ഇടക്കാലത്ത് പഠനം നിറുത്തി ഖത്തീബായി ജോലി ചെയ്തിരുന്നു അല്ലേ?

ശരിയാണ്. അതിനൊരു കാരണമുണ്ട്. തളിപ്പറമ്പിലെ പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ഒരു സംഭവമുണ്ടായി. ഒളയം ഖതീബായ മൊയ്തീൻ മുസ്‌ലിയാർ ഹജ്ജിനു വേണ്ടി ഒരു വർഷം ലീവെടുക്കുന്ന വിവരമറിഞ്ഞപ്പോൾ മുമ്പ് രണ്ടോ മൂന്നോ തവണ അവിടെ ഖുതുബ നടത്തിയിരുന്നതിനാൽ നാട്ടുകാരും കുടുംബക്കാരുമെല്ലാം താൽകാലിക ഖതീബായി നിൽക്കണമെന്ന് എന്നോട് നിർബന്ധം പിടിച്ചു. ഉപ്പയും ഉമ്മയും ഒളയത്തുകാരായതിനാൽ നാട്ടുകാരധികവും കുടുംബക്കാരുമാണ്.
പക്ഷേ അന്ന് ഒളയത്ത് ഖതീബാകണമെങ്കിൽ വലിയൊരു പണ്ഡിതന്റെ മുമ്പിൽ ഖുത്വുബ ഓതി അദ്ദേഹം അംഗീകരിക്കണം. എന്നെ പരിശോധിക്കാൻ വരുന്നത് കുമ്പള ഖാളി മുഹമ്മദ് മുസ്‌ലിയാരാണ്. ജ്യേഷ്ഠൻ വിവരമറിഞ്ഞപ്പോൾ വീട്ടിൽ വന്ന് ആശങ്കപ്പെട്ടു. ഖുത്വുബ ശരിയായില്ലെങ്കിൽ നാട്ടുകാരുടെ മുമ്പിൽ കുടുംബത്തിനു നാണക്കേടാകുമെന്ന ഭയമായിരുന്നു അഭിമാനിയായ ജ്യേഷ്ഠന്. അദ്ദേഹത്തെ ശാന്തനാക്കാൻ വേണ്ടി ഞാൻ പറഞ്ഞു: ഖാളിയാർ എന്റെ ഖുത്വുബ അംഗീകരിക്കും. മൂപ്പർ ഖുത്വുബ ശരിവെച്ചാൽ നിന്റെ വാച്ച് എനിക്ക് തരുമോ? വളരെ ഉയർന്ന ദറജക്കാർക്ക് മാത്രമേ അന്നൊക്കെ വാച്ചുണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാക്കണം. ജ്യേഷ്ഠൻ അത് സമ്മതിച്ചു.
വെള്ളിയാഴ്ച ജുമുഅയുടെ സമയമായപ്പോൾ കുമ്പള ഖാളിയാർ സ്ഥലത്തെത്തി. എല്ലാവരുടെയും ശ്രദ്ധ പുതിയ ഖത്തീബിലാണ്. മുഅദ്ദിൻ മആശിറ വിളിച്ചു. ആത്മവിശ്വാസത്തോടെ മിമ്പറിൽ കയറി കഴിയുന്ന കോലത്തിലൊക്കെ നന്നാക്കി ഖുത്വുബ ഓതി. ഖാസിയാർ ഇമാമത്ത് നിന്ന് നിസ്‌കരിച്ചു. ശേഷം മൂപ്പരുടെ പ്രഖ്യാപനം: മുസ്‌ലിയാരുടെ ഖുത്വുബ നന്നായിരിക്കുന്നു. അതുകൊണ്ടാണ് ഞാൻ നിസ്‌കാരത്തിന് ഇമാമത്ത് നിന്നത്. അല്ലെങ്കിൽ ഞാൻ ഖുത്വുബ വേറെ ഓതുമായിരുന്നു.
ഖതീബായി തിരഞ്ഞെടുക്കപ്പെട്ടതിനേക്കാൾ എനിക്ക് ആശ്വാസം തോന്നിയത് നാട്ടുകാരുടെ മുമ്പിൽ കുടുംബത്തിന്റെ മാനം കാക്കാൻ കഴിഞ്ഞതിലായിരുന്നു. ഈ സാഹചര്യമറിയുന്നതു കൊണ്ടാണ് ജ്യേഷ്ഠൻ ആദ്യമേ വേണ്ടെന്നു പറഞ്ഞിരുന്നതും. ഏതായാലും വിലപിടിച്ച ആ വാച്ച് അദ്ദേഹം എനിക്ക് അഴിച്ചുതന്നു. ജീവിതത്തിലാദ്യമായി കിട്ടുന്ന വലിയ അംഗീകാരമായിരുന്നു അത്. 1955-ലായിരുന്നു ഇത്.

