ഫ്രാൻസിലെ തെരുവുകളിൽ മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങൾ നിറയുകയാണ്. അൾട്രാ സെക്യുലറിസത്തിനായി മുറവിളി കൂട്ടുന്നവർ വിളിക്കുന്ന മുദ്രാവാക്യങ്ങൾ മുഴുവൻ ക്രൂരമായ വർഗീയ അധിക്ഷേപമാകുന്ന നാണക്കേടിലേക്കാണ് വലിയ വിപ്ലവ പാരമ്പര്യമുള്ള ആ രാജ്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിമിന്റെ മതജീവിതം ഫ്രഞ്ച് മൂല്യങ്ങൾക്ക് എതിരാണെന്ന് ആക്രോശിക്കുന്നവരിൽ നല്ലൊരു ശതമാനം സ്വന്തം മതസ്വത്വത്തിന്റെ ആവിഷ്കാരമാണ് തെരുവിൽ നടത്തുന്നത്. കത്തോലിക്കാ വിശ്വാസികളുടെ വർഗീയ സമീപനം മറനീക്കി പുറത്തുവരുന്നത് ഒരു മാധ്യമവും ചൂണ്ടിക്കാണിക്കുന്നില്ല. മറിച്ച് ഫ്രഞ്ച് ലിബറൽ മൂല്യങ്ങൾക്കായുള്ള മഹത്തായ പ്രക്ഷോഭമായാണ് ഈ മുസ്ലിം വിരുദ്ധ റാലികൾ കൊണ്ടാടുന്നത്. നബിനിന്ദാ കാർട്ടൂണുകളും തുടർന്ന് നടന്ന അതിക്രൂരമായ ആക്രമണങ്ങളും ഫ്രാൻസിലെ വർഗീയവാദികൾ അടക്കിവെച്ച വികാരങ്ങൾ പുറത്തേക്ക് ഒഴുക്കാനുള്ള അവസരമാക്കി മാറ്റുകയാണ്. അതിവൈകാരിക പ്രതികരണങ്ങൾ നടത്തി സാമ്രാജ്യത്വ ശകതികൾക്ക് തലവെച്ച് കൊടുക്കുന്ന ഭീകരവാദികൾ മുസ്ലിം സമൂഹം അനുഭവിക്കേണ്ടി വരുന്ന ക്രൂരമായ അന്യവത്കരണം കണക്കിലെക്കുന്നേയില്ല. വംശീയതയിലേക്ക് കൂപ്പുകുത്തിയ ലിബറൽ നാട്യക്കാരെ നിയന്ത്രിക്കാൻ സർക്കാറിനും താത്പര്യമില്ല. പരമാവധി കത്തട്ടെയെന്നാണ് ഇമ്മാനുവേൽ മാക്രോൺ സർക്കാറിന്റെ തീരുമാനം.
