കൊച്ചിയിലെ ഏറ്റവും പ്രാചീന പള്ളിയെന്നു കരുതപ്പെടുന്നത് തോപ്പുംപടി ഹാർബറിലെ പുത്തിരിക്കാട് ജുമാമസ്ജിദാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഫോർട്ട് കൊച്ചി, വെല്ലിങ്ടൺ ദ്വീപ്, പള്ളുരുത്തി എന്നീ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സ്ഥലമാണ് തോപ്പുംപടി. കൊച്ചിയുടെ ഇന്നലെകളിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു പതിറ്റാണ്ടുകൾ പഴക്കമുള്ള ഹാർബർ പാലം. 486 മീറ്റർ നീളമുള്ള പാലത്തിന്റെ മധ്യഭാഗം കപ്പലുകൾ വരുമ്പോൾ മേൽപ്പോട്ടുയരുന്നത് ഒരു വിസ്മയ കാഴ്ചയായിരുന്നു. ഈസ്റ്റിന്ത്യാ കമ്പനിയുടെ എഞ്ചിനീയർ റോബർട്ട് ബ്രിസ്റ്റോയുടെ നേതൃത്വത്തിൽ നിർമിച്ച പാലം 1943ലാണ് കമ്മീഷൻ ചെയ്തത്.
ഇന്ത്യയിലെ തന്നെ പുരാതന മസ്ജിദുകളിലൊന്നായിട്ടാണ് പുത്തരിക്കാട് പള്ളി പരിഗണിക്കപ്പെടുന്നത്. മാലിക് ബ്‌നു ദിനാറും സംഘവും പതിനെട്ടു പള്ളികൾ പണിതതായാണ് ഉമർ സുഹ്‌റവർദി രിഹ് ലത്തുൽ മുലൂകിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിലൊന്ന് കൊച്ചിയിലാണെന്നും ഖാളീ അഹമ്മദിനായിരുന്നു മേൽനോട്ട ചുമതലയെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. കൊടുങ്ങല്ലൂരിൽ പള്ളി നിർമിച്ച് തെക്കോട്ടു സഞ്ചരിച്ച സംഘം രണ്ടാമതായി ഉയർത്തിയ ഭവനം കൊച്ചിയിലാണെന്ന് ചിലർ അവകാശപ്പെടുന്നു. പള്ളിയുടെ ചുറ്റുഭാഗത്തുള്ള സ്വഹാബികളുടേതെന്ന് അനുമാനിക്കുന്ന മഖ്ബറകൾ ഈ നിഗമനത്തിനു ബലം നൽകുന്നതാണ്. പുത്തിരിക്കാട് ജുമാമസ്ജിദ് പലതവണ പുനർനിർമിച്ചിട്ടുണ്ട്. അവസാനമായി 1986ലാണ് പുതുക്കിപ്പണിതത്.
തെക്കൻ കേരളത്തിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രം കൂടിയാണ് പുത്തിരിക്കാട് ഹാർബർ പള്ളി. തെക്കും വടക്കും ഭാഗങ്ങളിലായി നാലു സ്വഹാബിവര്യന്മാർ അവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ടത്രെ. സയ്യിദ് മുഹമ്മദ് ബിൻ ഉമൈറു രിഖാബ്(റ), സയ്യിദ് രിഫാഅത്ത്ബ്‌നു ഹാതിം(റ), സയ്യിദ് അബ്ദുല്ലാഹിബ്‌നു ഹാതിം(റ), സയ്യിദ് ഉംറത്തുബ്‌നു ഹാതിം(റ) എന്നിങ്ങനെയാണ് അവരുടെ പേരുകൾ രേഖപ്പെട്ടു കിടക്കുന്നത്.
