അല്ലാഹുവുമായുള്ള സാമീപ്യം ഉദ്ദേശിച്ചുകൊണ്ട് ദുൽഹിജ്ജ പത്താം ദിവസം ളുഹാ സമയത്തിനും പതിമൂന്നാം ദിവസം മഗ്‌രിബിനുമിടക്കുള്ള സമയത്ത് ആട്, മാട്, ഒട്ടകങ്ങളിൽ നിന്ന് അറവ് നടത്തുന്ന മൃഗത്തിനാണ് ഉള്ഹിയ്യത്ത് എന്നു പറയുന്നത്. ഈ ബലികർമം നടത്തുന്ന ആദ്യസമയത്തിന്റെ പേരുകൊണ്ടാണ് ഇതിനു നാമകരണം ചെയ്തിട്ടുള്ളത് (തുഹ്ഫ 9/343).
ഉള്ഹിയ്യത്ത് നിർബന്ധമോ സുന്നത്തോ?
ശാഫിഈ മദ്ഹബ് പ്രകാരം കഴിവും കാര്യബോധവും ബുദ്ധിയും പ്രായപൂർത്തിയുമുള്ള സ്വതന്ത്രനായ ഏതൊരു മുസ്‌ലിമിനും ഉള്ഹിയ്യത്ത് അറുക്കൽ പ്രബലമായ സുന്നത്താണ്. യാത്രക്കാരനും കുഗ്രാമവാസിക്കും മിനായിൽ നിൽക്കുന്ന ഹജ്ജ് ചെയ്യുന്ന വ്യക്തിക്കും അദ്ദേഹം ഹറമിലേക്കുള്ള ഹദ്‌യ മൃഗസമർപണം നടത്തിയിട്ടുണ്ടെങ്കിലും സുന്നത്തുതന്നെയാണ് (തുഹ്ഫ 9/344).
വൈയക്തികമോ സാമൂഹികമോ?
ഒരു വീട്ടിൽ ഒന്നിലധികം പേരുണ്ടെങ്കിൽ സാമൂഹിക സുന്നത്താണ്. ഇല്ലെങ്കിൽ വൈയക്തിക സുന്നത്തും. സാമൂഹിക സുന്നത്താകുമ്പോൾ അവരുടെ കൂട്ടത്തിൽ നിന്ന് കാര്യബോധമുള്ള ഒരാൾ നിർവഹിച്ചാൽ മതിയാകുന്നതാണ്. അബൂഅയ്യൂബിൽ അൻസ്വാരി(റ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ് ഇതിനു തെളിവാണ്. അദ്ദേഹം പറയുന്നു: ഞങ്ങൾ ഒരാടു കൊണ്ട് ഉള്ഹിയ്യത്ത് നടത്താറുണ്ടായിരുന്നു. ഒരാൾ തനിക്കു വേണ്ടിയും വീട്ടുകാർക്കു വേണ്ടിയും അറുക്കുമായിരുന്നു (തുഹ്ഫ 9/344).
വീട്ടിൽ ഒന്നിലധികം അംഗങ്ങളുണ്ടെങ്കിൽ ബലികർമം സാമൂഹിക സുന്നത്താണെന്നു പറഞ്ഞല്ലോ. എന്നാൽ ഒരു വീട്ടുകാർ എന്നതുകൊണ്ട് എന്താണുദ്ദേശ്യം?
വീട്ടുകാരെന്നതു കൊണ്ടുദ്ദേശ്യം ഒരാളുടെ ചെലവിൽ-അതു സൗജന്യമാണെങ്കിലും-ജീവിക്കുന്ന ആളുകളാണ്. കുടുംബബന്ധമില്ലാതെ വീടിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു വീട്ടിൽ താമസിക്കുന്നവരല്ല (തുഹ്ഫ 9/345).
വീട്ടുകാരിൽ നിന്ന് ആരെങ്കിലുമൊരാൾ നിർവഹിച്ചാൽ മതിയാകുമോ. അതോ കുടുംബനാഥൻ തന്നെ ആകേണ്ടതുണ്ടോ?
