ നിര്‍ബന്ധമില്ലാത്തതു പോലെ ഫിത്വ്ര്‍ സകാത്തും നല്‍കേണ്ടതില്ല. പക്ഷേ, മടക്കിയെടുക്കാവുന്ന വിധം ഇദ്ദയനുഷ്ഠിക്കുന്ന ഭാര്യയുടെ സകാത്ത് നല്‍കണം.
സകാത്ത് നല്‍കുമ്പോള്‍ പരിഗണിക്കേണ്ട ക്രമം ഇതാണ്. സ്വന്തത്തിന്, ഭാര്യക്ക്, ചെറിയ കുട്ടിക്ക്, പിതാവിന്, മാതാവിന്, നിസ്വനായ വലിയ പുത്രന്‍. നബി(സ്വ) പറഞ്ഞു: ഫിത്വ്ര്‍ സകാത്ത് നിന്റെ ശരീരം കൊണ്ട് തുടങ്ങുക. ശേഷിപ്പുണ്ടെങ്കില്‍ ഭാര്യക്ക്, ശേഷിപ്പുണ്ടെങ്കില്‍ കുടുംബത്തിന് (മുസ്ലിം). ദരിദ്രന്റെ സമ്പന്നയായ ഭാര്യയുടെ മേല്‍ അവളുടെ സകാത്ത് നിര്‍ബന്ധമില്ല. എങ്കിലും അവള്‍ സ്വന്തമായി നല്‍കല്‍ സുന്നത്താണ്. ഭര്‍ത്താവില്ലാത്തവര്‍ സ്വന്തം സകാത്ത് നല്‍കണം.
എപ്പോള്‍ നല്‍കണം
ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാവുന്നത് ശവ്വാല്‍ പിറവിയോടെയാണ്. സകാത്തുല്‍ ഫിത്വ്റിനെക്കുറിച്ചുള്ള ഹദീസിലെ പരാമര്‍ശം തന്നെ റമളാനില്‍ നിന്ന് ഫിത്വ്റായതിന്റെ സകാത്ത് എന്നാണ്. റമളാന്‍ അവസാന ദിനത്തിലെ സൂര്യാസ്തമയത്തോടെയാണല്ലോ ഫിത്വ്ര്‍ പൂര്‍ണമാവുന്നത്. എന്നാല്‍ റമളാന്‍ പിറന്നതിനു ശേഷം മുതല്‍ ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ അനുവദനീയമാണ്. റമളാനിന് മുന്പേ നല്‍കാന്‍ പാടില്ല. കാരണം നോമ്പുകാരനുമായും നോമ്പുമായും സകാത്തുല്‍ ഫിത്വ്റിന്റെ ബന്ധം ശക്തമാണ്.
ശവ്വാല്‍ പിറവി മുതല്‍ നിസ്കാരത്തിന് പുറപ്പെടുന്നതു വരെയാണ് ശ്രേഷ്ഠ സമയം. പെരുന്നാള്‍ ദിനത്തില്‍ വിതരണം ചെയ്യുന്നത് അനുവദനീയമാണ്. പെരുന്നാള്‍ ദിനത്തേക്കാള്‍ പിന്തിക്കല്‍ കുറ്റകരവും ഖളാഅ് വീട്ടല്‍ നിര്‍ബന്ധവുമാണ്. ബന്ധുക്കള്‍, അയല്‍വാസികള്‍ തുടങ്ങിയവര്‍ക്ക് പരിഗണന നല്‍കല്‍ പ്രത്യേകം സുന്നത്തുമാണ്.