2017-ൽ മാക്രോൺ സ്ഥാനമേറ്റ ശേഷം രാജ്യത്താകെ നടന്ന പ്രക്ഷോഭങ്ങൾ ഇന്ന് കാണുന്ന ഉള്ളടക്കത്തിലുള്ളതായിരുന്നില്ല. വലിയ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ മാക്രോൺ നവ ഉദാരവത്കരണത്തിലേക്ക് കൂപ്പുകുത്തുന്നതും അമേരിക്കൻ ദാസ്യത്തിലേക്ക് അധഃപതിക്കുന്നതും കണ്ട് മനംമടുത്ത മനുഷ്യരായിരുന്നു തെരുവിൽ അലറിയിരുന്നത്. പാരിസിൽ ലക്ഷക്കണക്കിനാളുകൾ തമ്പടിച്ചു. പെൻഷൻ പദ്ധതി അട്ടിമറിക്കുന്നതിനെതിരായിരുന്നു പ്രക്ഷോഭം. പാരീസിൽ അരങ്ങേറിയ ഇസിൽ ഭീകരാക്രമണത്തിന് ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥാ വ്യവസ്ഥകൾ ഉപയോഗിച്ചാണ് ഈ സമരങ്ങളെ അടിച്ചമർത്തിയത്. തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതുന്നതിനെതിരെ കഴിഞ്ഞ മാസം കൂടി പ്രക്ഷോഭങ്ങൾ അരങ്ങേറി. പോലീസ് ബലം പ്രയോഗിച്ചു. കലാപവിരുദ്ധ സേനയെ വിന്യസിച്ചു. ഇന്ന് ആ സമരക്കാരൊന്നും തെരുവിലില്ല. ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന മുദ്രാവാക്യങ്ങളില്ല. ഉള്ളത് മുസ്ലിംകളുടെ ശിരോവസ്ത്രത്തിനും പള്ളികൾക്കും മദ്റസകൾക്കുമെതിരായ ആക്രോശങ്ങൾ മാത്രമാണ്. നബിനിന്ദാ കാർട്ടൂണുകൾ വരയ്ക്കാനും പ്രദർശിപ്പിക്കാനും സമ്പൂർണ സ്വാതന്ത്ര്യം വേണമെന്നാണ് ആവശ്യം. ജനകീയ പ്രശ്നങ്ങളെ അട്ടിമറിക്കാൻ എങ്ങനെയാണ് വൈകാരിക രാഷ്ട്രീയം ഉപയോഗിക്കുന്നത് എന്നതിന് വർത്തമാനകാല ഫ്രാൻസ് ക്ലാസിക് ഉദാഹരണമാവുകയാണ്.
ആധുനിക ദേശരാഷ്ട്രങ്ങൾ മിക്കതും രൂപപ്പെട്ടത് മൂന്ന് ഘടകങ്ങളെ ആസ്പദമാക്കിയാണെന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ വ്യക്തമാകും. ഭാഷ, മതം, ശത്രു എന്നിവയാണ് അവ. ബ്രിട്ടനെയും ഫ്രാൻസിനെയും മാതൃകയായെടുക്കൂ. സ്റ്റാൻഡേർഡ് ഇംഗ്ലിഷിനെച്ചൊല്ലിയുള്ള ഭാഷാഭിമാനമാണ് ബ്രിട്ടന്റെ ദേശീയതയുടെ ഒരു പ്രധാന സ്രോതസ്സ്. പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതവും ആ രാഷ്ട്രത്തിന്റെ പൊതുഘടകമായി നിൽക്കുന്നു. ഫ്രാൻസിനോടുള്ള ശത്രുതയും ഏറ്റുമുട്ടലുകളും ബ്രിട്ടീഷ് ദേശീയതയെ ഊട്ടിയുറപ്പിച്ചു. ഫ്രഞ്ച് ഭാഷയാണ് ഫ്രാൻസിന്റെ അടിത്തറ. കത്തോലിക്കാ ക്രിസ്ത്യാനിറ്റിയാണ് മതം. ബ്രിട്ടനാണ് ശത്രു. ഈ മൂന്ന് ഘടകങ്ങളിൽ മതം ദേശാഭിമാനത്തിന്റെ നെടുംതൂണാണെന്ന് പലപ്പോഴും ഈ രാജ്യങ്ങൾ അംഗീകരിക്കാറില്ല. ജനാധിപത്യം, സാഹോദര്യം, മതേതരത്വം തുടങ്ങിയ ആധുനിക മൂല്യങ്ങൾ നയിക്കുന്ന ലിബറൽ സമൂഹമാണ് തങ്ങളുടേതെന്ന് അവർ സ്വയം അടയാളപ്പെടുത്തുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം സമൂഹമുള്ള, ധാരാളം കുടിയേറ്റക്കാരുള്ള ഫ്രാൻസിന് ഈ ലിബറൽ ഐഡന്റിറ്റി ഉയർത്തിപ്പിടിക്കാനും ഇടുങ്ങിയ പ്രതിച്ഛായകളെ ഗോപ്യമാക്കി വെക്കാനും സാധിച്ചിരുന്നു. എന്നാൽ നിക്കോളാസ് സർക്കോസിയും ഇമ്മാനുവേൽ മാക്രോണുമൊക്കെ ഭരിക്കാൻ തുടങ്ങിയപ്പോൾ മതേതരത്വത്തിന്റെ അർത്ഥം മുസ്ലിം വിരുദ്ധതയാണെന്ന നിലയിലേക്ക് അധഃപതിക്കാൻ തുടങ്ങി. ശിരോവസ്ത്രവും ബുർഖയും വാങ്കുവിളിയുമൊക്കെ ഫ്രഞ്ച് മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന പ്രചാരണം വ്യാപകമായി നടക്കുകയും അതിനനുസരിച്ചുള്ള നിയമനിർമാണങ്ങളുണ്ടാകുകയും ചെയ്തു. മാരിനാ ലീ പെന്നിനെപ്പോലുള്ള തീവ്രവലതുപക്ഷ നേതാക്കൾ അഴിച്ചുവിട്ട വംശീയ പ്രചാരണങ്ങൾ പുതിയൊരു രാഷ്ട്രീയ ആയുധമായി ഇസ്ലാം പേടിയെ മാറ്റിത്തീർക്കുകയായിരുന്നു. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലീ പെന്നിനെ തറപറ്റിക്കാൻ ഇമ്മാനുവേൽ മാക്രോണിന് സാധിച്ചെങ്കിലും രണ്ടുവർഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കുടിയേറ്റവിരുദ്ധതയും മുസ്ലിംവിരുദ്ധതയുമില്ലാതെ ഒരു രക്ഷയുമില്ലെന്ന് മാക്രോണിനെപ്പോലുള്ളവർ മനസ്സിലാക്കിയിരിക്കുന്നു. കടുത്ത തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും യൂറോപ്യൻ രാജ്യങ്ങളെ പിടികൂടിയിട്ടുണ്ട്. ജനങ്ങൾ അതൃപ്തരാണ്. തെരുവുകൾ പ്രക്ഷോഭ ഭരിതമാണ്. ഈ ജനരോഷം മറികടക്കണമെങ്കിൽ ജനങ്ങളുടെ തലക്കകത്തേക്ക് മാരക ശേഷിയുള്ള അവബോധങ്ങൾ കടത്തിവിടണം. ഭയവും വർഗീയതയും ശത്രുതയുമാണ് ഏറ്റവും നല്ല ചേരുവ. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അതാണ് പയറ്റിയത്. രണ്ടാമൂഴത്തിൽ മത്സരിക്കാനിറങ്ങുമ്പോഴും അദ്ദേഹത്തിന്റെ കൈയിൽ മറ്റൊരു മരുന്നില്ല. ഇന്ത്യയിൽ മോദിയും ശ്രീലങ്കയിൽ രജപക്സേയും പയറ്റിയതും ഇതുതന്നെ. ഇവരുടെ നേർവിപരീതത്തിൽ നിൽക്കുന്ന രാഷ്ട്രീയം മൂന്നോട്ടുവെച്ച ന്യൂസിലാൻഡിലെ ജസീന്താ ആർഡേൺ ഇവർക്കൊന്നും മാതൃകയാകുന്നില്ല.
