ജംഹാംഗീർപുരിയിലെ സംഘർഷങ്ങളും ബുൾഡോസർ രാജും 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് മുൻനിർത്തി രാജ്യത്താകമാനം നടപ്പാക്കാൻ പോകുന്ന ഫാസിസ്റ്റ് പദ്ധതിയുടെ ഭാഗമായാണ് വിലയിരുത്തേണ്ടത്. ഒറ്റപ്പെട്ടതായിരുന്നില്ല അത്. മഹാനവമിയോടും ഹനുമാൻ ജയന്തിയോടും അനുബന്ധിച്ച് മധ്യപ്രദേശ്, ഝാർഖണ്ഡ്, ഉത്തർ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇത്തരം അതിക്രമങ്ങൾ അരങ്ങേറി. പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ ചൊല്ലിയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും പേരും ഊരും പ്രത്യേക കൊടിയുമില്ലാത്ത ഗുണ്ടാ സംഘങ്ങൾ ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ചിലയിടങ്ങളിൽ ഇതിനെതിരെ പ്രതികരണങ്ങളുണ്ടായി. അവിടെയെല്ലാം പോലീസ് അതിവേഗം ‘ഇടപെട്ടു.’ അക്രമി സംഘങ്ങൾക്ക് ലെജിറ്റിമസി നേടിക്കൊടുക്കാനാണ് പോലീസ് സംവിധാനം ശ്രമിച്ചത്. തദ്ദേശ ഭരണ സംവിധാനമാകട്ടെ മുസ്‌ലിംകളെ അവരുടെ വാസസ്ഥലങ്ങളിൽ നിന്ന് പറിച്ചെറിയാൻ കരുക്കൾ നീക്കി. ജഹാംഗീർപുരിയിലെ കുടിലുകളുടെ കാര്യത്തിൽ സ്റ്റാറ്റസ്‌കോ നിലനിർത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടും ബുൾഡോസറുകൾ പൊളിക്കൽ തുടർന്നു. ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ ആക്ടിവിസ്റ്റുകൾ ഉത്തരവിന്റെ കോപ്പി നേരിട്ടെത്തിക്കുകയും പൊളിക്കൽ തടയുകയും ചെയ്ത ശേഷമാണ് പരമോന്നത കോടതിയുടെ വിധി അവിടെ നടപ്പാക്കപ്പെട്ടത്. കെട്ടിടങ്ങൾക്ക് ഒന്നും സംഭവിക്കരുതെന്ന വിധിയുണ്ടെന്ന് അറിയാത്തവരല്ല, പോലീസ് അധികാരികളും മുൻസിപ്പാലിറ്റിക്കാരും. കോടതിക്കും മേലെയുള്ള രാഷ്ട്രീയ കോടതിയായി ഇവർ മാറുകയായിരുന്നു. അതാണ് ഡീപ് സ്റ്റേറ്റ്. ഭരണാധികാരികളുടെ പ്രത്യയ ശാസ്ത്ര ശാഠ്യങ്ങൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥ വൃന്ദം, പോലീസ്, പട്ടാളം, മാധ്യമങ്ങൾ, വ്യക്തികൾ തന്നെയും ഈ ഡീപ് സ്റ്റേറ്റിന്റെ ഭാഗമാകും. ഹിറ്റ്‌ലറുടെ നാസി ജർമനിയിൽ വീട്ടമ്മമാർ പോലും കറിക്കത്തി കൊണ്ട് മനുഷ്യരെ കൊന്നുതള്ളിയിരുന്നു. ജഹാംഗീർപുരി സംഭവങ്ങളിൽ നിന്ന് ചുരുങ്ങിയത് മൂന്ന് വസ്തുതകൾ വേർതിരിച്ചെടുക്കാമെന്ന് തോന്നുന്നു.
ഇന്ത്യയിൽ ഇനി കൂട്ടക്കുരുതികളല്ല ഉണ്ടാകാൻ പോകുന്നത് എന്നതാണ് പ്രധാന വസ്തുത. വംശഹത്യയുടെ ചെറുപതിപ്പുകളാണുണ്ടാവുക. ചെറിയ ഉരസലുകൾ, അസ്വസ്ഥതകൾ. അതുവഴി വർഗീയ വിഭജനം, ആട്ടിയോടിക്കൽ, അന്യവൽകരണം, ആത്യന്തികമായി ഭയം വിതക്കൽ. ഗുജറാത്ത് വംശഹത്യ പോലുള്ള കൂട്ടക്കുരുതി രാജ്യത്തിന്റെ എല്ലായിടത്തും വർഗീയ വിഭജനം സാധ്യമാക്കാൻ പര്യാപ്തമാകില്ലെന്ന് ഹിന്ദുത്വ സോഷ്യൽ എൻജിനീയർമാർ മനസ്സിലാക്കിയിരിക്കുന്നു. പിന്നെ അത്തരം ആക്രമണങ്ങൾ റിസ്‌കുമാണ്. അതുകൊണ്ട് പലയിടങ്ങളിൽ നിന്നായി ഉണ്ടായിക്കൊണ്ടേയിരിക്കുന്ന ചെറുകലാപങ്ങളാണ് നല്ലത്. ആ അതിക്രമങ്ങൾക്ക് ശേഷം അവിടങ്ങളിൽ ഉണ്ടാകുന്ന സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മാറ്റം സൂക്ഷ്മമായി വിശകലനം ചെയ്യാൻ സംഘങ്ങളെ ഇറക്കും. അവർ പഠിച്ച് റിപ്പോർട്ട് നൽകും. ആവശ്യമെങ്കിൽ ഇവിടങ്ങളിൽ തുടർ സംഘർഷങ്ങൾ സൃഷ്ടിക്കും.
2024ലെ തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ ഭരണത്തിന്റെ ശരി, തെറ്റുകൾ ചർച്ചയാകാനേ പാടില്ല. പകരം വർഗീയമായി പിളർന്നുകഴിഞ്ഞ സമൂഹത്തിന്റെ ഭ്രാന്തമായ പ്രതികരണ കേന്ദ്രങ്ങളായി പോളിംഗ് ബൂത്തുകൾ മാറണം. ബിജെപി നയിക്കുന്ന എൻഡിഎക്ക് വൻ ഭൂരിപക്ഷം ലഭിക്കാൻ ആവശ്യമായത്രയും മണ്ഡലങ്ങളിൽ ഇത്തരം ഉരസലുകൾ സൃഷ്ടിക്കും. രാമനും ഹനുമാനും തന്നെയാകും ആയുധങ്ങൾ. ഇങ്ങനെ സംഘർഷ സൃഷ്ടിക്കായി എടുക്കുന്ന വിഷയങ്ങൾക്ക് പ്രാദേശിക പ്രഹര ശേഷിയോടൊപ്പം ദേശീയ പ്രാധാന്യം കൂടി ഉണ്ടായിരിക്കണമെന്ന് ആർഎസ്എസിന് നിർബന്ധമുണ്ട്. ഉദാഹരണത്തിന് കർണാടകയിലെ ഉഡുപ്പിയിലെ ഒരു കോളജിൽ മാത്രം നിലനിന്ന പ്രശ്‌നമായിരുന്നുവല്ലോ ക്ലാസ്മുറിയിലെ ഹിജാബ്. എത്ര പെട്ടെന്നാണ് അതിന് യുപി തിരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയമാകാൻ സാധിച്ചത്. കേരളത്തിലടക്കം എത്ര പെട്ടെന്നാണ് ഹനുമാൻ ഒരു വികാരമാകുന്നത്.
വിദ്വേഷ പ്രസംഗങ്ങളുടെയും ദീർഘമായ മണ്ണൊരുക്കലിന്റെയും തുടർച്ചയാണ് ഈ സംഘർഷങ്ങൾ എന്നതാണ് മറ്റൊരു വസ്തുത. ധർമസൻസദുകളിൽ ഉയർന്നുകേട്ട ആക്രോശങ്ങൾ വരുംകാലത്തേക്കുള്ള വെടിമരുന്നായിരുന്നു. ആ വാക്കുകൾ തുപ്പിയയാൾക്കെതിരെ നിയമനടപടിയെടുത്താലെന്ത്, ഇല്ലെങ്കിലെന്ത്? ആ വാക്കുകൾ അതിന്റെ ദൗത്യം