ബദ്റില്‍ വീരമൃത്യുസൗഭാഗ്യം നേടിയ സ്വഹാബി വര്യര്‍ 14 പേരാണ്. ആറു മുഹാജിറുകളും എട്ട് അന്‍സ്വാരികളും. ഉബൈദതുബ്നു ഹാരിസ്(റ), ഉമൈറുബ്നു അബീ വഖാസ്(റ), ദുശ്ശിമാലൈനിബ്നു അബൂ അംറ്(റ), ആഖിലുബ്നുല്‍ ബുകൈര്‍(റ), മിഹ്ജഅ് മൗലാ ഉമറുബ്നില്‍ ഖത്വാബ്(റ), സ്വഫ്വാനുബ്നു ബൈളാഅ്(റ) എന്നിവരാണ് മുഹാജിറുകളായ ശുഹദാക്കള്‍.

സഅ്ദുബ്നു ഖൈസമ(റ), മുബശ്ശിറുബ്നു അബ്ദില്‍ മുന്‍ദിര്‍(റ), യസീദുബ്നുല്‍ ഹാരിസ്(റ), ഉമൈറുബ്നുല്‍ ഹുമാം(റ), റാഫിഅ് ബ്നുല്‍ മുഅല്ല(റ), ഔഫ് ബ്നുല്‍ ഹാരിസ്ബ്നു രിഫാഅത്ത്(റ), മുഅയ്യിദ് ബ്നുല്‍ ഹാരിസ് ബ്നു രിഫാഅ(റ) എന്നിവരാണ് അന്‍സ്വാരികളായ ശുഹദാക്കള്‍.

ഈ പതിനാലു മഹാരഥരുടെ വീരമരണം പ്രത്യക്ഷത്തില്‍ ബദ്റിന്‍റെ നഷ്ടമായിത്തോന്നാമെങ്കിലും അവര്‍ അനിതരമായ മഹാസൗഭാഗ്യമാണ് സ്വന്തമാക്കിയിട്ടുള്ളത്. അവരും അവര്‍ ഉള്‍പ്പെടെ ആദ്യത്തെ സമര പങ്കാളികളായ സ്വഹാബിവര്യന്മാരും ഇസ്‌ലാമിക ചരിത്രത്തിലെ തിളക്കമുള്ള താരകങ്ങളാണ്. മുസ്ലിം ഹൃദയാന്തരങ്ങളില്‍ പച്ചപിടിച്ചു നില്‍ക്കുന്ന വിശേഷ വ്യക്തിത്വങ്ങളാണ് ബദ്രീങ്ങള്‍, ബദര്‍ ശുഹദാക്കള്‍.

എക്കാലത്തെയും മുസ്ലിംകള്‍ക്ക് ആത്മാഭിമാന ബോധത്തിന്‍റെ അര്‍ത്ഥവും അടയാളവും നിശ്ചയിച്ചു നല്‍കിയ പോരാട്ടത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും കഥയാണ് ബദ്റിന്‍റേതും ബദ്രീങ്ങളുടേതും. ആ വിശുദ്ധ ഭൂമിയില്‍ അമരത്വം നേടിയ സൗഭാഗ്യവാന്മാരായ ശുഹദാക്കളെ ഹ്രസ്വമായി പരിചയപ്പെടാം.

ഉബൈദതുബ്നുല്‍ ഹാരിസ്(റ)

നബി(സ്വ)യുടെ കുടുംബമായ ഖുറൈശിലെ അബ്ദുമനാഫിന്‍റെ സന്തതികളില്‍ പെട്ട മുത്വലിബിന്‍റെ മകന്‍ ഹാരിസിന്‍റെ മകനാണ് ഉബൈദത്(റ). നബി(സ്വ) ദാറുല്‍ അര്‍ഖമില്‍ കേന്ദ്രീകരിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം വിശ്വാസിയായിരുന്നു. ഉസ്മാനുബ്നു മള്ഊന്‍(റ) അബ്ദുല്ലാഹിബ്നുല്‍ അര്‍ഖം(റ), അബൂസലമ(റ) എന്നിവര്‍ ഒരേ സമയത്താണ് നബി(സ്വ)യെ സമീപിച്ച് ഇസ്‌ലാം സ്വീകരിച്ചത്. അദ്ദേഹത്തിന്‍റെ സഹോദരങ്ങളായ ത്വുഫൈല്‍(റ), അല്‍ഹുസ്വൈന്‍(റ), പിതൃസഹോദരനായ അബ്ബാദിന്‍റെ പുത്രന്‍ മിസ്ത്വഹ് ബ്നു ഉസാസ(റ)യും ഒന്നിച്ച് മദീനയിലേക്ക് ഹിജ്റ പോയി. ഇവര്‍ നാലുപേരും ബദ്റില്‍ സംബന്ധിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ്.

