കഴിഞ്ഞ ഒരു ദിവസം കോളേജിലെത്താന്‍ ഏറെ വൈകി. കോടമ്പുഴ ദാറുല്‍ മആരിഫിലെത്തുമ്പോള്‍ സമയം രാത്രി പന്ത്രണ്ടര. റൂമിലെത്തിയയുടന്‍ കിടന്നുറങ്ങണമെന്നു മാത്രമായിരുന്നു ചിന്ത. യാത്രാക്ഷീണത്തിന്‍റെ പ്രലോഭനം. ഗേറ്റ് കടന്നുചെന്നപ്പോള്‍ പള്ളിയോട് ചേര്‍ന്ന ചെറിയ കെട്ടിടത്തില്‍ ലൈറ്റണഞ്ഞിട്ടില്ല. സമസ്ത കേന്ദ്ര മുശാവറ അംഗമായ ബഹു. കോടമ്പുഴ ബാവ ഉസ്താദ് ഗ്രന്ഥരചനയില്‍ മുഴുകിയിരിക്കുകയാണ്. തൈസീറുല്‍ ജലാലൈനിയുടെ പതിമൂന്നാം വാള്യം പൂര്‍ത്തീകരിക്കാനുള്ള തിടുക്കത്തിലാണ് പാതിരാ പിന്നിട്ടിട്ടും അദ്ദേഹം രചന തുടരുന്നത്. മാസങ്ങളുടെ അകലത്തില്‍ രണ്ട് ഓപ്പറേഷനുകളാണ് മെലിഞ്ഞ ആ ശരീരത്തില്‍ നടന്നത്. കൂട്ടിന് വാര്‍ധക്യ സഹജമായ പലവിധ രോഗങ്ങള്‍ വേറെയും. കോളേജിലെ കൗമാര-യൗവനങ്ങളെല്ലാം മഴത്തണുപ്പില്‍ ശയ്യ പുല്‍കിയിട്ടും 73-ാം വയസ്സില്‍ നിദ്രാവിഹീനനായി 95-ാം ഗ്രന്ഥരചനയിലൂടെ വിദ്യക്ക് കാവലിരിക്കുന്ന മഹാമനീഷിയെ കണ്ടപ്പോള്‍ സ്വന്തത്തെക്കുറിച്ചോര്‍ത്ത് ജാള്യം തോന്നി.
യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് പ്രായമായിരിക്കുന്നത്. ആരാണ് ചെറുപ്പക്കാര്‍? ജരാനര ബാധിച്ചാല്‍ നമ്മള്‍ എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ഫേസ് എന്ന റഷ്യന്‍ നിര്‍മിത ആപ്പ് പ്രചരിക്കുന്ന സമയമാണല്ലോ. ഹോളിവുഡ്, ബോളിവുഡ്, മോളിവുഡ് താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇതുപയോഗിച്ച് സ്വന്തം വാര്‍ധക്യം മുന്‍കൂട്ടി കണ്ടുകൊണ്ടിരിക്കുന്നു, ചലഞ്ച് മറ്റുള്ളവര്‍ക്ക് കൈമാറുന്നു. നിര്‍മിത ബുദ്ധിയുടെ സഹായത്താല്‍ വ്യക്തികളെ വയസ്സന്മാരാക്കുകയാണ് ആപ്പ് ചെയ്യുന്നത്. ശരീരത്തിന്‍റെ പ്രായമാണോ മനസ്സിന്‍റേതാണോ സത്യത്തില്‍ വാര്‍ധക്യം! മനസ്സിനൊപ്പം ശരീരത്തിന് കുതിക്കാനാവാത്ത അവസ്ഥയിലെത്തിയവരെ മാത്രമേ വൃദ്ധരെന്ന് വിളിക്കാവൂ എന്നാണ് ഒരുപക്ഷം.
മനസ്സുകൊണ്ട് എന്നും ചെറുപ്പമായി നില്‍ക്കുന്ന വലിയൊരു എഴുത്തുകാരന്‍ തന്നെയാണ് ഉസ്താദ്. അദ്ദേഹത്തിന്‍റെ എഴുത്തിനോ ചിന്തകള്‍ക്കോ എപ്പോഴെങ്കിലും ചെറുപ്പം നഷ്ടപ്പെട്ടതായി തോന്നില്ല. ഊര്‍ജസ്വലനായ ഉസ്താദിന്‍റെ പ്രായക്കുറവിനെ കുറിച്ച്, അലസരായ നമ്മുടെ പ്രായക്കൂടുതലിനെ കുറിച്ചും ആലോചന വേണ്ടത് ഫേസ് ആപ്പിലല്ല, ആപ്പിനു പുറത്തെ യഥാര്‍ത്ഥ ലോകത്താണ്.