നിർവഹിച്ചുകഴിഞ്ഞു. ചിരിച്ചുകൊണ്ട് പ്രസംഗിച്ചത് എങ്ങനെ വിദ്വേഷ പ്രസംഗമാകുമെന്നാണ് ഡൽഹി പോലീസ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ ചോദിക്കുന്നത്. സ്വസമുദായത്തോട് ഉണരാൻ മാത്രമേ ആഹ്വാനം നൽകിയിട്ടുള്ളൂവെന്നും മറ്റൊരു സമുദായത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്നും പോലീസ് പറയുന്നു. ഈ സത്യവാങ്മൂലം കോടതി ചവറ്റ് കൊട്ടയിൽ എറിഞ്ഞെങ്കിലും ഡൽഹി പോലീസ് കൊടുത്ത സത്യവാങ്മൂലം വല്ലാത്തൊരു സന്ദേശം നൽകുന്നുണ്ട്. ഇനി മേലിൽ ഹിന്ദുത്വ രാഷ്ട്രീയം സ്വസമുദായ രാഷ്ട്രീയമായിരിക്കും. വിദ്വേഷ പ്രസംഗം എന്നൊരു സംജ്ഞ തന്നെ അപ്രസക്തമാകും. അവയ്‌ക്കെതിരെ വിധിക്കാൻ കോടതികൾക്ക് മുമ്പിൽ തെളിവുകൾ എത്തില്ല. വിദ്വേഷ പ്രചാരണങ്ങളുടെ ആത്യന്തിക ലക്ഷ്യം ഏത് നിമിഷവും ആക്രമിക്കാൻ പാകത്തിൽ ഇരകളെ മാർക്ക് ചെയ്യുക എന്നതാണ്. അത് നടന്നുകഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമാകും. റോഹിംഗ്യൻ മുസ്‌ലിംകൾ, ബംഗ്ലാദേശികൾ, നുഴഞ്ഞു കയറ്റക്കാർ തുടങ്ങിയ ചാപ്പകൾ ഒരുങ്ങും. കുറേക്കൂടി കടന്ന് വിഭജന കാലത്തും രാജ്യം വിടാതെ അള്ളിപ്പിടിച്ച് കഴിഞ്ഞവരുടെ പിന്മുറക്കാരെന്ന ആഖ്യാനവും ഒരുങ്ങും. ജഹാംഗീർപുരി ഈ വ്യാജ നിർമിതികൾക്ക് വഴങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്നു. നാൽപ്പതുകളിലെ ബംഗാൾ ക്ഷാമകാലത്ത് നഗരത്തിലേക്ക് കുടിയേറിയ പട്ടിണിപ്പാവങ്ങളായ മനുഷ്യരുടെ താവഴിയിലുള്ളവരാണ് ഇവിടെയുള്ളവരേറെയും. അടിയന്തരാവസ്ഥ കാലത്ത് ഇന്നത്തെപ്പോലെ ഒരു ശുദ്ധീകരണം അവിടെ നടന്നിരുന്നു. അന്ന് കിടപ്പാടം നഷ്ടപ്പെട്ടവർ വഴിയരികിൽ കുഞ്ഞു കുഞ്ഞു ഇരിക്കക്കൂരകളിൽ ജീവിതം പെറുക്കിക്കൂട്ടാൻ ശ്രമിച്ചു. അങ്ങനെയാണ് ഈ ചേരികൾ രൂപപ്പെട്ടത്. അവിടെ മുസ്‌ലിംകൾ മാത്രമല്ല ഉള്ളത്. ബുൾഡോസർ വന്ന് പൊളിച്ചുമാറ്റിയത് മുസ്‌ലിംകളുടെ വീട് മാത്രമല്ലല്ലോ എന്ന് ബിജെപിക്കാർ ചോദിക്കുന്നുണ്ട്. അപകടകരമാണ് ഈ ചോദ്യം. മുസ്‌ലിംകൾ തിങ്ങിത്താമസിക്കുന്നിടത്ത് ഇതര മതസ്ഥർ കഴിയേണ്ടതില്ലെന്നാണ് അതിന്റെ അർഥം. അതുകൊണ്ട്, ഹനുമാൻ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞത് ആരെന്ന് പോലീസ് കണ്ടെത്തില്ല. ആ യാത്രക്ക് വേണ്ട സുരക്ഷ ഒരുക്കുകയുമില്ല. യാത്രയായിരുന്നില്ല, സംഘർഷമായിരുന്നു ലക്ഷ്യം.
നിസ്സഹായരായ മനുഷ്യർക്കിടയിൽ നിരായുധമായി, നിവർന്ന് നിൽക്കുന്ന നേതാവ് അതിശക്തമായ സാന്നിധ്യമാണെന്ന് ജഹാംഗീർപുരി തെളിയിച്ചുവെന്നതാണ് മറ്റൊരു വസ്തുത. ഗാന്ധിജിയുടെ രാഷ്ട്രീയ പ്രയോഗമാണിത്. ചംബാരൻ സമരം മുതൽ പ്രയോഗിച്ച് വിജയം ഉറപ്പുവരുത്തിയ രാഷ്ട്രീയം. ബൃന്ദ കാരാട്ട് സൃഷ്ടിച്ച ഊർജം എക്കാലത്തേക്കും ഫാസിസ്റ്റ്‌വിരുദ്ധ രാഷ്ട്രീയത്തിന് ഉണർവ് പകരും. എന്നാൽ അത് ബൃന്ദയുടെ ഒറ്റയാൾ പോരാട്ടമായിരുന്നില്ല. ജംയ്യത്തുൽ ഉലമായെ ഹിന്ദിന്റെ നിയമപോരാട്ടമുണ്ട്, അത് നയിച്ച കപിൽ സിബലുണ്ട്, ദുഷ്യന്ത് ദവെയുണ്ട്, എല്ലാത്തിലുപരി ഡൽഹിയിലെ മതേതര മൂല്യമുള്ള മനുഷ്യരുണ്ട്. അതിനർഥം ഫാസിസത്തിന്റെ കൗശലങ്ങൾ നേരിടാനുള്ള ജനശക്തി ഇവിടെയുണ്ടെന്ന് തന്നെയാണ്. അത് ഓട്ടോമേറ്റ് ചെയ്യാനുള്ള നേതൃത്വമാണ് ഉണ്ടാകേണ്ടത്. ഇവിടെയാണ് ബദലെന്ന് കൊണ്ടാടപ്പെടുന്ന ആം ആദ്മി പാർട്ടിയും അതിന്റെ നേതാവ് അരവിന്ദ് കെജ്‌രിവാളും വിശ്വാസമാർജിക്കുന്നതിൽ പരാജയപ്പെടുന്നത്. ജഹാംഗീർപുരി, ശഹീൻബാഗ് പോലെ ഒരു ലിറ്റ്മസ് പേപ്പറായിരുന്നു. കെജ്‌രിവാളിന്റെ രാഷ്ട്രീയ ക്രഡൻഷ്യൽ അവിടെ തെളിയണമായിരുന്നു. ഹിന്ദുത്വ അതിന്റെ രാഷ്ട്രീയ ലക്ഷ്യം നേടാൻ ശത്രുക്കളെ മാത്രമല്ല, ശത്രുവിന്റെ ഭാഗമഭിനയിക്കുന്ന സുഹൃത്തുക്കളെയും സൃഷ്ടിക്കും.
മുസ്‌ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും നിരന്തരം നോവിക്കാൻ ഹിന്ദുത്വ ശക്തികൾ മുതിരുന്നത് മതപരമായ ശത്രുത മൂലമല്ലല്ലോ. അത് ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്. അതുകൊണ്ട് മതപരമായി അതിനെ നേരിടുക എളുപ്പമായിരിക്കില്ല. മതേതര പൊളിറ്റിക്‌സ് ശക്തമാക്കി മാത്രമേ മുന്നോട്ട് പോകാനാകൂ. മതേതര, സിവിൽ സമൂഹമെന്നത് ഇനി നടക്കുന്ന കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഹിന്ദുത്വക്കോ മൃദു ഹിന്ദുത്വക്കോ കീഴടങ്ങിക്കഴിഞ്ഞില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. എന്നാൽ ശരിയായ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന സമര നിര രൂപപ്പെട്ടാൽ രാഷ്ട്രീയ പാർട്ടികൾ നിലപാടെടുത്തേ മതിയാകൂ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം അതാണ് തെളിയിച്ചത്. ശ്രീലങ്കയിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം അവിടെ ഒരു പതിറ്റാണ്ടിലേറെയായി ശക്തിയാർജിച്ച വംശീയ രാഷ്ട്രീയത്തെ വെല്ലുവിളിച്ചാണ് മുന്നേറുന്നത്. അത് ആവേശകരമായ ചിത്രമാണ്.
ഇന്ത്യൻ ഫാസിസം അപ്രതിരോധ്യമാണെന്ന ബോധത്തെ തകർക്കുകയെന്നതാകും ഏറ്റവും പ്രധാനം. 1925ൽ ആർഎസ്എസ് രൂപീകൃതമായെങ്കിലും അതിന് മുമ്പേ തന്നെ ഹിന്ദുത്വ രാഷ്ട്രീയബോധം ഇവിടെ ശക്തമായിരുന്നു. അത് ഹിന്ദുവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രത്യയ ശാസ്ത്രമാണെന്നതും എല്ലാവർക്കും അറിയാം. ഹിന്ദു എന്ന മതസംജ്ഞ തന്നെ ബ്രിട്ടീഷുകാരുടെ സൃഷ്ടിയാണല്ലോ. ഹിന്ദു-മുസ്‌ലിം എന്ന ദ്വന്ദ്വം മതേതരവാദികൾ പോലും നിരന്തരം ഉപയോഗിക്കുകയാണിപ്പോൾ. ഹിന്ദുത്വം പറയുന്ന മതത്തിനകത്ത് ഏത് ഹൈന്ദവനാണുള്ളത്? ഹിന്ദുത്വ എത്ര കൗശലപൂർണമായാണ് രാമനെന്ന രാഷ്ട്രീയ പ്രതീകത്തെ സൃഷ്ടിച്ചെടുത്തത്? ബ്രാഹ്‌മണിക്കൽ മേൽത്തട്ട് മാത്രമേ ഹിന്ദുത്വയിലുള്ളൂ. ഈ യാഥാർഥ്യം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും ഹിന്ദു എന്ന് വിവക്ഷിക്കപ്പെടുന്ന ജനസാമാന്യത്തിലെ വൈജാത്യങ്ങളെ ഉയർത്തിപ്പിടിക്കുകയുമാണ് വേണ്ടത്. ഇതര മത വിദ്വേഷം സൃഷ്ടിച്ചാണ് ഹിന്ദുത്വ അതിന്റെ ഏകീകരണ ദൗത്യത്തിൽ വിജയിക്കുന്നത്. അതുകൊണ്ട് മതാന്തരീയ കൂടിച്ചേരലുകൾ പരമാവധി നടക്കേണ്ടിയിരിക്കുന്നു. ഒരു ഹിന്ദുവിനെയും ഹിന്ദുത്വക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാകേണ്ടിയിരിക്കുന്നു. സിപിഎം പോലുള്ള പാർട്ടികളുടെ പ്രസക്തിയതാണ്. മതസമൂഹങ്ങളുടെ പേരിൽ രൂപപ്പെടുന്ന തീവ്രവാദ സമീപനങ്ങളെ തുറന്നുകാണിച്ചു കൊണ്ട് മാത്രമേ ഫാസിസത്തിനെതിരായ പോരാട്ടം വിജയിക്കുകയുള്ളൂ. ന്യൂനപക്ഷങ്ങൾ അപകർഷതയിലും നിരാശയിലും ഭയത്തിലും വീണുപോകാതിരിക്കണം. ആത്മവിശ്വാസം ആർജിക്കുന്നത് വൈകാരിക പ്രതികരണങ്ങളിലൂടെയാവുകയുമരുത്. മനുഷ്യരെ കൊല്ലുന്നതാണ് പ്രതിരോധമെങ്കിൽ ഫാസിസ്റ്റുകളിൽ നിന്ന് എന്ത് വ്യത്യാസമാണുള്ളത്?!
ഇതിനെല്ലാം മുകളിലാണ് മതതേരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികൾ കൈകൊള്ളേണ്ട തീരുമാനങ്ങൾ. ഈ കക്ഷികൾ ഫാസിസം വന്നോ ഇല്ലയോ എന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഹിന്ദുത്വയെ നേരിടാൻ മൃദു ഹിന്ദുത്വയാണ് ചിലരുടെ ആയുധം. ഓരോത്തരും രാഷ്ട്രീയ സഖ്യത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ സ്വന്തം താൽപര്യത്തിനപ്പുറത്തേക്ക് ഒരിഞ്ച് നീങ്ങിയിരിക്കാൻ ആരും തയ്യാറല്ല. ഇവർക്ക് ഒറ്റ കാര്യം ചെയ്തുകൂടേ. യോജിക്കാവുന്ന കാര്യങ്ങളുടെ ഒരു പട്ടികയുണ്ടാക്കിക്കൂടേ? ആ വിഷയങ്ങളിൽ യോജിച്ച പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരാമല്ലോ. അധികാരം പങ്കിടാൻ പൊതുമിനിമം പരിപാടി ഉണ്ടാക്കാറുണ്ടല്ലോ. അതുപോലെ ഒരു പൊതുമിനിമം സമരപരിപാടിയുണ്ടാക്കിക്കൂടേ. അതനുസരിച്ച് യോജിച്ച പ്രക്ഷോഭം നടക്കട്ടെ. അതിന് ശേഷം രൂപപ്പെടുന്ന സഖ്യത്തിന് ജീവനുണ്ടാകും. കെട്ടുറപ്പുണ്ടാകും. ജനം അതിനെ വിശ്വസിക്കും. അല്ലാതെ വെറുതേ വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല. നോക്കി നോക്കി നിൽക്കെ ഇന്ത്യ ഇല്ലാതാവുകയാണ്. അത് മറക്കേണ്ട.

മുസ്തഫ പി എറയ്ക്കൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