എന്ത്, എത്ര നല്‍കണം
നാട്ടിലെ മുഖ്യാഹാരത്തില്‍ നിന്നും ഒരു സ്വാഅ് വീതം ഓരോരുത്തര്‍ക്കുവേണ്ടിയും നല്‍കണം. ആര്‍ക്കുവേണ്ടി നല്‍കുന്നുവോ അവരുള്ളിടത്താണ് അവരുടെ പേരിലുള്ള ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ടത്. ശവ്വാല്‍ പിറക്കുന്ന സമയത്ത് ഒരാള്‍ എവിടെയാണോ അവിടത്തുകാരാണ് അയാളുടെ ഫിത്വ്ര്‍ സകാത്തിന്റെ അവകാശികള്‍. സകാത്തുല്‍ ഫിത്വ്റിനെക്കുറിച്ച് പറഞ്ഞിടത്തെല്ലാം ഭക്ഷ്യവസ്തുക്കളുടെ ഒരു സ്വാഅ് എന്ന് വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്നു. ഫിത്വ്ര്‍ സകാത്ത് ഒരു സാമ്പത്തിക ആദാനപ്രദാനം എന്ന നിലയിലല്ല ഭക്ഷ്യവസ്തുക്കൈമാറ്റം എന്ന നിലയിലാണ്. ഭക്ഷ്യവസ്തുവിന്റെ പ്രാധാന്യം പരിഗണിക്കുന്നതിനാല്‍ തന്നെ വില നല്‍കിയാല്‍ മതിയാവില്ല.
സ്വാഅ് ഒരു അളവ് പാത്രമാണ്. തൂക്കത്തിലുള്ള അളവല്ല. നാലു മുദ്ദുകള്‍ അടങ്ങുന്ന പാത്രമാണത്. ഒരു മുദ്ദ് നാം കണക്കാക്കി വരുന്നതിനനുസരിച്ച് 800 മി.ലിറ്ററാണ്. ഇതുപ്രകാരം ഒരു സ്വാഅ് 3.200 മി.ലിറ്ററും. ഈ അളവുള്ള അരിയുടെ തൂക്കം വ്യത്യാസപ്പെടാം. സ്വാഅ് തൂക്കമല്ലാത്തതിനാല്‍ ഒരു നിശ്ചിത തൂക്കം സ്വാഇന്റെ അളവായി കൃത്യമായി പറയാന്‍ കഴിയില്ല. ഒരു ലിറ്റര്‍ അരി ശരാശരി 7.50 മി.ലി വരും. അപ്പോള്‍ ഒരു സ്വാഅ് 2 കിലോ 400 ഗ്രാം തൂക്കമായിരിക്കും. തൂക്കിനല്‍കി അളവ് തികഞ്ഞില്ലെങ്കില്‍ ഉത്തരവാദിത്തം നമുക്കായിരിക്കുമെന്നോര്‍ക്കുക. ഒരു സ്വാഇല്‍ അല്‍പവും കുറയാതെ സകാത്ത് നല്‍കണം.
കൊടുത്തുവീട്ടുക
സകാത്ത് കിട്ടേണ്ടവര്‍ ആരാണോ അവര്‍ക്കത് നഷ്ടമൊന്നുമില്ലാതെ കിട്ടണം. അതുറപ്പുവരുത്തേണ്ടത് നിര്‍ബന്ധമുള്ളവന്റെ കര്‍ത്തവ്യമാണ്. എങ്ങനെയെങ്കിലും നിശ്ചിതവിഹിതം കൈമാറ്റം ചെയ്യപ്പെട്ടാല്‍ മതിയാകില്ല. റിലീഫ് പ്രവര്‍ത്തനത്തിലൂടെ ബിദഈവല്‍ക്കരണവും മറ്റും ലക്ഷ്യമിട്ട് ചില സംഘടനകള്‍ സകാത്ത് ഫണ്ട് സംഘടിപ്പിക്കുന്ന പ്രവണത ഇന്ന് വര്‍ധിച്ചിട്ടുണ്ട്. സമ്പത്തിന്റെ സകാത്തായാലും ഫിത്വ്ര്‍ സകാത്തായാലും ഫണ്ടിനോ കമ്മിറ്റിക്കോ ഏല്‍പിക്കുന്നതിന് അനുമതി നല്‍കുന്ന ഒരു നിയമവും ഇസ്ലാമിലില്ല. അത്തരം കമ്മിറ്റികളെ ഏല്‍പ്പിച്ച് സകാത്ത് വീട്ടി എന്ന് നിനച്ചിരിക്കുന്നത് അപകടമാണ്. നമുക്കു ചുറ്റും അര്‍ഹരുണ്ടായിരിക്കെ, അവര്‍ക്ക് നേരിട്ടോ പ്രതിനിധി വഴിയോ എത്തിക്കാന്‍ നമുക്ക് സാധിക്കുമെന്നിരിക്കെ വഴിമാറാന്‍ സാധ്യതയുള്ളതും അനുവാദമില്ലാത്തതുമായ മാര്‍ഗം നാമെന്തിനവലംബിക്കണം?