ഫ്രാൻസിനെ കീഴ്പ്പെടുത്താൻ വരുന്ന അന്യ പ്രത്യയ ശാസ്ത്രമായി ഇസ്ലാമിനെ പ്രഖ്യാപിക്കുന്ന മാക്രോൺ മതവിദ്വേഷത്തിലധിഷ്ഠിതമായ ദേശീയത കത്തിക്കാനാണ് ശ്രമിക്കുന്നത്. താൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് റാഡിക്കൽ ഇസ്ലാമിനോടാണ്, തീവ്രവാദത്തോടാണെന്ന് മാക്രോൺ പറയുന്നുണ്ട്. അതോടെ അദ്ദേഹം ഇപ്പോൾ നടത്തുന്ന എല്ലാ മുസ്ലിംവിരുദ്ധ-കുടിയേറ്റവിരുദ്ധ നീക്കങ്ങളും ന്യായീകരിക്കപ്പെടുകയാണ്. ഭീകരതയെ ആരാണ് പിന്തുണക്കുക? നബിനിന്ദാ കാർട്ടൂൺ ക്ലാസ് മുറിയിൽ പ്രദർശിപ്പിച്ച് ചർച്ചക്കിട്ട അധ്യാപകന്റെ കഴുത്തറുക്കുന്നവരെ ആർക്കാണ് പിന്തുണക്കാനാവുക? ഷാർളി ഹെബ്ദോ മാഗസിനിൽ നബിനിന്ദാ കാർട്ടൂൺ വരച്ചയാളെ ഓഫീസ് ആക്രമിച്ച് വകവരുത്തിയവരെ ആർക്കാണ് ന്യായീകരിക്കാനാകുക. പാരീസിൽ പുതുവത്സരാഘോഷങ്ങൾക്കിടയിലേക്ക് ലോറി കയറ്റി മനുഷ്യരെ കൊന്നുതള്ളുന്നവരെ ഭയത്തോടെയല്ലാതെ കാണാനാകുമോ? ചർച്ചിൽ കയറി കത്തിയാക്രമണം നടത്തുന്നവരെ എങ്ങനെ വിശ്വസിക്കും? (അത് ചെയ്തത് തീവ്രവലതുപക്ഷ തീവ്രവാദിയാണെന്ന് വാർത്തകളുണ്ട്). കൂട്ടനശീകരണ ആയുധമുണ്ടെന്ന നുണ പറഞ്ഞ് ഇറാഖിനെ ശിഥിലമാക്കിയവർ, ഇന്നും ചുരുളഴിഞ്ഞിട്ടില്ലാത്ത നിഗൂഢതയായി അവശേഷിക്കുന്ന 9/11ന്റെ പേരിൽ മുസ്ലിം രാജ്യങ്ങളെ ഒന്നൊന്നായി അരക്ഷിതമാക്കിയവർ, ഇസിൽ സംഘത്തെ ചൂണ്ടി ഭീകരവിരുദ്ധ യുദ്ധം കൂടുതൽ മാരകമാക്കിയവർ, പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. ഇസ്ലാമോഫോബിയയുടെ പുതിയ പതിപ്പുകൾക്ക് നബിനിന്ദാ കാർട്ടൂണും അനുബന്ധ സംഭവങ്ങളും കാരണമാക്കുകയാണ്. അതുകൊണ്ട് ഈ കാർട്ടൂണുകളും അതിനോടുള്ള വഴിവിട്ട പ്രതികരണങ്ങളും ഒരേ ദൗത്യമാണ് നിർവഹിക്കുന്നത്.