ഒരാൾ എന്നതു കുടുംബനാഥനല്ലാത്തവരെയും ഉൾപെടുത്തുന്നുണ്ട്. അപ്പോൾ അയാളുടെ സന്താനങ്ങളിലൊരാൾ ഉള്ഹിയ്യത്ത് നടത്തിയാലും അവർക്കെല്ലാം അതുകൊണ്ട് പര്യാപ്തത ലഭിക്കും (ശർവാനി 9/344).
മരിച്ച വ്യക്തിക്കു വേണ്ടി ഉള്ഹിയ്യത്ത് നടത്താനാകുമോ?
മരിച്ചയാൾക്കു വേണ്ടി അവന്റെ വസ്വിയ്യത്ത് ഇല്ലെങ്കിൽ ഉള്ഹിയ്യത്ത് നടത്തൽ അനുവദനീയമല്ല. അത് ശരിയാവുകയുമില്ല. എന്തുകൊണ്ടെന്നാൽ ഉള്ഹിയ്യത്ത് ആരാധനയാണ്. പ്രത്യേകമായ തെളിവില്ലാതെ മറ്റൊരാൾക്കു വേണ്ടി ആരാധന നടത്താൻ പാടില്ല എന്നതാണ് നിയമം (തുഹ്ഫ 9/368). എന്നാൽ മരിക്കും മുമ്പ് വസിയ്യത്ത് ചെയ്തിരുന്നുവെങ്കിൽ അവനു വേണ്ടി ഉള്ഹിയ്യത്ത് സാധുവാകും. കാരണം, നബി(സ്വ) അലി(റ)നോട് തനിക്കു വേണ്ടി ഓരോ വർഷവും ഉള്ഹിയ്യത്ത് നടത്താൻ കൽപിച്ചിരുന്നുവെന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട് (തുഹ്ഫ 9/368).
അറവിന്റെ സമയം?
ബലിപെരുന്നാൾ ദിവസം സൂര്യനുദിച്ച്, ലഘുവായ രണ്ടു റക്അത്തുകളുടെയും ലഘുവായ രണ്ടു ഖുത്വുബകളുടെയും സമയം കഴിഞ്ഞാൽ ഉള്ഹിയ്യത്തിന്റെ സമയമായി. തശ്‌രീഖിന്റെ മൂന്നാം നാൾ സൂര്യാസ്തമയത്തോടെ സമയം അവസാനിക്കും (റൗള, പേ. 436).
നേർച്ചയാക്കിയ ഉള്ഹിയ്യത്ത് എപ്പോൾ അറുക്കണം?
ആട്, മാട്, ഒട്ടകങ്ങളിൽ നിന്ന് തന്റെ ഉടമാവകാശത്തിലുള്ള നിശ്ചിത മൃഗത്തെ ഒരാൾ നേർച്ചയാക്കി. അതായത് ഈ മൃഗത്തെ ഉള്ഹിയ്യത്തറുക്കൽ എനിക്കു നിർബന്ധമാണെന്നോ, അല്ലെങ്കിൽ ഇതിനെ ഞാൻ ഉള്ഹിയ്യത്താക്കിയെന്നോ, അതുമല്ലെങ്കിൽ ഇത് ഉള്ഹിയ്യത്താണെന്നോ പറഞ്ഞു. എങ്കിൽ ആ നിർണയം കൊണ്ടുതന്നെ അതിൽ നിന്ന് അവന്റെ ഉടമസ്ഥാവകാശം നീങ്ങി. അതിനെ പ്രസ്തുത സമയത്ത് തന്നെ അദാആയി അറുക്കൽ അവനു നിർബന്ധമായി. നേർച്ചക്കു ശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും ആദ്യത്തെ സമയമാണ് സമയമെന്നതു കൊണ്ടുദ്ദേശിക്കുന്നത്. അല്ലാതെ അടുത്ത വർഷത്തെ സമയമല്ല.
ന്യൂനതയുള്ളതുകൊണ്ടോ വയസ്സ് തികയാത്തതുകൊണ്ടോ ഉള്ഹിയ്യത്തിനു പര്യാപ്തമല്ലാത്ത മൃഗത്തെ നേർച്ചയാക്കിയാലും വിധി ഇതുതന്നെയാണ്. പര്യാപ്തമായത് നേർച്ചയാക്കുകയും പിന്നീട് അത് അപര്യാപ്തമാവുകയും ചെയ്താലും മുകളിൽ പറഞ്ഞ നിശ്ചിത മൃഗത്തിന്റെ വിധി തന്നെയാണ് ബാധകമാവുക.
