കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ഓരോ സൃഷ്ടിയെയും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതെന്ന് ഖുർആൻ പറയുന്നുണ്ട്. മനുഷ്യനെ സൃഷ്ടിച്ചതാവട്ടെ ഏറ്റവും ഉൽകൃഷ്ടമായ ലക്ഷ്യത്തോടുകൂടിയാണ്. അതുകൊണ്ടുതന്നെ അവനാണ് പ്രപഞ്ചത്തിലെ ഏറ്റവും ഉന്നത സൃഷ്ടിയും. അല്ലാഹുവിന്റെ അർശിനെക്കാളും കുർസിയ്യിനെക്കാളും മറ്റു സകലതിനെക്കാളും ശ്രേഷ്ഠത മനുഷ്യവർഗത്തിന് നാഥൻ നൽകിയതുതന്നെ അവൻ അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിത ജീവിതം നയിക്കാൻ വേണ്ടിയാണ്. ജീവിതാരംഭം മുതൽ അവസാനം വരെ ഒരു മൈക്രോ സെക്കന്റ് പോലുമൊഴിയാതെ റബ്ബിനെ അനുസരിക്കുകയും അവനു മുമ്പിൽ എല്ലാം സമർപ്പിച്ചു ജീവിക്കുകയും വേണം. അപ്പോഴാണ് അവൻ യഥാർത്ഥ അടിമയാകുന്നത്. ബലിപെരുന്നാളിന്റെ പ്രധാന സന്ദേശവും ഇതുതന്നെ.
സഹസ്രാബ്ദങ്ങൾക്ക് മുമ്പൊരു കുടുംബം അല്ലാഹുവിനെ അനുസരിക്കാനും അവനു സർവം സമർപ്പിക്കാനും അനുഭവിച്ച ത്യാഗങ്ങൾ ഓരോ വിശ്വാസിയും എക്കാലവും സ്മരിക്കണമെന്ന ശാഠ്യം ഇസ്‌ലാം സ്വീകരിച്ചതിന്റെ രഹസ്യവും മറ്റൊന്നല്ല. പരീക്ഷണങ്ങളുടെ തീച്ചൂളയിൽ വെന്തുരുകി ജീവിതം അസഹനീയമാണെന്നു വിധിയെഴുതുന്നവർക്കും ബലിപെരുന്നാൾ ശക്തമായ സന്ദേശം നൽകുന്നു.
ഓരോരുത്തരുടെയും ജീവിതം വ്യത്യസ്ത വിധത്തിലാണ് അല്ലാഹു സംവിധാനിച്ചത്. പക്ഷേ എല്ലാവർക്കും സന്തോഷിക്കാൻ വകയുണ്ട്. അനുഭവത്തിന്റെ തീക്ഷ്ണതക്കനുസരിച്ച് അനുസ്മരണത്തിന്റെയും ആനുകൂല്യത്തിന്റെയും ഗാഢത അല്ലാഹു നൽകുമെന്ന് ബലിപെരുന്നാൾ നിരന്തരം ഉദ്‌ഘോഷിക്കുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ നാടും വീടും വിട്ട് മനുഷ്യവാസമില്ലാത്ത മരുഭൂമിയിൽ വന്നിറങ്ങിയ ഹാജറ(റ) ഒരിക്കൽ പോലും നിനച്ചിരിക്കില്ല താനിത് ചെയ്യുന്നത് ലോകംകണ്ട ഏറ്റവും വലിയ ചരിത്ര സാക്ഷ്യമായി മാറാൻ വേണ്ടിയാണെന്ന്. ഇന്ന് ഹാജറിന്റെ കാൽപാടുകൾ തേടി ലക്ഷോപലക്ഷം മക്കയിലണയുന്നുവെങ്കിൽ പരീക്ഷണങ്ങൾ നേരിടുന്നവർക്ക് ഇതെന്നും പാഠമാണ്. ഹാജറ(റ)യും മകൻ ഇസ്മാഈൽ(അ)മും ഭർത്താവ് കുടുംബനാഥനായ ഇബ്‌റാഹീം(റ)മും അനുഭവിച്ചതും പിന്നീട് അവർക്ക് കിട്ടിയതുമോർക്കുമ്പോൾ പരീക്ഷണങ്ങൾ അവസാനം നല്ലതിലേ കലാശിക്കൂ എന്ന ശുഭചിന്ത മനുഷ്യനിൽ ഉയർന്നു വരും, വരണം.
