Babari Masjid Case: Rajeev Shankaran

തം, ജാതി, ഭാഷ എന്നിങ്ങനെ പലതിലും ഭിന്നമായി നില്‍ക്കുന്ന ഒരു ജനതയ്ക്ക് രാഷ്ട്രമെന്ന സങ്കല്‍പ്പത്തില്‍ വിശ്വാസമുണ്ടാക്കുക എന്ന പരമപ്രധാനമായ ദൗത്യമാണ് പ്രാഥമികമായി നമ്മുടെ ഭരണഘടന നിര്‍വഹിക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ജനതയെ ഭരിക്കാന്‍ ആധാരമാക്കേണ്ട വ്യവസ്ഥകള്‍ ഭരണഘടനയില്‍ അതിന്‍റെ നിര്‍മാതാക്കള്‍ ഉള്‍പ്പെടുത്തുന്നതും. ജനതയ്ക്ക് രാഷ്ട്രത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കും വിധത്തിലാണ് നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ ഭരണഘടനയെ വ്യാഖ്യാനിക്കേണ്ടത്. ഭരണകൂടം നിര്‍മിക്കുന്ന നിയമങ്ങളും മറ്റ് ഭരണപരമായ നടപടികളും പരിശോധിക്കപ്പെടുമ്പോഴും അത് ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിധേയമാണോ എന്നതാണ് മുഖ്യമായും പരിഗണിക്കുക.

സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളെ അവഗണിച്ചുള്ള തീരുമാനങ്ങള്‍ പലപ്പോഴും ഭരണകൂടത്തില്‍ നിന്നുണ്ടായിട്ടുണ്ട്. തീവ്രഹിന്ദുത്വ അജണ്ടകള്‍ പിന്തുടരുന്ന, ഹിന്ദു രാഷ്ട്ര സ്ഥാപനം മുഖ്യലക്ഷ്യമായ രാഷ്ട്രീയ സ്വയം സേവക് സംഘിനാല്‍ (ആര്‍എസ്എസ്) നിയന്ത്രിക്കപ്പെടുന്ന ഭരണകൂടം, ലോക്സഭയില്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതോടെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍, ഭൂരിപക്ഷ മതത്തിന്‍റെ ഇംഗിതങ്ങള്‍ക്ക് വിധേയമാണെന്ന മട്ടിലേക്ക് കാര്യങ്ങള്‍ മാറി. ഭരണഘടനാ സ്ഥാപനങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനോ അവയെ അവഗണിച്ച് മുന്നോട്ടുപോകാനോ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മടിച്ചതുമില്ല. കൂടിയ ഭൂരിപക്ഷത്തില്‍ അധികാരത്തുടര്‍ച്ചയുണ്ടാവുകയും പ്രതിപക്ഷം ഏതാണ്ട് ചിന്നഭിന്നമാവുകയും ചെയ്തതോടെ  ഈ പ്രവണത കൂടുതല്‍ പ്രകടമാവുകയാണ്. ഭരണഘടനയെ തന്നെ ഉപയോഗിച്ച് ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്ന കാഴ്ച ജമ്മുകശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദ് ചെയ്തപ്പോള്‍ നമ്മള്‍ കാണുകയും ചെയ്തു. ഇതടക്കം ഏതാണ്ടെല്ലാ നടപടികളും ലക്ഷ്യമിടുന്നത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെയാണ്.

ഭൂരിപക്ഷ മതവിഭാഗത്തിന്‍റെയാകെ പ്രാതിനിധ്യം അവകാശപ്പെടുന്ന അക്രമോത്സുകമായ സംഘ പരിവാരവും അതേ മനോഭാവം പുലര്‍ത്തുന്ന ഭരണകൂടവും രാജ്യത്തിന്‍റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്തി ഭരണഘടനയെ അപ്രസക്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിടാന്‍ ത്രാണിയുള്ള ഏക സംവിധാനം പരമോന്നത നീതിപീഠമാണ്. എന്നാല്‍ അതുപോലും അധികാരത്തിന്‍റെ താല്‍പര്യങ്ങള്‍ നടപ്പാക്കിക്കൊടുക്കാനുള്ള ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണോ എന്ന സംശയം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടസ്ഥാവകാശത്തെച്ചൊല്ലിയുള്ള കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ച വിധി, നീതിപീഠം ഏത് പക്ഷത്താണെന്ന സന്ദേശം വ്യക്തമായി തന്നെ നല്‍കുകയാണ്.