ഉള്ഹിയ്യത്ത് മൃഗം നശിച്ചാൽ?
നേർച്ചയാക്കിയ ഉള്ഹിയ്യത്ത് മൃഗം നശിച്ചു പോവുകയോ കൈമോശം വരുകയോ മോഷ്ടിക്കപ്പെടുകയോ അതിനു ന്യൂനത ബാധിക്കുകയോ ചെയ്തത് സമയത്തിനു മുമ്പോ, സമയമായ ശേഷം അറവിനു സാധ്യമാകും മുമ്പോ അവന്റെ വീഴ്ച കൂടാതെയാണെങ്കിൽ പകരമായി ഒന്നും നിർബന്ധമില്ല. നേർച്ചയാക്കുക മുഖേന അതിൽ നിന്ന് അവന്റെ ഉടമാവകാശം നീങ്ങിയതു കൊണ്ട് അതിനു പകരം നൽകൽ അവനു നിർബന്ധമില്ല (തുഹ്ഫ 9/356).
നേർച്ച മൃഗം സമയത്തിനു മുമ്പ് നശിക്കാറായാൽ അറവ് നടത്തൽ നിർബന്ധമുണ്ടോ?
നേർച്ച മൃഗം സമയത്തിനു മുമ്പ് നശിക്കാറാവുകയും അറവ് നടത്താൻ സാധ്യമാവുകയും ചെയ്താൽ അറുത്ത് അതിന്റെ മാംസം ഉള്ഹിയ്യത്ത് പോലെ വിതരണം ചെയ്യൽ അവനു നിർബന്ധമാണ്. അവന്റെ പക്കൽ നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലാത്തതുകൊണ്ട് അതിനു പകരം അറുക്കൽ നിർബന്ധമില്ല. എന്നാൽ നശിക്കാറായ മൃഗത്തെ അറവ് നടത്താൻ സൗകര്യപ്പെട്ടിട്ടും അറുക്കാതിരുന്ന് നശിച്ചതിന്റെ പേരിൽ അവൻ ബാധ്യസ്ഥനാകും (ഹാശിയതുന്നിഹായ 8/138).
ഉള്ഹിയ്യത്ത് മൃഗത്തിന്റെ ഉത്തമ വർണം?
ബലിമൃഗത്തിന്റെ ഏറ്റവും ഉത്തമമായ വർണം വെളുപ്പാണ്. പിന്നെ മഞ്ഞ, ശേഷം ചാര നിറമുള്ളത്, അനന്തരം ചുവപ്പ്, ശേഷം കറുപ്പും വെളുപ്പും കലർന്നത്, പിന്നെ കറുപ്പു വർണമുള്ളത് (ഖുലാസ്വ, തർശീഹ്).
നിർബന്ധ ഉള്ഹിയ്യത്ത് വിതരണം ചെയ്യേണ്ടതെങ്ങനെ?
നേർച്ച കൊണ്ട് നിർബന്ധമായ ഉള്ഹിയ്യത്തിൽ നിന്ന് ഉടമക്കു തിന്നൽ ഹറാമാകും. അപ്പോൾ അതു മുഴുവനും അതിന്റെ കൊമ്പ്, കുളമ്പ് പോലുള്ള സാധനങ്ങളടക്കം സ്വദഖ ചെയ്യൽ നിർബന്ധം. അതിൽ നിന്ന് വല്ലതും അവൻ തിന്നാൽ അതിനു പകരം ഫഖീറുമാർക്ക് നൽകാൻ അവൻ ബാധ്യസ്ഥനായിത്തീരും (ഫത്ഹുൽ മുഈൻ, ഇആനത്ത്).
സുന്നത്തായ ഉള്ഹിയ്യത്ത് വിതരണമെങ്ങനെ?