1905-ലെ ലെയ്സിറ്റ് (സെക്യുലർ) ലോയെ മുൻനിർത്തിയാണ് ഇസ്ലാംവിരുദ്ധ നിയമനിർമാണങ്ങൾക്കും ഉത്തരവുകൾക്കും മാക്രോൺ മുതിരുന്നത്. രാഷ്ട്രത്തിന്റെ സർവ ആവിഷ്കാരങ്ങളിലും ഇടപെട്ടിരുന്ന കെട്ടകാലത്തോടുള്ള ചരിത്രപരമായ കലഹമായിരുന്നു ആ നിയമം. തീർച്ചയായും അത് ഫ്രഞ്ച് വിപ്ലവത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമവുമായിരുന്നു. മതാധിഷ്ഠിത ദോശീയതയായിരിക്കുമ്പോൾ തന്നെ ആ ദേശീയതയുടെ ദൂഷ്യങ്ങൾ മറികടക്കാനുള്ള നിയമപരമായ ചുവടുവെപ്പായിരുന്നു. കത്തോലിക്കരുടെ വിശ്വാസ, അനുഷ്ഠാനങ്ങളെ ആ നിയമം ഒരു നിലക്കും പരിമിതപ്പെടുത്തിയില്ല എന്നോർക്കണം. പാശ്ചാത്യ മതേതരത്വം വിഭാവനം ചെയ്യുന്ന പോലെ, മതത്തെ രാഷ്ട്രത്തിന്റെ പ്രവർത്തനത്തിൽ ഇടപെടാൻ അനുവദിക്കില്ല എന്നത് മാത്രമാണ് ഇതിന് അർത്ഥം. മതേതരത്വം എന്നതിന്റെ വിപരീതപദമാണ് മുസ്ലിം എന്ന് ഈ നിയമം അനുശാസിക്കുന്നുണ്ടോ? ഏത് മുസ്ലിമാണ് രാഷ്ട്രത്തിന്റെ പ്രവർത്തനത്തെ വെല്ലൂവിളിച്ചത്? ഇസ്ലാമിക വിഘടനവാദമെന്ന പ്രയോഗം മാക്രോൺ നടത്തിക്കഴിഞ്ഞിരിക്കുന്നു. അത് ചെറുക്കാൻ കർശന വ്യവസ്ഥകളടങ്ങിയ ബിൽ അടുത്ത വർഷം ആദ്യം പാർലമെന്റിലേക്ക് അയക്കാനിരിക്കുകയാണ്. ദേശീയ പാഠ്യപദ്ധതിയിൽ നിന്ന് വ്യതിചലിക്കുന്ന, അനധികൃത സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാതിരിക്കാൻ ഹോം സ്കൂൾ വിദ്യാഭ്യാസം കർശനമായി നിയന്ത്രിക്കാൻ നിയമത്തിൽ വ്യവസ്ഥ കൊണ്ടുവരും. പള്ളികളുടെയും മദ്റസകളുടെയുംപ്രവർത്തനം കൂടുതൽ നിരീക്ഷണത്തിന് വിധേയമാക്കും. ഇമാമുമാരുടെ നിയമനത്തിൽ സർക്കാർ ഇടപെടും. കഫ്റ്റീരിയകളും നീന്തൽക്കുളങ്ങളും സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ പണിയാൻ അനുവദിക്കില്ല. ഹലാൽ ഷോപ്പുകളും കൗണ്ടറുകളും നിരോധിക്കും. കുടിയേറ്റം കർശനമായി നിയന്ത്രിക്കും.