രാമക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചതെന്നും ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്താണ് രാമന്‍ ജനിച്ചതെന്നുമുള്ള അവകാശവാദം വര്‍ഷങ്ങള്‍ക്കു മുമ്പേയുള്ളതാണ്. തര്‍ക്കമുയരുകയും സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തതോടെ മസ്ജിദും പുറമെയുള്ള സ്ഥലവും വേര്‍തിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം ചെയ്തത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് അജണ്ടയായി സ്വീകരിച്ച അവര്‍ ബാബരി മസ്ജിദിനെയും അതിനൊരു ഉപാധിയായി ഉപയോഗിച്ചുവെന്ന് വേണം കരുതാന്‍. എങ്കിലും 1949-ല്‍ മസ്ജിദില്‍ അതിക്രമിച്ച് കയറി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും അവകാശമുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് ഇന്ത്യന്‍ യൂണിയനില്‍ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയ്ക്കുള്ള ഇന്ധനമായി അത് മാറുന്നത്. വിഗ്രങ്ങള്‍ നീക്കം ചെയ്ത് പഴയനില പുനസ്ഥാപിക്കാനുള്ള പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്‍റെ നിര്‍ദേശം അവഗണിച്ച്, ഹിന്ദുക്കളെ പ്രീണിപ്പിച്ചു നിര്‍ത്തുന്നതാണ് അധികാരത്തില്‍ തുടരുന്നതിന് ഉചിതമായ മാര്‍ഗമെന്ന് നിശ്ചയിച്ച യുണൈറ്റഡ് പ്രൊവിന്‍സസിലെ (ഇന്നത്തെ ഉത്തര്‍ പ്രദേശ്) കോണ്‍ഗ്രസ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് തീവ്ര ഹിന്ദുത്വവാദത്തിന് വേണ്ട വളം ചെയ്യുകയുമുണ്ടായി. മസ്ജിദില്‍ അതിക്രമിച്ച് കടന്നതിനും ആരാധനാലയത്തെ അശുദ്ധമാക്കിയതിനും ഫൈസാബാദ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അതിന്‍മേല്‍ തുടര്‍ നടപടികളുണ്ടാകാതെ നോക്കാനും കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു.

1949-ല്‍ ബാബരി മസ്ജിദ് പൂട്ടി. സംഘപരിവാരത്തിന്‍റെ അജണ്ടയില്‍ മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിര്‍മിക്കുക എന്നത് തുടര്‍ന്നിരുന്നുവെങ്കിലും പ്രചണ്ഡമായ പ്രചാരണങ്ങള്‍ക്ക് അവര്‍ മുതിര്‍ന്നില്ല. 1984-ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന സര്‍ക്കാറിന്‍റെ കാലത്ത്, ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനായി മസ്ജിദ് തുറന്നുകൊടുത്തതോടെയാണ് സംഘപരിവാരം ഇത് വീണ്ടും സജീവമാക്കിയത്. 1990-ല്‍ രാമക്ഷേത്ര നിര്‍മാണം അജണ്ടയാക്കി എല്‍കെ അദ്വാനി നടത്തിയ രഥയാത്രയും അതിന്‍റെ പാര്‍ശ്വങ്ങളില്‍ അരങ്ങേറിയ ആസൂത്രിതമായ ആക്രമണങ്ങളും തീവ്രഹിന്ദുത്വ ശക്തികളുടെ രാഷ്ട്രീയമായ വളര്‍ച്ചക്ക് വഴിവച്ചു. 1992 ഡിസംബര്‍ ആറിന്, പിവി നരസിംഹറാവുവെന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ മൗനാനുവാദത്തോടെ പള്ളി തകര്‍ക്കപ്പെട്ടതോടെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ വഴിയിലേക്ക് രാജ്യം ഏതാണ്ട് നീങ്ങിത്തുടങ്ങുകയും ചെയ്തു.