നന്നായി വായിക്കുകയും നിരന്തരം എഴുതുകയും ഇടപെടുകയും കാലത്തിനൊപ്പം കുതിക്കുകയും ചെയ്യുന്ന അപൂര്‍വം പ്രതിഭകള്‍ നമുക്കിടയിലുണ്ട്. അവരുടെയൊന്നും മനസ്സിന് പ്രായമായിട്ടില്ല-മുടിയില്‍ നരയും തൊലിയില്‍ ചുളിവും വീണിട്ടുണ്ടാകാമെങ്കിലും. അതുകൊണ്ടു തന്നെയാണ് അവര്‍ ക്രിയാത്മകമായി ചിന്തിക്കുകയും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. അവര്‍ക്കെല്ലാം ജീവിതത്തിന് ചില ലക്ഷ്യങ്ങളുണ്ട്. അത് സാക്ഷാല്‍കരിക്കുന്നതിനു വേണ്ടിയാണ് അവര്‍ ജീവിക്കുന്നത്. ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി എപി ഉസ്താദിനെ പോലുള്ളവര്‍ ഊര്‍ജസ്വലതകൊണ്ട് നിത്യഹരിത യുവാവായി നിലകൊള്ളുന്നത് അനുഭവമാണ്.
ഒരു ചെറുപ്പക്കാരന്‍റെ ചുറുക്കും ശുഭാപ്തി വിശ്വാസവും അത്തരക്കാരുടെ വാക്കുകളില്‍, നീക്കങ്ങളില്‍ പ്രകടമാകും. ഓരോ ലക്ഷ്യവും സാക്ഷാല്‍കൃതമാകുമ്പോള്‍ അടുത്തതിലേക്ക് അവര്‍ ചുവടു വച്ചിരിക്കും. പുതിയ കാര്യങ്ങള്‍ നിരീക്ഷിക്കാനും പഠിക്കാനും അവര്‍ ഉത്സാഹം കാണിക്കുകയും ചെയ്യും. ചിട്ടയായ ഭക്ഷണവും സമയബന്ധിതമായ ഉറക്കവും പഠനവും ഇവരുടെ മുഖമുദ്രയായിരിക്കും. ഇതില്‍ എപ്പോഴെങ്കിലും അവര്‍ ഇളവു ചെയ്യുന്നുണ്ടെങ്കില്‍ തന്നെ അത് ആ ലക്ഷ്യസാധ്യത്തിന്‍റെ പ്രാധാന്യം കുറിക്കുന്നതാണ്.
പ്രായമെന്നത് മാനസികമായൊരവസ്ഥയാണ്. വാര്‍ധക്യത്തില്‍ ജീവിക്കുന്ന 30 കാരനെയും യുവാവായി കഴിയുന്ന 65 കാരനെയും സമൂഹത്തില്‍ കാണാനാവും. എഴുപതും എഴുപത്തിയഞ്ചും പിന്നിട്ടിട്ടും പുത്തന്‍ ബിസിനസുകള്‍ ആരംഭിച്ച് ലാഭം കൊയ്യുന്ന വ്യവസായ പ്രമുഖരും പുതിയ കോഴ്സുകള്‍ക്ക് പ്രായം പ്രതിബന്ധമാക്കാതെ ചേര്‍ന്ന് നല്ല നിലയില്‍ വിജയിക്കുന്നവരും വാര്‍ത്തയാകാറുണ്ടല്ലോ. 90 കഴിഞ്ഞിട്ടും മന്ത്രിക്കസേര മോഹിക്കുന്ന രാഷ്ട്രീയ നേതാക്കളെ വൃദ്ധരെന്ന് വിളിക്കാമോ? കലണ്ടര്‍ പ്രകാരമുള്ള വയസ്സിനെ മനസ്സിന്‍റെ ചെറുപ്പം കൊണ്ട് അതിജീവിച്ചവരാണിവരെല്ലാം. യുവത്വം കര്‍മോത്സുകതയും വാര്‍ധക്യം നിഷ്ക്രിയത്വവുമാണെന്ന പൊതുധാരണയെ തിരുത്തിക്കുറിക്കുകയാണിവര്‍. പ്രായം കൂടുംതോറും ഏറിവരുന്ന അനുഭവ സമ്പത്തിനെ സ്വന്തം ജീവിതത്തിനും സമൂഹത്തിനും മുതല്‍ക്കൂട്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജോലിക്കാലത്ത് ഉന്നത സ്ഥാനങ്ങളില്‍ സജീവമായി ഇടപെട്ടതിനു ശേഷം വെറുതെ വീട്ടിലിരുന്ന് തുരുമ്പെടുക്കുന്ന പ്രതിഭകളോട് ഇവര്‍ക്ക് സഹതാപം മാത്രമാണുണ്ടാവുക.