പഠനത്തിന് ജോലി തടസ്സം സൃഷ്ടിച്ചോ?

ഞാൻ പറഞ്ഞില്ലേ, ഇത്തരമൊരു സാഹചര്യത്തിൽ ഇരുപതാം വയസ്സിലാണ് നാട്ടിൽ ഖതീബും മുദരിസും സദർ മുഅല്ലിമുമൊക്കെയായി സേവന രംഗത്തിറങ്ങേണ്ടിവന്നത്. എങ്കിലും പഠനം വഴിയിൽ ഉപേക്ഷിച്ചില്ല. ഒളയത്തു നിന്ന് ഇച്ചിലങ്കോട് ദർസിലേക്ക് പുഴയുടെ തീരത്തുകൂടി നടന്ന് പോയാണ് പൈവളിഗെ മുഹമ്മദ് മുസ്‌ലിയാരിൽ നിന്ന് പ്രധാന കിതാബുകൾ ഓതിത്തീർക്കുന്നത്. രാവിലെ പോയാൽ ളുഹ്‌റിനാണ് തിരിച്ചെത്തുക.
കുമ്പോലിലെ പ്രധാന മുദരിസും പിൽക്കാലത്ത് എന്റെ ഭാര്യാപിതാവുമായിത്തീർന്ന കാഞ്ഞങ്ങാട് അബൂബക്കർ മുസ്‌ലിയാരിൽ നിന്നും ഓതിപ്പഠിക്കാൻ അവസരം കിട്ടി. ആ വർഷം തന്നെ മൂന്ന് മാസം നെല്ലിക്കുന്ന് ദർസിൽ പഠിച്ചു. സാധാരണ നിലയിൽ ജോലിയിൽ പ്രവേശിച്ചാൽ പിന്നെ അങ്ങനെതന്നെ തുടരുകയാണല്ലോ പതിവ്. ജോലിയിൽ തുടരവെ പഠനം നിറുത്താതെ മുന്നോട്ട് കൊണ്ടുപോകാനായത് തൗഫീഖ് കൊണ്ടു മാത്രമാണ്. പിന്നെ ഉസ്താദുമാരുടെ ഗുരുത്വവും പൊരുത്തവും.

അപ്പോൾ കുടുംബത്തിന്റെ സാഹചര്യം?

കുടുംബം നോക്കാൻ ജോലിയിൽ തുടരേണ്ട സാഹചര്യമൊന്നും അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പിറ്റേ കൊല്ലം ഖതീബ് സേവനം അവസാനിപ്പിച്ച് ദർസിലേക്കു മടങ്ങി. 1956 മുതൽ 62 വരെ ഏഴു വർഷത്തോളം പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ കോട്ടുമല അബൂബക്കർ മുസ്‌ലിയാരുടെ കീഴിൽ പഠിക്കാൻ ഭാഗ്യമുണ്ടായി. പനയത്തിൽ പള്ളിയിലെ കോട്ടുമല ഉസ്താദിന്റെ ദർസ് ഏറെ പ്രസിദ്ധി നേടിയതാണ്. എഴുപത് മുതഅല്ലിമുകളുണ്ട് അന്നവിടെ. എന്റെ അറിവിൽ ചാലിയത്തും തലക്കടത്തൂരും മാത്രമേ അത്ര വലിയ ദർസുള്ളൂ. യുവത്വ സമയത്ത് കോട്ടുമല ഉസ്താദ് പകർന്നു നൽകിയ ആത്മീയ ശിക്ഷണമാണ് എന്റെ എല്ലാ വളർച്ചയുടെയും ആണിക്കല്ല്. ബിദ്അത്തിനെതിരെ സിംഹഗർജനം മുഴക്കിയ കോട്ടുമല ഉസ്താദ് എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. (അതു പറയുമ്പോൾ ഉസ്താദിന്റെ കണ്ണ് നിറയുന്നത് കണ്ടു.)

കോട്ടുമല ഉസ്താദിനെക്കുറിച്ച് പറഞ്ഞപ്പോൾ ഉസ്താദ് വിതുമ്പിയല്ലോ. അദ്ദേഹവുമായി വല്ലാത്ത അടുപ്പമായിരുന്നു അല്ലേ?

