പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കപട ദേശീയതയെ സഹായിക്കുന്നതിൽ ഫേസ്ബുകിനുള്ള നിർണായക പങ്കിനെക്കുറിച്ച് ‘ദി വാൾസ്ട്രീറ്റ് ജേർണൽ’ ആഗസ്റ്റ് 14-ന് വെളിപ്പെടുത്തുകയുണ്ടായി. വ്യാജവാർത്തകൾ, ഭീഷണികൾ, വർഗീയ പ്രചാരണങ്ങൾ തുടങ്ങിയവ എങ്ങനെ ഫേസ്ബുകിൽ അഭിവൃദ്ധിപ്പെടുന്നുവെന്ന വളരെ അനിവാര്യമായ ചർച്ചകൾക്ക് പ്രാരംഭം കുറിക്കാൻ അതു കാരണമായി. ഈ വിദ്വേഷ പ്രചാരണങ്ങളിൽ ഇന്ത്യയിലെ ഫേസ്ബുക് പബ്ലിക് പോളിസി ഡയറക്ടർ അങ്കിദാസിന്റെ പങ്കും അതുപോലെ വിദ്വേഷ പ്രചാരണങ്ങൾ പടച്ചുവിടുന്ന ടി. രാജാസിങിന്റെ പേജ് എടുത്തുമാറ്റാൻ വിസമ്മതിച്ചതും ഈ റിപ്പോർട്ട് സമഗ്രമായി പരിശോധിക്കുന്നുണ്ട്. ബി.ജെ.പിക്കാരനായ രാജാസിങ് ഫേസ്ബുകിലൂടെ കുടിയേറ്റക്കാരായ റോഹിംഗ്യൻ മുസ്‌ലിംകളെ വെടിവെച്ചു കൊല്ലാൻ ആഹ്വാനം നടത്തുകയും രാജ്യദ്രോഹികളെന്ന് മുദ്രകുത്തി മുസ്‌ലിംകളുടെ പള്ളികൾ തകർക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
മോദിയുടെ പാർട്ടിയിലെ രാഷ്ട്രീയക്കാരുടെ നിയമ ലംഘനങ്ങൾക്ക് ശിക്ഷ നൽകുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കുമെന്ന് ദാസ് പറയുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ദാസിന്റെ മുസ്‌ലിം വിരുദ്ധ മനോഭാവങ്ങളാണ് ഈ റിപ്പോർട്ട് വെളിച്ചെത്തു കൊണ്ടുവരുന്നത്. ഇന്ത്യൻ മുസ്‌ലിംകൾ പരമ്പരാഗതമായി അധ:പതിച്ച സമൂഹമാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ് ദാസ് ഫേസ്ബുകിൽ ഷെയർ ചെയ്തത് മുസ്‌ലിം വിരുദ്ധ മനോഭാവം പരസ്യമാക്കുകയും ചെയ്യുന്നതാണ്.
വിദേശ മാധ്യമത്തിന്റെ ഈ വെളിപ്പെടുത്തൽ ഫേസ്ബുകിനെ സംബന്ധിച്ചിടത്തോളം അതിഭയാനകമാണ്. എങ്കിലും പല ഉപയോക്താക്കളും ഇതൊന്നും ആശ്ചര്യകരമായ ഒന്നായി കാണുന്നില്ല. മോദിയുടെ 2014-ലെ വിജയത്തിലേക്ക് നയിച്ചതു തന്നെ വ്യാജവാർത്തകളും ഇന്ത്യയിലെ 200 ദശലക്ഷം മുസ്‌ലിംകളെ ആക്രമിക്കുന്ന പ്രചാരണങ്ങളുമായിരുന്നു.
2013-ൽ ‘ടെഹൽക’ മാസികയിൽ ഞാൻ ഒരു കവർ സ്റ്റോറി എഴുതി. ‘മോദീസ് ഓപ്പറെന്റി’ (മോദിയുടെ പ്രവർത്തനരീതി) എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ആ ലേഖനം ഹിന്ദു തീവ്രദേശീയവാദികളെയും അവരുടെ ഭിന്നിപ്പിക്കൽ നയങ്ങളെയും ശാക്തീകരിക്കുന്നതിൽ ഫേസ്ബുക് നയനിർമാതാക്കൾക്കും ഉടമകൾക്കുമുള്ള പങ്ക് തുറന്നുകാട്ടുന്നതായിരുന്നു.
വർഷങ്ങളായി, കപിൽ മിശ്രയെ പോലെയുള്ള മുതിർന്ന ബിജെപി നേതാക്കളുടെ ഫേസ്ബുക് പേജുകളിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണങ്ങളും വർഗീയ പ്രസ്താവനകളും നിരന്തരമായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ ദില്ലിയിലെ മുസ്‌ലിം വിരുദ്ധ കലാപം പോലെയുള്ള മാരക ആക്രമണങ്ങളിലേക്ക് തള്ളിവിടുന്നുവെന്നതും വസ്തുതയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയുടെ തലസ്ഥാനം കണ്ട ഹീനമായ സാമുദായിക ലഹളയിൽ നിരവധി പേരുടെ ജീവനുകളാണ് നഷ്ടമായത്.