ദൗത്യമുന്നേറ്റം

ഉബൈദ്(റ)നു നബി(സ്വ)യുടെ അടുത്ത് വലിയ പരിഗണനയും സ്ഥാനവുമുണ്ടായിരുന്നു. നബി(സ്വ)യില്‍ വിശ്വസിച്ച മക്കയിലെ ഖുറൈശി ഗോത്രത്തില്‍ നിന്നുള്ള കാരണവരായിരുന്നു അദ്ദേഹം. നബി(സ്വ)യേക്കാള്‍ പത്തു വയസ്സ് കൂടുതലുണ്ടായിരുന്നു. മദീനയിലെത്തിയ പ്രവാചകരെയും വിശ്വാസികളെയും അവിടെയും സ്വൈര്യമായി ജീവിക്കാന്‍ ശത്രുക്കള്‍ അനുദവിച്ചില്ല. അവരും സഖ്യകക്ഷികളും മദീനയെ പലവിധേനയും ശല്യപ്പെടുത്തി. അതിനാല്‍ റസൂല്‍(സ്വ) നേരിട്ട് നേതൃത്വം നല്‍കിയ ചില മുന്നേറ്റങ്ങള്‍ നടത്തി. അതിലൊന്നായിരുന്നു ഗസ്വതുവദാന്‍, ഗസ്വതുല്‍ അബവാഅ് എന്നീ പേരുകളിലറിയപ്പെടുന്ന സൈനിക നീക്കം. മദീനയിലെത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പായിരുന്നു ഇത്. നബി(സ്വ) നടത്തിയ ആദ്യ ഗസ്വതും ഇതായിരുന്നു.

വദാനിലെ ദൗത്യം സമാധാനപരമായി പൂര്‍ത്തീകരിച്ച് നബി(സ്വ) മദീനയില്‍ തിരിച്ചെത്തി. മദീനയുടെ പരിസരത്ത് മക്കക്കാരുടെ ഇടപെടലും ശല്യപ്പെടുത്തലും തുടര്‍ന്നപ്പോള്‍ പ്രതികരിക്കാന്‍ തക്ക ശക്തരാണ് മുസ്ലിംകള്‍ എന്ന് അവരെ ബോധ്യപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവശ്യമായി. അബൂസുഫ്യാന്‍റെ നേതൃത്വത്തില്‍ മക്കക്കാരുടെ വര്‍ത്തക സംഘം മദീനയുടെ സമീപത്തെത്തിയ വിവരമറിഞ്ഞ നബി(സ്വ) പ്രതിരോധത്തിന് ഒരു സംഘത്തെ അയക്കാന്‍ തീരുമാനിച്ചു.