പ്രായമേറുമ്പോള്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള കഴിവ് ഇല്ലാതാകുമെന്ന ധാരണ പൂര്‍ണമായി ശരിയല്ല. വാര്‍ധക്യസഹജമായ ശേഷിക്കുറവ് അവയവങ്ങളുടെ കാര്യത്തില്‍ മാത്രമാണുണ്ടാവുക. മനസ്സിന്‍റെ തീരുമാനമാണ് പ്രധാനം. വേണമെന്ന് മനസ്സ് തീരുമാനിച്ചാല്‍ ശരീരം അതിന് വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുക.
ഉത്സാഹവും ഊര്‍ജസ്വലതയും നിറഞ്ഞ ജീവിതചര്യകള്‍ കൊണ്ട് വാര്‍ധക്യത്തിന് മുന്നില്‍ ചിറകെട്ടുമ്പോഴാണ് യുവത്വം നിലനില്‍ക്കുന്ന വാര്‍ധക്യം സംജാതമാവുക. പത്രം വായിച്ചുകൊണ്ടിരിക്കെ പാറി വീണ പേജ് എടുത്തുതരാന്‍ വേണ്ടി അകലെയുള്ള ഭാര്യയെയോ മക്കളെയോ ഒരാള്‍ വിളിച്ചുവരുത്തുന്നുവെങ്കില്‍ അയാളുടെ മനസ്സിനെയും പ്രായം ആക്രമിച്ചുകഴിഞ്ഞുവെന്നു വിലയിരുത്താം. പ്രത്യുത, സ്വയം എഴുന്നേറ്റ് ചെന്ന് അതെടുക്കാന്‍ തീരുമാനിച്ചാല്‍ ജീവിതം സുഖമമായി മുന്നോട്ടു ചുവടുവെക്കുകയാണെന്നാണര്‍ത്ഥം.
ആപ്പിലെ ചതി
ഫേസ് ആപ്പിനു പിന്നില്‍ ചില ചതിക്കുഴികള്‍ മറഞ്ഞിരിക്കുന്നുവെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. യൂസര്‍മാരുടെ അനുവാദമില്ലാതെ തന്നെ ഫേസ് ആപ്പ് ചിത്രങ്ങള്‍ സ്വന്തം സെര്‍വറുകളിലേക്ക് മാറ്റാന്‍ ആപ്പ് ഡവലപ്പര്‍ക്ക്/ റഷ്യന്‍ ഏജന്‍സിക്ക് സാധിക്കുമെന്നാണ് പ്രധാന ആരോപണം. വെറും ചിത്രങ്ങളല്ല, ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ കൂടിയാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നതെന്നും ആരോപണമുണ്ട്. ഇത്തരത്തില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ ദുരുപയോഗിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ കമ്പനി ജീവനക്കാര്‍ക്ക് ഈ ചിത്രങ്ങളും വിവരങ്ങളും പരിധികളില്ലാതെ ഉപയോഗിക്കാന്‍ കൂടി സമ്മതം നല്‍കുകയാണ് ഡൗണ്‍ലോഡ് സമയത്തെ കണ്ടീഷന്‍സ് ആന്‍റ് റഗുലേഷന്‍സ് വായിച്ചുനോക്കാതെ ഓകെ അടിച്ചതിലൂടെ ഉപയോക്താക്കളെല്ലാം. ഫേസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ ഗ്യാലറികളിലെ ഫോട്ടോകള്‍ ഉപയോഗിക്കാന്‍ കമ്പനിക്കു സാധിക്കുമെന്ന ആരോപണം സ്വകാര്യത സംബന്ധിച്ച് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നതാണ്.
ഏതായാലും ശരീരത്തിന്‍റെ അവസ്ഥ മാത്രമേ ഈ ആപ്പിന് കാണിച്ചുതരാന്‍ കഴിയൂ. മാനസിക വാര്‍ധക്യം ആര്‍ക്കും കൃത്യമായി മനസ്സിലാക്കാനാകില്ല. പ്രായമാകുമ്പോഴും യൗവനയുക്തമായൊരു മനസ്സുണ്ടാകുന്നത് വലിയൊരനുഗ്രഹം തന്നെയാണ്.