പള്ളി തകര്‍ക്കപ്പെട്ടത് രാജ്യത്തെ മുസ്ലിംകളെ വലിയ അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിട്ടത്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ രാജ്യത്തെ ഭരണസംവിധാനങ്ങള്‍ ഉണ്ടാകില്ലെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടു. ആ അരക്ഷിതാവസ്ഥയെ അധികരിപ്പിക്കുന്നതാണ് സുപ്രീം കോടതി ഇപ്പോള്‍ പുറപ്പെടുവിച്ച വിധി. സാക്ഷി മൊഴികളോ രേഖകളോ അല്ല മറിച്ച് വിശ്വാസത്തെയാണ് കോടതി ആധാരമാക്കുന്നത്. അപ്പോഴും ഭൂരിപക്ഷ മതത്തിന്‍റെ വിശ്വാസങ്ങള്‍ക്ക് മേല്‍ക്കൈ നല്‍കാന്‍ കോടതി ശ്രദ്ധിച്ചിട്ടുണ്ട്. 1949 വരെ മസ്ജിദില്‍ നമസ്കാരം നടന്നതിന് തെളിവുണ്ടെന്ന് കോടതി പറയുന്നു. അക്കാലത്ത് തന്നെ മസ്ജിദിനുള്ളിലേക്ക് നോക്കി ഹിന്ദുക്കള്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നതിനും തെളിവുണ്ട്. ആകയാല്‍ രാമന്‍ ജനിച്ചത് മസ്ജിദിനുള്ളില്‍ തന്നെയാണെന്ന് സുപ്രീം കോടതി ഉറപ്പിക്കുന്നു. ഭൂരിപക്ഷ മതത്തിന്‍റെ വിശ്വാസങ്ങള്‍ക്കാണ് ഈ രാജ്യത്ത് പ്രധാനമെന്നും അതിന് കീഴ്വഴങ്ങി ജീവിക്കാനേ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുള്ളൂവെന്ന സംഘപരിവാര വാദത്തിന് തന്നെയാണ് ഇതിലൂടെ അടിവരയിടുന്നത്.

പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തില്‍ മസ്ജിദിന് കീഴില്‍ ഒരു കെട്ടിടമുണ്ടായിരുന്നുവെന്നും അത് ക്ഷേത്രമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ക്ഷേത്രം പൊളിച്ചാണോ പള്ളി പണിതത് എന്നതിന് തെളിവില്ലെന്നും. ഇതിന്‍റെ തുടര്‍ച്ചയില്‍ കോടതി പറയുന്നത്, നൂറ്റാണ്ടുകള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഇക്കാലത്ത് പരിഹാരം കാണുക സാധ്യമല്ല എന്നാണ്. അങ്ങനെ നിരീക്ഷിക്കുമ്പോള്‍ നിലനിന്നിരുന്നത് പള്ളിയാണെന്നും അവിടെ 1949 വരെ നിസ്കാരം നടന്നിരുന്നുവെന്നതും കോടതി പരോക്ഷമായി അംഗീകരിക്കുകയാണ്. ചരിത്രത്തിലെ തെറ്റുകള്‍ പരിഹരിക്കാനാകില്ലെന്ന് പറയുന്ന കോടതി ചരിത്രാതീത കാലത്തെ ഒരു ജനനത്തിന് വിശ്വാസം തെളിവായുണ്ടെന്ന ഒരു യുക്തിക്കും ദഹിക്കാത്ത നിഗമനത്തിലേക്ക് എത്തുകയും ചെയ്യുന്നു. 1949-ല്‍ വിഗ്രഹങ്ങള്‍ പള്ളിക്കുള്ളില്‍ സ്ഥാപിച്ചതും 1992-ല്‍ മസ്ജിദ് തകര്‍ത്തതും തീര്‍ത്തും നിയമവിരുദ്ധമാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പറയുന്ന കോടതി, ആ നിയമ വിരുദ്ധ പ്രവൃത്തി ചെയ്തവര്‍ക്ക് ബാബരി ഭൂമിയുടെ ഉടസ്ഥാവകാശം കൈമാറുമ്പോള്‍ അത് നീതിന്യായ ചരിത്രത്തിലെ തന്നെ അപൂര്‍വ സംഗതിയായി മാറുന്നു. ഇവ്വിധമൊരു വിധി പുറപ്പെടുവിക്കുമ്പോള്‍ അതിക്രമത്തിന് ഇരയായവരെന്ന് സുപ്രീം കോടതി തന്നെ സമ്മതിക്കുന്ന മുസ്ലിംകള്‍ക്ക് നീതിന്യായ സംവിധാനത്തിലുള്ള പ്രതീക്ഷ കൂടി ഇല്ലാതാവുകയാണ്. ഭരണകൂടം ലക്ഷ്യമിടുന്ന, നീതിന്യായ സംവിധാനത്തില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തവരായി മാറുകയാണ് ജനസംഖ്യയിലെ 18 ശതമാനം വരുന്ന വിഭാഗം.