തീർച്ചയായും. വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കണ്ടിരുന്ന മികച്ച സ്വഭാവത്തിനുടമായിരുന്നു കോട്ടുമല ഉസ്താദ്. സമസ്തയുടെ ഉന്നത സാരഥിയുമാണല്ലോ. നല്ല പ്രസംഗ വൈഭവമുണ്ടായിരുന്നു ഉസ്താദിന്. അന്ന് ഒളയത്തും മറ്റും ഉറൂസിന് വഅള് പറയാൻ വരുമായിരുന്നു. തെളിമലയാളത്തിലുള്ള പ്രഭാഷണം കേട്ടിരുന്നുപോകും. പ്രസംഗത്തിലെ വിഷയങ്ങൾ നമ്മൾ ഒരിക്കലും മറന്നുപോകില്ല. ഉഖ്‌റവിയ്യായ ആലിമീങ്ങളുടെ സ്വഭാവമാണ് പുത്തനാശയക്കാരോട് അങ്ങേയറ്റത്തെ വെറുപ്പ്. ഉസ്താദിൽ ഇത് തെളിഞ്ഞു കാണാമായിരുന്നു. പൊതുവെ ആക്ഷേപ വാക്കുകൾ ഉപയോഗിക്കാത്ത ഉസ്താദ് മൗദൂദികളെ കുരുത്തംകെട്ട ഖൗമ് എന്നാണ് വിശേഷിക്കുക. സമുദായത്തെ വഴിതെറ്റിക്കുന്നവരോടുള്ള വെറുപ്പിന്റെ ഭാഗമായിരുന്നു ഇത്. ക്ഷീണവും തളർച്ചയും വകവെക്കാതെ നിരന്തരമായ ദീനീ പ്രവർത്തനത്തിൽ ഹരം കണ്ടെത്തിയിരുന്നു മഹാൻ.
പ്രസംഗത്തിനും മറ്റും പോകുമ്പോൾ ഖാദിമായി ഞാനും ചെല്ലും. പൊതുവെ സൗമ്യനായി കാണുന്ന ഉസ്താദ് ആദർശ കാര്യത്തിൽ രോഷം കൊള്ളുന്നത് എത്രയോ വട്ടം അനുഭവിക്കാനായിട്ടുണ്ട്. കർണാടക അതിർത്തി പ്രദേശമായ ബോൾമാറിൽ പരിപാടി കഴിഞ്ഞ് ദീർഘയാത്ര ചെയ്ത് മലപ്പുറത്തെ വീട്ടിലെത്തുമ്പോൾ രാവിലെ എട്ട് മണി കഴിഞ്ഞിരുന്നു. അപ്പോളാണ്, ബാപ്പാക്ക് ഇന്ന് പത്തു മണിക്ക് മലപ്പുറം കുന്നുമ്മല്ലിൽ പ്രസംഗിക്കാനുണ്ടല്ലോ എന്ന് മകൻ ഓർമിപ്പിക്കുന്നത്. ക്ഷീണം വകവെക്കാതെ ഉടനെ അവിടേക്ക് പുറപ്പെട്ടു. അന്നത്തെ പ്രഭാഷണത്തിൽ ഉസ്താദിന്റെ ഗർജനം ഇന്നും കാതുകളിൽ മുഴങ്ങുന്നു: ബിദ്അത്തുകാരെ ഞങ്ങൾ ശക്തമായി എതിർക്കും. അവസാന തുള്ളി രക്തം ചിന്തുന്നത് വരെയും ഞങ്ങൾ എതിർക്കുകതന്നെ ചെയ്യും. അതിലാർക്കും സംശയം വേണ്ട. അപ്പോൾ സദസ്സിൽ നീണ്ട തക്ബീർ. ശരിക്കും കോരിത്തരിപ്പിക്കുന്ന ആ പ്രസംഗ ശൈലി എനിക്ക് വലിയ പ്രചോദനമായിട്ടുണ്ട്.
ഉസ്താദിന്റെ കീഴിൽ പഠിക്കുമ്പോൾ പല പള്ളികളിലും വഅളിന് പോകാൻ എനിക്ക് അവസരമുണ്ടായി. ഉസ്താദിന് പകരം ചില സ്റ്റേജ് വഅ്‌ളുകൾക്കു പോകാൻ കഴിഞ്ഞതും വലിയ അനുഗ്രഹമായി കണക്കാക്കുന്നു.