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം പാശ്ചാത്യ ലോകത്ത് മാരകരൂപം കൈവരിച്ച ഇസ്ലാമോഫോബിയയുടെ അങ്ങേയറ്റം നികൃഷ്ടമായ പ്രകടനമാണ് തിരുനബി(സ്വ)യെ അപഹസിക്കുന്ന ക്ഷുദ്ര കൃതികൾ. ഇന്നസൻസ് സിനിമയും ജില്ലൻഡ് പോസ്റ്റിലെയും ഷാർളി ഹെബ്ദോയിലെയും കാർട്ടൂണുമെല്ലാം ഈ ഗണത്തിൽ വരുന്നു. നിഷ്കളങ്കരായ വിശ്വാസികളെ വൈകാരികമായ പ്രതികരണത്തിലേക്ക് വലിച്ചിഴക്കുക തന്നെയാണ് ഇവയുടെ പ്രാഥമികമായ ലക്ഷ്യം. വിശ്വാസിയുടെ ഹൃദയമാണ് പ്രവാചകർ(സ്വ). അവരുടെ ജീവിതം നബിസ്നേഹത്താലാണ് പ്രകാശിതമാകുന്നത്. അത് അടർത്താനാകാത്ത ആത്മബന്ധമാണ്. ആത്മീയമായ അനുഭൂതി നിറക്കുന്ന നിതാന്തമായ സാന്നിധ്യമാണ് അവർക്ക് നബി തിരുമേനി. കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി താൻ വ്യവഹരിക്കുന്ന സർവ മണ്ഡലങ്ങളിലും പ്രവാചകനാണ് അവർക്ക് മാതൃക. വിശ്വാസിക്കറിയാം ക്ഷുദ്ര രചനകൾ കൊണ്ട് നബിതിരുമേനിയുടെ സ്ഫടികസമാനമായ വ്യക്തിത്വത്തെ അപകീർത്തിപ്പെടുത്താനാകില്ലെന്ന്. അവർക്കറിയാം താൻ ഇത്തരം ആക്രമണങ്ങളോട് അങ്ങേയറ്റം സംയമനത്തോടെയാണ് പ്രതികരിക്കേണ്ടതെന്ന്. എന്നിട്ടും ചിലർ സാമ്രാജ്യത്വം കുഴിച്ച കുഴിയിൽ വീണുപോകുന്നു. നബിനിന്ദാ രചനകൾക്കെതിരെയുള്ള പ്രതിഷേധം തീവ്രവാദികൾ തട്ടിയെടുക്കുകയും അത് അക്രമാസക്തമാവുകയും ചെയ്യുമ്പോൾ കുറേ മനുഷ്യർ അതിൽ കുടുങ്ങിപ്പോകുന്നു. ഇത്തരം നബിനിന്ദാ രചനകളോട് തികച്ചും വ്യവസ്ഥാപിതമായ പ്രതികരണങ്ങളാണ് സാധാരണഗതിയിൽ ഉയരാറുള്ളത്. എന്നാൽ ആ പ്രതികരണങ്ങളിൽ തൃപ്തരാകാത്ത നബിനിന്ദാ കേന്ദ്രങ്ങൾ അവ പുനഃപ്രസിദ്ധീകരിക്കും. അല്ലെങ്കിൽ ലോകം മുഴുവൻ വ്യാപിപ്പിക്കും. ഇങ്ങ് മലയാളത്തിലെ മാതൃഭൂമിയിൽ വരെ അതെത്തും. ചോദ്യപ്പേപ്പറിലെത്തും. അടുത്ത ഘട്ടം കൈവെട്ട് സംഘങ്ങളുടെയും ഭീകരാക്രമണക്കാരുടെയും രംഗപ്രവേശമാണ്. അതോടെ എല്ലാ പ്രതികരണങ്ങളും അട്ടിമറിക്കപ്പെടും. ഓരോ മുസ്ലിമിന്റെയും ദേശക്കൂറ് ചോദ്യം ചെയ്യപ്പെടും. അവന്റെ തല താഴും. അവൻ നിരീക്ഷണങ്ങൾക്ക് നടുവിലാകും. അവന്റെ താടിയും തലപ്പാവും കാണിച്ച് ആരൊക്കെയോ വോട്ട് പിടിക്കും. അധികാരം പിടിക്കും.