ഇൻസ്റ്റഗ്രാമിൽ തീവ്രദേശീയ പോസ്റ്റുകളാൽ കുപ്രസിദ്ധിയാർജിച്ച 3.4 ദശലക്ഷം ഫോളോവേഴ്‌സുള്ള ‘ഹിന്ദുസ്ഥാനി ഭാവു ‘എന്ന അക്കൗണ്ടിൽ ഹിന്ദു വിശ്വാസത്തെ നിരാകരിക്കുന്നവരെ പാഠം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വീഡിയോ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ വീഡിയോയിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് വ്യക്തമായ ആഹ്വാനം നൽകുകയാണ് ചെയ്യുന്നത്. പ്രമുഖ വ്യക്തികളുടെ പ്രതികരണങ്ങൾക്കും ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ പ്രസിദ്ധികരിച്ച റിപ്പോർട്ടിനും ശേഷം ഈ ഇൻസ്റ്റഗ്രാം പേജ് താൽകാലികമായി നിർത്തിവെച്ചുവെങ്കിലും സമാന ആശയങ്ങൾ പ്രചരിപ്പിക്കുന്ന അനേകായിരം അക്കൗണ്ടുകൾ സമീപകാലത്തായി അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു.
നൂറുകണക്കിന് ഫേസ്ബുക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ എനിക്കെതിരെ പോസ്റ്റ് ചെയ്ത ഗ്രാഫിക് ബലാത്സംഗത്തിനും വധഭീഷണിക്കുമെതിരെ ഏതാനും ആഴ്ചകൾക്കു മുമ്പ് ഞാൻ മുംബൈ പോലീസിൽ പരാതി നൽകുകയുണ്ടായി. പക്ഷേ, ഇപ്പോഴും ആ പോസ്റ്റുകൾ പിൻവലിക്കാതെ പ്രചരിച്ചുകൊണ്ടിരിക്കുന്നു. 2018-ൽ മോദീ ഭരണകൂടത്തെ വിമർശിച്ചതിന്, ഹിന്ദു തീവ്രദേശീയവാദികളുടെ നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ സൈന്യം എന്റെ മുഖമുൾപ്പെടുത്തി ഒരു വ്യാജ അശ്ലീല വീഡിയോ സൃഷ്ടിക്കുകയുണ്ടായി. ആ വീഡിയോ ഇപ്പോഴും ഫേസ്ബുകിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു.
വിദ്വേഷ പ്രചാരണം നടത്തുന്നവരെ ഉത്തരവാദിത്വത്തോടെ നിലക്കുനിർത്താൻ ഫേസ്ബുകിന് ഉദ്ദേശ്യമില്ലെന്നും ഉപഭോക്താക്കളുടെ സുരക്ഷ ഒരു വിഷയമേയല്ലെന്നും ഈ സംഭവങ്ങളിൽ നിന്നെല്ലാം വ്യക്തമാണ്. മോദി അധികാരത്തിലെത്തി രണ്ടു മാസമാകുന്നതിനു മുമ്പ് 2014 ജൂലൈയിൽ, ഫേസ്ബുക് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ഷെറിൽസാൻഡ്‌ബെർഗും ദാസും മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയെ സാൻബർഗ് ‘ലേൺ ഇൻ’ എന്ന പുസ്തകത്തിലും ഒരു ടെലിവിഷൻ അഭിമുഖത്തിലും സ്ത്രീ വിമോചകനെന്നാണ് പരിചയപ്പെടുത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി നേതാക്കൾ തന്നെ സ്ത്രീകളെ ദുരുപയോഗം ചെയ്യാനും സ്ത്രീ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യാനും സാൻബർഗിന്റെ വേദി തന്നെ ഉപയോപ്പെടുത്തുന്നുവെന്നത് നഗ്നസത്യമാണ്.
തൊട്ടടുത്ത വർഷം മോദി സിലിക്കൺ വാലി സന്ദർശിച്ച വേളയിൽ, ഫേസ്ബുക് മേധാവി സുക്കർബർഗ് അദ്ദേഹവുമായി ഒരു ടൗൺഹാൾ മീറ്റിംഗ് നടത്തിയെങ്കിലും മോദിയുടെ പാർട്ടിയും അനുയായികളും ഫേസ്ബുകിൽ നടത്തുന്ന വ്യാജ പ്രചാരങ്ങളെക്കുറിച്ചോ വിദ്വേഷ പ്രസ്താവനകളെക്കുറിച്ചോ അല്ലെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരസ്യലംഘനമായ കാശ്മീരിലെ ഇന്റർനെറ്റ് വിച്ഛേദനത്തെ കുറിച്ചോ ഒരു പരാമർശം പോലും ഉയർന്നില്ല.