ബാബരി ഭൂമിക്ക് മേല്‍ അവകാശമുന്നയിച്ച് വ്യവഹാരം നടത്തിയത് നിര്‍മോഹി അഖാഡയും രാം ലല്ലയ്ക്ക് വേണ്ടി രക്ഷാധികാര സ്ഥാനത്തുള്ള വ്യക്തിയും ഹിന്ദു മഹാസഭയുമൊക്കെയായിരുന്നു. ഇവരുടെ വാദങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. എന്നാല്‍ ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് കോടതിയുടെ വിധി. വ്യവഹാരം നടത്തിയവര്‍ക്ക് പിറകില്‍ വിശ്വഹിന്ദു പരിഷത്തും ഇതര സംഘപരിവാര സംഘടനകളുമുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ആ സംഘടനകളാകട്ടെ പ്രചരിപ്പിച്ചത് രാജ്യത്തെ ഹിന്ദുക്കളുടെയാകെ ആവശ്യമാണ് രാമന്മഭൂമിയിലെ ക്ഷേത്ര നിര്‍മാണമെന്നും. ഭൂമി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കോടതി വിധിക്കുമ്പോള്‍ സംഘപരിവാര്‍ സംഘടനകളുടെ ഈ വാദത്തിന് അംഗീകാരം നല്‍കുക കൂടിയാണ് സുപ്രീം കോടതി ചെയ്തത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രാജ്യത്തെ ഹിന്ദുമത വിശ്വാസികളെയാകെ പ്രതിനിധാനം ചെയ്യുകയാണ് തങ്ങളെന്ന ആര്‍എസ്എസ് നിലപാടിന് സാധൂകരണം നല്‍കുന്നു കോടതി. അവിടെ നിലനിന്നത് ബാബരി മസ്ജിദാണെന്നും രാമജന്മഭൂമിയെന്നത്, വര്‍ഗീയ ധ്രുവീകരണത്തിന് ആഴം കൂട്ടി അധികാരം ഉറപ്പിക്കാനുള്ള സംഘപരിവാര്‍ അജണ്ട നടപ്പാക്കിയെടുക്കാനുള്ള വാദമാണെന്നും കരുതുന്ന ഹിന്ദു മതവിശ്വാസികള്‍ ധാരാളമുണ്ട് രാജ്യത്ത്. ഹിന്ദു മതത്തിന്‍റെ ഉടമാവകാശം ഇനി ആര്‍എസ്എസിനാണെന്ന് അവരും അംഗീകരിക്കണമെന്ന് കൂടിയാണ്  പരമോന്നത നീതിപീഠം പറയാതെ പറയുന്നത്.

പശുവിന്‍റെ പേരില്‍ അരങ്ങേറുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍, നിരന്തരം നടക്കുന്ന നിരീക്ഷണങ്ങള്‍, ആരെയും സംശയത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ പാകത്തില്‍ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍, ഹിന്ദുത്വ ഭീകരവാദ ശൃംഖലയുമായും വ്യാജ ഏറ്റുമുട്ടലുകളുമായും ബന്ധപ്പെട്ട കേസുകളില്‍ പ്രോസിക്യൂഷന്‍ മനഃപൂര്‍വം വിഴ്ച വരുത്തുകയും അതുവഴി ആരോപണ വിധേയര്‍ രക്ഷപ്പെട്ട് പോകുകയും ചെയ്യുന്ന അവസ്ഥ, ന്യൂനപക്ഷങ്ങള്‍ ഇരയാക്കപ്പെട്ട വംശഹത്യാ ശ്രമമുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നീതി ഉറപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ പല രീതിയില്‍ വേട്ടയാടപ്പെടുന്ന സാഹചര്യം എന്നിവയൊക്കെ ന്യൂനപക്ഷങ്ങളെയും, വിശിഷ്യാ മുസ്ലിംകളെ, രാജ്യത്തിന്‍റെ മതനിരപേക്ഷ സ്വഭാവം നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരെയും വലിയ ആശങ്കയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. അതിനെ വലിയ അളവില്‍ വളര്‍ത്തുന്നതാണ് ബാബരി കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി. നിയമ വ്യവസ്ഥകളെയും ഇതേ സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പിനെയും ലംഘിച്ച് പള്ളി തകര്‍ത്തവരുടെ വാദങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ വിയോജിപ്പിന്‍റെ ചെറു ശബ്ദം പോലുമുണ്ടായില്ല ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ കോടതി മുറിക്കുള്ളില്‍. ആ വിധി അംഗീകരിക്കാന്‍ രാജ്യത്തെ പൗരന്മാര്‍ക്കുള്ള ബാധ്യത മുന്‍കൂട്ടി ഉറപ്പാക്കപ്പെട്ടിരുന്നു. ആഘോഷമോ പ്രതിഷേധമോ പാടില്ലെന്ന് മുന്‍കൂട്ടി അറിയിച്ച ഭരണകൂടം നീതി നിഷേധത്തോട് പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം ഈ രാജ്യത്തില്ലെന്ന് കൂടിയാണ് വ്യക്തമാക്കിയത്.