നിലാവു പെയ്ത തക്യാവു പള്ളി
കൊച്ചിക്ക് ആത്മീയ വെളിച്ചം പകർന്ന തക്യാവു പള്ളി കേരള മുസ്‌ലിം ചരിത്രത്തിലെ ശോഭന അധ്യായമാണ്. സയ്യിദ് അബൂബക്കർ ബംബു തങ്ങളുടെ സാന്നിധ്യമാണ് തക്യാവിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. പൊന്നാനിയിൽ നിന്നാണ് ബംബു തങ്ങൾ കൊച്ചിയിലെ തക്യാവിലെത്തിയത്. ഏതാണ്ട് മൂന്ന് ശതാബ്ദങ്ങൾക്കു മുമ്പ് യമനിലെ ഹളർ മൗത്തിൽ നിന്ന് കായൽപ്പട്ടണം വഴി പൊന്നാനിയിലെത്തിയ സയ്യിദ് അബ്ദുറഹ്‌മാൻ ഹൈദറൂസിയുടെ പുത്രനാണ് അബൂബക്കർ ബംബു തങ്ങൾ. പൊന്നാനിയിൽ നിന്ന് അദ്ദേഹത്തിന്റെ ഏതാനും ബന്ധുക്കൾ കൂടി തക്യാവിലെത്തിയതോടെ അവിടം സമൂഹത്തിന്റെ അഭയസ്ഥലമായി മാറി. നോമ്പും പെരുന്നാളും ഉറപ്പിക്കാനും പൊതുപ്രശ്‌നങ്ങൾ പരിഹരിക്കാനും കാരണവന്മാർ തക്യാവിനെയായിരുന്നു ആശ്രയിച്ചിരുന്നത്.
കൊച്ചിയിലെ ‘കരുവേലിപ്പടി’ക്കു കിഴക്കുഭാഗത്തായി കായലിനോട് ഓരം ചേർന്നാണ് തക്യാവ് നിലകൊള്ളുന്നത്. പള്ളിയോട് ചേർന്നുകിടക്കുന്ന പാർപ്പുസ്ഥലമാണ് തക്യാവ്. കായലിനോട് കിന്നാരം പറഞ്ഞുകിടക്കുന്ന തക്യാവിന്റെ അകത്തു കടന്നാൽ കായൽപരപ്പിലേക്ക് മിഴി തുറന്നിരിക്കുന്ന ഒരു കൊച്ചു പള്ളിയും പഴക്കം ചെന്ന തറവാട് വീടുകളും കാണാം.
പഴമയുടെ വിസ്മയക്കാഴ്ചയൊരുക്കുന്ന തക്യാവ് പള്ളിയുടെ മേൽക്കൂരക്കു മുകളിൽ ഒരു ചെമ്പിൻമകുടം ഉണ്ടായിരുന്നുവത്രെ. തെളിഞ്ഞ നിലാവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന ഈ മകുടം ചുറ്റുവട്ടം പ്രകാശമാക്കിത്തീർക്കുമായിരുന്നു. അതുവഴി കപ്പലുകളും മറ്റും വരുമ്പോൾ നിലാവെട്ടത്തിൽ കുളിച്ചുനിൽക്കുന്ന ചെമ്പുമകുടവും പരിസരങ്ങളും മനോഹര ദൃശ്യമായിരുന്നു. വെല്ലിങ്ടൺ ഐലൻഡ് ഇല്ലാതിരുന്ന കാലത്ത് ഇതിന്റെ ശോഭ എറണാകുളത്തു വരെ കാണാമായിരുന്നുവത്രെ. നിർഭാഗ്യവശാൽ ആ മകുടം ഇന്നവിടെയില്ല.