ഏകനായ ദൈവത്തിന്റെ സ്ഥായിയായ അസ്തിത്വമാണ് ഇസ്ലാമിന്റെ അടിസ്ഥാനം. പ്രവാചക ശ്രേഷ്ഠൻമാരുടെ ചിത്രങ്ങളും ഭാവനാ സൃഷ്ടികളും ഇസ്ലാം കർശനമായി വിലക്കിയിരിക്കുന്നു. ഇസ്ലാമിനെ രൂപങ്ങളുടെ ഇത്തിരിവട്ടത്തിലേക്ക് ചുരുക്കിക്കെട്ടാൻ എല്ലാ കാലത്തും ശ്രമങ്ങൾ നടന്നിട്ടുണ്ട്. സൽമാൻ റുഷ്ദി ശ്രമിച്ചതും ജില്ലൻഡ് പോസ്റ്റണിലെ കാർട്ടൂണുകാരൻ ശ്രമിച്ചതും ഇതിനാണ്. ഇന്നസെൻസ് സിനിമയും ചെയ്തത് അതുതന്നെ. ചിത്രകാരന്റെ ദരിദ്ര ഭാവനയിൽ കുടുങ്ങിപ്പോയ മതങ്ങളുടെ ശ്രേണിയിലേക്ക് ഇസ്ലാമിനെ അധഃപതിപ്പിക്കുകയെന്നത് ജൂത, ക്രിസ്ത്യൻ തീവ്രവാദികളുടെ സ്വപ്നമാണ്.
2015-ലായിരുന്നു ഷാർളി ഹെബ്ദോ എന്ന ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക നബിനിന്ദാ രചനയുമായി വന്നു മരണം വിതച്ചത്. വാരികയുടെ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ കാർട്ടൂണിസ്റ്റുകളടക്കം 12 പേർ മരിച്ചു. ഈ സംഭവത്തോട് പോപ്പ് ഫ്രാൻസിസ് നടത്തിയ പ്രതികരണം ലോകം മുഴുവൻ ചർച്ച ചെയ്തിരുന്നു. ‘ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. അത് ആരെയും അധിക്ഷേപിക്കുന്നതായിരിക്കരുത്. അധിക്ഷേപം മറ്റുള്ളവർ സഹിച്ചെന്ന് വരില്ല.’ ഇത് വിശദീകരിക്കാനായി അദ്ദേഹം ഒരു ഉദാഹരണം മുന്നോട്ട് വെക്കുകയും ചെയ്തു. തൊട്ടടുത്തുള്ള സുഹൃത്തിനെ ചൂണ്ടിക്കാട്ടി മാർപ്പാപ്പ തുടർന്നു: ‘ഇദ്ദേഹം എന്റെ ആത്മാർത്ഥ സുഹൃത്താണ്. എന്നുവെച്ച് അദ്ദേഹം എന്റെ അമ്മയെ അവഹേളിക്കും വിധം സംസാരിച്ചാൽ അദ്ദേഹത്തിന്റെ മൂക്കിന് നോക്കി നല്ല ഇടി കൊടുക്കും ഞാൻ’. പോപ്പിന്റെ വാക്കുകളുടെ ഉദ്ദേശ്യശുദ്ധി കണക്കിലെടുക്കുമ്പോൾ തന്നെ അത് അക്രമാസക്ത പ്രതിഷേധത്തെ വകവെച്ച് കൊടുക്കുന്നുണ്ടെന്ന് വ്യക്തമാകും. ഷാർളി ഹെബ്ദോ സംഭവത്തിന് ശേഷം ഫ്രാൻസിൽ ഇസിൽ സംഘം നിരവധി ഭീകരാക്രമണങ്ങൾ നടത്തി. ഏറ്റവും വേഗത്തിൽ വളരുന്ന മുസ്ലിം സമൂഹം നിലനിന്നിരുന്ന ഫ്രാൻസ് ഇന്ന് ഏറ്റവും അരക്ഷിതമായ മുസ്ലിം സമൂഹമുള്ള നാടായിരിക്കുന്നു. ആധുനിക പാശ്ചാത്യ, വ്യവസായവത്കൃത സമൂഹങ്ങളുടെ അടിസ്ഥാനപരമായ പ്രതിസന്ധികൾക്ക് ഇസ്ലാം പരിഹാരം മുന്നോട്ട് വെക്കുന്നുവെന്ന് ഈ കാർട്ടൂണുകാരും അവരെ നയിക്കുന്നവരും തിരിച്ചറിയുന്നുണ്ട്. നിരവധി പേർ ഇസ്ലാമിന്റെ യാഥാർഥ്യം ആശ്ലേഷിക്കുന്നുവെന്നത് അവരെ അസ്വസ്ഥരാക്കുന്നു. ഈ ആവിഷ്കാരവാദികളൊന്നും സയണിസ്റ്റ് ഭീകരതയെ തൊടുന്നില്ലെന്നോർക്കണം. ഇതേ ഷാർളി ഹെബ്ദോയിൽ ജൂതൻമാർക്കെതിരെ കാർട്ടൂൺ വരച്ചയാളെ പിരിച്ചുവിടുകയായിരുന്നു.