ഈ സംഘത്തിന്‍റെ നായകത്വം ഉബൈദത്(റ)നെയാണ് ഏല്‍പ്പിച്ചത്. സംഘത്തില്‍ മുഹാജിറുകള്‍ മാത്രമാണുണ്ടായിരുന്നത്. അവര്‍ 60 പേരാണെന്നും 80 പേരാണെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്. അബൂസുഫ്യാനും സംഘവും റാബഗില്‍ വിശ്രമിക്കുന്ന സമയത്താണ് ഉബൈദ(റ)ന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തിയത്. സഅ്ദുബ്നു അബീവഖാസ്(റ) അസ്ത്രമെയ്തതല്ലാതെ മറ്റു ആക്രമണങ്ങളൊന്നും നടന്നില്ല. അവര്‍ മുഖാമുഖം വന്നെങ്കിലും ഒറ്റപ്പെട്ട വാഗ്വാദങ്ങള്‍ മാത്രമേ നടന്നുള്ളൂ. സഅ്ദ്(റ)ന്‍റെ അസ്ത്രപ്രയോഗം അവരെ അലോസരപ്പെടുത്തിയെങ്കിലും സംഘട്ടനത്തിന് നില്‍ക്കാതെ അവര്‍ പിരിഞ്ഞുപോയി. അബൂസുഫ്യാന്‍റെ സംഘത്തിന്‍റെ കൂടെ യാത്ര ചെയ്ത് മദീനയിലെത്താമെന്ന നിലയില്‍ സംഘത്തില്‍ ചേര്‍ന്ന രണ്ടു വിശ്വാസികളുമുണ്ടായിരുന്നു. മിഖ്ദാദുബ്നു അംര്‍(റ), ഉത്ബതുബ്നു ഗസ്വാന്‍(റ). രണ്ടുപേരും മുസ്ലിംകളുടെ കൂടെ ചേര്‍ന്ന് മദീനയിലേക്കു വന്നു.

സംഘട്ടനമൊന്നും ഉണ്ടായില്ലെങ്കിലും ഇത് മുസ്ലിം പക്ഷത്തിന് വലിയ വിജയമാണ് നല്‍കിയത്. അറുപതോ എണ്‍പതോ മാത്രം അംഗങ്ങളുള്ള സംഘം അബൂസുഫ്യാനെയും കൂട്ടരെയും ഭയവിഹ്വലരാക്കിയെന്നതാണ് കാരണം. സംവിധാനങ്ങളുണ്ടായിട്ടും അവര്‍ നേരിടാന്‍ ധൈര്യം കാണിച്ചില്ല. മക്കയിലെ മാടമ്പികള്‍ക്കിതൊരു പ്രഹരമായി. വിശ്വാസികള്‍ക്ക് വിജയവും.

ബദ്റിലേക്ക്

നബി(സ്വ)യോടൊപ്പം ഏതു ദൗത്യമേറ്റെടുക്കാനും സ്വഹാബികള്‍ സന്നദ്ധരായിരുന്നു. ബദര്‍ സംഭവത്തിന് നിദാനമായ യാത്രയും അത്തരത്തിലൊന്നായിരുന്നു. അതില്‍ പങ്കാളികളായവരും നേരിട്ടും അല്ലാതെയും സേവനം ചെയ്തവരും ഉന്നത ശ്രേഷ്ഠരായി പരിഗണിക്കപ്പെട്ടു. എന്നാല്‍ ഈ യാത്രയില്‍ പങ്കെടുക്കാനായവരാകട്ടെ അന്നുണ്ടായിരുന്ന സ്വഹാബികളുടെ സംഖ്യയെ അപേക്ഷിച്ച് വളരെ ചെറുതായിരുന്നു. അതൊരു വേറിട്ട സൗഭാഗ്യമായിത്തീരുന്നത് ഈ പശ്ചാത്തലത്തിലാണ്.

ബദ്റിലെത്തുമ്പോള്‍ ലക്ഷ്യപ്രാപ്തിയുടെ പൂമുഖത്തെത്തിയ ആവേശമായിരുന്നു അവര്‍ക്ക് വിജയത്തിനും ശഹാദത്തിനും പുറത്ത് ഒന്നും അവര്‍ കണക്ക് കൂട്ടിയിരുന്നില്ല. നബി(സ്വ)യുടെ നേതൃസാന്നിധ്യവും പ്രാര്‍ത്ഥനയും ഒത്തിണങ്ങിയ പ്രധാന മുഹൂര്‍ത്തത്തിലേക്ക് നടന്നടുക്കുകയായിരുന്നു ബദ്രീങ്ങള്‍.

ശത്രുപാളയത്തില്‍ അഹങ്കാരത്തിന്‍റെയും അര്‍മാദത്തിന്‍റെയും അരങ്ങുവാഴ്ചയാണ്. തങ്ങളുടെ സൗകര്യങ്ങളില്‍ മതിമറന്ന് അക്രമാസക്തരാണവര്‍. വിശ്വാസികള്‍ ദുര്‍ബലരാണെന്ന മൂഢവിശ്വാസം അവരെ സുഖിയന്മാരാക്കി. ഇബ്ലീസിന്‍റെ സാന്നിധ്യവും പ്രോത്സാഹനവും അക്രമോത്സുകരുമാക്കി.