ആറു വർഷത്തോളം പരപ്പനങ്ങാടിയിൽ ഓതിപ്പഠിച്ചല്ലോ. അന്നത്തെ മറക്കാനാവാത്ത അനുഭവങ്ങൾ വിവരിക്കാമോ?

പനയത്തെ പള്ളിയിൽ 70 മുതല്ലിമുകൾ ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. ഞങ്ങൾക്കെല്ലാം മഹല്ലിലെ വീടുകളിലായിരുന്നു ഭക്ഷണം. ചെലവു കുടി എന്നാണ് പറയുക. കുട്ടികൾ വീടുകളിൽ ചെന്ന് കഴിക്കും, ഉസ്താദിന് പള്ളിയിലേക്ക് കൊണ്ടുവരും. എല്ലാവരും പള്ളിയിൽ തന്നെയാണ് താമസം. ഇന്ന് ചെറിയൊരു സ്ഥാപനം നടത്തുന്നതിന്റെ ബുദ്ധിമുട്ട് നമ്മൾക്കെല്ലാം അറിയാം. പക്ഷേ, അന്ന് ഈ രൂപത്തിൽ ചെലവ് ചുരുക്കി മതപഠനത്തിന് അവസരമുണ്ടാക്കിയ പൂർവികരെ ഓർക്കുമ്പോൾ അതൊരു വലിയ വിപ്ലവം തന്നെയാണെന്ന് സമ്മതിച്ചുപോവും.
വിശേഷ ദിവസങ്ങളിൽ ചെലവ് കുടിക്കാർക്ക് ഭക്ഷണ ശേഷം അൽപ സമയം ഉപദേശം നൽകുന്ന പതിവുണ്ടായിരുന്നു. എന്നിട്ട് ദുആ ചെയ്തു പിരിയും. വലിയ ദഅ്‌വത്താണ് ഇതുവഴി സാധ്യമാകുന്നത്. നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും മാത്രമല്ല ചെയ്തിരുന്നത്. ചെറിയ കിതാബുകൾ ഓതിക്കൊടുക്കുക വരെ ചെയ്തിരുന്നു. സ്ത്രീകൾ മറയുടെ അപ്പുറത്തിരുന്ന് കേൾക്കുകയും മുതഅല്ലിമിനോട് സംശയങ്ങൾ തീർക്കുകയും ചെയ്യും. തനിക്കറിയാത്ത കാര്യങ്ങൾ ഉസ്താദിനോട് ചോദിച്ച് പിറ്റേന്ന് പറഞ്ഞുകൊടുക്കും. പത്ത് കിതാബ് ഓതിത്തരണമെന്നാണ് എന്റെ ചെലവു കുടിക്കാർ ആവശ്യപ്പെട്ടിരുന്നത്. ഉസ്താദിന്റെ സമ്മതത്തോടെ ഓതിക്കൊടുത്തു.
അൽപം വിഷമമുണ്ടാക്കിയ ഒരു സംഭവം പറയാം. എന്റെ രാത്രിയിലെ ചെലവ് കുടിക്കാരൻ പലപ്പോഴും മദ്യപിക്കുമായിരുന്നു. ഞാൻ ഭക്ഷണത്തിന് ചെല്ലുമ്പോൾ അയാൾ വീട്ടിനകത്തേക്ക് കയറിപ്പോകും. അവിടെ ഭക്ഷണത്തിനു പോകുന്നത് എനിക്കു വലിയ ബുദ്ധിമുട്ടായി. പക്ഷേ ഉസ്താദ് തിരഞ്ഞടുത്തു തന്ന വീടായതിനാൽ പോകാതിരിക്കാൻ വയ്യ. വീട് മാറ്റിത്തരാൻ ഉസ്താദിനോട് പറയാനും പേടി. വീട്ടിലെ മറ്റുള്ളവർ നല്ലവരായിരുന്നു. അയാളുടെ കുടി മാറിക്കിട്ടാൻ കുട്ടി ദുആ ഇരക്കണമെന്ന് അവർ കണ്ണീരോടെ പറയും. ഞാൻ എല്ലാ ദിവസവും ഭക്ഷണം കഴിഞ്ഞ് ദുആ ചെയ്യും. അല്ലാഹുവിന്റെ അനുഗ്രഹത്താൽ കുറച്ചു കാലത്തിനു ശേഷം അദ്ദേഹം മദ്യപാനം പൂർണമായി നിറുത്തി. പിന്നീട് ഹജ്ജിനു പോയി. വീട്ടുകാർക്കെന്ന പോലെ എനിക്കും വലിയ സന്തോഷമായിരുന്നു ആ അനുഭവം.
രസകരമായൊരു അനുഭവം കൂടി: എനിക്ക് ഉച്ച ഭക്ഷണം ആദ്യം ബയാനിയ്യ പ്രസ്സുടമ ടികെ അബ്ദുല്ല മൗലവിയുടെ വീട്ടിലായിരുന്നു. പിന്നീട് ചേക്കുട്ടി ഹാജി എന്നയാളുടെ വീട്ടിലേക്ക് മാറി. ചേക്കുട്ടി ഹാജിക്ക് പിതാവിൽ നിന്ന് അനന്തരമായി കിട്ടിയ പഴയൊരു തോണിയുണ്ടായിരുന്നു. പുഴയിൽ കെട്ടിയിടുന്ന തോണി ജീവികൾ കരണ്ട് ഓട്ടയാക്കും. അതിലൂടെ വെള്ളം കയറാതിരിക്കാൻ മരക്കഷ്ണം വെച്ച് നന്നാക്കും. കുറേ കാലം ചെന്നപ്പോൾ അനന്തരം കിട്ടിയ പഴയ തോണിയിൽ കഷ്ണം വെച്ചതു മാത്രം ബാക്കിയായി. പുത്തൻ പ്രസ്ഥാനക്കാരെ കുറിച്ച് പ്രസംഗിക്കുമ്പോൾ ഈ തോണിയെ ഉദാഹരിക്കാറുണ്ട്. പാരമ്പര്യമായി കിട്ടിയ യഥാർത്ഥ ഇസ്‌ലാമിൽ ബിദ്അത്തുകാർ പുതിയത് ഓരോന്ന് കൂട്ടിച്ചേർത്ത് അവസാനം കണ്ടംവെച്ചത് മാത്രം ബാക്കിയാവുകയും ഇസ്‌ലാം അവരിൽ ഇല്ലാതാവുകയും ചെയ്യുന്നു. ചേക്കുട്ടിയുടെ തോണി പോലെയാണല്ലോ എല്ലാ പുത്തൻവാദികളുടെയും അവസ്ഥ.