മുസ്ലിമിനെ മറ്റേതോ രാജ്യത്ത് വേരുകളും കൂറുമുള്ള മനുഷ്യനായി കാണാനാണ് മാധ്യമങ്ങൾക്കിഷ്ടം. അഥവാ സ്വന്തം രാഷ്ട്രത്തിൽ അവനെ അന്യനാക്കുന്നു. അല്ലെങ്കിൽ രാഷ്ട്രരഹിതനാക്കുന്നു. ഈ പ്രചാരണത്തിന് എരിവ് പകരാനാണ് ഇടക്കിടക്ക് പ്രവാചക നിന്ദയുടെ ഇരുട്ട് പരത്തുന്നത്. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളെ വിവേകപൂർവം സമീപിക്കാൻ മുസ്ലിം സമൂഹത്തിന് സാധിക്കണം. നിന്ദയുടെ രാഷ്ട്രീയം തിരിച്ചറിയണം. പ്രവാചകർ(സ്വ) സമഗ്രമായ ജീവിതക്രമം മുന്നോട്ടുവെച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയെയും മറികടക്കാൻ വിശ്വാസിയെ അത് പ്രാപ്തരാക്കുന്നു. ആത്മവിശ്വാസം നഷ്ടപ്പെടുന്ന പ്രശ്നമേ വിശ്വാസിക്കുണ്ടാകുന്നില്ല. ഈ നിശ്ചയദാർഢ്യത്തിൽ നിന്ന് വ്യതിചലിച്ചത് കൊണ്ടാണ് സലഫിസം അടക്കമുള്ള സർവ വ്യതിയാനക്കാരും ഭീകരവാദത്തിന്റ പ്രയോക്താക്കളായിത്തീർന്നത്.
ഇപ്പോൾ നടക്കുന്ന മുസ്ലിം വേട്ടയുടെയും കാർട്ടൂൺ കുത്തിപ്പൊക്കലിന്റെയും യഥാർത്ഥ ഫലം പാശ്ചാത്യ ലോകം കൂടുതൽ അരക്ഷിതമാകുമെന്നാണ്. ഡിഫൻഡ് യൂറോപ്പ് എന്ന മുദ്രാവാക്യവുമായി എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ സജീവമാണ്. ബ്രണ്ടന്റ് ടാറന്റുമാർ, ബ്രീവിക്കുമാർ തീപ്പിടിച്ച ശിരസ്സുമായി പ്രതികാര ദാഹികളായി അലയുകയാണ്. അവരുടെ മതം ആരും ചികയാറില്ല. മുസ്ലിംവിരുദ്ധ വികാരം കത്തിച്ച് രാഷ്ട്രീയം കളിക്കുന്ന ട്രംപും മാക്രോണും ആ സത്യം മനസ്സിലാക്കത്തതല്ല. സ്വന്തം തെമ്മാടികളെ കൈയൊഴിയാനുള്ള മടിയാണ് അവർക്ക്. ന്യൂസിലാൻഡിലെ അന്നൂർ പള്ളിയിൽ കൂട്ടക്കുരുതി നടത്തിയ ടാറന്റ് പറഞ്ഞത് തന്റെ ആരാധ്യ പുരുഷൻ ട്രംപ് ആണെന്നായിരുന്നു.
മുസ്തഫ പി എറയ്ക്കൽ