1975-ല്‍ അടിയന്തരാവസ്ഥയില്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഇന്ദിരാ ഗാന്ധിയെന്ന ഏകാധിപതി റദ്ദാക്കിയത് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഭരണകൂടത്തിനൊപ്പം നില്‍ക്കുകയാണ് സുപ്രീം കോടതി ചെയ്തത്. അന്ന് പക്ഷേ, അതില്‍ വിയോജിക്കാന്‍ എച്ച്ആര്‍ ഖന്ന എന്ന നട്ടെല്ലുള്ള ഒരു ജഡ്ജിയുണ്ടായിരുന്നു. പില്‍ക്കാലത്ത് ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിച്ച് ഖന്നയോടുള്ള പക ഇന്ദിരാ ഗാന്ധി വീട്ടിയപ്പോള്‍ ജഡ്ജി സ്ഥാനം രാജിവച്ച് അധികാരത്തിന് അടിയറവെക്കാനുള്ളതല്ല പൗരന്‍റെ അന്തസ്സ് എന്ന് തെളിയിക്കുകയും ചെയ്തു എച്ച്ആര്‍ ഖന്ന. മൗലികാവകാശങ്ങള്‍ റദ്ദാക്കിയ ഇന്ദിരാ ഗാന്ധിയുടെ നടപടി തെറ്റായിരുന്നുവെന്നും ഖന്നയുടെ നിലപാടായിരുന്നു ശരിയെന്നും അന്ന് ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാര്‍ പിന്നീട് പറയുകയും ചെയ്തു. അടിയന്തരാവസ്ഥയെ ജനാധിപത്യത്തിലൂടെ നിരാകരിച്ച ജനങ്ങളുടെ നിശ്ചയദാര്‍ഢ്യം കൂടിയാണ് ഈ ഏറ്റുപറച്ചിലിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്.

ബാബരി ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നും അതിനായൊരു ട്രസ്റ്റ് രൂപീകരിക്കണമെന്നും ഉത്തരവിടുമ്പോള്‍, ജനാധിപത്യപരമായ തിരുത്തിനുള്ള സാധ്യത പോലും ഇല്ലാതാക്കുകയാണ് കോടതി. വിയോജിപ്പിന്‍റെ ശബ്ദം ഇല്ലാതിരിക്കുമ്പോള്‍, ഭൂരിപക്ഷ മതത്തിന്‍റെ വിശ്വാസമാണ് ഭരണഘടനയേക്കാളും നിയമ വാഴ്ചയേക്കാളും പ്രധാനമെന്ന തോന്നലാണ് സൃഷ്ടിക്കപ്പെടുന്നത്. മസ്ജിദ് തകര്‍ത്തതിന് പരിഹാരമെന്ന നിലയില്‍ അഞ്ച് ഏക്കര്‍ സ്ഥലം മുസ്ലിംകള്‍ക്ക് നല്‍കാന്‍ നിര്‍ദേശിക്കുന്ന കോടതി, പള്ളി തകര്‍ത്ത ദിവസം അയോധ്യയില്‍ കൊല ചെയ്യപ്പെട്ടവരെ കുറിച്ചോ തുടര്‍ന്ന് അരങ്ങേറിയ ആസൂത്രിതമായ വര്‍ഗീയ കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ചോ ഓര്‍ക്കുന്നതേയില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും വര്‍ഗീയ ഫാസിസ്റ്റുകളുടെ ദാക്ഷിണ്യത്തില്‍ മാത്രമാണ് നിലനില്‍ക്കുകയെന്ന പ്രതീതി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

പള്ളി തകര്‍ത്തവരുടെ വിശ്വാസത്തിനൊപ്പം നില്‍ക്കുന്ന പരമോന്നത കോടതി, തകര്‍ന്നുപോയവര്‍ക്ക് രാജ്യത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതില്‍ പരാജയപ്പെടുകയാണ്. അപ്പോള്‍ ഇല്ലാതാക്കുന്നത് ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രത്തിന്‍റെ ഭരണഘടനയെ കൂടിയാണ്.

You May Also Like
natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ഖിബ്‌ല മാറ്റം: തിരുനബിയുടെ ഇഷ്ടം പോലെ

ഹിജ്‌റ രണ്ടാം വർഷം ശഅ്ബാൻ മാസത്തിലാണ് മുത്ത് നബിയുടെ ഇഷ്ടം പോലെ ഖിബ്‌ല മാറ്റമുണ്ടായത്. ഖുർആൻ…

● അലവിക്കുട്ടി ഫൈസി എടക്കര