മോഡിക്ക് ഭരണത്തുടർച്ചക്കുള്ള എല്ലാ അവസരങ്ങളും ഫേസ്ബുക് ഒരുക്കി കൊടുത്തിട്ടുണ്ടെന്നത് വ്യക്തം. ആത്മാർത്ഥമായി സംവദിക്കാനും പ്രതികാര മനോഭാവങ്ങൾ ഒഴിവാക്കാനും അജ്ഞതയുടെ അവസ്ഥകളെക്കുറിച്ച് സംസാരിക്കാനും താൽപര്യപ്പെടുന്ന ഒരു ഫേസ്ബുക് എക്‌സിക്യൂട്ടീവ് ഈയിടെ എന്നോട് പറഞ്ഞതിങ്ങനെ: 2017-ൽ തീവ്രവലതുപക്ഷ ചിന്താഗതിക്കാരിൽ നിന്നുള്ള നിയമ വിദഗ്ധരെയും മുൻ മാധ്യമ പ്രവർത്തകരെയുമാണ് ഫേസ്ബുകിൽ നിയമിച്ചിരുന്നത്. ‘ഡൊണാൾഡ് ട്രംപിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ആഗോള നേതാവ് പട്ടം ചമയുന്ന മോദിയുടെ പ്രതിച്ഛായ ഉയർത്തൽ ഫേസ്ബുകിന് അനിവാര്യമാണെന്ന കാര്യത്തിൽ അർത്ഥശങ്കക്കിടമില്ല.’ ദില്ലി ആസ്ഥാനത്തുള്ള അവരുടെ എക്‌സിക്യൂട്ടീവിന്റെ കുമ്പസാരമാണിത്.
ചൈന ഫേസ്ബുക് നിരോധിച്ചതു മുതൽ 290 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യയെയാണ് പ്രധാന വിപണിയായി ഫേസ്ബുക് പരിഗണിക്കുന്നത്. ഒരു വലിയ മാർക്കറ്റ് ഷെയറിനായുള്ള നെട്ടോട്ടത്തിൽ, രാഷ്ട്രീയ നേട്ടങ്ങൾക്കായി വ്യാജ വർഗീയ പ്രചാരണങ്ങൾ നടത്തുന്നതിന് സ്വേച്ഛാധിപതികളായ നേതാക്കളെ സഹായിക്കുന്നതിൽ ഫേസ്ബുകിന് ഒരു കുറ്റബോധവുമില്ല.
സോഷ്യൽ മീഡിയ കമ്പനി ഇന്ത്യൻ ടെലികോം മേഖലയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നതിനാൽ ഇന്ത്യയിൽ നാനൂറ് ദശലക്ഷം ആളുകൾ ഉപയോഗിക്കുന്ന വാട്‌സാപ്പ് ഇത്തരം കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നുണ്ടെന്ന കള്ളവാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ നൂറിലധികം അംഗങ്ങളുൾപ്പെട്ട വാട്‌സാപ്പ് ചാറ്റിലാണ് ഫെബ്രുവരിയിലെ മുസ്‌ലിം വിരുദ്ധ കലാപം ആസൂത്രണം ചെയ്യപ്പെട്ടതെന്നതിന് തെളിവുകളേറയുണ്ട്. കലാപത്തിൽ ഹിന്ദു തീവ്രവാദികൾ മുസ്‌ലിംകളെ ചുട്ടുകൊല്ലുകയും മൃതദേഹങ്ങൾ അഴുക്കു ചാലുകളിൽ എറിയുകയും ചെയ്തിരുന്നു.
ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനുള്ള വേദികൾ നമ്മുടെ സിലിക്കൺവാലീ നേതാക്കൾ നിയന്ത്രണങ്ങളേതുമില്ലാതെ ഒരുക്കി കൊടുക്കുകയാണെന്ന് തോന്നുന്നു. ഒരു കാലത്ത് ആശയങ്ങളും അഭിപ്രായങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരുന്നൊരു പ്ലാറ്റ്‌ഫോം ഇപ്പോൾ ഫാസിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഉപകരണമായി മാറിയിരിക്കുന്നു. ഇന്ത്യയിൽ, മറ്റു പലയിടങ്ങളിലേതുപോലെ തന്നെ, ഫേസ്ബുക് പാർശ്വവൽക്കരിക്കപ്പെട്ടവരാൽ അഭിവൃദ്ധി പ്രാപിക്കുകയാണെന്ന സത്യം ജനങ്ങൾ വിസ്മരിച്ചുകൂടാ.
(കടപ്പാട്: റാണാ അയ്യൂബ്-ദി വാഷിംഗ്ടൺ പോസ്റ്റ്)
വിവ: മുനീഫ് സി പാലൂർ