ശരീഅത്ത് അനുവദിച്ചിട്ടുള്ള വക്കാലത്തിന്റെ നിബന്ധനകള്‍ പാലിച്ച് വിശ്വസ്തരായ വ്യക്തികളെ ഏല്‍പ്പക്കാവുന്നതാണ്. അതു നിബന്ധനകള്‍ പാലിക്കപ്പെട്ടുകൊണ്ട് തന്നെയാവണം. കമ്മിറ്റിയിലും ഫണ്ടിലും വക്കാലത്തിന്റെ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ല എന്ന് വ്യക്തമാണ്. സകാത്ത് വാങ്ങാനും സംഭരിക്കാനും അനുവാദമുള്ള ഖലീഫക്ക് തന്നെയും ചില നിബന്ധനകള്‍ പാലിക്കല്‍ അനിവാര്യമാണ്. ചില കമ്മിറ്റികള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം പരിഗണിച്ച് ഭക്ഷ്യവസ്തുക്കള്‍ക്ക് പകരം പണം പിരിക്കുന്നത് കാണാം. ഗുരുതരമായ ഇത്തരം അബദ്ധങ്ങള്‍ ചെയ്ത് സകാത്ത് നഷ്ടപ്പെടുത്തുന്നത് നന്നായി ശ്രദ്ധിച്ചേതീരൂ.
നല്‍കുമ്പോള്‍
സമ്പത്തിന്റെ സകാത്തിന്റെ അവകാശികള്‍ തന്നെയാണ് ഫിത്വ്ര്‍ സകാത്തിന്റെയും അവകാശികള്‍. ഫിത്വ്ര്‍ വാങ്ങിയവന്‍ തന്നെ ചിലപ്പോള്‍ കൊടുക്കാന്‍ ബാധ്യസ്ഥനോ കൊടുക്കല്‍ പുണ്യമുള്ളവനോ ആയിത്തീരും. അവകാശികള്‍ക്ക് നേരിട്ടോ വക്കീല്‍ (പ്രതിനിധി) മുഖേനയോ നിശ്ചിത സമയത്തുതന്നെ ഫിത്വ്ര്‍ സകാത്ത് ഭക്ഷ്യവസ്തുവായി എത്തിക്കണം.
സകാത്ത് നിര്‍ബന്ധ കര്‍മമായതിനാല്‍ അതു വീട്ടുന്നതിന് നിയ്യത്ത് നിര്‍ബന്ധമാണ്. എന്റെയും ആശ്രിതരുടെയും ഫിത്വര്‍ സകാത്ത് ഞാന്‍ നല്‍കുന്നു എന്നു കരുതിയാല്‍ മതി. നല്‍കുമ്പോള്‍ റബ്ബനാ തഖബ്ബല്‍ മിന്നാ ഇന്നക അന്‍തസ്സമീഉല്‍ അലീം (നാഥാ ഞങ്ങളില്‍ നിന്നും സ്വീകരിക്കേണമേ, നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണല്ലോ) എന്നു പറയല്‍ സുന്നത്താണ്. സ്വീകരിക്കുന്നവന്‍ ആജറകല്ലാഹു ഫീമാ അഅ്ത്വയ്ത വജഅലഹു ലക ത്വഹൂറന്‍, വബാറക ലക ഫീമാ അബ്ഖയ്ത (നീ നല്‍കിയതില്‍ അല്ലാഹു നിനക്ക് പ്രതിഫലം നല്‍കട്ടെ, അതു നിനക്ക് ശുദ്ധീകരണ കാര്യവുമാകട്ടെ, നീ ബാക്കി വെച്ചതില്‍ അല്ലാഹു നിനക്ക് ബറകത്തു ചെയ്യട്ടെ) എന്നു പറയലും സുന്നത്താണ്.

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