നബി(സ്വ)യോടൊപ്പം ഉബൈദത്ത്(റ)വും സഹോദരങ്ങളുമുണ്ടായിരുന്നു. അവര്‍ക്ക് നാലുപേര്‍ക്കും കൂടി ഒരു വാഹനമാണുണ്ടായിരുന്നത്. ഉബൈദ(റ)വാണത് സംഘടിപ്പിച്ചത്. പ്രായം മറന്ന ഉത്സാഹത്തോടെ തിരുനബി(സ്വ)ക്കൊപ്പം ഉബൈദ(റ) ബദ്റിലിറങ്ങി. പരിമിതികള്‍ ഏറെയുണ്ടെങ്കിലും പരിഗണിക്കാതെ സത്യത്തിന്‍റെ നിലനില്‍പ്പിനായി പൊരുതാനുറച്ചു അദ്ദേഹം. പോരാട്ടത്തിനു തുടക്കമിട്ട് ശത്രുപാളയത്തില്‍ നിന്ന് വീരവാദവും വെല്ലുവിളിയും ഉയര്‍ന്നു. അഭിശപ്തരും അഹങ്കാരികളുമായ നേതൃത്വം നാശമേ വിതക്കൂ. ശത്രുപക്ഷത്തിന്‍റെ സ്ഥിതി അതായിരുന്നു.

മക്കക്കാരില്‍ നിന്നും ഉത്ബത്ബ്നു റബീഅത്തും ശൈബത്തുബ്നു റബീഅത്തും വലീദുബ്നു ഉത്ബത്തും മുന്നോട്ടുവന്നു. ആരുണ്ട് ഞാനുമായി ദ്വന്ദ യുദ്ധത്തിന്. കടന്നുവരൂ – അവര്‍ ഓരോരുത്തരായി വെല്ലുവിളിച്ചു.

അന്‍സ്വാരികളായ യുവാക്കള്‍ നബി(സ്വ)ക്ക് നല്‍കിയ അഖബയിലെ വാഗ്ദാനം പാലിക്കാന്‍ മുന്നോട്ടാഞ്ഞു.

ഉത്ബ അവരെ പരിഹസിച്ചു ചോദിച്ചു:

നിങ്ങളോ, ആരാണു നിങ്ങള്‍?

ഞങ്ങള്‍ മദീനക്കാരായ ഇന്ന ഇന്ന ആളുകളാണെന്നവര്‍ പറഞ്ഞപ്പോള്‍ ഉത്ബ:

‘വേണ്ട, നിങ്ങളെ ഞങ്ങള്‍ക്കാവശ്യമില്ല. ഞങ്ങളുടെ നാട്ടുകാര്‍, കുടുംബക്കാര്‍ വരട്ടെ.’

നബി(സ്വ) സൈനിക നിരയിലേക്കു നോക്കി പറഞ്ഞു:

‘ഹംസ, അലി, ഉബൈദ എതിരിടൂ.’

‘ഖും യാ ഉബൈദതബ്നല്‍ ഹാരിസ്’ – റസൂല്‍(സ്വ) പ്രത്യേകം വിളിച്ചു.

പ്രായമേറെയായെങ്കിലും ഈ നിയോഗം ഉബൈദ(റ)വിനെ കോള്‍മയിര്‍ കൊള്ളിച്ചു. മൂന്നുപേരും അടര്‍ക്കളത്തിലേക്കു ചാടി. പ്രതിയോഗികള്‍ പരസ്പരമടുത്തു. പ്രായത്തില്‍ അല്‍പം പൊരുത്തമുള്ളവര്‍ തമ്മിലാണ് നേരിട്ടത്. ശൈബത്തിനെ ഹംസ(റ), വലീദിനെ അലി(റ), ഉത്ബതിനെ ഉബൈദത്(റ). അലി(റ)ന്‍റെ മുമ്പില്‍ വലീദ് നിലംപരിശായി. ഹംസ(റ)ന്‍റെ പ്രതിയോഗി ശൈബത്തിനും ആയുസ്സുണ്ടായില്ല.