കാൽപാടുകൾ സൃഷ്ടിക്കുകയാണ് മനുഷ്യന്റെ ജന്മസാഫല്യം തന്നെ. നിത്യേന പാരായണം ചെയ്യൽ ഏറെ പുണ്യമായ യാസീൻ സൂറത്തിൽ അല്ലാഹു ഇത് വ്യക്തമാക്കിയിട്ടുണ്ട്. മരണാനന്തരവും മനുഷ്യന്റെ ശേഷിപ്പുകളും കാൽപാടുകളും ലോകത്ത് നിലനിൽക്കണം. അവന്റെ സംഭാവനകളിൽ ലോകം ചാരിതാർത്ഥ്യമടയണം. അത്തരമാളുകൾക്കേ ജീവിതം പൂർണമായും ഉപകാരപ്പെട്ടൂ എന്നു പറയാനാകൂ. ഈ ഉൾവിളികളിലേക്ക് അവനെ ഒരുക്കുകയാണ് ബലിപെരുന്നാൾ. ഒരു കുടുംബത്തിന്റെ കാൽപാടുകൾ ലോകം മൊത്തം അനുസ്മരിക്കുന്നതിന്റെ സാംഗത്യം പഠിക്കാൻ ബലിപെരുന്നാൾ മനുഷ്യനെ നിർബന്ധിക്കുന്നു. അത്തരം പഠനങ്ങളിലൂടെ സമൂഹത്തിനു കൂടുതൽ സംഭാവനകൾ നൽകാൻ അവന് ഊർജം ലഭിക്കുന്നു.
ആരാരുമില്ലാത്ത മരുഭൂമിയിൽ പോയി ഒരു നഗരം പണിയാനാണ് ബീവിയും ഭർത്താവും ധൈര്യം കാണിച്ചത്. അതും സമൂഹത്തിനു വലിയ പാഠം തന്നെ. നാഗരികതകൾ സൃഷ്ടിച്ചെടുക്കണം. അവിടെ അല്ലാഹു സ്മരിക്കപ്പെടണം. നഗരസൃഷ്ടിയെന്ന ശ്രമകരമായ ജോലി മനുഷ്യൻ ഏറ്റാൽ ആളുകളെ അവിടെയെത്തിക്കുന്ന ചുമതല അല്ലാഹു ഏറ്റെടുക്കുന്നതാണ്. വെള്ളവും മറ്റു പ്രകൃതി വിഭവങ്ങളും അവനവിടെ സംവിധാനിച്ചുതരും. മക്കയാണ് അതിനു തെളിവ്. ലോകത്ത് തരിശായി കിടക്കുന്ന എല്ലാ ഇടങ്ങളിലും മനുഷ്യസ്പർശമേൽപ്പിക്കാനുള്ള പ്രചോദനവും ബലിപെരുന്നാൾ നൽകുന്നുണ്ടെന്ന് സാരം. കാരണം മനുഷ്യനെ സൃഷ്ടിച്ചത് ഭൂമിയുടെ പരിപാലനത്തിനു വേണ്ടി കൂടിയാണല്ലോ.
ലോകം പാവങ്ങളുടേതാണെന്ന് ബലിപെരുന്നാൾ ഉറപ്പിച്ചു പറയുന്നു. പാവങ്ങളുടെ സംഭാവനകൾക്ക് അങ്ങേയറ്റത്തെ സ്ഥാനമുണ്ടെന്നാണ് ബലിപെരുന്നാളിന്റെ സന്ദേശം. നാലായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ച അടിമസ്ത്രീയുടെ സംഭാവനകളാണ് ഇന്നും ലോകം സ്മരിക്കുന്നത്. അന്നോ അതിനു മുമ്പോ ശേഷമോ ജീവിച്ച ഒരു മുതലാളിക്ക് ഇതിന്റെ നാലയലത്ത് പോലുമെത്തുന്ന ഒരംഗീകരവും കിട്ടിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മുതലാളിയുടെ മുതലല്ല, പാവങ്ങളുടെ ത്യാഗമാണ് ലോകത്തിന്റെ ആഭിജാത്യവും അന്തസ്സെന്നും ബലിപെരുന്നാൾ ഉച്ചൈസ്തരം ഘോഷിക്കുന്നു. ആരാരും തിരിഞ്ഞുനോക്കാനുണ്ടാവില്ലെന്നു നിനച്ച ഹാജറ(റ)യെ കോടിക്കണക്കിനു ജനങ്ങൾ അനുസ്മരിക്കുകയും അക്ഷരംപ്രതി അനുധാവനം നടത്തുകയും ചെയ്യുമ്പോൾ തങ്ങളുടെ സേവനങ്ങൾ ആരും പരിഗണിക്കുന്നില്ലെന്നു നിനച്ച് പകലന്തിയോളം വിയർപ്പൊഴുക്കുന്ന ജനങ്ങളോട് ഈദുൽ അള്ഹ പറയുന്നത് നിങ്ങളെ ചരിത്രം ഉയർത്തിക്കൊണ്ടുവരുമെന്ന് തന്നെയാണ്. എല്ലാം അല്ലാഹുവിൽ സമർപ്പിച്ച് രാഷ്ട്ര-നാഗരിക നിർമിതിയിൽ പങ്കാളികളാവുക.