വമ്പുറ്റ ബംബു തങ്ങൾ
യമനിൽ നിന്ന് കേരളത്തിലെത്തിയ ആദ്യത്തെ സയ്യിദ് ഖബീലയാണ് ഐദറൂസിയ്യ. ഹിജ്‌റ 1115ൽ കോഴിക്കോട് എത്തിച്ചേർന്ന സയ്യിദ് അബ്ദുല്ലാഹിൽ ഐദറൂസിയാണ് കേരളത്തിൽ ഈ ഖബീല നട്ടുപിടിപ്പിച്ചത്. ഹി. 1099ൽ ജനിച്ച അദ്ദേഹം കേരളത്തിലെ ജദ്ദു സാദാത്തിൽ ഐദറൂസിയ്യ(ഐദറൂസി സാദാത്തുക്കളുടെ വലിയുപ്പ) എന്നറിയപ്പെടുന്നു. പൊന്നാനിയിൽ വന്ന അദ്ദേഹം അവിടെ താമസമുറപ്പിക്കുകയും മഖ്ദൂം കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുകയും ചെയ്തു. ഹി. 1164 ജുമാദാൽ ഉഖ്‌റാ 24 ശനിയാഴ്ച വഫാത്തായി. പൊന്നാനി വലിയ ജാറം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു.
സയ്യിദ് അബ്ദുല്ല തങ്ങളുടെ നാലു പുത്രന്മാരിൽ ഇളയ മകനാണ് സയ്യിദ് അബൂബക്കർ ബംബു തങ്ങൾ. ജനനം പൊന്നാനിയിൽ. 11ാം വയസ്സിൽ ഖുർആൻ ഹൃദിസ്ഥമാക്കി. അറിവിന്റെ അകക്കാമ്പറിഞ്ഞ അദ്ദേഹത്തിന് പിതാവ് അതീന്ദ്രിയ ജ്ഞാനം പകർന്നുകൊടുത്തു. മരണമടുത്ത സമയത്ത് അദ്ദേഹം തന്റെ പുത്രന്മാരെ ഒരുമിച്ചുകൂട്ടി അവരുടെ സമ്മതപ്രകാരം ഇളയ മകന്റെ വായിലേക്ക് ഉമിനീർ പകർന്നു നൽകി. തനിക്കു ലഭിച്ച മുഴുവൻ വിജ്ഞാനത്തിനും താങ്കൾ പാത്രമായിരിക്കുന്നു എന്നും പറഞ്ഞു. തന്റെ മക്കളിൽ വമ്പൻ ഇവനാണെന്ന് ഒരിക്കൽ പിതാവ് പ്രസ്താവിക്കുകയുണ്ടായി. ബംബ് തങ്ങൾ എന്ന പ്രയോഗത്തിന് നിമിത്തം അതാണത്രെ. സയ്യിദ് അബൂബക്കർ തങ്ങളുടെ പിന്മുറക്കാരിൽ ചിലർ തങ്ങളുടെ പേരിനോടു കൂടെ ബംബെന്നു വിശേഷിപ്പിച്ചിരുന്നു.
അബൂബക്കർ ബംബു തങ്ങൾ പ്രവർത്തന കേന്ദ്രമായി കൊച്ചിയെ തിരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി കൊച്ചിയിലെ നെട്ടൂർ ആസ്ഥാനമാക്കി ദീനീ ദഅ്‌വത്ത് നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ബംബു തങ്ങൾ കൊച്ചിയിലെത്തുന്നത്. ബംബു തങ്ങളുടെ ആഗമനം മൗലൽ ബുഖാരിയെ അത്യധികം സന്തുഷ്ടനാക്കി. തന്റെ മകളെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു. മധ്യകേരളത്തിൽ ഇരുവരും ആത്മീയ നവജാഗരണത്തിന് ജീവിതം സമർപ്പിച്ചു. ഹി. 1184 റമളാൻ 27ന് കൊച്ചി തുറമുഖത്ത് വെച്ച് (ബന്തർ കോശിൻ) ബംബു തങ്ങൾ നിര്യാതനായി. കൊച്ചി തക്യാവിലാണ് മഖ്ബറ. നെട്ടൂർ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് ഐദറൂസി ബംബു തങ്ങളുടെ പുത്രനാണ്. തോട്ടുമുഖം, പെരിന്തൽമണ്ണക്കടുത്ത താഴേക്കോട് എന്നിവിടങ്ങളിലായി മറ്റു മൂന്നു മക്കൾ മറപ്പെട്ടു കിടക്കുന്നു.