യൗവന കാലത്തിരുന്ന് വാര്‍ധക്യം ആസ്വദിക്കുന്നത് കൗതുകമുള്ള കാര്യം തന്നെയാണ്. കാരണം പ്രായമാവുക എന്നത് പൊതുവെ ആരും ഇഷ്ടപ്പെടാത്തതാണല്ലോ. അതുകൊണ്ടാണ് പ്രായം മറച്ചുവെക്കാന്‍ കുറുക്കുവഴികള്‍ പലരും പ്രയോഗിക്കുന്നത്. വാഷിംങ്ടണിലെ പ്രശസ്ത സാമൂഹ്യ ഗവേഷണസ്ഥാപനമായ പിഇഡബ്ല്യൂ റിസര്‍ച്ച് സെന്‍റര്‍ വിവിധ പ്രായക്കാര്‍ക്കിടയില്‍ ഒരു സര്‍വേ നടത്തുകയുണ്ടായി. വാര്‍ധക്യം എത്രാമത്തെ വയസ്സില്‍ ആരംഭിക്കുന്നുവെന്നതായിരുന്നു പഠന വിഷയം. 18-29 വയസ്സുള്ളവരുടെ അഭിപ്രായത്തില്‍ വാര്‍ധക്യം ആരംഭിക്കുന്നത് 60 വയസ്സ് മുതലാണ്. 70 വയസ്സ് മുതലെന്നായിരുന്നു മധ്യവയസ്കരുടെ മറുപടി. 65 പിന്നിട്ടവര്‍ നല്‍കിയ മറുപടി 74 വയസ്സ് മുതലാണ് ആളുകള്‍ വയസ്സന്മാരാകുന്നത് എന്നായിരുന്നു. വാര്‍ധക്യത്തെ അകലേക്കു തള്ളാനാണ് ആളുകളുടെ ത്വരയെന്ന് ഈ പഠനം കാണിക്കുന്നു. പക്ഷേ ഒരു ആപ്പ് വന്നതോടെ ചെറുപ്പക്കാര്‍ സ്വയം വൃദ്ധരാകുന്നത് ആസ്വദിക്കുന്നുവെന്നത് എത്ര അതിശയകരമല്ല! വ്യക്തികളുടെ ശാരീരിക-മാനസിക സ്ഥിതിയനുസരിച്ച് യഥാര്‍ത്ഥ വയസ്സും മാനസിക വയസ്സും വ്യത്യസ്തമായിരിക്കുമെന്നു തന്നെയാണ് പരമാര്‍ത്ഥം. വാര്‍ധക്യത്തിലും വസന്തം വിരിയിക്കുന്നവരും ആലസ്യത്തിലേക്ക് ചുരുണ്ട് കൂടുന്നവരും സമൂഹത്തിലുണ്ടെന്ന് ചുരുക്കം.
വിശ്വാസിക്ക് ചെയ്യാനുള്ളത്
വാര്‍ധക്യം ഒരു യാഥാര്‍ത്ഥ്യമാണെന്നും അത് മാനസികവും ശാരീരികവുമായി പലവിധത്തിലുള്ള മാറ്റങ്ങള്‍ക്കും കാരണമാകുമെന്നും നാം തിരിച്ചറിയണം. ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ മാറ്റിവെക്കാതെ നിര്‍വഹിക്കുമ്പോഴാണ് യൗവന കാലത്തെ പച്ചപ്പ് വാര്‍ധക്യത്തിലും നമുക്ക് അനുഭവിക്കാനാവുകയുള്ളൂ. അതു മൂലം വാര്‍ധക്യവും സന്തോഷകരമാകും.
ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനമുള്ള ഹദീസില്‍ തിരുനബി(സ്വ) നടത്തുന്ന പ്രസ്താവന ശ്രദ്ധേയം: അഞ്ചു കാര്യങ്ങള്‍ക്ക് മുമ്പ് അഞ്ചു കാര്യങ്ങള്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തുക. വാര്‍ധക്യത്തിന് മുമ്പ് യുവത്വം, രോഗത്തിന് മുമ്പ് ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പ് സമ്പത്ത്, ജോലിത്തിരക്കിന് മുമ്പ് ഒഴിവുസമയം, മരണത്തിന് മുമ്പ് ജീവിതം എന്നിവയാണവ (ഹാകിം, മുസ്തദ്റക് 7846).