ഉബൈദത്(റ)വും ഉത്ബതും തുല്യശക്തികളെപ്പോലെ പൊരുതി. പരസ്പരം വെട്ടി പരിക്കേല്‍പ്പിച്ചു. പിരടിക്ക് വെട്ടേറ്റ ഉത്ബത് ഉബൈദതി(റ)ന്‍റെ കാലില്‍ ആഞ്ഞുവെട്ടി. ഉബൈദ(റ) വീണു. രംഗം കണ്ട അലി(റ)വും ഹംസ(റ)വും ഓടിയെത്തി ഉത്ബതിനെ നേരിട്ടു. നിമിഷ നേരം കൊണ്ട് അവന്‍റെ കഥ കഴിഞ്ഞു.

ശേഷം ഉബൈദത്(റ)വിനെ എടുത്ത് പ്രവാചക സന്നിധിയിലെത്തിച്ചു. നബി(സ്വ)യുടെ മടിയില്‍ തലവെച്ചു കിടന്നു മഹാന്‍. അബൂത്വാലിബ് പാടിയ കവിതയില്‍ നിന്ന് രണ്ടു വരികള്‍ ആ കിടത്തത്തില്‍ അദ്ദേഹം ചൊല്ലി.

‘അല്ലാഹുവിന്‍റെ ഭവനം തന്നെ സത്യം. ഞങ്ങള്‍ മുഹമ്മദിനെ കൈവെടിയുമെന്നും നബിയോര്‍ക്കുവേണ്ടി പോരാടില്ലെന്നും ഞങ്ങളെല്ലാം നിലംപതിച്ചെങ്കിലല്ലാതെ പ്രവാചകരെ നിരുപാധികം വിട്ടുതരുമെന്നുമുള്ള നിങ്ങളുടെ ധാരണ തെറ്റാണ്, കള്ളമാണ്’ എന്നായിരുന്നു അതിന്‍റെ സാരം.

എന്നിട്ട് പറഞ്ഞു: ‘അബൂത്വാലിബ് ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അതു പറയാന്‍ എനിക്കാണ് കൂടുതല്‍ അര്‍ഹത എന്ന് അദ്ദേഹം മനസ്സിലാക്കുമായിരുന്നു.’

ശേഷം അദ്ദേഹം നബി(സ്വ)യോട് ചോദിച്ചു: ‘ഞാന്‍ യുദ്ധവേളയില്‍ കൊല്ലപ്പെട്ടവനായി പരിഗണിക്കപ്പെടുകയില്ലേ നബിയേ.’

അവിടുന്ന് പറഞ്ഞു: ‘അതേ, ഞാനതില്‍ താങ്കള്‍ക്ക് സാക്ഷിയാണ്.’

ആ സമയത്ത് അദ്ദേഹം പാടിയ കവിത പ്രസിദ്ധം. അതില്‍ ഈ അനുഭവത്തെ സൗഭാഗ്യമായും മക്കക്കാരുടെ വീരവാദത്തിനും വെല്ലുവിളിക്കും പ്രതികരിക്കാന്‍ തിരുനബി തനിക്കവസരം നല്‍കിയതും അതിന്‍റെ പരിണതിയായി ലഭിച്ച വീരമരണത്തെ ഉപഹാരമായും വര്‍ണിക്കുന്നു. ഇതു മക്കക്കാരറിയട്ടെ എന്നു പറഞ്ഞാണ് മഹാന്‍ കവിത തുടങ്ങിയത്.

ബദര്‍ അവസാനിച്ചു. നബി(സ്വ)യും സ്വഹാബത്തും വിജയശ്രീലാളിതരായി മദീനയിലേക്ക് തിരിച്ചു. സ്വഫ്റാഇനു അടുത്തെത്തിയപ്പോള്‍ സ്വഹാബികളില്‍ ചിലര്‍ പറഞ്ഞു: ‘റസൂലേ, ഞങ്ങള്‍ക്കിവിടെ കസ്തൂരിയുടെ സുഗന്ധം അനുഭവപ്പെടുന്നു.’

അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ക്ക് അങ്ങനെ സംഭവിക്കുന്നതിന് വല്ല തടസ്സവുമുണ്ടോ? ഇവിടെയാണ് അബൂമുആവിയ(റ)ന്‍റെ ഖബ്റിടം (ഉബൈദത്-റ-ന്‍റെ സന്തതിയാണ് മുആവിയ. അദ്ദേഹത്തിലേക്ക് ചേര്‍ത്തിയുള്ള അപരനാമമാണ് അബൂമുആവിയ). അവര്‍ സ്വഫ്റാഇലെത്തിയ സമയത്താണ് ഉബൈദത്(റ) അന്ത്യശ്വാസം വലിച്ചത്. അവിടെ അദ്ദേഹത്തെ മറവ് ചെയ്യുകയുണ്ടായി. നബി(സ്വ) തന്നെ ഖബറടക്കത്തിന് നേതൃത്വം നല്‍കി. ഖബ്റില്‍ ഇറങ്ങിയവരിലും നബി(സ്വ) തങ്ങളുണ്ടായിരുന്നു.

അറുപത് വയസ്സിലധികം പ്രായമുള്ള സമയത്താണ് നബി(സ്വ) ഉബൈദ(റ)നോട് ദൗത്യസംഘത്തിന്‍റെ നായകത്വമേറ്റെടുക്കാന്‍ പറയുന്നതും ബദ്റില്‍ ഉത്ബത് വെല്ലുവിളിച്ചപ്പോള്‍ പോരാട്ടത്തിനിറങ്ങാന്‍ കല്‍പിക്കുന്നതും. അതെല്ലാം ഭംഗിയായി പൂര്‍ത്തീകരിച്ചാണ് സ്വര്‍ഗീയാരാമത്തിലേക്ക് അദ്ദേഹം പറന്നത്. ശഹീദായി എന്നു മാത്രമല്ല, യുദ്ധഭൂമിക്ക് പുറത്തുവെച്ച് മരിക്കുന്നതുമൂലം രക്തസാക്ഷിത്വ അവസരം നഷ്ടപ്പെടുമോ എന്ന് അദ്ദേഹം ഉത്കണ്ഠാകുലനായപ്പോള്‍ റസൂല്‍(സ്വ) ആശ്വസിപ്പിച്ചത് റസൂലും മഹാനും തമ്മിലുള്ള ബന്ധം കുറിക്കുന്നതാണ്.

സഹോദരങ്ങള്‍

സത്യവിശ്വാസത്തിലും ഹിജ്റയിലും തന്‍റെ മാര്‍ഗം പിന്തുടര്‍ന്ന സഹോദരങ്ങളായ ത്വുഫൈല്‍, അല്‍ഹുസൈന്‍ എന്നിവരും പിതൃസഹോദര പൗത്രന്‍ മിസ്ത്വഹ്(റ)വും ബദര്‍ യുദ്ധത്തിലും ഒന്നിച്ചുണ്ടായിരുന്നു. ത്വുഫൈല്‍(റ) ബദ്റിനു ശേഷം നടന്ന മുഴുവന്‍ ഗസ്വതുകളിലും സംബന്ധിച്ചിട്ടുണ്ട്. 70 വയസ്സുള്ളപ്പോഴാണ് അദ്ദേഹം വഫാത്തായത്. ഹുസൈന്‍(റ)വും ബദ്റിലും മറ്റു ഗസ്വത്തിലും നബി(സ്വ)യോടൊപ്പം പങ്കെടുത്തു. ത്വുഫൈല്‍(റ)നു ശേഷമാണ് ഇദ്ദേഹത്തിന്‍റെ വഫാത്ത്. കുടുംബക്കാരനായ മിസ്ത്വഹ്(റ)വും ബദ്റിനു ശേഷമുള്ള പോരാട്ടങ്ങളിലെല്ലാം സംബന്ധിച്ച സ്വഹാബിയാണ്.