ബംബു തങ്ങളുടെ മൂത്ത സഹോദരനായ സയ്യിദ് അലവി, മകനായ സയ്യിദ് മുഹമ്മദ്, അദ്ദേഹത്തിന്റെ പുത്രൻ സയ്യിദ് അലി, പുത്രൻ സയ്യിദ് അബൂബക്കർ ആറ്റക്കോയ തങ്ങൾ എന്നിവരും ‘ബംബു തങ്ങളുടെ ജാറത്തി’ൽ അന്തിയുറങ്ങുന്നു. മഖാമിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള വിശാലമായ ഖബർസ്ഥാനിൽ ധാരാളം സയ്യിദുമാർ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സയ്യിദ് ബംബു തങ്ങളുടെ അപദാനങ്ങൾ പ്രതിപാദിക്കുന്ന ‘മിൻഹതുൽ ഖുദ്ദൂസ്’ മൗലിദ് പ്രസിദ്ധമാണ്.
നാച്ചിയ മസ്ജിദും കല്ലിങ്കൽ ഔലിയയും
കൊച്ചിയിലെ ശ്രദ്ധേയമായ ഒരു പൗരാണിക പള്ളിയാണ് നാച്ചിയ ജുമാ മസ്ജിദ്. താച്ചിയ എന്ന തമിഴ്പദം ലോപിച്ചതാണ് നാച്ചിയ. നൈനാ കുടുംബത്തിലെ സ്ത്രീകളെ ആദരപൂർവം വിളിക്കുന്ന പേരാണ് നാച്ചി. ഇപ്പോഴും ‘നാച്ചിയ വീട്’ എന്നറിയപ്പെടുന്ന നൈന തറവാടുകളുണ്ട്. നൈനമാരായിരുന്നു നാച്ചിയ പള്ളിയുടെയും ആദ്യകാല മേൽനോട്ടക്കാർ. പള്ളിയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന ശൈഖ് ഹുസൈൻ വലിയുല്ലാഹിയുടെ മഖാം പ്രധാന സിയാറത്ത് കേന്ദ്രമാണ്. കല്ലിങ്കൽ ഔലിയ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നാച്ചിയ ജുമാ മസ്ജിദ് ഓലകൊണ്ട് മേഞ്ഞ പഴയ പള്ളിയായിരുന്ന കാലത്താണ് അദ്ദേഹം അവിടെ സൂഫീ ജീവിതം നയിച്ചിരുന്നത്. നാച്ചിയ ജുമാമസ്ജിദിനും ദാറുസ്സലാം മദ്‌റസക്കുമിടയിലാണ് മഖ്ബറ.
നാച്ചിയ ആൽച്ചുവട് മഖാം പ്രസിദ്ധമാണ്. ദാറുസ്സലാം ജുമാമസ്ജിദിന്റെ മുൻവശം ചേർന്ന് കിടക്കുന്ന ചെറിയ കോൺഗ്രീറ്റ് പാതയിലൂടെ അൽപം മുന്നോട്ട് സഞ്ചരിച്ചാൽ ഉൾഭാഗത്തായി ഒരു ആൽമരച്ചുവട്ടിൽ ഈ മഖ്ബറ സ്ഥിതിചെയ്യുന്നു. ആലിന്റെ വേരുകൾ കവാടം പോലെ ഉയർന്ന് വളഞ്ഞുനിൽക്കുന്ന കാഴ്ച കമനീയമാണ്. ആൽമരം വളർന്ന് മഖാമിന് മേൽക്കൂരയൊരുക്കിയിരിക്കുന്നു. 1525ൽ പോർച്ചുഗീസുകാരുമായുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായ കുഞ്ഞുമരക്കാർ ശഹീദിന്റെ ശരീരഭാഗമാണ് ഇവിടെ അടക്കം ചെയ്യപ്പെട്ടതെന്ന് ചിലർ കരുതുന്നുവെങ്കിലും അതിന് ചരിത്രത്തിന്റെ പൂർണ പിൻബലമില്ല. അതിനാൽ മറ്റൊരു പുണ്യപുരുഷന്റെ ഖബറിടമാകാനാണു സാധ്യത.