ഏതൊരു കാര്യവും പിന്നീട് ചെയ്യാമെന്ന ചിന്തയെ അതിജീവിക്കാന്‍ മാനസികമായ ഊര്‍ജം അനിവാര്യമാണ്. ഇത് ഞാന്‍തന്നെ ചെയ്യേണ്ടതാണ്, ഇത് ചെയ്തേ പറ്റൂ എന്നിങ്ങനെ ചിന്തിച്ച് ഉത്സാഹപൂര്‍വം പ്രവേശിച്ചാല്‍ ഏത് കാര്യവും എളുപ്പമാകും. ചെയ്യാനുള്ളത് എളുപ്പം ചെയ്തുതീര്‍ത്ത് മാനസിക സമ്മര്‍ദത്തില്‍ നിന്ന് സ്വതന്ത്രനാകുന്നതാണ് ബുദ്ധി.
ഫേസ് ആപ്പില്‍ നോക്കി 50 കൊല്ലത്തിന് ശേഷമുള്ള സ്വന്തം കാല്‍പനിക രൂപം കൗതുകത്തോടെ വീക്ഷിക്കുന്നതിനു പകരം നാളേക്കു വേണ്ടി വല്ലതും ചെയ്തുവെക്കുകയാണ് വേണ്ടത്. പാരത്രിക ലോകത്തേക്കുപകരിക്കുന്നത് സമ്പാദിച്ചുവെക്കാനുള്ള വിളനിലമാണ് ഇഹലോകം. ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ഓരോ വ്യക്തിയും നാളേക്ക് വേണ്ടി എന്ത് മുന്നൊരുക്കമാണ് ചെയ്തുവച്ചിരിക്കുന്നത് എന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാണ്. അല്ലാഹുവിനെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്മൂലം അല്ലാഹു അവര്‍ക്ക് അവരെപ്പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍’ (ഖുര്‍ആന്‍ 59/18-19).
നന്മകള്‍ ചെയ്യാന്‍ ധൃതികാണിക്കുന്നത് പ്രവാചകന്മാരുടെ സ്വഭാവമാണെന്ന് ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ‘നിശ്ചയം അവര്‍ ഉത്തമ കാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും പ്രതീക്ഷവച്ചും പേടിച്ചും നമ്മോട് പ്രാര്‍ത്ഥിക്കുന്നവരുമായിരുന്നു’ (21/90). ജീവിതം മുഴുവന്‍ സുകൃതങ്ങള്‍ ചെയ്തവരും ഉള്ള ജീവിതം നന്മകള്‍ കൊണ്ട് നിറച്ചവരും ഒരുപോലെയല്ലെന്നും സമയത്തെ ഉപയോഗപ്പെടുത്തി പാരത്രിക ജീവിതത്തിന് വേണ്ടി കഷ്ടപ്പെട്ടവര്‍ മാത്രമാണ് വിജയികളെന്നും ഖുര്‍ആന്‍ പല സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിക്കുകയാണോ, അവരെ നാം വിശ്വസിക്കുകയും സുകൃതങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തവരെ പോലെയാക്കുമെന്ന്. രണ്ട് വിഭാഗത്തിന്‍റെയും ജീവിതവും മരണവും തുല്യമായ നിലയിലാക്കുമെന്നും (അവര്‍ കരുതുകയാണോ). അവര്‍ വിധി കല്‍പിക്കുന്നത് മോശം തന്നെ’ (45/21). ‘നരകാവകാശികളും സ്വര്‍ഗാവകാശികളും സമമാവുകയില്ല. സ്വര്‍ഗാവകാശികള്‍ തന്നെയാണ് വിജയം നേടിയവര്‍’ (59/20).
ഇഹലോകത്തെ സമയം മുഴുവന്‍ പരലോക ലക്ഷ്യത്തോടെ ഉപയോഗിക്കുന്നവരാണ് സത്യസരണിയിലുള്ളവര്‍. പാരത്രിക ലോകത്തെ മറന്നുകൊണ്ടുള്ള ജീവിതം നരക കവാടമാണ് തുറക്കുക. ആര് അതിരു കവിയുകയും ഇഹലോക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ അവന് കത്തിയാളുന്ന നരകം തന്നെയാണ് സങ്കേതം. ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയക്കുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തോ അവന് സ്വര്‍ഗം തന്നെയാണ് സങ്കേതം (79/ 37-41).