സ്ഥാപിത സാഹോദര്യം

മാതൃപിതൃ വഴിയുള്ള സാഹോദര്യ ബന്ധത്തിനു പുറമെ നബി(സ്വ) നിശ്ചയിച്ചു നല്‍കുന്ന സാഹോദര്യമുണ്ട്. സുരക്ഷിതത്വം പകരുന്നതിന്‍റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഈ സാഹോദര്യ ബന്ധം ആത്മവിശ്വാസവും ആത്മധൈര്യവും പകരുന്നതായിരുന്നു. മക്കയില്‍ നിന്നു തന്നെ നിരാലംബര്‍ക്കും പീഡിതര്‍ക്കും ആശ്വാസമായി ഇങ്ങനെ സാഹോദര്യ ബന്ധം സ്ഥാപിച്ചു നല്‍കിയിരുന്നു. ഇത്തരത്തില്‍ മക്കയില്‍ അദ്ദേഹത്തിന്‍റെ സഹോദരനായിരുന്നു ബിലാല്‍(റ). സത്യത്തിലും സഹകരണത്തിലുമൂന്നിയായിരുന്നു പ്രധാനമായും ഈ ബന്ധം. മദീനയില്‍ ഉബൈദത്ത്(റ)ന്‍റെ സഹോദരന്‍ ഉമൈറുബ്നുല്‍ ഹുമാമെന്ന അന്‍സ്വാരി സ്വഹാബി വര്യനായിരുന്നു. അവര്‍ രണ്ടുപേരും ബദ്റില്‍ വീരമൃത്യു വരിച്ചു.

ഭാര്യക്കും സൗഭാഗ്യം

സൈനബ ബിന്‍തു ഖുസൈമ അല്‍ഹിലാലിയ്യ(റ)യാണ് ഉബൈദ(റ)ന്‍റെ ഭാര്യ. ബദ്റില്‍ അദ്ദേഹം ശഹീദായപ്പോള്‍ മഹതിക്ക് 60 വയസ്സിലധികം പ്രായമുണ്ടായിരുന്നു. അവരെ പ്രവാചകര്‍(സ്വ) വിവാഹം ചെയ്തു. ഉമ്മുല്‍ മുഅ്മിനീന്‍ എന്ന അതിവിശിഷ്ടമായ പദവി ലഭിക്കാന്‍ ഭര്‍ത്താവിന്‍റെ ശഹാദത്ത് സാഹചര്യമൊരുക്കി.

ഉബൈദ(റ)നു ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വാണ് ഇവരെ വിവാഹം ചെയ്തതെന്ന അഭിപ്രായവും പ്രബലമാണ്. അബ്ദുല്ല(റ) ഉഹ്ദില്‍ ശഹീദായതിനു ശേഷമാണ് അവരെ നബി(സ്വ) വിവാഹം ചെയ്തതെന്നാണ് ഈ പക്ഷത്തിന്‍റെ അഭിപ്രായം. രണ്ടായാലും തിരുനബിയുമായുള്ള വിവാഹ ബന്ധത്തിലൂടെ വിശ്വാസികളുടെ മാതൃപദവി നേടി. സൈനബ ബിന്‍ത് ഖുസൈമ(റ) ഭാഗ്യവതിയായി. ചരിത്രത്തിലും സമൂഹത്തിലും നേരത്തെതന്നെ മഹതി സദ്ഗുണ സമ്പന്നയെന്ന നിലക്ക് അറിയപ്പെടുകയുണ്ടായി. പാവപ്പെട്ടവരെ സഹായിക്കുന്നതും ഭക്ഷണം നല്‍കുന്നതും അവരുടെ ദിനചര്യയായിരുന്നു. അതിനാല്‍ ഉമ്മുല്‍ മസാകീന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു.

അവസാനം നബി(സ്വ)യുടെ പ്രിയ പത്നിയും വിശ്വാസികളുടെ മാതാവുമായി ചരിത്രത്തില്‍ അനശ്വര പദവിയും നേടി. നബി(സ്വ)യുടെ ജീവിത കാലത്ത് തന്നെ നിര്യാതയായ അവരുടെ അന്ത്യകര്‍മങ്ങള്‍ക്ക് അവിടുന്ന് നേതൃത്വം നല്‍കി. ജന്നതുല്‍ ബഖീഇല്‍ മറവ് ചെയ്യപ്പെട്ട ആദ്യ ഉമ്മുല്‍ മുഅ്മിനീന്‍ അവരായിരുന്നു.

(തുടരും)

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