പുതിയറോഡ് മഹ്‌ളറ പള്ളി
തെക്കൻ കേരളത്തിൽ പല സ്ഥലങ്ങളിലും മഹ്‌ളറ പള്ളികൾ കാണാം. ജനങ്ങൾ സ്ഥിരമായി സംഗമിക്കുന്ന സ്ഥലത്തിനാണ് മഹ്‌ളറ എന്നു പറയുക. സൂഫിവര്യന്മാരുടെ നേതൃത്വത്തിലോ അവരുടെ അനുവാദത്തോടു കൂടിയോ സ്ഥിരമായി ദിക്ർ-ദുആ സദസ്സുകൾ സംഘടിപ്പിക്കാൻ സജ്ജീകരിച്ച പ്രത്യേക ഇടങ്ങൾക്കാണ് മഹ്‌ളറ എന്ന് പൊതുവിൽ പ്രയോഗിക്കുക. ഇത്തരം മഹ്‌ളറകൾ കാലക്രമേണ നിസ്‌കാര പള്ളികളായി മാറി ജുമാ മസ്ജിദുകളായി വിപുലീകരിക്കപ്പെടാറുണ്ട്. ഫോർട്ടു കൊച്ചിയിലെ മഹ്‌ളറ നിസ്‌കാര പള്ളിയും പുതിയറോഡ് മഹ്‌ളറ ജുമാഅത്ത് പള്ളിയും ഉദാഹരണം.
ഏകദേശം 1870ൽ ചെറിയ നിസ്‌കാരപ്പള്ളിയായിട്ടായിരുന്നു മഹ്‌ളറ പള്ളി തുടങ്ങിയത്. ഇന്നത് വലിയൊരു മഹല്ലായി പരിണമിച്ചിരിക്കുന്നു. മഹ്‌ളറ ഉസ്താദ് എന്നറിയപ്പെടുന്ന എഎം മുഹമ്മദ് മുസ്‌ലിയാരാണ് പള്ളി വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. രണ്ടായിരത്തിലാണ് ആധുനിക രൂപത്തിൽ പള്ളി വിപുലീകരിച്ചത്.
മഹ്‌ളറ ഉസ്താദും നൂരിയ്യ മദ്‌റസയും
ചാവക്കാട് തൊഴക്കാവ് സ്വദേശിയായ എഎം മുഹമ്മദ് മുസ്‌ലിയാർ എന്ന മഹ്‌ളറ ഉസ്താദ് എട്ടു പതിറ്റാണ്ടുകൾക്ക് മുമ്പാണ് കൊച്ചിയിൽ ദീനീ സേവനം തുടങ്ങിയത്. ആദ്യം കരുവേലിപ്പടി തക്യാവ് പള്ളിയിലും കുറച്ചുകാലം പടിഞ്ഞാറക്കോട് മുഹ്‌യിദ്ദീൻ പള്ളിയിലും സേവനമനുഷ്ഠിച്ചു. തുടർന്ന് ദീർഘമായ നാലു പതിറ്റാണ്ടുകാലം പുതിയറോഡിലെ മഹ്‌ളറ പള്ളിയിൽ ഖത്തീബും മുദരിസുമായി. മധ്യകേരളത്തിലെ പ്രസിദ്ധ ദർസുകളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്.