ദയൂബന്ദിൽ ഉപരിപഠനത്തിനു പോകുന്നത് എപ്പോഴാണ്?
കോട്ടുമല ഉസ്താദിന്റെ ഉപദേശപ്രകാരമാണ് ഉപരിപഠനത്തിനായി ദയൂബന്ദിൽ പോയത്. അക്കാലത്ത് വെല്ലൂർ ബാഖിയാത്തിലേക്കോ യുപിയിലെ ദയൂബന്ദിലേക്കോ ആണ് എല്ലാവരും ഉപരിപഠനത്തിനു പോകാറുള്ളത്. ഉത്തരേന്ത്യൻ ജീവിതവുമായി അടുത്തിടപഴകാൻ ഇത് സഹായിച്ചു. സെലക്ഷൻ പരീക്ഷ കഠിനമായിരുന്നു. യോഗ്യതയുണ്ടെങ്കിലേ പ്രവേശനം കിട്ടൂ. മുല്ലാഹസനാണ് വായിക്കാൻ തന്നത്. ബൈളാവി ഓതിയിട്ടുണ്ടോ എന്നും ചോദിച്ചു. ഏതായാലും സെലക്ഷൻ കിട്ടി.
ദൗറത്തുൽ ഹദീസിലാണ് ചേർന്നത്. ഖാരി മുഹമ്മദ് ത്വയ്യിബായിരുന്നു അന്ന് പ്രൻസിപ്പാൾ. സിഹാഉസ്സിത്ത, ശമാഇലുത്തുർമുദി, മുവത്വ തുടങ്ങിയവയായിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഓരോ കിതാബിനും വെവ്വേറെ ഉസ്താദുമാരാണ്. മൗലാനാ ഇബ്‌റാഹീം സാഹിബാണ് സദർ മുദരിസ്.
ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന സമയമാണ്. സ്ഥാപനത്തിലെ ഉസ്താദുമാരെല്ലാം കോൺഗ്രസുകാരായിരുന്നു. ചൈനാ വിരുദ്ധ സമരത്തിൽ ഉസ്താദുമാരോടൊപ്പം വിദ്യാർത്ഥികളും അണിനിരക്കുമായിരുന്നു. സ്ഥാപനത്തിന് അന്ന് സാമ്പത്തിക ഭദ്രതയുണ്ടായിരുന്നില്ല. ദാറുൽ ഉലൂമിന്റെ പ്രചാരണാർത്ഥം പ്രിൻസിപ്പാൾ ഇംഗ്ലണ്ട്-ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തുമായിരുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്രുവുമായി സംസാരിച്ചത് മുമ്പൊരിക്കൽ പറഞ്ഞതോർക്കുന്നു?