സുന്നത്തായ ഉള്ഹിയ്യത്ത് മൃഗത്തിന്റെ മാംസത്തിൽ നിന്ന് വേവിക്കാതെ വല്ലതും ഒരു ഫഖീറിനെങ്കിലും സ്വദഖ ചെയ്യൽ നിർബന്ധമാണ്. അൽപമായാലും മതിയാകും. എന്നാൽ ബറകത്തിനു കഴിക്കുന്ന ഏതാനും പിടികൾ ഒഴിച്ചു ബാക്കിയുള്ളതെല്ലാം ധർമം ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം. അങ്ങനെ ബറകത്തിനെടുക്കുന്നത് കരളിന്റെ ഭാഗമാകുന്നതും മൂന്നു പിടിയെക്കാൾ കൂടുതൽ കഴിക്കാതിരിക്കലും അതിന്റെ തുകൽ ധർമം ചെയ്യലും വളരെ ഉത്തമമാകുന്നു (ഫത്ഹുൽ മുഈൻ പേ. 218).
സമ്പന്നർക്കു കൊടുക്കാമോ?
നിർബന്ധ ഉള്ഹിയ്യത്തിൽ നിന്ന് ഒന്നും തന്നെ സമ്പന്നർക്കു കൊടുക്കാവതല്ല (ഇബ്‌നു ഖാസിം 9/363). എന്നാൽ സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് സമ്പന്നർക്ക് മാംസമായോ വേവിച്ചോ നൽകാവുന്നതാണ്.
ഉള്ഹിയ്യത്ത് മാംസം ഉള്ഹിയ്യത്തുകാരനു തിന്നാമോ?
നിർബന്ധ ഉള്ഹിയ്യത്തിൽ നിന്ന് ഒന്നും ഉള്ഹിയ്യത്തുകാരന് തിന്നാവതല്ല (തുഹ്ഫ 9/363). ഉള്ഹിയ്യത്തുകാരൻ അതിൽ നിന്നു വല്ലതും കഴിച്ചാൽ പകരം നൽകാൻ ബാധ്യസ്ഥനാകും (ശർവാനി 9/ 363).
സുന്നത്തായ ഉള്ഹിയ്യത്താണെങ്കിൽ അവന് അതിൽ നിന്നു തിന്നൽ അനുവദനീയമാണെന്നു മാത്രമല്ല, സുന്നത്തു കൂടിയാണ്. നിർബന്ധമാണെന്നും അഭിപ്രായമുണ്ട്. ‘നിങ്ങൾ ഇതിൽ നിന്നു തിന്നുക’ എന്ന ഖുർആൻ വാക്യവും ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലി(റ)മും ഉദ്ധരിച്ചിട്ടുള്ള ഹദീസുമാണ് ഉള്ഹിയ്യത്ത് മാംസം തിന്നുന്നതിനുള്ള തെളിവ് (തുഹ്ഫ 9/363).
മയ്യിത്തിനു വേണ്ടിയാണ് അറവു നടത്തിയതെങ്കിൽ അവനോ സമ്പന്നന്മാർക്കോ അതിൽ നിന്നു തിന്നാവതല്ല. കാരണം, ഇവിടെ ഉള്ഹിയ്യത്ത് നടത്തിയിട്ടുള്ളത് മറ്റൊരാൾക്ക് വേണ്ടിയാണ്. അയാളുടെ അനുമതിയില്ലാതെ അതിൽ നിന്നു തിന്നാവതല്ല. ഇവിടെ അനുമതി വാങ്ങൽ അസാധ്യവുമാണ്. അതിനാൽ അതു മുഴുവൻ പാവങ്ങൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമാകും (നിഹായ, ശർവാനി 9/363).
അപ്പോൾ സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് കഴിക്കൽ സുന്നത്താകുന്നത് സ്വന്തത്തിനു വേണ്ടി അറവു നടത്തുമ്പോഴാണ്. വസ്വിയ്യത്തു ചെയ്ത മയ്യിത്ത് പോലെയുള്ള മറ്റൊരാൾക്കു വേണ്ടി അറവു നടത്തുമ്പോൾ അവനോ സമ്പന്നന്മാരായ മറ്റു വ്യക്തികൾക്കോ അതിൽ നിന്നു ഭക്ഷിക്കൽ അനുവദനീയമല്ല (ശർവാനി 9/368).