നാലു മദ്ഹബുകളിലും വ്യുൽപ്പത്തി നേടിയ മഹാപണ്ഡിതനായിരുന്നു അദ്ദേഹം. കൊച്ചിയിൽ സലഫിസത്തെ പ്രതിരോധിക്കുന്നതിനും അഹ്‌ലുസ്സുന്നയെ ശക്തിപ്പെടുത്തുന്നതിനും അക്ഷീണം പ്രയത്‌നിച്ച നേതാവായിരുന്നു അദ്ദേഹം. നിസ്‌കാരം ഉപേക്ഷിച്ചവൻ കാഫിറാകും പോലുള്ള പുത്തൻവാദങ്ങളുമായി ചേക്കുഞ്ഞി ഹാജി എന്ന സൈദു കുഞ്ഞു മൗലവി രംഗത്ത് വന്നപ്പോൾ അതിനെ ചെറുത്തുതോൽപ്പിച്ചത് മഹ്‌ളറ ഉസ്താദിന്റെ ഇടപെടലുകളായിരുന്നു. മർഹും ഇകെ ഹസൻ മുസ്‌ലിയാരെ ക്ഷണിച്ചുവരുത്തി മട്ടാഞ്ചേരി മദ്‌റസക്കു സമീപം പ്രഭാഷണം സംഘടിപ്പിച്ചു. കൊച്ചങ്ങാടി ദാറുസ്സലാം മദ്‌റസയിൽ വെച്ച് സംവാദത്തിനും കളമൊരുക്കി. സംവാദത്തിൽ ഹസൻ മുസ്‌ലിയാർക്കു മുന്നിൽ മൗലവി നിഷ്പ്രഭനായി. 1970കളിലായിരുന്നു ഇത് നടന്നത്.
മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ നൂരിയ്യ മദ്‌റസ മഹ്‌ളറ ഉസ്താദ് മുൻകൈയെടുത്ത് സ്ഥാപിച്ചതാണ്. 1966ലായിരുന്നു നിർമാണം. 1600ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന കേരളത്തിലെ തന്നെ അപൂർവ മദ്‌റസകളിൽ ഒന്നാണിത്. സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കരിക്കുലമാണ് മദ്‌റസ പിന്തുടരുന്നത്. നൂരിയ്യ മദ്‌റസക്കു കീഴിൽ നൂരിയ്യ വനിത അറബിക് കോളേജ്, നൂരിയ്യ സൈക്കോ ട്രെയ്‌നിങ് സെന്റർ, വിമൻസ് അക്കാദമി, ടീച്ചിംഗ് സെന്റർ, അനാഥ- അഗതി-വിധവ ശാക്തീകരണ കേന്ദ്രം എന്നിവയും പ്രവർത്തിക്കുന്നു. 1986 ജൂൺ 2ന് മഹ്‌ളറ ഉസ്താദ് കൊച്ചിയിൽ വഫാത്തായി. ചാവക്കാട് തൊഴക്കാവിലാണ് ഖബർ. കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാർ, പുതിയാപ്പിള അബ്ദുറഹ്‌മാൻ മുസ്‌ലിയാർ എന്നിവർ ഗുരുനാഥന്മാരാണ്. അമ്മു മുസ്‌ലിയാർ എന്ന അബ്ദുൽ ഗഫൂർ മുസ്‌ലിയാർ, പഴയ പള്ളി മരക്കാർ ഹാജി, ഇകെ സെയ്ദ് മുഹമ്മദ് കോയ തങ്ങൾ ആന്ത്രോത്ത് എന്നിവർ പ്രമുഖ ശിഷ്യന്മാരാണ്.
നിയമ പോരാട്ടത്തിൽ
വിജയിച്ച മുഹ്‌യിദ്ദീൻ പള്ളി
രണ്ടു നൂറ്റാണ്ടിന്റെ ചരിത്രം അയവിറക്കുന്ന പൗരാണിക മസ്ജിദാണ് പടിഞ്ഞാറക്കോട് മൊയ്തീൻ പള്ളി. ‘ബാവോ നൈന’ എന്നയാൾ കൈക്കാരനായിരുന്ന കാലത്ത് ഈ പള്ളി ചെമ്പിട്ടു പള്ളിയുടെ ഭരണത്തിൻ കീഴിലാക്കിയിരുന്നു. പരമ്പരാഗത വിശ്വാസികൾ പരിപാലിച്ചുപോന്നിരുന്ന ഈ പള്ളി ഏതാനും വർഷം ജമാഅത്തെ ഇസ്‌ലാമി കയ്യേറുകയുണ്ടായി. വെള്ളിയാഴ്ച ജുമുഅക്ക് ‘ഖുതുബ പ്രസംഗം’ നടത്തി. നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിൽ മുഹിയുദ്ദീൻ പള്ളിയുടെ നിയന്ത്രണം സുന്നികൾക്ക് തിരികെ ലഭിച്ചു. പാരമ്പര്യ ആചാരങ്ങളും അനുഷ്ഠാനങ്ങളും പുന:സ്ഥാപിതമായി.
മർഹും അമ്മു മുസ്‌ലിയാർ, ഇകെ സൈദ് മുഹമ്മദ് കോയ തങ്ങൾ, മരക്കാർ ഔലിയ എന്നിവർ മുഹിയുദ്ദീൻ പള്ളിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു. മഹ്‌ളറ ഉസ്താദിന്റെ പ്രധാന ശിഷ്യനായിരുന്നു അമ്മു മുസ്‌ലിയാർ. ഭൗതികപരിത്യാഗിയായ ഇദ്ദേഹം അവിവാഹിതനായി ജീവിച്ചു. തൃശ്ശൂർ ജില്ലയിലെ മാളക്കടുത്ത കണക്കൻകടവാണ് സ്വദേശം. കൊച്ചിയിലെ സീലാട്ടു പറമ്പിൽ നടന്നിരുന്ന ദർസിൽ ചെറുപ്രായത്തിൽ തന്നെ ചേർന്ന് പഠനമാരംഭിച്ചു. ശേഷം മഹ്‌ളറ ഉസ്താദിന്റെ ദർസിൽ ചേർന്നു. നൂരിയ്യ മദ്‌റസ പടുത്തുയർത്തുന്നതിൽ മഹ്‌ളറ ഉസ്താദിന്റെ സഹായിയായി വർത്തിച്ചു. 1986 ഫെബ്രുവരി 24നാണ് നിര്യാണം.
ഇകെ സൈദ് മുഹമ്മദ് കോയ തങ്ങൾ ആന്ത്രോത്ത് സ്വദേശിയാണ്. കൊച്ചിയിൽ വന്ന് മഹ്‌ളറ ഉസ്താദിന്റെ ദർസിൽ പഠനം നടത്തി. മഹ്‌ളറ ഉസ്താദ്, അമ്മു മുസ്‌ലിയാർ എന്നിവർക്ക് ശേഷം മദ്‌റസ നയിച്ചത് അദ്ദേഹമായിരുന്നു. വിശ്വാസികളുടെ ആശാകേന്ദ്രമായി നിലകൊണ്ട തങ്ങൾ 1994 ജൂൺ 17ന് ഇഹലോകവാസം വെടിഞ്ഞു.
പശ്ചിമ കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ ജീവിച്ച സാത്വികനായിരുന്നു മരക്കാർ ഔലിയ. അദ്ദേഹം മിക്ക സമയവും തട്ടിൻപുറത്ത് തൂക്കിയിട്ട ഒരു കയറിൽ ഊന്നി നിൽക്കുമായിരുന്നത്രെ. കൈയിൽ ഒരു കല്ല് കൊണ്ടുനടക്കും. അത് സദാ ചലിപ്പിച്ചു കൊണ്ടിരിക്കുകയും ദിക്‌റിൽ നിമഗ്‌നനാവുകയും ചെയ്യും. മുസ്ഹഫുമായി പോകുന്നവരെ കണ്ടാൽ വിളിച്ചുവരുത്തി ആ ഖുർആൻ വാങ്ങി അൽപനേരം പാരായണം നടത്തി തിരിച്ചുകൊടുക്കുക അദ്ദേഹത്തിന്റെ പതിവാണ്. ആത്മീയ ലഹരിയിൽ ലയിച്ചു ജീവിച്ച മഹാൻ മുഹ്‌യിദ്ദീൻ പള്ളിക്കു ചാരെ അന്ത്യവിശ്രമം കൊള്ളുന്നു.
അലി സഖാഫി പുൽപറ്റ