1962 ആഗസ്റ്റ് 15-നായിരുന്നു അത്. സ്വാതന്ത്ര്യ ദിനമായതിനാൽ സ്ഥാപനത്തിന് അവധിയായിരുന്നു. ഡൽഹി കാണാൻ പോകാമെന്ന് ഞങ്ങൾ കുറച്ച് വിദ്യാർത്ഥികൾ തീരുമാനിച്ചു. ഡൽഹിയിലെ പല സ്ഥലങ്ങളും സന്ദർശിച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് നെഹ്രുവിന്റെ വലിയ ബംഗ്ലാവ് കാണുന്നത്. ഒരു കൗതുകത്തിന്, ഗേറ്റിലുള്ള പട്ടാളക്കാരനോട് പ്രധാന മന്ത്രിയെ കാണാൻ ആഗ്രഹം പറഞ്ഞു. അപേക്ഷ നൽകി മൂന്ന് ദിവസം കഴിഞ്ഞു വരാനായിരുന്നു അയാളുടെ നിർദേശം. ഉർദു അറിയാവുന്നത് കൊണ്ട് ഞാൻ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങളുടെ അടുത്ത സുഹൃത്ത് ഖാരി മുഹമ്മദ് ത്വയ്യിബിന്റെ വിദ്യാർത്ഥികൾ കാണാൻ വന്നിട്ടുണ്ടെന്ന് ഒന്ന് ഫോൺ ചെയ്ത് പ്രധാനമന്ത്രിയോട് പറയാമോ എന്നു ചോദിച്ചു. അത്ഭുതമെന്നു പറയാം. നെഹ്രുവിന്റെ അനുമതി കിട്ടി. അപ്പോൾ കാവൽക്കാരൻ പറഞ്ഞു: നിങ്ങൾ പുറത്ത് ഇരിക്കുക. സമയമാകുമ്പോൾ പ്രധാനമന്ത്രി പുറത്തേക്കു വരും. അദ്ദേഹം വരുമ്പോൾ നിങ്ങൾ എഴുന്നേറ്റ് നിൽക്കരുത്. അദ്ദേഹത്തിനത് ഇഷ്ടമല്ല.
പറഞ്ഞതു പോലെ നെഹ്രു വന്നു. ഞങ്ങളുമായി സംസാരിച്ചു. ഒന്നിച്ച് ഫോട്ടോയെടുത്തു. സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി.
ചെങ്കോട്ടയിലെ അദ്ദേഹത്തിന്റെ 20 മിനുട്ട് പ്രസംഗവും കേൾക്കാൻ സാധിച്ചിട്ടുണ്ട്. എന്റെ മക്കളേ, സഹോദരങ്ങളേ തുടങ്ങിയ സ്‌നേഹ സംബോധനയോട് കൂടിയ ആകർഷക പ്രസംഗമാണ് അദ്ദേഹത്തിന്റേത്.
രണ്ട് വർഷത്തെ ദയൂബന്ദ് പഠനം പൂർത്തിയാക്കി നേരെ മുംബൈയിലേക്കാണ് ഞാൻ പോയത്. എന്റെ ജ്യേഷ്ഠൻ കുഞ്ഞിപ്പക്ക് അവിടെയാണല്ലോ ബിസിനസ്. അദ്ദേഹം പറഞ്ഞു: ഈജിപ്തിൽ പഠിക്കാൻ പോകുന്നുവെങ്കിൽ എല്ലാ സൗകര്യവും ചെയ്തു തരാം. പക്ഷേ ഞാൻ സ്‌നേഹപൂർവം അതു നിരസിച്ചു. ഇനി കുട്ടികൾക്ക് ഓതിക്കൊടുക്കാനാണ് താൽപര്യമെന്ന് പറഞ്ഞു. അങ്ങനെ നാട്ടിലേക്ക് തിരിച്ചു.

താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാർ ഷിറിയ /പിബി ബഷീർ പുളിക്കൂർ

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