പൂച്ച പോലെയുള്ളവയ്ക്ക് ഉള്ഹിയ്യത്ത് മാംസം ഭക്ഷിപ്പിക്കാമോ?
തനിക്കു ലഭിച്ച ഉള്ഹിയ്യത്ത് മാംസത്തിൽ ദരിദ്രന് ക്രയവിക്രയാധികാരമുണ്ട്. അതിനാൽ പൂച്ചക്കും മറ്റും ഭക്ഷിപ്പിക്കാനുള്ള അവകാശവും ഉണ്ടെന്ന് വ്യക്തമാണ്. അതുപോലെ തിന്നാനും സ്വദഖ ചെയ്യാനും അപരനെ ഭക്ഷിപ്പിക്കാനും ഉള്ഹിയ്യത്തുകാരനും അവകാശമുണ്ട്. അതുകൊണ്ടുതന്നെ പൂച്ചക്കും മറ്റും തീറ്റിക്കുന്നതിൽ തെറ്റില്ല.
എന്നാൽ സമ്പന്നൻ തനിക്കു ഹദ്‌യയായി ലഭിച്ച ഉള്ഹിയ്യത്ത് മാംസത്തിന്റെ വിഷയത്തിൽ അതിഥിയെ പോലെയാണ്. അതിഥിക്ക് ആതിഥേയൻ അനുവാദം നൽകിയതു പോലെ മാത്രമാണ് ഉള്ഹിയ്യത്തുകാരൻ സമ്പന്നന് അനുവാദം നൽകിയിട്ടുള്ളത്. പൂച്ചക്കോ മറ്റോ കൊടുക്കാനുള്ള അവകാശം അതിഥിക്കില്ല. ഇക്കാര്യം പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട് (ഫതാവൽ കുബ്‌റാ 4/253).
ബലിമൃഗത്തിന്റെ രോമം ഉപയോഗിക്കാമോ?
രോമം ബലിമൃഗത്തിന് ഉപദ്രവമേൽപിക്കുന്നുവെങ്കിൽ അത് വെട്ടിയെടുക്കുകയും ഉപയോഗിക്കുകയും ചെയ്യാം. പക്ഷേ, വിൽക്കാൻ പാടില്ല (തുഹ്ഫ, ശർവാനി 9/367).
ഉള്ഹിയ്യത്തിന്റെ തുകലിന്റെ വിധി?
നിർബന്ധ ഉള്ഹിയ്യത്താണെങ്കിൽ അതിന്റെ തുകലു പോലുള്ളത് സ്വദഖ ചെയ്യൽ നിർബന്ധമാണ്. സുന്നത്തായ ഉള്ഹിയ്യത്തിൽ തുകൽ സ്വദഖ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം. എന്നാൽ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കുന്നതും അനുവദനീയമാണ്. മൃഗത്തിന്റെ മറ്റു ഭാഗങ്ങളെ പോലെത്തന്നെ തുകലും വിൽപന നടത്തലും വാടകക്കു കൊടുക്കലും അറവുകാരന് കൂലിയായി കൊടുക്കലും ഹറാമാകുന്നു. കൂലി അവന്റെ സ്വന്തം ബാധ്യതയാണ്. ഉള്ഹിയ്യത്തിന്റെ തുകൽ വല്ലവനും വിൽപന നടത്തിയാൽ അവന് ഉള്ഹിയ്യത്തില്ല എന്ന തിരുവചനവും അറവോടു കൂടി ഉള്ഹിയ്യത്ത് മൃഗം അവന്റെ ഉടമാവകാശത്തിൽ നിന്ന് നീങ്ങുന്നുവെന്ന വിധിയുമാണ് വിൽപനാദി കാര്യങ്ങൾ നിഷിദ്ധമാകാനുള്ള നിദാനം. വിൽപന നടത്തിയാൽ ഇടപാട് അസാധുവാകുന്നതുമാണ് (തുഹ്ഫത്തുൽ മുഹ്താജ് 9/365).
കോടമ്പുഴ ബാവ മുസ്‌ലിയാർ