ഇബ്‌റാഹീം നബി(അ)യും ഭാര്യ ഹാജറ(റ)യും മകൻ ഇസ്മാഈൽ നബി(അ)യുമടങ്ങുന്ന ചെറുകുടുംബത്തിന്റെ ജീവിതമാണ് ബലിപെരുന്നാളിന്റെ പ്രമേയം. വിശുദ്ധ ഹജ്ജും ഈ കുടുംബത്തെയാണ് അനുസ്മരിക്കുന്നത്. ഇലാഹീ കൽപനക്കു വഴങ്ങി മകനെ അറവു നടത്താൻ സന്നദ്ധനായ പിതാവ്, അറവിനു സന്തോഷപൂർവം പറഞ്ഞയക്കുന്ന മാതാവ്, മരണം സന്തോഷത്തോടെ സ്വീകരിക്കാനിരിക്കുന്ന മകൻ… ഇതെല്ലാം ബലിപെരുന്നാളിൽ കടന്നുവരുന്നു. ചില മദ്ഹബുകളിൽ നിർബന്ധ ബാധ്യതയായ ഉളുഹിയ്യത്ത് അങ്ങനെയാണ് മതത്തിന്റെ ഭാഗമാകുന്നത്. അല്ലാഹുവിനു പൂർണമായും സമർപ്പിക്കാൻ മനസ്സുകാണിച്ചപ്പോൾ ലോകം മൊത്തം അത് സ്മരിക്കണമെന്നു നാഥൻ വിധിച്ചു. ഒരാടിനെ അറുത്തെങ്കിലും മുസ്‌ലിം ലോകം ഈ അതുല്യ ത്യാഗത്തെ അനുസ്മരിക്കുന്നു. മകനെ ബലിനൽകുമ്പോൾ തന്റെ പിൻഗാമിയെക്കൂടിയാണ് നഷ്ടപ്പെടുന്നതെന്ന വേപഥു ഒരിക്കലും ഇബ്‌റാഹീം(അ) വെച്ചുപുലർത്തിയില്ല. കാരണം എല്ലാം അല്ലാഹു തന്നതാണെന്നും തിരിച്ചെടുക്കാൻ അവനവകാശമുണ്ടെന്നും ആ കുടുംബത്തിനറിയാമായിരുന്നു. ഈ അചഞ്ചല വിശ്വാസം നിമിത്തമാണ് ഇബ്റാഹീം നബി(അ)യുടെ സന്താന പരമ്പരയിൽ ധാരാളം നബിമാർ പിന്നീട് വന്നത്. മുഹമ്മദ് നബി(സ്വ)യടക്കം ആ പരമ്പരയിലെ കണ്ണിയാണല്ലോ.
ത്യാഗവും സമർപ്പണവും ഇഹലോകത്തു ലഭിക്കുന്ന ആനുകൂല്യം അളന്നാവരുതെന്നാണ് ബലിപെരുന്നാൾ നൽകുന്ന മഹത്തായ പാഠം. അത്തരക്കാരുടെ വിയർപ്പുകൾക്ക് റബ്ബിന്റെ അംഗീകാരം ലഭിക്കില്ല. മനുഷ്യന്റെ അധ്വാനം ചരിത്രത്തിൽ രേഖപ്പെടുത്താതെ പോകുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചതെന്നും അവനാണ് ഇതിനെല്ലാം അവസരം തന്നതെന്നും അവനുവേണ്ടി ജീവിതം സമർപ്പിക്കലാണ് തന്റെ പരമ ദൗത്യമെന്നും മനസ്സിലാക്കി മനുഷ്യർ പ്രവർത്തിക്കുമ്പോൾ അനുഗ്രഹത്തിന്റെയും അംഗീകാരത്തിന്റെയും ഒരായിരം കവാടങ്ങൾ നമുക്ക് മുമ്പിൽ തുറക്കപ്പെടും.
ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല